Sunday, April 15, 2012

ഉത്തരങ്ങൾക്കായ്


സന്ധ്യയാവുന്നു തോഴി,

സാഗരം ചുവക്കുന്നു,
അർക്കനാഴിയിലേക്കൂളിയിടുന്നു,ത്തരങ്ങൾക്കായി
ഞാനുമീ ഇരുട്ടിലേക്ക്, ഏകനായ്
സാരമില്ലെന്ന് ചൊല്ലുവാൻ ചാരെയില്ലാരുമിന്ന്


അന്നാ അലകളാഞ്ഞടിച്ചതും,പേടിയാൽ നീയോടിയതും
നിന്റെ പുഞ്ചിരിമാഞ്ഞതെന്റെ കടലറിഞ്ഞതും
അലകളടക്കിയാ ആഴി തിരികെ വിളിച്ചതും
സമ്മാനമായാ മുത്തിനെ കരയിലേക്കിട്ടതും
പിന്നെനീയതിനെ ഇരുകൈകളാൽ
വാരിയെടുത്തതും,മുത്തമിട്ടതും 
ആതിരരാവുകളിലാക്കഥ പറഞ്ഞതും
പാതിരാവിലമ്പിളിയെ  പാടിയുറക്കിയതും,
നിന്റെയാ പാട്ടെന്നെയുന്മാദിയാക്കിയതു,മെന്റെ
പാട്ടിനാൽ നീയുണർന്നതും,
സ്നേഹമെന്നാലെന്തതെന്നെന്നെ മറ്റൊരു 
സ്നേഹചരിതത്താൽ പഠിപ്പിച്ചതും,
അങ്ങിനെയങ്ങിനെ ഒരു മുഴുമഴക്കാലരാത്രിയിലെതെല്ലാം
മറന്ന് നീയെങ്ങോ പോയതും..


ഓർമ്മ മാത്രമായതെന്തന്നതിന്നുത്തരങ്ങൾ 
തേടി,നീ വിടചൊല്ലിയാനാൾ മുതലീ
നിശയിൽനിന്നും പകലിലേക്ക് ഞാനും
യാത്ര പോയ് വന്നു
കൊണ്ടേയിരിക്കുന്നീയർക്കനേപ്പോലെ

ചോദ്യമൊന്നൊന്നെയ്കുകിൽ കിട്ടുകില്ലുത്തരം
പക്ഷേയൊരു ഫിക്ഷനാൽ കിട്ടും പത്ത് 
തർക്കവിഷയങ്ങളനന്തരം
ഉത്തരങ്ങളില്ലാതീ ചോദ്യങ്ങളിങ്ങിനെ പെറ്റ് പെരുകവേ
ചോദ്യകർത്താവിന്റെ ഓർമ്മയിലവകൾ 
സംഘടിക്കുന്നു.
വേതനമില്ലാ തൊഴിലാളികളെപ്പോലെയവരും
സമരത്തിലാകുന്നു,തടഞ്ഞു വെക്കുന്നു,അസഭ്യം പറയുന്നു പിന്നെ മർദ്ദിക്കുന്നു.
താങ്ങുവാനാകുന്നില്ല തോഴി
ഈ ഫാക്ടറി ഞാൻ പൂട്ടുന്നു. ചോദ്യത്തൊഴിലാളികളെ
പട്ടിണിയിലേക്കയയ്ക്കുന്ന ബൂർഷാ മൂരാച്ചിമുതലാളിയല്ലാതാവാനായ്
ഈ പണിശാലഞാൻ പൂട്ടുന്നു.


ഒന്ന്മാത്രമിന്നിപ്പഴും കത്തുന്നുണ്ടെന്റെ നെഞ്ചിലത്
ചോദ്യമെന്നിലേക്കെയ്തു പോയ സ്നേഹിത,
ചോദ്യമാലകൾ
ദൃശ്യമാകാനായാ ഇരുട്ടുകോട്ടയിൽ
നാട്ടിയ മെഴുകിതിരിയുടെയവസാന നാളമാണെന്ന്,
കഞ്ചാവു വലിച്ച് വലിച്ച് 
ചുമച്ച് ചുമച്ച് മരിച്ച ഭ്രാന്തന്റെ,
മാറാപ്പിലെ ഡയറിയിൽ 
അടിവരയിട്ടെഴുതിയിട്ടുണ്ടായിരുന്നു!


[NB: ഒരു ഭ്രാന്തന്റെ ജല്പനങ്ങൾ... പുല്ല്]

Saturday, April 07, 2012

തനിയെ



ഒരു തരി തീപ്പൊരി എന്നിലുള്ളിലിട്ട്
കാട്ടുതീയായത് കത്തിജ്വലിച്ചപ്പോൾ,
ഞാനതിൽ നീറിയപ്പോൾ, മഴയ്ക്കായ്
കൊതിച്ചപ്പോൾ,
ഒരു കണ്ണുനീരുപോലും പൊഴിക്കാതെ
തിരിഞ്ഞു നടന്നതെന്തിനു?
പ്രിയരിൽ പ്രിയനായതിനു ശേഷം
കണ്ട് മറന്ന മുഖങ്ങളിലൊന്നായ് 
മാറിയതെന്തിനു?
വിട്ട്പോയതെന്തിനു?
കരിഞ്ഞു പോയ സ്വപ്നങ്ങൾക്ക് 
വെള്ളവും വളമുമേകി വളർത്തിയതെന്തിനു?
എൻ ക്യാൻ വാസിൽ നിറങ്ങൾ നിറച്ചതെന്തിനു?
ഒറ്റയ്ക്കായെന്റെ കൈപിടിച്ച് പിന്നീടീ
ആരവങ്ങളിലൊറ്റയ്ക്കാക്കിയതെന്തിനു?
ഒറ്റയ്ക്കീയാൾക്കൂട്ടത്തിലേക്കിട്ട്
ഓടിയൊളിച്ചതെന്തിനു?
എൻ തൂലികത്തുമ്പിലീ ചോദ്യങ്ങളെറിഞ്ഞ്
ഉത്തരമേകാതെ നിശബ്ദനായതെന്തിനു?
എൻ തലയിണയെ കരയിച്ചതെന്തിനു?
നിന്നാശയെന്നിലുള്ളിലൊരു ജീവനുദിക്കും
വരേയ്ക്കും ചുരുക്കിയതെന്തിനു?
നീ പ്രണയംത്തേടിപ്പോയവളേക്കാൾ
പ്രണയമേകിയിട്ടോ,അതോ
എന്നുടെ പ്രണയം മടുത്തിട്ടോ മരണമെന്ന
തേവിടിശ്ശിയെത്തേടി നീ കാതങ്ങൾ താണ്ടിയത്? 


[NB: സമർപ്പണം,ഒരു കൂട്ടുകാരിക്ക്,:(]

Tuesday, April 03, 2012

മനസ്സ്

1.


കിളിവാതിലിലൊരു കിളി
ആ കിളിനാദമെന്നും കേട്ടുണരാനൊരു കൊതി
കൊതിയേറിയ  നാളിലൊന്നിലൊരു
കെണി വെച്ചുഞാനാ കിളിയെ കൂട്ടിലാക്കി
കിളിയെൻ സ്വന്തമായന്ന്
കെണിയിൽ കുടുങ്ങാത്തതൊന്ന്
ആ കിളിയിലുണ്ടെന്നതോർത്തില്ല
അതതിനെ സ്വതന്ത്രയാക്കി.


2.


ടൈറ്റാനിക്ക് ഓടിയ കടലിൽ കൊതുമ്പുവള്ളമിറക്കിയെന്റെ
റോസിനെകാത്തിരുന്ന് കണ്ണുകഴച്ച്
ഒടുവിലവളില്ലാതെ
മഞ്ഞിനേക്കാൾ ആയിരം മടങ്ങ് തണുപ്പേറും
അഗാധതയിലേക്ക് ഒറ്റക്ക് മുങ്ങിത്താണ
പുതിയ ജാക്കാണ് ഞാൻ :(




[NB: ചുമ്മാ ]

Sunday, April 01, 2012

ആത്മഹത്യാ കുറിപ്പ്



ഇതൊരു ഷെഡ്യൂൾഡ് പോസ്റ്റാണ്. അതായത് നിങ്ങൾ ഇത് വായിക്കുന്നത് ഇതെഴുതിയ ആൾ ഭൂമിയിൽ നിന്നും പോയതിനു ഏഴോ എട്ടോ മണിക്കൂറിനു ശേഷം. കുറേ നാളായി എന്നെ അലട്ടിക്കൊണ്ടിരുന്ന ഒരു വിഷയം എന്നെ ഇതിലേക്ക് കൊണ്ടെത്തെച്ചിരിക്കുന്നു, പല പോംവഴികളും നോക്കിയെങ്കിലും ഒന്നും ശരിയായിയില്ല. ആത്മഹത്യ ഭീരുവിന്റേയൊ ധീരന്റേയോ എന്ന തർക്കവും എന്നെ അലട്ടുന്നില്ല, ഇനി എനിക്ക് പിടിച്ച് നിൽക്കാനാവുന്നില്ല, എല്ലാം അവസാനിപ്പിച്ച് ഞാൻ പോകുകയാണ്. എന്നെ സ്നേഹിക്കുന്ന ചുരുങ്ങിയത് ഒരാളെങ്കിലും അല്പം കണ്ണുനീർ വാർക്കുമെന്ന് അറിയാഞ്ഞിട്ടല്ല, എനിക്ക് പോയേ പറ്റൂ, ഒരു ആത്മഹത്യാ മുന്നറിയിപ്പായി ഇത് ഇട്ടാൽ ഇതിനു വരുന്ന അഭിപ്രായങ്ങൾ ചിലപ്പോൾ എന്റെ തീരുമാനത്തെ മറിച്ചാക്കിയേക്കാം എന്നതിനാലാണ് മരണ ശേഷം ഈ പോസ്റ്റ് വെളിച്ചം കണ്ടാൽ മതി എന്ന് ഞാൻ തീരുമാനിച്ചത്. ഈ പോസ്റ്റ് ആദ്യം വായിക്കുന്നത് ആരായാലും ജാലകത്തിലും മറ്റ് സോഷ്യൽമീഡിയകളിലും ഇതൊന്ന് ചേർത്തേക്കണം. അപ്പോൾ എല്ലാവരോടും അവസാനായി വിട ചോദിച്ച് കൊണ്ട് നിർത്തുന്നു.


എന്റെ വക ഏപ്രിൽ ഫൂൾ ആശംസകൾ. ഇഹുഹുഹുഹുഹുഹു. വായിച്ച് ചമ്മിയിട്ടുണ്ടെങ്കിൽ തീർച്ചയായും കമന്റിടാതെ പോകരുത്,ഓർക്കുക പിന്നാലെ വരുന്നവരൂടെ ചമ്മാനുള്ളതാണ്, അത്കൊണ്ട് കമന്റിൽ ഞെട്ടലുകൾ ഉൾപ്പെടുത്തുക, ചമ്മിയതറിയിക്കാൻ ധാ ~ ഈ സിംബൽ കമന്റിൽ ഉൾപ്പെടുത്തുക.ഹ ഹ ഹ ഹ
[NB: :( ഇതിനു തൊട്ട് മുകളിലുള്ള സ്പെയിസിൽ ഒന്ന് സെലെക്റ്റ് ചെയ്തിട്ട് കമന്റിടണേ]
Related Posts Plugin for WordPress, Blogger...