Monday, August 22, 2011

"ദി വൺ വേ ലവ്!"(പൈങ്കിളി)



ഈ മഴക്കാലത്ത്  ഓര്‍മ്മകളിങ്ങിനെ അയവിറക്കുമ്പോൾ  പണ്ട്  കരഞ്ഞതും  സങ്കടപ്പെട്ടതും  ആയ  മുഹൂര്‍ത്തങ്ങള്‍  ചിരിയും  ഒരുപാട്  ചിരിപ്പിച്ച അനുഭവങ്ങൾ  മനസ്സില്‍  സങ്കടവും  ഉണ്ടാക്കുന്നു...

ഞാൻ ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളതും ചിന്തിച്ചിട്ടുള്ളതും പ്രവർത്തിച്ചിട്ടുള്ളതും  പ്രണയത്തെ പറ്റിയിട്ടാണ്. എന്റെ  സന്തോഷവും  സന്താപവും  എല്ലാം കൂടുതലും ബന്ധപ്പെട്ടിരിക്കുന്നതും അതിനാൽത്തന്നെ  അതുമായിട്ടാണ്!! ...


ആ  ദിവസം  ഇപ്പോഴും  ഇന്നലെ എന്ന പോലെ ഓര്‍ക്കുന്നു ,നല്ല  മഴയായിരുന്നു അന്നും, പക്ഷേ തെളിഞ്ഞ മാനം, വെയിലും മഴയും ഒരുമിച്ച്.., അന്ന് രശ്മി ക്ലാസ്സിലേക്ക് കയറി വന്നപ്പോൾ എന്ത് കൊണ്ടോ അവളെ  ആദ്യം  കാണുന്നത്  പോലെ  ഒരു ഫീല്‍! , അത്ര  സുന്ദരിയായിരുന്നു  അന്നവള്‍. ഇളം  നീല  ചുരിദാറും  ചുവപ്പും വെള്ളയും കലര്‍ന്ന   കുറിയും പിന്നെ മുടിക്കെട്ടിൽ ചേർത്ത് വെച്ചിരുന്ന ആ തുളസിക്കതിരും എല്ലാം അവളെ ഒരു ദേവതയെപ്പോലെ  തോന്നിപ്പിച്ചിരുന്നു, കാലമിത്ര മോഡേൺ ആയിട്ടും ആ കുട്ടിയുടെ നാടൻ ഗെറ്റപ്പ് എന്നെ വല്ലാതെ ആകർഷിച്ചിരുന്നു!!... കുറെ  മാസങ്ങളായി  അവളോട്‌  തോന്നിയിരുന്ന  ആ  softcorner വെളിപ്പെടുത്താനുള്ള  നേരം  ആയി  എന്ന്   മനസ്സിലിരുന്ന്  ആരോ  പറഞ്ഞ്  തുടങ്ങിയിരിന്നു അപ്പോഴേക്കും .. പക്ഷെ  അവളെ  ഒറ്റക്ക്  കാണുമ്പോഴേക്കും  എന്റെ  ഉള്ളിലൊരു  തീക്കുണ്ഡം  എരിയാന്‍  തുടങ്ങിയിരിക്കും  ആ  ഞാന്‍  എങ്ങിനെ 'ഐ ലവ് യു' എന്ന് പറയും??!!!  .... എനിക്ക് അവളോട്‌  ഇങ്ങിനൊരു  ഇഷ്ടമുണ്ടെന്ന്  അവളൊഴിച്ച് ബാക്കി  എല്ലാവർക്കും  അറിയാം,അതാണ് ഈ കഥയിലെ ഏറ്റവും വലിയ കോമഡി!!!! .. 

രശ്മി ക്ലാസ്സില്‍  ഉണ്ടെങ്കില്‍  എന്തിനും ഏതിനും  ഒരു  വല്ലാത്ത ഉന്മേഷമാണ് .... ഇത്തിരി  സമയം  കിട്ടിയാല്‍  അവളുള്ള ഭാഗത്ത്  ചെന്ന്  തമാശ  പറയുക , മറ്റുള്ളവരാല്‍  ഞങ്ങളെ  രണ്ട്  പേരേയും  ചേര്‍ത്ത്  കഥകള്‍  മെനയാന്‍  അവസരം  ഉണ്ടാക്കുക  എന്നിവ   എന്റെ  പ്രിയപ്പെട്ട  ഹോബ്ബീസ്  ആയിരുന്നു ... എന്തായാലും ശരിക്കും എന്ജോയ്‌  ചെയ്യുകയായിരുന്നു ഈ വൺ വേ ലവ് ... ഇഷ്ടമിങ്ങനെ  മൂത്തപ്പോള്‍  അവളെ  ഇതൊന്നു അറിയിച്ചാലെന്താ എന്ന് മനഃസ്സാക്ഷി ചോദിച്ചു തുടങ്ങി, പക്ഷെ  എങ്ങിനെ  എന്നുള്ള  ചോദ്യത്തിന്  ഒരു  വ്യക്തമായ  ഉത്തരം  തന്നുമില്ല!!.. അവളുടെ  മറുപടി  നോ  എന്നായിരിക്കും  എന്ന്  നൂറു ശതമാനവും ഉറപ്പായിരുന്നു(അക്കാലത്ത്, സൗന്ദര്യത്തിൽ മാത്രം അധിഷ്ടിതമാണ് പ്രണയം എന്നൊരു മിഥ്യാധാരണ എനിക്കുണ്ടായിരുന്നു)  എന്നിരുന്നാലും  ഒരു  ചെറിയ പ്രതീക്ഷ.. മറ്റുള്ളവന്മാർ പെൺകുട്ടികളുമൊത്ത് പ്രണയ സല്ലാപങ്ങളിൽ ഏർപ്പെടുന്നത് കാണുമ്പോൾ എന്താണ് ആ സംഗതി എന്നറിയാനുള്ള ഒരു ആകാംഷ,അതിന്റെ ഫസ്റ്റ് സ്റ്റെപ്പിനായി ഒരു ശ്രമം ദാറ്റ്സ് ആൾ!!...

ഒരു അവസരം കിട്ടിയാൽ അടിച്ചു കേറുന്ന ഏതൊരു മലയാളിയേം പോലെ, ഇന്നു വരും നാളെ വരും എന്നും പറഞ്ഞ്, പ്രണയം അവതരിപ്പിക്കാനായി അവനേയും(അവസരത്തെയും) കാത്ത് ഞാൻ ഇരിപ്പായി!!! അങ്ങിനെയിരിക്കെ  പ്രൊജക്റ്റ്‌  സെമിനാര്‍  ഇത്യാതി  വിഷയങ്ങളുടെ റ്റൈം ആയി , programming സൈഡിൽ  ക്ലാസ്സില്‍  അല്പം  മുന്നിൽ  ആയിരുന്നതിനാല്‍  ഡൗട്സ് ഒക്കെ തീർക്കാൻ  സഹപാഠികളിൽ  ചിലര്‍  എന്നേയും സമീപിക്കാറുണ്ടായിരുന്നു .. അങ്ങനെയിരിക്കേ രശ്മിയും അവളുടെ ഒരു സംശയനിവാരണത്തിനും ചില ചില്ലറ സഹായങ്ങൾക്കുമായി എന്നെ സമീപിച്ചു..  

"ഡാ നീ ഇതൊന്നു നോക്കിയേ, ഞാൻ എത്ര ശ്രമിച്ചിട്ടും ഈ ഫയൽ സെക്കുയർ ആയി ഈ കപ്യൂട്ടറിൽ നിന്നും അപ്പുറത്തേ സിസ്റ്റത്തിലേക്ക് അയക്കാൻ കഴിയുന്നില്ല, എന്റെ പ്രോജക്റ്റിന്റെ മർമ്മപ്രധാനമായ ഭാഗാ ഇത്.. നീ ഇതൊന്ന് നോക്കിയേ..പ്ലീസ് ഡാ.." അവസരം ദാ പാട്ടും പാടി എന്റെ മുന്നിൽ!!!.. 
ഗൂഗ്ഗിൾ എന്ന് വരെയുണ്ടോ അന്ന് വരെ ഞാൻ കഞ്ഞി കുടിച്ച് ജീവിക്കും!! 
ഗൂഗ്ഗ്ലിൽ കൊടുത്തു ഒരു ഗംഭീര സെർച്ച് <<<<ഫയൽ+സെക്കുയർ+സെൻഡിങ്ങ്+സി ഷാർപ്പ്+കോഡ്+ഫ്രീ ഡൗൺലോഡ്>>>, ദാ കിടക്കണു നൂറു കണക്കിനു സെർച്ച് റിസൽട്ടുകൾ!! അതിലൊരെണ്ണം ഇങ്ങെടുത്ത് ഞാൻ കഷ്ടപ്പെട്ട് ചെയ്തെടുത്ത രൂപത്തിൽ അവൾക്ക് ഒരു സീഡിയിലാക്കി തൊട്ടടുത്ത ദിവസം തന്നെ കൊണ്ട് കൊടുത്തു.എന്നാൽ ഗൂഗ്ലിനു ചെയ്യാൻ കഴിയാത്ത,മജ്ജയും മാംസവും വികാരങ്ങളുമുള്ള ഒരു മനുഷ്യനു മാത്രം ചെയ്യാൻ കഴിയുന്ന ഒരു സാധനം ഞാൻ അതിൽ ഉൾപ്പെടുത്തി,എന്റെ മനസ്സിന്റെ ഒരു പരിഛേദം, ഒരു ലവ് ലെറ്റർ-ഒരു ഡിജിറ്റൽ ലവ് ലെറ്റർ!! അക്ഷരങ്ങൾ മലയാളത്തിൽ റ്റൈപ്പ് ചെയ്ത് അതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് ഒരു ഇമേജാക്കി പ്രോജക്റ്റിന്റെ കോഡ്  റൈറ്റ് ചെയ്ത സിഡിയിൽ ആഡ് ചെയ്തു.. 
അതിലെ വരികൾ ഇപ്രകാരമായിരുന്നു..

"പ്രിയപ്പെട്ട രശ്മി,
പൈങ്കിളി ആകരുത് എന്ന് നിർബന്ധം ഉണ്ടായിരുന്നു, എന്റെ മറ്റു പല നിർബന്ധങ്ങളുടേയും അവസ്ഥ പോലെ ഇതിനേയും സൗകര്യ പൂർവ്വം മറക്കേണ്ടി വന്നതിൽ എനിക്ക് സങ്കടമുണ്ടെന്ന് ആദ്യമേ അറിയിക്കട്ടെ, അല്ലെങ്കിലും പറയാൻ പോകുന്ന ഈ 'വിഷയം' സുകുമാർ അഴിക്കോട് അവതരിപ്പിച്ചാലും മറിച്ചൊരു ഫീൽ കൊണ്ട് വരുവാൻ കഴിയുമെന്ന് തോന്നണില്ല, കാരണം വിഷയം.... അതൊരു വിഷയമാണ്... അതിനു വേണ്ടി കുറച്ച് സമയം എന്റെ വാക്കുകളിലൂടെ ഒന്നു സഞ്ചരിക്കാൻ നീ സന്മനസ്സുകാട്ടണം..

രശ്മീ, ഒരു പൂന്തോട്ടത്തിൽ നിരവധി പുഷ്പങ്ങളുണ്ടാകും, സൗന്ദര്യമുള്ളതും ഇല്ലാത്തതും.. നമ്മുടെ ക്ലാസ്സിനെ ഒരു പൂന്തോട്ടത്തെപ്പോലെയാണ് പലപ്പോഴും എനിക്ക് തോന്നാറുള്ളത്... പറയണ്ടല്ലോ പുഷ്പങ്ങൾ നാം തന്നെ... അതിലെ ഏറ്റവും മനോഹരമായ പുഷ്പത്തിന്റെ പേർ രശ്മി എന്ന് ഞാൻ പറഞ്ഞാൽ അതിൽ നീയും നോ എന്ന് പറയാൻ സാധ്യത ഇല്ല, ചിലപ്പോൾ നാണം കൊണ്ട് നീ സമ്മതിച്ചു തന്നേക്കില്ല! പക്ഷേ സത്യം അതാണ് കുട്ടീ.. സൗന്ദര്യം എന്ന് പറഞ്ഞ് നിന്റെ ബാഹ്യ സൗന്ദര്യത്തെ മാത്രല്ല ഞാൻ അളന്നത്, മനസ്സാലും പ്രവർത്തിയാലും നീ എല്ലാവരേക്കാളും ഒരു പടി മുന്നിലാണ്,സുന്ദരിയാണ്!!
കുട്ടീ, പറഞ്ഞ് വരുന്നത് നിന്റെ പ്രെസൻസ് പലരേയും അതിയായി സന്തോഷിപ്പിക്കുന്നുണ്ട്, പ്രത്യേകിച്ച് ഈയുള്ളവനെ.. കാരണം എന്താന്നൊന്നും അറിയില്ല്യാ..  കഴിഞ്ഞയാഴ്ച പനിയുടെ ചൂടിൽ നീ വരാതിരുന്ന ആ ഒന്നു രണ്ട് ദിവസങ്ങൾ എന്നെ വല്ലാതെ പൊള്ളിച്ച് കളഞ്ഞു,.. ഒരു കൂട്ടുകാരൻ എന്ന നിലയിൽ എന്റെ സാമീപ്യം നീയും ഇഷ്ടപ്പെടുന്നുണ്ട് എന്ന് എനിക്ക് അറിയാം,എന്റെ അത്ര ഇല്ലെങ്കിലും!! ഒന്നര വർഷത്തിലേറെയായി മനസ്സിൽ കൊണ്ട് നടന്ന ഒരു കാര്യം ചുമ്മാ നിന്നെയും അറിയിച്ചേക്കാം എന്നു കരുതിയാണ് ഈ ഒരു സാഹസത്തിനു മുതിരുന്നത്.. 
ഇപ്പോൾ വിഷയം നിനക്ക് മനസ്സിലായി എന്ന് കരുതട്ടെ.. പ്രണയം എന്നൊരു തോന്നൽ നിന്നോട് എനിക്ക് തോന്നീട്ട് കൃത്യായി പറഞ്ഞാൽ 17 മാസം... നിന്നോടടുത്തിടപഴകുമ്പോൾ എന്റെ മനസ്സിൽ ഈ വികാരമാണുള്ളത്, അപ്പോൾ അത് പറയാതിരിക്കുക എന്ന് പറഞ്ഞാൽ തെറ്റാണ് എന്നൊരു തോന്നൽ... ഇത്  മറ്റേതൊരു പ്രണയാഭ്യർഥനയും പോലെ നീ കണക്കാക്കരുത്, കാരണം നാളെയോ അതിനടുത്ത ദിവസങ്ങളിലോ നിന്റെ മറുപടി വേണം എന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല.. എന്നെ ഇഷ്ടമാണോ അല്ലയോ എന്ന് ചോദിച്ചിട്ടില്ല, ഇത് എന്റെ മനസ്സിൽ നിന്നോട് തോന്നിയ സത്യസന്ധമായ ഇഷ്ടം അറിയിക്കുക എന്നത് മാത്രാണ്.... ഇനീപ്പോ നിനക്ക് അത്തരം മറുപടികൾ പറയണം,അറിയിക്കണം എന്നൊക്കെ ഇണ്ടേൽ ഞാൻ തടയുന്നുമില്ല.. പിന്നെ ഒരു കാര്യം ദയവു ചെയ്ത് മറുപടി നിന്റെ അച്ഛന്റെ കയ്യിൽ കൊടുത്ത് വിടരുത്... പട്ടാളക്കാർ അതിർത്തി കാക്കട്ടെ അതല്ലേ നല്ലത്...എന്തിനാ വെർതേ!!
ഇത് വായിച്ചിട്ട് നാളെ നിന്റെ പ്രതികരണം എന്താവുമോ എന്ന് എനിക്കറിയില്ല.. 
എന്തായാലും ഇത്രയും പറഞ്ഞ് കഴിഞ്ഞപ്പോൾ എന്റെ ടെൻഷൻ കുറച്ചൊഴിവായി..
പ്രോജക്റ്റിൻറ്റെ കോഡ് അരുൺ എന്ന ഫോൾഡറിൽ ഉണ്ട്.. 
അപ്പോ നാളെക്കാണാം.. ബൈ..റ്റാ റ്റ"

ഇതായിരുന്നു എന്റെ ആദ്യത്തെ ഡിജിറ്റൽ പ്രണയലേഖനം.. അവളുടെ പ്രതികരണം എന്തായിത്തീരുമോ എന്ന് ഓർത്തിട്ടു  എന്റെ നെഞ്ചിൽ പെരുമ്പറകൾ ഓരോന്നായി ജന്മമെടുക്കാൻ തുടങ്ങിയിരുന്നു... പക്ഷേ പ്രിയപ്പെട്ടവരേ അടുത്തദിവസവും അതിനടുത്ത ദിവസവും ഒന്നും സംഭവിച്ചില്ല.. എല്ലാം പതിവു പോലെ തന്നെ... എന്റെ വൺവേ ലവ് ക്ലാസ്സ് കഴിയുന്ന ദിവസം വരേയും ഒരു മാറ്റവും ഇല്ലാതെ തുടർന്നു..... :-) 
രണ്ടാം ഭാഗം ഇവിടെ



[ NB: ഇന്നലെ അവളുടെ കുട്ടിയുടെ ഒന്നാം പിറന്നാള്‍ ആയിരുന്നു,പെണ്‍കുട്ടിയാ  പേര് 'അരുണ'.. :-) , അവള്‍ ബ്ലോഗ്‌ ഒന്നും വായിക്കില്ല എന്നാ പ്രതീക്ഷയില്‍ പോസ്റ്റുന്നു.. :-) ,ഇനീപ്പോ ഇതെങ്ങാനും കാണുമോ ??!! ഏയ്‌..]

Sunday, July 10, 2011

ഓർമ്മകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം..


"ഡാ ഒരു കാര്യം പറഞ്ഞാൽ വിഷമിക്കരുത്". 
ഇല്ല നീ പറഞ്ഞോ. 
"നിന്നെ ഇപ്പോൾ അവർ ഓർക്കുന്നുണ്ടാവുമോ എന്നു പോലും എനിക്ക് സംശയമുണ്ട്."
 പ്രജിത്തിന്റെ മറുപടി കേട്ട് കുറച്ച് നേരം ഞാൻ മിണ്ടാതെ നിന്നു.

മനസ്സ് പത്ത് പതിനെട്ട് വർഷങ്ങൾ പുറകിലേക്ക് സഞ്ചരിച്ചു. ഒന്നാം ക്ലാസ്സ് മുതൽ ആറാം ക്ലാസ്സ് വരെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരായിരുന്നു ജിജോയും പ്രജിത്തും ബിപിനും ലിജുവുമൊക്കെ. ഇതിൽ പ്രജിത്ത് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നു. ഇപ്പോഴും ചെറുതായെങ്കിലും അടുപ്പമുള്ളവനും അവൻ മാത്രം... ഈ കൂട്ടത്തിലുള്ള ജിജോ ഭയങ്കര പഠിപ്പിസ്റ്റായിരുന്നു, 50 ഇൽ 50 കിട്ടാത്ത ഒരു വിഷയം പോലും അവനില്ല.. ബാക്കി ഉള്ളവൻ എത്ര തലകുത്തി നിന്ന് പഠിച്ചിട്ടും 49, 48 മാത്രം(ഉവ്വ.. ഹി ഹി). മാർക്ക് വാങ്ങിക്കുന്ന കാര്യത്തിൽ അവനോട് ഭയങ്കര അശൂസ ചേ അസൂസ ഹോ അസൂയ.. ഹാ കിട്ടി! ഉണ്ടെങ്കിലും എനിക്ക് അവനെ ഭയങ്കര ഇഷ്ടമായിരുന്നു,ഇപ്പോഴും.. ആള്  ഒരു പക്കാ സുന്ദര തൊട്ടാവാടി നിഷ്കളങ്കനായിരുന്നു അന്ന്, ഇപ്പോ എന്തരോ  എന്തോ.... എന്നെപ്പോലെ നിഷ്കളങ്കനാണെങ്കി അവനു കൊള്ളാം(ആരാ അവിടെ ആക്കി ചുമച്ചത്?? വേണ്ടാട്ടോ...).

ഒരിക്കൽ അഞ്ചാം ക്ലാസ്സിൽ വെച്ച്, 
അവനായിരുന്നു ക്ലാസ്സ് ലീഡർ.. വെള്ളിയാഴ്ചകളിൽ അവസാന പീരീഡ് പാട്ടും ഡാൻസും മറ്റുമൊക്കെ അവതരിപ്പിക്കാറുണ്ടായിരുന്നു ഞങ്ങൾ. ഓരോന്നിലും പാർട്ടിസിപ്പേറ്റ് ചെയ്യുന്ന അംഗങ്ങളുടെ പേർ ലീഡറിന്റെ കയ്യിലുണ്ടാവും. അവൻ അത് മേശയുടെ അടുത്ത് പോയി നിന്ന് വായിക്കും, ഓരോരുത്തരെയായി പേർ വിളിക്കും, അവർ വന്ന് പാട്ടോ ഡാൻസോ എന്താന്ന് വെച്ചാ അവതരിപ്പിച്ചേച്ചും പോകും.. എല്ലാ വെള്ളിയാഴ്ചയും ഞാൻ പാട്ട് പാടാറുണ്ടായിരുന്നു.. 
"അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത്..." 
ഇതായിരുന്നു എന്റെ സ്ഥിരം ഗാനം.. എന്തോ എന്റെ പേർ എപ്പോഴും അവസാനമേ വിളിക്കാറുണ്ടായിരുന്നുള്ളൂ, ഒരു പക്ഷേ പരിപാടി തീർന്നു എന്ന് പ്രത്യേകം ഒരറിയിപ്പ് കൊടുക്കേണ്ടി വരില്ല എന്നതിനാലും ആവാം(ഏയ് അങ്ങിനെയാവാൻ വഴിയുണ്ടോ??!! ഏയ്...ഉണ്ടോ, ഏയ്!!!.)
അപ്പോൾ അന്നും പതിവു പോലെ പരിപാടി ആരംഭിച്ചു, ജിജോ ഓരോരുത്തരെയായി പേർ വിളീക്കാൻ തുടങ്ങി,  നാലാമത്തെയാളെ വിളിച്ചപ്പോൾ അവന്റെ ശബ്ദം ഇടറി, കണ്ണ് നിറഞ്ഞു, ഇവനിതെന്ത് പറ്റി എന്ന് ചിന്തിക്കുമ്പോഴേക്കും ഉത്തരം കിട്ടിയിരുന്നു, അവനിട്ട നിക്കറും പരിസര പ്രദേശങ്ങളും ആകെ നനച്ചു കൊണ്ട് അവൻ പബ്ലിക്കായി മുള്ളിയിരിക്കുന്നു... 

വർഷങ്ങൾക്കിപ്പുറം എല്ലാവരേയും ഒന്നു കൂടി കാണാനും പഴയ ഇത്തരം തമാശകൾ വീണ്ടും ഓർത്തെടുത്ത് ചിരിക്കാനും ഒക്കെ വേണ്ടിയാണ് ഞാൻ അതേ സ്ഥലത്ത് വീണ്ടും ചെന്നത്, വളരെ ബുദ്ധുമുട്ടില്ലാതെ തന്നെ പ്രജിത്തിനെ കണ്ടെടുത്തു, അവൻ വല്ലാതെ മാറിപ്പോയിരുന്നു, രൂപത്തിലും സ്വാഭാവത്തിലും.. എല്ലാവരേയും വീണ്ടും കാണണം  എന്നൊക്കെയുള്ള എന്റെ ആഗ്രഹം പറഞ്ഞപ്പോൾ അവൻ പറഞ്ഞതാണ് " ഡാ ഒരു കാര്യം പറഞ്ഞാൽ വിഷമിക്കരുത് നിന്നെ ഇപ്പോൾ അവർ ഓർക്കുന്നുണ്ടാവുമോ എന്നു പോലും എനിക്ക് സംശയമുണ്ട്."

[NB: പഴയ ആളുകളെ  പുതിയ രൂപത്തിൽ കാണണ്ടാ എന്നാണ്  ഇപ്പോൾ ചിന്തിക്കുന്നത്, ആ പഴയ മുഖങ്ങൾ ഒരുപാട് നിഷ്കളങ്കങ്ങൾ ആണ്, അവയിപ്പോഴും എന്റെ കണ്മുന്നിൽ ഉണ്ട്, അത് മതി...]

Related Posts:

ആദ്യമായി നടത്തിയ ഒരു മോഷണം

Sunday, June 26, 2011

സൂര്യകാന്തി


സായം സന്ധ്യയിൽ,
ഇളം ചുവപ്പു വ്യാപിച്ച മാനത്ത്നിന്നും
നീല സാഗരത്തിന്റെ അഗാധതയിലേക്ക് ഊളിയിടുന്ന,
നാളെ പൂർവ്വാധികം ശക്തിയോടെ
തിരികെയെത്തുമെന്ന് ഉറപ്പ് തരുന്ന, 
വാക്ക് പാലിക്കുന്ന,
മഹാനക്ഷത്രമേ
പോയ് വരിക......
നിന്നെയും കാത്ത് ഞാനിവിടെയുണ്ടാകും..
നാളെ,നിന്നിലെ ആദ്യ കിരണമേറ്റ്  ഉറക്കമുണരാൻ..
പണ്ട്(ഇനിയും) ചൂട് രശ്മികൾ എന്നിൽപ്പതിഞ്ഞപ്പോൾ പിണങ്ങിയിട്ടുണ്ടാകാം..
വാടിയിട്ടുണ്ടാകാം,
അത് നീ മറക്കുക..
നിന്റെ രശ്മികൾ (ചിലപ്പോൾ)ചുട്ടുപൊള്ളിക്കുമെങ്കിലും
അതിലുഷ്ണിക്കാൻ,വേദനിക്കാൻ ഏറെയിഷ്ടം!!
പുലരിയിലും സായാഹ്നത്തിലും 
ആലിംഗനം ചെയ്യുന്ന തണുത്ത കിരണങ്ങൾ
തരുന്ന സുഖമുണ്ടല്ലോ ആ ഉഷ്ണം മറക്കാൻ....

Monday, June 06, 2011

കവിത!!


ഒരു കവിത എഴുതാന്‍ മോഹമായ് !!!
അതിനു നിനക്ക് കവിത എന്തെന്ന് അറിയോ?
ഇല്ല അറിയില്ല ..
കവിത എന്തെന്ന്‍ അറിയാതെ എങ്ങിനെ
നീ കവിത ഏഴുതും ?

അതൊക്കെ ഞാനെഴുതും..
'കവിതയുടെ സൌന്ദര്യം' എന്ന വിഷയത്തില്‍ ഒരു
കവിത എഴുതിയാലോ??
നിനക്ക് കവിത എന്താന്നേ അറിയില്ല പിന്നെ
എങ്ങിനെ നീ കവിതയെപ്പറ്റി കവിതയെഴുതും?
എന്നാലും ഞാന്‍ 'കവിത'യെപ്പറ്റി ഏഴുതും .
കവിതയുടെ ആ സൗന്ദര്യം, കവിതയുടെ ആ
മൊഴിമുത്തുകൾ, കവിതയുടെ അനുരാഗത്തോടെയുള്ള 
ആ നോട്ടം,ആ അന്നനട!!
കവിതക്കെവിടുന്നാടാ അന്നനട??!!
ഞാൻ എഴുതാൻ പോകുന്ന കവിതക്ക് അതൊക്കെയുണ്ട്.
ആ വെളുത്തു കൊലുന്നനെ ഉള്ള കവിത;കേശവേട്ടന്റെ മോളാ...

നീ നന്നാവൂല...!!

[NB:തല്ലരുത്! കണ്ണുരുട്ടി പേടിപ്പിച്ചാ മതി]

Sunday, May 29, 2011

ഒരു ചെറിയ ആനക്കഥ!

  ഏവൂർ കണ്ണൻ

വീടിനടുത്തുള്ള ദേവീക്ഷേത്രത്തിൽ ഉത്സവമായിരുന്നു കുറച്ചുനാൾ മുൻപ്, ഏവൂർ അമ്പലത്തിലെ കണ്ണൻ എന്ന ആനയുമുണ്ടായിരുന്നു എഴുന്നള്ളത്തിനും മറ്റും. അമ്പലപ്പറമ്പിൽ എല്ലാ ആനകളേയും ഒരുമിച്ചു തളക്കാൻ സൗകര്യമുണ്ടായിരുന്നിട്ടും എന്ത് കൊണ്ടോ കണ്ണനെ എന്റെ വീട്ടിന്റെ പറമ്പിലായിരുന്നു തളച്ചിരുന്നത്. എട്ടാം ഉത്സവത്തിന്റെ അന്ന് കണ്ണൻ ചില അനുസരണക്കേടുകൾ കാട്ടിത്തുടങ്ങി, അപ്പോഴെ എല്ലാവർക്കും മനസ്സിലായി അവൻ മദപ്പാടിലാണെന്ന്, എന്തായാലും കൂടുതൽ പ്രശ്നങ്ങളുണ്ടാകുന്നതിനു മുൻപേ തന്നെ അവനെ വീട്ടിൽ കൊണ്ട് തളച്ചു. ഞാൻ ഈ കുറിപ്പ് എഴുതുന്നത് അവന്റെ മുന്നിൽ ഇരുന്നാണ്, ഒടുക്കത്തെ സ്നേഹമാണ് ഞങ്ങളോട് അവനു, ഒരു നാരങ്ങാ മിട്ടായി ആണെങ്കിൽ പോലും അവനു വേണം, കൊതിയൻ... പാപ്പാൻ മാരോടും അവനു ഒടുക്കത്തെ സ്നേഹമാണ്. സ്നേഹത്തിന്റെ അടയാളമായി ഓലയുടെ മടലും മറ്റ് കമ്പുകളുമൊക്കെ അവിടവിടയായി ചിതറിക്കിടപ്പുണ്ട്(മനസ്സിലായില്ല അല്ലേ, പാപ്പാൻ മാർ അവന്റെ കണ്ണിൽപ്പെട്ടാൽ മടലെടുത്ത് എറിഞ്ഞാണ് അവൻ സ്നേഹം പ്രകടിപ്പിക്കുക.. ഹി ഹി).


കണ്ണനെ ഇങ്ങിനെ നോക്കി ഇരുന്നപ്പോഴാണ് പഴയകാല ഒരു അനുഭവം മനസ്സിലെത്തിയത്. എന്റെ വളരെച്ചെറിയ പ്രായം; ഞങ്ങളുടെ ഗ്രാമദേവതയുടെ അമ്പലത്തിൽ ഉത്സവം നടക്കുകയാണ്. ആ ദിവസങ്ങളിലൊന്നിൽ അച്ഛനും അമ്മയും ഞാനും(ആ സമയത്ത് അനിയനെപ്പറ്റി ഇരുവരും ചിന്തിച്ച് തുടങ്ങിയുട്ടുണ്ടാവില്ല!!) കൂടി നാടകം കാണാൻ അമ്പലത്തിൽ എത്തി. ഏതോ ബാലേ ആണ്, നാടകം തുടങ്ങി കുറച്ചായപ്പോഴെ ഞാൻ അമ്മയുടെ കയ്യിലിരുന്നു ഉറങ്ങാൻ തുടങ്ങി, എന്നിരുന്നാലും ദുര്യോധനന്റേം ഭീമന്റേം ഒക്കെ "ബു ഹ ഹ ഹ ഹ"  അട്ടഹാസങ്ങൾ ഉറക്കം ഭംഗപ്പെടുത്തുന്നുമുണ്ടായിരുന്നു.


സ്റ്റേജിന്റെ സമീപത്ത് ഒരു ആനയെ തളച്ചിട്ടുണ്ടായിരുന്നു, അവൻ അവിടെ സ്വസ്ഥമായി നിന്ന് ഓലയും കൊറിച്ചു കൊണ്ട് നിക്കുകയായിരുന്നു, പെട്ടെന്നാണ് രംഗം വഷളായത്, ഏതോ ഒരുവൻ ആനയുടെ വാലിൽ പിടിച്ചുവലിക്കുകയോ ബീഡിക്കുറ്റി അതിന്റെ ദേഹത്തേക്ക് വലിച്ചെറിയുകയോ ചെയ്തു, ആന ഒന്നു ഛിന്നം വിളിച്ചു, അത് കേട്ട് ആന വിരണ്ടു എന്ന് എല്ലാവരും കരുതി..
"ആന വിരണ്ടേ, ഓടിക്കോ!!!"
ആളുകൾ നാലുപാടും ഓടാൻ തുടങ്ങി. ഇനി അച്ഛന്റെ വാക്കുകൾ കടമെടുത്ത് പറയുകയാണേൽ..
"ഡാ നിന്റെ ഈ സ്നേഹനിധിയായ അമ്മയുണ്ടല്ലോ, ഇവൾ നിന്നേയും എന്റെ മടിയിലേക്ക് എറിഞ്ഞിട്ട് ഒറ്റയോട്ടമായിരുന്നു.. ഞാനും ഓടാനായി എഴുന്നേറ്റതാ, പക്ഷേ എന്റെ ഡബിൾ മുണ്ട് എനിക്കൊപ്പം എഴുന്നേറ്റില്ല.."
എന്തായാലും ആന വിരണ്ടതല്ല എന്ന് കുറച്ച് കഴിഞ്ഞപ്പോൾ എല്ലാവർക്കും മനസ്സിലായി..  പക്ഷേ അപ്പോഴെക്കും കുളത്തിൽ ചാടാൻ യോഗമുണ്ടായിരുന്നവർ അങ്ങിനേയും തെങ്ങിലും മാവിലും പേരറിയാത്ത മറ്റ് മരങ്ങളിലും കേറാൻ യോഗമുള്ളവർ അത്തരത്തിലും ചെയ്ത് കഴിഞ്ഞിരുന്നു..
"യ്യോ ഏട്ടനും മോനും ഒന്നും സംഭവച്ചില്ലല്ലോ ല്ലേ!!??"
അമ്മയുടെ ആ ചോദ്യത്തിനു ,ആ പ്രായത്തിൽ മനസ്സിലാക്കാൻ സാധിക്കാത്ത ഏതോ സംസ്കൃത ശ്ലോകം മറുപടിയായി അച്ഛൻ പറഞ്ഞതായാണ് എന്റെ ഓർമ്മ.

[NB: പിന്നെ ഇന്നേ വരെ അമ്പലപ്പറമ്പുകളിലെ രാത്രി പ്രോഗ്രാംസിനു ഞങ്ങൾ ഒരുമിച്ച് പോയിട്ടേയില്ല]
Related Posts Plugin for WordPress, Blogger...