Wednesday, January 05, 2011

എന്റെ പുന്നാര ബി എസ് എ സൈക്കിള്‍ !

ഇനി എന്റെ പണ്ടത്തെ ഒരു ആഗ്രഹത്തെ   പറ്റി പറയാം.. ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍  വല്യ ആഗ്രഹം ആയിരുന്നു ഒരു സൈക്കിള്‍ വേണം എന്നുള്ളത്.. പല രാത്രികളിലും,ഉറക്കത്തില്‍ ഞാന്‍ സ്വപ്നം കാണാറുണ്ടായിരുന്നു,സൈക്കിള്‍ ചവിട്ടുന്നത്.ആ ചവിട്ടുകള്‍ എല്ലാം കൊള്ളാനുള്ള ഭാഗ്യം എന്റെ അമ്മയ്ക്കും,ചെറിയ കുഞ്ഞമ്മയ്ക്കും,അമ്മൂമ്മയ്ക്കും ആയിരുന്നു! ഞാന്‍ ഈ ആഗ്രഹം ആരോടും പറഞ്ഞിരുന്നില്ല.

എന്റെ കുട്ടിക്കാലം (ആറാം ക്ലാസ്സ് വരെ)ചിലവഴിച്ചത് അമ്മയുടെ വീട്ടില്‍ ആയിരുന്നു, അപ്പൂപ്പന്‍ ഒരു കര്‍ക്കശ സ്വഭാക്കാരന്‍ ആയിരുന്നു,ഇപ്പോഴും! എനിക്ക് നല്ലോണം പേടി ഉണ്ട് അപ്പൂപ്പനോടു സംസാരിക്കാന്‍.. അത് കൊണ്ട് ആഗ്രഹങ്ങള്‍ ഒക്കെ മനസ്സില്‍ തന്നെ കൊണ്ട് നടന്നു.. ഏഴാം ക്ലാസ്സു മുതല്‍ ഞാന്‍ അച്ഛന്റെയും അമ്മയുടെയും ഒപ്പം എത്തി,ഇങ്ങു ഞങ്ങളുടെ വീട്ടില്‍, എന്നിട്ടും ഒരു സൈക്കിള്‍ വേണം എന്നുള്ള ആഗ്രഹം അച്ഛനോടും ഞാന്‍ പറയാന്‍ പോയില്ല.. അങ്ങനെ ഹൈ സ്കൂളില്‍ എത്തിയ സമയം,സ്കൂള്‍ അല്പം ദൂരെ ആയതിനാലും അതിലുമുപരി ട്യുഷന്‍ സെന്റര്‍ അതിലും ദൂരെ ആയതിനാലും, അച്ഛന്‍ എനിക്ക് ഒരു 'ബി എസ്സ് എ' സൈക്കിള്‍ വാങ്ങി തന്നു, ഒരു നീല സൈക്കിള്‍.. എനിക്ക് അന്നുണ്ടായ സന്തോഷത്തിനു അതിരുകള്‍ കുറവായിരുന്നു! സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചത് ആ ഇടയ്ക്കാണ് കേട്ടോ, നമ്മള്‍ ഈ ഇടയ്ക്കൂടെ ചവിട്ടില്ലേ സൈക്ലിന്റെ-ആ അങ്ങനെ ചവിട്ടാനെ അറിയുമായിരുന്നുള്ളൂ.. പിന്നെ എന്റെ സ്വന്തം സൈക്ലില്‍ ചവിട്ടി ഒരു വിധം ഓകെ ആയി..  

സൈക്കിള്‍ കിട്ടി ആദ്യമായി ഞാന്‍ ലോങ്ങ്‌ റൂട്ട് പോകുന്നത് 'വിനോദ് ദാസി'ന്റെ വീട്ടിലേക്കായിരുന്നു! അവന്റെ വീട് എന്റെ വീടിനും കുറച്ചേറെ കിഴക്കായിട്ടാണ്, ഹൈവയുടെ പാരലല്‍   ആയിട്ടുള്ള ഒരു റോഡിനെ ക്രോസ് ചെയ്ത്‌,ഒരു ചെറിയ പാടത്തിന്റെ ഒക്കെ ഇടയിലൂടെ ഒക്കെ വേണം അവന്റെ വീട്ടിലെത്താന്‍.. നല്ല രസമുള്ള സൈക്കിള്‍ സവാരി ആയിരുന്ന അത്,അവന്റെ വീടിനടുത്ത് ചെല്ലും വരെ!.. 

അവന്റെ വീടിനടുത്ത് ഒരു ചെറിയ വളവുണ്ട്, ചെറുതല്ല നല്ല ഗമണ്ടന്‍ 'L' പോലിരിക്കുന്ന ഒരു വളവ്! ആദ്യമായാണ് അങ്ങനെ ഒരു വളവു സൈക്കിള്‍ സവാരിയില്‍ ഫേസ് ചെയ്യുന്നത്, ഹാന്റില്‍ നന്നായി വളക്കണം എന്നുള്ള അടിസ്ഥാന പാഠം എനിക്കവിടെ പ്രയോഗിക്കാന്‍ പറ്റിയില്ല, ദ കിടക്കുന്നു ഞാനും,എന്റെ മുകളില്‍ 'ബി എസ് എ' സൈക്കിള്‍ ഉം  കൂടെ തോട്ടില്‍(വളവിന്റെ മൂലയ്ക്ക് സാമാന്യം വലിയ ഒരു തോടുണ്ടാരുന്നു).. മുട്ടിലെ തൊലി ഒക്കെ പോയി,പക്ഷേ എന്റെ ദേഹം മുറിഞ്ഞതില്‍ അല്ല എനിക്ക് വിഷമം വന്നത്,മറിച്ച്‌ ബി എസ് എ സൈക്ലിന്റെ മട് ഗാര്‍ഡില്‍ ഉണ്ടായ ആ ചെറിയ പോരലിനെ ഓര്‍ത്ത് ആയിരുന്നു! അങ്ങനെ ആദ്യ സൈക്കിള്‍ സവാരി ,ഗണപതിക്ക്‌ വെച്ചത് കാക്ക കൊണ്ട് പോയി എന്ന അവസ്ഥ പോലെ ആയിപ്പോയി.. 

പിന്നെയും കുറച്ചു നാളുകള്‍ കഴിഞ്ഞ് സൈക്കിള്‍ സവാരിയില്‍ ഞാന്‍ ഒരു expert ആയി മാറി.. സ്കൂളിന്റെ അടുത്ത് ഒരു വീടുണ്ട്, ഞങ്ങള്‍ എല്ലാവരും സൈക്കിള്‍ കൊണ്ട് വെക്കുന്നത് അവിടെ ആയിരുന്നു... നല്ല തണലുള്ളതും ,വേറെ സൈക്കിള്‍ മറിഞ്ഞു വീണു നമ്മുടെ സൈക്ലിനു കേടു പറ്റാന്‍ ചാന്‍സ് ഇല്ലാത്തതുമായ  സ്ഥലം നോക്കിയായിരുന്നു ഞാന്‍ സൈക്കിള്‍ വെക്കാറു.. താമസിച്ചു സ്കൂളില്‍ എത്തിയ ഒരു ദിവസം എന്റെ പതിവ് സ്ഥലം എനിക്ക് കിട്ടിയില്ല, റോഡിനോട് ചേര്‍ന്നുള്ള,നല്ല വെയിലുള്ള ഒരു സ്ഥലത്ത് എന്റെ പുന്നാര സൈക്ലിനെ ഒറ്റക്ക് ആക്കി എനിക്ക് സ്കൂളിലേക്ക് പോകേണ്ടി വന്നു.. അപ്പോഴേ എന്റെ മനസ്സില്‍ എന്തൊക്കെയോ അശുഭ ചിന്തകള്‍ ഉണ്ടായിരുന്നു! എന്തോ പറ്റാന്‍ പോകുന്നു എന്ന് മനസ്സ് ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു.. വൈകുന്നേരം സ്കൂള്‍ വിട്ടു ഓടി സൈക്ലിനടുത്തെക്ക് എത്തിയ ഞാന്‍ ഞെട്ടി പോയി, തൊട്ടതിനും പിടിച്ചതിനും ആളുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഓരോ സെക്കന്റ്‌ ഇടവിട്ട്‌ ഇടവിട്ട്‌  'കിണി കിണി' എന്ന് അടിച്ചോണ്ടിരുന്ന എന്റെ സൈക്ലിന്റെ ബെല്ല് കാണുന്നില്ല... സങ്കടത്താല്‍  എന്റെ കണ്ണ് നിറഞ്ഞു ഒഴുകാന്‍ തുടങ്ങി.. അവിടെ സൈക്കിള്‍ എടുക്കാന്‍ വന്ന എല്ലാവരോടും ഞാന്‍ ചോദിച്ചു,"കണ്ടോ നിങ്ങള്‍ ഒരു ബെല്ലിനെ എവിടെയെങ്കിലും?" എവിടുന്നു!!!!..  എന്റെ സൈക്ലിന്റെ ബെല്ല് അടിച്ചു മാറ്റിയവന്മാരുടെ ബെല്ല് അടിച്ചു പോകണേ എന്ന് വരെ ഞാന്‍ പ്രാകി!

ഇനിയിപ്പോ എന്ത് ചെയ്യും,ബെല്ല് ഇല്ലാത്ത സൈക്കിള്‍ ഉം  ചവിട്ടി ഞാന്‍ വീടിലെത്തി..കുറെ ഏറെ ആലോചിച്ചു.. ആര്‍ക്കോ ഒരു അത്യാവശ്യം വന്നപ്പോ എന്റെ ബെല്ല് എടുത്തോണ്ട് പോയി, പാവങ്ങള്‍! ഒരു ആവശ്യം വന്നത് കൊണ്ടല്ലേ! അത് പോലെ ഇപ്പോള്‍ എനിക്കും ഒരു ബെല്ലിന്റെ അത്യാവശ്യം ഉണ്ട്,അത് കൊണ്ട് ഞാനും ഒരു ബെല്ല് അങ്ങ് എടുത്താലോ എന്ന് വരെ പോയി ചിന്ത..
പക്ഷേ മൂന്നാം ക്ലാസ്സിലെ ആ മോഷണം  എന്റെ മനസ്സില്‍ ഉള്ളത് കൊണ്ട് അതിനു മിനക്കെടാന്‍ പോയില്ലാ.. ഇനി ചിലപ്പോ കുറെ നാളുകള്‍ കഴിഞ്ഞ് എന്റെ സൈക്ലിളില്‍ രണ്ട് ബെല്ലുകള്‍ പ്രത്യക്ഷപ്പെട്ടാലോ!

[NB : പക്ഷേ മൂന്നാം ക്ലാസ്സിലെ ആ മോഷണം  എന്റെ മനസ്സില്‍ ഉള്ളത് കൊണ്ട് അതിനു മിനക്കെടാന്‍ പോയില്ലാ.. ഇനി ചിലപ്പോ കുറെ നാളുകള്‍ കഴിഞ്ഞ് എന്റെ സൈക്ലിളില്‍ രണ്ട് ബെല്ലുകള്‍ പ്രത്യക്ഷപ്പെട്ടാലോ!!]

Tuesday, January 04, 2011

ആദ്യമായി കോളേജില്‍-പാര്‍ട്ട്‌ രണ്ട്

(പാര്‍ട്ട്‌ ഒന്ന് ഈ ലിങ്കില്‍ ഞെക്കിയാല്‍ വായിക്കാം)

അങ്ങനെ ഒരു വിധത്തില്‍ ഞാന്‍ എന്റെ ക്ലാസ്സ്‌ കണ്ടു പിടിച്ചു.. അടി ഒക്കെ കണ്ടു നിന്നത് കൊണ്ട് അല്പം താമസിച്ചാണ് ഞാന്‍ ക്ലാസ്സില്‍ എത്തി ചേര്‍ന്നത്‌.. ആദ്യവര്‍ഷ ക്ലാസ്സില്‍ എല്ലാ ബ്രാഞ്ച് കാരുടെയും വിഷയങ്ങള്‍ ഏകദേശം സെയിം ആയതു കൊണ്ട് ഒന്നിച്ചായിരുന്നു ക്ലാസ്സ്.. ഞാന്‍ ക്ലാസ്സിന്റെ വാതില്‍ക്കല്‍ ചെന്നു എത്തി നോക്കി.. അകത്തു ഗീത ടീച്ചര്‍ ക്ലാസ് എടുക്കുന്നു.. കണക്കാണ് വിഷയം! നമുക്ക് ഈ കോളേജിലെ   മര്യാദകള്‍ ഒന്നും അറിയില്ലാലോ... ക്ലാസ്സിന്റെ വാതില്‍ക്കല്‍ നിന്നു കൊണ്ട് ആ സ്കൂള്‍ പയ്യന്‍ സാറേ!!!!!!!!! എന്ന് നീട്ടി വിളിച്ചു! എന്തിനാണ് ഈ പിള്ളാരെല്ലാം കൂടെ എന്നെ ഇങ്ങനെ നോക്കുന്നത്..

ഗീത ടീച്ചര്‍ അകത്തേക്ക് കയറാന്‍ ഉള്ള അനുവാദം തന്നു.. ഞാന്‍ ക്ലസ്സിനകത്തു പ്രവേശിച്ചു.. അകത്തു ഇരിക്കാന്‍ ഒരിഞ്ചു സ്ഥലം ഇല്ല,എല്ലാ ബെഞ്ചിലും തിങ്ങി ഞെരുങ്ങി ആളുകള്‍ .. അങ്ങനെ നോക്കി നോക്കി അവസാനം കിടന്ന ഒരു ബെഞ്ചിന്റെ കോണില്‍ ഞാന്‍ ഇരിപ്പുറപ്പിച്ചു .. അടുത്തിരിക്കുന്ന ആളെ കണ്ടപ്പോള്‍ പലപ്പോഴും എനിക്ക് സംശയം ഉണ്ടായി ഇത് പഠിക്കാന്‍ തന്നെ വന്നവനാണോ,അതോ ഇനി ഏതെങ്കിലും കുട്ടിയുടെ രക്ഷിതാവാണോ?.. എന്തായാലും ആ തടിയന്റെ അടുത്ത് ഞാന്‍ ഒരു ഉറുമ്പിനെ പോലെ ഇരുന്നു!.. 

കണക്കിന്റെ ക്ലാസ്സ് പെട്ടെന്നാണ് തീര്‍ന്നത്... പിന്നീടു കെമിസ്ട്രി ക്ലാസ്സ് ആയിരുന്നെന്നാണ് എന്റെ ഓര്‍മ്മ.. ആ ടീച്ചര്‍ കേറിയ പാടെ പഠിപ്പിക്കാന്‍ തുടങ്ങി, എന്നാല്‍ ആദ്യ ക്ലാസ്സ് അല്ലേ, എല്ലാവരോടും ഒന്ന് മിണ്ടി,രണ്ട് കൊച്ചു വര്‍ത്തമാനം ഒക്കെ പറഞ്ഞിട്ട പഠിപ്പിച്ചാല്‍ പോരെ..അതൊന്നും ഇല്ല അവര്‍ നേരെ പഠിപ്പിക്കല്‍ തുടങ്ങി, അത് മാത്രമല്ല കുറച്ചു കഴിഞ്ഞപ്പോള്‍ നോട്ട് പറയാന്‍ തുടങ്ങി, എല്ലാവരും ബുക്ക്‌ എടുത്ത് എഴുതാനും... എത്ര ഒക്കെ ശ്രമിച്ചിട്ടും എനിക്ക് അവര്‍ പറയുന്നത് ഫോളോ ചെയ്തു എഴുതി എടുക്കാന്‍ കഴിഞ്ഞിരുന്നില്ല.. അവര്‍ നാലാമത്തെ സെന്റെന്‍സ് പറയുമ്പോള്‍ ഞാന്‍ ഒന്നാമത്തെ സെന്റെന്സിന്റെ ആദ്യ വാക്ക് ആയിരിക്കും എഴുതുക.. ഞാന്‍ നോക്കിയപ്പോള്‍ അടുത്തിരിക്കുന്ന തടിയന്‍ നല്ല സ്പീഡില്‍ എഴുതുന്നു, ഞാന്‍ കൂടെ കൂടെ അവനോടു ചോദിക്കും എന്താ ചേട്ടാ ഇപ്പൊ പറഞ്ഞെ,എന്താ ഇപ്പൊ പറഞ്ഞെ.. അവന്‍ പറഞ്ഞു "നീ നേരെ ബുക്ക്‌ നോക്കി എഴുതെടാ ചെക്കാ,ശല്യപ്പെടുത്താതെ!!!".. അങ്ങനെ ഞാന്‍ അവന്റെ ബുക്ക്‌ നോക്കി എഴുതാന്‍ തുടങ്ങി, ഒരു സെന്റെന്‍സ് വായിച്ചപ്പോഴേ എനിക്ക് മതിയായി.. ഈശ്വരാ ഇതിലും എന്ത് ബെറ്റര്‍ ആയിട്ടാ ഞാന്‍ എഴുതുന്നത്‌,ഇവന്റെത് മുഴുവന്‍ അക്ഷര പിശാശും ഗ്രാമ്മര്‍ പിശാശും! 

[NB: What is covalent bond? I am the answer! i am the answer! കോവാലന്റെ ബോണ്ടാ ഈസ്‌ വെരി ബാട്‌ ..നല്ല ബോണ്ട ഈസ്‌ മണിയന്റെത് ..]

Monday, January 03, 2011

ആദ്യമായി കോളേജില്‍!

ഞാന്‍ ആദ്യമായി കോളേജില്‍ പോയത് (രണ്ട് കോളേജില്‍ പഠിച്ചിട്ടുണ്ട്,പന്തളം പോളിടെക്നിക്കിലും  പാറ്റൂര്‍ ശ്രീബുദ്ധ കോളേജ് ഓഫ് എന്ജിനീയരിങ്ങിലും )ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു അനുഭവം ആണ്.. ഹൈ സ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ വിചാരം പത്താം ക്ലാസ്സ് കഴിഞ്ഞാല്‍ നേരെ പ്ലസ്‌ ടൂ നു കേറി അടിച്ചു പൊളിക്കണം,കൂട്ടുകാരുമായി കറങ്ങണം,അത് വരെ കിട്ടാത്ത സ്വാതന്ത്ര്യം അനുഭവിക്കണം എന്നൊക്കെ ആയിരുന്നു.. വീട്ടുകാര്‍ക്കും ആ സമയത്തൊന്നും മറിച്ച്‌ ഒരു ചിന്ത ഇല്ലായിരുന്നു.. 

അങ്ങനെ ഇരിക്കെ പത്താം ക്ലാസ്സിലെ റിസള്‍ട്ട്‌ വന്നു.. അന്ന് ഇന്റെനെറ്റ് വഴി റിസള്‍ട്ട്‌ അറിഞ്ഞു തുടങ്ങുന്ന സമയം ആണ്.. റിസള്‍ട്ട്‌ പ്രിന്റ്‌ ഔട്ട്‌ എടുക്കാന്‍ വേണ്ടി നെറ്റ് കഫെ യില്‍ പോയത് എന്റെ അച്ഛന്‍ ആണ്.. എനിക്ക് അഞ്ഞൂറ്റി പതിനാറു മാര്‍ക്ക് ഉണ്ടായിരുന്നു, അച്ഛന് അത് കൊണ്ട് വല്യ സന്തോഷം ആയിരുന്നു,കാണുന്നവരോടൊക്കെ അത് പറഞ്ഞു നടക്കുമായിരുന്നു അദ്ദേഹം.. അങ്ങനെ റിസള്‍ട്ട്‌ പ്രിന്റ്‌ ഔട്ട്‌ എടുക്കാന്‍ ചെന്ന കടയില്‍ വെച്ചു അച്ഛന്‍ ഒരു സ്നേഹിതനെ കണ്ടു മുട്ടി.. അവിടെ സ്വാഭാവികമായും എന്റെ കാര്യം അച്ഛന്‍ എടുത്തിട്ടു..ആ പുള്ളിക്കാരന്‍ അപ്പോള്‍ അച്ഛന്റെ മനസ്സിലേക്ക് ഒരു വിഷം കുത്തി വെച്ചാണ്‌ വിട്ടത്.. മകനെ പോളിടെക്നിക്കില്‍ ചേര്‍ക്കുക,വെറുതെ പ്ലസ്‌ ടൂ നു ഒക്കെ വിട്ടു സമയം കളയുന്നതിലും നല്ലത് പൊളിക്കു വിട്ടു മകനെ ഒരു ജൂനിയര്‍ എഞ്ചിനീയര്‍ ആക്കി മാറ്റാന്‍ ആ പുള്ളി ഉപദേശിച്ചു വിട്ടു.. വീട്ടിലെത്തിയ അച്ഛന്‍ ആ ഉപദേശം എന്റെ മേല്‍ അടിച്ചേല്‍പ്പിച്ചു.. ഞാന്‍ കുറെ എതിര്‍ത്ത് നോക്കി, പക്ഷേ അച്ഛന്റെ ന്യായ വാദങ്ങള്‍ക്ക് മുന്നില്‍ എനിക്ക് പിടിച്ചു നില്ക്കാന്‍ പറ്റിയില്ല, പോരാത്തതിനു പണ്ട് അച്ഛന് പോളിയില്‍ അഡ്മിഷന്‍ കിട്ടിയിട്ടും സാമ്പത്തികം കുറവായതിന്റെ പേരില്‍ ആ ചാന്‍സ് നഷ്ടായതും ഒക്കെ പറഞ്ഞപ്പോള്‍ ഞാനും സമ്മതിച്ചു കൊടുത്തു .. ആ ദിവസം ആണ് ഞാന്‍ ഈ പോളിടെക്നിക്ക് എന്ന സാധനത്തെ പറ്റി ശരിക്കും കേള്‍ക്കുന്നത് തന്നെ.. പണ്ടേതോ ഒരു സിനിമയില്‍ ശ്രീനിവാസന്‍ പറഞ്ഞിട്ടുള്ളത് എനിക്കറിയാം , "നീ എന്നെ യന്ത്രങ്ങളുടെ പ്രവര്‍ത്തനം ഒന്ന് പഠിപ്പികെണ്ടാ ഞാന്‍ അവിടെ പഠിച്ചിട്ടുണ്ട്" എന്ന്..

അങ്ങനെ പോളിയില്‍ ചേരാന്‍ ഉള്ള തീരുമാനം എതിര്‍വോട്ടുകള്‍ ഇല്ലാതെ അച്ഛന്‍ പാസ് ആക്കിയെടുത്തു .. പിന്നെ ഒരു കാര്യം മാത്രം എന്റെ തീരുമാനത്തിനായി അച്ഛന്‍ മാറ്റി വെച്ചു, നിനക്ക് ഇഷ്ടമുള്ള കോഴ്സ് തിരഞ്ഞെടുക്കാം.. ആ സമയങ്ങളില്‍ ഈ കമ്പ്യൂട്ടര്‍ എന്ന സാധനം എന്റെ മനസ്സിലേക്ക് ആഴ്ന്ന്‍ ഇറങ്ങിയിരുന്നു.. കമ്പ്യൂട്ടറില്‍ ഒന്ന് തൊടാനും അതില്‍ അത്ഭുതങ്ങള്‍   വിരിയിക്കാനും എന്റെ മനസ്സ് വെമ്പി നിന്ന കാലം ആയിരുന്നതിനാല്‍(ഇപ്പോഴും!) ഞാന്‍ കമ്പ്യൂട്ടര്‍ സയന്‍സ് തിരഞ്ഞെടുത്തു.. 

പന്തളം NSS പോളിടെക്നിക്ക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായി ഞാന്‍ ചേര്‍ന്നു.. എന്റെ അമ്മയുടെ വീട് പന്തളത്ത് തന്നെ ആയിരുന്നതിനാല്‍ അവിടെ നിന്ന് പഠിക്കാന്‍ അച്ഛന്‍ ഏര്‍പ്പാടാക്കി.. അട്മിഷന്റെ  സമയത്ത് തന്നെ ഞാന്‍ അറിഞ്ഞിരുന്നു എന്നോടൊപ്പം ഉള്ള രണ്ട് പെരോഴിച്ചു ബാക്കി നാല്പത്തി രണ്ട് പേരും പ്ലസ്‌ ടൂ ഓ ഡിഗ്രിയോ ഒക്കെ കഴിഞ്ഞവരാനെന്നും,എല്ലാവരും എന്നേക്കാള്‍ രണ്ടോ മൂന്നോ വയസ്സ് മൂപ്പുള്ളവര്‍ ആന്നെന്നും  ... 

അങ്ങനെ ക്ലാസ്സ് തുടങ്ങുന്ന ദിവസം വന്നെത്തി, എന്നെ കോളെജില് കൊണ്ടാക്കാന്‍ കൂടെ അപ്പൂപ്പനും വന്നിരുന്നു.. പെരുംപുളിക്കല്‍ എന്ന സ്ഥലത്ത് വണ്ടി ഇറങ്ങി ഞങ്ങള്‍ കോളെജിനു അകത്തേക്ക് നടന്നു.ഒന്ന് ഒന്നര കിലോമീറെര്‍ ഉണ്ട് നടക്കാന്‍.. അതെനിക്ക് അറിയാവുന്നത് കൊണ്ട് അപ്പൂപ്പനോടു തിരിച്ചു പൊയ്ക്കോളാന്‍ ഞാന്‍ പറഞ്ഞു.. അങ്ങനെ ഞാന്‍ ഒറ്റയ്ക്ക് കോളെജിനു അകത്തേക്ക് പ്രവേശിച്ചു .. 

സിവില്‍-മെക്കാനിക്കല്‍ ബ്ലോക്ക് ^
കമ്പ്യൂട്ടര്‍ ബ്ലോക്ക് ^

അകത്തെ കാഴ്ച കണ്ടപ്പോള്‍,പണ്ട് കുചേലന്‍ അന്തിച്ചു പോയ പോലെ ഞാനും ഒരു നിമിഷം ചിന്തിച്ചു നിന്ന് പോയി,ഞാന്‍ എന്റെ കോളെജില് തന്നെ ആണോ വന്നത്? അതോ സ്ഥലം മാറി പോയോ? കാരണം വേറൊന്നുമല്ല കോളേജിന്റെ നടുമുറ്റത്ത്---സിവില്‍-മെക്കാനികാല്‍ ബ്ലോക്ക് പടിഞ്ഞാറ് വശത്തും കമ്പ്യൂട്ടര്‍-electronics ബ്ലോക്ക് കിഴക്ക് വശത്തും ,ഇതിനു നടുവിലുള്ള സ്ഥലം--- പത്തിരുപത് ആള്‍ക്കാര്‍ കൂട്ടത്തല്ല് നടത്തുന്നു.. ചിലരുടെ കയ്യില്‍ ചുവന്ന കൊടിയുണ്ട്.. മറ്റു ചിലരുടെ കയ്യില്‍ കാവി കൊടിയും.. കാവി കോടി ഉള്ളവരുടെ നെറ്റിയില്‍ ചുവന്ന പൊട്ടും,കയ്യില്‍ ചുവന്ന രാഖിയും ഉണ്ട്.. കുറച്ചു കൂടെ ശ്രദ്ധിച്ചപ്പോള്‍ എനിക്ക് മനസ്സിലായി അത് രണ്ട് പാര്‍ട്ടിക്കാര്‍ തമ്മിലുള്ള അടിയാണ് എന്ന്.. ഞാന്‍ പേടിയോടു കൂടി ഒരു തൂണിന്റെ മറവില്‍ നിന്ന് ഇതെല്ലം നോക്കി കാണുകയായിരുന്നു.. അടി കുറെ നേരം നീണ്ടു നിന്നു.. സൂക്ഷിച്ചു നോക്കിയപ്പോള്‍ സിനിമയില്‍ ഒക്കെ കാണുന്ന പോലെ ചുവന്ന കോടി പിടിച്ച ആള്‍ക്കാര്‍ പറന്നു പോകുന്നത് കാണാന്‍ തുടങ്ങി.. ഒരു ആജാന ബാഹുവായ,കണ്ടാല്‍ കീരിക്കാടന്‍ ജോസിനെ പോലിരിക്കുന്ന ചുവന്ന രാഖി കയ്യില്‍ കെട്ടിയിട്ടുള്ള ആ ആള്‍ ആള്‍ക്കാരെ നിഷ്കരുണം എടുത്ത് എറിയുകയാണ്.. ചുവന്ന കൊടിക്കാര്‍ക്ക് ആര്‍ക്കും തന്നെ അയാളെ  പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ല.. ഇടയ്ക്കു ചുവന്ന  കൊടികാരുടെ നേതാവിനെ അദ്ദേഹം പിടിച്ചു, ആ ചുവന്ന കൊടികാരന്‍ രക്ഷപെടാന്‍ ഉള്ള വെപ്രാളത്തില്‍ കീരിക്കാടന്‍ ജോസിന്റെ പാന്റ്സിന്റെ പോക്കെറ്റ്‌ വലിച്ചു കീറുന്നത് ഞാന്‍ കണ്ടു.. എന്തായാലും ഒരു പത്ത് പതിനഞ്ചു മിനട്ടു കൊണ്ട് നമ്മുടെ കീരിക്കാടന്‍ ജോസ് ചുവന്ന കൊടിക്കാരെ എല്ലാം അവിടെ നിന്ന് ഓടിച്ചു,സോറി പറപ്പിച്ചു .. പിന്നെ ഞാന്‍ കണ്ടത് ആ സ്ലോ മോഷനില്‍  ഉള്ള വരവായിരുന്നു.. രണ്ട് വശത്തും  അംഗ രക്ഷകരെ  പോലെ ബാക്കി ഉള്ളവരും നടുവിലായി കീറിയ പാന്റ്സും ബട്ടണ്‍ പൊട്ടിയ ഉടുപ്പുമായി  നടന്നു വരുന്ന കീരിക്കാടന്‍ ജോസും.. അന്ന് തന്നെ ഞാന്‍ ജോസിന്റെ ഫാന്‍ ആയി.. (ക്ലാസ്സ്മേട്സ്  എന്ന മലയാള സിനിമ കണ്ടപ്പോള്‍ എന്റെ കോളേജു തന്നെ ആണ് ഞാന്‍ കണ്ടത്)

[NB: അടി കിട്ടിയ നേതാവിനോട് തന്നെ ഞാന്‍ എന്റെ ക്ലാസ്സ് എവിടെ ആണെന്ന് തിരക്കിയതും അയാള്‍ എന്നെ ഇട്ട്‌ ഓടിച്ചതും വേറൊരു കഥ!]

ആദ്യമായി നടത്തിയ ഒരു മോഷണം


വീണ്ടും സ്കൂളിലേക്ക് തിരിച്ചു പോകാം, ഇത് മൂന്നാം ക്ലാസ്സിലെ അനുഭവം..
മലയാളം,സാമൂഹ്യപാഠം,കണക്ക് തുടങ്ങിയ  വിഷയങ്ങള്‍ക്ക് പുറമേ ചിത്ര രചന എന്ന ഒരു വിഷയം കൂടി ഉണ്ടായിരുന്നു ഞങ്ങള്‍ക്ക് ,ഒരു പുസ്തകവും ഉണ്ട് അതിനായി,മലയാളം മീഡിയം പഠിച്ചവര്‍ക്ക് അറിയാമായിരിക്കും.... അതില്‍ നിരവധി ചിത്രങ്ങളും ഔട്ട്‌ ലയ്ന്സും ഒക്കെ ഉണ്ടാവും.. എല്ലാ വെള്ളിയാഴ്ചയും ആണ് ചിത്ര രചനയുടെ ക്ലാസ്സ്‌.. ഞങ്ങള്‍ എല്ലാവരും മനോഹരമായി ചിത്രങ്ങള്‍ക്ക് കളറു കൊടുക്കും, പടം വരയ്ക്കാന്‍ എല്ലാവരുടെ കയ്യിലും ഉള്ളത് കളര്‍ പെന്‍സില്‍ ആയിരുന്നു.... അങ്ങനെ സന്തോഷമായി എല്ലാവരും ഒരു പോലെ പടം വരച്ചു കൊണ്ടിരുന്ന ആ കാലത്താണ് അഭിലാഷ് ഒരു ദിവസം സ്കെച്ച് പെനുമായി വരുന്നത്.. കളര്‍ പെന്സിലെനെക്കള്‍ നൂറിരട്ടി വ്യക്തതയുമായി വന്ന സ്കെച്ച് പെന്‍ എന്നെ കുറച്ചൊന്നുമല്ല ആകര്‍ഷിച്ചത് .. അവന്റെ അച്ഛനും അമ്മയും കേരളത്തിന്‌ പുറത്ത് എവിടെയോ ആണ് ജോലി ചെയ്യുന്നത്, അവര്‍ കൊണ്ട് കൊടുത്തതാണ് ആ പേനകള്‍.. ഒരിക്കല്‍ ആഗ്രഹം വല്ലാതെ മൂത്തപ്പോള്‍ അവനോടു ഞാന്‍ ആ പേന ഒന്ന് തരുമോ എന്ന് ചോദിച്ചു,സ്വന്തായിട്ടൊന്നുമല്ല, ആ പേന കൊണ്ട് ഒരു വരയെങ്കിലും എന്റെ പുസ്തകത്തില്‍ വരക്കണം അത്രേ മോഹംണ്ടായിരുന്നുള്ളൂ.. പക്ഷെ ആ ദുഷ്ടന്‍ എനിക്ക് തന്നില്ലെന്നു മാത്രമല്ല എന്നെ പിടിച്ചു തള്ളുകയും ചെയ്തു.. എന്റെ അഭിമാനത്തിന് മുറിവേറ്റു.. എങ്ങനെയും ആ പേനകള്‍ കയ്കലാക്കണം എന്ന് എന്റെ മനസ്സ് പറഞ്ഞു.. അവന്റെ ബാഗില്‍ പേന ഉണ്ട് എന്ന് ഞാന്‍ മനസ്സിലാക്കി,ഒരു ദിവസം ഉച്ചക്ക് എല്ലാരെക്കാളും മുന്നേ ഞാന്‍ ചോറ് ഉണ്ട് കയ്യ് കഴുകി ക്ലാസ്സില് തിരിച്ചെത്തി .. അഭിലാഷും ബാക്കി ഉള്ളവരും കയ്യ് കഴുകാന്‍ ഇറങ്ങിയ തക്കം നോക്കി ഞാന്‍ അവന്റെ ബാഗു തുറന്നു പച്ച,മഞ്ഞ,ചുവപ്പ് പേനകള്‍ കയ്ക്കലാക്കി.. അന്ന് വെള്ളിയാഴ്ച അല്ലാത്തതിനാല്‍ അവന്‍ അവന്റെ കളര്‍ പേനകള്‍ നഷ്‌ടമായ വിവരം അറിഞ്ഞില്ല...

എനിക്കന്നു അതിയായ സന്തോഷം തോന്നി, വീട്ടില്‍ എത്തുന്ന സമയം വരെ.. വീട്ടില്‍ എത്തി കഴിഞ്ഞപ്പോള്‍ മുതല്‍ എന്തോ ഒരു വല്ലായ്മ... അകാരണമായി ചങ്കിടിപ്പ് കൂടുന്നത് ഞാന്‍ അറിഞ്ഞു.. ഒന്നും കഴിക്കാന്‍ പറ്റുന്നില്ല,ഇരിക്കാന്‍ പറ്റുന്നില,കിടക്കാന്‍ പറ്റുന്നില്ല.. അമ്മൂമ്മ ഇടയ്ക്കിടെ ചോദിക്കുന്നുണ്ടായിരുന്നു എന്താടാ നിനക്ക് പറ്റിയത് എന്ന്.. ഞാന്‍ ഒന്നും മിണ്ടിയില്ല.. എന്തായാലും വീട്ടില്‍ എത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും എന്തോ വലിയ ഒരു തെറ്റാണു ഞാന്‍ ചെയ്തത് എന്ന് ഉള്ള ഒരു തോന്നല്‍ വേട്ടയാടാന്‍ തുടങ്ങി.. എന്റെ ബാഗു കാണുമ്പോഴേ ഞാന്‍ പേടി കൊണ്ട് വിറക്കാന്‍ തുടങ്ങി, ആരെങ്കിലും ഈ മോഷണം അറിയുമോ, അറിഞ്ഞാല്‍ അവരുടെ പ്രതികരണങ്ങള്‍ എങ്ങനെ ആയിരിക്കും എന്നൊക്കെ ഉള്ള തോന്നലുകള്‍ അധികരിക്കാന്‍ തുടങ്ങി... അങ്ങനെ അന്ന് രാത്രി ആയപ്പോള്‍ ഞാന്‍ ആരും കാണാതെ എന്റെ ബാഗു തുറന്നു ആ പേനകള്‍ മൂന്നും എന്റെ നിക്കറിന്റെ പോക്കറ്റിലേക്കു തിരുകി.. വീടിന്റെ അടുത്ത് തന്നെ ഒരു റബ്ബര്‍ തോട്ടം ഉണ്ട്.. അതിന്റെ ഒരു മൂലയ്ക്ക് കനാലില്‍ നിന്നും തോട്ടത്തിലേക്ക് വെള്ളം പമ്പ്‌ ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു പഴയ പൈപ്പ് ഉണ്ട്..  ഞാന്‍ പതിയെ അതിന്റെ അടുത്ത് എത്തി,സാധാരണ പൈപ്പ്പോലെ അല്ല അത്..ഒരു വല്യ മൂടി ഒക്കെ ഉള്ള ഒരു സാധനം.. ആ മൂടിക്കു ആണേല്‍ ഒടുക്കത്തെ ഭാരം ആണ്.. ഒരു വിധത്തില്‍ അത് ഇളക്കി ഞാന്‍ ആ മൂന്നു പേനയും അതിലേക്കു ഇട്ടു... 

ആ പേനകള്‍ അവനു തിരിച്ചു കൊടുക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു, പക്ഷെ അവന്‍ ഒരു തടിയന്‍ ചെക്കനാ.. ഇടി ഉറപ്പാ,പോരാത്തതിനു അവന്‍ ടീച്ചരുമാരോടൊക്കെ  പറയും എന്നുള്ളത് നൂറു ശതമാനം ഉറപ്പും ആണ്.. അത് കൊണ്ടാണ് പേനകള്‍ നശിപ്പിച്ചു കളയാം എന്ന് തന്നെ തീരുമാനിച്ചത്.. കുറച്ചു നാളുകള്‍ക്കു ശേഷം എന്റെ കുഞ്ഞമ്മ എനിക്ക് കുറെ കളര്‍ പേനകള്‍ മേടിച്ചു തന്നു.. അപ്പോള്‍ അതില്‍ നിന്നും നാല് പേനകള്‍,ഒരെണ്ണം extra,ഞാന്‍ അഭിലാഷിന്റെ ബാഗില്‍ ഇട്ടു,അവന്‍ അറിയാതെ!!

[NB :ആ തടിയനോ,മറ്റാരെങ്കിലുമോ ഇതൊന്നും ഇതുവരെയും അറിഞ്ഞിട്ടില്ല!!, അവന്‍ ഇപ്പോള്‍ എവിടെ ആണെന്നും എനിക്കറിഞ്ഞു കൂടാ!!] 

Sunday, January 02, 2011

ഇന്നത്തെ ഒരു വാര്‍ത്ത!

ഇന്നത്തെ മാതൃഭുമിയിലെ ഒരു വാര്‍ത്ത എന്നെ ഞെട്ടിച്ചു കളഞ്ഞു, ഒരു ആത്മഹത്യ, അതും എല്ലാരും നോക്കി നില്‍ക്കെ, മാതൃഭൂമിയിലെ വാര്‍ത്ത‍ ഇങ്ങനെ ആണ് "നാട്ടുകാര്‍ നോക്കി നില്‍ക്കെ ചുമട്ടു തൊഴിലാളി തൂങ്ങി മരിച്ചു" ,ആത്മഹത്യ ചെയ്യുകയാണ് എന്ന് വിളിച്ചു അറിയിച്ചിട്ട് ചുമട്ടു തൊഴിലാളി തൂങ്ങി മരിച്ചു,കടക്കു മുന്നില്‍ കേട്ടിതൂങ്ങിയ ഇയാളെ രക്ഷിക്കാനോ ആസ്പത്രിയില്‍ കൊണ്ട് പോകാനോ കണ്ടു നിന്നവര്‍ തയ്യാറായില്ല. സ്വന്തം ഉടു തുണിയില്‍ കുരിക്കിട്ടു കഴുത്തില്‍ കുടുക്കി താഴേക്ക്‌ ചാടിയ ഉടനെ അഴിച്ച് ഇറക്കാനോ ആസ്പത്രിയില്‍ കൊണ്ട് പോകാനോ നോക്കി നിന്നവര്‍ തയ്യാറായില്ല.. വേറെ ഒരാളുമായി അടിപിടി നടന്നതിന്റെ വിഷമത്തിലാണ് പുള്ളി ഇങ്ങനെ ചെയ്തത് എന്നൊക്കെ ആണ് വാര്‍ത്ത‍ പറയുന്നത്,ആ ആളെ പോലീസെ തിരയുണ്ട് .. എന്നെ വിഷമിപ്പിച്ചത്,നാടുകാരുടെ ഈ നിസംഗ മനോഭാവം ആണ്, തൂങ്ങി മരിക്കാന്‍ പോയ അയാളെ തടയാനോ, കെട്ടി തൂങ്ങിയ ഉടനെ രക്ഷപെടുത്താണോ കണ്ടു നിനവര്‍ ശ്രമിച്ചില്ല , എന്റെ ഒരു നിഗമനം വെച്ചു അയാള്‍ ശരിക്കും മരണം ആഗ്രഹിച്ചുട്ടുണ്ടാവില്ല, എല്ലാവരെയും പേടിപ്പികണം എന്ന ഒരു ഉദ്യേശമേ അയാള്‍ക്ക് ഉണ്ടാവു, പാവം ഒരു പക്ഷേ കരുതിയിരികണം,താന്‍ മരിക്കാന്‍ തുടങ്ങുമ്പോള്‍ ആരെങ്കിലും വന്നു രക്ഷിചോളും എന്ന്, പക്ഷേ കഠിന ഹൃദയരായ നാട്ടുകാര്‍ ആരും തന്നെ അതിനു തയ്യാറായില്ല, എനിക്ക് ഈ വാര്‍ത്ത വായിച്ചപ്പോള്‍  ആ നാട്ടുകാരോട് ദേഷ്യം തോന്നി, ഇത്രക്കും ഭയങ്കരന്മാരാണോ ആളുകള്‍, ഒരാളുടെ ജീവന്‍ തൂങ്ങി ആടുമ്പോള്‍ നോക്കി നില്ക്കാന്‍ ഇവര്‍ക്ക് എങ്ങനെ തോന്നി.. മരിക്കാനായി തുടങ്ങിയപ്പോള്‍ ഒരാള്‍ക്കെങ്കിലും അയാളെ തടഞ്ഞു കൂടാന്‍ പാടില്ലാരുന്നോ? അതോ ആ സമൂഹത്തിനു ശല്യക്കാരനായ ഒരാള്‍(?) തീര്‍ന്നു കിട്ടട്ടെ എന്ന മനോഭാവം ആയിരിക്കുമോ? എന്തായാലും എന്റെ മനസ്സില് എവടോക്കെയോ ഈ വാര്‍ത്ത‍ സ്പര്‍ശിച്ചു അത് നേരാണ്..
[NB:വാര്‍ത്ത‍ ഇങ്ങനെ ആണ്:
നാട്ടുകാര്‍ നോക്കിനില്‍ക്കെ ചുമട്ടുതൊഴിലാളി തൂങ്ങിമരിച്ചു
Posted on: 02 Jan 2011

ബാലരാമപുരം: ആത്മഹത്യ ചെയ്യുകയാണെന്നു വിളിച്ചറിയിച്ച് ചുമട്ടുതൊഴിലാളി നാട്ടുകാര്‍ നോക്കിനില്‍ക്കെ തൂങ്ങിമരിച്ചു. കടയ്ക്ക് മുന്നില്‍ കെട്ടിത്തൂങ്ങിയ ഇയാളെ രക്ഷിക്കാനോ ആസ്​പത്രിയില്‍ കൊണ്ടുപോകാനോ കണ്ടുനിന്നവര്‍ തയ്യാറായില്ല. തിരുവനന്തപുരം ജില്ലയില്‍ പള്ളിച്ചലിനടുത്ത് നരുവാമൂട്ടിലാണ് സംഭവം.
നരുവാമൂട് ഒലിപ്പുനട, പെരുമ്പുക്കോട്ടുകോണം വീട്ടില്‍ സുധാകരന്‍ (48) ആണ് മരിച്ചത്. ഐ.എന്‍.ടി.യു.സി. തൊഴിലാളിയായിരുന്നു. ശനിയാഴ്ച രാവിലെ 11.20 ന് ഇവിടെയുള്ള തുളസീധരന്റെ തയ്യല്‍ കടയുടെ മുന്നിലാണ് സുധാകരന്‍ തൂങ്ങിമരിച്ചത്. സംഭവത്തിനുമുമ്പ് സുധാകരനും സുഹൃത്തുക്കളുമായി അടിപിടി നടന്നതായി പോലീസ് പറഞ്ഞു. അതിന്റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് പ്രേരണയെന്ന് കരുതുന്നു.
ഉടുമുണ്ട് അഴിച്ച് കുരുക്കിട്ട്, ആത്മഹത്യചെയ്യാന്‍ പോകുന്നുവെന്ന് സുധാകരന്‍ വിളിച്ചുപറഞ്ഞെങ്കിലും ഭീഷണി മുഴക്കുകയാണെന്നാണ് പരിസരത്തുണ്ടായിരുന്നവര്‍ കരുതിയത്. കടയുടെ മുന്നിലെ ചായ്പില്‍ കെട്ടിത്തൂങ്ങിയ സുധാകരന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. കുരുക്കിട്ട് താഴേയ്ക്ക് ചാടിയ ഉടനെ അഴിച്ചിറക്കാനോ ആസ്​പത്രിയില്‍ കൊണ്ടുപോകാനോ നോക്കിനിന്നവര്‍ തയ്യാറായില്ല. നേരത്തെ നടന്ന അടിപിടിക്കിടയില്‍ സുധാകരന്റെ കൈയിലും തലയിലും കത്തികൊണ്ട് മുറിവേറ്റിരുന്നു. സുധാകരനുമായി അടിപിടി നടത്തിയെന്നു കരുതുന്ന കള്ളന്‍ വിജയന്‍ എന്നയാള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
ഒരാഴ്ചയായി സുധാകരന്‍ വീട്ടില്‍നിന്ന് അകന്നുകഴിയുകയായിരുന്നെന്നും പോലീസ് പറഞ്ഞു. അമ്പിളിയാണ് ഭാര്യ. മക്കള്‍: സിമി, സുജില. നേമം പോലീസ് കേസെടുത്തു.
http://www.mathrubhumi.com/online/malayalam/news/story/707169/2011-01-02/കേരള ]
Related Posts Plugin for WordPress, Blogger...