Saturday, April 07, 2012

തനിയെ



ഒരു തരി തീപ്പൊരി എന്നിലുള്ളിലിട്ട്
കാട്ടുതീയായത് കത്തിജ്വലിച്ചപ്പോൾ,
ഞാനതിൽ നീറിയപ്പോൾ, മഴയ്ക്കായ്
കൊതിച്ചപ്പോൾ,
ഒരു കണ്ണുനീരുപോലും പൊഴിക്കാതെ
തിരിഞ്ഞു നടന്നതെന്തിനു?
പ്രിയരിൽ പ്രിയനായതിനു ശേഷം
കണ്ട് മറന്ന മുഖങ്ങളിലൊന്നായ് 
മാറിയതെന്തിനു?
വിട്ട്പോയതെന്തിനു?
കരിഞ്ഞു പോയ സ്വപ്നങ്ങൾക്ക് 
വെള്ളവും വളമുമേകി വളർത്തിയതെന്തിനു?
എൻ ക്യാൻ വാസിൽ നിറങ്ങൾ നിറച്ചതെന്തിനു?
ഒറ്റയ്ക്കായെന്റെ കൈപിടിച്ച് പിന്നീടീ
ആരവങ്ങളിലൊറ്റയ്ക്കാക്കിയതെന്തിനു?
ഒറ്റയ്ക്കീയാൾക്കൂട്ടത്തിലേക്കിട്ട്
ഓടിയൊളിച്ചതെന്തിനു?
എൻ തൂലികത്തുമ്പിലീ ചോദ്യങ്ങളെറിഞ്ഞ്
ഉത്തരമേകാതെ നിശബ്ദനായതെന്തിനു?
എൻ തലയിണയെ കരയിച്ചതെന്തിനു?
നിന്നാശയെന്നിലുള്ളിലൊരു ജീവനുദിക്കും
വരേയ്ക്കും ചുരുക്കിയതെന്തിനു?
നീ പ്രണയംത്തേടിപ്പോയവളേക്കാൾ
പ്രണയമേകിയിട്ടോ,അതോ
എന്നുടെ പ്രണയം മടുത്തിട്ടോ മരണമെന്ന
തേവിടിശ്ശിയെത്തേടി നീ കാതങ്ങൾ താണ്ടിയത്? 


[NB: സമർപ്പണം,ഒരു കൂട്ടുകാരിക്ക്,:(]

Tuesday, April 03, 2012

മനസ്സ്

1.


കിളിവാതിലിലൊരു കിളി
ആ കിളിനാദമെന്നും കേട്ടുണരാനൊരു കൊതി
കൊതിയേറിയ  നാളിലൊന്നിലൊരു
കെണി വെച്ചുഞാനാ കിളിയെ കൂട്ടിലാക്കി
കിളിയെൻ സ്വന്തമായന്ന്
കെണിയിൽ കുടുങ്ങാത്തതൊന്ന്
ആ കിളിയിലുണ്ടെന്നതോർത്തില്ല
അതതിനെ സ്വതന്ത്രയാക്കി.


2.


ടൈറ്റാനിക്ക് ഓടിയ കടലിൽ കൊതുമ്പുവള്ളമിറക്കിയെന്റെ
റോസിനെകാത്തിരുന്ന് കണ്ണുകഴച്ച്
ഒടുവിലവളില്ലാതെ
മഞ്ഞിനേക്കാൾ ആയിരം മടങ്ങ് തണുപ്പേറും
അഗാധതയിലേക്ക് ഒറ്റക്ക് മുങ്ങിത്താണ
പുതിയ ജാക്കാണ് ഞാൻ :(




[NB: ചുമ്മാ ]

Sunday, April 01, 2012

ആത്മഹത്യാ കുറിപ്പ്



ഇതൊരു ഷെഡ്യൂൾഡ് പോസ്റ്റാണ്. അതായത് നിങ്ങൾ ഇത് വായിക്കുന്നത് ഇതെഴുതിയ ആൾ ഭൂമിയിൽ നിന്നും പോയതിനു ഏഴോ എട്ടോ മണിക്കൂറിനു ശേഷം. കുറേ നാളായി എന്നെ അലട്ടിക്കൊണ്ടിരുന്ന ഒരു വിഷയം എന്നെ ഇതിലേക്ക് കൊണ്ടെത്തെച്ചിരിക്കുന്നു, പല പോംവഴികളും നോക്കിയെങ്കിലും ഒന്നും ശരിയായിയില്ല. ആത്മഹത്യ ഭീരുവിന്റേയൊ ധീരന്റേയോ എന്ന തർക്കവും എന്നെ അലട്ടുന്നില്ല, ഇനി എനിക്ക് പിടിച്ച് നിൽക്കാനാവുന്നില്ല, എല്ലാം അവസാനിപ്പിച്ച് ഞാൻ പോകുകയാണ്. എന്നെ സ്നേഹിക്കുന്ന ചുരുങ്ങിയത് ഒരാളെങ്കിലും അല്പം കണ്ണുനീർ വാർക്കുമെന്ന് അറിയാഞ്ഞിട്ടല്ല, എനിക്ക് പോയേ പറ്റൂ, ഒരു ആത്മഹത്യാ മുന്നറിയിപ്പായി ഇത് ഇട്ടാൽ ഇതിനു വരുന്ന അഭിപ്രായങ്ങൾ ചിലപ്പോൾ എന്റെ തീരുമാനത്തെ മറിച്ചാക്കിയേക്കാം എന്നതിനാലാണ് മരണ ശേഷം ഈ പോസ്റ്റ് വെളിച്ചം കണ്ടാൽ മതി എന്ന് ഞാൻ തീരുമാനിച്ചത്. ഈ പോസ്റ്റ് ആദ്യം വായിക്കുന്നത് ആരായാലും ജാലകത്തിലും മറ്റ് സോഷ്യൽമീഡിയകളിലും ഇതൊന്ന് ചേർത്തേക്കണം. അപ്പോൾ എല്ലാവരോടും അവസാനായി വിട ചോദിച്ച് കൊണ്ട് നിർത്തുന്നു.


എന്റെ വക ഏപ്രിൽ ഫൂൾ ആശംസകൾ. ഇഹുഹുഹുഹുഹുഹു. വായിച്ച് ചമ്മിയിട്ടുണ്ടെങ്കിൽ തീർച്ചയായും കമന്റിടാതെ പോകരുത്,ഓർക്കുക പിന്നാലെ വരുന്നവരൂടെ ചമ്മാനുള്ളതാണ്, അത്കൊണ്ട് കമന്റിൽ ഞെട്ടലുകൾ ഉൾപ്പെടുത്തുക, ചമ്മിയതറിയിക്കാൻ ധാ ~ ഈ സിംബൽ കമന്റിൽ ഉൾപ്പെടുത്തുക.ഹ ഹ ഹ ഹ
[NB: :( ഇതിനു തൊട്ട് മുകളിലുള്ള സ്പെയിസിൽ ഒന്ന് സെലെക്റ്റ് ചെയ്തിട്ട് കമന്റിടണേ]

Friday, March 30, 2012

യുദ്ധം


ഒരു കൊച്ചു ഗോളത്തിലൊരു കൊച്ചു 
തീരത്തിലറിയാതെ തമ്മിലറിയാതെ നാം
പിറന്നിങ്ങു വീണു., പിന്നീട്-
മുസ്ത്ഫ മാധവൻ മാർക്കോസുമാർ നാം
തമ്മിലറിഞ്ഞു കളിച്ചങ്ങു വളർന്നു.
അറിവൊത്തിരി നേടും വരേയ്ക്കും നാം
അടിയിട്ടത് കളിയായിട്ടും കണ്ണിമാങ്ങയ്ക്കും.
അറിവിത്തിരി നേടിയപ്പോഴെക്കും
അടിയിട്ടത് ദേശത്തിനും ദൈവത്തിനും.
അറിവോടെ എന്നാലെന്തിനെന്നറിയാതെ
കൊത്തിയരിഞ്ഞു നാം പരസ്പരം.
ഞൊടി നേരം കൊണ്ടീ ദൈവത്തിൻ നാടിനെ
ചോരയൊഴുകും സാത്താന്റെ നാടാക്കി നാം മാറ്റി
കാഷായ,തലപ്പാവു, ളോഹകൾക്കുള്ളിൽ
ചിരിച്ചു ഒരു കൂട്ടം, ഒരു ജാതി ചെകുത്താന്മാർ.
ഒരുമിക്കാനൊത്തുചേരാൻ പകലും;
വടിവാളും ബോംബുമെടുക്കാനിരവിലും
ആഹ്വാനിക്കുന്നു ഒരേ വായ്.
ഹാ കഷ്ടം.. എന്തിനെന്നറിയാതെ, ആർക്കെന്നറിയാതെ
എരിഞ്ഞടങ്ങുന്നു ഈയാം പാറ്റകളാം നമ്മൾ....


[ NB: :( ]

Thursday, March 29, 2012

മീനഭരണി | Thattayil Orippuram Temple Meenabharani Celebrations

പത്തനം തിട്ട ജില്ലയിൽ പന്തളത്തിനടുത്തുള്ള കൊച്ചു ഗ്രാമമാണ് തട്ടയിൽ. അവിടുത്തെ ഗ്രാമദേവതയാണ് ഒരിപ്പുറം ഭഗവതി. തട്ടയിൽ ശ്രീ ഒരിപ്പുറം ഭഗവതി ക്ഷേത്രത്തിൽ ഇക്കഴിഞ്ഞ മീനഭരണി ഉത്സവത്തിനിടെയെടുത്ത ചില ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നു. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കെട്ടുകാഴ്ചാ ഉത്സവം അരങ്ങേറുന്നത് ഇവിടെയാണ്. തേരും കാളയുമാണ് കെട്ടുരുപ്പടികൾ. കണ്ടോളൂ.


ചെറിയ കെട്ടുരുപ്പടികൾ

ഇരട്ടക്കാളകൾ

ഇരട്ടക്കാളകൾ, ആ ചെറഞ്ഞുള്ള നിൽപ്പ് കണ്ടാ


വെറൈറ്റി കാളകൾ

അമ്പലക്കുളത്തിന്റെ ദിപ്പുറത്തൂടെ വെറൈറ്റി ഷോട്ട് എടുക്കാൻ നോക്കി ചീറ്റിയ ശ്രമം, ആ കാണുന്നത് മല്ലികക്കരയുടെ എടുപ്പ് കാള(കരക്കാർ ഇതിനെ തോളിലെടുത്താണ് അമ്പലത്തിനു വലം വെയ്ക്കുന്നത്, ഒന്ന് കാണേണ്ട കാഴ്ചയാണ്)

ഇടമാലിക്കരയുടെ വലിയ കാള

തേരും കാളയും, ഭഗവതിക്കും പടിഞ്ഞാറു കരക്കാരുടേതാണെന്ന് തോന്നണു

വീണ്ടും ഇരട്ടക്കാള

Side view

തേരുകളങ്ങിനെ നിരനിരയായ്

ഇടമാലിക്കരയുടെ വലിയ കാള, ഇതാണ് ഏറ്റവും വലിയ കെട്ടുരുപ്പടി,50 വർഷങ്ങൾക്ക് ശേഷം ഇക്കൊല്ലമാണ് ഇതിനെ വീണ്ടും കെട്ടിയൊരുക്കിയത്

ഇടമാലിക്കരയുടെ വലിയ കാളക്കൂറ്റൻ



കെട്ടുരുപ്പടികൾ അമ്പലത്തിനു വലം വെയ്ക്കണു. വട്ടമടി എന്നാണിതിനു പറയുക


ആർപ്പോ ഇര്രോ ഇറോ ഇര്രോ..

ഒത്തുപിടിച്ചാൽ










വെടിക്കാരൻ.


ഇരുട്ടിത്തുടങ്ങി, എന്റെ ഡൂക്കിളി ക്യാമറായൂടെ കപ്പാസിറ്റിയും കൂറഞ്ഞ് തുടങ്ങി





[NB:ഫോട്ടം പിടിച്ചത് LG മൊബൈലിലെ 1.3 Pixel ക്യാമറ കൊണ്ട് | Thattayil Orippuram Temple Meenabharani Celebrations]


Related Posts Plugin for WordPress, Blogger...