Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Monday, March 12, 2012

വൈകി ഉണർന്നപ്പോൾ സംഭവിച്ചത്




മേശപ്പുറത്തിരുന്ന ഗ്ലാസ് തറയില്‍ വീണുടഞ്ഞ ശബ്ദം കേട്ടാണ് അയാള്‍ ഞെട്ടി ഉണര്‍ന്നത്. മുറിയിലപ്പോള്‍ പെന്‍ഡുലം ക്ലോക്കിന്റെ ടിക് ടിക്ക് ശബ്ദം മാത്രം. മണി പതിനൊന്നു കഴിഞ്ഞിരിക്കുന്നു.ഉണരാൻ വളരെ വൈകിയിരിക്കുന്നു.അടുത്തുള്ള കൃഷ്ണ ക്ഷേത്രത്തില്‍ റെക്കോര്‍ഡ്‌ ഇടുമ്പോള്‍ ഉണരാറുള്ളതാണവൻ,എന്തേ ഇന്ന് ഇത്രയും താമസിച്ചു.. 


ആഹ് ..കയ്യിനും കാലിനും ഒക്കെ എന്താ ഒരു വേദന,എഴുന്നേറ്റിരുന്നപ്പോൾ ശരീരമാകെയത് പടരുന്നതറിഞ്ഞു,പിന്നീട് എല്ലുകൾ കൂട്ടിമുട്ടിയുണ്ടാകുന്നത് പോലെയുള്ള ശബ്ദവും, തുറക്കാതിരുന്ന വാതില്‍ തുറക്കുമ്പോള്‍ കേള്‍ക്കുന്ന പോലെ! ഉണരാനെന്താ ഇന്ന് ഇത്രയും താമസിച്ച് പോയത്!?. ഉണ്ണി ചിന്തിച്ചത് അതിനേക്കുറിച്ചാണ്.
"അമ്മാ..അമ്മേ" ഉറക്കെ വിളിച്ചു, മറുപടി ഒന്നും വന്നില്ല. എവിടെ പോയി എല്ലാവരും, അച്ഛനെയും അനിയത്തിയെയും കാണുന്നില്ല.






കൃഷ്ണനുണ്ണി, സിവില്‍ എഞ്ചിനീയര്‍ ആണ്, അമ്മ,അച്ഛന്‍,അനിയത്തി ഇവർ അടങ്ങുന്നതാണ് അവന്റെ കുടുംബം! ,അച്ഛന്‍ കര്‍ഷകന്‍ ആണ്, അനിയത്തി പത്തില്‍ പഠിക്കുന്നു. കൃഷനുണ്ണിയെ പറ്റി പറയാന്‍ നാട്ടുകാര്‍ക്ക് നൂറു നാവാണ്. ഇത്രയും തങ്കപ്പെട്ട ഒരു പയ്യന്‍ ആ നാട്ടില്‍ വേറെ ഇല്ല, പഠിച്ച എല്ലാ ക്ലാസ്സുകളിലും ഒന്നാമന്‍, റാങ്കോട് കൂടി എഞ്ചിനീയറിംഗ് പാസായി, ഉടനെ തന്നെ ഒരു ജോലിയും തരായി! പാട്ട്,ഡാന്‍സ്,ചിത്ര രചന അങ്ങനെ കലാ രംഗത്തും ഒരു പുലിക്കുട്ടി തന്നെയാണ് ഉണ്ണി!അതിരാവിലെ എഴുന്നേറ്റു അമ്പലക്കുളത്തില്‍ പോയി കുളിച്ചു തൊഴുക എന്നുള്ളത് അവന്റെ ശീലമായിരുന്നു.പക്ഷേ ഇന്ന് എന്ത് പറ്റി ?!


അവൻ പതിയെ കട്ടിലില്‍ നിന്നും എഴുന്നേറ്റു, തന്റെ മുറിയില്‍ കാര്യമായ  ഒരു മാറ്റം അവനു അനുഭവപ്പെട്ടു, അല്ലെങ്കിലും ഈ അമ്മ ഇങ്ങനെയാണ് അടുക്കിപ്പെറുക്കി എപ്പോഴും മുറി വൃത്തിയാക്കിക്കൊണ്ടിരിക്കും, പിന്നെ ഒരു സാധനങ്ങളും വെച്ചിടത്ത് കാണില്ല, ഇപ്പൊൾ തന്നെ കണ്ടില്ലേ,ഇന്നലെ പകുതി വായിച്ചു വെച്ച പുസ്തകം കാണുന്നില്ല! 
"അമ്മേ!!! ഈ അമ്മ എവിടെ പോയതാ", ഇന്ന് ഞായര്‍ അല്ലേ...."ലക്ഷ്മീ!! ഡി  ലക്ഷ്മീ!!"
അനിയത്തിയും വിളി കേട്ടില്ല! ഹോ തല പൊട്ടിപ്പിളരുന്നു.., ഒരു ചായ പോലും കൊണ്ടുത്തരാന്‍ ഇവിടെ ആരുമില്ലേ?!! 
"എടീ ലക്ഷ്മീ!!" 
അവന്‍ ഉറക്കെ വിളിച്ചു! എന്നാലും താന്‍ എന്താണ് എഴുന്നേല്‍ക്കാന്‍ താമസിച്ചു പോയത്.. പെട്ടെന്ന് അതി ഭയങ്കരമായ വേദന കൊണ്ട് കൃഷനുണ്ണി പുളഞ്ഞു, തലയില്‍ കൂടി ഒരു കൊള്ളിമീന്‍ പോയ പോലെ . വാതിലില്‍ പിടിച്ചു കൊണ്ട് പതിയെ നിലത്തേക്കിരുന്നു.തന്റെ കാലിലെ നെടുനീളൻ മുറിപ്പാട് ഉണ്ണി ശ്രദ്ധിച്ചത് അപ്പോഴാണ്‌, ഓപ്പറേഷന്‍  ചെയ്തുണങ്ങിയ മുറിവ് പോലെ തോന്നിച്ചു അത്.. ഇത് എങ്ങനെ വന്നു, ഇന്നലെ വരെ തന്റെ കാലില്‍ ഇങ്ങനെയൊരു മുറിപ്പാട്  ഇല്ലായിരുന്നുവല്ലോ!!!!.. ഇതെപ്പോ സംഭവിച്ചു! വിറയ്ക്കുന്ന കൈകളോടെ അവന്‍ കാലില്‍ തടവി !


"ഏട്ടാ!!!!!!! "


അവൻ ഒരു ഞെട്ടലോടെ തലയുയര്‍ത്തി! 
"ഏട്ടാ!!!!!!! എനിക്കിത് വിശ്വസിക്കാന്‍ ആവുന്നില്ല! എട്ടന് സുഖായോ!" 
ലക്ഷ്മിയാണ്‌,, ഇത് ലക്ഷ്മി തന്നെ ആണോ,ഇവള്‍  ഇന്നലെ ഇത്രയ്ക്കും വളര്‍ന്നിട്ടുണ്ടായിരുന്നില്ലല്ലോ! , 
"നീ എന്താ ചോദിച്ചത്??" 
"ഏട്ടാ!!!!!!!!!!!!!!!!
"ലക്ഷ്മി കരഞ്ഞു കൊണ്ട് ഓടി വന്ന് അവനെ കെട്ടിപ്പിടിച്ചു! എന്താണിത്! എന്തിനാനിവള്‍ കരയുന്നത്! അവളെ അടർത്തിമാറ്റിയവൻ ചോദിച്ചു., 
"എന്താ നിനക്ക്, എന്തിനാ നീയ് കരയുന്നത്,? അമ്മ എവിടെ?" 
ഒരു പൊട്ടിക്കരച്ചില്‍ ആയിരുന്നു മറുപടി, ഉള്ളിലൊരങ്കലാപ്പോടെ,അമ്മക്ക് വേണ്ടിയവന്റെ കണ്ണുകള്‍ ആ മുറിക്കു പുറത്തേക്ക് സഞ്ചരിച്ചു കൂട്ടത്തില്‍ ഹാളിലെ ഒരു ഫോട്ടോയില്‍ കണ്ണുടക്കി, അവളെ തള്ളി മാറി ആ ഫോട്ടോയുടെ അടുത്ത് ചെന്നു നിന്നു! 
അമ്മ!!!! അമ്മയുടെ ഫോട്ടോ!!!! 
ഇതെന്തിനാണ് ഇങ്ങനെ മാലയിട്ടു വെച്ചിരിക്കുന്നത്!!!!
"അമ്മേ ! എന്റെ അമ്മേ!!!!!!!!!!!!!!!"
അവൻ അവിടെല്ലാം ഒരു ഭ്രാന്തനെപ്പോലെ തന്റെ അമ്മയെ തിരക്കി നടന്നു..  ബഹളം കേട്ടു അച്ഛന്‍ പറമ്പില്‍ നിന്നും ഓടി എത്തി! അദ്ദേഹവും ആകെ മാറിപ്പോയിരിക്കുന്നു, തലയിൽ വെള്ളിനൂലുകളുടെ എണ്ണം ഇന്നലെത്തേതിനേക്കാൾ വളരെയധികമായിരിക്കുന്നു,നന്നായി മെലിഞ്ഞിട്ടുമുണ്ട്.  ഇവർക്കെല്ലാം ഒറ്റയൊരു ദിവസം കൊണ്ട് എന്താണ് സംഭവിച്ചത്. ഓടി വന്ന അച്ഛൻ അവനെ ആദ്യം കാണൂന്നത് പോലെ സന്തോഷത്തോടും അത്ഭുതത്തോടും കൂടി നോക്കി നിന്നു.
"അച്ഛാ അമ്മ എവിടെ? എന്താ സംഭവിച്ചേ? എന്തിനാ ലക്ഷ്മി കരയണേ?,എന്താ എനിക്ക് സംഭവിച്ചത്?"
ഒരു തേങ്ങലായിരുന്നു അതിനും മറുപടി, !
"അയ്യോ!!!!!!"
അവന്റെ തലയിലൂടെ വീണ്ടുമൊരു കൊള്ളിയാന്‍ പോയി!  ഇത്തവണ വേദന മാത്രമല്ല ചില ഓര്‍മ്മകള്‍ കൂടിയവന്റെ മനസ്സിലേക്ക് ഓടിയെത്തി!ഇന്നലെ അമ്മയുമായി ബൈക്കില്‍ ചിറ്റമ്മയുടെ വീട്ടില്‍ പോയതും മടങ്ങി വരുന്ന വഴി ,ഫോൺ റിങ്ങ് ചെയ്തപ്പോ കോൾ അറ്റെൻഡ് ചെയ്തതും വളവില്‍ വെച്ചു ഏതോ ഒരു വാഹനം തന്റെ ബൈക്കില്‍ തട്ടിയതും!!!!!!!! എത്ര ശ്രമിച്ചിട്ടും ഉണ്ണിക്ക് അത്രയേ ഓര്‍ക്കാന്‍ കഴിഞ്ഞുള്ളു..


കരച്ചിലും ബഹളവും കേട്ടിട്ടാവാം ആരൊക്കെയോ പുറത്ത് വന്നെത്തി നോക്കുന്നു!ചിലരുടെ മുറുമുറുപ്പുകള്‍ തന്റെ കാതിലേക്കും എത്തുന്നു, അമ്മ മരിച്ച ആ അപകടത്തില്‍ പെട്ട് താന്‍ രണ്ടര വര്‍ഷം കോമയില്‍ ആയിരുന്നെന്നോ!!!!!

[NB: Again an old story with some തിരുത്തൽസ്,Avoid phone calls while driving! please..............]

Thursday, March 08, 2012

ഫ്ലാഷ്ബാക്ക്


ന്നേക്ക് ആറു വര്‍ഷങ്ങള്‍ തികയുന്നു. ഞങ്ങൾ ഇവിടെ എത്തിയിട്ട്,ഇവിടുത്തെ തണുപ്പും കോടമഞ്ഞും ഒരു സാധാരണ മനുഷ്യജീവിക്ക് സഹിക്കാവുന്നതിലും അധികമാണ്.. പക്ഷേ എന്ത് ചെയ്യാൻ..... ഞാനും രവിയും നിസ്സഹായരാണ്, ഒന്നനങ്ങാൻ പോലുമാകാതെ ഈ ദുര്യോഗങ്ങൾ അനുഭവിക്കുകയാണ് വർഷങ്ങളായിട്ട്....

********************************

ഞാൻ നിഷാദ് . ഒറ്റയാനായി മദിച്ചു രസിച്ചു നടന്ന കാലത്ത്, ആയിരത്തിലൊന്നൊന്ന പോലെ,ഏകദേശം എന്റെ അതേ സ്വഭാവവും രീതികളും ഉണ്ടായിരുന്ന രവിചന്ദ്രൻ കൂട്ടുകാരനായി മാറിയതാണ്. അവനിൽ എനിക്കിഷ്ടമില്ലാത്ത ഒന്ന്, ഒരേ ഒരു കാര്യം നിസ്സാര കാര്യങ്ങളിൽ അവനുള്ള ഭയമാണ്. 
ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ്- രവിയും താനും അന്ന് നഗര മധ്യത്തിലുള്ള എഞ്ചിനീയറിംഗ് കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍, ഹേമ അടുത്ത് തന്നെ ഉള്ള മറ്റൊരു കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും  . പ്രണയം അറിയിക്കാൻ അവനു സങ്കോചം,ഭയം.. രവി എനിക്കൊരു കൂട്ടുകാരന്‍ മാത്രമായിരുന്നില്ല,അനിയന്‍,കൂടപ്പിറപ്പ് അങ്ങനെ സാദാ സുഹൃദ്ബന്ധത്തിനപ്പുറം എന്തൊക്കെയോ ആയിരുന്നു,അതിനാല്‍ അവന്റെ ഇഷ്ടങ്ങളൊക്കെ തന്റെയും ഇഷ്ടങ്ങളായിരുന്നു,അവ സാധിക്കാനായി ഏതറ്റം വരേയും പോകാനൊരു മടിയും എനിക്ക് തോന്നിയിട്ടില്ല.ഹേമയോടുള്ള അവന്റെ ഇഷ്ടം  പറഞ്ഞപ്പോഴേ താനുറപ്പിച്ചു ഹേമ രവിക്ക് ഉള്ളതാണ്..
ഒരു ദിനം നേരിട്ട് അവളുടെ കോളേജില്‍  ചെന്നു,ക്ലാസ്സ്‌ കഴിഞ്ഞ് അവള്‍ പുറത്ത് ഇറങ്ങി വന്നപ്പോ നേരിട്ട് മുഖത്ത് നോക്കി പറഞ്ഞു,
"ഞാൻ നിഷാദ്; രവി എന്റെ സുഹൃത്താണ് ,അവനു കുട്ടിയെ ഒരുപാട് ഇഷ്ടം ആണ്,കുട്ടിയും അവനെ  തിരിച്ചു ഇഷ്ടപ്പെടണം,കല്യാണം കഴിക്കണം" 
പടക്കം പൊട്ടും പോലെ ഒരു ശബ്ദം,ചുണ്ടിലെരിഞ്ഞു കൊണ്ടിരുന്ന സിഗരറ്റ്  ഒടിഞ്ഞു നിലത്ത് വീണു. അവളുടെ വെളുത്തു ചുവന്ന കൈ വെള്ള തന്റെ ഇടത്തെ കവിളത്ത് പതിച്ചതാണ് . ഒരു മൂന്നു നാല് നിമിഷത്തെ സ്തംഭനത്തിന് ശേഷം നോക്കുമ്പോള്‍ അവളുടെ ദേഷ്യം കൊണ്ട്  ചുവന്നു കലങ്ങിയ കണ്ണുകളില്‍ നിന്ന്  അഗ്നി വമിക്കുന്നത് കാണാൻ കഴിഞ്ഞു.അല്പം മാറി നിന്നിരുന്ന രവി ഓടി വന്നു എന്നേയും വലിച്ചു കൊണ്ട് അവിടുന്ന് പോയി,ആള്‍ക്കാർ കൂടുന്നതിനും മുന്‍പേ.. ആദ്യമായാണ് തന്റെ ദേഹത്ത് ഒരാള്‍ കൈ വെക്കുന്നത് അതും ഒരു പെണ്ണ്,ഇങ്ങോട്ടും അങ്ങോട്ടും മുട്ടിയിട്ടുള്ള ഒരുവനേയും ഒരുവളേയും താൻ വെറുതേ വിട്ട ചരിത്രം ഉണ്ടായിട്ടില്ല.പക്ഷെ  ഇന്ന് തന്റെ അഭിമാനത്തിനു ക്ഷതമേറ്റിരിക്കുന്നു.വല്ലാത്ത അപമാനം തോന്നി,ഒപ്പം അടക്കാന്‍ വയ്യാത്ത ദേഷ്യവും,രവിക്ക് വേണ്ടി താന്‍ എല്ലാം മറന്നു,മറന്നതായി ഭാവിച്ചു,അവനു വേണ്ടി മാത്രം.. അവളിത്രമാത്രം പ്രകോപിതയാവാനും തല്ലാനും വേണ്ടി ഒന്നുമവിടെ ഉണ്ടായിരുന്നില്ല, എന്നിട്ടും അതെങ്ങിനെ സംഭവിച്ചു എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല, പാർക്കിൽ വെച്ച് കഴിഞ്ഞമാസം ഞാൻ കയറിപ്പിടിഞ്ഞ റസിയ ഹേമയുടെ ക്ലാസ്സ്മേറ്റായിരുന്നു എന്ന് അറിയുന്നത് വരെ.. രണ്ട് മൂന്നു നാളുകള്‍ക്കു ശേഷം രവി തന്നെ അവന്റെ ഇഷ്ടം അവളെ അറിയിച്ചു,  "നേരിട്ടാ ഇഷ്ടം അറിയിച്ചില്ലെങ്കിൽ നിന്ന ഞാൻ കൈ വെക്കും" എന്ന് പറഞ്ഞതിൻ  ഫലമായിട്ടാണ് അവനതിനു തുനിഞ്ഞത് തന്നെ!,അവൾക്ക് അവനെ ഇഷ്ടമായേക്കും എന്ന് തന്റെ മനസ്സ് പറഞ്ഞിരുന്നു,പക്ഷേ  ഇപ്രാവശ്യവും അനുഭവം മറിച്ചായിരുന്നില്ല,അവളിൽ നിന്ന് അടി കിട്ടുന്നതിനു മുന്‍പേയവൻ സ്ഥലം കാലി ആക്കി എന്നൊരു വ്യത്യാസം മാത്രം!,ഇവയെല്ലാം ഞങ്ങളുടെ അഭിമാനത്തിനു മുന്നിൽ ഒരു ചോദ്യ ചിഹ്നം പോലെ കിടക്കാന്‍ തുടങ്ങി, കൂട്ടുകാരുടെയും നാട്ടുകാരുടെയും കളിയാക്കലുകള്‍ ഒരു വഴിയെ,ഇത്ര പെട്ടെന്ന് തങ്ങളുടെ  കോളേജ് ക്യാമ്പസിൽ ഈ ന്യൂസ് എത്തിയതെങ്ങിനെയെന്ന് താൻ അത്ഭുതപ്പെടുകയുണ്ടായി, അല്ലെങ്കിലും മോശം കാര്യങ്ങൾ പ്രചരിക്കാൻ അധികം സമയം എന്തിനാ!..പെൺ വിഷയം എല്ലാവരിലും എത്തിയതിലൂടെ ആ പഴയ പ്രൗഡിക്ക് മങ്ങലേറ്റു. ജൂനിയർ കുട്ടികളുടെ മുഖത്ത് അടക്കിവെച്ച ചിരി എനിക്കുമവനും കാണാമായിരുന്നു. എല്ലാം ഹേമ മൂലം ഉണ്ടായതാണെന്നുള്ളത് അവളോടുള്ള നീരസം  ഇരട്ടിയാക്കി..എല്ലാം രവിക്ക് വേണ്ടി താന്‍ മറക്കാന്‍ ശ്രമിച്ചു. 
അവള്‍ അവനെ കുറെ നടത്തിച്ചു, അവനും താനും അവളെ വിടാതെ പിന്‍തുടര്‍ന്നു. ഇത്രയൊക്കെ ശല്യപ്പെടുത്തിയിട്ടും ഹേമയുടെ വീട്ടുകാര്‍ ആരും ഇടപെടാഞ്ഞത് ആദ്യകാലങ്ങളില്‍ എന്നെ അത്ഭുതപ്പെടുത്തി,അവളൊരു അനാഥയാണെന്ന് അറിയും വരെ. ഇടയ്ക്കു അവളുടെ കോളേജിലെ ഒരു പയ്യന്‍  തങ്ങളെ ചോദ്യം ചെയ്യുകയുണ്ടായി,റോബിന്‍ എന്നോ മറ്റോ ആയിരുന്നു അവന്റെ പേര്,അന്ന് അവനെ ഞങ്ങള്‍ ശരിക്ക് കൈകാര്യം ചെയ്തു വിടുകയും ചെയ്തു .. സ്ഥലത്തെ പ്രധാന പോക്കിരികളായ തങ്ങളെ ചോദ്യം ചെയ്യാന്‍ ഒരു പീറ പയ്യന്‍!

ഇവ വല്ലാതെ disturb ചെയ്യാന്‍ തുടങ്ങിയിരുന്നു അക്കാലത്ത്,ഈ പ്രശ്നം സോള്‍വ്‌ ചെയ്യാനുള്ള ഒരുപായം ഞാൻ കണ്ടു പിടിച്ചു, രവിയോട് പറഞ്ഞപ്പോള്‍ അവന്‍ എതിര് പറയും എന്ന് തോന്നിയിരുന്നെങ്കിലും പൂര്‍ണ്ണമായും തന്റെ ഈ ബുദ്ധിയോടു യോജിക്കുകയാണ് ചെയ്തത്. കോളേജ് ലൈഫ് അപ്പോഴേക്കും കഴിഞ്ഞിരുന്നു.
അങ്ങനെ  ഒരു ഡിസംബര്‍ മാസത്തിലെ വെള്ളി ആഴ്ച , കാലം തെറ്റി പെയ്യുന്ന മഴ കൊണ്ട് ,തോടുകളും പുഴകളും ഒക്കെ  നിറഞ്ഞിരുന്നു . അവള്‍ താമസിക്കുന്ന കോണ്‍വെന്റ്  ഞങ്ങള്‍ കണ്ടു പിടിച്ചു, കോണ്‍വെന്റിനു അടുത്തുള്ള ഒരു വളവു വരെ അവളോടൊപ്പം മറ്റൊരു പെണ്‍കുട്ടിയും ഉണ്ട്, അത് കഴിഞ്ഞാല്‍ പിന്നെയവള്‍ ഒറ്റക്കായിക്കിട്ടും, ആ വളവു കഴിഞ്ഞു ഒരു ഇടവഴി ഇറങ്ങിയാണവള്‍ പോകുന്നത്, ഞങ്ങള്‍ ആ ഇടവഴിയുടെ അരുകിലുള്ള പോന്തകാട്ടില്‍  ഒളിച്ചിരുന്നു, ഒരു അര മണിക്കൂറിനുള്ളില് അവള്‍ അവിടെ എത്തി. നല്ല മഴയും ഉണ്ട്, അടുത്ത് എത്തിയതും ഞാന്‍ മുന്നിലൂടെയും രവി പിന്നിലൂടെയും അവളെ ബ്ലോക്ക് ചെയ്തു, ഓടാനും അലറാനും ശ്രമിച്ച അവളെ ആദ്യം ക്ലോറോഫോം മണപ്പിച്ചത് ഞാന്‍ ആണ്, പെട്ടെന്ന് തന്നെ അവളുടെ സുബോധം പോയി, അവളെ കോരി എടുത്ത്,ഞാന്‍ തുറന്നു കൊടുത്ത വാതിലിലൂടെ കാറിനകത്ത് എടുത്ത് കിടത്തിയത്‌ രവിയാണ്.. സന്തോഷം കൊണ്ട് അവന്റെ കണ്ണുകള്‍ തിളങ്ങുന്നത് ഞാൻ കണ്ടിരുന്നു.
നേരെ ബാപ്പയുടെ ആളൊഴിഞ്ഞു കിടക്കുന്ന പഴയ ഗസ്റ്റ് ഹൌസിലേക്ക് വിട്ടു, അവിടെ എത്തി അവനെയും അവളെയും അകത്തെ മുറിയാലാക്കി,ഞാന്‍ പുറത്തെ ചാര് കസേരയില്‍ ഇരുന്നു ഒരു സിഗരറ്റിനു തീ കൊളുത്തി.. ഒരു പുഞ്ചിരി എന്റെ ചുണ്ടുകളിൽ വിടരുന്നുണ്ടായിരുന്നു, സിഗരട്ട് കത്തിതീരുന്നത് പോലെ ആ ഗസ്റ്റ് ഹൌസില്‍ വെച്ചു ഹേമക്ക് അവളുടെ സ്വന്തമായതെല്ലാം നഷ്ടമായി.. കുറച്ചു സമയങ്ങള്‍ക്കു ശേഷം രവി പുറത്ത് വന്നു, അവനു ലോകം കീഴടക്കിയ സന്തോഷം..  
അകത്തു ഹേമയുടെ കരച്ചില്‍ കേള്‍ക്കാമായിരുന്നു, 

"എന്താ ഇനി നിന്റെ പ്ലാൻ"
രവി: ഡാ അവളെ എനിക്ക് കല്യാണം കഴിക്കണം......
"ഹി ഹി എന്താടാ ഉരുപ്പടി വല്ലാണ്ടങ്ങ് പിടിച്ച മട്ടുണ്ടല്ലോ, മും ആയിക്കോ ആയിക്കോ ഹ ഹ.."
"നീ അവളോട്‌ സമ്മതം വാങ്ങിയോ?, "
രവി:"എവിടുന്ന്‍ അളിയാ, അവള്‍ക്ക് സ്വന്തമായതെല്ലാം ഞാന്‍ കവര്‍ന്നില്ലേ, ഇനിയിപ്പോ അവള്‍ക്കു സമ്മതിക്കാതെ എന്ത് നിവര്‍ത്തി ഹാ ഹാ ഹാ.."  
ഹ ഹ അവളിതങ്ങ് ആദ്യമേ സമ്മതിച്ചിരുന്നു എങ്കിൽ ആദ്യരാത്രിയിൽ നഷ്ടാവേണ്ടതെല്ലാം, ഇതേ പോലെ ആദ്യപകലിൽ നഷ്ടാവുമായിരുന്നോ ഹ ഹ..
"ഹ ഹ ഹ ഹ ഹ ഹ" ഞങ്ങളിരുവരുടേയും ചിരിയിൽ കോട്ട പോലുള്ള ആ ബംഗ്ലാവ് കിടുങ്ങി, അകത്ത് ഹേമയുടെ കരച്ചിൽ നേർത്തില്ലാതായി.....

പിന്നീടു കാര്യങ്ങള്‍ എല്ലാം പെട്ടെന്ന് തന്നെ നടന്നു, രവിയുടെയും ഹേമയുടെയും register കല്യാണം നടത്തി കൊടുത്തതും ഞാന്‍ മുന്നില്‍ നിന്നാണ്..
ആയിടയ്ക്ക് രവിക്ക് ഒരു ജോലി ശരി യായിരുന്നു,തനിക്കും.അങ്ങനെ ഞങ്ങള്‍ രണ്ടും രണ്ട് വഴിക്കായി, എനിക്ക് ട്രെയിനിംഗ് കഴിഞ്ഞ് ജോലി കിട്ടിയത് പൂനയില്‍, അവിടത്തെ ജോലി തിരക്കുകള്‍ക്കിടയില്‍ പഴയ കാര്യങ്ങള്‍ക്ക് പ്രസക്തി കുറഞ്ഞു കൊണ്ടിരുന്നു.. വല്ലപ്പോഴും രവി തന്നെയും താന്‍ അവനെയും വിളിക്കും.. ഈയിടയായി അവന്‍ വിളിക്കാറില്ലെന്നത് ഞാൻ ശ്രദ്ധിച്ചു, അങ്ങോട്ട്‌ വിളിച്ചാലും കിട്ടാതായി..അങ്ങനെ ഇരിക്കെ എനിക്ക് ജോലി കിട്ടിയിട്ട് 8 മാസം തികയുന്ന സമയം, അവന്റെ വിളി വന്നു.
"ഞാന്‍ കൊടൈക്കനാലില്‍  ഉണ്ട്, നീ ഈ ബുധനാഴ്ച ഇവിടെ എത്തണം, lake view ഹോട്ടല്‍ പന്ത്രണ്ടാം നമ്പര്‍ മുറി"
തിരികെ എന്തെങ്കിലും സംസാരിക്കാൻ സാധിക്കും മുൻപവൻ അവന്‍ ഫോണ്‍ വെച്ചു കളഞ്ഞു, തിരികെ വിളിച്ചിട്ട് എടുക്കുന്നും ഇല്ല, അവന്റെ സ്വരത്തില്‍  ഒരു അപായ സൂചന.. അപ്പോള്‍ തന്നെ ലീവ് അപ്ലൈ ചെയ്തു, കിട്ടിയാലുമില്ലെങ്കിലും തനിക്കു പോയേ പറ്റൂ.. എന്തോ  കുഴപ്പം ഉണ്ട്!!!..
അങ്ങനെ അതിന്റെ അടുത്ത ബുധനാഴ്ച ഞാന്‍ കൊടൈക്കനാലില്‍ എത്തി, അവിടെ lake view ഹോട്ടല്‍ പന്ത്രണ്ടാം നമ്പര്‍ മുറി യുടെ വാതില്‍ക്കല്‍ എത്തി കാളിംഗ് ബെല്ലടിച്ചു, വാതില്‍ തുറന്ന് ഹേമയുടെ മുഖം കണ്ടത് ഓർമ്മയുണ്ട് പെട്ടെന്ന് പിന്നില്‍ നിന്ന് എന്തോ ശക്തമായി തലയില്‍ ഇടിച്ചു, പിന്നീട് ഒന്നും ഓര്‍മ്മ ഇല്ലാതായി........................
ഉണർന്നപ്പോൾ ആദ്യം കണ്ടത് പുകച്ചുരുകള്‍ പോലെ ഇടയ്ക്കിടെ വമിക്കുന്ന  ഈ കൊട മഞ്ഞാണ്..,ഇതേതാണ് സ്ഥലം???!!!!,എന്നോ കണ്ടത് പോലെ,ഒരു ചെകുത്താന്‍ കോട്ട പോലെ തോന്നിച്ചു ആ സ്ഥലം,അതെ ഈ സ്ഥലത്ത് ഞാന്‍ വന്നിട്ടുണ്ട്, ഞാനും രവിയും മറ്റു കൂട്ടുകാരുമായി, അങ്ങനെ അധികമാരും വന്നു ചേരാത്ത കൊടൈക്കനാലിലെ ഭീകര സ്ഥലം,devil's kitchen(ചെകുത്താന്റെ പാചകപ്പുര)!!!!
ആള്‍ക്കാര്‍ ചാകാനും,കൊല്ലാനും തിരഞ്ഞെടുക്കുന്ന സ്ഥലം.ഇവിടെ മരിച്ചു കിടന്നാലോ,കൊന്നിട്ടാലോ പുറം ലോകം അറിയില്ല, ഇവിടെ തന്നെ ജീര്‍ണ്ണിച്ചു മണ്ണോടു ചേരാന്‍ ആയിരിക്കും വിധി.

എന്നെ ആരാണ് ഇവിടെ  കൊണ്ടെത്തിച്ചത്? ആരാണ് തന്നെ പ്രഹരിച്ചത്? രവി എവിടെ? 

ചുറ്റുപാടും ഒന്നും കാണാന്‍ കഴിയുന്നില്ല.. ഇടയ്ക്കു മഞ്ഞു കുറച്ചു ശമിച്ചപ്പോ ഒരു മനുഷ്യരൂപം അടുത്തു തന്നെ കിടക്കുന്നത് കണ്ടു, പതിയെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, അതെ പോലെ മറിഞ്ഞു താഴെ വീണു, കയ്യും കാലും കെട്ടിയിരിക്കുകയാണ്, തലക്ക് നല്ല വേദന, ചുണ്ടില്‍ നനവ്‌, തലയില്‍ നിന്നും ഒലിച്ചു ഇറങ്ങിയ ചോരയുടെതാണ്, നിരങ്ങി നിരങ്ങി ആ മനുഷ്യ രൂപത്തിന് അടുത്തെത്തി, 
രവിയല്ലേ അത്, അടുത്ത് ചെന്നു ഒന്നുകൂടെ സൂക്ഷിച്ചു നോക്കി,
ഹോ!!!!!!!!  രവി തന്നെ ആണ്, പക്ഷേ അവന്റെ തലയുടെ ഒരു ഭാഗം എവിടെ, ??!!!!!!!
അടുത്തൊരു കരിങ്കല്ല് കിടക്കുന്നു, അതില്‍ ചോരയും മാംസവും തലമുടിയും പറ്റിപ്പിടിച്ചിരിക്കുന്നു.. 
അലറി കരയണം എന്ന് തോന്നി ,ശബ്ദം പുറത്ത് വരുന്നില്ല.. 

കാല്‍പെരുമാറ്റം കേട്ടാണ് തിരിഞ്ഞു നോക്കിയത്.. കോട മഞ്ഞ് കാഴ്ച്ചയെ മറച്ചിരിക്കുന്നു.. രണ്ട് രൂപങ്ങള്‍ പതിയെ നടന്നു തന്റെ അടുത്ത് എത്തി, ഇപ്പൊ പിടി കിട്ടി, ഹേമ..പക്ഷേ ഈ പുരുഷ രൂപം ആരുടേത് ആണ്? എവിടെയോ കണ്ടു മറന്ന പോലെ..
"ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല അല്ലേ?"
"നിന്റെ കൂട്ടുകാരന്റെ കിടപ്പ് കണ്ടോ? ഹാ ഹാ..
ഇത്രയും പറഞ്ഞു ഒരു ഭ്രാന്തനെ പോലെ അവന്‍ അലറി ചിരിക്കാന്‍ തുടങ്ങി, 
ഇവന്‍ ..... ഇവന്‍ റോബിന്‍ അല്ലേ... അന്ന് തങ്ങളെ ചോദ്യം ചെയ്തതിനു ഞങ്ങള്‍ കൈകാര്യം ചെയ്തു വിട്ട റോബിന്‍!!
"നീ ...നീ റോബിന്‍ അല്ലേ????!!!!!!!!!!!!!!!!"
"നീ എന്നെ മറന്നിട്ടില്ല അല്ലേ!!!!, ഒന്നും മറക്കരുത്....,കഴിഞ്ഞ വര്‍ഷം ഇതേ സമയം നിനക്ക് ഓര്‍മ്മ ഉണ്ടോ??????ഉണ്ടോടാ ????
,ഒരു പാവം പെണ്ണിനെ നീയും നിന്റെ കൂട്ടുകാരനും കൂടി പിച്ചിചീന്തിയത് ഇതേ ദിവസമാ........."
അവന്റെ പുറകില്‍ നിന്ന്  കരച്ചില്‍ കേട്ടു ,ഹേമയുടെ 
"നിനക്കറിയുമോ, നീയും അവനും കൂടെ എന്റെയും ഹേമയുടെയും സ്വപ്നങ്ങളെയാ ചവിട്ടി അരച്ചത്‌..
എന്റെ പെണ്ണിനെ ആണെടാ നീയും അവനും കൂടെ....."
അവന്റെ ശബ്ദം ഒരു നിമിഷം പതറിയ പോലെ തോന്നി...

ഹേമ പതിയെ തന്റെ മുന്നിലേക്ക് നീങ്ങി നിന്നു,
അവളുടെ കണ്ണുകളില്‍ ആ പഴയ തീജ്വാല , അതില്‍ ദഹിച്ചു പോകും   എന്ന് തോന്നിപ്പോയി.."
"നിന്റെ കൂട്ടുകാരന് വേണ്ടി എന്തും ചെയ്യുന്നവനല്ലേ നീ, അവനു വേണ്ടി നീ എന്നെ ചതിച്ചില്ലേ..."
"അവനു നീ എന്ന പോലെ എനിക്കും ഉണ്ടായിരിക്കും ഒരു കൂട്ടുകാരന്‍ എന്ന് നീ ഓര്‍ത്തില്ല,"
"ചതിക്ക് ചതി..!!!!!!!!!!!!!"

റോബിന്റെ മാറിലേക്ക് വീണവൾ തേങ്ങാൻ തുടങ്ങി.
"നിന്റെ രവിയെ കഴിഞ്ഞ ഒരു വര്‍ഷം ആയി, ഞങ്ങള്‍ കൊല്ലാതെ കൊന്നു, അവനെ അന്നേ കൊല്ലാഞ്ഞതു നിനക്ക് വേണ്ടി ആയിരുന്നു, നിന്നെ ഇവിടെ വരുത്താന്‍, ഇപ്പോള്‍ നിന്നെയും കിട്ടി"..
ഇത്രയും പറഞ്ഞതും റോബിന്‍ തന്റെ കയ്യിലിരുന്ന കൂറ്റന്‍ കരിങ്കല്ല് എന്റെ തലയിലേക്ക് ഇട്ടു.,കല്ല്‌ വീണുകൊണ്ടിരുന്ന ആ ചെറിയ ഇടവേളയില്‍  ഹേമയുടെ ചുണ്ടിൽ വിരിയുന്ന ചിരി എനിക്ക് വളരെ വ്യക്തമായി കാണാമായിരുന്നു,കഴിഞ്ഞ വര്‍ഷം തന്റെ ചുണ്ടില്‍ ഇതേ സമയം ഉണ്ടായിരുന്ന അതേ പുഞ്ചിരി!!!!.

****************************

ഈ ചെകുത്താന്റെ പാചകപ്പുരയില്‍ ഈ രണ്ട് ചെകുത്താന്മാരും എത്തിയിട്ട് ഇപ്പോള്‍ വര്‍ഷങ്ങള്‍ ആറ്. കോടമഞ്ഞ്‌ പാറയുടെ വിടവുകളില്‍ കൂടി പുറത്തേക്ക് വമിക്കുന്നുണ്ട്.. ആ മഞ്ഞില്‍ തങ്ങളുടെ ആത്മാവുകള്‍ കൂടെ അലിഞ്ഞു പുറത്തേക്കു പോയിരുന്നെങ്കിലെന്ന് ആശിക്കാറുണ്ട്,ചെയ്തു കൂട്ടിയ മഹാ പാതകത്തിനുള്ള ശിക്ഷ,മോക്ഷം കിട്ടാതെ ഈ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ അസ്ഥികൂടങ്ങളായിട്ട്‌ കഴിച്ചു കൂട്ടുക എന്നതായിരിക്കും ,ഇനിയും എത്ര നാള്‍ ഇങ്ങനെ?

[NB: An old story with some തിരുത്തല്സ്!]

Tuesday, February 14, 2012

ലൈവ് ഫ്രം സുഭാഷ് പാർക്ക്



പാർക്കിൽ പേരറിയാത്ത ഒരു വലിയ മരത്തിനു ചുറ്റും കെട്ടിയിരിക്കുന്ന സിമന്റ് തറയിൽ ഇരിക്കുകയാണ് ഞാൻ സമയം 5,ഇരുപ്പിന്റെ ഉദ്ദേശം മറ്റൊന്നുമല്ല സർഗ്ഗാത്മകതയെ ഉദ്ദീപിപ്പിക്കൽ എന്നതൊന്ന് മാത്രാണ്.  ഒരു സീരിയസ്സ് പ്രണയകഥയ്ക്ക് പറ്റിയ ഒരു ടോപ്പിക്ക് മനസ്സിലേക്ക് വീണുകിട്ടിയിട്ട് കുറച്ചു നാളുകളായിരിക്കുന്നു. അതിനെ ഒന്നു ഡെവലപ്പ് ചെയ്ത് നല്ല ഒരുത്പന്നമാക്കി മാറ്റണമെന്ന അത്യാഗ്രഹം എന്റെ ഉറക്കം കെടുത്തി തുടങ്ങിയിരുന്നു. അങ്ങിനെ താടിയും തടവി അകലങ്ങളിലേക്ക് നോക്കി ചിന്തിച്ചിരുന്ന എനിക്ക് മനസ്സിലായി ഇങ്ങിനൊന്നും ഇരുന്നിട്ടോ പേന കൊണ്ട് തല ചൊറിഞ്ഞിട്ടോ ഒരു കാര്യോം ഇല്ലാന്ന്. ഇങ്ങിനെ കുണ്ഠിതപ്പെട്ട് ഇരിക്കുന്നതിനിടയിൽ എന്റെ ശ്രദ്ധ കുറച്ച് അപ്പുറത്തേക്ക് പതിഞ്ഞു.


എന്റെ ഇടത് ഭാഗത്തായി അധികം അകലെയല്ലാതെ മഞ്ഞടീഷർട്ടിട്ട ജീൻസിട്ട സുന്ദരിയായ ഒരു പെൺകുട്ടിയും സുന്ദരനായ ഒരാൺകുട്ടിയും ഇരിക്കുന്നു.പെൺകുട്ടി കൊഞ്ചിക്കുഴയുന്നുണ്ടെങ്കിലും അവൻ ഡീസന്റാണെന്ന് തോന്നി, അനാവശ്യമായ കൈ കടത്തലുകളൊന്നും അവന്റെ ഭാഗത്ത് നിന്നും ഉണ്ടായതേയില്ല. എഴുത്തിനിടയിൽ തല ചെരിച്ച് അവരെ നോക്കുമ്പോഴൊക്കെ അവന്റെ കണ്ണുകളുമായി എന്റെ കണ്ണുകൾക്ക് വഴക്കടിക്കേണ്ടി വരുന്നുണ്ട്. അത്യാവശ്യം ആൾ ജിമ്മാണെന്ന് തോന്നുന്നു,ലവൻ  എഴുന്നേറ്റ് വന്ന് രണ്ട് ചാമ്പ് ചാമ്പിയാൽ കൊണ്ടോണ്ടിരിക്കാനേ എനിക്കാവൂ എന്നത് നൂറ്റിപ്പത്ത ശതമാനം പരമാത്രം. ഛേ പരമാക്രി... ശ്ശോ അത് വേണ്ട സത്യം., പെട്ടന്നാണ് അവൻ പെൺകുട്ടിയുടെ വലത് ഭാഗത്തേക്ക് മാറിയിരുന്നത്, അവളെ എന്റെ ദൃഷ്ടി പഥത്തിൽ നിന്നും മറച്ച് കളയുകയായിരുന്നു അതിനു പിന്നിലെന്ന് തോന്നിപ്പോയി. അത് ജഗതി പറയും പോലെ "എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്". അവർക്കറിയില്ലല്ലോ ഒരു ബ്ലോഗറുടെ ഉദ്വേഗമൊന്നു മാത്രാണ് ആ നോട്ടത്തിനു പിന്നിലെന്ന്. നമ്മൾ കരുതുന്ന പല വായ്നോക്കികളും സത്യത്തിൽ ബ്ലോഗേർസാവാം ല്ലേ? എനിക്ക് തോന്നിപ്പോവുകയാണ്.


പെൺകുട്ടിയുടെ കയ്യിൽ ഒരു ഡ്രൊയിങ്ങ് ബുക്കുണ്ട്,  അവളതിൽ എന്തൊക്കെയോ വരയ്ക്കുന്നു, അവൻ പെൻസിൽ തട്ടിയെടുക്കാൻ ശ്രമം നടത്തുണ്ട്, അവളുടെ കായബലത്തിൽ അവൻ പരാജിതനാകുന്നതായി അഭിനയിക്കുകയും വേദന അഭിനയിക്കുകയും ചെയ്യുന്നു,അതവൾക്ക് നന്നേ രസിച്ചിരിക്കുന്നു, അവളുടെ ചിരിയും ഈ മരത്തിലെ ഇലകളുടെ കലപിലയും ഒരു പോലെ തോന്നിപ്പോയി. ഒരു ഇളം കാറ്റ് എന്നെ സ്പർശിച്ച് കടന്ന് പോയി. അല്ലെങ്കിലും ഈ ഇളം കാറ്റിങ്ങനാ ഇത്തരം അവസരങ്ങളിൽ എവിടന്നേലും വന്ന് തഴുകീട്ടും പോവും,അടുത്തെങ്ങും തെങ്ങില്ലാത്തോണ്ട് തേങ്ങാക്കുലകളൊന്നും ആടീല്ല.


കടുവേനെ കിടുവ പിടിക്കയോ... കുറച്ച് മാറി എന്റെ വലത് ഭാഗത്തായി ഞാൻ തണലു കൊണ്ടിരിക്കുന്ന അതേ മരത്തിന്റെ ചുവട്ടിൽ തന്നെ മൂന്ന് പെൺകുട്ടികൾ, അതിലൊരുവൾ എന്നിലേക്ക് മുഖം തിരിച്ചാണിരിക്കുന്നത്, രൂക്ഷായി അങ്ങട് നോക്കിയിട്ട് പോലും അതിനൊരു കൂസലുമില്ല. ഒരു പ്രായം ചെന്ന അപ്പൂപ്പൻ കപ്പലണ്ടി വിൽക്കാനായി എന്റെ അരികിൽ വന്നു, ശ്രദ്ധ അല്പ നേരത്തേക്ക് അദ്ദേഹത്തിലായി. 5 രൂപയ്ക്ക് വാങ്ങിയ കപ്പലണ്ടിയും കൊറിച്ചു കൊണ്ട് ഞാൻ വീണ്ടും എഴുത്തിലേക്ക് ശ്രദ്ധ തിരിച്ചു, ഇടയ്ക്ക് വലത് ഭാഗത്തേയ്ക്ക് തല ചെരിച്ചു നോക്കി, ആ മൂന്ന് പിള്ളാരുമിപ്പോൾ എന്നെ ശ്രദ്ധിക്കുന്നു, എന്റെ മുഖത്തേക്കും പിന്നീട് ഈ ബുക്കിലേക്കും. എന്താണ് ഞാൻ ഈ കുത്തിപ്പിടിച്ച് എഴുതുന്നത് എന്നറിയാനുള്ള ആകാംഷയായിരിക്കും. വല്ല ആത്മഹത്യാ കുറിപ്പോ മറ്റോ ആകാം എന്നവരൊരു നിഗമനത്തിലും എത്തിയിരിക്കാം, വല്ല ഊശാൻ താടിയോ ജുബ്ബയോ തുണി സഞ്ചിയോ മറ്റോ എന്റെ പക്കൽ ഉണ്ടായിരുന്നുവെങ്കിൽ ഈ തോന്നൽ അവർക്ക് വരികയില്ലായിരുന്നു. ഹും. 


കടലിലൂടെ ( കടലാണോ കായലാണോ ആ..) ബോട്ടുകൾ തലങ്ങും വിലങ്ങും പോകുന്നു, ചിലവയിൽ നിന്നും ഗൈഡിന്റെ വിവരണം ഉയർന്നു കേൾക്കാം. എല്ലാ ബോട്ടുകളിലും നിറയെ ആളുകൾ ഉണ്ട്. കപ്പിൾസാണധികവും.
ഇവിടെ എവിടേക്ക് നോക്കിയാലും പ്രണയമാണ്. മനുഷ്യരും പ്രകൃതിയും ഒരേ പോലെ പ്രണയിക്കുന്നു. പക്ഷേ ചില മനുഷ്യരുടേത് പ്രണയമല്ലാട്ടൊ, കാമം മാത്രമാണ്.കഴിഞ്ഞയാഴ്ച കണ്ട മുടി നീട്ടി വളർത്തിയ പയ്യനെ ഇന്ന് ഞാൻ വീണ്ടും കണ്ടു, ഇന്ന് അവന്റെ കൂടെ വേറൊരു പെൺകുട്ടിയാണ്. കഷ്ടം.


സമയം 6 ആകുന്നു, പാർക്കിൽ പൊതു ജനങ്ങൾക്ക് ചിലവഴിക്കാവുന്ന സമയം കഴിയാറായിരിക്കുന്നു.മഞ്ഞ ടീ ഷർട്ടിട്ട പെൺകുട്ടി തന്റെ ബുക്ക് ബാഗിലേക്ക് എടുത്ത് വെച്ചു, ഇരുവരും തിരികെ പോകാനുള്ള തയ്യാറെടുപ്പിലാണ്.  ഞാനും പതിയെ എഴുന്നേറ്റു. അവരോടും ആ മൂന്നു പെൺകുട്ട്യോളോടും മനസ്സിൽ റ്റാ റ്റ പറഞ്ഞു പാർക്കിനു വെളിയിലേക്ക് ഞാൻ ഇറങ്ങി.


[NB: ഹാപ്പി വാലന്റൈൻസ് ഡേ ഡിയർ ഫ്രെണ്ട്സ്.. ഒരു പൂർണ്ണതയില്ലാത്ത കുറിപ്പായിപ്പോയ് ആരും തല്ലരുത് :-)]

Wednesday, October 05, 2011

സാഗരം സാക്ഷി



ചിലപ്പോൾ സിനിമയിലും നാടകത്തിലും സംഭവിക്കുന്ന റ്റ്വിസ്റ്റുകളേക്കാൽ ഗംഭീരമാണ് യഥാർഥ ജീവിതത്തിലേത്.. കഴിഞ്ഞ ദിവസം എന്റെ അടുത്ത കൂട്ടുകാരൻ രാജ് എന്ന വിശാലുമൊത്ത് തൃക്കന്നപ്പുഴ കടപ്പുറം വരെ പോയി, ഡെൽഹിയിൽ വർക്ക് ചെയ്യുന്ന അവൻ ലീവിനു വന്നതാണ്.. എന്നും എപ്പോഴും സന്തോഷവാനായി കാണുന്ന അവൻ ഇന്ന് വല്ലാതെ ഡിസ്റ്റർബ്ഡ് ആണെന്ന്  തോന്നി, അത് കൊണ്ട് തന്നെയാണ് അവനേയും കൂട്ടി കടൽത്തീരത്ത് പോകാമെന്ന് കരുതിയത്.. സമയം ഒരു 5 , 5.30 ആയിട്ടുണ്ടാവും.. സൂര്യൻ അസ്തമിക്കാൻ പോകുന്നതേയുള്ളൂ, വേനൽക്കാലമായതു കൊണ്ട് വൈകുന്നേരമായിട്ടും സൂര്യ രശ്മികൾക്ക് ചൂട് കൂടുതലാണ്, എന്നിരുന്നാലും ഒരു പരിധിവരെ കടൽക്കാറ്റ് അതിനെ തരണം ചെയ്യാൻ സഹായിക്കുന്നുണ്ട്. 


ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒറ്റവാക്കിൽ  ഉത്തരം പറയുകയല്ലാതെ  മറ്റൊന്നും അവൻ സംസാരിക്കുന്നില്ല. അവന്റെ ഈ മൗനത്തിന്റെ കാരണം അറിയാനായി അവനോട് തുറന്ന് ചോദിച്ചു,
 "ഡാ വിശാൽ നിനക്ക് എന്നോട് എന്തോ പറയാനുണ്ട്, അല്ലെങ്കിൽ എന്തോ നിന്റെ മനസ്സിനെ ഡിസ്റ്റർബ് ചെയ്യുന്നുണ്ട്, എന്താണത്?? പറ"
കടലിനെ ഫെയ്സ് ചെയ്തിരുന്നിരുന്ന അവൻ എന്റെ മുഖത്തേക്ക് ദൃഷ്ടി പായിച്ചു, അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടോ എന്ന് ഞാൻ സംശയിച്ചു..


"കണ്ണാ, നിനക്കറിയാല്ലോ എന്റെ എല്ലാ കാര്യങ്ങളും നിനക്കറിയാം, എല്ലാം നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്.. വിഷമമായാലും സന്തോഷമായാലും എല്ലാം നീയുമായി പങ്ക് വെച്ചിട്ടുണ്ട്.."
"അതേ അതെനിക്കറിയാല്ലോ രാജൂട്ടാ (പൃഥ്വിരാജിന്റെ ഫെയ്സ് കട്ടാണ് വിശാലിനു, അങ്ങിനെ കോളേജിൽ വെച്ച് രാജ് എന്ന പേർ വീണു, അടുപ്പമുള്ളവർ രാജൂട്ടാ എന്നും വിളിക്കും) . നീ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ അല്ലേ, എനിക്കറിയാം, എനിക്കറിയാത്ത ഒരു സന്തോഷവും സങ്കടവും നിനക്കില്ല എന്ന്,ഇപ്പോൾ എന്താ സംഭവിച്ചത് എന്തായാലും പറയ്.." 
"പക്ഷേ കണ്ണാ നിന്നിൽ നിന്നും ഞാൻ ഒരു കാര്യം ഒളിച്ചിട്ടുണ്ടെടാ..... അതും നിന്നിൽ നിന്ന് 5 വർഷം ഞാൻ ആ കാര്യം ഒളിച്ച് വെച്ചു.. "


ഞാൻ ഒന്നും മിണ്ടിയില്ല, എന്തോ മനസ്സിന്റെ ഉള്ളിൽ ഒരു കനം തോന്നിത്തുടങ്ങി.. എന്റെ ആത്മാർഥ സുഹൃത്ത് എന്നിൽ നിന്ന് ഒരു കാര്യം ഒളിച്ച് വെക്കുക, അതും  5 വർഷം.. അതായത് ഞാനും അവനും കോളേജിൽ ഒരേ ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് നടന്ന സംഭവം ഇത്രകാലം എന്നെ അറിയിക്കാതെ..........!!! 
"കണ്ണാ...."
ഞാൻ ചിന്തകളിൽ നിന്നും ഉണർന്നു..എന്നിട്ട് പറഞ്ഞു സാരമില്ല, അല്ല നീ എന്ത് കാര്യാ എന്നിൽ നിന്നും ഒളിച്ചത് കേൾക്കട്ടെ... 


"കണ്ണാ നിനക്കറിയാല്ലോ, നമ്മുടെ ചാറ്റിൽ ഞാനും നീയും സംസാരിക്കുമ്പോഴൊക്കെ നീ പറയുന്ന കാര്യം, നിന്റെ ബ്ലോഗിനെപ്പറ്റി..."


മും ഞാൻ പറയാറുണ്ട്, എന്റെ ബ്ലോഗിലെ കഥകളും അനുഭവക്കുറിപ്പുകളും വായിക്കണേ എന്ന്, പക്ഷേ അപ്പോഴൊക്കെ നീ എന്നെ കളിയാക്കി പോവാറല്ലേ പതിവു.. 


"ഞാൻ അങ്ങിനെയൊക്കെ പറയുമെങ്കിലും, നിന്റെ ബ്ലോഗിന്റെ സ്ഥിരം വായനക്കാരനാണ് ഞാൻ.. നീ എഴുതുന്ന എല്ലാം ഞാൻ വായിക്കാറുണ്ട്."


ആ അതൊക്കെ പോട്ടെ നീ എന്നിൽ നിന്ന് ഒളിച്ച കാര്യവും എന്റെ ബ്ലോഗും തമ്മിലെന്താ ബന്ധം...


"അത്....  നീ അവസാനായി പോസ്റ്റ് ചെയ്ത വൺ വേ ലവ് എന്ന കഥ ഞാൻ വായിച്ചിരുന്നു. "


മും അതിനെന്താ, അത് നമ്മുടെ കോളെജിലെ തന്നെ ഒരു കഥയാ,രശ്മിയെപ്പറ്റി എഴുതീതാ.... 


"നിനക്ക് രശ്മിയെ അത്രയ്ക്ക് ഇഷ്ടമായിരുന്നോ??"


അങ്ങിനെ ചോദിച്ചാൽ എന്താടാ പറയ്ക, അക്കാലത്ത് ഒരുതരം ഇഷ്ടം, എനിക്കത് നിർവചിക്കാൻ ഒന്നും അറിയില്ല, പക്ഷേ എന്തോ ഒന്ന് അവളോട് ഉണ്ടായിരുന്നു, അല്ലാ അത് ഞാൻ അന്നേ നിന്നോട് പറഞ്ഞിരുന്നതാണല്ലോ,  നീയും കൂടിച്ചേർന്നല്ലേ അന്ന് ടെക്ക്ഫെസ്റ്റിനു അവളോട് നേരിട്ട് പ്രണയം അറിയിക്കാൻ ഇരുന്ന എന്നെ അത് വേണ്ടാന്ന് പറഞ്ഞ് വിലക്കിയത്.. 


"...... ഇപ്പോൾ പറയുന്നത് കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്ന് എനിക്ക് നന്നായി അറിയാം എന്നാലും ഇതിപ്പോൾ പറഞ്ഞില്ലേൽ.... "
ഇത്രയും പറഞ്ഞ് കഴിഞ്ഞ് അവൻ ഒന്നു ചുമച്ചു, നിലത്തേക്ക് തെറിച്ച ഉമിനീരിനു ചുവപ്പ് നിറമായിരുന്നു...


"കണ്ണാ എന്റെ നാളുകൾ എണ്ണപ്പെട്ടെടാ, ഞാൻ ഇനി അധിക കാലം ഇവിടെ ഈ ഭൂമിയിൽ നിങ്ങൾക്കൊപ്പം ഉണ്ടാവില്ല, അതിനു മുൻപ് എനിക്ക് ഈ കാര്യം നിന്നോട് ഏറ്റ് പറഞ്ഞ് മാപ്പ് ചോദിക്കണം......."


ഏയ് നിനക്കൊന്നുമില്ല, നീയ് എന്താ ഭ്രാന്ത് പറയാണോ? എന്താ നീ ഇങ്ങിനെയൊക്കെ, പഴയ കാര്യങ്ങളൊക്കെ ഓർത്ത് എന്തിനാ വെറുതേ, എന്താ നിന്റെ പ്രശ്നം? എന്താ നിന്റെ അസുഖം?!


"കണ്ണാ.. നീ എന്നോട് ക്ഷമിക്കെടാ, അന്ന് എനിക്ക് അങ്ങിനെയൊക്കെ കാണിക്കേണ്ടി വന്നത് എന്റെ  സ്വാർത്ഥത കൊണ്ടാ, അന്നൊരിക്കൽ രശ്മി നിനക്ക് തരാൻ വേണ്ടി ഡേറ്റാ സ്റ്റ്രച്ചറിന്റെ പുസ്തകം എന്റെ കയ്യിൽ തന്നിരുന്നു, നിന്റെ കയ്യിൽ നേരിട്ട് തരാൻ വേണ്ടിയാണ് ലൈബ്രറിയുടെ വാതിലിൽ അവൾ കാത്ത് നിന്നിരുന്നത്, നീ എവിടെയെന്ന്  എന്നോട് അന്വേഷിച്ചപ്പോൾ, അവളൂടെ കയ്യിലുള്ള ടെക്സ്റ്റ് നിനക്ക് തരാനുള്ളതാണെന്ന് അറിഞ്ഞപ്പോൾ, അത് ഞാൻ നിന്നെ ഏൽപ്പിച്ചു കൊള്ളാം എന്ന് പറഞ്ഞ് അവളുടെ കയ്യിൽ നിന്നും നിർബന്ധിച്ച് വാങ്ങിയത് ഞാനാ., പക്ഷേ ആ ടെസ്റ്റ് അന്ന് നിന്നെ  ഏൽപ്പിക്കാൻ ഞാൻ മറന്നു പോയിരുന്നു, വീട്ടിലെത്തി ബാഗ് തുറന്നപ്പോളാണ് അത് മനസ്സിലാക്കുന്നത്.. എന്തോ കാര്യത്തിനു ബാഗ് വീണ്ടുമെടുത്തപ്പോൾ ആ ടെക്സ്റ്റിൽ നിന്നും എനിക്ക് ഒരു കുറിപ്പ് കിട്ടി, രശ്മി നിനക്കായി എഴുതിയത്.ഇതാ.."
അവന്റെ പേഴ്സ് തുറന്ന് അതിൽനിന്നും പഴകിയ ഒരു കടലാസ്സ് അവനെനിക്ക് തന്നു, അതിൽ മനോഹരമായ കൈപ്പടയിൽ ഇങ്ങിനെ എഴുതിയിരുന്നു


kanna,
I feel, you are something, extra than a friend... :-)
i know you too feels like that?!isnt it?, but why you are so afraid to say that?
എന്റെ പുറകേ 80's നായകന്മാർ നടക്കുന്നത് പോലെയൊന്നും ഇയാൾ നടക്കണ്ടാ, പറഞ്ഞേക്കാം


എന്നായിരുന്നു അതിൽ!!"


വിശാൽ തുടർന്നു
"രശ്മി നിനക്കായ് എഴുതിയ ഈ കുറിപ്പ് നിനക്ക് തന്നില്ല ഞാൻ, പക്ഷേ കളയാനും തോന്നിയില്ല,  നീ നിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും എല്ലാം എന്നെ അറിയിച്ചിരുന്നു,അത് പോലെ ഞാനും.. ഒരിക്കൽ എനിക്ക് ഇഷ്ടം തോന്നിയ ഒരു പെണ്ണിന്റെ കാര്യം നിന്നോട് പറയാൻ വന്ന അതേ സമയത്ത് തന്നെയായിരുന്നു നീ രശ്മിയോട് നിനക്കുള്ള ഇഷ്ടം എന്നോട് പറയുന്നതും, നിന്റെ കാര്യം പറഞ്ഞ് കഴിഞ്ഞ് എന്താണ് എനിക്ക് പറയാനുള്ളത് എന്ന് നീ തിരക്കി, അപ്പോൾ ഞാൻ മറ്റെന്തോ പറഞ്ഞ് ഒഴിഞ്ഞു...അത് അത് മറ്റൊന്നുമല്ല.. എനിക്കും നീ ഇഷ്ടപ്പെട്ട അതേ പെണ്ണിനെ,രശ്മിയെ ഇഷ്ടമായിരുന്നു എന്നതാ..."


അവന്റെ മറുപടിയും രശ്മിയുടെ കുറിപ്പും എന്നെ സ്ത്ബ്ധനാക്കിക്കളഞ്ഞു.. മറന്നു തുടങ്ങിയ ഒരധ്യായം, വൺ വേ ലവ് എന്ന് കരുതി സമാധാനിച്ചിരുന്ന ആ സംഭവത്തിനു ഇങ്ങിനെ ഒരു വശം കൂടി ഉണ്ടെന്ന് അറിഞ്ഞപ്പോൾ...............


"ബ്ലോഗിലെ ആ പോസ്റ്റിൽ ,അവൾക്ക് നീ പ്രോജക്റ്റിന്റെ കോഡ് തയ്യാറാക്കി കൊടുത്ത സി ഡിയിൽ ഒരു പ്രണയലേഖനവും ഉൾപ്പെടുത്തിയിരുന്ന കാര്യം  പറയുന്നുണ്ടല്ലോ.. ആ സി ഡിയിൽ ആ കത്ത് ഉണ്ടായിരുന്നില്ല!  സി ഡിയിൽ നിന്നും നിന്റെ പ്രണയലേഖനം ഞാൻ റിമൂവ് ചെയ്തിരുന്നു,അവളുടെ കയ്യിലെത്തും മുൻപ് ...


എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... 
ഞാൻ അവന്റെ അടുത്ത് നിന്നും വളരെപ്പെട്ടെന്ന് തന്നെ എഴുന്നേറ്റ് കടലിലേക്ക് നടന്നു , പിറകിൽ അവന്റെ ചുമയും വിതുമ്പലിൽ കുതിർന്ന മാപ്പ് പറച്ചിലും കേൾക്കാമായിരുന്നു....


[NB: ട്വിസ്റ്റ് എങ്ങിനുണ്ട്? കഥയുടെ ആദ്യഭാഗം ഇവിടെ ]

Monday, August 22, 2011

"ദി വൺ വേ ലവ്!"(പൈങ്കിളി)



ഈ മഴക്കാലത്ത്  ഓര്‍മ്മകളിങ്ങിനെ അയവിറക്കുമ്പോൾ  പണ്ട്  കരഞ്ഞതും  സങ്കടപ്പെട്ടതും  ആയ  മുഹൂര്‍ത്തങ്ങള്‍  ചിരിയും  ഒരുപാട്  ചിരിപ്പിച്ച അനുഭവങ്ങൾ  മനസ്സില്‍  സങ്കടവും  ഉണ്ടാക്കുന്നു...

ഞാൻ ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളതും ചിന്തിച്ചിട്ടുള്ളതും പ്രവർത്തിച്ചിട്ടുള്ളതും  പ്രണയത്തെ പറ്റിയിട്ടാണ്. എന്റെ  സന്തോഷവും  സന്താപവും  എല്ലാം കൂടുതലും ബന്ധപ്പെട്ടിരിക്കുന്നതും അതിനാൽത്തന്നെ  അതുമായിട്ടാണ്!! ...


ആ  ദിവസം  ഇപ്പോഴും  ഇന്നലെ എന്ന പോലെ ഓര്‍ക്കുന്നു ,നല്ല  മഴയായിരുന്നു അന്നും, പക്ഷേ തെളിഞ്ഞ മാനം, വെയിലും മഴയും ഒരുമിച്ച്.., അന്ന് രശ്മി ക്ലാസ്സിലേക്ക് കയറി വന്നപ്പോൾ എന്ത് കൊണ്ടോ അവളെ  ആദ്യം  കാണുന്നത്  പോലെ  ഒരു ഫീല്‍! , അത്ര  സുന്ദരിയായിരുന്നു  അന്നവള്‍. ഇളം  നീല  ചുരിദാറും  ചുവപ്പും വെള്ളയും കലര്‍ന്ന   കുറിയും പിന്നെ മുടിക്കെട്ടിൽ ചേർത്ത് വെച്ചിരുന്ന ആ തുളസിക്കതിരും എല്ലാം അവളെ ഒരു ദേവതയെപ്പോലെ  തോന്നിപ്പിച്ചിരുന്നു, കാലമിത്ര മോഡേൺ ആയിട്ടും ആ കുട്ടിയുടെ നാടൻ ഗെറ്റപ്പ് എന്നെ വല്ലാതെ ആകർഷിച്ചിരുന്നു!!... കുറെ  മാസങ്ങളായി  അവളോട്‌  തോന്നിയിരുന്ന  ആ  softcorner വെളിപ്പെടുത്താനുള്ള  നേരം  ആയി  എന്ന്   മനസ്സിലിരുന്ന്  ആരോ  പറഞ്ഞ്  തുടങ്ങിയിരിന്നു അപ്പോഴേക്കും .. പക്ഷെ  അവളെ  ഒറ്റക്ക്  കാണുമ്പോഴേക്കും  എന്റെ  ഉള്ളിലൊരു  തീക്കുണ്ഡം  എരിയാന്‍  തുടങ്ങിയിരിക്കും  ആ  ഞാന്‍  എങ്ങിനെ 'ഐ ലവ് യു' എന്ന് പറയും??!!!  .... എനിക്ക് അവളോട്‌  ഇങ്ങിനൊരു  ഇഷ്ടമുണ്ടെന്ന്  അവളൊഴിച്ച് ബാക്കി  എല്ലാവർക്കും  അറിയാം,അതാണ് ഈ കഥയിലെ ഏറ്റവും വലിയ കോമഡി!!!! .. 

രശ്മി ക്ലാസ്സില്‍  ഉണ്ടെങ്കില്‍  എന്തിനും ഏതിനും  ഒരു  വല്ലാത്ത ഉന്മേഷമാണ് .... ഇത്തിരി  സമയം  കിട്ടിയാല്‍  അവളുള്ള ഭാഗത്ത്  ചെന്ന്  തമാശ  പറയുക , മറ്റുള്ളവരാല്‍  ഞങ്ങളെ  രണ്ട്  പേരേയും  ചേര്‍ത്ത്  കഥകള്‍  മെനയാന്‍  അവസരം  ഉണ്ടാക്കുക  എന്നിവ   എന്റെ  പ്രിയപ്പെട്ട  ഹോബ്ബീസ്  ആയിരുന്നു ... എന്തായാലും ശരിക്കും എന്ജോയ്‌  ചെയ്യുകയായിരുന്നു ഈ വൺ വേ ലവ് ... ഇഷ്ടമിങ്ങനെ  മൂത്തപ്പോള്‍  അവളെ  ഇതൊന്നു അറിയിച്ചാലെന്താ എന്ന് മനഃസ്സാക്ഷി ചോദിച്ചു തുടങ്ങി, പക്ഷെ  എങ്ങിനെ  എന്നുള്ള  ചോദ്യത്തിന്  ഒരു  വ്യക്തമായ  ഉത്തരം  തന്നുമില്ല!!.. അവളുടെ  മറുപടി  നോ  എന്നായിരിക്കും  എന്ന്  നൂറു ശതമാനവും ഉറപ്പായിരുന്നു(അക്കാലത്ത്, സൗന്ദര്യത്തിൽ മാത്രം അധിഷ്ടിതമാണ് പ്രണയം എന്നൊരു മിഥ്യാധാരണ എനിക്കുണ്ടായിരുന്നു)  എന്നിരുന്നാലും  ഒരു  ചെറിയ പ്രതീക്ഷ.. മറ്റുള്ളവന്മാർ പെൺകുട്ടികളുമൊത്ത് പ്രണയ സല്ലാപങ്ങളിൽ ഏർപ്പെടുന്നത് കാണുമ്പോൾ എന്താണ് ആ സംഗതി എന്നറിയാനുള്ള ഒരു ആകാംഷ,അതിന്റെ ഫസ്റ്റ് സ്റ്റെപ്പിനായി ഒരു ശ്രമം ദാറ്റ്സ് ആൾ!!...

ഒരു അവസരം കിട്ടിയാൽ അടിച്ചു കേറുന്ന ഏതൊരു മലയാളിയേം പോലെ, ഇന്നു വരും നാളെ വരും എന്നും പറഞ്ഞ്, പ്രണയം അവതരിപ്പിക്കാനായി അവനേയും(അവസരത്തെയും) കാത്ത് ഞാൻ ഇരിപ്പായി!!! അങ്ങിനെയിരിക്കെ  പ്രൊജക്റ്റ്‌  സെമിനാര്‍  ഇത്യാതി  വിഷയങ്ങളുടെ റ്റൈം ആയി , programming സൈഡിൽ  ക്ലാസ്സില്‍  അല്പം  മുന്നിൽ  ആയിരുന്നതിനാല്‍  ഡൗട്സ് ഒക്കെ തീർക്കാൻ  സഹപാഠികളിൽ  ചിലര്‍  എന്നേയും സമീപിക്കാറുണ്ടായിരുന്നു .. അങ്ങനെയിരിക്കേ രശ്മിയും അവളുടെ ഒരു സംശയനിവാരണത്തിനും ചില ചില്ലറ സഹായങ്ങൾക്കുമായി എന്നെ സമീപിച്ചു..  

"ഡാ നീ ഇതൊന്നു നോക്കിയേ, ഞാൻ എത്ര ശ്രമിച്ചിട്ടും ഈ ഫയൽ സെക്കുയർ ആയി ഈ കപ്യൂട്ടറിൽ നിന്നും അപ്പുറത്തേ സിസ്റ്റത്തിലേക്ക് അയക്കാൻ കഴിയുന്നില്ല, എന്റെ പ്രോജക്റ്റിന്റെ മർമ്മപ്രധാനമായ ഭാഗാ ഇത്.. നീ ഇതൊന്ന് നോക്കിയേ..പ്ലീസ് ഡാ.." അവസരം ദാ പാട്ടും പാടി എന്റെ മുന്നിൽ!!!.. 
ഗൂഗ്ഗിൾ എന്ന് വരെയുണ്ടോ അന്ന് വരെ ഞാൻ കഞ്ഞി കുടിച്ച് ജീവിക്കും!! 
ഗൂഗ്ഗ്ലിൽ കൊടുത്തു ഒരു ഗംഭീര സെർച്ച് <<<<ഫയൽ+സെക്കുയർ+സെൻഡിങ്ങ്+സി ഷാർപ്പ്+കോഡ്+ഫ്രീ ഡൗൺലോഡ്>>>, ദാ കിടക്കണു നൂറു കണക്കിനു സെർച്ച് റിസൽട്ടുകൾ!! അതിലൊരെണ്ണം ഇങ്ങെടുത്ത് ഞാൻ കഷ്ടപ്പെട്ട് ചെയ്തെടുത്ത രൂപത്തിൽ അവൾക്ക് ഒരു സീഡിയിലാക്കി തൊട്ടടുത്ത ദിവസം തന്നെ കൊണ്ട് കൊടുത്തു.എന്നാൽ ഗൂഗ്ലിനു ചെയ്യാൻ കഴിയാത്ത,മജ്ജയും മാംസവും വികാരങ്ങളുമുള്ള ഒരു മനുഷ്യനു മാത്രം ചെയ്യാൻ കഴിയുന്ന ഒരു സാധനം ഞാൻ അതിൽ ഉൾപ്പെടുത്തി,എന്റെ മനസ്സിന്റെ ഒരു പരിഛേദം, ഒരു ലവ് ലെറ്റർ-ഒരു ഡിജിറ്റൽ ലവ് ലെറ്റർ!! അക്ഷരങ്ങൾ മലയാളത്തിൽ റ്റൈപ്പ് ചെയ്ത് അതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് ഒരു ഇമേജാക്കി പ്രോജക്റ്റിന്റെ കോഡ്  റൈറ്റ് ചെയ്ത സിഡിയിൽ ആഡ് ചെയ്തു.. 
അതിലെ വരികൾ ഇപ്രകാരമായിരുന്നു..

"പ്രിയപ്പെട്ട രശ്മി,
പൈങ്കിളി ആകരുത് എന്ന് നിർബന്ധം ഉണ്ടായിരുന്നു, എന്റെ മറ്റു പല നിർബന്ധങ്ങളുടേയും അവസ്ഥ പോലെ ഇതിനേയും സൗകര്യ പൂർവ്വം മറക്കേണ്ടി വന്നതിൽ എനിക്ക് സങ്കടമുണ്ടെന്ന് ആദ്യമേ അറിയിക്കട്ടെ, അല്ലെങ്കിലും പറയാൻ പോകുന്ന ഈ 'വിഷയം' സുകുമാർ അഴിക്കോട് അവതരിപ്പിച്ചാലും മറിച്ചൊരു ഫീൽ കൊണ്ട് വരുവാൻ കഴിയുമെന്ന് തോന്നണില്ല, കാരണം വിഷയം.... അതൊരു വിഷയമാണ്... അതിനു വേണ്ടി കുറച്ച് സമയം എന്റെ വാക്കുകളിലൂടെ ഒന്നു സഞ്ചരിക്കാൻ നീ സന്മനസ്സുകാട്ടണം..

രശ്മീ, ഒരു പൂന്തോട്ടത്തിൽ നിരവധി പുഷ്പങ്ങളുണ്ടാകും, സൗന്ദര്യമുള്ളതും ഇല്ലാത്തതും.. നമ്മുടെ ക്ലാസ്സിനെ ഒരു പൂന്തോട്ടത്തെപ്പോലെയാണ് പലപ്പോഴും എനിക്ക് തോന്നാറുള്ളത്... പറയണ്ടല്ലോ പുഷ്പങ്ങൾ നാം തന്നെ... അതിലെ ഏറ്റവും മനോഹരമായ പുഷ്പത്തിന്റെ പേർ രശ്മി എന്ന് ഞാൻ പറഞ്ഞാൽ അതിൽ നീയും നോ എന്ന് പറയാൻ സാധ്യത ഇല്ല, ചിലപ്പോൾ നാണം കൊണ്ട് നീ സമ്മതിച്ചു തന്നേക്കില്ല! പക്ഷേ സത്യം അതാണ് കുട്ടീ.. സൗന്ദര്യം എന്ന് പറഞ്ഞ് നിന്റെ ബാഹ്യ സൗന്ദര്യത്തെ മാത്രല്ല ഞാൻ അളന്നത്, മനസ്സാലും പ്രവർത്തിയാലും നീ എല്ലാവരേക്കാളും ഒരു പടി മുന്നിലാണ്,സുന്ദരിയാണ്!!
കുട്ടീ, പറഞ്ഞ് വരുന്നത് നിന്റെ പ്രെസൻസ് പലരേയും അതിയായി സന്തോഷിപ്പിക്കുന്നുണ്ട്, പ്രത്യേകിച്ച് ഈയുള്ളവനെ.. കാരണം എന്താന്നൊന്നും അറിയില്ല്യാ..  കഴിഞ്ഞയാഴ്ച പനിയുടെ ചൂടിൽ നീ വരാതിരുന്ന ആ ഒന്നു രണ്ട് ദിവസങ്ങൾ എന്നെ വല്ലാതെ പൊള്ളിച്ച് കളഞ്ഞു,.. ഒരു കൂട്ടുകാരൻ എന്ന നിലയിൽ എന്റെ സാമീപ്യം നീയും ഇഷ്ടപ്പെടുന്നുണ്ട് എന്ന് എനിക്ക് അറിയാം,എന്റെ അത്ര ഇല്ലെങ്കിലും!! ഒന്നര വർഷത്തിലേറെയായി മനസ്സിൽ കൊണ്ട് നടന്ന ഒരു കാര്യം ചുമ്മാ നിന്നെയും അറിയിച്ചേക്കാം എന്നു കരുതിയാണ് ഈ ഒരു സാഹസത്തിനു മുതിരുന്നത്.. 
ഇപ്പോൾ വിഷയം നിനക്ക് മനസ്സിലായി എന്ന് കരുതട്ടെ.. പ്രണയം എന്നൊരു തോന്നൽ നിന്നോട് എനിക്ക് തോന്നീട്ട് കൃത്യായി പറഞ്ഞാൽ 17 മാസം... നിന്നോടടുത്തിടപഴകുമ്പോൾ എന്റെ മനസ്സിൽ ഈ വികാരമാണുള്ളത്, അപ്പോൾ അത് പറയാതിരിക്കുക എന്ന് പറഞ്ഞാൽ തെറ്റാണ് എന്നൊരു തോന്നൽ... ഇത്  മറ്റേതൊരു പ്രണയാഭ്യർഥനയും പോലെ നീ കണക്കാക്കരുത്, കാരണം നാളെയോ അതിനടുത്ത ദിവസങ്ങളിലോ നിന്റെ മറുപടി വേണം എന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല.. എന്നെ ഇഷ്ടമാണോ അല്ലയോ എന്ന് ചോദിച്ചിട്ടില്ല, ഇത് എന്റെ മനസ്സിൽ നിന്നോട് തോന്നിയ സത്യസന്ധമായ ഇഷ്ടം അറിയിക്കുക എന്നത് മാത്രാണ്.... ഇനീപ്പോ നിനക്ക് അത്തരം മറുപടികൾ പറയണം,അറിയിക്കണം എന്നൊക്കെ ഇണ്ടേൽ ഞാൻ തടയുന്നുമില്ല.. പിന്നെ ഒരു കാര്യം ദയവു ചെയ്ത് മറുപടി നിന്റെ അച്ഛന്റെ കയ്യിൽ കൊടുത്ത് വിടരുത്... പട്ടാളക്കാർ അതിർത്തി കാക്കട്ടെ അതല്ലേ നല്ലത്...എന്തിനാ വെർതേ!!
ഇത് വായിച്ചിട്ട് നാളെ നിന്റെ പ്രതികരണം എന്താവുമോ എന്ന് എനിക്കറിയില്ല.. 
എന്തായാലും ഇത്രയും പറഞ്ഞ് കഴിഞ്ഞപ്പോൾ എന്റെ ടെൻഷൻ കുറച്ചൊഴിവായി..
പ്രോജക്റ്റിൻറ്റെ കോഡ് അരുൺ എന്ന ഫോൾഡറിൽ ഉണ്ട്.. 
അപ്പോ നാളെക്കാണാം.. ബൈ..റ്റാ റ്റ"

ഇതായിരുന്നു എന്റെ ആദ്യത്തെ ഡിജിറ്റൽ പ്രണയലേഖനം.. അവളുടെ പ്രതികരണം എന്തായിത്തീരുമോ എന്ന് ഓർത്തിട്ടു  എന്റെ നെഞ്ചിൽ പെരുമ്പറകൾ ഓരോന്നായി ജന്മമെടുക്കാൻ തുടങ്ങിയിരുന്നു... പക്ഷേ പ്രിയപ്പെട്ടവരേ അടുത്തദിവസവും അതിനടുത്ത ദിവസവും ഒന്നും സംഭവിച്ചില്ല.. എല്ലാം പതിവു പോലെ തന്നെ... എന്റെ വൺവേ ലവ് ക്ലാസ്സ് കഴിയുന്ന ദിവസം വരേയും ഒരു മാറ്റവും ഇല്ലാതെ തുടർന്നു..... :-) 
രണ്ടാം ഭാഗം ഇവിടെ



[ NB: ഇന്നലെ അവളുടെ കുട്ടിയുടെ ഒന്നാം പിറന്നാള്‍ ആയിരുന്നു,പെണ്‍കുട്ടിയാ  പേര് 'അരുണ'.. :-) , അവള്‍ ബ്ലോഗ്‌ ഒന്നും വായിക്കില്ല എന്നാ പ്രതീക്ഷയില്‍ പോസ്റ്റുന്നു.. :-) ,ഇനീപ്പോ ഇതെങ്ങാനും കാണുമോ ??!! ഏയ്‌..]

Tuesday, April 05, 2011

സൗഹൃദം പ്രണയമായപ്പോൾ



വൻ അവളെ സ്നേഹിക്കുകയായിരുന്നു, മനസ്സ് തുറന്ന് മിഴികളടച്ച്, അവളും സ്നേഹിച്ചുകൊണ്ടിരുന്നു അതേ പോലെ തന്നെ.. ഒരുനാൾ അവന്റെ സ്നേഹത്തിനു പുതിയ ഭാഷയും ഭാഷ്യവും വന്നു ചേർന്നു, സ്നേഹത്തിൽ അധികാര ചുവയുണ്ടാകാൻ തുടങ്ങി, അവളുടെ ചെറു സ്വാതന്ത്രത്തിനു പോലും അവൻ തടയിട്ടു.. അസഹിഷ്ണുത പ്രകടിപ്പിച്ച അവളോട് അവൻ, "സ്നേഹക്കൂടുതൽ കൊണ്ടല്ലേടാ!!" എന്നു പറഞ്ഞ് വായടപ്പിച്ചു.. അവനെന്തുമാകാം അവൾക്കൊന്നും പാടില്ല എന്ന അവസ്ഥ അവൾക്കു തീരെ സഹിക്കാൻ കഴിയുമായിരുന്നില്ല.. സ്നേഹക്കൂടുതൽ കൊണ്ട്, എന്ന് പറഞ്ഞുള്ള അവന്റെ പ്രവർത്തികൾ അവൾക്ക് സഹിക്കാവുന്നതിന്റെ അപ്പുറമെത്തിയ നാൾ,തിരിച്ചറിഞ്ഞു തുടങ്ങി,അവനോടുള്ള തന്റെ സ്നേഹത്തിൽ കാര്യമായ കുറവുണ്ടായെന്ന്!!. അവന്റേത് സ്നേഹമല്ലയെന്നും അവനു വേണ്ടതൊരു അടിമയെ ആണെന്നുമവൾക്കു ബോധ്യമായ നാൾ,അല്ലെങ്കിൽ അങ്ങിനെ തോന്നിയ നാൾ,അവനിൽ നിന്നും അകലാൻ തുടങ്ങി.. 

****************************


തങ്ങളുടെ ഈ ബന്ധം പ്രണയം ആവുന്നതിനു മുൻപ് എന്ത് രസമായിരുന്നു, അവന്റെ കുസൃതികളിലും ചെറുകള്ളത്തരങ്ങളിലും മറ്റൂം താനും തന്റെ കുസൃതികളിൽ അവനും എത്ര മാത്രം സന്തോഷം കണ്ടെത്തിയിരുന്നു എന്നവൾ ഓർത്തെടുത്തു.നീണ്ട മൂന്ന് വർഷങ്ങൾ തങ്ങൾക്ക് സ്വർഗീയ സന്തോഷമായിരുന്നു.. അന്നൊക്കെ താൻ അവന്റെയും അവൻ തന്റെയും ബെസ്റ്റ് ഫ്രെണ്ട് ആയിരുന്നുവല്ലൊ.. അവന്റെ തോളിൽ കയ്യിട്ടു നടക്കുന്നതിനും, സന്തോഷം ഒരുപാടാകാമ്പോൾ മുറുക്കി കെട്ടിപ്പിടിക്കുന്നതിനും ഒന്നും ഒന്നും ആ ബന്ധം തടസ്സമായിരുന്നില്ല... പിന്നെ എപ്പോഴാണ് ആദവും ഹവ്വയും കഴിച്ച ആപ്പിളിന്റെ അംശം തങ്ങൾക്കും കിട്ടിയത്, വാലന്റൈൻസ് ദിനങ്ങൾ കടന്നു പോയ കൂട്ടത്തിൽ എന്നോ ഒരു നാൾ തന്റെ നേരെ അവൻ പിങ്ക്റോസിനു പകരം റെഡ് റോസ് നീട്ടി.. അന്നു മുതൽ ബെസ്റ്റ് ഫ്രെണ്ട് ആയ താൻ ലവ്ർ ആയി പ്രൊമൊട്ടെഡ് ആയി(ശരിക്കും അതൊരു ഡീ പ്രൊമോഷൻ ആയിരുന്നു എന്നു ഇപ്പോൾ മനസ്സിലാവുന്നു)..  


ലൗവേർസ് ആയുള്ള ആദ്യ കാലങ്ങളും സന്തോഷമായിരുന്നു, പക്ഷെ അവന്റെ തോളിൽ  സ്വാതന്ത്ര്യത്തോടെ കൈ വെക്കാനോ, സന്തോഷം കൂടുമ്പോൾ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ തനിക്ക് കഴിയുമായിരുന്നില്ല.അവന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല.. പിന്നെ പിന്നെ തന്നോടാരും സംസാരിക്കുന്നത് പോലും അവനിഷ്ടമില്ലാതായി.. അവനോടുള്ള തന്റെ സമീപനവും മറിച്ചായിരുന്നില്ല, അവനോട് മറ്റ് പെൺകുട്ടികൾ സംസാരിക്കുന്നത് പോലും സഹിക്കാൻ കഴിയാത്ത അവസ്ഥ.. ദൈവമേ എന്തിനു നീ ഞങ്ങളുടെ ഇടയിലേക്ക് ആ വിഷക്കായ കൊടുത്തു വിട്ടു. "കൂട്ടുകാർക്ക് ലൗവേർസ് ആകാം പക്ഷേ ലൗവേർസിനൊരിക്കലും തിരിച്ച് കൂട്ടുകാരാകാൻ കഴിയില്ലെ"ന്നു മനസ്സിലാക്കി താൻ ഇതാ പിൻ വാങ്ങുന്നു, അവനും ആഗ്രഹിക്കുന്നത് ഇതു തന്നെയാണോ??!!!, എയ്യ് ആയിരിക്കില്ല അവനു താൻ ഒരു കളിപ്പാട്ടം പോലെയാണ്, കളിപ്പാട്ടത്തിനെ ഒരിക്കലുമവൻ കൈവിട്ടു കളയില്ല, എന്നാൽ തനിക്ക് വേണ്ടിയിരുന്നത് തന്റെ ആ പഴയ കിലുക്കാമ്പെട്ടി കൂട്ടുകാരനെയായിരുന്നു, പ്രണയമെന്ന വിഷം ആ നല്ലവനായ സുഹൃത്തിനെ തന്നിൽ നിന്നുമില്ലാതാക്കി.... 


പ്രണയിതാക്കളായി തങ്ങളിരുവരും പരിപൂർണ്ണ പരാജയമായിരുന്നു.. അനാവശ്യമായ വാശികൾ,കടുമ്പിടിത്തങ്ങൾ എല്ലാം തങ്ങളെ തങ്ങളല്ലാതാക്കി.. അവനിൽ നിന്നകലാൻ തീരുമാനിച്ച ആ നാൾ താൻ ഒരുപാട് കരഞ്ഞു, "പ്രീയകൂട്ടുകാരാ നിന്നെ എനിക്കൊരുപാടിഷ്ടമാണ്, ആ ഇഷ്ടം അതേപോലെ നിലനിൽക്കാൻ വേണ്ടിയാണീ കൂടൂമാറ്റം"..  

***************************************

വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞിരുന്ന ആ നാളുകളിൽ, 'കണ്ണകന്നാൽ ഖൽബകന്നു' എന്ന ചൊല്ലിൽ വിശ്വസിച്ച് അവളിരിക്കെ, ഉറച്ചതീരുമാന ശക്തിയാൽ അവന്റെ ഫോൺ കോളുകൾ പോലും അറ്റെന്റ് ചെയ്യാതെ, ഉള്ളിലുയർന്നു പൊങ്ങുന്ന വിഷമത്തിരമാലകളെ മനസ്സിന്റെ കട്ടിഭിത്തികളുപയോഗിച്ചവൾ തടഞ്ഞു നിർത്തി... പക്ഷെ അകലും തോറും അവനിലേക്ക് അടുക്കാനുള്ള ത്വര അവളിൽ കൂടിക്കോണ്ടിരുന്നു, പ്രണയിതാവായല്ല, ആ പഴയ കൂട്ടുകാരിയായി,പക്ഷേ അത് ഒരിക്കലും നടക്കില്ല,അവൾക്ക് വ്യക്തമായി അറിയാമത്.. അങ്ങിനെ നികത്തപ്പെടാതെ ആ വിടവു അങ്ങിനെ കുറേ നാൾ അവളിൽ കിടന്നു..


വീട്ടിലിരുന്നു മുഷിഞ്ഞ നാളുകളിൽ ഒന്നിൽ അവൾ ഒരു കമ്പ്യൂട്ടർ കോഴ്സിനു ചേർന്നു.. അവിടെ അവൾക്ക് നിറയെ കൂട്ടുകാരെ കിട്ടി.. അല്ല അവർക്കു അവളെ കൂട്ടുകാരിയായി കിട്ടി..അവളെ പോലെ ഒരാളെ കൂട്ടുകാരിയാക്കാൻ ആരുമാഗ്രഹിച്ചു പോകും... 
അവൾക്കു കല്യാണപ്രായമായി, കല്യാണാലോചനകളായി, കൂട്ടത്തിൽ ഏറ്റവും യോഗ്യനെന്നു തൊന്നിയ ഒരാളെ കൊണ്ട് കല്യാണവും കഴിപ്പിച്ച്, അങ്ങിനെ അങ്ങിനെ ഈ കഥ തീരേണ്ടതാണ്.. പക്ഷെ കഥയിലെ നായകതുല്യനായ ഒരു കഥാപാത്രത്തിന്റെ എന്റ്രി ഈ സമയത്താണ് ഉണ്ടായത്..


ദൈവത്തിന്റെ സൂത്രധാര വൈഭവം അപാരമാണ്, സാന്ദർഭികമായി ആരെ രംഗത്തിറക്കണമെന്ന് അദ്ദേഹത്തിനു നന്നായറിയാം.. അങ്ങിനെ നായികയുടെ മുന്നിലേക്ക് കഥയുടെ ഗതി നിർണ്ണയിച്ച ഈ കഥാപാത്രം ആഗതനാകുന്നു.. അവളുടെ പഴയ ഒരു സ്കൂൾ ഫ്രെണ്ട് ആണീ കക്ഷി.. അവിചാരിതമായി അവർ ഇരുവരും കണ്ടുമുട്ടുന്നു.. ഒരു വിടവു നികത്തപ്പെടാൻ ആ കണ്ടുമുട്ടൽ ധാരാളമായിരുന്നു.. അവൾ ഈ  പുതിയ കഥാപാത്രത്തിൽ അവളുടെ പ്രണയിതാവിനെ കണ്ടെത്തി, പ്രണയിതാവെന്നുള്ള ആ സ്ഥാനം പുതിയവനു നൽകിക്കഴിഞ്ഞപ്പോൽ പഴയവനെ ബെസ്റ്റ് ഫ്രെണ്ട് എന്ന സ്ഥാനത്ത് തിരികെ കൊണ്ട് വന്നു പ്രതിഷ്ടിക്കാൻ അവൾക്ക് സാധിച്ചു... അവനോട് അവൾ ഈ പുതിയ ബന്ധത്തെ പറ്റി പറയാനേ പോയില്ല.. ഇത്ര നാളും മിണ്ടാതെ കാണാതെ ഇരുന്നതിലൂടെ അവനും കുറെയൊക്കെ മാറിയിരുന്നു, അനാവശ്യമായ വാശികളും രീതികളുമെല്ലാം ഉപേക്ഷിച്ച് ഒരു നല്ല ആൺകുട്ടിയായ് അവൻ മാറിയിരുന്നു, അവന്റെ ഈ മാറ്റം അവളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്..  അവനു ഇങ്ങിനെയൊരു മാറ്റം ഉണ്ടായികഴിഞ്ഞപ്പോൾ അവളുടെ മനസ്സിലും മാറ്റങ്ങളുണ്ടാവാൻ തുടങ്ങി, പുതിയ കൂട്ടുകാരനെ എന്താവശ്യത്തിനാണൊ ഒരു സ്ഥാനത്ത് പ്രതിഷ്ടിച്ചത് അത് ഇപ്പോൾ ആവശ്യമില്ലാതായിരിക്കുന്നു... നായകനും നായികയും ഒന്നു ചേർന്ന സ്ഥിതിക്കു ആ പുതിയ കഥാപാത്രത്തെ ശ്രദ്ധിക്കേണ്ട ആവശ്യമുണ്ടെന്ന് ദൈവത്തിനും തോന്നിക്കാണില്ല.. അല്പം താമസിച്ചിട്ടാണെങ്കിലും പുതിയവനു കാര്യങ്ങളെല്ലാം മനസ്സിലായി, അവൻ ജീവനു തുല്യം സ്നേഹിക്കുന്ന അവൾക്കു ഒരു നല്ല ജീവിതമുണ്ടാവൻ താൻ ഒരു ശല്യമാവരുത് എന്ന് തോന്നിയവൻ സ്വയം പിൻ മാറി.


[NB: കഥ ഇവിടെ തീരുന്നില്ല ഇതു ഒന്നാം ഘട്ടം മാത്രം]

Thursday, March 03, 2011

ഒരു സായാഹ്നത്തില്‍

തീരത്തെ ഇടയ്ക്കിടെ ആശ്ലേഷിച്ചു പിന്‍വാങ്ങുന്ന തിരകള്‍ നോക്കി നില്‍കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു സുഖവും സന്തോഷവും ആണ്...
കരയും കടലും എന്നും പ്രണയത്തില്‍ ആയിരിക്കാം,ആയിരിക്കാം എന്നല്ല ആണ്,ചില പൊട്ടലുകളും ചീറ്റലുകളും ഉണ്ടാവാറുണ്ടെങ്കിലും..

കര പെണ്ണും കടല്‍ ആണും ആയിരിക്കാം അല്ലെ,അതോ തിരിച്ചാണോ? കടലിന്റെ കയ്യുകള്‍ ആയിരിക്കാം തിരകള്‍ ല്ലേ? അപ്പൊ കരയുടെ കയ്യുകള്‍ എന്തായിരിക്കാം?... മറ്റൊരാളുടെ പ്രണയ സല്ലാപങ്ങള്‍ നോക്കി നില്‍ക്കുന്നത് തെറ്റാണോ?.. എങ്കില്‍ ആ തെറ്റ് ഈ രീതിയില്‍ ഇടയ്ക്കിടെ ചെയ്യാറുണ്ട് ഞാന്‍...


പതിവ് പോലെ അന്നും ആ നിഷ്കളങ്കമായ പ്രണയ സല്ലാപം കാണാന്‍ ഞാന്‍ പോയിരുന്നു..തിരകള്‍ നോക്കി,അസ്തമയ സൂര്യനെ നോക്കി,അങ്ങനെ നില്‍ക്കേ പെട്ടെന്നാണ് പൊങ്ങി ഉയര്‍ന്ന തിരയില്‍ ഒരു തിളക്കം ശ്രദ്ധയില്‍ പെട്ടത്..വ്യക്തമായില്ല ആദ്യം..ഒന്ന് കൂടി സൂക്ഷിച്ചങ്ങനെ നോക്കിയപ്പോള്‍ മനസ്സിലായി ഒരു മുത്താണ്..അത് ആ തിരകളുടെ മുകളില്‍ തത്തിക്കളിക്കുന്നു.. ഉള്ളു ശുദ്ധമായ ഭാരമില്ലാത്ത ഒരു മുത്താവണം..കണ്ടപ്പോള്‍ വല്ലാണ്ട് കൊതിച്ചു പോയി,അത്രക്കുണ്ടായിരുന്നു അതിന്റെ മഹിമ..കിട്ടിയിരുന്നു എങ്കില്‍ എന്ന് ആശിച്ചു.. ഒരു തിരയില്‍ പെട്ട് അത് തീരം വരെ എത്തിയതാണ്.. ഓടി ചെന്നപ്പോഴേക്കും കടലിന്റെ വികൃതി പൂണ്ട കയ്യ്‌ എന്നെ പറ്റിച്ചു കളഞ്ഞു..ആ തിരയുടെ തിരിച്ചു പോകലില്‍ ആ മുത്തു കടലിലേക്ക്‌ തന്നെ പോയി... അടുത്ത തിരയില്‍ കടലിന്റെ കളിയാക്കിയുള്ള ചിരി ഒളിഞ്ഞിരുപ്പുണ്ടായിരുന്നു..

പിന്നെയും കുറെ കാത്തു... കടലിന്റെയും കരയുടെയും പ്രണയ സല്ലാപങ്ങള്‍ പിന്നീട് എനിക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ല... അവയെ ശ്രദ്ധിക്കാഞ്ഞിട്ടുള്ള പരിഭവം ആവണം തിരയുടെ ശക്തി കൂടി കൂടി വന്നു കൊണ്ടിരുന്നു... പാദം മാത്രം നനയിച്ചു പിന്‍വാങ്ങിയിരുന്ന കടല്‍ ഇപ്പോള്‍ എന്നെയും കൂടെ കൊണ്ട് പോകും എന്ന അവസ്ഥയിലേക്ക് മാറാന്‍ തുടങ്ങി... ഒന്ന് മൈന്‍ഡ് ചെയ്യാതിരുന്നതിനു ഇത്രക്കും ദേഷ്യമോ? എന്തായാലും എന്റെ പ്രീയ സുഹൃത്തേ കടലേ നിന്റെയും നിന്റെ പ്രിയയുടെയും പ്രണയ ലീലകള്‍ ഇന്നെനിക്കു പൂര്‍ണ തോതില്‍ ആസ്വദിക്കാന്‍ കഴിയുന്നില്ല... ഒക്കുമെങ്കില്‍ എന്റെ മുന്നില്‍ ആ മുത്തിനെ നീ എത്തിച്ചു താ....


കുറച്ചു കഴിഞ്ഞ് പോകാനായി തിരിഞ്ഞപ്പോള്‍ ആ തിളക്കം,ആ മുത്തുച്ചിപ്പി അതാ മുന്നില്‍,തീരത്ത് ആ പഞ്ചാര മണലില്‍. ഇരു കയ്യുകളാലും കോരി എടുത്ത് നെഞ്ചോടു ചേര്‍ത്തു അതിനെ,ഒരിക്കലും കടലിനു തിരികെ കൊടുക്കില്ല എന്നുറപ്പിച്ചു!.. കടലേ കാര്യം ശരിയാ നീ തന്ന സമ്മാനം ആണ്!!!.


[NB:വെറുതെ ഒരു വട്ട്....ശരിക്കും തിരിയുമ്പോള്‍ മുത്ത് ആ മണലില്‍ ഉണ്ടായാല്‍ മതിയായിരുന്നു...]

Sunday, February 06, 2011

നമുക്കൊരു മുന്നറിപ്പ്

അച്ഛനെയും അമ്മയയൂം തനിച്ചാക്കി മറ്റൊരു വീട്ടിലേക്കു,ലോകത്തേക്ക് പോകാന്‍ തനിക്ക് ഒട്ടും ഇഷ്ടം ഉണ്ടായിരുന്നില്ല,അന്ന് പെണ്ണ് കാണാന്‍ വിവേക് എത്തുമ്പോള്‍ അയാളോട് തനിക്കു നല്ല ദേഷ്യം ആയിരുന്നു, അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും പുന്നാര അനിയനില്‍ നിന്നും തന്നെ അകറ്റാന്‍ എത്തിയ ഒരു വില്ലന്‍ ആയി തോന്നിയിരുന്നു!. പക്ഷേ തന്നോട് അല്‍പ നേരം സംസാരിക്കണം എന്ന് പറഞ്ഞു തന്റെ അടുത്തു വന്നു സംസാരിച്ചു തുടങ്ങിയപ്പോള്‍,ആ മനസ്സ് കാണാന്‍ തുടങ്ങിയപ്പോള്‍ അറിയാതെ താനും ഇഷ്ടപ്പെട്ടു പോയി ;കൊതിച്ചു പോയി-വിവേകിനൊപ്പം താമസിക്കാന്‍,ഒപ്പം ജീവിക്കാന്‍. സ്വപ്‌നങ്ങള്‍ കണ്ട് തുടങ്ങി അന്ന് മുതല്‍. 

വിവേക്നോടു താന്‍ ഒന്നേ ആവശ്യപ്പെട്ടുള്ളൂ ഇപ്പോള്‍ ചെയുന്ന ഈ ജോലി തുടരാന്‍ അനുവദിക്കണം-തളര്‍ന്നു കിടക്കുന്ന അച്ഛനെയും അമ്മയെയും സംരക്ഷിക്കാന്‍ തന്റെ ഈ ജോലി കൂടിയേ മതിയാവൂ,അനിയന്‍ ഒരു നിലയില്‍ ആകുന്നത് വരെയെങ്കിലും..വിവേക് ഈ ആവശ്യം  ഒരു മടിയും കൂടാതെ സമ്മതിച്ചു,അവന്‍ ഒരു പാവം ആണ്.. കഴിഞ്ഞ മാസം പെണ്ണ് കാണല്‍ കഴിഞ്ഞപ്പോള്‍ മുതല്‍ സ്വപ്‌നങ്ങള്‍ കണ്ട് കൂട്ടുകയാണ് തങ്ങളിരുവരും.. തങ്ങളുടെ വീട്.,അവിടെ ഓടി ചാടി നടക്കുന്ന കുട്ടികള്‍, പിന്നെ അച്ഛന്റെയും അമ്മയുടെയും അനിയന്റെയും ചിരിക്കുന്ന മുഖങ്ങള്‍.. തന്റെ കുഞ്ഞനുജനെ പഠിപ്പിച്ചു ഒരു നല്ല നിലയില്‍ എത്തിച്ചിട്ട് വേണം തനിക്കും സ്വസ്ഥായിട്ടു ഒന്ന് ഒതുങ്ങി കൂടാന്‍, "ചേച്ചി എന്റെ ഫീസ്‌ കൊടുക്കേണ്ടത് നാളെയാ" അന്ന് രാവിലെ അവന്‍ വിളിച്ചപ്പോള്‍ ഇത് കൂടി പറഞ്ഞിരുന്നു, ബാഗിലെ കാഷു വെച്ചിരിക്കുന്ന ഭാഗത്ത് ഒന്ന് കൂടി അമര്‍ത്തിപ്പിടിച്ചു താന്‍, അച്ഛനുള്ള മരുന്നും വാങ്ങിയിട്ടുണ്ട്.,പാവം തളര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് നാള് കുറെ ആയി..

രാത്രി ഏറെ ആയിരുന്നു അന്ന്... ട്രെയിന്‍ അല്പം ലേറ്റ് ആയിരുന്നു,അതിനാല്‍ തന്നെ പതിവില്ലാത്ത ഒരു പേടിയും!. ഒരു നാല് സ്റ്റോപ്പ്‌ കൂടെ കഴിയുമ്പോള്‍ തനിക്ക് ഇറങ്ങാം,കാത്തു നില്‍ക്കുന്ന അനിയനോപ്പം വീട്ടിലേക്കു പോകാം,.. ആ ദിവസം  കഴിഞ്ഞ്  തൊട്ടുടുത്ത ദിവസം തന്റെ വിവാഹം ആയിരുന്നു...
അടുത്തിരുന്ന ആന്റി ആ സ്റ്റോപ്പില്‍ ഇറങ്ങുന്നു.അങ്ങനെ ആ കമ്പാര്‍ട്ട്മെന്റില്‍ താനും തന്റെ സ്വപ്ങ്ങളും മാത്രം.ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോള്‍ ആണ് ആ ഒറ്റക്കയ്യന്‍ ചാടി കയറിയത്!അയാളെ പുറത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്നത് കണ്ടിരുന്നു താന്‍,ആ കൈപ്പത്തി നഷ്ടായ കയ്യും ദൈന്യതയാര്‍ന്ന മുഖവും കണ്ടപ്പോള്‍ അല്പം അനുകമ്പ തോന്നിയിരുന്നു.പക്ഷേ അതൊക്കെ ആ കാട്ടാളന്റെ കറ തീര്‍ന്ന അഭിനയത്തിന്റെ ഒരു ഭാഗം ആയിരുന്നു എന്ന്‍ പിന്നീടാണല്ലോ മനസ്സിലായത്.താനിരുന്ന ബോഗിയില്‍  അയാള് ചാടി കേറിയപ്പോള്‍ വെറുതെ ചിന്തിച്ചു,എന്തിനാണ് ലേഡിസ് കമ്പര്‍ത്മെന്റില്‍ പുരുഷന്നായ അയാള്  കയറിയത്...??!!തന്റെ അടുക്കലേക്കു വന്നപ്പോള്‍ പിന്നെയും ചിന്തിച്ചു,എന്തിന്നാണ് അയാള് തന്റെ അടുത്തേക്ക് വരുന്നത്!!! തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അലറി കരഞ്ഞു കൊണ്ട് ആ കുടുസ്സു ബോഗിയില്‍ അങ്ങടും ഇങ്ങടും കിടന്നു ഓടി താന്‍,"രക്ഷിക്കണേ!! രക്ഷിക്കണേ!!" എന്ന് അലറി വിളിച്ചു താന്‍, മറ്റൊരു വഴിയും ഇല്ലാത്തതിനാലാണ് നീങ്ങി തുടങ്ങിയ ട്രെയിനില്‍ നിന്നും ചാടേണ്ടി വന്നത്... പക്ഷേ ആ ഒറ്റക്കയ്യനും തന്റെ പുറകെ, തന്റെ സ്വപ്നങ്ങളെ ചവിട്ടി മെതിക്കാന്‍ കൂടെ ചാടുമെന്നു കരുതിയില്ല..ആ കാട്ടാളന്റെ മൃഗീയ മര്‍ദനത്തെക്കാള്‍ തന്നെ വേദനിപ്പിച്ചത്,തകര്‍ത്തു കളഞ്ഞത് താന്‍ ചാടുന്നത് കണ്ട,അലറി കരയുന്നത് കേട്ട,അടുത്ത കമ്പാര്‍ട്ട്മെന്റിലെ സഹജീവികളുടെ മൌനം ആയിരുന്നുവല്ലോ!


[NB:ആ കുട്ടി മരിച്ചല്ലേ?!! പാവം.. മരണപ്പെട്ടത് നമുടെ സ്വന്തം അനിയത്തിയോ ചേച്ചിയോ ആണെന്ന് കരുതി,ഇനി ഇങ്ങനെ ഒരു സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍,കയ്യുള്ളതും ഇല്ലാത്തതുമായ എല്ലാ കാട്ടാളന്മാരില്‍ നിന്നും നമ്മുടെ പെങ്ങന്മാരെ രക്ഷിക്കാന്‍,ദയവു ചെയ്തു മൌനം വെടിയൂ... 
മരിച്ചു പോയ,നമ്മുടെ മനസ്സ് തുറപ്പിക്കാന്‍ ബലിയാടായ,സ്വപ്‌നങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ പോയ ആ പാവം പെണ്‍കുട്ടിക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍! :-( ]

Friday, January 21, 2011

മറന്നത് !


കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ ഇറങ്ങുമ്പോഴും, ട്രാഫിക്കിലൂടെ മന്ദം മന്ദം പോകുമ്പോഴും,ഓഫിസിലെ എ സി മുറിയിലെ കമ്പ്യൂട്ടറിന്  മുന്നില്‍ റണ്‍ ചെയ്ത കോഡിന്റെ ഔട്ട്‌ പുട്ട് കാണാനായി അക്ഷമനായി ഇരിക്കുമ്പോഴും വൈശാകിന്റെ  ചിന്ത അത് മാത്രമായിരുന്നു,
എന്താണ് ഇന്ന് മറന്നത്?! 
ഇന്നലെ വരെ ഉണ്ടായിട്ടില്ല ഇങ്ങനൊരു ആവലാതി,ഇന്നെന്തേ പ്രത്യേകത എന്ന് ചോദിച്ചാല്‍  നീന യുമായുള്ള ബന്ധം ഇന്നലെ വൈകിട്ട് തീര്‍ന്നതാവം കാരണം!!, മൂന്നു വര്‍ഷത്തെ കട്ട പ്രണയത്തിനോടുവില്‍ ബന്ധുക്കളെയും വീട്ടുകാരെയും വെറുപ്പിച്ചു സ്വന്തമാക്കിയ തന്റെ നീന ഇന്നലെ തന്നെ വിട്ടു പോയി! അല്ല അവളെ താന്‍ പുറത്താക്കി എന്ന് പറയുന്നതാണ് ശരി!!!! ഒരു ഭര്‍ത്താവു എന്ന നിലയില്‍ വേണ്ടതെല്ലാം താന്‍ അവള്‍ക്കു നല്‍കി, വിലകൂടിയ സമ്മാനങ്ങള്‍, ഡ്രസ്സ്‌, ഓര്നമെന്റ്സ് അങ്ങനെ എന്തൊക്കെ! ആ സ്നേഹം മനസ്സിലാക്കാന്‍ ശ്രമിക്കാതെ എപ്പോഴും അവള്‍ തന്നില്‍ കുറ്റങ്ങളും മറ്റു സ്ത്രീകളുമായുള്ള ബന്ധങ്ങളും കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടിരുന്നു!! അതില്‍ സത്യമുണ്ടെങ്കിലും നീനക്ക് അതൊക്കെ ചോദ്യം ചെയ്യണ്ട ആവശ്യം ഉണ്ടോ? ഒരു പുരുഷനായ,കുടുംബനാഥനായ തന്നെ ചോദ്യം ചെയ്യാന്‍ അവള്‍ക്ക് എങ്ങനെ ധൈര്യം വന്നു! പല ദിവസങ്ങളില്‍ അവളുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി, അവസാനം സഹികെട്ടാണ് വഴക്കിടെണ്ടി വന്നത് ,തല്ലേണ്ടി വന്നത്! സഹി കേട്ടാണ് ഇറങ്ങി പോകാന്‍ പറഞ്ഞത്!അതിനു അവള്‍ ഇറങ്ങി പോകേണ്ട ആവശ്യം ഉണ്ടായിരുന്നോ?!
ആ പ്രണയ കാലഘട്ടം എന്ത് മനോഹരമായിരുന്നു, താനും നീനയും ചേര്‍ന്നു എത്ര മനോഹരമായ സ്വപ്‌നങ്ങള്‍ ആണ് നെയ്തെടുത്തത്, തങ്ങളുടെ കുട്ടികള്,അവരുടെ കുട്ടികള്‍,വീട്,കുട്ടികളുടെ കല്യാണം.. അങ്ങനെ അങ്ങനെ ഒരു സ്വപ്നകൊട്ടാരം തന്നെ ഉണ്ടാക്കിയ നാളുകള്‍! മറ്റു പ്രണയിതാകള്‍ തങ്ങളെ മാതൃകയാക്കുന്നു എന്നറിഞ്ഞപ്പോഴുള്ള സന്തോഷം!!.പക്ഷേ ഇന്ന് ഇപ്പോള്‍!!!!!!!.. അല്ലെങ്കിലും അവളുടെ ഭാഗത്ത് അല്ലേ കുറ്റം, തന്നെ ചോദ്യം ചെയ്യാന്‍ അവള്‍ക്ക് എങ്ങനെ ധൈര്യം വന്നു! പക്ഷേ അവള്‍ ഒരു പാവം ആയിരുന്നു, താന്‍ പഠിച്ച ആ വലിയ കോളേജില്‍ തന്റെ ജൂനിയര്‍ ആയി നീന വന്നതും റാഗിങ്ങിന്റെ പേരില്‍ അവളെ താന്‍ പിടിച്ചു വിരട്ടിയതും അവള്‍ കരഞ്ഞു കൊണ്ടു ഇറങ്ങി ഓടിയതും ഇന്നലെ കഴിഞ്ഞത് പോലെ ഓര്‍ക്കുന്നു,ആ ഓട്ടം തന്റെ മനസ്സിലെക്കായിരുന്നു എന്ന് പിന്നീട് താന്‍ അവളോട്‌ പലവട്ടം പറഞ്ഞിരിക്കുന്നു! ക്ലാസ്സില്‍ ഒന്നാം സ്ഥാനക്കാരിയായിരുന്ന നീനയെ പുറകെ നടന്നു ശല്യപ്പെടുത്തി,നിര്‍ബന്ധിച്ചു പ്രണയിപ്പിച്ചതും,അവളുടെ അവസാന സെമെസ്റ്റര്‍ എക്സാം സമയത്ത് അവള്‍ക്കു ഒരു വിവാഹ ആലോചന വന്നതും നിവര്‍ത്തിയില്ലാതെ തങ്ങള്‍ ഒളിച്ചോടിയതും എല്ലാം എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ ഓര്‍ത്തുപോകുന്നു! വിവാഹ ശേഷം തനിക്ക്‌ ഈ ജോലി ആകുന്നത് വരെ സ്വര്‍ഗം ആയിരുന്നു തന്റെ വീട്, താമസിച്ചു ഓഫീസില്‍ വരുന്നതും, നേരത്തെ ഓഫീസില്‍ നിന്നും ഇറങ്ങുന്നതും,വീട്ടില്‍ നിന്നു ഇറങ്ങ്യാലും തിരിച്ചു കേറുന്നതും,ലീവുകള്‍ തുടരെ തുടരെ എടുക്കുന്നതും ഒക്കെ ശീലം ആക്കിയ നാളുകള്‍!!!!, അങ്ങനെ ഇരിക്കെ പെട്ടെന്നാണ്  ഈ ഓഫീസിലേക്ക് ഉയര്‍ന്ന സാലറിയില്‍ തനിക്ക് ജോലി കിട്ടുന്നത്! ഇവിടെ എത്തിയതില്‍ പിന്നെ ആ ശീലങ്ങള്‍ എല്ലാം മാറാന്‍ തുടങ്ങി, നീനയെക്കാളും സുന്ദരികള്‍ ആണ് തന്റെ സഹപ്രവര്‍ത്തകര്‍ എന്ന് തോന്നി തുടങ്ങിയ ആ നിമിഷത്തെ താന്‍ ഇപ്പോള്‍ ശപിക്കുന്നു! 
എന്നാലും എന്താണ് താന്‍ ഇന്ന് മറന്നത്!? 
നീന അവള്‍ പോകട്ടെ,ശല്യം! അല്ലെങ്കിലും അവള്‍ക്ക് അഹങ്കാരമാ! തന്റെ തെറ്റുകളെ ക്ഷമിച്ചു കൂടാമായിരുന്നില്ലേ അവള്‍ക്ക്‌!അതിനും വേണ്ടി ഉള്ള തെറ്റുകള്‍ താന്‍ ചെയ്തോ? അങ്ങനെ ചോദിച്ചാല്‍ ...........ചെയ്തിട്ടുണ്ട്!!!!!!!,ഒരിക്കല്‍................. അല്ല..... അല്ല.... പലവട്ടം! അത് പിന്നെ ഒരു പുരുഷന്‍ ആയ തന്നെ അവളുമാര് പ്രലോഭിപ്പിച്ചാല്‍..... ഹും! എന്നാലും ഇതൊക്കെ നീന ചോദ്യം ചെയ്യാന്‍ പാടുണ്ടോ? പക്ഷേ എന്നാലും അവളെ താന്‍ തല്ലാന്‍ പാടില്ലായിരുന്നു! ഇറക്കി വിടാനും പാടില്ലായിരുന്നു! അവള്‍ പോയി കഴിഞ്ഞപ്പോള്‍ താന്‍ അവിടെ ഒക്കെ അന്വേഷിച്ചു നടന്നത് അവള്‍ അറിഞ്ഞു കാണില്ല! എവിടെ പോയിരിക്കും എന്ന  ഒരു പേടി തന്നില്‍ ഉണ്ടായിരുന്നു എന്നത് ശരി ആണ്, കുറച്ചു കഴിഞ്ഞ് അവള്‍ടെ അച്ഛന്‍ റിട്ടയേട്  കേണല്‍ വര്‍മ്മ വിളിച്ചു വഴക്ക് പറഞ്ഞപ്പോള്‍ നീന അവളുടെ വീട്ടില്‍ എത്തി എന്ന് മനസ്സിലായി,താനും എന്തൊക്കെയോ പറഞ്ഞു, അല്പം മദ്യ ലഹരി കൂടി ഉണ്ടായിരുന്നത് പറച്ചിലിന് ആക്കം കൂട്ടിക്കാണും! 
എന്നാലും എന്താണ് താന്‍ മറന്നത്!?
ദിവസം മുഴുവനും  അത് തന്നെ ആലോചിച്ചിട്ടും എന്താണെന്ന് കിട്ടുന്നില്ലല്ലോ.. ഓഫീസില്‍ നിന്നു ഇറങ്ങിയപ്പോഴും,കാറില്‍ തിരിച്ചു വീട്ടിലേക്ക് വരുമ്പോഴും,എന്തിന്‌ ആ വലിയ വീടിന്റെ വാതില്‍ തുറക്കുമ്പോള്‍  പോലും അയാളുടെ ചിന്ത അത് തന്നെ ആയിരുന്നു, 
എന്താണ് താന്‍ മറന്നത്?!!!!!!!



അയാളുടെ മറവിയുടെ ഉത്തരം അടുത്ത ദിവസത്തെ പത്രത്തില്‍ ഉണ്ടായിരുന്നു!
സോഫ്റ്റ്‌വെയര്‍ പ്രൊഫഷണല്‍ വീട്ടിലെ  ഗ്യാസ് സിലിണ്ടർ  പൊട്ടിത്തെറിച്ചു മരിച്ചു!
[NB:കടപ്പാട് ഇരിങ്ങാട്ടിരി മാഷ്‌,അവലംബം:പിണങ്ങി പോയതിന്റെ പിറ്റേന്നു!]

Wednesday, January 19, 2011

ഒരു ചോദ്യം-ഒരു ഉത്തരം!

ഗരത്തിലൂടെ അതിവേഗം നീങ്ങി കൊണ്ടിരുന്ന ബസ്സിന്റെ സൈഡ് സീറ്റില്‍ ആയിരുന്നു ഞാന്‍.. ചെവിയില്‍ മൂളുന്ന  എ ആര്‍ റഹ്മാനും പുറത്തെ കാഴ്ചകള്മായി അങ്ങനെ സുഖിച്ചു യാത്ര ചെയ്യുകയായിരുന്നു! ബസ്സില്‍ കയറിയപ്പോള്‍ ഉണ്ടായിരുന്ന ആ തിരക്ക് ഇപ്പോള്‍ ഇല്ല,എന്റെ തൊട്ടു മുന്നിലത്തെ സീറ്റില്‍ ഇരുന്ന ആ ആള്‍ ഇറങ്ങി പോയിരിക്കുന്നു, പെട്ടെന്നാണ് ബസ്സിന്റെ കമ്പിയില്‍ പിടിച്ചു നില്‍ക്കുകയായിരുന്ന ആ മഞ്ഞച്ചുരിദാരുകാരി അവിടെ വന്നിരുന്നത്! എന്ത് കൊണ്ടോ അവളുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കേണ്ടി വന്നു! പ്രത്യേകിച്ചൊന്നും തോന്നിയില്ല, ഏതോ ഒരു പെണ്‍കുട്ടി,അത്രയ്ക്ക് നോക്കാനും വേണ്ടി സൗന്ദര്യ റാണിയോന്നുമാല്ലായിരുന്നു  അവള്‍! കയ്യില്‍ ഒരു മോഡേണ്‍ ബാഗ്‌ ഉണ്ടായിരുന്നു, ചെവിയില്‍ സാമാന്യം വലിയ ഒരു തരം കമ്മല്‍. അവള്‍ പതിയെ എന്റെ തൊട്ടു മുന്നിലുള്ള സീറ്റില്‍ ഇരിപ്പുറപ്പിച്ചു, ഇരുന്ന കൂട്ടത്തില്‍ അവളാ മുടി ഒതുക്കി വെച്ചപ്പോള്‍, അതില്‍ നിന്നും രണ്ട് മൂന്ന് ഇഴകള്‍ മുന്നോട്ടു ആഞ്ഞു ഇരുന്ന എന്റെ മുഖത്ത് സ്പര്‍ശിച്ചു,പേരറിയാത്ത എന്തൊക്കെയോ ഇനം എണ്ണകളുടെ  നല്ല സുഗന്ധം !! എന്തോ,അപ്പോള്‍ മുതല്‍ ഒരു തരം ഫീലിംഗ്സ  എന്റെ മനസ്സില്‍! അവള്‍ ആരാണ് എന്താണ് എവിടാണ് എവിടെക്കാണ്‌ എന്നോകെ അറിയാന്‍ ഒരു തരം ആകാംഷ! ഒരു ആര്‍ട്സ് കോളേജിന്റെ മുന്നില്‍ നിന്നാണ് അവള്‍ കയറിയത്,അപ്പോള്‍ ഏറിയാല്‍ ഒരു പത്തൊന്‍പത് ഇരുപത് ഇരുപത്തി ഒന്ന് വയസ്സൊക്കെ ഉണ്ടാവുള്ളൂ.. അധികം വണ്ണം ഒന്നും ഇല്ല , മുടിയിഴകളില്‍ രാവിലെ എടുത്തു വെച്ച തുളസിക്കതിരിന്റെ അടയാളം ഉണ്ട്! അത് കൂടി ആയപ്പോള്‍ എന്റെ ഫീലിംഗ്സിന്റെ കടുപ്പം കൂടി... ബസ്സ്‌ മുന്നോട്ടു നീങ്ങും തോറും,ആളുകളുടെ എണ്ണവും കുറയാന്‍ തുടങ്ങി.. ഇപ്പോള്‍ ഞങ്ങളുടെ സീറ്റിന്റെ പരിസരത്തൊന്നും ആരും തന്നെ ഇല്ല.. ഏന്തെങ്കിലും അങ്ങ് ചോദിച്ചു  മിണ്ടിക്കൂടിയാലോ എന്ന് പലവട്ടം ആലോചിച്ചു! പക്ഷേ എന്താണ് സംസാരിക്കുക! സമയം എന്തായി എന്ന് ചോദിച്ചാലോ...ഓ അത് വേണ്ട!അല്ലെങ്കില്‍ ഇന്ന് മഴയുണ്ടാവുമോ എന്ന് ചോദിച്ചാലോ? സാധാരണ  അങ്ങനെ ഒക്കെ ആണല്ലോ അപരിചിതരുമായി മിണ്ടാട്ടം കൂടണെ!! ബസ്സ്‌ ചീറി പായുകയാണ്! ഈശ്വരാ അടുത്ത ഏതെങ്കിലും സ്റ്റോപ്പില്‍ അവള്‍ ഇറങ്ങിയേക്കാം,അതിനു മുന്നേ ദൈവം ഒരു വഴി കാണിച്ചു തരുമായിരിക്കും!! അധികം സൗന്ദര്യം ഇല്ലെങ്കിലും കാണാന്‍ ഒരു ഐശ്വര്യം ഉണ്ട്, ആരെങ്കിലും ഇവളെ സ്നേഹിക്കുന്നുണ്ടാവും എന്നുറപ്പ്! ഇവള്‍ തിരിച്ചു ആരെയും സ്നേഹിച്ചിരിക്കല്ലേ എന്ന് മനസ്സ് അറിയാതെ പ്രാര്‍ത്ഥിച്ചു! അവള്‍ ജനാലയിലൂടെ പുറത്തേക്കു നോക്കി ഇരിക്കുകയാണിപ്പോള്‍, കാറ്റത്ത് അവളുടെ മുഖത്തേക്ക് ഇളകി വീഴുന്ന ആ മുടിയിഴകളെ നോക്കി ഞാനിരുന്നു,ഇടയ്ക്കിടെ ഒന്ന് രണ്ട് മുടി ഇഴകള്‍ എന്റെ മുഖത്തും സ്പര്‍ശിച്ചു! 

"എന്ന വിലയഴകെ, സോന്നാല്‍ വിലക്കു വാങ്ക വരുവേന്‍! വില ഉയിരെണ്ട്രാലും തരുവേന്‍" 

ചെവിയില്‍ മുഴങ്ങി കേട്ട പാട്ട് ഞാന്‍ പാടുന്ന പോലെ തോന്നിപ്പോയി, സന്ദര്‍ഭത്തിന് യോജിച്ച സംഗീതം! ഈശ്വരാ!! നോക്കി ഇരിക്കും തോറും ഇവളിലെ സൗന്ദര്യം കൂടി കൂടി വരികയാണല്ലോ! ഇതാണോ ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് എന്ന് പറയുന്നത്! താന്‍ ഈ കുറച്ചു സമയം കൊണ്ട് ഇവളിലേക്ക് ഇത്ര അടുത്തു പോയോ? അതേ ഇത് അത് തന്നെ ഞാന്‍ പ്രണയത്തിനു അടിമപ്പെട്ടു! ഇനി എന്തും സംഭവിക്കട്ടെ അവളോട്‌ അത്  തുറന്നു പറയാം!
പെട്ടെന്ന് ആ പെണ്‍കുട്ടി തിരിഞ്ഞു നോക്കി, എന്റെ മനസ്സ് പറഞ്ഞത് അവള്‍ കേട്ടുവോ? തിരിഞ്ഞു നോക്കുക മാത്രം അല്ല ഒരു പുഞ്ചിരി കൂടി തന്നു എനിക്ക്! 
മതി!!!!!!  ഇത് മതി!!!! ഇനി തുറന്നു സംസാരിക്കുക തന്നെ.

എക്സ്ക്യൂസ് മി! 
അവള്‍ വീണ്ടും തിരിഞ്ഞു നോക്കി!
അതേയ് .എന്റെ പേര് മനു, സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ്, ഒന്ന് ചോദിച്ചോട്ടെ...കുട്ടിയെ...കുട്ടിയെ എനിക്കിഷ്ടമായി,കുട്ടിക്ക്..കുട്ടിക്ക്  എന്നെ ഇഷ്ടായോ?
മറുപടി പതിയെ മതി എന്നൊക്കെ പറഞ്ഞു ഒരു ഫ്ലോ ഉണ്ടാക്കി  ഇടാം എന്നും വെച്ചിരികുമ്പോള്‍ വളരെ പെട്ടെന്ന് തന്നെ ആ മോഡേണ്‍ ബാഗില്‍ നിന്നും അവള്‍ ഒരു വിസിറ്റിംഗ് കാര്‍ഡ്‌ എടുത്തു തന്നു.. അതില്‍ ഒരു മൊബൈല്‍ നമ്പര്‍ വലിയ അക്ഷരത്തില്‍ അച്ചടിച്ചിരിക്കുന്നു! അതില്‍ നോക്കി മൃങ്ങസ്യ എന്നിരിക്കുമ്പോള്‍ അവളുടെ ശബ്ദം കാതില്‍ മുഴങ്ങി..
"ഞാന്‍ ഇന്ന് ബുക്ട് ആണ്, കാള്‍ മി ഓണ്‍ ദിസ്‌ നമ്പര്‍ ടുമാറോ!!!!"

[NB: കടപ്പാട്-നൗഷാദ് അകമ്പാടം,നൗഷാദ് കൂടരഞ്ഞി,മലയാളം ബ്ലോഗേര്‍സ്‌ ഗ്രൂപ്പ് ]

Tuesday, January 18, 2011

ഉണരുവാൻ വൈകിയപ്പോള്‍!

മേശപ്പുറത്തിരുന്നു ഗ്ലാസ് തറയില്‍ വീണുടഞ്ഞ ശബ്ദം കേട്ടാണ് അയാള്‍ ഞെട്ടി ഉണര്‍ന്നത്. മുറിയിലപ്പോള്‍ പെന്‍ഡുലം ക്ലോക്കിന്റെ ടിക് ടിക്ക് ശബ്ദം മാത്രം. മണി പതിനൊന്നു കഴിഞ്ഞിരിക്കുന്നു. താനെന്തേ ഇന്ന് ഉണരാന്‍ ഇത്ര വൈകിയത്.സാധാരണ അടുത്തുള്ള കൃഷ്ണ ക്ഷേത്രത്തില്‍ റെക്കോര്‍ഡ്‌ ഇടുമ്പോള്‍ ഉണരാറുള്ളതാണ്,എന്തേ ഇന്ന് ഇത്രയും താമസിച്ചു..

ആഹ് ..കയ്യിനും കാലിനും ഒക്കെ എന്താ ഒരു വേദന, എണീച്ചിരുന്നപ്പോള്‍ ശരീരമാകെ ഒരു തരം കിരു കിരെ ശബ്ദം, തുറക്കാതിരുന്ന വാതില്‍ തുറക്കുമ്പോള്‍ കേള്‍ക്കുന്ന പോലെ! എന്നാലും എഴുന്നേല്‍ക്കാന്‍ എന്താ ഇന്ന് ഇത്രയും താമസിച്ചേ!.


"അമ്മാ..അമ്മേ!!!"


ഉറക്കെ വിളിച്ചു പക്ഷേ മറുപടി ഒന്നും വന്നില്ല! എവിടെ പോയി എല്ലാവരും, അച്ഛനെയും അനിയത്തിയെയും കാണുന്നില്ല!

കൃഷ്ണനുണ്ണി, സിവില്‍ എഞ്ചിനീയര്‍ ആണ്, അമ്മ,അച്ഛന്‍,അനിയത്തി ഇത്രയും അടങ്ങുന്നതാണ് അവന്റെ കുടുംബം! ,അച്ഛന്‍ ഒരു കര്‍ഷകന്‍ ആണ്, അനിയത്തി പത്തില്‍ പഠിക്കുന്നു! കൃഷനുണ്ണിയെ പറ്റി പറയാന്‍ നാട്ടുകാര്‍ക്ക് നൂറു നാവാണ്! ഇത്രക്കും തങ്കപ്പെട്ടെ ഒരു പയ്യന്‍ ആ നാട്ടില്‍ വേറെ ഇല്ല, പഠിച്ച എല്ലാ ക്ലാസ്സുകളിലും ഒന്നാമന്‍, റാങ്കോട് കൂടി എഞ്ചിനീയറിംഗ് പാസ്‌ ആയി, ഉടനെ തന്നെ ഒരു ജോലിയും തരായി! പാട്ട്,ഡാന്‍സ്,ചിത്ര രചന അങ്ങനെ കലാ രംഗത്തും കഴിവു തെളിയിച്ചവനാണ് ഉണ്ണി!അതിരാവിലെ എഴുന്നേറ്റു അമ്പലക്കുളത്തില്‍ പോയി കുളിച്ചു തൊഴുക എന്നുള്ളത് അവന്റെ ശീലം ആയിരുന്നു! പക്ഷേ ഇന്ന് എന്ത് പറ്റി അവനു??!!

കൃഷനുണ്ണി പതിയെ കട്ടിലില്‍ നിന്നും എഴുന്നേറ്റു, തന്റെ മുറിയില്‍ കാര്യമായ ചില മാറ്റങ്ങൾ അവനു അനുഭവപ്പെട്ടു, അമ്മ ഇങ്ങനെ ആണ് തൂത്തും തുടച്ചും  അടുക്കിയും പെറുക്കിയും എപ്പോഴും മുറി വൃത്തിയാക്കി കൊണ്ടിരിക്കും, പിന്നെ തന്റെ ഒരു സാധനങ്ങളും വെച്ചിടത്ത് കാണില്ല, ഇപ്പൊ തന്നെ കണ്ടില്ലേ,ഇന്നലെ പകുതി വായിച്ചു വെച്ച പുസ്തകം കാണുന്നില്ല!


"അമ്മേ!!! ഈ അമ്മ എവിടെ പോയതാ", ഇന്ന് ഞായര്‍ അല്ലേ...."ലക്ഷ്മീ!! ഡി ലക്ഷ്മീ!!"


അനിയത്തിയും വിളി കേട്ടില്ല! ഹോ തല പൊട്ടിപ്പിളരുന്ന വേദന, ഒരു ചായ പോലും കൊണ്ടു തരാന്‍ ഇവിടെ ആരും ഇല്ലേ?!!

"എടീ ലക്ഷ്മീ!!"

എന്നാലും താന്‍ എന്താണ് എഴുന്നേല്‍ക്കാന്‍ താമസിച്ചു പോയത്.. പെട്ടെന്ന് അതി ഭയങ്കരമായ വേദന കൊണ്ട് കൃഷനുണ്ണി പുളഞ്ഞു, തലയില്‍ കൂടി ഒരു കൊള്ളിമീന്‍ പോയ പോലെ . വാതിലില്‍ പിടിച്ചു കൊണ്ട് പതിയെ നിലത്തേക്കു ഇരുന്നു പോയി , കാലിലെ മുറിവ് ഉണ്ണി ശ്രദ്ധിച്ചത് അപ്പോഴാണ്‌, ഒരു നെടു നീളന്‍ മുറിവ്!! ഒരു മെഡിക്കൾ ഓപ്പറേഷന്റെ അനന്തരഫലമെന്ന വണ്ണം തോന്നിക്കുന്ന  മുറിവ്..  ഇത് എങ്ങനെ വന്നു, ഇന്നലെ വരെ ഇങ്ങനെ ഒരു മുറിവ് ഇല്ലായിരുന്നല്ലോ!!!!.. ഇതെപ്പോ സംഭവിച്ചു! വിറയ്ക്കുന്ന കൈകളോടെ അവന്‍ കാലില്‍ തടവി !

*********************


"ഏട്ടാ!!!!!!! "

ഉണ്ണി ഒരു ഞെട്ടലോടെ തലയുയാര്‍ത്തി!

"ഏട്ടാ!!!!!!! എനിക്കിത് വിശ്വസിക്കാന്‍ ആവുന്നില്ല! എട്ടന് സുഖായോ!"

ലക്ഷ്മിയാണ്‌,, ഇത് ലക്ഷ്മി തന്നെ ആണോ,ഇവള്‍ക്കെന്താ ഒരു മാറ്റം പോലെ..

"നീ എന്താ ചോദിച്ചത്??"

"ഏട്ടാ!!!!!!!!!!!!!!!!

"ലക്ഷ്മി കരയുകയാണ്, തന്നെ കെട്ടിപ്പിടിച്ചു കരയുന്നു! എന്താണിത്! എന്തിനാനിവള്‍ കരയുന്നത്! അവളെ പിടിച്ചു അകറ്റി ഉണ്ണി ചോദിച്ചു.,

"എന്താ നിനക്ക്, എന്തിനാ നീ കരയുന്നത്,? അമ്മ എവിടെ?"

ഒരു പൊട്ടിക്കരച്ചില്‍ ആയിരുന്നു മറുപടി,ഉള്ളിലൊരു അങ്കലാപ്പോടെ,അമ്മക്ക് വേണ്ടി കണ്ണുകള്‍ മുറിക്കു പുറത്തേക്ക് സഞ്ചരിച്ച കൂട്ടത്തില്‍ ഹാളിലെ ഒരു ഫോട്ടോയില്‍ കണ്ണുടക്കി, അവളെ തള്ളി മാറി ആ ഫോട്ടോയുടെ അടുത്ത ചെന്നു നിന്നു! അമ്മ!!!! അമ്മയുടെ ഫോട്ടോ!!!! ഇതെന്തിനാണ് ഇങ്ങനെ മാലയിട്ടു വെച്ചിരിക്കുന്നത്!!!!

"അമ്മേ ! അമ്മെ!!!!!!!!!!!!!!!"

ഉണ്ണി അവിടെല്ലാം അമ്മയെ തിരക്കി നടന്നു.. തന്റെ അമ്മ എവിടെ?/!!!. ബഹളം കേട്ടു ഉണ്ണിയുടെ അച്ഛന്‍ പറമ്പില്‍ നിന്നും ഓടി എത്തി!

"അച്ഛാ അമ്മ എവിടെ? എന്താ സംഭവിച്ചേ? എന്തിനാ ലക്ഷ്മി കരയണേ?,എന്താ എനിക്ക് സംഭവിച്ചത്?"

ഒരു തേങ്ങലിൽ അച്ഛനും മറുപടിയൊതുക്കി

***************************************

"അയ്യോ!!!!!!"

വീണ്ടും തലയിലൂടെ ഒരു കൊള്ളിയാന്‍ പോയി! പക്ഷേ ഇത്തവണ വേദനക്കൊപ്പം ചില ഓര്‍മ്മകള്‍ കൂടി ഉണ്ണിയുടെ മനസ്സിലേക്ക് ഓടി എത്തി!ഇന്നലെ അമ്മയുമായി ബൈക്കില്‍ താന്‍ ചിറ്റമ്മയുടെ വീട്ടില്‍ പോയതും,മടങ്ങി വരുന്ന വഴി ആ വളവില്‍ വെച്ചു ഏതോ ഒരു വാഹനം തന്റെ ബൈക്കില്‍ തട്ടിയതും!!!!!!!! എത്ര ശ്രമിച്ചിട്ടും ഉണ്ണിക്ക് അത്രയേ ഓര്‍ക്കാന്‍ കഴിഞ്ഞുള്ളു..

ബഹളം കേട്ടു ആരൊക്കെയോ പുറത്ത് വന്നു എത്തി നോക്കുന്നു!ചിലരുടെ മുറുമുറുപ്പുകള്‍ തന്റെ കാതിലേക്കും എത്തുന്നു, അമ്മ മരിച്ച ആ അപകടത്തില്‍ പെട്ട് താന്‍ രണ്ടര വര്‍ഷം കോമയില്‍ ആയിരുന്നെന്നോ!!!!!



[NB:വീടിനടുത്ത് ഇന്നും ഉണ്ടായി ഒരു ബൈക്ക് അപകടം! ഈ കഥ ജനിക്കാന്‍ കാരണക്കാരന്‍:നൗഷാദ് അകമ്പാടം!]

Friday, December 24, 2010

കഥ തുടരുന്നു (ഭാഗം രണ്ട് )

മ്പ്യൂട്ടര്‍ സയന്‍സിന്റെ ഫിഫ്ത് സെമെസ്റെര്‍ ക്ലാസിന്റെ തെക്ക് പടിഞ്ഞാറെ മൂലയിലാണ് ആദ്യം കാര്യമായ കുഴപ്പങ്ങള്‍ കണ്ടു തുടങ്ങിയത്. ക്ലാസ്സില്‍ എന്നും സ്ഥിരമായി വരാറുള്ള, എന്നാല്‍ അധികം ആരോടും സംസാരിക്കാത്ത മിണ്ടാപ്പൂച്ചയായ ആഷിക് ആണ് ആദ്യം ബീരാന്‍ കുട്ടിയുടെ കോപത്തിനു പാത്രം ആയതു.(കോപ പാത്രം! എന്ന് മലയാളത്തില്‍  പറയും). പുള്ളികാരന്‍ ക്ലാസ്സില്‍ നിന്ന് പോകുന്ന ടൂറിനു വരാന്‍ വേണ്ടി തയ്യാറെടുത്തു നില്കുമ്പോഴാ,ബീരാന്‍ കുട്ടീന്റെ പ്രേതം വയറിനു ബാധിച്ചത്, വിരോധക്കാര്‍ വയറിളക്കം പിടിച്ചു എന്ന് പറഞ്ഞാലും,അതൊന്നും വിശ്വസിക്കാന്‍ ഞങ്ങള്‍ ഒരുക്കം അല്ല, അത് ബീരാന്‍ കുട്ടി തന്നെ. ബീരാന്റെ അടുത്ത ഇര സ്ലോ മോഷന്‍ ഇഷ്ടപ്പെടുന്ന രഞ്ജി ആരുന്നു.,ഒരു സുപ്രഭാദത്തില്‍ പുള്ളിക്കാരന്‍ രണ്ടാം നിലയിലേക്കുള്ള സ്റെപ്പില്‍ നിന്നോണ്ട്‌ ഫുട് ബാള്‍ കളിച്ചു  മൂക്കും കുത്തി താഴെ വീണു, കലോരെണ്ണം ഒടിഞ്ഞു. ഇങ്ങനെ ഒരു പ്രവൃത്തി രണ്ജിയെ കൊണ്ട് ചെയ്യിച്ചത് ബീരാന്‍ അല്ലെങ്കില്‍ പിന്നെ മറ്റാരാണ്‌  . അടുത്ത ഇര നമ്മുടെ സാക്ഷാല്‍ രഘു ആയിരുന്നു ,  അക്കാലത്ത് പുതിയ ഒരു റോയല്‍ എന്ഫീല്ദ്  ബുല്ല്ലെട്ടില്‍ ചെത്തി നടക്കുക എന്നത് ആയിരുന്നു പുള്ളിടെ ഹോബി ,അങ്ങനെ ഇരിക്കെ ഒരു ദിവസം തന്നെ മറികടന്നു കേറി പോയ ഒരു പാണ്ടി ലോറിയെ ചെസ് ചെയ്ത് അതിന്‍റെ കുണ്ടീമേല്‍ ഒറ്റ ഇടി (ഈ തോന്നല്‍ ഉണ്ടാക്കിയത് ബീരാന്‍ അല്ലെങ്കില്‍ പിന്നെ ആരാണ്).ഇടിയുടെ ആഘാദത്തില്‍ രഘുവിന്റെ ദേഹത്തെ തൊലി അല്പം പോയി, ആ പാണ്ടി ലോറിയുടെ കാര്യമാണ് കഷ്ടം,ആക്ക്രിക്കാര്‍ക്ക് തൂത്തു പെറുക്കി  കൊടുത്തു എന്നാണ് കേട്ടത്... അങ്ങിനെ എന്തിനേറെ പറയുന്നു, രാജ്,ബാഹുല്‍,ദീപിക, രമ്യ , ശാലിനി, മൃദുല,ഭാവന , ബിജു, റിയാസ്,റിജോ...തുടങ്ങി ക്ലാസ്സിലെ എല്ലാവര്‍ക്കും ശനി ബീരാന്‍ രൂപത്തില്‍ .......

ഇതിനു ഒരു പരിഹാരം ഇല്ലേ,  പല മന്ത്രവാധികളും വന്നു, ആര്‍ക്കും ബീരാനേ ഓടിക്കാന്‍ കഴിഞ്ഞില്ല, മറിച്ച്‌ അവര്‍ എല്ലാരും ഓടിയ വഴിയില്‍ പുല്ലു പോലും ഉണ്ടായതും ഇല്ല..  അത് വരെ നിശബ്ദന്‍ ആയിരുന്ന മുനിയപ്പന്‍ പറഞ്ഞു , (മണിയപ്പന്‍ എന്നാണ് പേര്, രൂപവും ഭാവപ് നടപ്പും എടുപ്പും എല്ലാം കണ്ടാല്‍ ഒരു മുനിയുടെ ലക്ഷണം ഉള്ളത്  കൊണ്ട് മുനിയപ്പന്‍ എന്നാണ് എല്ലാരും വിള്ളിക്കുന്നത്) "എല്ലാ ആള്‍ക്കാരും പരാജയപ്പെട്ട സ്ഥിതിക്ക് ഞാന്‍ ഒന്ന് ശ്രമിക്കാം എന്താ?"
[NB തുടരും..]

Wednesday, December 22, 2010

കഥ തുടരുന്നു


ന്നൊരു മഴയുള്ള ദിവസം ആയിരുന്നു , ആലപ്പുഴ ജില്ലയിലെ ഒരു ഉള്‍ഗ്രാമത്തിലുള്ള  കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഫിഫ്ത് സെമസ്റ്റെര്‍ ക്ലാസ്സ്‌ റൂം;സമയം പകല്‍ മൂന്നര ,റിജീഷ്  സര്‍  ക്ലാസ്സ്‌ എടുക്കുന്നു. എല്ലാ ക്ലാസ്സിന്റെ തുടക്കത്തിലും ഉള്ളത് പോലെ അന്നും സര്‍ ഒരു കഥ പറഞ്ഞു കൊണ്ട് ക്ലാസ്സ്‌ തുടങ്ങി, പക്ഷേ എന്നത്തെയും പോലെ കുട്ടികള്‍ ബഹളം ഉണ്ടാക്കിയില്ല ,ഉറങ്ങിയും ഇല്ല!!!!, കാരണം വളരെ നാളുകള്‍ക്ക് ശേഷം സര്‍ പതിവ് കഥ വിട്ടു പുതിയ ഒരെണ്ണം ആണ് അന്ന് അവതരിപ്പിച്ചത്, ഇനി ഇതായിരിക്കും അടുത്ത ഒരു സെമസ്റ്റെര്‍ മുഴുവന്‍ എന്ന് ആലോചിക്കുമ്പോഴേ ഉള്ളൂ എല്ലാവര്‍ക്കും ഒരു വല്ലായ്മ .. അന്ന് സര്‍ പറഞ്ഞ കഥ ഓജോ ബോര്‍ഡ് വെച്ചു ഭാവി അറിഞ്ഞ   ഒരു സംഭവം ആയിരുന്നു.ആ കഥ ക്ലാസ്സില്‍ ചിലരില്‍ അമ്പരപ്പും,ചിലരില്‍ ആകാംഷയും,മറ്റു ചിലരില്‍ പുച്ചവും ഉണ്ടാക്കിച്ചു . ആകാംഷയും,അമ്പരപ്പും ഉണ്ടായവര്‍ ഒന്ന് തീരുമാനിച്ചു , ഓജോ ബോര്‍ഡ് പരീക്ഷിക്കുക. ഈ തീരുമാനം എടുത്ത സമയത്ത് ,കാര്‍മേഘം ഇല്ലാത്ത മാനത്ത് വെള്ളിടി വെട്ടി, (വെള്ളിയാണോ സ്വര്‍ണം ആണോ എന്ന് സംശയം ഉണ്ട്..എന്തായാലും ഇടി വെട്ടി എന്നുള്ളത് സത്യം ആണ്...), കാലന്‍ കോഴി അലറി ,കൊടുംകാറ്റു വീശി, കോളേജിനു മുന്നിലുള്ള പുഞ്ചപ്പാടത്ത്  സുനാമി ഉണ്ടായി,എന്തിനേറെ പറയുന്നു, പയറ്‌ പോലെ ,സര്‍ പറയുന്ന എല്ലാം വള്ളി പുള്ളി വിടാതെ സ്വന്തം ബുക്കില്‍ പകര്‍ത്തി എഴുതി കൊണ്ടിരുന്ന, ദീപിക  പിച്ചും പേയും പറയാന്‍ പോലും തുടങ്ങി, ഇതെല്ലം സൂചിപ്പിക്കുന്നത് എന്തോ ആപത്ത് വരുന്നു എന്നാണോ..എന്തായിരിക്കും ആ ആപത്ത്??

ബാഹുല്‍ ,രെഘു,ജയേഷ്,രാജ്  തുടങ്ങി കുറച്ചു പേര്‍ ഒരു ഓജോ ബോര്‍ഡ് സങ്കടിപ്പിച്ച് പരീക്ഷണം നടത്താന്‍ ഉള്ള ഒരുക്കങ്ങള്‍ എടുത്തു. ഓജോ ബോര്‍ഡ് ആര് പരീക്ഷിക്കും? അവര്‍ തമ്മില്‍ ചര്‍ച്ച ആയി, തടി മിടുക്കും തന്റേടവും ,വടവലി മത്സരത്തില്‍ ടീമിന്റെ ക്യാപ്ടനും,ആ മത്സരത്തില്‍ ഒന്നാം സമ്മാനമായി കിട്ടിയ ഒരു വലിയ പഴക്കുല ഒറ്റ ഇരിപ്പിന് അകത്തു ആക്കിയവനുമായ രെഘു വിനെ തന്നെ ഈ ദൌത്യം ഏല്‍പ്പിക്കാന്‍ തീരുമാനം ആയി.  ആയിടക്ക്  വളരെ വിരളം ആയി മാത്രം ബയോടെക്നോളജിയുടെ ക്ലാസ്സില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സിന്റെ ക്ലാസ്സില്‍ വന്നു കൊണ്ടിരുന്ന ബാഹുല്‍ നെ കൊണ്ട് ഓജോ ബോര്‍ഡില്‍ കോയിന്‍ വെപ്പിച്ചു.
എന്നിട്ട് രെഘു ഓജോ ബോര്‍ഡിലേക്ക് നോക്കി ഇങ്ങനെ ചോദിച്ചു "നിന്റെ പെരെന്താടി?????" ഒരു നിമിഷത്തെ ഇടവേളയ്ക്കു ശേഷം കോയിന്‍ പതിയെ അനങ്ങി തുടങ്ങി. കോയിന്‍  കയറി ഇറങ്ങിയ കളങ്ങളിലെ അക്ഷരങ്ങള്‍ കൂട്ടി വായിച്ച രെഘു, "ദേണ്ടെടാ അവള് വന്നു, ദേ എന്നെ വിളിക്കുന്നു  ,ബരീന്‍ എന്നല്ലേ കാണിക്കുന്നേ? ",   പോടാ ബരീന്‍ അല്ല ബീരാന്‍!!!!! ബീരാന്‍  ജയേഷ് തിരുത്തി..  എല്ലാരും ഞെട്ടി.. ചിലര്‍ മയങ്ങി വീണു. കാരണം വന്നിരിക്കുന്നത് ഫീമൈല്‍ പ്രേതം അല്ല, പരീക്ഷണം നടത്തിയവര്‍ എല്ലാം നിരാശരായി. വന്നിരിക്കുന്ന പ്രേതം മിസ്റ്റര്‍ ബീരാന്റെ ആണ്,അതായത് കൃത്യസമയത്ത് assignement വെക്കാത്തത് കൊണ്ട് ഇന്റെര്‍ണല്‍ മാര്‍ക്ക് കുറഞ്ഞു അണ്ടര്‍ സെക്ഷന്‍ ആയി പരീക്ഷയില്‍ തോല്‍ക്കും എന്ന് കരുതി അപമാന ഭയത്താല്‍ ആത്മഹത്യ  ചെയ്തു എന്ന് ചില മഞ്ഞപ്പത്രങ്ങള്‍ മാത്രം എഴുതി വിട്ട ,മഞ്ഞപ്പിത്തം വന്നു ചത്ത ബീരാന്‍ കുട്ടി..
"കോപ്പ് എന്തൊക്കെ പ്രതീക്ഷകള്‍ ആയിരുന്നു,എന്നിട്ട് വന്നതോ ഒരു പീറ പീരാനും !!" രേഘുവിനു കോപം അടക്കാന്‍ കഴിഞ്ഞില്ല അവന്‍ ആ ഒജോബോര്‍ഡും എല്ലാം കൂടെ എടുത്ത് പുറത്തേക്ക് ഒരു ഏറു വെച്ചു കൊടുത്തു, വിളിച്ചു വരുത്തിയ പ്രേതത്തെ തിരിച്ചു അയക്കാന്‍ അവര്‍ മറന്നു!!!! ബീരാന്‍ കുട്ടി ക്ലാസ്സില്‍!!! ഇനി എന്തും സംഭവിക്കാം!!
 [NB:-തുടരും....]

Wednesday, December 08, 2010

ദേവികയെ നീ അറിയുമോ?



ഡാ രമേശാ നമുക്ക് ഒരു സ്ഥലം വരെ പോകണം.
"എവിടേക്കാ? "

സാധാരണ അങ്ങനെ ഒരു ചോദ്യം രമേശന്റെ ഭാഗത്ത് നിന്നുമുണ്ടാകാത്തതാണ് ,പക്ഷേ ഇന്നെന്തോ അങ്ങനെ സംഭവിച്ചിരിക്കുന്നു.. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് ജയന്റെ ഭാവങ്ങളില്‍, പെരുമാറ്റങ്ങളിൽ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടെയിരുന്നു.ജയന്റെ മനസ്സ് മറ്റെങ്ങോ ആണെന്ന് മനസ്സിലാക്കാൻ ഉറ്റമിത്രത്തിനു കഴിയാതിരിക്കില്ലല്ലോ..  അതുകൊണ്ടൊക്കെയാണ് ഇന്ന് മറു ചോദ്യമെറിയേണ്ടി വന്നത്!

"നീ വാ.നമുക്ക് ഇറങ്ങാം,വണ്ടി ഞാനെടുക്കാം.." രമേശന്റെ  ചോദ്യത്തിനു മറുപടി പറയാതെ ജയന്‍ നടന്ന് തുടങ്ങി..

വർഷാവസാനമാണ്, വഴിയരികിലെ മരങ്ങള്‍ ഇലപൊഴിച്ചു നില്‍ക്കുന്നു,ചിലതില്‍ നിന്ന് ഇലകള്‍ പോഴിയുന്നുമുണ്ട് ,വണ്ടി മുന്നോട്ട് നീങ്ങുന്നതിനൊപ്പം ജയന്റെ ഓർമ്മകൾ പിന്നിലേക്ക് പോയി; ഇലകള്‍ കൊഴിയുന്ന പോലെ എത്ര വര്‍ഷങ്ങളാണ് കടന്നു പോയത്, വര്‍ഷങ്ങള്‍ മാത്രമല്ല അവളും, തന്റെ മാത്രമായിരുന്ന,അല്ലെങ്കില്‍ അങ്ങനെ നിനച്ചിരുന്ന ദേവുവും  


ഓര്‍മ്മയില്‍,ഒരു മനോഹര രൂപം തെളിഞ്ഞു, ചിരിക്കുമ്പോള്‍ ചെറുതായി നുണക്കുഴികള്‍ തെളിയാറുള്ള ,കൊച്ചു  കുട്ടികളെ പോലെ നിഷ്കളങ്കമായി സംസാരിക്കാറുള്ള തന്റെ പ്രിയ കൂട്ടുകാരി.. അടുത്തടുത്ത വീടുകള്‍ ആയിരുന്നു തങ്ങളുടേത്  എങ്കിലും തമ്മില്‍ ശരിക്കും അടുക്കുന്നത് ഒത്തിരി കഴിഞ്ഞിട്ടാണ്, തന്റെ വിചാരം,അവള്‍ ഭയങ്കര അഹങ്കാരിയും,വാചകക്കാരിയും ഒക്കെ ആണെന്നായിരുന്നു,ആ സംഭവം നടക്കുന്നത് വരെ..അന്ന്  8ല് പഠിക്കുമ്പോള്‍ സ്കൂള്‍ വിട്ടു ധൃതിയ്ല്‍ പോവുകയായിരുന്ന തന്റെ മുന്‍പില്‍ കണ്ട ആ സംഭവം തന്നെ അവളിലേക്ക് വല്ലാതെ അടുപ്പിച്ചു .. റോഡിന്റെ സൈഡില്‍ ആരോരും തുണയില്ലാതെ കിടന്നിരുന്ന ഒരു പാവം വൃദ്ധ യാചകിക്ക് സ്വന്തം കൈ കൊണ്ട് ഭക്ഷണം വാരി കൊടുക്കുന്ന അവള്..  അന്ന് മുതല്‍ എന്തോ ഒരു ആരാധന ആരുന്നു അവളോട്‌ തനിക്ക്.. പതിയെ പതിയെ അവളിലേക്ക് താന്‍ അറിയാതെ അടുത്തു ... തനിക്ക് ഏറ്റവും പ്രീയപ്പെട്ടവള്‍ ആയി മാറാന്‍ അധികം സമയം എടുത്തില്ല.. പക്ഷെ അവള്‍ക്ക് താന്‍ എല്ലാരേം പോലെ ഒരു സാധാരണ കൂട്ടുകാരന്‍ മാത്രം ആയിരുന്നു..ആ സത്യം തനിക്കു നന്നായി അറിയുവേം ചെയ്യുമായിരുന്നു.. സ്കൂള്‍ ജീവിതം കഴിഞ്ഞ താന്‍ തിരുനെല്‍വേലിയിലെ  ഒരു എഞ്ചിനീയറിംഗ് കോളേജില്‍  പഠിക്കാന്‍ പോയി അവള്‍ നാട്ടില്‍ തന്നെ ഉള്ള ഒരു ആര്‍ട്സ് കോളേജിലും ... 

ജയന്‍ പിന്നെയും ഓര്‍ത്തു ഒരു വെക്കേഷന്‍ പോലും താന്‍ വേസ്റ്റ് ആക്കിയിട്ടില്ല ..ഒരു അവസരം ഉണ്ടെകില്‍ താന്‍ നാട്ടില്‍ എത്തിയിരിക്കും,അവളെ കാണാന്‍ വേണ്ടി മാത്രം.. അങ്ങനെ ഉള്ള ഒരു വരവിലാണ് തന്റെ ഹൃദയം മുറിക്കുന്ന ആ സത്യം താന്‍ അറിയുന്നത്, അവള്‍ ഒരു പ്രേമത്തില്‍ കുടുങ്ങിയിരിക്കുന്നു, തന്നോടാണ് അവള്‍ ആദ്യം വന്നു പറയുന്നത്, "ഡാ ജയാ നീ ആണ് എന്റെ കൂട്ടുകാരില്‍ ഏറ്റവും നല്ലവന്‍, നീ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ, നീ പറ ഞാന്‍ അവനെ പ്രേമിച്ചത് തെറ്റായോ..?" ആരാണ് അവന്‍ എന്നോ, എവിടെ ഉള്ളവന്‍ ആണെന്നോ ഒന്നും തിരക്കിയില്ല ,ഒന്നും ചോദിച്ചില്ല , പിന്നീടു അവളോട്‌ ഒരു വാക്ക് പോലും താന്‍ മിണ്ടിയില്ല എന്നതാണ് ശരി.. 

പിന്നെ പിന്നെ താന്‍ നാട്ടിലേക്ക് വരാതായി.. ക്യാമ്പസ്‌ സെലക്ഷന്‍ കിട്ടി ബാംഗ്ലൂരില്‍ ഉള്ള ഒരു IT കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. ഈ മഹാ നഗരത്തില്‍ എത്തിയിട്ട് ഇന്നേക്ക്  5 വര്‍ഷങ്ങള്‍ ആകുന്നു, ഒറ്റക്കായിരുന്ന,ഇരുട്ട്  പിടിച്ചു  കിടക്കുവായിരുന്ന തന്റെ ജീവിതത്തില്‍ ഒരു വിളക്കായി രമേശന്‍ എത്തുന്നത് ഒരു കൊല്ലം മുന്‍പാണ്,  ഒരു പാവത്താന്‍, അവനില്‍ തനിക്ക് ഇഷ്ടപ്പെടാത്ത ഒരേ ഒരു കാര്യം പെണ്‍കുട്ടികള്‍ അവന്റെ ഒരു വിനോദ ഉപാധി എന്നത് മാത്രമാണ്,ആ വക കാര്യങ്ങള്‍ താന്‍ ശ്രദ്ധിക്കാനേ പോകാറില്ല ..

കഴിഞ്ഞ തിങ്കളാഴ്ച ആണ് തന്റെ സ്വൈര ജീവിതം തട്ടി  മറിച്ച ആ സംഭവം നടക്കുന്നത്... അവളെ താന്‍ വീണ്ടും കണ്ടു മുട്ടി.. എങ്ങോ സുഖമായി ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം കഴിയുന്നു എന്ന് താന്‍ വിശ്വസിച്ച തന്റെ ദേവു വഴിയരികില്‍ അഴുക്കില്‍ അതിലേറെ അഴുക്കും ദേഹത്ത് ആക്കി.. ഹോ!!!... 
അത് അവളാണോ എന്ന് താന്‍ സംശയിച്ചു.. ഉടനെ തന്നെ നാട്ടിലേക്ക് വിളിച്ചു, അപ്പോള്‍ ആണ് അറിയുന്നത്, നാട്ടില്‍ നിന്നും അവളുടെ ആ കാമുകനോടൊപ്പം ഈ മഹാനഗരത്തിലേക്ക് ഒളിച്ചോടിയിട്ട് ഇപ്പൊ 3 വര്‍ഷങ്ങള്‍ ആയി  എന്നത്.. പക്ഷെ ആ അവള്‍ എങ്ങനെ ഈ അവസ്ഥയില്‍..? ഒരു വണ്ടി വിളിച്ചു അപ്പോള്‍ തന്നെ,അടുത്തുള്ള ഒരു ഹോസ്പിട്ടലിലീക്ക് വിടാന്‍ പറഞ്ഞു  ... അവളോടൊപ്പം ഉണ്ടായിരുന്ന ആ ഭാണ്ടക്കെട്ടും താന്‍ എടുത്തു .. വളരെ വളരെ അവശ ആരുന്നു അവള്‍.. ദിവസങ്ങളോളം ഭക്ഷണം കഴികാതെ മൃതപ്രായ ആയിരുന്നു തന്റെ ദേവൂട്ടി ... വണ്ടിയില്‍ വച്ച് അവള്‍ തന്റെ തോളിലേക്ക് തല ചായിച്ചപ്പോള്‍ മനസ്സ് അറിയാതെ പറഞ്ഞു പോയി, എന്റെ പ്രീയ കൂട്ടുകാരി,എത്രയോ ആഗ്രഹിച്ച ഒരു കാര്യമാരുന്നു ഇത്, നീ എന്റെ തോളില്‍ തലയും ചായ്ചു ഉറങ്ങുന്നതും,മറ്റും.. ഹോസ്പിടല്‍ അടുക്കാരായപ്പോള്‍ പതിയെ പാവത്തിന്റെ തല ഉയര്‍ത്താന്‍ നോക്കി, തണുത്ത് മരവിച്ചിരിക്കുന്നു അവളുടെ ദേഹം.. പാവം ഈ ലോകം വിട്ടു പോയികഴിഞ്ഞിരുന്നു,അപ്പോഴേക്കും..

പൊതുശ്മശാനത്തില്‍ അവളെ അടക്കിയപ്പോള്‍ തന്റെ കണ്ണില്‍ നിന്നും പൊഴിഞ്ഞത് കണ്ണുനീര്‍ ആയിരുന്നില്ല,രക്തം ആയിരുന്നു.. ഇങ്ങനെ ഒരു അവസാനം അവള്‍ക്ക് ഉണ്ടാകുമെന്ന്‍ സ്വപ്നത്തില്‍ പോലും താന്‍ കരുതിയിരുന്നില്ല.. 



"ഡാ ജയാ പറയെടാ എവിടേക്കാ നമ്മള്‍ പോകുന്നത്? ഇത് കുറെ നേരം ആയല്ലോ നമ്മള്‍ യാത്ര തുടങ്ങിയിട്ട്..രമേശന്റെ ആ ചോദ്യം ജയനെ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ത്തി .. 
"പറയാം..പറയാം.അതിനു മുന്‍പ് ഒന്ന് ചോദിച്ചോട്ടെ...    "
"നീ ദേവികയെ അറിയുമോ? "
രമേശന്‍ ഒന്ന് ഞെട്ടി..
"ദേവികയോ അതാരാ? അറിയില്ലാ .. "
"ദേവികയെ,എന്റെ ദേവൂനെ നിനക്കറിയില്ല അല്ലേടാ ......." 
അലറുകയായിരുന്നു ജയന്‍... 
"ഇനി നിന്റെ ആദ്യ ചോദ്യത്തിനുത്തരം,  നമ്മള്‍ പോകുന്നത് തിരിച്ച വരാന്‍ പറ്റാത്ത  ഒരു  ലോകത്തേക്ക്....... ,ഇനി ആര്‍ക്കും എന്റെ ദേവൂന്റെ അവസ്ഥ വരാതിരിക്കാന്‍..."
പൊടുന്നനെ കാറിന്റെ സ്പീഡ് ജയന്‍ നന്നായിട്ട് ഉയര്‍ത്തി..  ഇടതു വശത്തുള്ള മെറ്റല്‍ കൂമ്പാരത്തില്‍ തട്ടി  ആ കൊക്കയിലേക്ക് കാറും അവരും........

[NB-അവളുടെ ഭാണ്ടക്കെട്ടില്‍ നിന്നും ജയന് ഒരു കുറിപ്പും ഫോട്ടോയും ലഭിച്ചിരുന്നു, ഫോട്ടോ രമേശന്റെത് ആയിരുന്നു, കുറിപ്പ് ഇപ്രകാരവും , എന്നെ ചതിച്ചവന്‍...]
Related Posts Plugin for WordPress, Blogger...