പാറ്റൂർ ശ്രീബുദ്ധാ കോളേജിൽ പഠിക്കുന്ന കാലം , ക്ലാസ്സ് കട്ട് ചെയ്യാനും കട്ട് ചെയ്ത് സിനിമയ്ക്ക് പോകാനുമുള്ള അറപ്പും വെറുപ്പും ഭയവും എങ്ങോ മാഞ്ഞ് പോയ നാളുകൾ.. സിനിമയ്ക്ക് പോകുന്നത് ഞങ്ങൾ നാലഞ്ച് പേർ ഒരുമിച്ചാണ്, ഇന്ന സിനിമ എന്നൊന്നും ഇല്ല, ഏത് പടം ഇറങ്ങ്യാലും പോയിക്കാണും,തിയേറ്ററിൽ ഇരുന്ന് കോമഡികളടിച്ച് ഞങ്ങൾ അറമ്മാദിക്കും അക്കാലത്തിറങ്ങിയ ഒട്ട് മിക്ക കൂതറപ്പടങ്ങളും ഞങ്ങൾ നല്ലോണം enjoy ചെയ്തിട്ടുണ്ട്, ഒരിക്കൽ ഞങ്ങൾ വിജിത്തമ്പി സംവിധാനിച്ച സുരേഷേട്ടൻ അധോലോക രാശാവായി അഫിനയിച്ച ബഡാദോസ്ത് എന്ന പടം കാണാൻ പോയി, മാവേലിക്കരയിലുള്ള സന്തോഷ് സിനി കോമ്പ്ലക്സിലാണ് ഞങ്ങളുടെ തിയേറ്ററുകൾ ( സന്തോഷ്, സാന്ദ്ര, വള്ളക്കാലി ൽ) നിലനിൽക്കുന്നത്, ക്യൂവിൽ കയറി നിന്നത് സാമി എന്ന് വിളിക്കപ്പെടുന്ന അരവിന്ദായിരുന്നു, കൗണ്ടറിന്റെ അടുത്തായി കമിങ്ങ് സൂൺ എന്ന തലക്കെട്ടോടെ കൂടി ബാബാകല്യാണി എന്ന് എഴുതി വെച്ചിരിക്കുന്നു, അവൻ അത് വായിച്ചതും ടിക്കറ്റ് കൊടുക്കാനുള്ള ബെല്ല് മുഴങ്ങി, കൗണ്ടറിൽ കയ്യിട്ട് അവൻ ഇപ്രകാരം പറഞ്ഞു
ചേട്ടാ നാലു ബഡാകല്യാണീ... ങേ.. അല്ല തെറ്റി നാലു ബാബാദോസ്ത്!!
അമ്മയുടെ വീടിനടുത്ത് സായ്കൃഷ്ണ എന്ന തിയേറ്ററിൽ വീട്ടിൽ നിന്നും സിനിമ കാണാൻ പോകുമായിരുന്നു, ആദ്യം കണ്ടത് ചുക്കാൻ ആണെന്നാണ് ഓർമ്മ, മണിച്ചിത്രത്താഴ് പിന്നെ മാന്നാർ മത്തായി, സ്ഫടികം തുടങ്ങിയവയും കണ്ടിട്ടുണ്ട്, എന്നാലും ആദ്യ തിയേറ്റർ ഓർമ്മ എന്നത് ഞാൻ പങ്കെടുക്കാത്ത ഒരു സിനിമാക്കഴ്ചയായിരുന്നു, യോദ്ധ കാണാൻ അച്ഛനുമമ്മയും കൈക്കുഞ്ഞായ അനിയനും പോയപ്പോ ഞാൻ മറ്റെവിടെയോ ആയിരുന്നു, കുറേക്കാലത്തേയ്ക്ക് അതിന്റെ സങ്കടമെനിക്കുണ്ടായിരുന്നു.
കൂട്ട്കാരുമൊത്ത് കോളേജിലെത്തും വരെ സിനിമയ്ക്ക് പോയിട്ടില്ല, പന്തളം NSS പോളിയിലെ രണ്ടാം വർഷക്കാലത്ത് ഒരുച്ചയോടടുപ്പിച്ച് കടമ്പൻ എന്ന് വിളിക്കുന്ന കടമ്പനാട്ടുകാരൻ സുജിത്തിനൊപ്പം സേതുരാമയ്യർ സി ബി ഐ കാണാൻ മിടിക്കുന്ന ഹൃദയവും പേടിച്ചരണ്ട മനസ്സുമായി അടൂർ നയനത്തിൽ പോയി, ടിക്കറ്റെടുത്ത് കയറും മുൻപ് ആദ്യ ഷോ കഴിഞ്ഞിറങ്ങിയ പ്രിയപ്പെട്ട കൂട്ടുകാരനൊരുത്തൻ ചെവിയിൽ ഇങ്ങിനെയോതി
ജഗദീഷ് പാവാണെടാ!!!
കൂട്ടുകാരുമൊത്ത് ഏറ്റവും കൂടുതൽ enjoy ചെയ്തത് ചോക്ലേറ്റ്സ് കണ്ടതാവണം, ഒരുദിവസം തന്നെ രണ്ട് ഷോ കണ്ടു, യൂണീവേസിറ്റി പരീക്ഷയോടനുബന്ധിച്ച് കംബൈൻ സ്റ്റഡി നടത്താൻ പോയതാ.. :) പ്രിഥ്വി ആദ്യമായി കോളേജിലെത്തുന്ന ആ സീൻ ഞങ്ങളേവരുടേയും സ്വപ്നമായിരുന്നു കുറച്ച് നാളത്തേയ്ക്കെങ്കിലും
സിനിമയിൽ തീരെ ശ്രദ്ധിക്കാതിരുന്ന് , ഒരു യാത്ര പറച്ചിൽ പോലെ സിനിമ ഫീൽ ആയത് അപൂർവ്വ രാഗങ്ങൾ കണ്ടപ്പോഴായിരുന്നു,പ്രിയപ്പെട്ട സുഹൃത്തിനെ പിരിയാൻ മാൻസികമായി തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. പിന്നെ എല്സമ്മ എന്ന ആൺകുട്ടിയും ഒരുപാട് ഫീൽ ആയ സിനിമ ആയിരുന്നു, ആ സിനിമ അന്ന് കാണുമ്പോളുള്ള മാനസികാവസ്ഥയായിരുന്നു അത് ഫീലാകാൻ കാരണം, ഇന്ന് കണ്ടാ ഒന്നും തോന്നൂല :) ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവും അത് കണ്ട സാഹചര്യവും മറ്റും കാരണം ഒരുപാട് ഇഷ്ടമായതൊന്നായിരുന്നു.
തിയേറ്ററിൽ നിന്ന് ഇറങ്ങിയോടണം എന്ന് തോന്നിയത് സാഗർ ഏലിയാസ് ജാക്കി കണ്ടപ്പോൾ, അടുത്ത തിയേറ്ററിൽ സൂര്യയുടെ അയൺ ഉണ്ടായിട്ടും ഞങ്ങളെ കുറച്ച് പേരേ ആ സിനിമ കാണാൻ വലിച്ച് കയറ്റിയ ദീപുവിനെ ചവിട്ടിക്കൂട്ടാൻ തോന്നിയതും ആ സമയത്തായിരുന്നു! ശബ്ദകോലാഹലം കാരണം ചെവി പൊത്തിയിരിക്കേണ്ടി വന്നതും ഇതേ ചിത്രത്തിനു തന്നെ.
ആദ്യമായിക്കണ്ട 3ഡി പടം ഗോസ്റ്റ് റൈഡർ 2, ഒബ്രോൺ മാളിൽ സിനിമാക്സിൽ പിള്ളാരെക്കാളുച്ചത്തിൽ ചിരിച്ചാസ്വദിച്ച സിനിമയും 3ഡി ആയിരുന്നു ഐസ് ഏജ് 4! വെറുത്ത് പോയ 3ഡി സിനിമ ഡോൺ 2 , കഹാനി മറ്റൊരു സ്ക്രീനിൽ ഉണ്ടായിരുന്നിട്ടും കിങ്ങ് ആൻഡ് കമ്മീഷണർ അന്യായ പൈസായ്ക്ക് കണ്ടതും ഇതേ തിയേറ്ററിൽ നിന്ന് തന്നെ :(
ആദ്യമായും അവസാനമായും കടം വാങ്ങിപ്പോയിക്കണ്ട സിനിമ ചക്കരമുത്ത്, കോളേജിനടുത്തുള്ള ബുക്ക്സ്റ്റാളിലെ ചേട്ടന്റെ കയ്യിൽ നിന്നും നൂറ്റിഅൻപത് രൂഫായും വാങ്ങി പാറ്റൂരു നിന്നും ദീപുവിന്റെ എൻഫീൽഡിൽ ഞാനും രെഞ്ചിത്തും ദീപും കൂടെ ട്രിപ്പിളടിച്ച് പോയിക്കണ്ട ഫിലിം..
അനിയനൊപ്പം പോയിക്കണ്ട ആദ്യ ഫിലിം റ്റൈം, അതിലെ വൈഗ എന്ന പേരൊഴിച്ച് ബാക്കി ഒന്നും ഇഷ്ടമായിരുന്നില്ല, ഷാജികൈലാസ് തകരാൻ തുടങ്ങിയത് ആ സിനിമയോടെ കൂടിയാണെന്ന് തോന്നുന്നു..
ഒരു ഡയറക്ടറോട് ഓൺലൈൻ വഴിയാണെങ്കിലും നേരിട്ട് അഭിപ്രായം അറിയിക്കുകയും അദ്ദേഹം റെസ്പോണ്ട് ചെയ്യുകയും ചെയ്ത ചിത്രം "അയാളും ഞാനും തമ്മിൽ"
[NB: പ്ലസ്സിലെ തിയേറ്റർ ഇവന്റിൽ നിന്നും ]