Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Saturday, December 05, 2015

ദൈവം

​ധൂളിയായിരുന്നന്ന് ഞാനുമെൻ പ്രിയരും
തണുപ്പേറിയ നാളുകളിലെന്നോ ഒന്ന് ചേർന്നാ ബന്ധം ദൃഢമായ്
മഴയാലുമലയാലുമൊരുക്കപ്പെട്ട-
നാളുകളൊന്നൊന്നായ് പോകപ്പോകെ,
ശേഷം ജനിച്ച് വളർന്നയായിരുകാലികൾ
ഞങ്ങൾക്ക് സ്ഥാനമാറ്റം സമ്മാനിച്ചു
രൂപമാറ്റത്താലും കൂട്ടിച്ചേർക്കലാലും
മറയായും തറയായും അവരെയവർ മാറ്റി.
കൂട്ടത്തിൽ ഉപേക്ഷിക്കപ്പെട്ടവനായാ-
മാലിന്യക്കൂമ്പാരത്തിൽ
ഒരു മൂലയിലായ്പിന്നെയും
കാലചക്രക്കറക്കമെണ്ണി ഞാനും
ഒരു  രാത്രി ഒരുവനെന്നെയാ മരത്തിൻ
ചുവട്ടിലെത്തിച്ചു. ചുവന്ന ഹാരവും,തിലകക്കുറിയും
തീ നാളവും ഒപ്പമേകി
അടുത്ത പകലിനെന്നെയത്ഭുതത്തോടെയും,ഭക്തിയോടെയും
കാണുന്ന കണ്ണുകളിലിനെണ്ണം കൂട്ടി.
അർക്കനസ്തമിച്ചുദിക്കുന്നതിനോടൊപ്പമെന്റെ
ആടയാഭരണങ്ങളിലും ചുറ്റുപാടിലും മുന്നേറ്റമുണ്ടായി
കുടിക്കാനും കഴിക്കാനുമാവില്ലെങ്കിലും
കിട്ടുന്ന പാലിനും വെണ്ണയ്ക്കും കണക്കില്ലാതായ്
ഇനിയൊരു സ്ഥാനഭ്രംശം
സംഭവിക്കാത്തിടത്തോളം സുരക്ഷിതനായ്.
പൂജയായ്, കാവലായ്, കാണിക്ക വഞ്ചിയായ്
ജീവനെടുക്കാനും വെടിയാനുമാളുകളായ്
ഇഷ്ടക്കേടുകളുമിഷ്ടങ്ങളുമേറെയായ്
അങ്ങിനെ ഞാനൊരു വലിയൊരു ദൈവമായ്
      *     *      *     *      *      *
ഇഷ്ടക്കേടുകളെതിർക്കാനൊരു കൂട്ടരുമൊപ്പമുണ്ടായ്.
മാംസവുമശുദ്ധിയുമിഷ്ടമല്ലെ-
ന്നുള്ളതെതിർക്കാനിന്നവർ
സംഘം ചേരുന്നുന്നുവത്രേ, മാംസം കഴിക്കുന്നുവത്രേ!
ഹാ കഷ്ടം ഹിംസ നമുക്ക് നിഷിദ്ധമല്ലേ!
ഇന്ന് ഞാൻ കൂടുതൽ ശക്തനാകും
നിരവധി നരബലികളാൽ
ശക്തനാകും,സന്തുഷ്ടനാകും.
ചുടു ചോരയാലിന്ന്
ഞാനെൻ ഭക്തരുടെ ദാഹമടക്കും
അവരെനിക്ക് ജയ് വിളിക്കും.​

Saturday, May 09, 2015

സ്വപ്നങ്ങളുടെ പൂന്തോട്ടത്തിനപ്പുറം യാഥാർഥ്യങ്ങളുടെ മരുഭൂമിയുണ്ട്..

മഴ പെയ്തു.. 
ശേഷം കാറ്റ് വീശി... 
പിന്നെ മഞ്ഞ് വീണു... പാവമാ വൃക്ഷം ആദ്യം നനഞ്ഞു, 
ഉലഞ്ഞു, പിന്നെ ഉറഞ്ഞു.. ഇനി വെയിലാണ്... അതിലുരുകും..കൊഴിയും....

Saturday, March 09, 2013

മഴ



ചിലപ്പോൾ ഓർമ്മകളൊരുമിച്ച് കൂടി
ഘനീഭവിച്ചൊരു മഴ പെയ്യും,
അപ്പോൾ മനസ്സൊരു മയിലാകും,
പീലികൾ കൊഴിഞ്ഞൊരു മയിൽ,
ആടാനാവാതെ, കാണാനാളില്ലാതെ
മഴ തോരുവോളം മാനം
നോക്കിയൊരു നിൽപ്പാണ് പിന്നെ....


Thursday, May 24, 2012

മറ്റൊരു കഥ തുടങ്ങും വരേയ്ക്കും



മറയ്ക്കാൻ മറന്നതും
മറക്കാൻ മറന്നതും
മണ്ണിൽ കുരുത്തതും
മാനത്ത് കണ്ടതും
മനമതിൽ മൊട്ടിട്ടതും
മലരായ് വിരിഞ്ഞതും
മധുരം നുണഞ്ഞതും
മദിരയിൽ മുങ്ങിയതും
മഴയായ് പെയ്തതും
മയിലായ് ആടിയതും
മഞ്ഞായ് മാഞ്ഞതും
മൊഴിയിൽ പൂത്തതും
മിഴിയിൽ കണ്ടതും
മാ-ന്തണലത്ത് നിന്നതും
മാഞ്ചുനയാൽ ചിരി 
മാഞ്ഞതും
മടുപ്പായതും
മടി പിടിച്ചതും
മിടുക്കായതും പിന്നെ
മുടക്കാതായതും
മറ്റിങ്ങിനെയെല്ലാമെല്ലാം
മറ്റൊരു കഥയതു തുടങ്ങും വരേയ്ക്കും
മാത്രം.....




[ NB: സത്യം മാത്രം!  ]

Monday, May 21, 2012

കരമെന്നിൽ തരുകെങ്കിൽ..



കരമെന്നിൽ തരുകെങ്കിൽ
അരികത്തായായിരം 
ഇരവും പകലും
കരയാതെ കഴിയാമെന്നഴകേ


മിഴിവേറുംചിത്രങ്ങളഴിയാതെ
കൊഴിയാതെ കാക്കാമിനി- 
ഒന്നായെന്നും.
കനവുകളൊന്നൊന്നായ് 
കാണാമൊപ്പം
അവയിൽ പലവുരു 
പലലോകം ചുറ്റാം.


അലകളടങ്ങാമാഴിയെപ്പോലെ
കനവുകളുള്ളിൽ നെയ്യാം
ഇരു മെയ്യുകളതിൽ നിറയെ
ഒരാത്മാവിനെ
പങ്കിട്ട്,ഭാഗിച്ചു വെക്കാം


പറയരുത് അറിയരുത് 
കാറ്റ് പോലുമീ പ്രണയം,
നീയെന്നിലേക്കെത്തുന്ന 
നേരത്തായിരം മലരുകളൊന്നായ്
വിരിയണമന്ന്.


പഞ്ചാഗ്നി ജ്വാലയേക്കാൾ 
ശോഭയേറും പൂവേ
നിന്നാരാമമെങ്ങെന്ന് ചൊല്ലുകിൽ
എന്നരുമ ഹംസത്തെ 
അയച്ചിടാം ദൂതുമായ്
നൽകിടാം എന്നഭ്യർത്ഥന
ആക്കിടാനായ് 
ഉദ്യാനപാലകനായെന്നെന്നേയ്ക്കും.


കനവുകളിലന്ന് ഞാൻ

കണ്ടൊരാ സ്വപ്നത്തിൽ നീ
റാണിയായ് വന്നത്
നിന്നത് ചൊന്നത്
എല്ലാമിന്നെന്നിലേക്കെത്താൻ
കാരണമൊന്നതെന്തെന്ന്
പറയില്ല പലവുരു 
ചോദ്യശരമെയ്താലും 
പിണങ്ങിയാലും........




[NB: ജീവിതവും ഈ എഴുത്തും തമ്മിൽ ബന്ധമില്ല,its  just a try :) ]

Thursday, December 22, 2011

ഒത്തിരി-ഇത്തിരി


നേടുവാനൊത്തിരി

നേട്ടമേൽക്കുവാനിത്തിരി

നിലനിൽക്കാനിത്തിരി

നീല നിറമൊത്തിരി

കക്കുവാനാളൊത്തിരി

കാക്കുവാനില്ലിത്തിരി


രാഷ്ട്രീയക്കാരൊത്തിരി


രാഷ്ട്രമൊന്നെന്ന ബോധമിത്തിരി

പണമില്ലാപിണങ്ങളൊത്തിരി

ഹൃത്തില്ലാ പണക്കാരുമൊത്തിരി

അതിരുകൾ-മനസ്സിലും മണലിലുമൊത്തിരി

നീരുറവകൾ-മനസ്സിലും മണലിലുമിത്തിരി

വാളുകൾ,കുന്തങ്ങൾ,ആയുധങ്ങളൊത്തിരി

പൂവുകൾ,പൂമ്പാറ്റകളിത്തിരി

ചിരികളിത്തിരി

നെടുവീർപ്പ്,ആശങ്കകളൊത്തിരി

എന്നായ്ത്തീരും-ഒത്തിരികളിത്തിരികളും

ഇത്തിരികളൊത്തിരികളും??!!



[NB:എന്നായ്ത്തീരും-ഒത്തിരികളിത്തിരികളും ഇത്തിരികളൊത്തിരികളും??!! എനി ഐഡിയ?!]

Wednesday, November 09, 2011

കാമം ജയിക്കുന്ന കാലം


രുളിലൊരു പെണ്ണുടലിനെ തിരയുമൊരുവൻ
പകലിലൊരു പൈതലിനെ തിരയുമപരൻ
കാലമുരുളുന്നു കാമവെറി പെരുകുന്നു
വികാരമാ മാനവ വിവേകത്തെ ജയിച്ചിടുന്നു,
പിന്നെയാ മനസ്സിൽ വിഷമേറ്റിടുന്നു
വിലാപ കാവ്യങ്ങൾ ഉയിർത്തിടുന്നു
വികലമാമംഗമുള്ളവനും 
അനങ്ങിടാൻ കഴിയാത്തവനും
പെണ്ണുടലുകണ്ടാലുശിരേറിടുന്നു!
അധികാരമുള്ളവനും 
തലചായ്ക്കാനിടമില്ലാത്തവനും
തേടിടുന്നു പെണ്ണിനേയും പിഞ്ചിനേയും.
ഒളിച്ചിരുന്നു പിടിച്ചു തിന്നും കാട്ടുപുലിക്കും
ഓടിയൊളിച്ചിടാനാകാത്ത പേടമാനിനും
പര്യായമായിടുന്നു അഭിനവ മാനവനും പാവമിരയും
അറുപതിനേയും ആറിനേയും ഇന്ന്-
പിറന്നു വീണ പൈതലിനേയും 
ഭോഗിച്ചിടുന്നു അന്യനും സ്വന്തവും!
രക്ഷയേകിടേണ്ട പിതാവും കൂട്ട്
രക്ഷ നൽകിടേണ്ട സോദരനും 
കാമവെറിയാൽ കടിച്ചു കീറിടുന്നു പിന്നെ വിറ്റിടുന്നു!
ജന്മമേകിയ അമ്മയും 
ആ സ്ഥാനമുള്ള ചിറ്റമ്മയും
വെള്ളിക്കാശിനാശയാൽ
കീറിമുറിച്ചിടുന്നു പിഞ്ചുഹൃദയങ്ങളെ
കാലമേ നീ കാണ്മതില്ലേ കലികാല പേക്കൂത്തുകളെ
കാണ്മുവെങ്കിൽ കണ്ണടച്ചു കൊൾക
ഇനിയൊരവതാരപ്പിറവി നാദം കേട്ടിടും വരെ!





[  NB :മനുഷ്യനാൽ ഈ ഭ്രാന്ത് മാറ്റാൻ കഴിയില്ലെന്നാ തോന്നുന്നത് :-(   ]

Sunday, June 26, 2011

സൂര്യകാന്തി


സായം സന്ധ്യയിൽ,
ഇളം ചുവപ്പു വ്യാപിച്ച മാനത്ത്നിന്നും
നീല സാഗരത്തിന്റെ അഗാധതയിലേക്ക് ഊളിയിടുന്ന,
നാളെ പൂർവ്വാധികം ശക്തിയോടെ
തിരികെയെത്തുമെന്ന് ഉറപ്പ് തരുന്ന, 
വാക്ക് പാലിക്കുന്ന,
മഹാനക്ഷത്രമേ
പോയ് വരിക......
നിന്നെയും കാത്ത് ഞാനിവിടെയുണ്ടാകും..
നാളെ,നിന്നിലെ ആദ്യ കിരണമേറ്റ്  ഉറക്കമുണരാൻ..
പണ്ട്(ഇനിയും) ചൂട് രശ്മികൾ എന്നിൽപ്പതിഞ്ഞപ്പോൾ പിണങ്ങിയിട്ടുണ്ടാകാം..
വാടിയിട്ടുണ്ടാകാം,
അത് നീ മറക്കുക..
നിന്റെ രശ്മികൾ (ചിലപ്പോൾ)ചുട്ടുപൊള്ളിക്കുമെങ്കിലും
അതിലുഷ്ണിക്കാൻ,വേദനിക്കാൻ ഏറെയിഷ്ടം!!
പുലരിയിലും സായാഹ്നത്തിലും 
ആലിംഗനം ചെയ്യുന്ന തണുത്ത കിരണങ്ങൾ
തരുന്ന സുഖമുണ്ടല്ലോ ആ ഉഷ്ണം മറക്കാൻ....

Sunday, December 12, 2010

നോട്ടങ്ങള്‍

ഒത്തിരി നോക്കിയിട്ടും അവള്‍ നോക്കിയില്ല
വിട്ടില്ല പിന്നേം പിന്നേം നോക്കി
ഒരു പൊടിക്ക് പോലും അവള്‍ നോക്കിയില്ല
അടുത്ത ദിവസവും അതിനടുത്ത ദിവസവും നോക്കി  എന്നിട്ടും......


ദിനങ്ങള്‍ കടന്നു പോയി ,നോട്ടം മാത്രം അങ്ങനെ തന്നെ
അവള്‍ ഒളികണ്ണിട്ടു നോക്കാന്‍ തുടങ്ങി,പിന്നൊരിക്കല്‍
നാള്‍ കുറെ കഴിഞ്ഞപ്പോള്‍  ഒളികണ്ണ്   നേര്‍കണ്ണായി  .
പോക പോകെ നോട്ടങ്ങളുടെ ശക്തി കൂടാന്‍  തുടങ്ങി  

കണ്ണുകള്‍ ഇരട്ടിച്ചു ...അത് നാലായി,എട്ടായി ,നൂറായി 



സൂര്യന്‍ പലവട്ടം ഉദിച്ചസ്തമിച്ചു 
ഇപ്പോള്‍ നാട്ടുകാരും വീട്ടുകാരും എല്ലാരും നോക്കുന്നുണ്ട് അവളെ  


അവള്  നോക്കുന്നുണ്ട് അവനെ
പ്രതീക്ഷയോടെ,


അവനും നോക്കുന്നുണ്ട് ,.............മറ്റൊരുവളെ ആണെന്ന്‍ മാത്രം....


[NB :-കണ്ണ് തന്നിരിക്കുന്നത് നോക്കാനല്ലേ... ] 

Sunday, May 17, 2009

സങ്കടം


നീല തിരമാലകള്‍ നീന്തി വരുമ്പോള്‍ നീലാകാശം നീര്‍ മിഴിയോടു മന്ത്രിച്ചു, നീ അസ്വദിക്ക തിരമാലയെയും നീലാകാശത്തേയും ,ഹരിതാഭയെയും
നീ മറക്ക നിന്‍ ദു:ഖങ്ങള്‍
നീര്‍ മിഴി തുടക്ക വയ്കാതെ
നീലാകാശം പറഞ്ഞത് കേട്ടു
നീര്‍ മിഴി തുടച്ചു ഞാന്‍ നിക്കവേ
ആകാശം കാര്‍ മേഘത്താല്‍ നിറഞ്ഞു ,
നിലത്തേക്ക്‌ വീണു പൊടുന്നനെ നീര്‍ മണി മുത്തുകള്‍ :-( 
[NB:- സങ്കടം]

Sunday, August 20, 2006

രുചി ഭേദം


മധുരമായതെന്തൊ പ്രതീക്ഷിച്ചു
ആദ്യാനുഭവങ്ങള്‍ മിക്കതും
അതിമധുരം.
നെല്ലിക്കയെപ്പോല്‍ അനുഭവങ്ങളുടെ
രുചി മാറി,ഭാവം മാറി
അവസാനം ഒരു നെടുവീർപ്പു മാത്രം !!
Related Posts Plugin for WordPress, Blogger...