Friday, January 14, 2011

അങ്ങനെ ഒരു കൃമികടിക്കാലത്ത്..!

ത് പറയാന്‍ തുടങ്ങുമ്പോഴേ എനിക്ക് ചിരി വരുന്നു... പ്ലീസ് ആരും ചിരിച്ചു ചിരിച്ചു മണ്ണ് കപ്പരുത്,മണ്ണ് വാരി എറിയുവേം ചെയ്യരുത്! ആരും ഇതിന്റെ പേരില്‍ എന്നെ കളിയാക്കാന്‍ വന്നേക്കരുത്! ഇപ്പൊ തന്നെ നിക്കറൂരി എന്ന ഒരു പേര് കിട്ടിയിട്ടുണ്ട്! സംഭവം ന്താന്ന് വെച്ചാല്‍ , വളരെ വളരെ പണ്ടാണ് .. എനിക്കന്നു ഒരു മൂന്നു മൂന്നര വയസ്സ് കാണും(പിന്നെ മൂന്നര വയസ്സിലെ കാര്യം ഓര്‍ത്തിരിക്കുവല്ലേ എന്നല്ലേ നിങ്ങള്‍ മനസില്‍ പറഞ്ഞത്,ഞാന്‍ കേട്ടു!! ഞാന്‍ കേട്ടു!! , സംഭവം മുഴുവന്‍ കേട്ടു നോക്ക് അപ്പോള്‍ അറിയാം ഇത് ഓര്‍ത്തിരിക്കുമോ ഇല്ലയോ എന്ന്)


കുട്ടിക്കാലത്ത് ഈ കൃമികടി എന്ന സംഭവം ബാധിചിട്ടില്ലാത്തവര്‍ കുറവായിരിക്കും എന്നാണെന്റെ വിശ്വാസം, ആ സംഭവം എനിക്കുമുണ്ടായിരുന്നു അന്ന്... ഈ വൃത്തികെട്ട ജന്തുക്കള്‍ (കൃമികള്‍)) എല്ലാം കൂടെ രാത്രി സമയം ആകുമ്പോള്‍ നമ്മുടെ ബാക്ക്ഗ്രൌണ്ടിന്റെ കവാടത്തില്‍ എത്തുകയും അവിടെ ഫുട്ബോള്‍,ക്രിക്കറ്റ് ,കബഡി,ചെസ്സ് തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും, അപ്പോള്‍ ഗ്രൌണ്ടിന്റെ ഉടമയായ നാം അനുഭവിക്കുന്ന ആ ആനന്ദം ഹോ അവര്‍ണനീയം.. ഇടയ്ക്കു അവരുടെ ഈ വിനോദത്തില്‍ നമുക്ക് 'കയ്യ്‌' കടത്തേണ്ടതായും വരാം.. അവരുടെ വിനോദത്തെ നമുക്ക് ഈ ഇടപെടലിലൂടെ ചിലപ്പോള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കും, ചിലപ്പോള്‍ പറ്റാതെയും വരാം.. കളിക്കാരുടെ എണ്ണം വളരെ വളരെ കൂടുതല്‍ ആണെങ്കില്‍ 'കയ്യ്‌കടത്തലു'കള്‍ കൊണ്ട് ഒരു പ്രയോജനവും ലഭിക്കില്ല.. അങ്ങനെ ഒരു കൃമികടിക്കാലത് എന്റെ 'കയ്യ്‌കടത്തലു'കള്‍ ഏല്‍ക്കാതെ വന്ന ഒരു രാത്രി എനിക്ക് വലിയ വായിലെ നിലവിളിക്കേണ്ടി വന്നു. അമ്മയും അച്ഛനും ഉണര്‍ന്നു,
 "എന്ത് പറ്റിയെടാ ചക്കരെ നിനക്ക്" 
 "അമ്മേ ന്നെ ഇക്കൂക്കി കടിക്കാണ്‌,ദെ ഇവടെ!" 
അങ്ങനെ പറഞ്ഞപ്പോഴേക്കും അച്ഛനും അമ്മയ്ക്കും കാര്യം മനസ്സിലായി.. അവര്‍ സംഭവ സ്ഥലം വീക്ഷിച്ചു, കാര്യം നിയന്ത്രണാതീതം ആണെന്ന് തോന്നിയത് കൊണ്ടാവാം അച്ഛനും അമ്മയും താടിക്ക് കയ്യും കൊടുത്ത് കൃമിനിവാരണത്തെ പറ്റി കൂലംകഷമായി ആലോചിക്കാന്‍ തുടങ്ങി,പല വിധ ഐഡിയകള്‍ക്ക് അവര്‍ രൂപം കൊടുത്തു നോക്കി.അവര് തമ്മില്‍ ആശയപരമായി ഒടുക്കത്തെ ചേര്‍ച്ച ആണ്!ആദ്യം അമ്മ ഒരെണ്ണം പറയും;അത് അച്ഛന്‍ കൊള്ളില്ലെന്ന് പറയും,പിന്നെ അച്ഛന്‍ പറയും,അമ്മ കൊള്ളില്ലെന്നും..അങ്ങനെ അവര്‍ ചിന്തിച്ചു ചിന്തിച്ചു കാടു കയറുന്ന കൂട്ടത്തില്‍ എന്റെ നിലവിളിയുടെ ഫ്രീകൊന്‍സി നന്നായി ഉയർന്നു തുടങ്ങി. അടിയന്തിരമായി ഏന്തെങ്കിലും ചെയ്തേ പറ്റൂ എന്ന് അച്ഛന് മനസ്സിലായി! പെട്ടെന്ന്‍ അച്ഛന്റെ കണ്ണുകള്‍ അടുത്തിരുന്ന 'അമൃതാഞ്ജന്‍' കുപ്പിയില്‍ ചെന്നു പതിച്ചു.. ഒട്ടും അമാന്തിച്ചില്ല അതില്‍ നിന്നും ഒരു ചൂണ്ടാണി വിരല്‍ നിറയെ ബാം എന്റെ ബാക്ക് ഗ്രൌണ്ടിന്റെ കവാടത്തില്‍ അച്ഛന്‍ എത്തിച്ചു,. അവിടെ ക്രിക്കറ്റും ചെസ്സും കളിച്ചോണ്ടിരുന്ന സകലമാന എണ്ണവും കരിഞ്ഞു പോയി എന്ന് മാത്രമല്ല, തുമ്പയില്‍ നിന്നും കുതിച്ചു പൊങ്ങിയ റോക്കെറ്റ്‌ പോലെ അല്ലെങ്കില്‍ കെട്ടഴിച്ചു വിട്ട ബലൂണ്‍ പോലെ ഞാന്‍ ഒരു ഓട്ടമങ്ങ് തുടങ്ങി,പുട്ടിനു പീര എന്ന പോലെ ഹൈ വോളിയത്തില്‍ നിലവിളിയും,. വീട്ടിലിരുന്ന സകല മാന വസ്തുക്കളും തട്ടി മറിച്ചിട്ട്,ഭിത്തിയില്‍ പോയി ഇടിച്ച്‌,അടുക്കള വഴി ഓടി പാത്രങ്ങള്‍ പൊട്ടിച്ച്‌,എന്ന് വേണ്ട ഒരു ബോംബ്‌ വീണാല്‍ പോലും ഇത്രയും നാശനഷ്ടങ്ങള്‍ ഉണ്ടാവില്ല!. അവസാനം കുളിമുറിയില്‍ ഓടിക്കയറി അവിടിരുന്ന ആ വലിയ  ബക്കറ്റു  വെള്ളത്തില്‍ ബാക്ക്ഗ്രൌണ്ട് മുക്കി വെച്ചു! എന്നിട്ടും ആ എരിച്ചില്‍ മാറാന്‍ കുറെ സമയം എടുത്തു....... കുറ്റം പറയരുതല്ലോ അച്ഛന്റെ ആ ഒറ്റമൂലി ഏറ്റു!! പിന്നീടു ഒരിക്കലും എനിക്ക് 'കയ്യ്‌'കടത്തേണ്ടി വന്നിട്ടില്ലാ.. !
[NB:ജീവിച്ചിരിക്കെ സ്വര്‍ഗം കണ്ട അപൂര്‍വ വ്യക്തികളില്‍ ഒരാളാ ഞാന്‍..]

അയ്യപ്പന് ഈ കള്ളത്തിന്റെ പിന്‍ബലം ആവശ്യം ഉണ്ടോ?

*ഈ പോസ്റ്റ്‌ ഞാന്‍ പിന്‍വലിച്ചതായിരുന്നു,വീണ്ടും പോസ്റ്റുന്നു!
അയ്യപ്പ സ്വാമിക്ക് ഈ കള്ളത്തിന്റെ പിന്‍ബലം ആവശ്യം ഉണ്ടോ? മകരവിളക്ക്  എന്ന പേരില്‍ മുഴുവന്‍ സ്വാമി ഭക്തരെയും പറ്റിക്കുന്ന ആ ഏര്‍പ്പാടിനെ പറ്റി ആണ് ഞാന്‍ പറഞ്ഞു വരുന്നത്. സ്വാമി അയ്യപ്പന്‍ ഒരിക്കല്‍ പോലും വിചാരിച്ചു കാണാത്ത  കാര്യമാണ്, സാമ്പത്തിക ലാഭത്തിനു വേണ്ടി ചിലര്‍ ചെയ്ത്‌ കൂട്ടുന്നത്,അതിനു സര്‍ക്കാരിന്റെ സമ്മതം കൂടി ഉണ്ടെന്ന്‍ അറിയുമ്പോള്‍ ഒരു തരം ഞെട്ടലാണ് എനിക്ക്! വിശ്വാസ വഞ്ചന എന്ന ഗണത്തില്‍ പെടില്ലേ ഇതും! അങ്ങനെ എങ്കില്‍ മകരവിളക്ക്  കത്തിക്കുന്നവരും അതിനു മുഴുവന്‍ പിന്തുണ കൊടുക്കുകയും സൗകര്യം ചെയ്ത്‌ കൊടുക്കുകയും ചെയ്യുന്ന സര്‍ക്കാരും കുറ്റക്കാരല്ലേ..  മകരവിളക്ക് എന്ന സംഭവം തനിയെ ഉണ്ടാവുന്നത് അല്ല(ഞാന്‍ പറഞ്ഞതല്ല), അവിടെ പൊന്നമ്പലമേട് എന്ന സ്ഥലത്ത്  ദേവസ്വം ബോര്‍ഡ് ആള്‍ക്കാരും കെ എസ് ഇ ബി യുടെ ആള്‍ക്കാരും പിന്നെ പോലീസുകാരും ചേര്‍ന്നു കത്തിക്കുന്നതാണ്  ഈ മകരവിളക്ക് എന്ന പേരില്‍ നാം കണ്ടതും,കാണാന്‍ പോകുന്നതും.. യുക്തിവാദികളെ എനിക്ക് ഇഷ്ടമല്ല,കാരണം ഈശ്വരന്‍  ഉണ്ട്,ഉണ്ട്,ഉണ്ട്; അതില്‍ ഞാന്‍ അടിയുറച്ചു വിശ്വസിക്കുകയും ചെയ്യുന്നു, പക്ഷേ അതിനു ഒരു ജ്യോതിയുടെയും ശില്പയുടെയും ആവശ്യം എന്നെ പോലുള്ള ഈശ്വര വിശ്വാസികള്‍ക്ക് ഇല്ല, കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് യുക്തിവാദി സങ്കടന മകര ജ്യോതി തെറ്റാണെന്ന് തെളിയിച്ചതാണ്.. 1980 കളിലൊ മറ്റോ..... അന്ന് സര്‍ക്കാരിനെ ഈ കാര്യം ബോധിപ്പിച്ചപ്പോള്‍ സര്‍ക്കാരിന്റെ മറുപടി ഇപ്രകാരം ആയിരുന്നു, അതങ്ങനെ അങ്ങ് പോകട്ടെടോ,ഖജനാവ് കാലിയാകാതെ കാക്കുന്നത് ആ ജ്യോതിയാണെന്ന്! കണ്ടില്ലേ സര്‍ക്കാരിന്റെ മനോഭാവം, കൂട്ടരേ ഞാന്‍ ഒന്ന് ചോദിച്ചോട്ടെ മകരജ്യോതിയിലാണോ നിങ്ങളുടെ അയ്യപ്പ സ്വാമിയിലുള്ള വിശ്വാസം ഇരിക്കുന്നത്! മകരവിളക്ക് ഇല്ലെന്നു അറിഞ്ഞാല്‍ നിങ്ങള്‍ക്ക് ഈശ്വരനില്‍  ഉള്ള വിശ്വാസം നഷ്ടാവുമോ? ഈശ്വരന്‍ ഇല്ലെന്നു പറയുമോ? എന്തായാലും ഞാന്‍ പറയില്ല..


ടി എന്‍ ഗോപകുമാര്‍ കലാകൌമുദിയില്‍ പണ്ടെങ്ങോ എഴുതിയ ഈ ലേഖനം കൂടി വായിക്കുക..

ഇത് കൂടി കാണണേ.. ഇതില്‍ കുറച്ചു കൂടി എന്തൊക്കെയോ ഉണ്ട്! കുറച്ചു ന്യായീകരണങ്ങള്‍!.
[NB: ഈ വിഷയം പലയിടത്തും ഉണ്ട്, ഞാനും പറഞ്ഞുന്നെ ഉള്ളൂ.....സ്വാമിയെ ശരണമയ്യപ്പാ!]
Related Posts Plugin for WordPress, Blogger...