Thursday, July 26, 2012

മനസ്സിലിപ്പോ....

മനസ്സ് ഒരേ സമയം ശാന്തവും അസ്വസ്ഥവുമാണ്,  ബ്ലോഗിലെ ജീവിതം ആറാം വർഷത്തിലേക്ക് കടക്കുന്നു (ആക്ടീവ് ബ്ലോഗിങ്ങിന്റെ മൂന്നാം വർഷം).കുറച്ച്   റാൻഡം എഴുത്തുകളാണീ പോസ്റ്റ്, വായനയിൽ പ്രത്യേകിച്ച് ഫീലിംഗ്സ് ഒന്നും കിട്ടിയെന്നു വരില്ല സമയം മിനക്കെടുത്തി എന്ന തോന്നലുണ്ടാവാൻ സാധ്യതയേറെയാണ് :)

മ്മ വീട് പത്തനംതിട്ട ജില്ലയിലെ തട്ടയിൽ(Thattayil) എന്ന് പറയുന്ന സ്ഥലത്താണ്, ഒന്ന് മുതൽ ആറാം ക്ലാസ്സ് വരെ പഠിച്ചതു വളർന്നതും അവിടെ നിന്നിട്ടാണ്. അധികം പുരോഗതികളൊന്നും വന്ന് ചേരാത്ത ഒരുൾഗ്രാമം ; വയലുകളും കൊയ്ത്തുത്സവങ്ങളും മറ്റുമുള്ള, സിനിമകളിലും കഥകളിലും ഒക്കെ കാണുമ്പോലെയുള്ള ഒരു സ്ഥലം.

വയലും തോടും കടന്ന് സ്കൂളിൽ പോയതും ക്ലാസ്സിലെ കുസൃതികളും അക്കിടികളും അങ്ങിനെ ഇന്നും ഓർമ്മയിലെ ഒളിമങ്ങാത്ത കാലമായിരുന്നു അത്. കുട്ടിക്കാലത്ത് വേനൽ അവധി വരുമ്പോൾ ഞാൻ അച്ഛന്റെ സ്ഥലമായ ആലപ്പുഴ ജില്ലയിലേ മുതുകുളം എന്ന സ്ഥലത്തേക്ക് പോകും, അക്കരപ്പച്ച തന്നെ കാരണം, അവിടെ ആ സമയത്ത് നമുക്ക് ആ ഗ്രാമത്തേയും അതിന്റെ ഭംഗിയേയും ഒന്നും ആസ്വദിക്കാനുള്ള വിവരം ണ്ടായിരുന്നില്ലല്ലോ  ഇന്ന് ഇവിടെ സ്ഥിര താമസമാക്കിയപ്പോൾ ആ കാലഘട്ടം വല്ലാണ്ട് മിസ്സ് ചെയ്യുന്നു. അടുത്തടുത്ത വീടുകളിലെ എന്റെ പ്രായക്കാരായ കൂട്ടുകാരേയും അവരുടെ കൂട്ടുകാരേയും വൈകുന്നേരങ്ങളിലെ ക്രിക്കറ്റ് മാച്ചും ഞങ്ങൾ ഒന്നിച്ച് ചെയ്യാറുണ്ടായിരുന്ന കുസൃതിത്തരങ്ങളും മറ്റും എന്ത് പെട്ടെന്നാണവസാനിച്ചത്. ബോംബെയിൽ സ്ഥിര താമസമാക്കിയ എന്റെ വല്യമ്മാമവന്റെ കൊച്ചുമക്കളും മറ്റും ഇടയ്ക്കെത്തുമായിരുന്നു . കൂട്ടത്തിൽ മൂത്തവൾക്ക് എന്റെ പ്രായമാണ് അവൾക്ക് എന്റെ അടുത്ത് അവിടുത്തെ വിശേഷങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരുമായിരുന്നില്ല, വീടിനടുത്തുള്ള വയലിലങ്ങേയറ്റത്തുള്ള റോഡിലേക്കും അതിനുമപ്പുറമുള്ള മലയിലേക്കും കണ്ണും നട്ട് ഞങ്ങൾ എത്രയിരുന്നിരിക്കുന്നു,അവളൂടെയും  അനിയത്തിയുടേയും ഹിന്ദി കലർന്ന മലയാളവും പിന്നെ അവിടുത്തെ വിശേഷങ്ങൾ പൊടിപ്പും തൊങ്ങലും ചേർത്ത് വിളമ്പുന്നതും മറ്റും ഇന്നും ഓർക്കുമ്പോൾ ഒരു ചെറു ചിരി പൊട്ടും...  നൊസ്റ്റാൾജിയ അടിച്ച് പറഞ്ഞ് വരുന്നത് മറ്റൊന്നുമല്ല,  അപൂർണ്ണതകളുടെ ഘോഷയാത്രയിൽ പതാകയേന്തി മുൻ നിരയിൽ നടക്കേണ്ടി വന്ന ഹതഭാഗ്യന്റെ അപൂർണ്ണമായ അനുഭവങ്ങളേയും മാനസിക വൈഷമ്യങ്ങളേയും പറ്റിയാണ്..

എൽ പി സ്കൂൾ ഒരു സംഭവമായിരുന്നു,വെറും നാലുവർഷക്കാലമേ ഉണ്ടായിരുന്നുള്ളുവെങ്കിലും എന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിച്ച കാലഘട്ടമായിരുന്നു അത്. ഇന്നും എന്നിലേക്കാഞ്ഞടിക്കുന്ന സുനാമികൾക്ക് ഹേതുവായ ഭൂകമ്പം നടന്ന സുമാത്ര! പ്രിയപ്പെട്ട കൂട്ടുകാരും അതിലും പ്രിയപ്പെട്ട അദ്ധ്യാപകരും!.. അഞ്ചും ആറും അടുത്തു തന്നെയുള്ള മറ്റൊരു സ്കൂളിലായിരുന്നു,ഒരു മാറ്റമാണവിടെ നടന്നതെങ്കിലും എനിക്കൊപ്പം എന്റെ ചെങ്ങാതിമാരും എത്തിയിരുന്നതിനാൽ വലിയ സങ്കടമൊന്നും തോന്നിയിരുന്നില്ല.പക്ഷെ കാര്യങ്ങൾ ആറാം ക്ലാസ്സ് വരെയേ ഒപ്പം നിന്നുള്ളൂ.  ആറാം ക്ലാസ്സിൽ വെച്ച് സ്കൂളും സ്ഥലവും മാറേണ്ടി വന്നു-അച്ഛന്റെ നാട്ടിലേക്ക്, കാരണമൊക്കെ നിസ്സാരം. കുട്ടികൾ വളരേണ്ടത് മാതാപിതാക്കളോടൊപ്പമാണല്ലോ. കൂട്ടുകാരോടോന്നും ഒരു യാത്ര പോലും പറയാൻ അവസരം കിട്ടിയില്ല.   വർഷങ്ങൾക്ക് ശേഷം, കൂട്ടുകാരിൽ ചിലർ ധരിച്ച് വെച്ചിരുന്നത് അറിഞ്ഞപ്പോൾ പൊട്ടിച്ചിരിച്ച് പോയി.  ഒന്ന് രണ്ട് വർഷങ്ങൾക്ക് മുൻപ് അവിടെ പോയപ്പോൾ ഒരു സ്നേഹിതനെ കാണാനിടയായി കുശലാന്വേഷണത്തിനിടയിൽ "എവിടെ ചിത്ര?" എന്ന് അവൻ ചോദിച്ചു, ഏത് ചിത്ര എന്ന് ആദ്യം മനസ്സിൽ കരുതിയെങ്കിലും എന്റെയും അവന്റെയും കൂടെ പഠിച്ച ചിത്രയെന്ന പെൺകുട്ടിയേ ആവാം എന്ന് ഊഹിച്ചെടുത്ത് "എനിക്കറിയില്ലെടാ അവളെവിടെയെന്ന്"  പറഞ്ഞു. "അല്ല നിങ്ങൾ രണ്ടാളും കൂടിയല്ലേ അന്ന് ആരോടും പറയാതെ സ്കൂൾ മാറിയതെന്ന അവന്റെ മറുപടിയിൽ നിന്നാണ് അന്ന് സ്കൂൾ മുഴുവൻ പരന്ന ആ കിംവദന്തി ഞാനും മനസ്സിലാക്കുന്നത്  ഞാനും അവളും ഒളിച്ചോടിയതാണെന്ന്.എനിക്കൊപ്പം അവളും സ്കൂൾ ലീവ് ചെയ്തതിരുന്നു എന്നേപ്പോലെ പാവം അവളും അറിഞ്ഞിട്ടുണ്ടാവില്ല.!  അപൂർണ്ണതകളുടെ തുടക്കം അതായിരുന്നു ആറാം ക്ലാസ്സിലെ ആ അപ്രതീക്ഷിത സ്കൂൾ മാറ്റം.  പിന്നീട് ചെന്ന് പെട്ടത് ഒന്ന് മുതൽ ഏഴുവരെ മാത്രമുള്ള മറ്റൊരു സ്ഥലത്ത്, തികച്ചും വ്യത്യസ്ഥമായ അന്തരീക്ഷം ആളുകൾ, എന്റെ അനിയൻ അവിടെ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നെണ്ടെന്നത് മാത്രമായിരുന്നു ഏക ആശ്വാസം. ഒരു വർഷമേ അവിടെ ണ്ടായിരുന്നുള്ളുവെങ്കിലും എല്ലാവരുമായി അടുക്കാനും മറ്റും സാധിച്ചിരുന്നു വിനീത എന്ന പെൺകുട്ടിയും കിരൺ എന്ന ആൺകുട്ടിയും അതിനെന്നെ സഹായിച്ചു. കിരണുമായി നല്ല ഒരു സുഹൃദ്ബന്ധം ഉണ്ടായി വരുന്നതിനിടയിൽ ആ സ്കൂളും മാറേണ്ട സമയം വന്ന് ചേർന്നു. രണ്ടാമത്തെ അപൂർണ്ണത. ആ സ്കൂൾ കാലഘട്ടം അവസാനിപ്പിച്ച് ഹൈ സ്കൂളിലേക്ക്, മൂന്ന് വർഷങ്ങൾ അവിടെ, കാര്യമായ ഓർമ്മകൾ ഒന്നും തന്നെ ആ സ്കൂളിൽ നിന്നും എനിക്ക് കിട്ടിയില്ല, എന്നിരുന്നാലും  ഞാൻ പോയിരുന്ന ട്യൂഷൻ സെന്റർ ( മിനി ) എന്നെ ഞാനാക്കിയതിൽ വലിയ പങ്ക് വഹിച്ചു. എന്റെ കണക്ക് മാഷന്മാരായ ഗോപകുമാർ സറിനേയും സുനിൽ സറിനേയും ഒരിക്കലും മറക്കാൻ സാധ്യമല്ല. ഇന്നും ആ ക്ലാസ്സുകളിൽ പോയിരിക്കാൻ എന്ത് കോതിയാണെന്നോ, ആഗ്രഹങ്ങൾക്ക് അതിരില്ലല്ലോ... ഹിസ്റ്ററി എനിക്ക് ഇഷ്ടമായിരുന്നില്ല എങ്കിലും അതെടുത്തിരുന്ന ഹരികുമാര സാർ എനിക്ക് പ്രിയപ്പെട്ടതായിരുന്നു, അദ്ദേഹം ഇടയ്ക്കിടെ പറയുമായിരുന്നു,"മക്കളെ നിങ്ങൾ ഇക്കാലത്തേയ്ക്ക് തിരിച്ചെത്താനൊരിക്കൽ ആഗ്രഹിക്കും"...

 ആ ട്യൂഷൻ  സെന്റർ എന്നെ ആ അഞ്ചിലൊരാളാക്കി :)
പത്താം ക്ലാസ്സിലെ മത്സരിച്ചുള്ള പഠനവും അതിരാവിലെയുള്ള ക്ലാസ്സുകളും സൈക്കിളിന്മേലുള്ള അഭ്യാസയാത്രകളും പിന്നീടുണ്ടായ എത്ര വലിയ നഷ്ടങ്ങളേക്കാളും വലിയ നഷ്ടങ്ങളാണിന്നെനിക്ക്. പഠനവുമായി ബന്ധപ്പെടുത്തി സ്കൂളിലെ ഓർമ്മകൾ കുറവാണ്(മലയാളം ടീച്ചർ പ്രസന്ന ടീച്ചർ ഒഴിച്ച്)എന്നിരുന്നാലും  ഒരു ചെറിയ പ്രണയത്തിന്റെ മന്ദമാരുതൻ എന്നിലേക്കും അടിച്ചത് ആ സ്കൂളിൽ വെച്ചിട്ടായിരുന്നു., ഒൻപ്തിന്റെ അവസാനത്തിലോ പത്തിന്റെ ആരംഭത്തിലോ മനസ്സിലെത്തിച്ചേർന്ന പ്രണയമെന്ന വികാരത്തിന്റെ ശിലായുഗ അവശിഷ്ടത്തെ പറയാതെ പ്രകടിപ്പിക്കാതെ പത്താം ക്ലാസ്സ്കഴിയും വരെ മനസ്സിൽ അടക്കി വെച്ചു, ഒരു നിസാര കാരണത്തിന്മേൽ സ്കൂൾ അവസാനിക്കുന്നതിനു രണ്ട് മാസങ്ങൾക്ക് മുൻപ് അവളുമായി പിണങ്ങി മാറി, പ്ലസ്സ് ടു എന്ന സ്വാതന്ത്രയ്ത്തിലേക്ക് എത്തിയിട്ട് ഇഷ്ടം അറിയിക്കാം എന്നും മറ്റും കരുതി ആ പരിഭവപ്പിണക്കം ഞാൻ പൊളിക്കാൻ പോയില്ല. പത്തിലെ റിസൽട്ടറിഞ്ഞ് വീട്ടുകാർ പോളിടെക്കനിക്ക് എന്ന സാഗരത്തിലേക്ക് വള്ളവും വലയുമായി അയച്ചപ്പോൾ അപൂർണ്ണത നംബർ മൂന്നും നാലും സംഭവിച്ചു കഴിഞ്ഞിരുന്നു. പ്ലസ്സ് ടു എന്ന സ്വപ്നവും ആദ്യ പ്രണയവും. 

പന്തളം എൻ എസ് എസ് കോളേജ് എന്നിലെ പത്താംക്ലാസ്സ് കാരനു പുതു അനുഭവമായിരുന്നു. റെക്കോർഡ്സും മറ്റും വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തിരുന്ന എന്റെ പ്രവർത്തി സഹപാഠികൾക്ക് അത്ഭുതമായിരുന്നു, പ്ലസ്സ് റ്റുവിൽ വെച്ച് അവരുടെ അത്ഭുതപ്രവർത്തികൾ അവസാനിച്ചത് എന്റെ തെറ്റല്ലല്ലോ. പിന്നീടൊടുവിൽ കോളേജുമായി ആ മൂഡിലേക്ക് എല്ലാം ഒന്ന് മനസ്സിലാക്കി വന്നപ്പോഴേക്കും മൂന്ന് വർഷങ്ങളും അവസാനിച്ചിരുന്നു. ഒരു വലിയ അപൂർണ്ണതയും അതിനുള്ളിൽ ഒരുപാട് ചെറുതുകളും. പിന്നീട് എഞ്ജിനീയറിങ്ങിലേക്ക് അവിടെ നടന്നത് അപൂർണ്ണതകളുടെ ഘോഷയാത്രയായിരുന്നു, ഈ ബ്ലോഗ് മുഴുവൻ അവിടുത്തെ അപൂർണ്ണതകളുടെ കഥകളാണല്ലോ. 

കോളേജിനു ശേഷം എന്റെ ജീവിതത്തിൽ സംഭവിച്ചത് എന്തൊക്കെയാണ്. പലതും എനിക്ക് മനസ്സിലായിട്ടില്ല, സ്വപ്നം കണ്ടതും ആഗ്രഹിച്ചതും വെറുത്തതും നടക്കരുതെന്ന് ആഗ്രഹിച്ചതും അങ്ങിനെ എല്ലാമെല്ലാം ചുരുങ്ങിയ കാലത്തിനുള്ളിൽ കാറു പിടിച്ചല്ലേ വന്നത്.......

ഒരു തരത്തിൽ എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത് ഇത്തരം അപൂർണ്ണതകളാണ്. കോണ്ടീഗസ് ആയി എക്സിക്യൂട്ട് ചെയ്ത് കൊണ്ടിരുന്ന പ്രോസസുകളെ സ്റ്റാക്കിലേക്ക് പുഷ് ചെയ്തു കൊണ്ട് പല പുതിയ പ്രോസസുകളും പ്രോഗ്രാം കൗണ്ടറിലേക്കെത്തി പക്ഷേ അവകൾക്കൊന്നും എക്സിക്യൂഷൻ കമ്പ്ലീട്ട് ചെയ്യപ്പെടാനായില്ല സ്റ്റാക്കിലേക്ക് പുഷ് ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന പ്രോസസ്സുകളുടെ എണ്ണം ദിനേന കൂടുകയാണ്,  ഇൻ കമ്പ്ലീറ്റ് പ്രോസസുകൾ നീറഞ്ഞ് എന്നാണാവോ എന്റെ സി പി യു ഹാങ്ങ ആകുന്നത്..
ഒന്ന് ചീഞ്ഞ് മറ്റൊന്നിനു വളമാകും എന്നല്ലേ പ്രമാണം.പ്രണയം പരമേശ്വരനേയും പാട്ടുകാരനാക്കുമെന്ന് പറഞ്ഞ പോലെ നഷ്ടങ്ങളെന്നെ ബ്ലോഗിലെത്തിച്ചു. ബ്ലോഗെഴുത്ത് എനിക്ക് ഡയറി എഴുത്താണ്, സങ്കടം കൂടുമ്പോഴും എഴുതും സന്തോഷം കൂടുമ്പോഴും എഴുതും. ഇനിയും എഴുതും.


[NB: ഈ ബ്ലോഗ് എന്റെ ആത്മാവും മനസ്സുമാണ്..]

Sunday, July 22, 2012

കണ്ണനും കിട്ടി മൂന്നാം കണ്ണ്

ഇനീപ്പോ ഞാനായെട്ടെന്തിനാ കുറയ്ക്കുന്നത്. ഞാനും തുടങ്ങി ഫോട്ടം പിടുത്തം. കുറച്ച് നാളായിട്ടുള്ള ആഗ്രഹമായിരുന്നു ഒരു ക്യാമറ സ്വന്തമാക്കണമെന്നത്. കുറച്ച് വില കൂടിയ DSLR വാങ്ങാം എന്ന് കരുതി ഇരിക്കുകയായിരുന്നു. അതുടനെ നടത്താൻ അല്പം ബുദ്ധിമുട്ടുണ്ടെന്ന് മനസ്സിലാക്കി തത്ക്കാലം ചെറുതൊരെണ്ണം സ്വന്തമാക്കി, നമ്മുടെ നിക്കണിന്റെ കൂൾപിക്സ് 16.1mpx. എന്തായാലും കുറച്ച് പൈസായിൽ അത്യാവശ്യം നടത്താൻ ഇത് കിടു. കണ്ണിന്റെ മുന്നിൽ വന്ന് പോകുന്ന പല കാഴ്ചകളും മനസ്സിൽ അതേ പോലെ പകർത്താറുണ്ട്, പലതിനേയും പിന്നീട് കാണാറുമുണ്ട് എന്നാൽ അതിനു കുറച്ച് കൂടി വ്യക്തത വരുത്താൻ ഈ ഉപകരണം സഹായിക്കുമെന്നതിൽ തർക്കമില്ല. ഹോ എന്താപ്പോ ഞാനീ പറഞ്ഞത്..സാഹിത്യമോ ഈശ്വരാ.. അപ്പോൾ കാര്യം എന്താന്ന് വെച്ചാൽ ക്യാമറ ഒന്ന് ടെസ്റ്റ് ചെയ്തു, കുറച്ച് പടങ്ങൾ പോസ്റ്റുന്നു.. അങ്ങട് അഭിപ്രായിക്ക്യാ.. :)

മഴ കൊണ്ടങ്ങിനെ നിക്കാണ് സുന്ദരികൾ

തേനുണ്ണാൻ കള്ളന്മാരും ണ്ട്.

അലുവയും മത്തിക്കറിയും എന്ന പോലെ പൂക്കൾക്കിടയിൽ നല്ല അസ്സൽ ചിക്കൻ ഫ്രൈ.. ജീവൻ എന്ന എന്റെ കൂട്ടുകാരന്റെ കൈപ്പുണ്യം.

300 എന്ന ഹോളിവുഡ് സിനിമയിലെ ക്ലൈമാക്സിനെ ഓർമ്മ്പിക്കുന്നു ഈ തെച്ചി പൂക്കൂട്ടം

എങ്ങിനെ?

പായലേ വിടയില്ല.....

ഒറ്റപ്പെട്ടവൻ

വീട്.. എന്റേതും നിന്റേതും

കോവളത്ത് നിന്നും

തേനുണ്ണാൻ ഞാനും പോന്നോട്ടെ

കോവളം ഒരു ദൂരക്കാഴ്ച

ഇലയിലൊതുങ്ങുമീ നീല വാനം

വ്യത്യസ്തനാം ബാലൻ

കാട്ട്പൂവ് സുന്ദരിപ്പൂവ്

കണ്ണിമാങ്ങാ അച്ചാറ്

കരയല്ലേ കണ്ണേ.....
[ NB: ടെസ്റ്റിങ്ങ് എങ്ങിനെ.. ? നന്നായിട്ടുണ്ടോ? ]
Related Posts Plugin for WordPress, Blogger...