Friday, January 14, 2011

അങ്ങനെ ഒരു കൃമികടിക്കാലത്ത്..!

ത് പറയാന്‍ തുടങ്ങുമ്പോഴേ എനിക്ക് ചിരി വരുന്നു... പ്ലീസ് ആരും ചിരിച്ചു ചിരിച്ചു മണ്ണ് കപ്പരുത്,മണ്ണ് വാരി എറിയുവേം ചെയ്യരുത്! ആരും ഇതിന്റെ പേരില്‍ എന്നെ കളിയാക്കാന്‍ വന്നേക്കരുത്! ഇപ്പൊ തന്നെ നിക്കറൂരി എന്ന ഒരു പേര് കിട്ടിയിട്ടുണ്ട്! സംഭവം ന്താന്ന് വെച്ചാല്‍ , വളരെ വളരെ പണ്ടാണ് .. എനിക്കന്നു ഒരു മൂന്നു മൂന്നര വയസ്സ് കാണും(പിന്നെ മൂന്നര വയസ്സിലെ കാര്യം ഓര്‍ത്തിരിക്കുവല്ലേ എന്നല്ലേ നിങ്ങള്‍ മനസില്‍ പറഞ്ഞത്,ഞാന്‍ കേട്ടു!! ഞാന്‍ കേട്ടു!! , സംഭവം മുഴുവന്‍ കേട്ടു നോക്ക് അപ്പോള്‍ അറിയാം ഇത് ഓര്‍ത്തിരിക്കുമോ ഇല്ലയോ എന്ന്)


കുട്ടിക്കാലത്ത് ഈ കൃമികടി എന്ന സംഭവം ബാധിചിട്ടില്ലാത്തവര്‍ കുറവായിരിക്കും എന്നാണെന്റെ വിശ്വാസം, ആ സംഭവം എനിക്കുമുണ്ടായിരുന്നു അന്ന്... ഈ വൃത്തികെട്ട ജന്തുക്കള്‍ (കൃമികള്‍)) എല്ലാം കൂടെ രാത്രി സമയം ആകുമ്പോള്‍ നമ്മുടെ ബാക്ക്ഗ്രൌണ്ടിന്റെ കവാടത്തില്‍ എത്തുകയും അവിടെ ഫുട്ബോള്‍,ക്രിക്കറ്റ് ,കബഡി,ചെസ്സ് തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും, അപ്പോള്‍ ഗ്രൌണ്ടിന്റെ ഉടമയായ നാം അനുഭവിക്കുന്ന ആ ആനന്ദം ഹോ അവര്‍ണനീയം.. ഇടയ്ക്കു അവരുടെ ഈ വിനോദത്തില്‍ നമുക്ക് 'കയ്യ്‌' കടത്തേണ്ടതായും വരാം.. അവരുടെ വിനോദത്തെ നമുക്ക് ഈ ഇടപെടലിലൂടെ ചിലപ്പോള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കും, ചിലപ്പോള്‍ പറ്റാതെയും വരാം.. കളിക്കാരുടെ എണ്ണം വളരെ വളരെ കൂടുതല്‍ ആണെങ്കില്‍ 'കയ്യ്‌കടത്തലു'കള്‍ കൊണ്ട് ഒരു പ്രയോജനവും ലഭിക്കില്ല.. അങ്ങനെ ഒരു കൃമികടിക്കാലത് എന്റെ 'കയ്യ്‌കടത്തലു'കള്‍ ഏല്‍ക്കാതെ വന്ന ഒരു രാത്രി എനിക്ക് വലിയ വായിലെ നിലവിളിക്കേണ്ടി വന്നു. അമ്മയും അച്ഛനും ഉണര്‍ന്നു,
 "എന്ത് പറ്റിയെടാ ചക്കരെ നിനക്ക്" 
 "അമ്മേ ന്നെ ഇക്കൂക്കി കടിക്കാണ്‌,ദെ ഇവടെ!" 
അങ്ങനെ പറഞ്ഞപ്പോഴേക്കും അച്ഛനും അമ്മയ്ക്കും കാര്യം മനസ്സിലായി.. അവര്‍ സംഭവ സ്ഥലം വീക്ഷിച്ചു, കാര്യം നിയന്ത്രണാതീതം ആണെന്ന് തോന്നിയത് കൊണ്ടാവാം അച്ഛനും അമ്മയും താടിക്ക് കയ്യും കൊടുത്ത് കൃമിനിവാരണത്തെ പറ്റി കൂലംകഷമായി ആലോചിക്കാന്‍ തുടങ്ങി,പല വിധ ഐഡിയകള്‍ക്ക് അവര്‍ രൂപം കൊടുത്തു നോക്കി.അവര് തമ്മില്‍ ആശയപരമായി ഒടുക്കത്തെ ചേര്‍ച്ച ആണ്!ആദ്യം അമ്മ ഒരെണ്ണം പറയും;അത് അച്ഛന്‍ കൊള്ളില്ലെന്ന് പറയും,പിന്നെ അച്ഛന്‍ പറയും,അമ്മ കൊള്ളില്ലെന്നും..അങ്ങനെ അവര്‍ ചിന്തിച്ചു ചിന്തിച്ചു കാടു കയറുന്ന കൂട്ടത്തില്‍ എന്റെ നിലവിളിയുടെ ഫ്രീകൊന്‍സി നന്നായി ഉയർന്നു തുടങ്ങി. അടിയന്തിരമായി ഏന്തെങ്കിലും ചെയ്തേ പറ്റൂ എന്ന് അച്ഛന് മനസ്സിലായി! പെട്ടെന്ന്‍ അച്ഛന്റെ കണ്ണുകള്‍ അടുത്തിരുന്ന 'അമൃതാഞ്ജന്‍' കുപ്പിയില്‍ ചെന്നു പതിച്ചു.. ഒട്ടും അമാന്തിച്ചില്ല അതില്‍ നിന്നും ഒരു ചൂണ്ടാണി വിരല്‍ നിറയെ ബാം എന്റെ ബാക്ക് ഗ്രൌണ്ടിന്റെ കവാടത്തില്‍ അച്ഛന്‍ എത്തിച്ചു,. അവിടെ ക്രിക്കറ്റും ചെസ്സും കളിച്ചോണ്ടിരുന്ന സകലമാന എണ്ണവും കരിഞ്ഞു പോയി എന്ന് മാത്രമല്ല, തുമ്പയില്‍ നിന്നും കുതിച്ചു പൊങ്ങിയ റോക്കെറ്റ്‌ പോലെ അല്ലെങ്കില്‍ കെട്ടഴിച്ചു വിട്ട ബലൂണ്‍ പോലെ ഞാന്‍ ഒരു ഓട്ടമങ്ങ് തുടങ്ങി,പുട്ടിനു പീര എന്ന പോലെ ഹൈ വോളിയത്തില്‍ നിലവിളിയും,. വീട്ടിലിരുന്ന സകല മാന വസ്തുക്കളും തട്ടി മറിച്ചിട്ട്,ഭിത്തിയില്‍ പോയി ഇടിച്ച്‌,അടുക്കള വഴി ഓടി പാത്രങ്ങള്‍ പൊട്ടിച്ച്‌,എന്ന് വേണ്ട ഒരു ബോംബ്‌ വീണാല്‍ പോലും ഇത്രയും നാശനഷ്ടങ്ങള്‍ ഉണ്ടാവില്ല!. അവസാനം കുളിമുറിയില്‍ ഓടിക്കയറി അവിടിരുന്ന ആ വലിയ  ബക്കറ്റു  വെള്ളത്തില്‍ ബാക്ക്ഗ്രൌണ്ട് മുക്കി വെച്ചു! എന്നിട്ടും ആ എരിച്ചില്‍ മാറാന്‍ കുറെ സമയം എടുത്തു....... കുറ്റം പറയരുതല്ലോ അച്ഛന്റെ ആ ഒറ്റമൂലി ഏറ്റു!! പിന്നീടു ഒരിക്കലും എനിക്ക് 'കയ്യ്‌'കടത്തേണ്ടി വന്നിട്ടില്ലാ.. !
[NB:ജീവിച്ചിരിക്കെ സ്വര്‍ഗം കണ്ട അപൂര്‍വ വ്യക്തികളില്‍ ഒരാളാ ഞാന്‍..]

അയ്യപ്പന് ഈ കള്ളത്തിന്റെ പിന്‍ബലം ആവശ്യം ഉണ്ടോ?

*ഈ പോസ്റ്റ്‌ ഞാന്‍ പിന്‍വലിച്ചതായിരുന്നു,വീണ്ടും പോസ്റ്റുന്നു!
അയ്യപ്പ സ്വാമിക്ക് ഈ കള്ളത്തിന്റെ പിന്‍ബലം ആവശ്യം ഉണ്ടോ? മകരവിളക്ക്  എന്ന പേരില്‍ മുഴുവന്‍ സ്വാമി ഭക്തരെയും പറ്റിക്കുന്ന ആ ഏര്‍പ്പാടിനെ പറ്റി ആണ് ഞാന്‍ പറഞ്ഞു വരുന്നത്. സ്വാമി അയ്യപ്പന്‍ ഒരിക്കല്‍ പോലും വിചാരിച്ചു കാണാത്ത  കാര്യമാണ്, സാമ്പത്തിക ലാഭത്തിനു വേണ്ടി ചിലര്‍ ചെയ്ത്‌ കൂട്ടുന്നത്,അതിനു സര്‍ക്കാരിന്റെ സമ്മതം കൂടി ഉണ്ടെന്ന്‍ അറിയുമ്പോള്‍ ഒരു തരം ഞെട്ടലാണ് എനിക്ക്! വിശ്വാസ വഞ്ചന എന്ന ഗണത്തില്‍ പെടില്ലേ ഇതും! അങ്ങനെ എങ്കില്‍ മകരവിളക്ക്  കത്തിക്കുന്നവരും അതിനു മുഴുവന്‍ പിന്തുണ കൊടുക്കുകയും സൗകര്യം ചെയ്ത്‌ കൊടുക്കുകയും ചെയ്യുന്ന സര്‍ക്കാരും കുറ്റക്കാരല്ലേ..  മകരവിളക്ക് എന്ന സംഭവം തനിയെ ഉണ്ടാവുന്നത് അല്ല(ഞാന്‍ പറഞ്ഞതല്ല), അവിടെ പൊന്നമ്പലമേട് എന്ന സ്ഥലത്ത്  ദേവസ്വം ബോര്‍ഡ് ആള്‍ക്കാരും കെ എസ് ഇ ബി യുടെ ആള്‍ക്കാരും പിന്നെ പോലീസുകാരും ചേര്‍ന്നു കത്തിക്കുന്നതാണ്  ഈ മകരവിളക്ക് എന്ന പേരില്‍ നാം കണ്ടതും,കാണാന്‍ പോകുന്നതും.. യുക്തിവാദികളെ എനിക്ക് ഇഷ്ടമല്ല,കാരണം ഈശ്വരന്‍  ഉണ്ട്,ഉണ്ട്,ഉണ്ട്; അതില്‍ ഞാന്‍ അടിയുറച്ചു വിശ്വസിക്കുകയും ചെയ്യുന്നു, പക്ഷേ അതിനു ഒരു ജ്യോതിയുടെയും ശില്പയുടെയും ആവശ്യം എന്നെ പോലുള്ള ഈശ്വര വിശ്വാസികള്‍ക്ക് ഇല്ല, കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് യുക്തിവാദി സങ്കടന മകര ജ്യോതി തെറ്റാണെന്ന് തെളിയിച്ചതാണ്.. 1980 കളിലൊ മറ്റോ..... അന്ന് സര്‍ക്കാരിനെ ഈ കാര്യം ബോധിപ്പിച്ചപ്പോള്‍ സര്‍ക്കാരിന്റെ മറുപടി ഇപ്രകാരം ആയിരുന്നു, അതങ്ങനെ അങ്ങ് പോകട്ടെടോ,ഖജനാവ് കാലിയാകാതെ കാക്കുന്നത് ആ ജ്യോതിയാണെന്ന്! കണ്ടില്ലേ സര്‍ക്കാരിന്റെ മനോഭാവം, കൂട്ടരേ ഞാന്‍ ഒന്ന് ചോദിച്ചോട്ടെ മകരജ്യോതിയിലാണോ നിങ്ങളുടെ അയ്യപ്പ സ്വാമിയിലുള്ള വിശ്വാസം ഇരിക്കുന്നത്! മകരവിളക്ക് ഇല്ലെന്നു അറിഞ്ഞാല്‍ നിങ്ങള്‍ക്ക് ഈശ്വരനില്‍  ഉള്ള വിശ്വാസം നഷ്ടാവുമോ? ഈശ്വരന്‍ ഇല്ലെന്നു പറയുമോ? എന്തായാലും ഞാന്‍ പറയില്ല..


ടി എന്‍ ഗോപകുമാര്‍ കലാകൌമുദിയില്‍ പണ്ടെങ്ങോ എഴുതിയ ഈ ലേഖനം കൂടി വായിക്കുക..

ഇത് കൂടി കാണണേ.. ഇതില്‍ കുറച്ചു കൂടി എന്തൊക്കെയോ ഉണ്ട്! കുറച്ചു ന്യായീകരണങ്ങള്‍!.
[NB: ഈ വിഷയം പലയിടത്തും ഉണ്ട്, ഞാനും പറഞ്ഞുന്നെ ഉള്ളൂ.....സ്വാമിയെ ശരണമയ്യപ്പാ!]

Thursday, January 13, 2011

ഞങ്ങളെ ബാച്ചിലര്‍ ഓഫ് തെറിയോളജിക്ക് ചേര്‍ക്കരുതേ!

ഈ  ചിത്രം ഡെമോ ആണെ
ചില മനോഹരങ്ങളായ ബ്ലോഗുകള്‍ വായിച്ച് അതില്‍ ആകൃഷ്ടരായി ഒരു കമന്റ്‌ ഇടാന്‍ വേണ്ടി ചെല്ലുമ്പോഴാണ് നാം ഞെട്ടി പോകുന്നത്, അവിടെ ആ നല്ല ലേഖനത്തിന് പുറമേ പച്ച തെറിയും അശ്ലീലം പറച്ചിലുകളും.. തെറി എന്ന് പറഞ്ഞാല്‍ വെറും തെറി അല്ല; നിഘണ്ടുവില്‍ പോലും ഇല്ലാത്ത വാക്കുകള്‍ ആണ് അനോണികള്‍ ആയാലും അല്ലാത്തവര്‍ ആയാലും(ചിലര്‍) ഉപയോഗിചു കാണുന്നത്. രണ്ടായിരത്തി ആറില്‍ ബ്ലോഗു ലോകത്ത് എത്തിയവന്‍ ആണ് ഞാന്‍,അന്ന് മുതലേ ചില ബ്ലോഗുകള്‍ വായിക്കാറുണ്ടായിരുന്നു,നല്ല പോസ്ടുകളിന്മേല്‍ ആരോഗ്യപരമായ ചര്‍ച്ചകളും മറ്റും കൊണ്ട് ബഹു രസം ആയിരുന്നു ബ്ലോഗുലോകം അന്ന്. ഞാന്‍ അധികം എങ്ങും കമന്റ്‌ ഇടാറില്ലെങ്കിലും ആ ചര്‍ച്ചകള്‍ ഒക്കെ വായിച്ചു രസിക്കുകയും,അതിലെ നല്ല അറിവുകള്‍ ഉള്‍കൊള്ളുകയും ചെയ്യാറുണ്ടായിരുന്നു.കാലം കുറച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ ഭാഷയുടെ ശൈലി മാറി,രൂപം മാറി. എളുപ്പ വഴിയില്‍ പണക്കാരനാകാം എന്ന് പറയും പോലെ എളുപ്പ വഴിയില്‍ പ്രശസ്തനാവാന്‍ ഉള്ള വഴിയായി എഴുത്ത് വിവാദങ്ങളും അതിനെ ചുവടു പിടിച്ചു വരുന്ന ചൂടന്‍ കമന്റുകളും, അടുത്ത കാലത്തായി എനിക്ക് ആരോടെങ്കിലും ഭയങ്കര ദേഷ്യം വന്നാല്‍, അവരെ വിളിക്കാന്‍ എന്റെ കയ്യിലുള്ള തെറി മതിയാവാതെ വന്നാല്‍,ഉപയോഗിക്കാന്‍ തക്കതായ ഒരു തെറി കണ്ടു പിടിക്കാന്‍, ആരുടെ എങ്കിലും പോസ്റ്റിലെ കമന്റ്‌ നോക്കിയാല്‍ മതി എന്ന സ്ഥിതിയില്‍ എത്തിച്ചേര്‍ന്നു! ബെര്‍ളിയെ പോലുള്ള പ്രശസ്തരായവരുടെ ബ്ലോഗില്‍ തെറി അഭിഷേകവും അശ്ലീല കമന്റ്സും ആണ് കൂടുതല്‍! ഇടയ്ക്കു ഞാന്‍ ചിന്തിച്ചു പോയി ഇങ്ങേര്‍ ഈ ബ്ലോഗ്‌ വെറുതെ അങ്ങ് എഴുതി വിടുക ആണോ, അതിലെ കമന്റ്സ് ഒന്നും നോക്കാരില്ലേ എന്ന്! എന്തായാലും ഒരാഴ്ച മുന്‍പ് ബെര്‍ളി അദ്ദേഹത്തിന്റെ കമന്റ്‌ ബോക്സ്‌ കൊട്ടി അടച്ചിരുന്നു! ഇപ്പോള്‍ വീണ്ടും ആ വാതില്‍ തുറന്നിട്ടുണ്ട്! മനപ്പൂര്‍വം ഉള്ള ഈ തെറി വിളികളും അശ്ലീലം പറച്ചിലുകളും ഒഴിവാക്കി കൂടെ,അതും ആ ലേഖനവുമായി ഒരു ബന്ധവും ഇല്ലാത്തവ? അല്ലെങ്കില്‍ ആ വ്യക്തിയോടുള്ള ദേഷ്യം ആണെങ്കില്‍ അത് നേരിട്ടോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ മെയില്‍ വഴിയോ ബോധിപ്പിച്ചാല്‍ പോരെ? സദുദ്ദേശത്തോടെ,തങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു എഴുത്തുകാരന്റെ ലേഖനം വായിക്കാന്‍ എത്തുന്നവരെ 'ബാച്ചിലര്‍ ഓഫ് തെറിയോളജി'ക്ക് ചേര്‍ക്കേണ്ട അവശ്യം ഉണ്ടോ? ബ്ലോഗ്‌ ഓണേഴ്സും  ഉത്തരവാദിത്യം കാണിക്കണം, അങ്ങനെ ശല്യക്കാരായ കമെന്റടിക്കാരും കമന്റുകളും കൂടുമ്പോള്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തണം,ദിവസത്തില്‍ ഒരു നേരം എങ്കിലും  ബ്ലോഗിന്റെ മുന്നില്‍ ഇരിക്കാന്‍ കഴിയാത്തവര്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം എന്ന് തന്നെ ആണ് എന്റെ അഭിപ്രായം!!

[NB:ഇ-എഴുത്തുകാരുടെ സ്വന്തം ഇ-പേപ്പേര്‍ഇല് വരുന്ന എന്തിനും ഏതിനും ഉത്തരവാദികള്‍ അവര്‍ കൂടെ ആകുന്നു! ]

Wednesday, January 12, 2011

ട്രാഫിക്ക് എന്ന സിനിമയെ പറ്റി രണ്ട് വാക്ക്!-Traffic A Malayalam Film

കൂട്ടരേ ഇത് സിനിമയുടെ റിവ്യൂ അല്ല.. വളരെ നാളുകള്‍ക്ക് ശേഷം ഞാന്‍ കണ്ട ആ നല്ല സിനിമയെ പറ്റി രണ്ടു വാക്ക് നിങ്ങളോട് പറയുക എന്നുള്ളത് എന്റെ കടമ ആണെന്ന് തോന്നിയത് കൊണ്ടാണ് ഇത് എഴുതുന്നത്. ട്രാഫിക് ഒരു മികച്ച സിനിമ ആണ്,എന്ത് കൊണ്ടും..,കഥയാണിതിലെ നായകന്‍, തിരക്കഥ ഇത്ര മനോഹരമായി അവതരിപ്പിച്ചിട്ടുള്ള ഒരു സിനിമ അടുത്ത കാലത്തൊന്നും ഇറങ്ങിയിട്ടില്ല, അല്‍പ നാളുകള്‍ക്കു മുന്‍പിറങ്ങിയ പാസ്സെന്ജ്ജര്‍ എന്ന സിനിമയേക്കാളും വളരെ വളരെ മുന്‍പില്‍ നില്‍ക്കുന്നു ഈ സിനിമ. സിനിമ തുടങ്ങി അവസാനിക്കുന്നത് വരെ ത്രില്ലടിപ്പിച്ചു നിര്‍ത്താന്‍ സംവിധായകനും തിരക്കഥാ കൃത്തുക്കള്‍ക്കും കഴിഞ്ഞിട്ടുണ്ട്.. മലയാള സിനിമയില്‍ ഇന്ന് വരെ കാണാത്ത രീതിയില്‍ ഉള്ള പെര്‍ഫക്ഷന്‍ ഓരോ സീനിലും നമുക്ക് കാണാം,പ്രത്യേകിച്ച് ചില ആക്സിഡണ്ട്  സീനുകളില്‍. സൂപ്പര്‍ താരങ്ങളുടെ ഡേറ്റ് വാങ്ങിയിട്ട് അവര്‍ക്ക് യോജിക്കുന്ന തരത്തില്‍ കഥയും തിരക്കഥയും എഴുതി സിനിമയാക്കി അവതരിപ്പിക്കുന്ന ആ പതിവ് രീതിയില്‍ നിന്നും വളരെ വിഭിന്നം ആണ് ഈ സിനിമ, കഥക്കും സന്ദര്‍ഭങ്ങള്‍ക്കും അനുയോജ്യമായി നടന്മാരെ വിന്യസിപ്പിക്കുന്നതില്‍ ആ സംവിധായകന്‍ 100% വും വിജയിച്ചിരിക്കുന്നു.. നടന്മാരെ എല്ലാം നമുക്ക് അടുത്ത് പരിചയം ഉള്ളവരാനെങ്കിലും ഈ സിനിമയില്‍ ആ ഇമേജ് ഒന്നും തന്നെ അവരില്‍ കാണാന്‍ കഴിയുന്നില്ല, അത് ആ സംവിധായകന്റെയും തിരക്കഥാ കൃത്തുക്കളുടെയും മിടുക്ക് തന്നെ ആണ്.. വളരെ വളരെ സാധാരണമായ ഒരു കഥാ തന്തു ഇത്ര മനോഹരമായി ഒരു സിനിമ ആക്കി അവതരിപ്പിച്ച ആ മുഴുവന്‍ ടീമും ഒരായിരം അഭിനന്ദനം അര്‍ഹിക്കുന്നു.. ഈ സിനിമയുടെ കഥ എവിടെ നിന്നും കേള്‍ക്കാതിരിക്കുക, നേരെ തിയേറ്ററില്‍ പോയി സിനിമ കാണുക. ഓരോ സീനിലും അത്ഭുതങ്ങള്‍ പതിയിരിക്കുന്ന ഒരു നല്ല മലയാള സിനിമ ആണിത്, അതിനാല്‍ കഥയെ പറ്റി ഒരു വാക്ക് പോലും ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല


സംവിധാനം- രാജേഷ്‌ പിള്ളൈ

തിരക്കഥ-ബോബി സഞ്ജയ്‌ ടീം.

ക്യാമറ-ഷൈജു ഖാലിദ

എഡിറ്റിംഗ്-മഹേഷ് നാരായണന്‍

സംഗീതം-മേജോ ജോസഫ്‌

അഭിനേതാക്കള്‍-ശ്രീനിവാസന്, റഹ്മാന്‍, അനൂപ്‌ മേനോന്‍, കുന്ജാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, രമ്യ നമ്പീശന്‍, കാതല്‍ സന്ധ്യ, റോമ, ലെന, പ്രേം പ്രകാശ്‌, സായികുമാര്‍, കൃഷ്ണകുമാര്‍,കൃഷ്ണ, പിന്നെ അതിഥി താരമായി ജോസ് പ്രകാശും!


എന്റെ റേറ്റിംഗ് -9.5/10
[NB:കണ്ടിരിക്കേണ്ട ഒരു നല്ല മലയാള സിനിമ,കാണുക വിജയിപ്പിക്കുക! ]


"നിങ്ങള്‍ നോ എന്നു പറഞ്ഞാല്‍ ഇവിടെയൊന്നും സംഭവിക്കാനില്ല ഈ ദിവസവും പതിവുപോലെ കടന്നുപോകും.പക്ഷേ യെസ് എന്നുപറഞ്ഞാല്‍ അതു ചിലപ്പോള്‍ നാളത്തെ ചരിത്രമാവം!"-ട്രാഫിക്ക്

"നിങ്ങള്‍ക്കിവന്‍ മരിക്കാന്‍ കിടക്കുന്ന ആരോ ആണ്.
എനിക്കവന്‍ ജീവിച്ചിരിക്കുന്ന എന്‍റ മകനാണ്"-ട്രാഫിക്ക്

Tuesday, January 11, 2011

ചക്കിനു വെച്ചത്!

നി അല്പം  പഞ്ചാര കഥ.. കേള്‍ക്കാന്‍ എല്ലാവരും റെഡി അല്ലേ!?

നിങ്ങളെ ഏവരെയും ഞാന്‍ എന്റെ ഹൈ സ്കൂളിലേക്ക് കൂട്ടികൊണ്ട് പോകുന്നു, സ്കൂളില്‍ ഞാന്‍ ഒരു ബുജി ആയിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ അല്ലേ, ഈ പ്രേമം ഇഷ്ടം എനൊക്കെ കേട്ടാല്‍ എന്താണെന്ന് അറിയാത്ത അല്ലെങ്കില്‍ അവകള്‍ക്കൊക്കെ ഒരു സ്ഥാനവും ഇല്ലാത്ത,മുഴുവന്‍ സമയവും പഠിത്തത്തില്‍ മുഴുകി , ക്ലാസ്സില്‍ എങ്ങനെ ഒന്നാമാനാകാം എന്ന് മാത്രം ചിന്തിച്ചു,അതിനി വേണ്ടി  കഠിന പ്രയത്നം ചെയ്ത്‌ കൊണ്ടിരിക്കുന്ന കാലത്താണ് ഈ സംഭവം നടക്കുന്നത്..

അന്ന് ഞാന്‍ മുതുകുളം ഹയര്‍ സെക്കണ്ടറി സ്കൂളില്‍  പത്താം ക്ലാസ്സില്‍ പഠിക്കുന്നു, എ മുതല്‍ ജെ വരെ ഡിവിഷന്‍ ഉള്ള ഒരു എമണ്ടന്‍ സ്കൂളില്‍ ഇ ഡിവിഷന്‍ ഇല് ആയിരുന്നു ഞാന്‍, ഞങ്ങളുടെ ക്ലാസ്സിന്റെ തൊട്ടു അപ്പുറത്തെ ക്ലാസ് എട്ട് ഇ , തടി കൊണ്ടുള്ള രണ്ട് സ്ക്രീന്‍ ചേര്‍ത്ത് വെച്ചു കൊണ്ട് ഈ രണ്ട് ക്ലാസ്സിനേയും വേര്‍തിരിച്ചിരിക്കുന്നു. തടിയുടെ വിടവിലൂടെ അപ്പുറവും ഇപ്പുറവും കാണാന്‍ കഴിയും നമുക്ക്.. എന്റെ ക്ലാസ് ടീച്ചര്‍ പ്രസന്ന ടീച്ചര്‍ ആയിരുന്നു, എന്നെ ഒരു പാട് ഇഷ്ടം ഉള്ള ഒരു പാവം ടീച്ചര്‍, ഞാന്‍ എന്ത് പൊട്ടത്തരം എഴുതിയാലും അതെല്ലാം സ്കൂള്‍ മുഴുവന്‍ ഒരു സംഭവം ആയി കൊട്ടി ഘോഷിച്ചു നടക്കുന്ന  ടീച്ചര്‍! 

അപ്പോള്‍ പറയാന്‍ വന്നത് വേറൊരു കാര്യം ആണ്.എന്റെ ക്ലാസ്സില്‍ അടുത്ത് ഇരുന്നിരുന്നത് 'വടി' എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന അഭിലാഷ് ആയിരുന്നു(ആ പഴയ അഭിലാഷ് അല്ലാട്ടോ). ഇവനൊണ്ടല്ലോ ആള് ഭൂലോക തരികിടയാ, പത്താം ക്ലാസ്സിലേക്ക് മാറിയത് മുതല്‍ അവന്റെ സ്വഭാവത്തില്‍ ചില്ലറ മാറ്റങ്ങള്‍ ഒക്കെ ഞാന്‍ നോട്ട് ചെയ്യാറുണ്ടായിരുന്നു, ഇന്റെര്‍വല്‍ സമയം ആവുമ്പോള്‍ തൊട്ടടുത്ത ക്ലാസ്സിന്റെ വാതില്‍ക്കല്‍ പോയി നില്‍ക്കുക, ക്ലാസ്സ്‌ സമയത്ത് സ്ക്രീനിന്റെ വിടവിലൂടെ അപ്പുറത്തേക്ക് നോക്കി ഇരിക്കുക, ക്ലാസ്സില്‍ ഇരുന്നു സ്വപ്നം കാണുക, അങ്ങനെ അങ്ങനെ.. ഇവനിതെന്തു പറ്റി എന്ന് ഒരുപാട് ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടിയില്ല, അല്ല അന്ന് ഈ പ്രേമം എന്താണെന്ന്‍ അറിയാത്ത എനിക്ക് എങ്ങനെ ഈ ഭാവ മാറ്റങ്ങള്‍ പിടി കിട്ടാന്‍!? 

അന്നൊക്കെ ഈ  പ്രേമിക്കുന്ന ആളുകളെ കാണുമ്പോഴേ നമുക്ക് എന്തോ ഒരു വല്ലായ്മ ആണ്, സ്കൂളില്‍ തോറ്റു തോറ്റു കിടന്നിരുന്ന ഒരു ചെക്കന്‍ ഉണ്ടായിരുന്നു, അവനെ ചുറ്റിപ്പറ്റി ധാരാളം കഥകള്‍  കേള്‍ക്കുമായിരുന്നു, അവനു പത്ത് എഫില്‍ ലൈന്‍ ഉണ്ട്, അവളെ 'ലത്' ചെയ്തു, അവള്‍ക്കു 'ലത്' വാങ്ങി കൊടുത്തു, അവളോട്‌ 'ലത്' പറഞ്ഞു , അവള്‍ അവനെ 'ലത്' കൊണ്ട്  തല്ലി,അവന്‍ 'ലത്' കൊണ്ടു അവളേം തല്ലി,'ലത്' കാരണം 'ലത്' നടന്നില്ല!!!!!,. അങ്ങനെ പോകുന്നു കഥകള്‍! ഇതൊക്കെ കാരണം 'പ്രേമം' 'ഇഷ്ടം' എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ ചര്‍ധിക്കാന്‍ വരുമായിരുന്നു, അന്ന്!

വീണ്ടും നമ്മുടെ അഭിലാഷിലേക്ക്, അപ്പോള്‍ സംഭവം അതാണ്‌ അവനു പ്രേമ രോഗം ബാധിച്ചു, എട്ടു ഇ യിലെ ഒരു പെണ്ണിനോട്, പക്ഷേ ഈ കാര്യം എനിക്ക് മനസ്സിലായത് വളരെ സമയം കഴിഞ്ഞിട്ടാനട്ടോ!. ഒരു ദിവസം ഉച്ചക്ക് ഊണും കഴിഞ്ഞ്,  ഉച്ച കഴിഞ്ഞുള്ള  ആദ്യത്തെ പീരീഡആയ ഹിസ്റ്ററി ക്ലാസ്സിലേക്ക് ഉള്ള തയ്യാറെടുപ്പില്‍  ആയിരുന്ന  എന്റെ അടുത്ത് അഭിലാഷ് വന്നു, അവന്‍ പഠിക്കുകയൊന്നും ഇല്ല, ഇങ്ങനെ കറങ്ങി നടക്കും, എന്നിട്ട് ടീച്ചര്‍ ചോദ്യം ചോതിക്കുമ്പോള്‍ എന്നെ ഞോണ്ടും ,ഹും! ആ ബുദ്ധിമുട്ടു അറിയാവുന്നത് കൊണ്ട് ഞാന്‍ അവനെ പിടിച്ചു എന്റെ അടുത്ത് ഇരുത്തി,അന്ന് ചോദിക്കാന്‍ ചാന്‍സ് ഉള്ള ചോദ്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ ശ്രമിച്ചു.ആദ്യം  ഞാന്‍ പറയുന്നത് ശ്രദ്ധിക്കാന്‍ ശ്രമിച്ചു എങ്കിലും ഒരു അഞ്ചു പത്ത് മിനിറ്റ് കഴിഞ്ഞ് അവന്‍ പറഞ്ഞു  "ഡാ നീ വന്നെ നമുക്ക് ആ സ്ക്രീനിന്റെ അടുത്ത് വരെ ഒന്ന് പോകാം", ഞാന്‍ ചോദിച്ചു "എന്തിനു??, എനിക്ക് പഠിക്കാന്‍ ഉണ്ട്, നീയോ പഠിക്കില്ല, പഠിക്കുന്ന എന്നെ കൂടെ ശല്യപ്പെടുത്താന്‍ ആണോ നിന്റെ ഭാവം?"  "ഡാ ഒരു അഞ്ചു മിനിറ്റ് മതി, നീ ഒന്ന് വാ."  മനസ്സില്ലാ മനസ്സോടെ ഞാന്‍ ലവന്റെ കൂടെ സ്ക്രീനിന്റെ അടുത്തേക്ക് പോയി, എന്റെ കയ്യില്‍ അപ്പോഴും നോട്ട് ബുക്ക്‌ ഉണ്ടായിരുന്നു, ശ്രദ്ധ മുഴുവനും ഹിസ്ടരിയിലും അതിലുള്ള സംഭവങ്ങളിലും!. ഈ സ്ക്രീന് ചെറിയ ഒരു വിടവുണ്ട്, രണ്ട് സ്ക്രീനുകള്‍ ചേര്‍ത്ത് വെക്കുമ്പോള്‍ ഉണ്ടാകുന്ന വിടവില്ലേ,അതന്നെ, ഹും! ലവന്‍ ഉണ്ടല്ലോ ലവന്‍ ,ആ വിടവിലൂടെ ഒരു പെണ്ണിനെ വിളിച്ചു, ആ പെണ്ണ് വരുന്ന സമയം കൊണ്ട് അവന്‍ ഈ വിടവ് നല്ലവണ്ണം വലുതാക്കി, ഇപ്പോള്‍ എന്നെയും ആ പെണ്ണിന് കാണാന്‍ സാധിക്കും, ആ കൊച്ചു നേരെ ഇങ്ങു വന്നു, അവള്‍ അടുത്തു വന്നു ചോദിച്ചു "എന്താ?????" ലവനെ പറ്റി നല്ല മതിപ്പാണ് ലവള്‍ക്ക് എന്ന് ആ ചോദ്യത്തില്‍ നിന്നു തന്നെ എനിക്ക് മനസ്സിലായി, ലവന്റെ വായിലെ വെള്ളം മുഴുവന്‍ വറ്റിയെന്നു തോന്നുന്നു,ഒന്നും തിരിച്ചു പറയുന്നില്ല, ഞാനും ലവന്റെ വായിലേക്ക് തന്നെ നോക്കി നിക്കുകയാണ്, "എന്താടാ നിനക്കൊന്നും പറയാനില്ലേ?" ഞാന്‍ മനസ്സില്‍ ചോദിച്ചു, "എന്താണെന്ന്?????? "അവള്‍ ഒച്ച ഉയര്‍ത്തി, ലവന്‍ ഒന്ന് ഞെട്ടിയ പോലെ എനിക്ക് തോന്നി, വിറച്ചു വിറച്ചു അവന്‍ ഇങ്ങനെ പറഞ്ഞൊപ്പിച്ചു "കുട്ടിയെ ഇഷ്ടം ആണ്"  "ആര്‍ക്ക്??" അവളുടെ ശബ്ദം നന്നായി ഉയര്‍ന്നിരുന്നു. മുഖം ദേഷ്യം കൊണ്ട്  ചുവന്നു തുടുത്തു. "ആര്‍ക്കാണെന്ന്??" അവള്‍ പിന്നെയും ചോദിച്ചു കൊണ്ടിരുന്നു.. "അത്...അത് ... ദാ  ഇവന്!!!!!!!!!!!!!." ആ സാമദ്രോഹി എന്നെ ചൂണ്ടി !!!!

എന്റെ മനസ്സും ശരീരവും നിശ്ചലം ആയിപ്പോയി!!,കയ്യിലിരുന്ന നോട്ട് ബുക് താഴെ വീണത് ഞാന്‍ അറിഞ്ഞതെ ഇല്ല!!.. ആ കൊച്ചു എന്റെ മുഖത്തേക്ക് നോക്കും,പിന്നെ ലവന്റെ മുഖത്ത് നോക്കും, ഞാന്‍ അവന്റെ മുഖത്ത് നോക്കും,പിന്നെ ആ പെണ്ണിന്റെ മുഖത്ത് നോക്കും,ലവന്റെ നോട്ടം മാനത്തെക്കും!!! കുറെ നേരം ഞങ്ങള്‍ അങ്ങനെ പരസ്പരം നോക്കി നിന്നു, അവള്‍ ഒരു സ്റെപ്പു എന്റെ അടുത്തേക്ക് വെച്ചു, ഞാന്‍ രണ്ട് സ്റെപ്പു പുറകിലേക്കും, ഒരു അടി ഏതു നിമിഷവും കിട്ടാം,!!!  "അത് കുട്ടി എന്താന്ന് വെച്ചാല്‍...അതായത്..." ഞാന്‍ വിശധീകരിക്കാന്‍ തുടങ്ങിയപ്പോഴേക്കും പെട്ടെന്ന് അവള്‍ ഒരു ചെറു പുഞ്ചിരി സമ്മാനിച്ചിട്ട് തിരികെ ഒറ്റ ഓട്ടം!!!!!!!!!!!! എന്റെ ശ്വാസം നേരെ വീണു, അഭിലാഷിനെ രൂക്ഷമായിട്ടു നോക്കി, (നോക്കാന്‍ മാത്രേ പറ്റൂ, അവനു അന്യായ ആരോഗ്യം ആണ്, അടി ഇടി ഒന്നും അവന്റെ മേലെ നടക്കില്ല).. പക്ഷേ പ്രശ്നം അതല്ല, അത്ര ദേഷ്യത്തില്‍ നിന്ന ആ കൊച്ചു എന്തിനാണ് ചിരിച്ചു കൊണ്ട് തിരികെ പോയത്?? അതാണ്‌ എനിക്ക് മനസ്സിലാകാത്തത്. സാധാരണ ഒരാളെ അബദ്ധത്തില്‍ ചാടിച്ചാല്‍ നിന്നു സന്തോഷിക്കാരുള്ള ലവന്റെ  മുഖത്ത് വിഷമം കണ്ടു ഞാന്‍ ചോദിച്ചു.. "ഡാ ചെറ്റേ, സാമദ്രോഹി, എന്നോട് ഈ ചതി വേണ്ടായിരുന്നു, അല്ല എന്നെ കുഴിയില്‍ ചാടിച്ചിട്ട് നീ എന്തിന്ന വിഷമിക്കുന്നത്?"  "ഡാ നിന്നെ അല്ലെടാ ഞാന്‍ ചതിച്ചത്, എന്നെ തന്നെയാ..അവളുടെ പ്രതികരണം ഭയന്നിട്ടാ ഞാന്‍ നിന്നെ ചൂണ്ടി കാട്ടിയത്.. ഹും! ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു!" "ആ ചൊല്ലിപ്പോള്‍ എന്തിനാ ഇവിടെ പറയുന്നത്" മനസ്സില്‍ ഞാന്‍  തന്നെ ചോദിച്ചു, ആവോ എന്തായാലും തല്ലു കിട്ടിയില്ലല്ലോ!!!!!!.

അന്ന് അവന്‍ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായിരുന്നില്ല.. പിന്നെ  എന്നെ എവിടെ വെച്ചു കാണുമ്പോഴും ആ പെണ്ണിന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിരിയുന്നത് ഞാന്‍ കാണാറുണ്ടായിരുന്നു! 

[NB: ഞാന്‍ ഒരു സംഭവം ആണല്ലേ?!]
Related Posts Plugin for WordPress, Blogger...