Thursday, March 03, 2011

ഒരു സായാഹ്നത്തില്‍

തീരത്തെ ഇടയ്ക്കിടെ ആശ്ലേഷിച്ചു പിന്‍വാങ്ങുന്ന തിരകള്‍ നോക്കി നില്‍കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു സുഖവും സന്തോഷവും ആണ്...
കരയും കടലും എന്നും പ്രണയത്തില്‍ ആയിരിക്കാം,ആയിരിക്കാം എന്നല്ല ആണ്,ചില പൊട്ടലുകളും ചീറ്റലുകളും ഉണ്ടാവാറുണ്ടെങ്കിലും..

കര പെണ്ണും കടല്‍ ആണും ആയിരിക്കാം അല്ലെ,അതോ തിരിച്ചാണോ? കടലിന്റെ കയ്യുകള്‍ ആയിരിക്കാം തിരകള്‍ ല്ലേ? അപ്പൊ കരയുടെ കയ്യുകള്‍ എന്തായിരിക്കാം?... മറ്റൊരാളുടെ പ്രണയ സല്ലാപങ്ങള്‍ നോക്കി നില്‍ക്കുന്നത് തെറ്റാണോ?.. എങ്കില്‍ ആ തെറ്റ് ഈ രീതിയില്‍ ഇടയ്ക്കിടെ ചെയ്യാറുണ്ട് ഞാന്‍...


പതിവ് പോലെ അന്നും ആ നിഷ്കളങ്കമായ പ്രണയ സല്ലാപം കാണാന്‍ ഞാന്‍ പോയിരുന്നു..തിരകള്‍ നോക്കി,അസ്തമയ സൂര്യനെ നോക്കി,അങ്ങനെ നില്‍ക്കേ പെട്ടെന്നാണ് പൊങ്ങി ഉയര്‍ന്ന തിരയില്‍ ഒരു തിളക്കം ശ്രദ്ധയില്‍ പെട്ടത്..വ്യക്തമായില്ല ആദ്യം..ഒന്ന് കൂടി സൂക്ഷിച്ചങ്ങനെ നോക്കിയപ്പോള്‍ മനസ്സിലായി ഒരു മുത്താണ്..അത് ആ തിരകളുടെ മുകളില്‍ തത്തിക്കളിക്കുന്നു.. ഉള്ളു ശുദ്ധമായ ഭാരമില്ലാത്ത ഒരു മുത്താവണം..കണ്ടപ്പോള്‍ വല്ലാണ്ട് കൊതിച്ചു പോയി,അത്രക്കുണ്ടായിരുന്നു അതിന്റെ മഹിമ..കിട്ടിയിരുന്നു എങ്കില്‍ എന്ന് ആശിച്ചു.. ഒരു തിരയില്‍ പെട്ട് അത് തീരം വരെ എത്തിയതാണ്.. ഓടി ചെന്നപ്പോഴേക്കും കടലിന്റെ വികൃതി പൂണ്ട കയ്യ്‌ എന്നെ പറ്റിച്ചു കളഞ്ഞു..ആ തിരയുടെ തിരിച്ചു പോകലില്‍ ആ മുത്തു കടലിലേക്ക്‌ തന്നെ പോയി... അടുത്ത തിരയില്‍ കടലിന്റെ കളിയാക്കിയുള്ള ചിരി ഒളിഞ്ഞിരുപ്പുണ്ടായിരുന്നു..

പിന്നെയും കുറെ കാത്തു... കടലിന്റെയും കരയുടെയും പ്രണയ സല്ലാപങ്ങള്‍ പിന്നീട് എനിക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ല... അവയെ ശ്രദ്ധിക്കാഞ്ഞിട്ടുള്ള പരിഭവം ആവണം തിരയുടെ ശക്തി കൂടി കൂടി വന്നു കൊണ്ടിരുന്നു... പാദം മാത്രം നനയിച്ചു പിന്‍വാങ്ങിയിരുന്ന കടല്‍ ഇപ്പോള്‍ എന്നെയും കൂടെ കൊണ്ട് പോകും എന്ന അവസ്ഥയിലേക്ക് മാറാന്‍ തുടങ്ങി... ഒന്ന് മൈന്‍ഡ് ചെയ്യാതിരുന്നതിനു ഇത്രക്കും ദേഷ്യമോ? എന്തായാലും എന്റെ പ്രീയ സുഹൃത്തേ കടലേ നിന്റെയും നിന്റെ പ്രിയയുടെയും പ്രണയ ലീലകള്‍ ഇന്നെനിക്കു പൂര്‍ണ തോതില്‍ ആസ്വദിക്കാന്‍ കഴിയുന്നില്ല... ഒക്കുമെങ്കില്‍ എന്റെ മുന്നില്‍ ആ മുത്തിനെ നീ എത്തിച്ചു താ....


കുറച്ചു കഴിഞ്ഞ് പോകാനായി തിരിഞ്ഞപ്പോള്‍ ആ തിളക്കം,ആ മുത്തുച്ചിപ്പി അതാ മുന്നില്‍,തീരത്ത് ആ പഞ്ചാര മണലില്‍. ഇരു കയ്യുകളാലും കോരി എടുത്ത് നെഞ്ചോടു ചേര്‍ത്തു അതിനെ,ഒരിക്കലും കടലിനു തിരികെ കൊടുക്കില്ല എന്നുറപ്പിച്ചു!.. കടലേ കാര്യം ശരിയാ നീ തന്ന സമ്മാനം ആണ്!!!.


[NB:വെറുതെ ഒരു വട്ട്....ശരിക്കും തിരിയുമ്പോള്‍ മുത്ത് ആ മണലില്‍ ഉണ്ടായാല്‍ മതിയായിരുന്നു...]
Related Posts Plugin for WordPress, Blogger...