Sunday, July 10, 2011

ഓർമ്മകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം..


"ഡാ ഒരു കാര്യം പറഞ്ഞാൽ വിഷമിക്കരുത്". 
ഇല്ല നീ പറഞ്ഞോ. 
"നിന്നെ ഇപ്പോൾ അവർ ഓർക്കുന്നുണ്ടാവുമോ എന്നു പോലും എനിക്ക് സംശയമുണ്ട്."
 പ്രജിത്തിന്റെ മറുപടി കേട്ട് കുറച്ച് നേരം ഞാൻ മിണ്ടാതെ നിന്നു.

മനസ്സ് പത്ത് പതിനെട്ട് വർഷങ്ങൾ പുറകിലേക്ക് സഞ്ചരിച്ചു. ഒന്നാം ക്ലാസ്സ് മുതൽ ആറാം ക്ലാസ്സ് വരെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരായിരുന്നു ജിജോയും പ്രജിത്തും ബിപിനും ലിജുവുമൊക്കെ. ഇതിൽ പ്രജിത്ത് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നു. ഇപ്പോഴും ചെറുതായെങ്കിലും അടുപ്പമുള്ളവനും അവൻ മാത്രം... ഈ കൂട്ടത്തിലുള്ള ജിജോ ഭയങ്കര പഠിപ്പിസ്റ്റായിരുന്നു, 50 ഇൽ 50 കിട്ടാത്ത ഒരു വിഷയം പോലും അവനില്ല.. ബാക്കി ഉള്ളവൻ എത്ര തലകുത്തി നിന്ന് പഠിച്ചിട്ടും 49, 48 മാത്രം(ഉവ്വ.. ഹി ഹി). മാർക്ക് വാങ്ങിക്കുന്ന കാര്യത്തിൽ അവനോട് ഭയങ്കര അശൂസ ചേ അസൂസ ഹോ അസൂയ.. ഹാ കിട്ടി! ഉണ്ടെങ്കിലും എനിക്ക് അവനെ ഭയങ്കര ഇഷ്ടമായിരുന്നു,ഇപ്പോഴും.. ആള്  ഒരു പക്കാ സുന്ദര തൊട്ടാവാടി നിഷ്കളങ്കനായിരുന്നു അന്ന്, ഇപ്പോ എന്തരോ  എന്തോ.... എന്നെപ്പോലെ നിഷ്കളങ്കനാണെങ്കി അവനു കൊള്ളാം(ആരാ അവിടെ ആക്കി ചുമച്ചത്?? വേണ്ടാട്ടോ...).

ഒരിക്കൽ അഞ്ചാം ക്ലാസ്സിൽ വെച്ച്, 
അവനായിരുന്നു ക്ലാസ്സ് ലീഡർ.. വെള്ളിയാഴ്ചകളിൽ അവസാന പീരീഡ് പാട്ടും ഡാൻസും മറ്റുമൊക്കെ അവതരിപ്പിക്കാറുണ്ടായിരുന്നു ഞങ്ങൾ. ഓരോന്നിലും പാർട്ടിസിപ്പേറ്റ് ചെയ്യുന്ന അംഗങ്ങളുടെ പേർ ലീഡറിന്റെ കയ്യിലുണ്ടാവും. അവൻ അത് മേശയുടെ അടുത്ത് പോയി നിന്ന് വായിക്കും, ഓരോരുത്തരെയായി പേർ വിളിക്കും, അവർ വന്ന് പാട്ടോ ഡാൻസോ എന്താന്ന് വെച്ചാ അവതരിപ്പിച്ചേച്ചും പോകും.. എല്ലാ വെള്ളിയാഴ്ചയും ഞാൻ പാട്ട് പാടാറുണ്ടായിരുന്നു.. 
"അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത്..." 
ഇതായിരുന്നു എന്റെ സ്ഥിരം ഗാനം.. എന്തോ എന്റെ പേർ എപ്പോഴും അവസാനമേ വിളിക്കാറുണ്ടായിരുന്നുള്ളൂ, ഒരു പക്ഷേ പരിപാടി തീർന്നു എന്ന് പ്രത്യേകം ഒരറിയിപ്പ് കൊടുക്കേണ്ടി വരില്ല എന്നതിനാലും ആവാം(ഏയ് അങ്ങിനെയാവാൻ വഴിയുണ്ടോ??!! ഏയ്...ഉണ്ടോ, ഏയ്!!!.)
അപ്പോൾ അന്നും പതിവു പോലെ പരിപാടി ആരംഭിച്ചു, ജിജോ ഓരോരുത്തരെയായി പേർ വിളീക്കാൻ തുടങ്ങി,  നാലാമത്തെയാളെ വിളിച്ചപ്പോൾ അവന്റെ ശബ്ദം ഇടറി, കണ്ണ് നിറഞ്ഞു, ഇവനിതെന്ത് പറ്റി എന്ന് ചിന്തിക്കുമ്പോഴേക്കും ഉത്തരം കിട്ടിയിരുന്നു, അവനിട്ട നിക്കറും പരിസര പ്രദേശങ്ങളും ആകെ നനച്ചു കൊണ്ട് അവൻ പബ്ലിക്കായി മുള്ളിയിരിക്കുന്നു... 

വർഷങ്ങൾക്കിപ്പുറം എല്ലാവരേയും ഒന്നു കൂടി കാണാനും പഴയ ഇത്തരം തമാശകൾ വീണ്ടും ഓർത്തെടുത്ത് ചിരിക്കാനും ഒക്കെ വേണ്ടിയാണ് ഞാൻ അതേ സ്ഥലത്ത് വീണ്ടും ചെന്നത്, വളരെ ബുദ്ധുമുട്ടില്ലാതെ തന്നെ പ്രജിത്തിനെ കണ്ടെടുത്തു, അവൻ വല്ലാതെ മാറിപ്പോയിരുന്നു, രൂപത്തിലും സ്വാഭാവത്തിലും.. എല്ലാവരേയും വീണ്ടും കാണണം  എന്നൊക്കെയുള്ള എന്റെ ആഗ്രഹം പറഞ്ഞപ്പോൾ അവൻ പറഞ്ഞതാണ് " ഡാ ഒരു കാര്യം പറഞ്ഞാൽ വിഷമിക്കരുത് നിന്നെ ഇപ്പോൾ അവർ ഓർക്കുന്നുണ്ടാവുമോ എന്നു പോലും എനിക്ക് സംശയമുണ്ട്."

[NB: പഴയ ആളുകളെ  പുതിയ രൂപത്തിൽ കാണണ്ടാ എന്നാണ്  ഇപ്പോൾ ചിന്തിക്കുന്നത്, ആ പഴയ മുഖങ്ങൾ ഒരുപാട് നിഷ്കളങ്കങ്ങൾ ആണ്, അവയിപ്പോഴും എന്റെ കണ്മുന്നിൽ ഉണ്ട്, അത് മതി...]

Related Posts:

ആദ്യമായി നടത്തിയ ഒരു മോഷണം

Sunday, June 26, 2011

സൂര്യകാന്തി


സായം സന്ധ്യയിൽ,
ഇളം ചുവപ്പു വ്യാപിച്ച മാനത്ത്നിന്നും
നീല സാഗരത്തിന്റെ അഗാധതയിലേക്ക് ഊളിയിടുന്ന,
നാളെ പൂർവ്വാധികം ശക്തിയോടെ
തിരികെയെത്തുമെന്ന് ഉറപ്പ് തരുന്ന, 
വാക്ക് പാലിക്കുന്ന,
മഹാനക്ഷത്രമേ
പോയ് വരിക......
നിന്നെയും കാത്ത് ഞാനിവിടെയുണ്ടാകും..
നാളെ,നിന്നിലെ ആദ്യ കിരണമേറ്റ്  ഉറക്കമുണരാൻ..
പണ്ട്(ഇനിയും) ചൂട് രശ്മികൾ എന്നിൽപ്പതിഞ്ഞപ്പോൾ പിണങ്ങിയിട്ടുണ്ടാകാം..
വാടിയിട്ടുണ്ടാകാം,
അത് നീ മറക്കുക..
നിന്റെ രശ്മികൾ (ചിലപ്പോൾ)ചുട്ടുപൊള്ളിക്കുമെങ്കിലും
അതിലുഷ്ണിക്കാൻ,വേദനിക്കാൻ ഏറെയിഷ്ടം!!
പുലരിയിലും സായാഹ്നത്തിലും 
ആലിംഗനം ചെയ്യുന്ന തണുത്ത കിരണങ്ങൾ
തരുന്ന സുഖമുണ്ടല്ലോ ആ ഉഷ്ണം മറക്കാൻ....

Monday, June 06, 2011

കവിത!!


ഒരു കവിത എഴുതാന്‍ മോഹമായ് !!!
അതിനു നിനക്ക് കവിത എന്തെന്ന് അറിയോ?
ഇല്ല അറിയില്ല ..
കവിത എന്തെന്ന്‍ അറിയാതെ എങ്ങിനെ
നീ കവിത ഏഴുതും ?

അതൊക്കെ ഞാനെഴുതും..
'കവിതയുടെ സൌന്ദര്യം' എന്ന വിഷയത്തില്‍ ഒരു
കവിത എഴുതിയാലോ??
നിനക്ക് കവിത എന്താന്നേ അറിയില്ല പിന്നെ
എങ്ങിനെ നീ കവിതയെപ്പറ്റി കവിതയെഴുതും?
എന്നാലും ഞാന്‍ 'കവിത'യെപ്പറ്റി ഏഴുതും .
കവിതയുടെ ആ സൗന്ദര്യം, കവിതയുടെ ആ
മൊഴിമുത്തുകൾ, കവിതയുടെ അനുരാഗത്തോടെയുള്ള 
ആ നോട്ടം,ആ അന്നനട!!
കവിതക്കെവിടുന്നാടാ അന്നനട??!!
ഞാൻ എഴുതാൻ പോകുന്ന കവിതക്ക് അതൊക്കെയുണ്ട്.
ആ വെളുത്തു കൊലുന്നനെ ഉള്ള കവിത;കേശവേട്ടന്റെ മോളാ...

നീ നന്നാവൂല...!!

[NB:തല്ലരുത്! കണ്ണുരുട്ടി പേടിപ്പിച്ചാ മതി]

Sunday, May 29, 2011

ഒരു ചെറിയ ആനക്കഥ!

  ഏവൂർ കണ്ണൻ

വീടിനടുത്തുള്ള ദേവീക്ഷേത്രത്തിൽ ഉത്സവമായിരുന്നു കുറച്ചുനാൾ മുൻപ്, ഏവൂർ അമ്പലത്തിലെ കണ്ണൻ എന്ന ആനയുമുണ്ടായിരുന്നു എഴുന്നള്ളത്തിനും മറ്റും. അമ്പലപ്പറമ്പിൽ എല്ലാ ആനകളേയും ഒരുമിച്ചു തളക്കാൻ സൗകര്യമുണ്ടായിരുന്നിട്ടും എന്ത് കൊണ്ടോ കണ്ണനെ എന്റെ വീട്ടിന്റെ പറമ്പിലായിരുന്നു തളച്ചിരുന്നത്. എട്ടാം ഉത്സവത്തിന്റെ അന്ന് കണ്ണൻ ചില അനുസരണക്കേടുകൾ കാട്ടിത്തുടങ്ങി, അപ്പോഴെ എല്ലാവർക്കും മനസ്സിലായി അവൻ മദപ്പാടിലാണെന്ന്, എന്തായാലും കൂടുതൽ പ്രശ്നങ്ങളുണ്ടാകുന്നതിനു മുൻപേ തന്നെ അവനെ വീട്ടിൽ കൊണ്ട് തളച്ചു. ഞാൻ ഈ കുറിപ്പ് എഴുതുന്നത് അവന്റെ മുന്നിൽ ഇരുന്നാണ്, ഒടുക്കത്തെ സ്നേഹമാണ് ഞങ്ങളോട് അവനു, ഒരു നാരങ്ങാ മിട്ടായി ആണെങ്കിൽ പോലും അവനു വേണം, കൊതിയൻ... പാപ്പാൻ മാരോടും അവനു ഒടുക്കത്തെ സ്നേഹമാണ്. സ്നേഹത്തിന്റെ അടയാളമായി ഓലയുടെ മടലും മറ്റ് കമ്പുകളുമൊക്കെ അവിടവിടയായി ചിതറിക്കിടപ്പുണ്ട്(മനസ്സിലായില്ല അല്ലേ, പാപ്പാൻ മാർ അവന്റെ കണ്ണിൽപ്പെട്ടാൽ മടലെടുത്ത് എറിഞ്ഞാണ് അവൻ സ്നേഹം പ്രകടിപ്പിക്കുക.. ഹി ഹി).


കണ്ണനെ ഇങ്ങിനെ നോക്കി ഇരുന്നപ്പോഴാണ് പഴയകാല ഒരു അനുഭവം മനസ്സിലെത്തിയത്. എന്റെ വളരെച്ചെറിയ പ്രായം; ഞങ്ങളുടെ ഗ്രാമദേവതയുടെ അമ്പലത്തിൽ ഉത്സവം നടക്കുകയാണ്. ആ ദിവസങ്ങളിലൊന്നിൽ അച്ഛനും അമ്മയും ഞാനും(ആ സമയത്ത് അനിയനെപ്പറ്റി ഇരുവരും ചിന്തിച്ച് തുടങ്ങിയുട്ടുണ്ടാവില്ല!!) കൂടി നാടകം കാണാൻ അമ്പലത്തിൽ എത്തി. ഏതോ ബാലേ ആണ്, നാടകം തുടങ്ങി കുറച്ചായപ്പോഴെ ഞാൻ അമ്മയുടെ കയ്യിലിരുന്നു ഉറങ്ങാൻ തുടങ്ങി, എന്നിരുന്നാലും ദുര്യോധനന്റേം ഭീമന്റേം ഒക്കെ "ബു ഹ ഹ ഹ ഹ"  അട്ടഹാസങ്ങൾ ഉറക്കം ഭംഗപ്പെടുത്തുന്നുമുണ്ടായിരുന്നു.


സ്റ്റേജിന്റെ സമീപത്ത് ഒരു ആനയെ തളച്ചിട്ടുണ്ടായിരുന്നു, അവൻ അവിടെ സ്വസ്ഥമായി നിന്ന് ഓലയും കൊറിച്ചു കൊണ്ട് നിക്കുകയായിരുന്നു, പെട്ടെന്നാണ് രംഗം വഷളായത്, ഏതോ ഒരുവൻ ആനയുടെ വാലിൽ പിടിച്ചുവലിക്കുകയോ ബീഡിക്കുറ്റി അതിന്റെ ദേഹത്തേക്ക് വലിച്ചെറിയുകയോ ചെയ്തു, ആന ഒന്നു ഛിന്നം വിളിച്ചു, അത് കേട്ട് ആന വിരണ്ടു എന്ന് എല്ലാവരും കരുതി..
"ആന വിരണ്ടേ, ഓടിക്കോ!!!"
ആളുകൾ നാലുപാടും ഓടാൻ തുടങ്ങി. ഇനി അച്ഛന്റെ വാക്കുകൾ കടമെടുത്ത് പറയുകയാണേൽ..
"ഡാ നിന്റെ ഈ സ്നേഹനിധിയായ അമ്മയുണ്ടല്ലോ, ഇവൾ നിന്നേയും എന്റെ മടിയിലേക്ക് എറിഞ്ഞിട്ട് ഒറ്റയോട്ടമായിരുന്നു.. ഞാനും ഓടാനായി എഴുന്നേറ്റതാ, പക്ഷേ എന്റെ ഡബിൾ മുണ്ട് എനിക്കൊപ്പം എഴുന്നേറ്റില്ല.."
എന്തായാലും ആന വിരണ്ടതല്ല എന്ന് കുറച്ച് കഴിഞ്ഞപ്പോൾ എല്ലാവർക്കും മനസ്സിലായി..  പക്ഷേ അപ്പോഴെക്കും കുളത്തിൽ ചാടാൻ യോഗമുണ്ടായിരുന്നവർ അങ്ങിനേയും തെങ്ങിലും മാവിലും പേരറിയാത്ത മറ്റ് മരങ്ങളിലും കേറാൻ യോഗമുള്ളവർ അത്തരത്തിലും ചെയ്ത് കഴിഞ്ഞിരുന്നു..
"യ്യോ ഏട്ടനും മോനും ഒന്നും സംഭവച്ചില്ലല്ലോ ല്ലേ!!??"
അമ്മയുടെ ആ ചോദ്യത്തിനു ,ആ പ്രായത്തിൽ മനസ്സിലാക്കാൻ സാധിക്കാത്ത ഏതോ സംസ്കൃത ശ്ലോകം മറുപടിയായി അച്ഛൻ പറഞ്ഞതായാണ് എന്റെ ഓർമ്മ.

[NB: പിന്നെ ഇന്നേ വരെ അമ്പലപ്പറമ്പുകളിലെ രാത്രി പ്രോഗ്രാംസിനു ഞങ്ങൾ ഒരുമിച്ച് പോയിട്ടേയില്ല]

Friday, April 29, 2011

താരോദയം!!

കുറച്ചു നാളായി ലവന്മാരെ പറ്റി നാലെഴുതണമെന്ന് കരുതുന്നു, ഇപ്പോൾ അതിനു പറ്റിയ സമയമായതു കൊണ്ട് വെച്ച് നീട്ടുന്നില്ല.
ആരും പേടിക്കണ്ടാട്ടൊ, എന്റെ മൂന്ന് നാലു അനിയന്മാരെ പറ്റി നല്ല നാലു വാക്കുകൾ പറയാൻ പോവുകയാണ് എന്നാണ് ഉദ്ദേശിച്ചത് . ഞാൻ എഞിനീയറിങ്ങിനു പഠിച്ചത് ആലപ്പുഴ ജില്ലയിലെ ശ്രീ ബുദ്ധ കോളേജ് ഓഫ് എഞിനീയറിങ്ങിലാണ്, അവിടെ എനിക്ക്, കലയിലും സിനിമയിലും ഷോർട്ട് ഫിലിമിലും ഫോട്ടോഗ്രാഫിയിലും വെബ് ഡിസൈനിങ്ങിലുമൊക്കെ അപാര കമ്പവും കഴിവുമുള്ള മൂന്നു നാലു ജൂനിയർ പിള്ളാരെ കിട്ടി. മഹേഷ്, പ്രഫുൽ, ജിതിൻ, നിരഞ്ജൻ, അൻഷാദ്, രഞ്ജിത്ത് ഗോപാലകൃഷ്ണൻ, പ്രശാന്ത് ജേക്കബ് കോശി, വിപിൻ ജോൺ വിൽസൺ, കൃഷ്ണകുമാർ, ജയദേവ്, മന്മോഹൻ തുടങ്ങിയവർ.. കോളേജിൽ വെച്ചു തന്നെ ഇവർ പല കോമ്പറ്റീഷനുകളിൽ പങ്കെടുകുകയും,പങ്കെടുത്ത ഇടങ്ങളിലെല്ലാം  ഒന്നാം സമ്മാനം അല്ലെങ്കിൽ അതിനടുത്ത സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിരുന്നു.. ആദ്യ കാലങ്ങളിൽ ഒന്നും ഇവരെ ശ്രദ്ധിക്കാൻ ആരും ഉണ്ടായിരുന്നില്ല. അങ്ങിനെയിരിക്കെ എല്ലാവരാലും ശ്രദ്ധിക്കപ്പെട്ട ഒരു സൃഷ്ടി ഇവരിൽ നിന്നും ഉണ്ടായി; ഒരു ഷോർട് ഫിലിം, Relations എന്നായിരുന്നു ആ കുഞ്ഞു സിനിമക്ക് അവരിട്ട പേർ.. മനോഹരമായ ഒരു ദൃശ്യാനുഭവമായിരുന്നു അത്. ഒരു നല്ല കൂട്ടുകാരനാൽ ഒരുവനുണ്ടാകുന്ന നല്ല മാറ്റങ്ങൾ,ബന്ധങ്ങളുടെ തീവ്രത ഒരുവനിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ, വരച്ചിട്ടിരിക്കുന്നു ഇതിൽ. നിങ്ങൾക്ക് വേണ്ടി ഇവിടെ ചേർക്കുന്നു. 
അമൽ ജ്യോതി എഞിനീയറിങ്ങ് കോളെജിൽ നടത്തിയ ഷോർട് ഫിലിം മത്സരത്തിൽ ഇതിനു ഒന്നാം സമ്മാനം കിട്ടി, പിന്നീട് കേരളാ ചലച്ചിത്ര അക്കാഡമി നടത്തിയ മൂന്നാമത് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ കാമ്പസ് സിനിമ എന്ന വിഭാഗത്തിൽ ഈ ഫിലിം പ്രദർശിപ്പിക്കപ്പെട്ടു.

ഈ ഷോർട്ട് ഫിലിമോടെ കൂടി എല്ലാരും ഇവരെ കൂടി ശ്രദ്ധിക്കാൻ തുടങ്ങി. അടുത്തത് എപ്പോൾ എങ്ങിനെ എന്ന് എല്ലാവരും ചോദിക്കാനും തുടങ്ങി, ഏറെ നാൾ കാത്തിരിക്കേണ്ടി വന്നില്ല അടുത്തത്;മറ്റൊരു കിടിലൻ ഐറ്റം(ഓർക്കണം സിനിമയെ തിയേറ്ററിൽ കണ്ടതല്ലാതെ ഈ ടീമിൽ ഒരുത്തനു പോലും സിനിമയുമായി ഒരു ബന്ധവും ഇല്ല,അപ്പോൾ ഇതൊക്കെ കിടിലം സംഭവങ്ങൾ തന്നെയാ) ഇറങ്ങി, അതിലെ ആ ക്ലൈമാക്സ് എഡിറ്റിങ്ങ് ഒക്കെ ഒന്നു കണ്ട് നോക്കണം. രണ്ടാമത്തെ ഷോർട്ട് ഫിലിമിന്റെ പേർ 'ഓർമ്മകളിൽ'. വളരെ നാളുകൾക്ക് ശേഷം കാമ്പസ്സിൽ തിരികെയെത്തുന്ന ഒരാളുടെ മനസ്സായിരുന്നു ആ ഫിലിം.ഒന്ന് കണ്ട് നോക്കൂ
ഇതിനു കാലടിയിലെ ആദി ശങ്കരാ കോളേജിൽ നടത്തിയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഒന്നാം സമ്മാനം കിട്ടി.

അപ്പോൾ ഇനി കാര്യത്തിലേക്ക് കടക്കാം, ഇവരുടെ മൂന്നാമത് ഷോർട്ട് ഫിലിമിന്റെ പ്രദർശനം ഉണ്ട് ഈ വരുന്ന ഞായറാഴ്ച, പേർ "നൂലില്ലാപട്ടം/Noolillapattam". മഴസംഗീത ഗ്രാമം സംഘടിപ്പിക്കുന്ന ഹ്രസ്വചിത്രങ്ങളുടെ പ്രദർശനത്തിൽ ഇവരുടെ ചിത്രവും പ്രദർശിപ്പിക്കുന്നു.ആലപ്പുഴ ജില്ലയിലെ ചാരുമ്മൂട് എന്ന സ്ഥലത്തെ മജെസ്റ്റിക്ക് ഓഡിറ്റോറിയത്തിലാണ് പ്രദർശനം നടത്തുന്നത്. 
ഇതാ അതിന്റെ ട്രെയിലർ. കണ്ട് നോക്കൂ.
ഈ ഷോർട്ട് ഫിലിമുകൾ എല്ലാം സംവിധാനം ചെയ്തതും തിരക്കഥയെഴുതിയതും എന്റെ പ്രീയപ്പെട്ട അനിയൻ മഹേഷ് ആണ്. അവന്റേയും അവന്റെ ടീമിന്റേയും ഈ കലാസൃഷ്ടി ആസ്വദിക്കാൻ നിങ്ങളേവരേയും ഹാർദ്ദവമായി ക്ഷണിച്ചു കൊള്ളുന്നു. ഈ ഷോർട്ട് ഫിലിമിന്റെ പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ചവരുടെ പേരു വിവരം താഴെ
പ്രദർശനശാലയിലേക്കൂള്ള വഴി മാപ്പ് രൂപത്തിൽ 

[NB:  എല്ലാവരും വരണം കേട്ടോ.. കാണുക, പ്രോത്സാഹിപ്പിക്കുക]

update:
 ഷോർട്ട് ഫിലിം റിലീസായി..

Related Posts Plugin for WordPress, Blogger...