പാർക്കിൽ പേരറിയാത്ത ഒരു വലിയ മരത്തിനു ചുറ്റും കെട്ടിയിരിക്കുന്ന സിമന്റ് തറയിൽ ഇരിക്കുകയാണ് ഞാൻ സമയം 5,ഇരുപ്പിന്റെ ഉദ്ദേശം മറ്റൊന്നുമല്ല സർഗ്ഗാത്മകതയെ ഉദ്ദീപിപ്പിക്കൽ എന്നതൊന്ന് മാത്രാണ്. ഒരു സീരിയസ്സ് പ്രണയകഥയ്ക്ക് പറ്റിയ ഒരു ടോപ്പിക്ക് മനസ്സിലേക്ക് വീണുകിട്ടിയിട്ട് കുറച്ചു നാളുകളായിരിക്കുന്നു. അതിനെ ഒന്നു ഡെവലപ്പ് ചെയ്ത് നല്ല ഒരുത്പന്നമാക്കി മാറ്റണമെന്ന അത്യാഗ്രഹം എന്റെ ഉറക്കം കെടുത്തി തുടങ്ങിയിരുന്നു. അങ്ങിനെ താടിയും തടവി അകലങ്ങളിലേക്ക് നോക്കി ചിന്തിച്ചിരുന്ന എനിക്ക് മനസ്സിലായി ഇങ്ങിനൊന്നും ഇരുന്നിട്ടോ പേന കൊണ്ട് തല ചൊറിഞ്ഞിട്ടോ ഒരു കാര്യോം ഇല്ലാന്ന്. ഇങ്ങിനെ കുണ്ഠിതപ്പെട്ട് ഇരിക്കുന്നതിനിടയിൽ എന്റെ ശ്രദ്ധ കുറച്ച് അപ്പുറത്തേക്ക് പതിഞ്ഞു.
എന്റെ ഇടത് ഭാഗത്തായി അധികം അകലെയല്ലാതെ മഞ്ഞടീഷർട്ടിട്ട ജീൻസിട്ട സുന്ദരിയായ ഒരു പെൺകുട്ടിയും സുന്ദരനായ ഒരാൺകുട്ടിയും ഇരിക്കുന്നു.പെൺകുട്ടി കൊഞ്ചിക്കുഴയുന്നുണ്ടെങ്കിലും അവൻ ഡീസന്റാണെന്ന് തോന്നി, അനാവശ്യമായ കൈ കടത്തലുകളൊന്നും അവന്റെ ഭാഗത്ത് നിന്നും ഉണ്ടായതേയില്ല. എഴുത്തിനിടയിൽ തല ചെരിച്ച് അവരെ നോക്കുമ്പോഴൊക്കെ അവന്റെ കണ്ണുകളുമായി എന്റെ കണ്ണുകൾക്ക് വഴക്കടിക്കേണ്ടി വരുന്നുണ്ട്. അത്യാവശ്യം ആൾ ജിമ്മാണെന്ന് തോന്നുന്നു,ലവൻ എഴുന്നേറ്റ് വന്ന് രണ്ട് ചാമ്പ് ചാമ്പിയാൽ കൊണ്ടോണ്ടിരിക്കാനേ എനിക്കാവൂ എന്നത് നൂറ്റിപ്പത്ത ശതമാനം പരമാത്രം. ഛേ പരമാക്രി... ശ്ശോ അത് വേണ്ട സത്യം., പെട്ടന്നാണ് അവൻ പെൺകുട്ടിയുടെ വലത് ഭാഗത്തേക്ക് മാറിയിരുന്നത്, അവളെ എന്റെ ദൃഷ്ടി പഥത്തിൽ നിന്നും മറച്ച് കളയുകയായിരുന്നു അതിനു പിന്നിലെന്ന് തോന്നിപ്പോയി. അത് ജഗതി പറയും പോലെ "എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്". അവർക്കറിയില്ലല്ലോ ഒരു ബ്ലോഗറുടെ ഉദ്വേഗമൊന്നു മാത്രാണ് ആ നോട്ടത്തിനു പിന്നിലെന്ന്. നമ്മൾ കരുതുന്ന പല വായ്നോക്കികളും സത്യത്തിൽ ബ്ലോഗേർസാവാം ല്ലേ? എനിക്ക് തോന്നിപ്പോവുകയാണ്.
പെൺകുട്ടിയുടെ കയ്യിൽ ഒരു ഡ്രൊയിങ്ങ് ബുക്കുണ്ട്, അവളതിൽ എന്തൊക്കെയോ വരയ്ക്കുന്നു, അവൻ പെൻസിൽ തട്ടിയെടുക്കാൻ ശ്രമം നടത്തുണ്ട്, അവളുടെ കായബലത്തിൽ അവൻ പരാജിതനാകുന്നതായി അഭിനയിക്കുകയും വേദന അഭിനയിക്കുകയും ചെയ്യുന്നു,അതവൾക്ക് നന്നേ രസിച്ചിരിക്കുന്നു, അവളുടെ ചിരിയും ഈ മരത്തിലെ ഇലകളുടെ കലപിലയും ഒരു പോലെ തോന്നിപ്പോയി. ഒരു ഇളം കാറ്റ് എന്നെ സ്പർശിച്ച് കടന്ന് പോയി. അല്ലെങ്കിലും ഈ ഇളം കാറ്റിങ്ങനാ ഇത്തരം അവസരങ്ങളിൽ എവിടന്നേലും വന്ന് തഴുകീട്ടും പോവും,അടുത്തെങ്ങും തെങ്ങില്ലാത്തോണ്ട് തേങ്ങാക്കുലകളൊന്നും ആടീല്ല.
കടുവേനെ കിടുവ പിടിക്കയോ... കുറച്ച് മാറി എന്റെ വലത് ഭാഗത്തായി ഞാൻ തണലു കൊണ്ടിരിക്കുന്ന അതേ മരത്തിന്റെ ചുവട്ടിൽ തന്നെ മൂന്ന് പെൺകുട്ടികൾ, അതിലൊരുവൾ എന്നിലേക്ക് മുഖം തിരിച്ചാണിരിക്കുന്നത്, രൂക്ഷായി അങ്ങട് നോക്കിയിട്ട് പോലും അതിനൊരു കൂസലുമില്ല. ഒരു പ്രായം ചെന്ന അപ്പൂപ്പൻ കപ്പലണ്ടി വിൽക്കാനായി എന്റെ അരികിൽ വന്നു, ശ്രദ്ധ അല്പ നേരത്തേക്ക് അദ്ദേഹത്തിലായി. 5 രൂപയ്ക്ക് വാങ്ങിയ കപ്പലണ്ടിയും കൊറിച്ചു കൊണ്ട് ഞാൻ വീണ്ടും എഴുത്തിലേക്ക് ശ്രദ്ധ തിരിച്ചു, ഇടയ്ക്ക് വലത് ഭാഗത്തേയ്ക്ക് തല ചെരിച്ചു നോക്കി, ആ മൂന്ന് പിള്ളാരുമിപ്പോൾ എന്നെ ശ്രദ്ധിക്കുന്നു, എന്റെ മുഖത്തേക്കും പിന്നീട് ഈ ബുക്കിലേക്കും. എന്താണ് ഞാൻ ഈ കുത്തിപ്പിടിച്ച് എഴുതുന്നത് എന്നറിയാനുള്ള ആകാംഷയായിരിക്കും. വല്ല ആത്മഹത്യാ കുറിപ്പോ മറ്റോ ആകാം എന്നവരൊരു നിഗമനത്തിലും എത്തിയിരിക്കാം, വല്ല ഊശാൻ താടിയോ ജുബ്ബയോ തുണി സഞ്ചിയോ മറ്റോ എന്റെ പക്കൽ ഉണ്ടായിരുന്നുവെങ്കിൽ ഈ തോന്നൽ അവർക്ക് വരികയില്ലായിരുന്നു. ഹും.
കടലിലൂടെ ( കടലാണോ കായലാണോ ആ..) ബോട്ടുകൾ തലങ്ങും വിലങ്ങും പോകുന്നു, ചിലവയിൽ നിന്നും ഗൈഡിന്റെ വിവരണം ഉയർന്നു കേൾക്കാം. എല്ലാ ബോട്ടുകളിലും നിറയെ ആളുകൾ ഉണ്ട്. കപ്പിൾസാണധികവും.
ഇവിടെ എവിടേക്ക് നോക്കിയാലും പ്രണയമാണ്. മനുഷ്യരും പ്രകൃതിയും ഒരേ പോലെ പ്രണയിക്കുന്നു. പക്ഷേ ചില മനുഷ്യരുടേത് പ്രണയമല്ലാട്ടൊ, കാമം മാത്രമാണ്.കഴിഞ്ഞയാഴ്ച കണ്ട മുടി നീട്ടി വളർത്തിയ പയ്യനെ ഇന്ന് ഞാൻ വീണ്ടും കണ്ടു, ഇന്ന് അവന്റെ കൂടെ വേറൊരു പെൺകുട്ടിയാണ്. കഷ്ടം.
സമയം 6 ആകുന്നു, പാർക്കിൽ പൊതു ജനങ്ങൾക്ക് ചിലവഴിക്കാവുന്ന സമയം കഴിയാറായിരിക്കുന്നു.മഞ്ഞ ടീ ഷർട്ടിട്ട പെൺകുട്ടി തന്റെ ബുക്ക് ബാഗിലേക്ക് എടുത്ത് വെച്ചു, ഇരുവരും തിരികെ പോകാനുള്ള തയ്യാറെടുപ്പിലാണ്. ഞാനും പതിയെ എഴുന്നേറ്റു. അവരോടും ആ മൂന്നു പെൺകുട്ട്യോളോടും മനസ്സിൽ റ്റാ റ്റ പറഞ്ഞു പാർക്കിനു വെളിയിലേക്ക് ഞാൻ ഇറങ്ങി.
[NB: ഹാപ്പി വാലന്റൈൻസ് ഡേ ഡിയർ ഫ്രെണ്ട്സ്.. ഒരു പൂർണ്ണതയില്ലാത്ത കുറിപ്പായിപ്പോയ് ആരും തല്ലരുത് :-)]
തല്ലേണ്ട കാര്യമൊന്നുമില്ല ..കുറിപ്പ് നന്നായി. ഒറിജിനല്‍ പ്രണയത്തിനും ഡ്യൂപ്ലിക്കേറ്റ് പ്രണയത്തിനും പ്രണയ ദിനാശംസകള്‍ ......:))
ReplyDeleteകണ്ണാ ... ആ മൂന്നെണ്ണത്തില്‍ ഒന്നിനെയെങ്കിലും വളച്ചു എന്ന് എഴുതാമായിരുന്നു .. എന്തായാലും കുറിപ്പല്ലേ, വാലന്‍ന്റൈന്‍ ഡേ അല്ലെ, പച്ച നുണയാണെന്ന് ഞങ്ങള്‍ക്ക് മനസ്സില്‍ ആകുമെങ്കിലും സില്മേല്‍ ഒക്കെ കാണുന്ന പോലെ ഒരു ഹാപ്പി എന്ടിംഗ്...
ReplyDelete@YUNUS.COOL ഏയ് സത്യായിട്ടും ഇതിൽ ഭാവനേടെ ഒരു കണികേം ഇല്ല, സ്പോട്ടിൽ ഇരുന്നെഴുതിയതാ ഇത്രേം.. ആ പടം മാത്രേയുള്ളൂ എക്സ്റ്റ്രാ ഫിറ്റിങ്ങ്
ReplyDelete'അല്ലെങ്കിലും ഈ ഇളം കാറ്റിങ്ങനാ ഇത്തരം അവസരങ്ങളിൽ എവിടന്നേലും വന്ന് തഴുകീട്ടും പോവും,അടുത്തെങ്ങും തെങ്ങില്ലാത്തോണ്ട് തേങ്ങാക്കുലകളൊന്നും ആടീല്ല'
ReplyDeleteകലക്കീട്ടാ.... :)
പ്രണയദിനാശംസകള്‍
കണ്ണാ, രൂക്ഷമായി നോക്കിയിട്ടും ഒന്നിനെ പോലും വളച്ചില്ല അല്ലേ, അല്ലെങ്കിലും വളക്കാന്‍ കാര്‍വര്‍ണ്ണന്‍ തന്നെ വേണം.
ReplyDeleteആശംസകളോടെ..
ഇതെനിക്കിഷ്ടമായി...
ReplyDeleteകാര്യമായി ഉള്ളില്‍ ഒന്നുമില്ലായിരുന്നെങ്കിലും അവതരണം കിടു വായിച്ചിരിക്കാന്‍ വല്ലാത്ത സുഖം പക്ഷെ ഒടുക്കം കൊണ്ട് കളഞ്ഞു
ReplyDeleteവിരഹമേ കൂയ്
ReplyDeleteസ്പോട്ടില്‍ ഇരുന്ന് എഴുതിയതുകൊണ്ടാവാം സൂക്ഷ്മനിരീക്ഷണപാടവം പ്രദര്‍ശിപ്പിക്കുന്നുണ്ട് ഈ പോസ്റ്റ്.... അതുകൊണ്ട് രസകരമായ ഒരു വായനയും കിട്ടി.
ReplyDeleteപ്രണയദിനാശംസകള്‍- ഈ പ്രണയദിനത്തിന്റെ അവസാന നിമിഷം...
പ്രണയിച്ചു പാഴാക്കി കളഞ്ഞ നിനക്ക് ആശംഷകള്‍ ഇല്ലാ എന്നാലും എഴുത്തിന് ആശംഷ നേരത്തെ കേട്ടാ അതെന്നെ
ReplyDeleteഎഴുത്ത് നന്നായി ഗഡീ ..
ReplyDeleteപ്രണയ ദിന ആശംസകള്‍
നന്നായി കണ്ണേ ...
ReplyDeleteനന്നായി
ReplyDeleteനന്നായി
ReplyDeleteകണ്ണാ...ഒരു പൊസ്സ്റ്റിന്റെ വരവേ...ചില അനുഭവങ്ങൾ...ചില ചിന്തകൾ ഇതൊക്കെയണല്ലോ..രചനകളായി മാറുന്നത്..മെറൈൻ ഡ്രൈവിൽ വച്ച് എനിക്കോരു അനുഭവം ഉണ്ടായി..അവിടെത്തെ ചാരു കസേരയിൽ ഇരിക്കുംബൊൽ രണ്ടു പെൺകുട്ടികൾ വന്നു എന്റെ അടൂത്തിരുന്നു.അവർ എന്നെ അടുത്തുള്ള ബേക്കറിയിൽ നിന്നു മുതലെ എന്നെ പിന്തുണ്ടരുന്നതായിരുന്നു.എന്റെ പേഴ്സിൽ കുറച്ചു പണം ഉള്ളത് അവർ കണ്ടിരുന്നു.എന്നോട് അവർ വിശേഷങ്ങൾ ഒക്കെ ചോദിച്ചു..എന്തോ പന്തികേടു തോന്നിയ ഞാൻ പതുക്കെ പിന്മാറി.കുറച്ചു കഴിഞ്ഞപ്പോ ഞാൻ ആ വഴി വേണ്ടും ചെന്നു അപ്പോൾ അവർ മറ്റോരാളുമായി..കംബനിയിൽ ആയിരുന്നു..
ReplyDeleteമറൈന്‍ഡ്രൈവില്‍ നമ്മളിരുന്ന ആ വൈകുന്നേരത്തിനും കഴിച്ച മുളകുബജിയും കുടിച്ച കാപ്പിയ്ക്കും പറഞ്ഞ പ്രണയകഥകള്‍ക്കും കുഞ്ഞു രസങ്ങള്‍ക്കും എല്ലാം നന്ദി പറയുന്നു കണ്ണാ... ഇനിയും കാണാം..... ഒരു ദിവസം......
ReplyDeleteഈ എഴുത്തു രസമായി ടാ...
പ്രണയം ഒരിക്കലും പാഴാക്കികളയാനുള്ള ഒന്നല്ല..കേട്ടൊ കണ്ണാ
ReplyDelete