ഒരു റൊമാന്റിക്ക് സ്റ്റോറി ആയിരുന്നു മനസ്സിൽ..പിന്നെ അതു വേണ്ടാന്നു വെച്ചു... അല്പം തത്വചിന്ത ആവാന്നു കരുതി..അല്ല പിന്നെ..
നമ്മളിൽ ഭൂരിഭാഗം പേരും നാടകവും സിനിമയും ഒക്കെ കാണുന്നവരല്ലെ.. എപ്പോഴെങ്കിലും നാം അഭിനയിച്ചു കൊണ്ടിരിക്കുന്ന നാടകത്തെ പറ്റി ഓർമ്മിചിട്ടുണ്ടോ,ചിന്തിച്ചിട്ടുണ്ടോ? അതെ ജീവിതമാകുന്ന നാടകത്തെപ്പറ്റി ആണു പറഞ്ഞു വരുന്നത്. ദൈവം എന്ന സൂപ്പെർ സംവിധായകൻ എഴുതി സംവിധാനം ചെയ്യുന്ന നാടകത്തിലെ വിവിധ അഭിനേതാക്കൾ ആണു നാം..ഓരോ മനുഷ്യജീവിക്കും വ്യക്തമായ ഒരു റോൾ ഉണ്ടാകും ഈ നാടകത്തിൽ.. ദൈവം രചിച്ച ഈ നാടകം തുടങ്ങിയത് എന്നെന്നോ അവസാനം എന്നെന്നോ നമുക്കാർക്കും അറിയില്ല.. വലിയ കഥക്കുള്ളിലെ ഉപകഥകളിലെ കഥാപാത്രങ്ങളാണു നാം.. ചില കഥകളിൽ നാം ആയിരിക്കാം സെന്റർ ക്യാരക്ടർ,എപ്പോഴും അങ്ങിനെ ആവണമെന്നില്ല.. ചിലപ്പൊൾ സപ്പൊർട്ടിങ്ങ് കഥാപാത്രം ആയിരിക്കാം, ജൂനിയർ ആർടിസ്റ്റ് ആയിരിക്കാം.. മറ്റ് ചിലപ്പോൾ ആകാൻ ഇഷ്ടപ്പെടാത്ത വില്ലൻ റോളും ആവാം, ചില സമയങ്ങളിൽ നല്ല ഒഴുക്കോടെ നീങ്ങുന്ന കഥയിൽ ട്വിസ്റ്റ് ഉണ്ടാക്കാൻ നിയോഗിക്കപ്പെടുന്ന സ്പെഷ്യൽ അപ്പിയറൻസും ആകാം.
നാടകത്തിന്റെ നിർമ്മാണ ഘട്ടങ്ങളിൽ ഒരിടത്തു പോലും കഥാപാത്രങ്ങൾ ആയി ആരൊക്കെ വരും എന്നു ഈ സംവിധായകൻ പറയാറില്ല.. നായകൻ ആരെന്നോ, നായിക ആരെന്നോ, വില്ലൻ ആരെന്നൊ.. ഒന്നും ഒന്നും നമ്മുടെ സംവിധായകൻ സൂചിപ്പിക്കാറില്ല.. ചിലപ്പോൾ നമ്മുടെ റോൾ എന്തായിരുന്നു എന്ന് ആ ഉപകഥ തീർന്നു കഴിഞ്ഞാലേ പിടികിട്ടൂ..ചിലപ്പോൾ തീർന്നു കഴിഞ്ഞാലും കഥയുടെ പൊരുൾ കിട്ടാതെ വരാം...കഥാപാത്രങ്ങൾ എത്ര സമയം രംഗത്ത് ഉണ്ടാകമെന്നു പോലും അറീയാത്ത, അറിയിക്കാത്ത ഒരു വിചിത്ര കലാരൂപമാണു ഇത്...
ഈ സംവിധായകന്റെ കയ്യിൽ എല്ലാ കഥാപാത്രങ്ങളും സുരക്ഷിതരാണു.. ഒരോ കഥയും എഴുതുന്നതിലും രംഗത്ത് അവതരിപ്പിച്ചു ഫലിപ്പിക്കുന്നതിലും അദ്ദേഹത്തിനുള്ള വൈദഗ്ധ്യം അപാരമാണു. മിക്കവാറും നാം പരാതി പറയാറുള്ള കാര്യമാണു, എന്തിനാണു ദൈവമേ എനിക്ക് ഇങ്ങിനെ ഒരു ജീവിതം തന്നതു, എന്തിനാണു എനിക്കു മാത്രം ദു:ഖങ്ങളൂടെ നരകം നീ തീർത്തത്,ദു:സ്വപ്നങ്ങളുടെ മാറാപ്പു തന്നത്,നഷ്ടങ്ങളുടെ കോട്ടകൊത്തളം തീർത്തു തന്നത്... പരാതികൾ കേൾക്കുമ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി ഉണ്ടാകും, വരാൻ പോകുന്ന സന്തോഷ പ്രകടനങ്ങൾ മുൻകൂട്ടി കണ്ടുകൊള്ളുള്ള മന്ദഹാസം ആണത്. നമ്മളുടേതായ ഒരു കഥ അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ട് തീർച്ച.. പക്ഷേ ചിലപ്പോൾ ആ കഥ നാടകമായി രംഗത്ത് വരാൻ അല്പം കാലതാമസം എടുത്തേക്കാം. സന്തോഷവും സമാധാനവും നിറഞ്ഞ നമ്മുടെ സ്വന്തം കഥ അരങ്ങിലെത്താൻ കാത്തിരിക്കുക തന്നെ! ചുട്ടി കുത്തി വസ്ത്രം അണിഞ്ഞ് അരങ്ങിൽ കയറാൻ തയ്യാറായി കാത്തുനിന്നുകൊള്ളുക.
[NB:അടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കുന്നതാണു, കഥ,തിരക്കഥ,സംഭാഷണം,സംവിധാനം ഒടേതമ്പുരാൻ ഏലിയാസ് ദൈവം]