Wednesday, December 08, 2010

ദേവികയെ നീ അറിയുമോ?



ഡാ രമേശാ നമുക്ക് ഒരു സ്ഥലം വരെ പോകണം.
"എവിടേക്കാ? "

സാധാരണ അങ്ങനെ ഒരു ചോദ്യം രമേശന്റെ ഭാഗത്ത് നിന്നുമുണ്ടാകാത്തതാണ് ,പക്ഷേ ഇന്നെന്തോ അങ്ങനെ സംഭവിച്ചിരിക്കുന്നു.. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് ജയന്റെ ഭാവങ്ങളില്‍, പെരുമാറ്റങ്ങളിൽ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടെയിരുന്നു.ജയന്റെ മനസ്സ് മറ്റെങ്ങോ ആണെന്ന് മനസ്സിലാക്കാൻ ഉറ്റമിത്രത്തിനു കഴിയാതിരിക്കില്ലല്ലോ..  അതുകൊണ്ടൊക്കെയാണ് ഇന്ന് മറു ചോദ്യമെറിയേണ്ടി വന്നത്!

"നീ വാ.നമുക്ക് ഇറങ്ങാം,വണ്ടി ഞാനെടുക്കാം.." രമേശന്റെ  ചോദ്യത്തിനു മറുപടി പറയാതെ ജയന്‍ നടന്ന് തുടങ്ങി..

വർഷാവസാനമാണ്, വഴിയരികിലെ മരങ്ങള്‍ ഇലപൊഴിച്ചു നില്‍ക്കുന്നു,ചിലതില്‍ നിന്ന് ഇലകള്‍ പോഴിയുന്നുമുണ്ട് ,വണ്ടി മുന്നോട്ട് നീങ്ങുന്നതിനൊപ്പം ജയന്റെ ഓർമ്മകൾ പിന്നിലേക്ക് പോയി; ഇലകള്‍ കൊഴിയുന്ന പോലെ എത്ര വര്‍ഷങ്ങളാണ് കടന്നു പോയത്, വര്‍ഷങ്ങള്‍ മാത്രമല്ല അവളും, തന്റെ മാത്രമായിരുന്ന,അല്ലെങ്കില്‍ അങ്ങനെ നിനച്ചിരുന്ന ദേവുവും  


ഓര്‍മ്മയില്‍,ഒരു മനോഹര രൂപം തെളിഞ്ഞു, ചിരിക്കുമ്പോള്‍ ചെറുതായി നുണക്കുഴികള്‍ തെളിയാറുള്ള ,കൊച്ചു  കുട്ടികളെ പോലെ നിഷ്കളങ്കമായി സംസാരിക്കാറുള്ള തന്റെ പ്രിയ കൂട്ടുകാരി.. അടുത്തടുത്ത വീടുകള്‍ ആയിരുന്നു തങ്ങളുടേത്  എങ്കിലും തമ്മില്‍ ശരിക്കും അടുക്കുന്നത് ഒത്തിരി കഴിഞ്ഞിട്ടാണ്, തന്റെ വിചാരം,അവള്‍ ഭയങ്കര അഹങ്കാരിയും,വാചകക്കാരിയും ഒക്കെ ആണെന്നായിരുന്നു,ആ സംഭവം നടക്കുന്നത് വരെ..അന്ന്  8ല് പഠിക്കുമ്പോള്‍ സ്കൂള്‍ വിട്ടു ധൃതിയ്ല്‍ പോവുകയായിരുന്ന തന്റെ മുന്‍പില്‍ കണ്ട ആ സംഭവം തന്നെ അവളിലേക്ക് വല്ലാതെ അടുപ്പിച്ചു .. റോഡിന്റെ സൈഡില്‍ ആരോരും തുണയില്ലാതെ കിടന്നിരുന്ന ഒരു പാവം വൃദ്ധ യാചകിക്ക് സ്വന്തം കൈ കൊണ്ട് ഭക്ഷണം വാരി കൊടുക്കുന്ന അവള്..  അന്ന് മുതല്‍ എന്തോ ഒരു ആരാധന ആരുന്നു അവളോട്‌ തനിക്ക്.. പതിയെ പതിയെ അവളിലേക്ക് താന്‍ അറിയാതെ അടുത്തു ... തനിക്ക് ഏറ്റവും പ്രീയപ്പെട്ടവള്‍ ആയി മാറാന്‍ അധികം സമയം എടുത്തില്ല.. പക്ഷെ അവള്‍ക്ക് താന്‍ എല്ലാരേം പോലെ ഒരു സാധാരണ കൂട്ടുകാരന്‍ മാത്രം ആയിരുന്നു..ആ സത്യം തനിക്കു നന്നായി അറിയുവേം ചെയ്യുമായിരുന്നു.. സ്കൂള്‍ ജീവിതം കഴിഞ്ഞ താന്‍ തിരുനെല്‍വേലിയിലെ  ഒരു എഞ്ചിനീയറിംഗ് കോളേജില്‍  പഠിക്കാന്‍ പോയി അവള്‍ നാട്ടില്‍ തന്നെ ഉള്ള ഒരു ആര്‍ട്സ് കോളേജിലും ... 

ജയന്‍ പിന്നെയും ഓര്‍ത്തു ഒരു വെക്കേഷന്‍ പോലും താന്‍ വേസ്റ്റ് ആക്കിയിട്ടില്ല ..ഒരു അവസരം ഉണ്ടെകില്‍ താന്‍ നാട്ടില്‍ എത്തിയിരിക്കും,അവളെ കാണാന്‍ വേണ്ടി മാത്രം.. അങ്ങനെ ഉള്ള ഒരു വരവിലാണ് തന്റെ ഹൃദയം മുറിക്കുന്ന ആ സത്യം താന്‍ അറിയുന്നത്, അവള്‍ ഒരു പ്രേമത്തില്‍ കുടുങ്ങിയിരിക്കുന്നു, തന്നോടാണ് അവള്‍ ആദ്യം വന്നു പറയുന്നത്, "ഡാ ജയാ നീ ആണ് എന്റെ കൂട്ടുകാരില്‍ ഏറ്റവും നല്ലവന്‍, നീ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ, നീ പറ ഞാന്‍ അവനെ പ്രേമിച്ചത് തെറ്റായോ..?" ആരാണ് അവന്‍ എന്നോ, എവിടെ ഉള്ളവന്‍ ആണെന്നോ ഒന്നും തിരക്കിയില്ല ,ഒന്നും ചോദിച്ചില്ല , പിന്നീടു അവളോട്‌ ഒരു വാക്ക് പോലും താന്‍ മിണ്ടിയില്ല എന്നതാണ് ശരി.. 

പിന്നെ പിന്നെ താന്‍ നാട്ടിലേക്ക് വരാതായി.. ക്യാമ്പസ്‌ സെലക്ഷന്‍ കിട്ടി ബാംഗ്ലൂരില്‍ ഉള്ള ഒരു IT കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. ഈ മഹാ നഗരത്തില്‍ എത്തിയിട്ട് ഇന്നേക്ക്  5 വര്‍ഷങ്ങള്‍ ആകുന്നു, ഒറ്റക്കായിരുന്ന,ഇരുട്ട്  പിടിച്ചു  കിടക്കുവായിരുന്ന തന്റെ ജീവിതത്തില്‍ ഒരു വിളക്കായി രമേശന്‍ എത്തുന്നത് ഒരു കൊല്ലം മുന്‍പാണ്,  ഒരു പാവത്താന്‍, അവനില്‍ തനിക്ക് ഇഷ്ടപ്പെടാത്ത ഒരേ ഒരു കാര്യം പെണ്‍കുട്ടികള്‍ അവന്റെ ഒരു വിനോദ ഉപാധി എന്നത് മാത്രമാണ്,ആ വക കാര്യങ്ങള്‍ താന്‍ ശ്രദ്ധിക്കാനേ പോകാറില്ല ..

കഴിഞ്ഞ തിങ്കളാഴ്ച ആണ് തന്റെ സ്വൈര ജീവിതം തട്ടി  മറിച്ച ആ സംഭവം നടക്കുന്നത്... അവളെ താന്‍ വീണ്ടും കണ്ടു മുട്ടി.. എങ്ങോ സുഖമായി ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം കഴിയുന്നു എന്ന് താന്‍ വിശ്വസിച്ച തന്റെ ദേവു വഴിയരികില്‍ അഴുക്കില്‍ അതിലേറെ അഴുക്കും ദേഹത്ത് ആക്കി.. ഹോ!!!... 
അത് അവളാണോ എന്ന് താന്‍ സംശയിച്ചു.. ഉടനെ തന്നെ നാട്ടിലേക്ക് വിളിച്ചു, അപ്പോള്‍ ആണ് അറിയുന്നത്, നാട്ടില്‍ നിന്നും അവളുടെ ആ കാമുകനോടൊപ്പം ഈ മഹാനഗരത്തിലേക്ക് ഒളിച്ചോടിയിട്ട് ഇപ്പൊ 3 വര്‍ഷങ്ങള്‍ ആയി  എന്നത്.. പക്ഷെ ആ അവള്‍ എങ്ങനെ ഈ അവസ്ഥയില്‍..? ഒരു വണ്ടി വിളിച്ചു അപ്പോള്‍ തന്നെ,അടുത്തുള്ള ഒരു ഹോസ്പിട്ടലിലീക്ക് വിടാന്‍ പറഞ്ഞു  ... അവളോടൊപ്പം ഉണ്ടായിരുന്ന ആ ഭാണ്ടക്കെട്ടും താന്‍ എടുത്തു .. വളരെ വളരെ അവശ ആരുന്നു അവള്‍.. ദിവസങ്ങളോളം ഭക്ഷണം കഴികാതെ മൃതപ്രായ ആയിരുന്നു തന്റെ ദേവൂട്ടി ... വണ്ടിയില്‍ വച്ച് അവള്‍ തന്റെ തോളിലേക്ക് തല ചായിച്ചപ്പോള്‍ മനസ്സ് അറിയാതെ പറഞ്ഞു പോയി, എന്റെ പ്രീയ കൂട്ടുകാരി,എത്രയോ ആഗ്രഹിച്ച ഒരു കാര്യമാരുന്നു ഇത്, നീ എന്റെ തോളില്‍ തലയും ചായ്ചു ഉറങ്ങുന്നതും,മറ്റും.. ഹോസ്പിടല്‍ അടുക്കാരായപ്പോള്‍ പതിയെ പാവത്തിന്റെ തല ഉയര്‍ത്താന്‍ നോക്കി, തണുത്ത് മരവിച്ചിരിക്കുന്നു അവളുടെ ദേഹം.. പാവം ഈ ലോകം വിട്ടു പോയികഴിഞ്ഞിരുന്നു,അപ്പോഴേക്കും..

പൊതുശ്മശാനത്തില്‍ അവളെ അടക്കിയപ്പോള്‍ തന്റെ കണ്ണില്‍ നിന്നും പൊഴിഞ്ഞത് കണ്ണുനീര്‍ ആയിരുന്നില്ല,രക്തം ആയിരുന്നു.. ഇങ്ങനെ ഒരു അവസാനം അവള്‍ക്ക് ഉണ്ടാകുമെന്ന്‍ സ്വപ്നത്തില്‍ പോലും താന്‍ കരുതിയിരുന്നില്ല.. 



"ഡാ ജയാ പറയെടാ എവിടേക്കാ നമ്മള്‍ പോകുന്നത്? ഇത് കുറെ നേരം ആയല്ലോ നമ്മള്‍ യാത്ര തുടങ്ങിയിട്ട്..രമേശന്റെ ആ ചോദ്യം ജയനെ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ത്തി .. 
"പറയാം..പറയാം.അതിനു മുന്‍പ് ഒന്ന് ചോദിച്ചോട്ടെ...    "
"നീ ദേവികയെ അറിയുമോ? "
രമേശന്‍ ഒന്ന് ഞെട്ടി..
"ദേവികയോ അതാരാ? അറിയില്ലാ .. "
"ദേവികയെ,എന്റെ ദേവൂനെ നിനക്കറിയില്ല അല്ലേടാ ......." 
അലറുകയായിരുന്നു ജയന്‍... 
"ഇനി നിന്റെ ആദ്യ ചോദ്യത്തിനുത്തരം,  നമ്മള്‍ പോകുന്നത് തിരിച്ച വരാന്‍ പറ്റാത്ത  ഒരു  ലോകത്തേക്ക്....... ,ഇനി ആര്‍ക്കും എന്റെ ദേവൂന്റെ അവസ്ഥ വരാതിരിക്കാന്‍..."
പൊടുന്നനെ കാറിന്റെ സ്പീഡ് ജയന്‍ നന്നായിട്ട് ഉയര്‍ത്തി..  ഇടതു വശത്തുള്ള മെറ്റല്‍ കൂമ്പാരത്തില്‍ തട്ടി  ആ കൊക്കയിലേക്ക് കാറും അവരും........

[NB-അവളുടെ ഭാണ്ടക്കെട്ടില്‍ നിന്നും ജയന് ഒരു കുറിപ്പും ഫോട്ടോയും ലഭിച്ചിരുന്നു, ഫോട്ടോ രമേശന്റെത് ആയിരുന്നു, കുറിപ്പ് ഇപ്രകാരവും , എന്നെ ചതിച്ചവന്‍...]
Related Posts Plugin for WordPress, Blogger...