വിഷമത്തോടെ ആണ് ഈ പോസ്റ്റു ഞാന്‍ എഴുതുന്നത്.. ഇന്ന് കണ്ട ഒരു കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു , തിരുവല്ലയില്‍ നിന്നും മാവേലിക്കരയിലെക്ക് ഒരു പ്രൈവറ്റ് ബസ്സില്‍ വരികയായിരുന്നു ഞാന്‍, ബസ്സ് നല്ല സ്പീഡില്‍ ആയിരുന്നു, ഓരോ സ്റൊപ്പിലും ആളുകളെ കയറ്റാനും ഇറക്കാനും നല്ല ധൃതി കാട്ടുന്നുണ്ടായിരുന്നു. ചില സ്ടോപ്പുകളില്‍ ബസ്സു നിര്‍ത്തിയതെ ഇല്ല!
ബസ്സിന്റെ പിന്നില്‍ വാതിലിനടുത്തുള്ള സീറ്റില്‍ ആണ് ഞാന്‍ ഇരുന്നിരുന്നത്.എന്റെ തൊട്ടടുത്തിരുന്ന ഒരു മനുഷ്യന്‍ നല്ല പോലെ മദ്യപിച്ചിട്ടുണ്ടായിരുന്നു, ഇടയ്ക്കു ചര്‍ദിക്കാന്‍ പോകുന്നു എന്ന് കണ്ടപ്പോള്‍ സൈഡ് സീറ്റ് ഞാന്‍ അയാള്‍ക്ക് കൊടുത്തു, അങ്ങനെ സാധാരണ ബസ്സു യാത്ര ആസ്വദിക്കാറുള്ള ഞാന്‍ ഇന്ന് നല്ല പോലെ disturbed ആയിരുന്നു.
കുറച്ചു ദൂരം ഓടി ക്കഴിഞ്ഞു ബസ്സ് ഒരു സ്റ്റോപ്പില്‍ നിര്‍ത്തി, ആരോ ഇറങ്ങാനുണ്ടായിരുന്നു , അപ്പോളാണ് ഒരു പത്തന്‍പത് വയസ്സുള്ള ഒരു ചേട്ടന്‍ ഒരു ചുമടുമായി ഓടി കയറാനായി വരുന്നത് ഞാന്‍ ശ്രദ്ധിച്ചത് അദ്ദേഹത്തിന്റെ വരവ് കണ്ടപ്പോള്‍ അയാളും മദ്യപിച്ചിട്ടുണ്ടാകും എന്ന് ഞാന്‍ കരുതി പോയി, നടപ്പും ഓട്ടവും ഒക്കെ കണ്ടാല്‍ അങ്ങനെ തോന്നുമായിരുന്നു, പിന്നീടാണ് മനസ്സിലായത് ആളൊരു വികലാന്ഗന്‍ ആണ് എന്ന് . തലയില്‍ വലിയ ഒരു ചുമട് ഉണ്ടായിരുന്നു, തുണി കച്ചവടം ചെയ്യുന്ന ഒരു മനുഷ്യാനാണ് അയാള് എന്ന് എനിക്ക് തോന്നി, അദ്ദേഹത്തിന്റെ ആ വയ്യാത്ത കാലും വെച്ച് കൊണ്ട് കഴിയാവുന്ന സ്പീഡില്‍ വണ്ടിയില്‍ ചാടി കയറാന്‍ നോക്കി, "മക്കളെ ഈ ചുമട് ഒന്ന് പിടിക്കൂ" എന്ന് പറഞ്ഞു കൊണ്ടാണ് ഓടി വന്നത്, ഡോറിന്റെ അടുത്ത് നിന്ന ഒരാള്‍ ചുമടില്‍ പിടിക്കുകയും, വണ്ടി ഡബിള്‍ ബെല്ല് കൊടുത്തു മുന്നോട്ടു നീങ്ങിയതും ഒരുമിച്ചായിരുന്നു. ഈ പാവത്താന്‍ ഉരുണ്ട് റോഡിലേക്ക് വീണു, പുറകിലത്തെ ടയറിന്റെ തൊട്ടു മുന്നിലേക്കാണ് വീണത്, എന്ത് കൊണ്ടോ ബസ്സ് പെട്ടെന്ന് തന്നെ നിര്‍ത്തി(ഭാഗ്യം). അത് കൊണ്ട് ആ പാവം ചതഞ്ഞരഞ്ഞില്ല.
റോഡില്‍ നിന്നും അദേഹത്തെ ആരൊക്കെയോ ചേര്‍ന്നു എടുത്തു പൊക്കി. ആ വണ്ടിയില്‍ തന്നെ അയാള്‍ കയറി, വണ്ടിക്കാര്‍ക്ക് ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ എന്ന ഭാവം.അയാളുടെ കാലിലെ തൊലി ഒക്കെ പോയിട്ടുണ്ടായിരുന്നു, പക്ഷേ ആ പാവം അപ്പോള്‍ ഒന്നും മിണ്ടിയില്ല, വണ്ടിയില്‍ വികലാന്ഗരുടെ സീറ്റില്‍ രണ്ട് ചേട്ടന്മാര്‍ ഇരിപ്പുണ്ടായിരുന്നു, ഇദ്ദേഹം വണ്ടിയില്‍ കേറിയതും ആ സീറ്റിലെ സൈഡില്‍ ഇരുന്ന ആള്‍ 'ഉറങ്ങാന്‍' തുടങ്ങി,മറ്റേ ആള്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു.ബസ്സ് മാവേലിക്കര സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ആ ചേട്ടന്‍ ഡ്രൈവരിനോടും,കിളിയോടും വീഴ്ത്തിയതിനു പരാതി പറയാന്‍ പോയി. അവര്‍ കുറ്റം ഈ പാവത്തിന്റെ തലയില്‍ വെച്ച് കെട്ടി, "വയ്യാത്ത ആളല്ലേ മുന്നിലത്തെ വാതില്‍ വഴി കേറാമായിരുന്നില്ലേ,പുറകിലൂടെ കേറിയോണ്ടാ താന്‍ വീണത് "!!!എന്ന്..(ഈ ചേട്ടന്‍ മുന്നിലൂടെ കയറാന്‍ വന്നപ്പോള്‍ പുറകിലേക്ക് ഓടിച്ചു വിട്ട ആള്‍ തന്നെ ആണ് ഇത് പറഞ്ഞത്!!!!!!)അത് കൂടി കേട്ടപ്പോള്‍ ആ പാവത്തിനും ദേഷ്യം വന്നു. സംസാരം ഇത്തിരി കടുപ്പിച്ചപ്പോള്‍ 'മാന്യനാ'യ കിളി അയാളെ കിടിലന്‍ ഒരു തെറി പറയുന്നത് ഞാന്‍ കേട്ടു.
നമ്മുടെ നാട്ടില്‍ ബസ്സുകള്‍ക്ക് ഇങ്ങനെ പെര്‍മിറ്റ് അനുവദിച്ചു കൊടുക്കുന്ന ആ ഉദ്യോഗസ്ഥരെ എന്താണ് ചെയ്യേണ്ടത്, രണ്ട് ബസ്സുകള്‍ തമ്മില്‍ ഒരു മിനിറ്റിന്റെ പോലും ഇടവേള ഇല്ല, ഫലമോ മത്സര ഓട്ടവും അപകടങ്ങളും ദാരുണ മരണങ്ങളും. പിന്നെ വണ്ടിയില്‍ ജോലി ചെയ്യുന്ന ഈ വക ഉരുപ്പടികളും. ആളു കേരുന്നുണ്ടോ ഇറങ്ങുന്നുണ്ടോ എന്നൊന്നും നോക്കാതെ ബെല്ലടിച്ചു കളിക്കുന്ന കുറെ കിളികള്‍,നര്‍ഷ്സരി കുട്ടികള്‍ അവരുടെ കളിപ്പാട്ട ബസ്സു ഓടിച്ചു കളിക്കുന്നത് പോലെ ബസ്സ് ഓടിക്കുന്ന ഡ്രൈവര്‍ മാര്‍.
കണ്മുന്നില്‍ അപകടങ്ങളും അപകട മരണങ്ങളും കാണാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി, പത്താം ക്ലാസ്സില്‍ വെച്ച് എന്റെ കൂടെ പഠിച്ച എന്റെ പ്രീയപ്പെട്ട കൂട്ടുകാരിയുടെ തലയിലൂടെ ബസ്സു കയറ്റി ഇറക്കിയവന്‍മാരില്‍ നിന്നും തുടങ്ങുന്നു ആ കാഴ്ചകളുടെ ആരംഭം, മതിയായി!
[NB:ഒപ്പമുള്ള ചിത്രം ഗൂഗിള്‍ തന്നതാണ്, ഈ സംഭവുമായി അതിനു യാതൊരു ബന്ധവും ഇല്ല.]