Tuesday, February 14, 2012

ലൈവ് ഫ്രം സുഭാഷ് പാർക്ക്



പാർക്കിൽ പേരറിയാത്ത ഒരു വലിയ മരത്തിനു ചുറ്റും കെട്ടിയിരിക്കുന്ന സിമന്റ് തറയിൽ ഇരിക്കുകയാണ് ഞാൻ സമയം 5,ഇരുപ്പിന്റെ ഉദ്ദേശം മറ്റൊന്നുമല്ല സർഗ്ഗാത്മകതയെ ഉദ്ദീപിപ്പിക്കൽ എന്നതൊന്ന് മാത്രാണ്.  ഒരു സീരിയസ്സ് പ്രണയകഥയ്ക്ക് പറ്റിയ ഒരു ടോപ്പിക്ക് മനസ്സിലേക്ക് വീണുകിട്ടിയിട്ട് കുറച്ചു നാളുകളായിരിക്കുന്നു. അതിനെ ഒന്നു ഡെവലപ്പ് ചെയ്ത് നല്ല ഒരുത്പന്നമാക്കി മാറ്റണമെന്ന അത്യാഗ്രഹം എന്റെ ഉറക്കം കെടുത്തി തുടങ്ങിയിരുന്നു. അങ്ങിനെ താടിയും തടവി അകലങ്ങളിലേക്ക് നോക്കി ചിന്തിച്ചിരുന്ന എനിക്ക് മനസ്സിലായി ഇങ്ങിനൊന്നും ഇരുന്നിട്ടോ പേന കൊണ്ട് തല ചൊറിഞ്ഞിട്ടോ ഒരു കാര്യോം ഇല്ലാന്ന്. ഇങ്ങിനെ കുണ്ഠിതപ്പെട്ട് ഇരിക്കുന്നതിനിടയിൽ എന്റെ ശ്രദ്ധ കുറച്ച് അപ്പുറത്തേക്ക് പതിഞ്ഞു.


എന്റെ ഇടത് ഭാഗത്തായി അധികം അകലെയല്ലാതെ മഞ്ഞടീഷർട്ടിട്ട ജീൻസിട്ട സുന്ദരിയായ ഒരു പെൺകുട്ടിയും സുന്ദരനായ ഒരാൺകുട്ടിയും ഇരിക്കുന്നു.പെൺകുട്ടി കൊഞ്ചിക്കുഴയുന്നുണ്ടെങ്കിലും അവൻ ഡീസന്റാണെന്ന് തോന്നി, അനാവശ്യമായ കൈ കടത്തലുകളൊന്നും അവന്റെ ഭാഗത്ത് നിന്നും ഉണ്ടായതേയില്ല. എഴുത്തിനിടയിൽ തല ചെരിച്ച് അവരെ നോക്കുമ്പോഴൊക്കെ അവന്റെ കണ്ണുകളുമായി എന്റെ കണ്ണുകൾക്ക് വഴക്കടിക്കേണ്ടി വരുന്നുണ്ട്. അത്യാവശ്യം ആൾ ജിമ്മാണെന്ന് തോന്നുന്നു,ലവൻ  എഴുന്നേറ്റ് വന്ന് രണ്ട് ചാമ്പ് ചാമ്പിയാൽ കൊണ്ടോണ്ടിരിക്കാനേ എനിക്കാവൂ എന്നത് നൂറ്റിപ്പത്ത ശതമാനം പരമാത്രം. ഛേ പരമാക്രി... ശ്ശോ അത് വേണ്ട സത്യം., പെട്ടന്നാണ് അവൻ പെൺകുട്ടിയുടെ വലത് ഭാഗത്തേക്ക് മാറിയിരുന്നത്, അവളെ എന്റെ ദൃഷ്ടി പഥത്തിൽ നിന്നും മറച്ച് കളയുകയായിരുന്നു അതിനു പിന്നിലെന്ന് തോന്നിപ്പോയി. അത് ജഗതി പറയും പോലെ "എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്". അവർക്കറിയില്ലല്ലോ ഒരു ബ്ലോഗറുടെ ഉദ്വേഗമൊന്നു മാത്രാണ് ആ നോട്ടത്തിനു പിന്നിലെന്ന്. നമ്മൾ കരുതുന്ന പല വായ്നോക്കികളും സത്യത്തിൽ ബ്ലോഗേർസാവാം ല്ലേ? എനിക്ക് തോന്നിപ്പോവുകയാണ്.


പെൺകുട്ടിയുടെ കയ്യിൽ ഒരു ഡ്രൊയിങ്ങ് ബുക്കുണ്ട്,  അവളതിൽ എന്തൊക്കെയോ വരയ്ക്കുന്നു, അവൻ പെൻസിൽ തട്ടിയെടുക്കാൻ ശ്രമം നടത്തുണ്ട്, അവളുടെ കായബലത്തിൽ അവൻ പരാജിതനാകുന്നതായി അഭിനയിക്കുകയും വേദന അഭിനയിക്കുകയും ചെയ്യുന്നു,അതവൾക്ക് നന്നേ രസിച്ചിരിക്കുന്നു, അവളുടെ ചിരിയും ഈ മരത്തിലെ ഇലകളുടെ കലപിലയും ഒരു പോലെ തോന്നിപ്പോയി. ഒരു ഇളം കാറ്റ് എന്നെ സ്പർശിച്ച് കടന്ന് പോയി. അല്ലെങ്കിലും ഈ ഇളം കാറ്റിങ്ങനാ ഇത്തരം അവസരങ്ങളിൽ എവിടന്നേലും വന്ന് തഴുകീട്ടും പോവും,അടുത്തെങ്ങും തെങ്ങില്ലാത്തോണ്ട് തേങ്ങാക്കുലകളൊന്നും ആടീല്ല.


കടുവേനെ കിടുവ പിടിക്കയോ... കുറച്ച് മാറി എന്റെ വലത് ഭാഗത്തായി ഞാൻ തണലു കൊണ്ടിരിക്കുന്ന അതേ മരത്തിന്റെ ചുവട്ടിൽ തന്നെ മൂന്ന് പെൺകുട്ടികൾ, അതിലൊരുവൾ എന്നിലേക്ക് മുഖം തിരിച്ചാണിരിക്കുന്നത്, രൂക്ഷായി അങ്ങട് നോക്കിയിട്ട് പോലും അതിനൊരു കൂസലുമില്ല. ഒരു പ്രായം ചെന്ന അപ്പൂപ്പൻ കപ്പലണ്ടി വിൽക്കാനായി എന്റെ അരികിൽ വന്നു, ശ്രദ്ധ അല്പ നേരത്തേക്ക് അദ്ദേഹത്തിലായി. 5 രൂപയ്ക്ക് വാങ്ങിയ കപ്പലണ്ടിയും കൊറിച്ചു കൊണ്ട് ഞാൻ വീണ്ടും എഴുത്തിലേക്ക് ശ്രദ്ധ തിരിച്ചു, ഇടയ്ക്ക് വലത് ഭാഗത്തേയ്ക്ക് തല ചെരിച്ചു നോക്കി, ആ മൂന്ന് പിള്ളാരുമിപ്പോൾ എന്നെ ശ്രദ്ധിക്കുന്നു, എന്റെ മുഖത്തേക്കും പിന്നീട് ഈ ബുക്കിലേക്കും. എന്താണ് ഞാൻ ഈ കുത്തിപ്പിടിച്ച് എഴുതുന്നത് എന്നറിയാനുള്ള ആകാംഷയായിരിക്കും. വല്ല ആത്മഹത്യാ കുറിപ്പോ മറ്റോ ആകാം എന്നവരൊരു നിഗമനത്തിലും എത്തിയിരിക്കാം, വല്ല ഊശാൻ താടിയോ ജുബ്ബയോ തുണി സഞ്ചിയോ മറ്റോ എന്റെ പക്കൽ ഉണ്ടായിരുന്നുവെങ്കിൽ ഈ തോന്നൽ അവർക്ക് വരികയില്ലായിരുന്നു. ഹും. 


കടലിലൂടെ ( കടലാണോ കായലാണോ ആ..) ബോട്ടുകൾ തലങ്ങും വിലങ്ങും പോകുന്നു, ചിലവയിൽ നിന്നും ഗൈഡിന്റെ വിവരണം ഉയർന്നു കേൾക്കാം. എല്ലാ ബോട്ടുകളിലും നിറയെ ആളുകൾ ഉണ്ട്. കപ്പിൾസാണധികവും.
ഇവിടെ എവിടേക്ക് നോക്കിയാലും പ്രണയമാണ്. മനുഷ്യരും പ്രകൃതിയും ഒരേ പോലെ പ്രണയിക്കുന്നു. പക്ഷേ ചില മനുഷ്യരുടേത് പ്രണയമല്ലാട്ടൊ, കാമം മാത്രമാണ്.കഴിഞ്ഞയാഴ്ച കണ്ട മുടി നീട്ടി വളർത്തിയ പയ്യനെ ഇന്ന് ഞാൻ വീണ്ടും കണ്ടു, ഇന്ന് അവന്റെ കൂടെ വേറൊരു പെൺകുട്ടിയാണ്. കഷ്ടം.


സമയം 6 ആകുന്നു, പാർക്കിൽ പൊതു ജനങ്ങൾക്ക് ചിലവഴിക്കാവുന്ന സമയം കഴിയാറായിരിക്കുന്നു.മഞ്ഞ ടീ ഷർട്ടിട്ട പെൺകുട്ടി തന്റെ ബുക്ക് ബാഗിലേക്ക് എടുത്ത് വെച്ചു, ഇരുവരും തിരികെ പോകാനുള്ള തയ്യാറെടുപ്പിലാണ്.  ഞാനും പതിയെ എഴുന്നേറ്റു. അവരോടും ആ മൂന്നു പെൺകുട്ട്യോളോടും മനസ്സിൽ റ്റാ റ്റ പറഞ്ഞു പാർക്കിനു വെളിയിലേക്ക് ഞാൻ ഇറങ്ങി.


[NB: ഹാപ്പി വാലന്റൈൻസ് ഡേ ഡിയർ ഫ്രെണ്ട്സ്.. ഒരു പൂർണ്ണതയില്ലാത്ത കുറിപ്പായിപ്പോയ് ആരും തല്ലരുത് :-)]

Thursday, December 22, 2011

ഒത്തിരി-ഇത്തിരി


നേടുവാനൊത്തിരി

നേട്ടമേൽക്കുവാനിത്തിരി

നിലനിൽക്കാനിത്തിരി

നീല നിറമൊത്തിരി

കക്കുവാനാളൊത്തിരി

കാക്കുവാനില്ലിത്തിരി


രാഷ്ട്രീയക്കാരൊത്തിരി


രാഷ്ട്രമൊന്നെന്ന ബോധമിത്തിരി

പണമില്ലാപിണങ്ങളൊത്തിരി

ഹൃത്തില്ലാ പണക്കാരുമൊത്തിരി

അതിരുകൾ-മനസ്സിലും മണലിലുമൊത്തിരി

നീരുറവകൾ-മനസ്സിലും മണലിലുമിത്തിരി

വാളുകൾ,കുന്തങ്ങൾ,ആയുധങ്ങളൊത്തിരി

പൂവുകൾ,പൂമ്പാറ്റകളിത്തിരി

ചിരികളിത്തിരി

നെടുവീർപ്പ്,ആശങ്കകളൊത്തിരി

എന്നായ്ത്തീരും-ഒത്തിരികളിത്തിരികളും

ഇത്തിരികളൊത്തിരികളും??!!



[NB:എന്നായ്ത്തീരും-ഒത്തിരികളിത്തിരികളും ഇത്തിരികളൊത്തിരികളും??!! എനി ഐഡിയ?!]

Wednesday, November 09, 2011

കാമം ജയിക്കുന്ന കാലം


ഇരുളിലൊരു പെണ്ണുടലിനെ തിരയുമൊരുവൻ
പകലിലൊരു പൈതലിനെ തിരയുമപരൻ
കാലമുരുളുന്നു കാമവെറി പെരുകുന്നു
വികാരമാ മാനവ വിവേകത്തെ ജയിച്ചിടുന്നു,
പിന്നെയാ മനസ്സിൽ വിഷമേറ്റിടുന്നു
വിലാപ കാവ്യങ്ങൾ ഉയിർത്തിടുന്നു
വികലമാമംഗമുള്ളവനും 
അനങ്ങിടാൻ കഴിയാത്തവനും
പെണ്ണുടലുകണ്ടാലുശിരേറിടുന്നു!
അധികാരമുള്ളവനും 
തലചായ്ക്കാനിടമില്ലാത്തവനും
തേടിടുന്നു പെണ്ണിനേയും പിഞ്ചിനേയും.
ഒളിച്ചിരുന്നു പിടിച്ചു തിന്നും കാട്ടുപുലിക്കും
ഓടിയൊളിച്ചിടാനാകാത്ത പേടമാനിനും
പര്യായമായിടുന്നു അഭിനവ മാനവനും പാവമിരയും
അറുപതിനേയും ആറിനേയും ഇന്ന്-
പിറന്നു വീണ പൈതലിനേയും 
ഭോഗിച്ചിടുന്നു അന്യനും സ്വന്തവും!
രക്ഷയേകിടേണ്ട പിതാവും കൂട്ട്
രക്ഷ നൽകിടേണ്ട സോദരനും 
കാമവെറിയാൽ കടിച്ചു കീറിടുന്നു പിന്നെ വിറ്റിടുന്നു!
ജന്മമേകിയ അമ്മയും 
ആ സ്ഥാനമുള്ള ചിറ്റമ്മയും
വെള്ളിക്കാശിനാശയാൽ
കീറിമുറിച്ചിടുന്നു പിഞ്ചുഹൃദയങ്ങളെ
കാലമേ നീ കാണ്മതില്ലേ കലികാല പേക്കൂത്തുകളെ
കാണ്മുവെങ്കിൽ കണ്ണടച്ചു കൊൾക
ഇനിയൊരവതാരപ്പിറവി നാദം കേട്ടിടും വരെ!





[  NB :മനുഷ്യനാൽ ഈ ഭ്രാന്ത് മാറ്റാൻ കഴിയില്ലെന്നാ തോന്നുന്നത് :-(   ]

Wednesday, October 05, 2011

സാഗരം സാക്ഷി



ചിലപ്പോൾ സിനിമയിലും നാടകത്തിലും സംഭവിക്കുന്ന റ്റ്വിസ്റ്റുകളേക്കാൽ ഗംഭീരമാണ് യഥാർഥ ജീവിതത്തിലേത്.. കഴിഞ്ഞ ദിവസം എന്റെ അടുത്ത കൂട്ടുകാരൻ രാജ് എന്ന വിശാലുമൊത്ത് തൃക്കന്നപ്പുഴ കടപ്പുറം വരെ പോയി, ഡെൽഹിയിൽ വർക്ക് ചെയ്യുന്ന അവൻ ലീവിനു വന്നതാണ്.. എന്നും എപ്പോഴും സന്തോഷവാനായി കാണുന്ന അവൻ ഇന്ന് വല്ലാതെ ഡിസ്റ്റർബ്ഡ് ആണെന്ന്  തോന്നി, അത് കൊണ്ട് തന്നെയാണ് അവനേയും കൂട്ടി കടൽത്തീരത്ത് പോകാമെന്ന് കരുതിയത്.. സമയം ഒരു 5 , 5.30 ആയിട്ടുണ്ടാവും.. സൂര്യൻ അസ്തമിക്കാൻ പോകുന്നതേയുള്ളൂ, വേനൽക്കാലമായതു കൊണ്ട് വൈകുന്നേരമായിട്ടും സൂര്യ രശ്മികൾക്ക് ചൂട് കൂടുതലാണ്, എന്നിരുന്നാലും ഒരു പരിധിവരെ കടൽക്കാറ്റ് അതിനെ തരണം ചെയ്യാൻ സഹായിക്കുന്നുണ്ട്. 


ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒറ്റവാക്കിൽ  ഉത്തരം പറയുകയല്ലാതെ  മറ്റൊന്നും അവൻ സംസാരിക്കുന്നില്ല. അവന്റെ ഈ മൗനത്തിന്റെ കാരണം അറിയാനായി അവനോട് തുറന്ന് ചോദിച്ചു,
 "ഡാ വിശാൽ നിനക്ക് എന്നോട് എന്തോ പറയാനുണ്ട്, അല്ലെങ്കിൽ എന്തോ നിന്റെ മനസ്സിനെ ഡിസ്റ്റർബ് ചെയ്യുന്നുണ്ട്, എന്താണത്?? പറ"
കടലിനെ ഫെയ്സ് ചെയ്തിരുന്നിരുന്ന അവൻ എന്റെ മുഖത്തേക്ക് ദൃഷ്ടി പായിച്ചു, അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടോ എന്ന് ഞാൻ സംശയിച്ചു..


"കണ്ണാ, നിനക്കറിയാല്ലോ എന്റെ എല്ലാ കാര്യങ്ങളും നിനക്കറിയാം, എല്ലാം നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്.. വിഷമമായാലും സന്തോഷമായാലും എല്ലാം നീയുമായി പങ്ക് വെച്ചിട്ടുണ്ട്.."
"അതേ അതെനിക്കറിയാല്ലോ രാജൂട്ടാ (പൃഥ്വിരാജിന്റെ ഫെയ്സ് കട്ടാണ് വിശാലിനു, അങ്ങിനെ കോളേജിൽ വെച്ച് രാജ് എന്ന പേർ വീണു, അടുപ്പമുള്ളവർ രാജൂട്ടാ എന്നും വിളിക്കും) . നീ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ അല്ലേ, എനിക്കറിയാം, എനിക്കറിയാത്ത ഒരു സന്തോഷവും സങ്കടവും നിനക്കില്ല എന്ന്,ഇപ്പോൾ എന്താ സംഭവിച്ചത് എന്തായാലും പറയ്.." 
"പക്ഷേ കണ്ണാ നിന്നിൽ നിന്നും ഞാൻ ഒരു കാര്യം ഒളിച്ചിട്ടുണ്ടെടാ..... അതും നിന്നിൽ നിന്ന് 5 വർഷം ഞാൻ ആ കാര്യം ഒളിച്ച് വെച്ചു.. "


ഞാൻ ഒന്നും മിണ്ടിയില്ല, എന്തോ മനസ്സിന്റെ ഉള്ളിൽ ഒരു കനം തോന്നിത്തുടങ്ങി.. എന്റെ ആത്മാർഥ സുഹൃത്ത് എന്നിൽ നിന്ന് ഒരു കാര്യം ഒളിച്ച് വെക്കുക, അതും  5 വർഷം.. അതായത് ഞാനും അവനും കോളേജിൽ ഒരേ ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് നടന്ന സംഭവം ഇത്രകാലം എന്നെ അറിയിക്കാതെ..........!!! 
"കണ്ണാ...."
ഞാൻ ചിന്തകളിൽ നിന്നും ഉണർന്നു..എന്നിട്ട് പറഞ്ഞു സാരമില്ല, അല്ല നീ എന്ത് കാര്യാ എന്നിൽ നിന്നും ഒളിച്ചത് കേൾക്കട്ടെ... 


"കണ്ണാ നിനക്കറിയാല്ലോ, നമ്മുടെ ചാറ്റിൽ ഞാനും നീയും സംസാരിക്കുമ്പോഴൊക്കെ നീ പറയുന്ന കാര്യം, നിന്റെ ബ്ലോഗിനെപ്പറ്റി..."


മും ഞാൻ പറയാറുണ്ട്, എന്റെ ബ്ലോഗിലെ കഥകളും അനുഭവക്കുറിപ്പുകളും വായിക്കണേ എന്ന്, പക്ഷേ അപ്പോഴൊക്കെ നീ എന്നെ കളിയാക്കി പോവാറല്ലേ പതിവു.. 


"ഞാൻ അങ്ങിനെയൊക്കെ പറയുമെങ്കിലും, നിന്റെ ബ്ലോഗിന്റെ സ്ഥിരം വായനക്കാരനാണ് ഞാൻ.. നീ എഴുതുന്ന എല്ലാം ഞാൻ വായിക്കാറുണ്ട്."


ആ അതൊക്കെ പോട്ടെ നീ എന്നിൽ നിന്ന് ഒളിച്ച കാര്യവും എന്റെ ബ്ലോഗും തമ്മിലെന്താ ബന്ധം...


"അത്....  നീ അവസാനായി പോസ്റ്റ് ചെയ്ത വൺ വേ ലവ് എന്ന കഥ ഞാൻ വായിച്ചിരുന്നു. "


മും അതിനെന്താ, അത് നമ്മുടെ കോളെജിലെ തന്നെ ഒരു കഥയാ,രശ്മിയെപ്പറ്റി എഴുതീതാ.... 


"നിനക്ക് രശ്മിയെ അത്രയ്ക്ക് ഇഷ്ടമായിരുന്നോ??"


അങ്ങിനെ ചോദിച്ചാൽ എന്താടാ പറയ്ക, അക്കാലത്ത് ഒരുതരം ഇഷ്ടം, എനിക്കത് നിർവചിക്കാൻ ഒന്നും അറിയില്ല, പക്ഷേ എന്തോ ഒന്ന് അവളോട് ഉണ്ടായിരുന്നു, അല്ലാ അത് ഞാൻ അന്നേ നിന്നോട് പറഞ്ഞിരുന്നതാണല്ലോ,  നീയും കൂടിച്ചേർന്നല്ലേ അന്ന് ടെക്ക്ഫെസ്റ്റിനു അവളോട് നേരിട്ട് പ്രണയം അറിയിക്കാൻ ഇരുന്ന എന്നെ അത് വേണ്ടാന്ന് പറഞ്ഞ് വിലക്കിയത്.. 


"...... ഇപ്പോൾ പറയുന്നത് കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്ന് എനിക്ക് നന്നായി അറിയാം എന്നാലും ഇതിപ്പോൾ പറഞ്ഞില്ലേൽ.... "
ഇത്രയും പറഞ്ഞ് കഴിഞ്ഞ് അവൻ ഒന്നു ചുമച്ചു, നിലത്തേക്ക് തെറിച്ച ഉമിനീരിനു ചുവപ്പ് നിറമായിരുന്നു...


"കണ്ണാ എന്റെ നാളുകൾ എണ്ണപ്പെട്ടെടാ, ഞാൻ ഇനി അധിക കാലം ഇവിടെ ഈ ഭൂമിയിൽ നിങ്ങൾക്കൊപ്പം ഉണ്ടാവില്ല, അതിനു മുൻപ് എനിക്ക് ഈ കാര്യം നിന്നോട് ഏറ്റ് പറഞ്ഞ് മാപ്പ് ചോദിക്കണം......."


ഏയ് നിനക്കൊന്നുമില്ല, നീയ് എന്താ ഭ്രാന്ത് പറയാണോ? എന്താ നീ ഇങ്ങിനെയൊക്കെ, പഴയ കാര്യങ്ങളൊക്കെ ഓർത്ത് എന്തിനാ വെറുതേ, എന്താ നിന്റെ പ്രശ്നം? എന്താ നിന്റെ അസുഖം?!


"കണ്ണാ.. നീ എന്നോട് ക്ഷമിക്കെടാ, അന്ന് എനിക്ക് അങ്ങിനെയൊക്കെ കാണിക്കേണ്ടി വന്നത് എന്റെ  സ്വാർത്ഥത കൊണ്ടാ, അന്നൊരിക്കൽ രശ്മി നിനക്ക് തരാൻ വേണ്ടി ഡേറ്റാ സ്റ്റ്രച്ചറിന്റെ പുസ്തകം എന്റെ കയ്യിൽ തന്നിരുന്നു, നിന്റെ കയ്യിൽ നേരിട്ട് തരാൻ വേണ്ടിയാണ് ലൈബ്രറിയുടെ വാതിലിൽ അവൾ കാത്ത് നിന്നിരുന്നത്, നീ എവിടെയെന്ന്  എന്നോട് അന്വേഷിച്ചപ്പോൾ, അവളൂടെ കയ്യിലുള്ള ടെക്സ്റ്റ് നിനക്ക് തരാനുള്ളതാണെന്ന് അറിഞ്ഞപ്പോൾ, അത് ഞാൻ നിന്നെ ഏൽപ്പിച്ചു കൊള്ളാം എന്ന് പറഞ്ഞ് അവളുടെ കയ്യിൽ നിന്നും നിർബന്ധിച്ച് വാങ്ങിയത് ഞാനാ., പക്ഷേ ആ ടെസ്റ്റ് അന്ന് നിന്നെ  ഏൽപ്പിക്കാൻ ഞാൻ മറന്നു പോയിരുന്നു, വീട്ടിലെത്തി ബാഗ് തുറന്നപ്പോളാണ് അത് മനസ്സിലാക്കുന്നത്.. എന്തോ കാര്യത്തിനു ബാഗ് വീണ്ടുമെടുത്തപ്പോൾ ആ ടെക്സ്റ്റിൽ നിന്നും എനിക്ക് ഒരു കുറിപ്പ് കിട്ടി, രശ്മി നിനക്കായി എഴുതിയത്.ഇതാ.."
അവന്റെ പേഴ്സ് തുറന്ന് അതിൽനിന്നും പഴകിയ ഒരു കടലാസ്സ് അവനെനിക്ക് തന്നു, അതിൽ മനോഹരമായ കൈപ്പടയിൽ ഇങ്ങിനെ എഴുതിയിരുന്നു


kanna,
I feel, you are something, extra than a friend... :-)
i know you too feels like that?!isnt it?, but why you are so afraid to say that?
എന്റെ പുറകേ 80's നായകന്മാർ നടക്കുന്നത് പോലെയൊന്നും ഇയാൾ നടക്കണ്ടാ, പറഞ്ഞേക്കാം


എന്നായിരുന്നു അതിൽ!!"


വിശാൽ തുടർന്നു
"രശ്മി നിനക്കായ് എഴുതിയ ഈ കുറിപ്പ് നിനക്ക് തന്നില്ല ഞാൻ, പക്ഷേ കളയാനും തോന്നിയില്ല,  നീ നിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും എല്ലാം എന്നെ അറിയിച്ചിരുന്നു,അത് പോലെ ഞാനും.. ഒരിക്കൽ എനിക്ക് ഇഷ്ടം തോന്നിയ ഒരു പെണ്ണിന്റെ കാര്യം നിന്നോട് പറയാൻ വന്ന അതേ സമയത്ത് തന്നെയായിരുന്നു നീ രശ്മിയോട് നിനക്കുള്ള ഇഷ്ടം എന്നോട് പറയുന്നതും, നിന്റെ കാര്യം പറഞ്ഞ് കഴിഞ്ഞ് എന്താണ് എനിക്ക് പറയാനുള്ളത് എന്ന് നീ തിരക്കി, അപ്പോൾ ഞാൻ മറ്റെന്തോ പറഞ്ഞ് ഒഴിഞ്ഞു...അത് അത് മറ്റൊന്നുമല്ല.. എനിക്കും നീ ഇഷ്ടപ്പെട്ട അതേ പെണ്ണിനെ,രശ്മിയെ ഇഷ്ടമായിരുന്നു എന്നതാ..."


അവന്റെ മറുപടിയും രശ്മിയുടെ കുറിപ്പും എന്നെ സ്ത്ബ്ധനാക്കിക്കളഞ്ഞു.. മറന്നു തുടങ്ങിയ ഒരധ്യായം, വൺ വേ ലവ് എന്ന് കരുതി സമാധാനിച്ചിരുന്ന ആ സംഭവത്തിനു ഇങ്ങിനെ ഒരു വശം കൂടി ഉണ്ടെന്ന് അറിഞ്ഞപ്പോൾ...............


"ബ്ലോഗിലെ ആ പോസ്റ്റിൽ ,അവൾക്ക് നീ പ്രോജക്റ്റിന്റെ കോഡ് തയ്യാറാക്കി കൊടുത്ത സി ഡിയിൽ ഒരു പ്രണയലേഖനവും ഉൾപ്പെടുത്തിയിരുന്ന കാര്യം  പറയുന്നുണ്ടല്ലോ.. ആ സി ഡിയിൽ ആ കത്ത് ഉണ്ടായിരുന്നില്ല!  സി ഡിയിൽ നിന്നും നിന്റെ പ്രണയലേഖനം ഞാൻ റിമൂവ് ചെയ്തിരുന്നു,അവളുടെ കയ്യിലെത്തും മുൻപ് ...


എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... 
ഞാൻ അവന്റെ അടുത്ത് നിന്നും വളരെപ്പെട്ടെന്ന് തന്നെ എഴുന്നേറ്റ് കടലിലേക്ക് നടന്നു , പിറകിൽ അവന്റെ ചുമയും വിതുമ്പലിൽ കുതിർന്ന മാപ്പ് പറച്ചിലും കേൾക്കാമായിരുന്നു....


[NB: ട്വിസ്റ്റ് എങ്ങിനുണ്ട്? കഥയുടെ ആദ്യഭാഗം ഇവിടെ ]

Saturday, August 27, 2011

ഹാപ്പി ഡേയ്സ്(I)


"ഇത് വിനോദിന്റെ സ്ഥലാ നീ മാറിയിരിക്ക്"
ഈ വാചകം കേട്ടാൽ എന്തായിരിക്കും പെട്ടെന്ന് തോന്നുക??!!! ഒന്നാം ക്ലാസ്സിലോ മറ്റോ ഒരു പയ്യൻ മറ്റൊരാളോട് പറയുന്നതായിരിക്കും എന്നല്ലേ.. എന്നാൽ സംഗതി അതല്ല, എഞ്ജിനീയറിങ്ങിന്റെ രണ്ടാം വർഷം ഒരുവൻ എന്നോട് പറഞ്ഞതാണ്.. its none other than our ഡെക്സ്റ്റർ!!!.. വിശാലമായ ആ കോളേജിലേക്ക് ഞാനെത്തിയത് രണ്ടാം വർഷമായിരുന്നു(ഉറുദുവിൽ ലാറ്ററൽ എന്റി എന്ന് പറയും).  വലിയ ആഗ്രഹങ്ങളോടും ആശകളോടും കാലെടുത്തു വെച്ച ആദ്യ ദിവസം തന്നെ ഞാൻ കേട്ടത് ഈ വാചകം ആയിരുന്നു. ഒരു നിമിഷം ചിന്തിച്ചു പോയി , കോളേജെന്ന് കരുതി സ്കൂളിലാണോ ഞാനെത്തിയത്?!! അടുത്ത് തന്നെ ഈ മാനേജ്മെന്റ് നടത്തുന്ന സെന്റ്രൽ സ്കൂൾ ഉണ്ടേ. ഏയ് തെറ്റിയിട്ടില്ല കമ്പ്യൂട്ടർ സയൻസ് സെമെസ്റ്റർ 3rd തന്നെ എഞ്ജിനീയറിങ്ങ് തന്നെ, തെറ്റിയിട്ടില്ല..
എന്തായാലും ആ ചെക്കനെ അന്നു തന്നെ ഞാൻ മാർക്ക് ചെയ്തു. ഇന്റർവെൽ റ്റൈം ആയപ്പോൾ ലവനോട് ഞാൻ പേരു ചോദിച്ചു, 
"ഡെക്സ്റ്റർ ആന്റണീ നൊറോൺഹ" 
എന്റമ്മേ പേരു ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.. അവന്റെ ആദ്യ ഡയലോഗും ഭാവവും ഒക്കെ കണ്ടപ്പോൾ ആളു നമുക്കൊരു പ്രശ്നമാകുമെന്ന് തോന്നിയിരുന്നു, പിന്നീട് അടുത്ത് ഇടപഴകിയപ്പോൾ ലവൻ ഒരു പാവത്താനാന്ന് മനസ്സിലായി. പെട്ടെന്ന് തന്നെ ഇവൻ എന്റെ അടുത്ത കൂട്ടുകാരനായി മാറി. ഒരു കൊച്ചു കുഞ്ഞിന്റെ മനസ്സായിരുന്നു അവനു, ചീത്ത പറയാത്ത, X റേറ്റഡ് ഐറ്റംസ് കാണാത്ത, കള്ള് കുടിക്കാത്ത, പുകവലിക്കാത്ത, പെൺകുട്ടികളെ മറ്റുദ്ദേശത്തോടെ നോക്കാത്ത കമന്റടിക്കാത്ത, ലവനെ എനിക്കും വല്ലാതെ പിടിച്ചു ( ഞാനും ബേസിക്കലി അങ്ങിനെയൊക്കെയാണല്ലോ,യേത്!! ). ലവൻ ഒരു സകല കലാ പ്രതിഭയാണു കേട്ടോ, കീ ബോർഡ്, വയലിൻ, ഗിത്താർ, പാട്ട്, ചിത്ര രചന, ഡാൻസ് എന്ന് വേണ്ടാ എല്ലായിടത്തും അവന്റെ കയ്യുണ്ടാകും. Exams ആയാൽപ്പിന്നെ ഞങ്ങൾ മൂന്ന് നാലു പേർ അവന്റെ വീട്ടിലാണ്, കംബൈൻഡ് സ്റ്റഡി എന്ന ഓമനപ്പേരിൽ അവിടങ്ങനെ കൂടും, അവന്റെ മമ്മി ഞങ്ങളുടെ കൂടെ മമ്മിയാകും..വിഭവ സമൃദ്ധമായ ആഹാരം കഴിച്ച് ഞങ്ങൾ അവിടെക്കൂടും.. ഇപ്പോൾ അതൊക്കെ ആലോചിക്കുമ്പോൾ..ഹം.... കഴിഞ്ഞ് പോയതൊന്നും തിരിച്ച് കിട്ടില്ലാലോ...  
കോളേജ് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസങ്ങളാണ് ഞങ്ങളുടെ കംബൈൻഡ് സ്റ്റഡി ഡേയ്സ്, ഒരക്ഷരം പഠിക്കുകയുമില്ല, എവിടെയെങ്കിലുമിരുന്ന് പഠിക്കുന്നവരെ പഠിപ്പിക്കുകയുമില്ല, അതായിരുന്നു ഞങ്ങളുടെ കൂട്ടപ്പഠിത്തം, ഞാനും സഞ്ജിത്തും ഡെക്സ്റ്ററും ഉണ്ടാവും എല്ലാ സെമറ്ററിലെ കമ്പൈൻഡ് സ്റ്റഡിക്കും, ചില അവസരങ്ങളിൽ ബിജൊയ് യും വിനീതും വിനോദും ഉണ്ടാവും.. എനിക്കന്ന് മൊബൈൽ ഉണ്ടായിരുന്നില്ല, സഞ്ജിത്തിന്റെ കയ്യിൽ അതേ ഉണ്ടായിരുന്നുള്ളൂ,കുറേ സിമ്മും കാണും, എല്ലാ സിമ്മിലും എന്തെങ്കിലും ഓഫറും ഉണ്ടാവും.. പാതിരാത്രി ആകുന്നത് വരെ ഞങ്ങൾ മൂന്ന് പേരും ഹൈവേയിലൂടെ അങ്ങിനെ നടക്കും, ചിലപ്പോൾ നടത്തം കൃഷ്ണപുരം കൊട്ടാരം വരെ നീളും.. രാത്രി ഒരു മണിയൊക്കെ ആകുമ്പോൾ വീട്ടിൽ തിരികെയെത്തും, ഓർക്കണം നാളെ പരീക്ഷയാണ്, ഒരക്ഷരം പഠിച്ചിട്ടില്ല ഇതേ വരെ.. പിന്നാണ് കലാപരിപാടി. ഫോൺ എടുത്ത് പഠിക്കാൻ മിടുക്കികളായ പെൺകുട്ടികളിലൊന്നിനെ വിളിക്കും, ലൗഡ് സ്പീക്കറിൽ ഫോൺ വെച്ചതിനു ശേഷം ഞങ്ങൾ മൂന്നും അതിനടുത്തായി കിടക്കും, മറു സൈഡിൽ ആ പെൺകൊച്ച് പഠിക്കുന്നത് ഞങ്ങളും കേൾക്കും, അടുത്ത ദിവസത്തെ exam നു 40 മാർക്ക് വാങ്ങാൻ അത് ധാരാളമാണ്..


[NB: ഹാപ്പി ഡേയ്സ്.. ഹാപ്പി ഡേയ്സ്........ ഓരോ കുഞ്ഞ് സംഭവങ്ങളും പിറകേ വരും..കാത്തിരിക്കുക ഹും.. ഞാൻ പിണങ്ങി :-( ഇതിവിടെ വെച്ച് നിർത്തി..]

Related Posts Plugin for WordPress, Blogger...