ധൂളിയായിരുന്നന്ന് ഞാനുമെൻ പ്രിയരും
തണുപ്പേറിയ നാളുകളിലെന്നോ ഒന്ന് ചേർന്നാ ബന്ധം ദൃഢമായ്
മഴയാലുമലയാലുമൊരുക്കപ്പെട്ട-
നാളുകളൊന്നൊന്നായ് പോകപ്പോകെ,
ശേഷം ജനിച്ച് വളർന്നയായിരുകാലികൾ
ഞങ്ങൾക്ക് സ്ഥാനമാറ്റം സമ്മാനിച്ചു
രൂപമാറ്റത്താലും കൂട്ടിച്ചേർക്കലാലും
മറയായും തറയായും അവരെയവർ മാറ്റി.
കൂട്ടത്തിൽ ഉപേക്ഷിക്കപ്പെട്ടവനായാ-
മാലിന്യക്കൂമ്പാരത്തിൽ
ഒരു മൂലയിലായ്പിന്നെയും
കാലചക്രക്കറക്കമെണ്ണി ഞാനും
ഒരു രാത്രി ഒരുവനെന്നെയാ മരത്തിൻ
ചുവട്ടിലെത്തിച്ചു. ചുവന്ന ഹാരവും,തിലകക്കുറിയും
തീ നാളവും ഒപ്പമേകി
അടുത്ത പകലിനെന്നെയത്ഭുതത്തോടെയും,ഭക്തിയോടെയും
കാണുന്ന കണ്ണുകളിലിനെണ്ണം കൂട്ടി.
അർക്കനസ്തമിച്ചുദിക്കുന്നതിനോടൊപ്പമെന്റെ
ആടയാഭരണങ്ങളിലും ചുറ്റുപാടിലും മുന്നേറ്റമുണ്ടായി
കുടിക്കാനും കഴിക്കാനുമാവില്ലെങ്കിലും
കിട്ടുന്ന പാലിനും വെണ്ണയ്ക്കും കണക്കില്ലാതായ്
ഇനിയൊരു സ്ഥാനഭ്രംശം
സംഭവിക്കാത്തിടത്തോളം സുരക്ഷിതനായ്.
പൂജയായ്, കാവലായ്, കാണിക്ക വഞ്ചിയായ്
ജീവനെടുക്കാനും വെടിയാനുമാളുകളായ്
ഇഷ്ടക്കേടുകളുമിഷ്ടങ്ങളുമേറെയായ്
അങ്ങിനെ ഞാനൊരു വലിയൊരു ദൈവമായ്
* * * * * *
ഇഷ്ടക്കേടുകളെതിർക്കാനൊരു കൂട്ടരുമൊപ്പമുണ്ടായ്.
മാംസവുമശുദ്ധിയുമിഷ്ടമല്ലെ-
ന്നുള്ളതെതിർക്കാനിന്നവർ
സംഘം ചേരുന്നുന്നുവത്രേ, മാംസം കഴിക്കുന്നുവത്രേ!
ഹാ കഷ്ടം ഹിംസ നമുക്ക് നിഷിദ്ധമല്ലേ!
ഇന്ന് ഞാൻ കൂടുതൽ ശക്തനാകും
നിരവധി നരബലികളാൽ
ശക്തനാകും,സന്തുഷ്ടനാകും.
ചുടു ചോരയാലിന്ന്
ഞാനെൻ ഭക്തരുടെ ദാഹമടക്കും
അവരെനിക്ക് ജയ് വിളിക്കും.