Monday, September 03, 2012

കടലോരക്കാഴ്ചകൾ

എന്തെഴുതിയാലും അതിൽ കടലും കരയും കടന്ന് വരും, എന്താ ചെയ്ക.. ഇന്നിപ്പോ ഈ എഴുത്തിൽ അത് മാത്രമേ ഉണ്ടാകൂ, കടലിൽപ്പോയ കാര്യം എഴുതുമ്പൊ പിന്നെ മലയും പുഴയും കടന്ന് വരുമോ!!

ഇന്ന് വീട്ടിൽ തന്നെയാ, പനി പിടിച്ചിരിക്കയാണ്, മറ്റ് പണിയൊന്നുമില്ലാണ്ടിരുന്നിട്ടാ ഈ കുത്തിക്കുറിക്കൽ/കുത്തി റ്റൈപ്പിങ്ങ്. അനുവിനൊപ്പം ഇന്നലെ ആലപുഴയിൽ പോയി,അവൻ ചെന്നൈക്ക് തിരികെ പോകയാണ്,ജോലി സ്ഥലത്തേയ്ക്ക്,അവൻ വീട്ടിൽ നിന്ന് ലേറ്റ് ആയി ഇറങ്ങിയ കാരണം കായംകുളത്ത് നിന്നും ഒരു ടാക്സി പിടിക്കേണ്ടി വന്നു, പാവത്താന്റെ ആയിരത്തിച്ചില്ലറ രൂപ വെള്ളത്തിലായി, തൃശ്ശൂർന്നാണ് ടിക്കറ്റ്, ആലപ്പുഴയിലെത്തി തൃശ്ശൂർക്ക് വരെയുള്ള ടിക്കറ്റ് എടുക്കാൻ സമയം തികഞ്ഞില്ല, അവൻ രണ്ടും കൽപ്പിച്ച് ട്രെയിനിൽ കയറിപ്പോയി, റ്റി റ്റി ആർ വന്നാൽ ഫൈൻ ഉണ്ടാകും,(പിന്നീട് തുറവൂരെത്തി ടിക്കറ്റെടുത്തു എന്ന് വിളിച്ചു പറഞ്ഞു) നാലു മണിയുടെ ചെന്നൈ വണ്ടിക്ക് അവൻ പോയതിനു ശേഷം ഞാൻ പതിയെ ആലപ്പുഴ ബീച്ചിലേക്ക് നടന്നു,  ആദ്യായിട്ടല്ല അവിടെ പോകുന്നതെന്നാലും ഇന്നലെ അവിടം വീണ്ടും കണ്ടപ്പോൾ ആദ്യമായി കാണുന്ന പ്രതീതി, കേരളത്തിലെ മൂന്ന് ബീച്ചുകളിൽ ഞാൻ പോയിട്ടുണ്ട്, കൊല്ലത്തും കോവളത്തും പിന്നെ ഇവിടേയും, വ്യക്തിപരമായി ഏറ്റവും മനോഹരമായ ബീച്ച് ആയി എനിക്ക് തോന്നിയിട്ടുള്ളത് ആലപ്പുഴയെയാ. ഇവിടെ കടൽ വളരെ ശാന്തമാണ്,കൊച്ചു കുട്ടികൾ വരെ പേടി കൂടാണ്ട് കടലിൽ കുളിക്കേം കളിക്കുകയും ചെയ്യുന്നു. ജില്ലാ ടൂറിസം വകുപ്പിന്റെ ഓണാഘോഷങ്ങൾ ഉണ്ടായിരുന്നു ഈ സമയങ്ങളിൽ. ഇന്നലെ അതിന്റെ സമാപന ദിവസമായിരുന്നു. ഒരു വശത്ത് അവരുടെ വക കലാപരിപാടികൾ അരങ്ങേറുന്നുണ്ടായിരുന്നു, വടം വലിയും ഓട്ടൻ തുള്ളലും കളരിപ്പയറ്റ് അഭ്യാസങ്ങളും കണ്ടു. ഇന്നലത്തെ പ്രകൃതിയും മനോഹരമായിരുന്നു, ആകാശത്ത് കാർമേഘങ്ങൾ കുറവായിരുന്നു/ഇല്ലായിരുന്നു എന്ന് തന്നെ പറയാം. ബീച്ചിന്റെ ഇടത് ഭാഗത്ത് കൂടിയാണ് ഞാൻ കടന്ന് ചെന്നത്, ആദ്യമേ കണ്ണില്പ്പെട്ടത് കടൽപ്പാലമാണ്.

കടൽപ്പാലം

കടൽപ്പാലം

കടൽപ്പാലം

കടൽപ്പാലം

പഴമയുടെ അടയാളമെന്ന വണ്ണം കടലിലേക്ക് നീണ്ടു കിടക്കുന്ന കടൽപ്പാലമാണ് ഇത്, ഇന്നിപ്പോ ഇതിനെ പാലമെന്നൊന്നും വിളിക്കാനാവില്ല, പണ്ടെങ്ങോ നിനലിന്നിരുന്ന പാലത്തിന്റെ സ്കെൽട്ടൺ എന്ന് വിളിക്കാം, 2004ലെ സുനാമിയിലാണ് ഇത്തിരിയെങ്കിലും പാലമായിരുന്ന ഇത് അസ്ഥികൂടമായി ചുരുങ്ങിയത്. പാശ്ചാത്യരുടെ നിർമ്മിതിയായത് കൊണ്ടാകാം ഇതെങ്കിലും അവശേഷിച്ചിരിക്കുന്നത് :) അതിനു ശേഷം വലത് ഭാഗത്തേയ്ക്ക് നടന്നു, ചുമ്മാ ആകാശത്തേയ്ക്ക് വെടി വെക്കണ പോലെ ക്യാമറ ഇട്ട് ക്ലിക്കി, അപ്പോ കിട്ടിയതാ ചുവടേ കാണണത്.

Alappuzha beach

Alappuzha beach

നല്ല പഞ്ചാര മണലാണിവിടെ, കിടന്നുരുളാൻ തോന്നുന്നത്ര മിനുസം :). ഒറ്റയ്ക്കായതൊണ്ട്, പിന്നെ ബസ്സിലോ റ്റ്രയിനിലോ കയറി പോകണം എന്നതും കൊണ്ടും ഞാൻ ആഗ്രഹം ഉള്ളിലൊതുക്കി. കുട്ടികൾക്കും വലിയവർക്കും വേണ്ട എല്ലാ കളിക്കോപ്പുകളും ഇവിടെ കിട്ടും.  ചില പിള്ളാർടെ കളികൾ കണ്ട് കുറച്ച് സമയം അവിടെ നിന്നു.
Alappuzha beach

Alappuzha beach

ദിവന്റെ ആ പോസ് കണ്ടാലറിയാം ഇവൻ ഭാവിയിലെ നല്ലൊരു ഫുട്ബോൾ പ്ലേയറാകും, ഈ ഷോട്ടിന്റെ തൊട്ടടുത്ത് ഒരെണ്ണം കൂടി ഇവൻ കാച്ചി അത് കറക്ടായിട്ട് അടുത്തുണ്ടായിരുന്ന കപ്പലണ്ടിക്കടയിലാ പതിച്ചത്. :)

Alappuzha beach

Alappuzha beach

ഇവളും ഒട്ടും മോശമല്ല, മുകളിലെ ആ പയ്യന്റെ അനിയത്തിയാണെന്ന് തോന്നുന്നു,  താഴെയുള്ളത് വേറൊരു ടീം. എല്ലാവരുടേയും ഗോൾ പോസ്റ്റ് ആ കപ്പലണ്ടിക്കാരനായിരുന്നു എന്നുള്ളത് യാദൃശ്ഛികമാവാം :)

Alappuzha beach

താഴെക്കാണുന്ന ചെങ്ങാതി ഒരു സമാധാനപ്രിയനാണെന്ന് തോന്നുന്നു, ആരേയും ശല്യം ചെയ്യാണ്ട് പട്ടം പറത്തിക്കളിക്കുന്നു.

Alappuzha beach

പിന്നീട് വയറിന്റെ വിളിയെത്തി, ഉച്ചയ്ക്ക് കാര്യമായി ഒന്നും കഴിച്ചിരുന്നില്ല, അതിനാൽ വിശക്കാൻ തുടങ്ങിയിരുന്നു, ബീച്ചിലേക്ക് നോക്കിയപ്പോ ദാ ഇതൊക്കെ കണ്ടു. ഈ മുളകൊക്കെ ഇങ്ങിനെ തൂക്കിയിട്ട് കഴിഞ്ഞാൽ വായിലു വെള്ളം നിക്ക്വോ? അല്ല നിങ്ങളു പറ.. :)



ചെന്ന് നിന്നത് ദാ ഈ മുകളിലെ രണ്ട് ഐറ്റംസിന്റെ മുന്നിലാ, മുളക്/മുട്ട/കോളി ഫ്ലവർ ബജികൾ വില്ക്കുന്ന സ്ഥലത്തും, പിന്നെ രണ്ട് കൊച്ചു കുട്ടികൾ നടത്തുന്ന ഉപ്പുമാങ്ങ/നെല്ലിക്ക/പൈനാപ്പിൾ തുടങ്ങിയവ വിൽക്കുന്നിടത്തും, രണ്ടിടത്തൂന്നും കഴിച്ചു, മുളകും പിന്നെ മാങ്ങയും, നല്ല ടേസ്റ്റുണ്ടായിരുന്നു. :)

ഒട്ടകത്തിന്റെ മുകളിലിരുന്നുള്ള സവാരിക്കും ആളുകൾ താത്പ്പര്യം കാണിക്കുന്നുണ്ടായിരുന്നു. ദാ അതിന്റെ ചില ചിത്രങ്ങൾ.

Alappuzha beach

Alappuzha beach

പിന്നീട് ടൂറിസം വകുപ്പിന്റെ പരിപാടികളിലേക്കൊന്ന് എത്തി നോക്കി വാശിയേറിയ വടം വലി നടക്കുകയായിരുന്നു അപ്പോൾ. ആനയുമായുള്ള വടം വലിയും ഉണ്ടായിർന്നു പോലും..അത് പകർത്താനായില്ല.


പിന്നീട് വിവിധ കളരി സംഘങ്ങളുടെ സൗഹൃദ പ്രദർശനങ്ങൾ ഉണ്ടായിരുന്നു. കളരിപ്പയറ്റിന്റെ ചിത്രങ്ങളെടുക്കാൻ നോക്ക്കിയപ്പോഴും ബാറ്ററി  എക്സ്വാസ്റ്റഡ് കാണിച്ചു തുടങ്ങി, ചാർജ്ജ് ചെയ്യാൻ മറന്ന് പോയതോണ്ട് അതൊന്നും എടുക്കാൻ പറ്റീല. കളരിഅഭ്യാസങ്ങളിൽ ഇത്തിരിയോളം പോന്ന പെൺകുട്ടികൾ വരെ ഉണ്ടായിരുന്നു, അതുങ്ങളുടെ ഒക്കെ അഭ്യാസങ്ങൾ കണ്ട് അന്തം വിട്ട് നിൽക്കാനേ ആയുള്ളൂ.


Alappuzha beach

അങ്ങിനെ കാഴ്ചകൾ കണ്ട് സമയം 7 മണിയായി, തിരികെ പോകാനുള്ള സമയം ആയി
[NB: കടലും കണ്ട് നടന്നപ്പോൾ, എന്റെ മനസ്സിൽ കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ വായിച്ച നീലിമയുടെ ആ കവിതയായിരുന്നു.

'ഇന്നലെയാണ് കടല്‍ തീരത്ത്‌  പോകുന്നത് '...
പാതിമറഞ്ഞ ഓര്‍മ്മയുടെ നാല് കാല്‍പ്പാടുകള്‍
തിരതട്ടി തകരാതെ തെളിഞ്ഞ് കിടപ്പുണ്ട് ..
കാലമെടുത്തൊന്ന് മായ്ച്ചു നോക്കി
ഉണങ്ങാത്ത മുറിവില്‍ ഉപ്പുരസം തൊട്ടൊന്ന് നീറ്റി
പ്രണയം ഒരു ശംഖിനുള്ളില്‍ കടലിനെ  തന്ന്
നാളേക്കായി  പിരിഞ്ഞു പോയി .. ..
]

Sunday, August 05, 2012

തട്ടത്തിൻ മറയത്ത്/Thattathin Marayaththu അത്യാവശ്യം നല്ലൊരു ചിത്രം


തട്ടത്തിൻ മറയത്ത് കണ്ടു, അത്യാവശ്യം കുഴപ്പമില്ലാത്ത,പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന ഏതൊരാൾക്കും സന്തോഷവും മനസ്സിനൊരല്പം കുളിർമ്മയും നൽകാനുതകുന്ന വൃത്തിയുള്ള ചിത്രം. വിനീത് ശ്രീനിവാസന്റെ സംവിധാനം വളരെ മെച്ചപ്പെട്ടിരിക്കുന്നു, സിനിമയെ സൂപ്പർ ഹിറ്റാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഘടകങ്ങളിൽ നംബർ വൺ അദ്ദേഹത്തിന്റെ ഡയറക്ഷൻ തന്നെയാണ്, കഥയും തിരക്കഥയും മോശമാണ് എന്നല്ല, പക്ഷേ സംവിധാനം പാളിയിരുന്നു എങ്കിൽ ആ കഥയും സ്ക്രിപ്റ്റും സിനിമയെ അശേഷം രക്ഷിക്കുമായിരുന്നില്ല എന്നത് ഉറപ്പാണ്. ഏവരും കൊട്ടി ഘോഷിച്ച മലർവാഡി ആർട്സ് ക്ലബ്ബ് എനിക്ക് അത്രയ്ക്ക് ഇഷ്ടമാവാതെ പോയ ഒരു സിനിമയായിരുന്നു, അതിൽ നിന്നും ഇന്നത്തെ വിനീത് ഒരുപാട് മാറിയിരിക്കുന്നു. ഒരു സാധാരണ പൈങ്കിളി സ്ടോറി എങ്ങിനെ മനോഹരമാക്കാമെന്ന് പഠിച്ചിരിക്കുന്നു വിനീത്. നല്ല കാസ്റ്റിങ്ങ്,ലോക്കേഷൻ, സംഭാഷണ ശൈലി, ഇന്നത്തെ കാലത്തിനു യോജിക്കുന്ന ഡയലോഗുകൾ എല്ലാം കൊണ്ടും ആദ്യാവസാനം ഒരു സീൻ പോലും മടുക്കാതെ കണ്ടിരിക്കാനാകും.

അഭിനേതാക്കളിൽ നിവിൻ പോളിയും പിന്നെ അബ്ദുവായി വേഷമിട്ട(അജു വർഗീസ്/കുട്ടു) ആളും ഒത്തിരി മുന്നേറിയിരിക്കുന്നു. പോളിയിൽ ഒരു നല്ല അഭിനേതാവുണ്ട്. അഹങ്കാരവും ഹുങ്കും ഇല്ലാതെ അഭിനയിക്കാനാകുമെങ്കിൽ മലയാളത്തിലെ മുൻ നിര അഭിനേതാക്കളിൽ ഒന്നാകും ഈ ചെറുപ്പക്കാരൻ. സെക്കന്റ് ഷോ എന്ന സിനിമയിൽ കുരുടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സണ്ണി വെയിൻ ഇതിൽ വളരെ ചെറിയ ഒരു റോളിലുണ്ട്, പക്ഷേ നായകനൊപ്പം അദ്ദേഹവും  കയ്യടി വാങ്ങിക്കൂട്ടി, കുരുടി മലയാളിമനസ്സിലെത്ത്യെന്നതിനു തെളിവ്.. പിന്നെ ഭഗത്(കത്ത് കൈമാറുന്ന കഥാപാത്രം) അല്പം ഓവർ ആയിരുന്നില്ലേന്ന് സംശയംണ്ട്. ബാക്കി അഭിനേതാക്കൾ മനോജ് കെ ജയനടക്കം എല്ലാവരും കുഴപ്പമില്ലാതെ അവരവരൂടെ റോളുകൾ നന്നാക്കിയിട്ടുണ്ട്, ആയിഷയായി വേഷമിട്ട ഇഷാ തൽ വാർ സുന്ദരിയായിരുന്നു, സിനിമയ്ക്ക് വേണ്ടതും അതായിരുന്നുവല്ലോ, മറ്റൊന്നും ആ കഥാപാത്രത്തെപ്പറ്റി പറയാനില്ല.

ചിത്രത്തിലെ ഫ്രെഷ്നസ്സ് ഉള്ള ഫ്രയിമുകൾ എന്നെ വല്ലാതെ ആകർഷിച്ചു, അതിന്റെ ക്രെഡിറ്റ് ക്യാമറാമാനാണോ അതോ സംവിധായകാനാണോ നൽകേണ്ടത് എന്ന് എനിക്ക് അറിയില്ല. പിന്നെ സംഗീതം, കേൾക്കാനിമ്പമുള്ള, സിനിമയുടെ ആത്മാവുള്ള പാട്ടുകൾ,വരികൾ ഒരു പെൺകുട്ടിയുടേതാണ് പേര് അനു എലിസബത്ത്, സംഗീതം ഷാൻ റഹ്മാൻ  പശ്ത്താല സംഗീതവും അത്യുഗ്രൻ. കൂട്ടത്തിൽ
"തട്ടത്തിൻ മറയത്തെ പെണ്ണേ.." എന്ന് തുടങ്ങുന്ന ഗാനം എന്നെ വല്ലാതെ ആകർഷിച്ചു.

വിനോദിന്റേയും ആയിഷയുടേയും കഥ,  അത് സിനിമയിൽ മാത്രം സംഭവിക്കാവുന്ന ഒന്നാണ്, യഥാർത്ഥ ജീവിതത്തിൽ അത് അത്ര ഈസി ആവില്ല,  അതറിയാമെങ്കിലും നാം ഈ സിനിമ ആസ്വദിക്കുന്നു,  :) പ്രണയ രംഗങ്ങളാൽ സമ്പന്നമാണീ സിനിമ,  ഓരോ സീനും, പ്രണയിച്ചവർക്ക് ഓർമ്മ പുതുക്കലും പ്രണയിക്കാത്തവർക്ക് ഒരു ഇൻസ്പിരേഷനുമാണ്. ശ്രീനിവാസന്റെ കഥാപാത്രം സിനിമയിലാകെ നിശബ്ദനാണ്,അവസാന സീനുകളിലൊന്നിലൊഴികെ, അദ്ദേഹത്തിന്റെ ഡയലോഗുകൾക്ക് ഭൂരിപക്ഷവും കയ്യടിച്ചു എങ്കിലും അതൊന്നും ആരും ജീവിതത്തിലേക്ക് കൊണ്ട് വരുമെന്ന് തോന്നുന്നില്ല, അത്ര വിശാലമല്ല നമ്മുടെ മനസ്സ് :(

സിനിമ മൊത്തതിൽ ഒരു കുളിർമ്മയാണ്, ഒരുപാട് പോസിറ്റീവ്സ് ഉള്ളതിനാൽ കുറച്ചു മാത്രമുള്ള നെഗറ്റീവ്സ് അതിലങ്ങ് ലയിച്ചു പോകും.
എന്നിരുന്നാലും ഒരുപാട് നാളുകളിൽ മനസ്സിൽ തങ്ങി നിൽക്കാനും വേണ്ടിയൊന്നുമില്ല താനും :) അത്തരമൊരു സിനിമ വിനീതിനു ചെയ്യാനാകും, ഒരു മിനിമം ഗ്യാരണ്ടി സംവിധായകാനായും തിരക്കഥാ കൃത്തായും വിനീത് ശ്രീനിവാസനെ കണക്കാക്കിത്തുടങ്ങാം എന്ന് ചുരുക്കം. സിനിമ കാണാത്തവർ ധ്യൈര്യായിട്ട് കണ്ടോളൂ.



[NB: ആയിഷയെ ക്യാമറയിലാക്കാൻ വരുന്നവനോടൂള്ള വിനോദിന്റെ ഡയലോഗ്ഗ്സ് ഒരുപാട് ഇഷ്ടമായി :) :) ]

Thursday, July 26, 2012

മനസ്സിലിപ്പോ....

മനസ്സ് ഒരേ സമയം ശാന്തവും അസ്വസ്ഥവുമാണ്,  ബ്ലോഗിലെ ജീവിതം ആറാം വർഷത്തിലേക്ക് കടക്കുന്നു (ആക്ടീവ് ബ്ലോഗിങ്ങിന്റെ മൂന്നാം വർഷം).കുറച്ച്   റാൻഡം എഴുത്തുകളാണീ പോസ്റ്റ്, വായനയിൽ പ്രത്യേകിച്ച് ഫീലിംഗ്സ് ഒന്നും കിട്ടിയെന്നു വരില്ല സമയം മിനക്കെടുത്തി എന്ന തോന്നലുണ്ടാവാൻ സാധ്യതയേറെയാണ് :)

അമ്മ വീട് പത്തനംതിട്ട ജില്ലയിലെ തട്ടയിൽ(Thattayil) എന്ന് പറയുന്ന സ്ഥലത്താണ്, ഒന്ന് മുതൽ ആറാം ക്ലാസ്സ് വരെ പഠിച്ചതു വളർന്നതും അവിടെ നിന്നിട്ടാണ്. അധികം പുരോഗതികളൊന്നും വന്ന് ചേരാത്ത ഒരുൾഗ്രാമം ; വയലുകളും കൊയ്ത്തുത്സവങ്ങളും മറ്റുമുള്ള, സിനിമകളിലും കഥകളിലും ഒക്കെ കാണുമ്പോലെയുള്ള ഒരു സ്ഥലം.

വയലും തോടും കടന്ന് സ്കൂളിൽ പോയതും ക്ലാസ്സിലെ കുസൃതികളും അക്കിടികളും അങ്ങിനെ ഇന്നും ഓർമ്മയിലെ ഒളിമങ്ങാത്ത കാലമായിരുന്നു അത്. കുട്ടിക്കാലത്ത് വേനൽ അവധി വരുമ്പോൾ ഞാൻ അച്ഛന്റെ സ്ഥലമായ ആലപ്പുഴ ജില്ലയിലേ മുതുകുളം എന്ന സ്ഥലത്തേക്ക് പോകും, അക്കരപ്പച്ച തന്നെ കാരണം, അവിടെ ആ സമയത്ത് നമുക്ക് ആ ഗ്രാമത്തേയും അതിന്റെ ഭംഗിയേയും ഒന്നും ആസ്വദിക്കാനുള്ള വിവരം ണ്ടായിരുന്നില്ലല്ലോ  ഇന്ന് ഇവിടെ സ്ഥിര താമസമാക്കിയപ്പോൾ ആ കാലഘട്ടം വല്ലാണ്ട് മിസ്സ് ചെയ്യുന്നു. അടുത്തടുത്ത വീടുകളിലെ എന്റെ പ്രായക്കാരായ കൂട്ടുകാരേയും അവരുടെ കൂട്ടുകാരേയും വൈകുന്നേരങ്ങളിലെ ക്രിക്കറ്റ് മാച്ചും ഞങ്ങൾ ഒന്നിച്ച് ചെയ്യാറുണ്ടായിരുന്ന കുസൃതിത്തരങ്ങളും മറ്റും എന്ത് പെട്ടെന്നാണവസാനിച്ചത്. ബോംബെയിൽ സ്ഥിര താമസമാക്കിയ എന്റെ വല്യമ്മാമവന്റെ കൊച്ചുമക്കളും മറ്റും ഇടയ്ക്കെത്തുമായിരുന്നു . കൂട്ടത്തിൽ മൂത്തവൾക്ക് എന്റെ പ്രായമാണ് അവൾക്ക് എന്റെ അടുത്ത് അവിടുത്തെ വിശേഷങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരുമായിരുന്നില്ല, വീടിനടുത്തുള്ള വയലിലങ്ങേയറ്റത്തുള്ള റോഡിലേക്കും അതിനുമപ്പുറമുള്ള മലയിലേക്കും കണ്ണും നട്ട് ഞങ്ങൾ എത്രയിരുന്നിരിക്കുന്നു,അവളൂടെയും  അനിയത്തിയുടേയും ഹിന്ദി കലർന്ന മലയാളവും പിന്നെ അവിടുത്തെ വിശേഷങ്ങൾ പൊടിപ്പും തൊങ്ങലും ചേർത്ത് വിളമ്പുന്നതും മറ്റും ഇന്നും ഓർക്കുമ്പോൾ ഒരു ചെറു ചിരി പൊട്ടും...  നൊസ്റ്റാൾജിയ അടിച്ച് പറഞ്ഞ് വരുന്നത് മറ്റൊന്നുമല്ല,  അപൂർണ്ണതകളുടെ ഘോഷയാത്രയിൽ പതാകയേന്തി മുൻ നിരയിൽ നടക്കേണ്ടി വന്ന ഹതഭാഗ്യന്റെ അപൂർണ്ണമായ അനുഭവങ്ങളേയും മാനസിക വൈഷമ്യങ്ങളേയും പറ്റിയാണ്..

എൽ പി സ്കൂൾ ഒരു സംഭവമായിരുന്നു,വെറും നാലുവർഷക്കാലമേ ഉണ്ടായിരുന്നുള്ളുവെങ്കിലും എന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിച്ച കാലഘട്ടമായിരുന്നു അത്. ഇന്നും എന്നിലേക്കാഞ്ഞടിക്കുന്ന സുനാമികൾക്ക് ഹേതുവായ ഭൂകമ്പം നടന്ന സുമാത്ര! പ്രിയപ്പെട്ട കൂട്ടുകാരും അതിലും പ്രിയപ്പെട്ട അദ്ധ്യാപകരും!.. അഞ്ചും ആറും അടുത്തു തന്നെയുള്ള മറ്റൊരു സ്കൂളിലായിരുന്നു,ഒരു മാറ്റമാണവിടെ നടന്നതെങ്കിലും എനിക്കൊപ്പം എന്റെ ചെങ്ങാതിമാരും എത്തിയിരുന്നതിനാൽ വലിയ സങ്കടമൊന്നും തോന്നിയിരുന്നില്ല.പക്ഷെ കാര്യങ്ങൾ ആറാം ക്ലാസ്സ് വരെയേ ഒപ്പം നിന്നുള്ളൂ.  ആറാം ക്ലാസ്സിൽ വെച്ച് സ്കൂളും സ്ഥലവും മാറേണ്ടി വന്നു-അച്ഛന്റെ നാട്ടിലേക്ക്, കാരണമൊക്കെ നിസ്സാരം. കുട്ടികൾ വളരേണ്ടത് മാതാപിതാക്കളോടൊപ്പമാണല്ലോ. കൂട്ടുകാരോടോന്നും ഒരു യാത്ര പോലും പറയാൻ അവസരം കിട്ടിയില്ല.   വർഷങ്ങൾക്ക് ശേഷം, കൂട്ടുകാരിൽ ചിലർ ധരിച്ച് വെച്ചിരുന്നത് അറിഞ്ഞപ്പോൾ പൊട്ടിച്ചിരിച്ച് പോയി.  ഒന്ന് രണ്ട് വർഷങ്ങൾക്ക് മുൻപ് അവിടെ പോയപ്പോൾ ഒരു സ്നേഹിതനെ കാണാനിടയായി കുശലാന്വേഷണത്തിനിടയിൽ "എവിടെ ചിത്ര?" എന്ന് അവൻ ചോദിച്ചു, ഏത് ചിത്ര എന്ന് ആദ്യം മനസ്സിൽ കരുതിയെങ്കിലും എന്റെയും അവന്റെയും കൂടെ പഠിച്ച ചിത്രയെന്ന പെൺകുട്ടിയേ ആവാം എന്ന് ഊഹിച്ചെടുത്ത് "എനിക്കറിയില്ലെടാ അവളെവിടെയെന്ന്"  പറഞ്ഞു. "അല്ല നിങ്ങൾ രണ്ടാളും കൂടിയല്ലേ അന്ന് ആരോടും പറയാതെ സ്കൂൾ മാറിയതെന്ന അവന്റെ മറുപടിയിൽ നിന്നാണ് അന്ന് സ്കൂൾ മുഴുവൻ പരന്ന ആ കിംവദന്തി ഞാനും മനസ്സിലാക്കുന്നത്  ഞാനും അവളും ഒളിച്ചോടിയതാണെന്ന്.എനിക്കൊപ്പം അവളും സ്കൂൾ ലീവ് ചെയ്തതിരുന്നു എന്നേപ്പോലെ പാവം അവളും അറിഞ്ഞിട്ടുണ്ടാവില്ല.!  അപൂർണ്ണതകളുടെ തുടക്കം അതായിരുന്നു ആറാം ക്ലാസ്സിലെ ആ അപ്രതീക്ഷിത സ്കൂൾ മാറ്റം.  പിന്നീട് ചെന്ന് പെട്ടത് ഒന്ന് മുതൽ ഏഴുവരെ മാത്രമുള്ള മറ്റൊരു സ്ഥലത്ത്, തികച്ചും വ്യത്യസ്ഥമായ അന്തരീക്ഷം ആളുകൾ, എന്റെ അനിയൻ അവിടെ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നെണ്ടെന്നത് മാത്രമായിരുന്നു ഏക ആശ്വാസം. ഒരു വർഷമേ അവിടെ ണ്ടായിരുന്നുള്ളുവെങ്കിലും എല്ലാവരുമായി അടുക്കാനും മറ്റും സാധിച്ചിരുന്നു വിനീത എന്ന പെൺകുട്ടിയും കിരൺ എന്ന ആൺകുട്ടിയും അതിനെന്നെ സഹായിച്ചു. കിരണുമായി നല്ല ഒരു സുഹൃദ്ബന്ധം ഉണ്ടായി വരുന്നതിനിടയിൽ ആ സ്കൂളും മാറേണ്ട സമയം വന്ന് ചേർന്നു. രണ്ടാമത്തെ അപൂർണ്ണത. ആ സ്കൂൾ കാലഘട്ടം അവസാനിപ്പിച്ച് ഹൈ സ്കൂളിലേക്ക്, മൂന്ന് വർഷങ്ങൾ അവിടെ, കാര്യമായ ഓർമ്മകൾ ഒന്നും തന്നെ ആ സ്കൂളിൽ നിന്നും എനിക്ക് കിട്ടിയില്ല, എന്നിരുന്നാലും  ഞാൻ പോയിരുന്ന ട്യൂഷൻ സെന്റർ ( മിനി ) എന്നെ ഞാനാക്കിയതിൽ വലിയ പങ്ക് വഹിച്ചു. എന്റെ കണക്ക് മാഷന്മാരായ ഗോപകുമാർ സറിനേയും സുനിൽ സറിനേയും ഒരിക്കലും മറക്കാൻ സാധ്യമല്ല. ഇന്നും ആ ക്ലാസ്സുകളിൽ പോയിരിക്കാൻ എന്ത് കോതിയാണെന്നോ, ആഗ്രഹങ്ങൾക്ക് അതിരില്ലല്ലോ... ഹിസ്റ്ററി എനിക്ക് ഇഷ്ടമായിരുന്നില്ല എങ്കിലും അതെടുത്തിരുന്ന ഹരികുമാര സാർ എനിക്ക് പ്രിയപ്പെട്ടതായിരുന്നു, അദ്ദേഹം ഇടയ്ക്കിടെ പറയുമായിരുന്നു,"മക്കളെ നിങ്ങൾ ഇക്കാലത്തേയ്ക്ക് തിരിച്ചെത്താനൊരിക്കൽ ആഗ്രഹിക്കും"...

 ആ ട്യൂഷൻ  സെന്റർ എന്നെ ആ അഞ്ചിലൊരാളാക്കി :)
പത്താം ക്ലാസ്സിലെ മത്സരിച്ചുള്ള പഠനവും അതിരാവിലെയുള്ള ക്ലാസ്സുകളും സൈക്കിളിന്മേലുള്ള അഭ്യാസയാത്രകളും പിന്നീടുണ്ടായ എത്ര വലിയ നഷ്ടങ്ങളേക്കാളും വലിയ നഷ്ടങ്ങളാണിന്നെനിക്ക്. പഠനവുമായി ബന്ധപ്പെടുത്തി സ്കൂളിലെ ഓർമ്മകൾ കുറവാണ്(മലയാളം ടീച്ചർ പ്രസന്ന ടീച്ചർ ഒഴിച്ച്)എന്നിരുന്നാലും  ഒരു ചെറിയ പ്രണയത്തിന്റെ മന്ദമാരുതൻ എന്നിലേക്കും അടിച്ചത് ആ സ്കൂളിൽ വെച്ചിട്ടായിരുന്നു., ഒൻപ്തിന്റെ അവസാനത്തിലോ പത്തിന്റെ ആരംഭത്തിലോ മനസ്സിലെത്തിച്ചേർന്ന പ്രണയമെന്ന വികാരത്തിന്റെ ശിലായുഗ അവശിഷ്ടത്തെ പറയാതെ പ്രകടിപ്പിക്കാതെ പത്താം ക്ലാസ്സ്കഴിയും വരെ മനസ്സിൽ അടക്കി വെച്ചു, ഒരു നിസാര കാരണത്തിന്മേൽ സ്കൂൾ അവസാനിക്കുന്നതിനു രണ്ട് മാസങ്ങൾക്ക് മുൻപ് അവളുമായി പിണങ്ങി മാറി, പ്ലസ്സ് ടു എന്ന സ്വാതന്ത്രയ്ത്തിലേക്ക് എത്തിയിട്ട് ഇഷ്ടം അറിയിക്കാം എന്നും മറ്റും കരുതി ആ പരിഭവപ്പിണക്കം ഞാൻ പൊളിക്കാൻ പോയില്ല. പത്തിലെ റിസൽട്ടറിഞ്ഞ് വീട്ടുകാർ പോളിടെക്കനിക്ക് എന്ന സാഗരത്തിലേക്ക് വള്ളവും വലയുമായി അയച്ചപ്പോൾ അപൂർണ്ണത നംബർ മൂന്നും നാലും സംഭവിച്ചു കഴിഞ്ഞിരുന്നു. പ്ലസ്സ് ടു എന്ന സ്വപ്നവും ആദ്യ പ്രണയവും. 

പന്തളം എൻ എസ് എസ് കോളേജ് എന്നിലെ പത്താംക്ലാസ്സ് കാരനു പുതു അനുഭവമായിരുന്നു. റെക്കോർഡ്സും മറ്റും വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തിരുന്ന എന്റെ പ്രവർത്തി സഹപാഠികൾക്ക് അത്ഭുതമായിരുന്നു, പ്ലസ്സ് റ്റുവിൽ വെച്ച് അവരുടെ അത്ഭുതപ്രവർത്തികൾ അവസാനിച്ചത് എന്റെ തെറ്റല്ലല്ലോ. പിന്നീടൊടുവിൽ കോളേജുമായി ആ മൂഡിലേക്ക് എല്ലാം ഒന്ന് മനസ്സിലാക്കി വന്നപ്പോഴേക്കും മൂന്ന് വർഷങ്ങളും അവസാനിച്ചിരുന്നു. ഒരു വലിയ അപൂർണ്ണതയും അതിനുള്ളിൽ ഒരുപാട് ചെറുതുകളും. പിന്നീട് എഞ്ജിനീയറിങ്ങിലേക്ക് അവിടെ നടന്നത് അപൂർണ്ണതകളുടെ ഘോഷയാത്രയായിരുന്നു, ഈ ബ്ലോഗ് മുഴുവൻ അവിടുത്തെ അപൂർണ്ണതകളുടെ കഥകളാണല്ലോ. 

കോളേജിനു ശേഷം എന്റെ ജീവിതത്തിൽ സംഭവിച്ചത് എന്തൊക്കെയാണ്. പലതും എനിക്ക് മനസ്സിലായിട്ടില്ല, സ്വപ്നം കണ്ടതും ആഗ്രഹിച്ചതും വെറുത്തതും നടക്കരുതെന്ന് ആഗ്രഹിച്ചതും അങ്ങിനെ എല്ലാമെല്ലാം ചുരുങ്ങിയ കാലത്തിനുള്ളിൽ കാറു പിടിച്ചല്ലേ വന്നത്.......

ഒരു തരത്തിൽ എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത് ഇത്തരം അപൂർണ്ണതകളാണ്. കോണ്ടീഗസ് ആയി എക്സിക്യൂട്ട് ചെയ്ത് കൊണ്ടിരുന്ന പ്രോസസുകളെ സ്റ്റാക്കിലേക്ക് പുഷ് ചെയ്തു കൊണ്ട് പല പുതിയ പ്രോസസുകളും പ്രോഗ്രാം കൗണ്ടറിലേക്കെത്തി പക്ഷേ അവകൾക്കൊന്നും എക്സിക്യൂഷൻ കമ്പ്ലീട്ട് ചെയ്യപ്പെടാനായില്ല സ്റ്റാക്കിലേക്ക് പുഷ് ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന പ്രോസസ്സുകളുടെ എണ്ണം ദിനേന കൂടുകയാണ്,  ഇൻ കമ്പ്ലീറ്റ് പ്രോസസുകൾ നീറഞ്ഞ് എന്നാണാവോ എന്റെ സി പി യു ഹാങ്ങ ആകുന്നത്..
ഒന്ന് ചീഞ്ഞ് മറ്റൊന്നിനു വളമാകും എന്നല്ലേ പ്രമാണം.പ്രണയം പരമേശ്വരനേയും പാട്ടുകാരനാക്കുമെന്ന് പറഞ്ഞ പോലെ നഷ്ടങ്ങളെന്നെ ബ്ലോഗിലെത്തിച്ചു. ബ്ലോഗെഴുത്ത് എനിക്ക് ഡയറി എഴുത്താണ്, സങ്കടം കൂടുമ്പോഴും എഴുതും സന്തോഷം കൂടുമ്പോഴും എഴുതും. ഇനിയും എഴുതും.


[NB: ഈ ബ്ലോഗ് എന്റെ ആത്മാവും മനസ്സുമാണ്..]

Sunday, July 22, 2012

കണ്ണനും കിട്ടി മൂന്നാം കണ്ണ്

ഇനീപ്പോ ഞാനായെട്ടെന്തിനാ കുറയ്ക്കുന്നത്. ഞാനും തുടങ്ങി ഫോട്ടം പിടുത്തം. കുറച്ച് നാളായിട്ടുള്ള ആഗ്രഹമായിരുന്നു ഒരു ക്യാമറ സ്വന്തമാക്കണമെന്നത്. കുറച്ച് വില കൂടിയ DSLR വാങ്ങാം എന്ന് കരുതി ഇരിക്കുകയായിരുന്നു. അതുടനെ നടത്താൻ അല്പം ബുദ്ധിമുട്ടുണ്ടെന്ന് മനസ്സിലാക്കി തത്ക്കാലം ചെറുതൊരെണ്ണം സ്വന്തമാക്കി, നമ്മുടെ നിക്കണിന്റെ കൂൾപിക്സ് 16.1mpx. എന്തായാലും കുറച്ച് പൈസായിൽ അത്യാവശ്യം നടത്താൻ ഇത് കിടു. കണ്ണിന്റെ മുന്നിൽ വന്ന് പോകുന്ന പല കാഴ്ചകളും മനസ്സിൽ അതേ പോലെ പകർത്താറുണ്ട്, പലതിനേയും പിന്നീട് കാണാറുമുണ്ട് എന്നാൽ അതിനു കുറച്ച് കൂടി വ്യക്തത വരുത്താൻ ഈ ഉപകരണം സഹായിക്കുമെന്നതിൽ തർക്കമില്ല. ഹോ എന്താപ്പോ ഞാനീ പറഞ്ഞത്..സാഹിത്യമോ ഈശ്വരാ.. അപ്പോൾ കാര്യം എന്താന്ന് വെച്ചാൽ ക്യാമറ ഒന്ന് ടെസ്റ്റ് ചെയ്തു, കുറച്ച് പടങ്ങൾ പോസ്റ്റുന്നു.. അങ്ങട് അഭിപ്രായിക്ക്യാ.. :)

മഴ കൊണ്ടങ്ങിനെ നിക്കാണ് സുന്ദരികൾ

തേനുണ്ണാൻ കള്ളന്മാരും ണ്ട്.

അലുവയും മത്തിക്കറിയും എന്ന പോലെ പൂക്കൾക്കിടയിൽ നല്ല അസ്സൽ ചിക്കൻ ഫ്രൈ.. ജീവൻ എന്ന എന്റെ കൂട്ടുകാരന്റെ കൈപ്പുണ്യം.

300 എന്ന ഹോളിവുഡ് സിനിമയിലെ ക്ലൈമാക്സിനെ ഓർമ്മ്പിക്കുന്നു ഈ തെച്ചി പൂക്കൂട്ടം

എങ്ങിനെ?

പായലേ വിടയില്ല.....

ഒറ്റപ്പെട്ടവൻ

വീട്.. എന്റേതും നിന്റേതും

കോവളത്ത് നിന്നും

തേനുണ്ണാൻ ഞാനും പോന്നോട്ടെ

കോവളം ഒരു ദൂരക്കാഴ്ച

ഇലയിലൊതുങ്ങുമീ നീല വാനം

വ്യത്യസ്തനാം ബാലൻ

കാട്ട്പൂവ് സുന്ദരിപ്പൂവ്

കണ്ണിമാങ്ങാ അച്ചാറ്

കരയല്ലേ കണ്ണേ.....
[ NB: ടെസ്റ്റിങ്ങ് എങ്ങിനെ.. ? നന്നായിട്ടുണ്ടോ? ]

Thursday, May 24, 2012

മറ്റൊരു കഥ തുടങ്ങും വരേയ്ക്കും



മറയ്ക്കാൻ മറന്നതും
മറക്കാൻ മറന്നതും
മണ്ണിൽ കുരുത്തതും
മാനത്ത് കണ്ടതും
മനമതിൽ മൊട്ടിട്ടതും
മലരായ് വിരിഞ്ഞതും
മധുരം നുണഞ്ഞതും
മദിരയിൽ മുങ്ങിയതും
മഴയായ് പെയ്തതും
മയിലായ് ആടിയതും
മഞ്ഞായ് മാഞ്ഞതും
മൊഴിയിൽ പൂത്തതും
മിഴിയിൽ കണ്ടതും
മാ-ന്തണലത്ത് നിന്നതും
മാഞ്ചുനയാൽ ചിരി 
മാഞ്ഞതും
മടുപ്പായതും
മടി പിടിച്ചതും
മിടുക്കായതും പിന്നെ
മുടക്കാതായതും
മറ്റിങ്ങിനെയെല്ലാമെല്ലാം
മറ്റൊരു കഥയതു തുടങ്ങും വരേയ്ക്കും
മാത്രം.....




[ NB: സത്യം മാത്രം!  ]
Related Posts Plugin for WordPress, Blogger...