Thursday, December 16, 2010

കിണ്ടാണ്ടം കണ്ടു കാണുമോ?? ഏയ്‌..!!!

നി ഒരു പഴയ സ്കൂള്‍ അനുഭവം ആവാം.ഇത് വെറും അനുഭവം അല്ല ഒരു ഒന്ന് ഒന്നര അനുഭവം ആണ്..

ഒന്ന് മുതല്‍ നാല് വരെ പഠിച്ചത് ഒരു സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ആയിരുന്നു, കൊച്ചു പിള്ളേര്‍ അല്ലേ അത് കൊണ്ട് വീട്ടില്‍ നിന്ന് ഒറ്റക്ക് വിടില്ല സ്കൂളിലേക്ക്. അവിടേക്ക് പോകുന്നതും വരുന്നതും പൊന്നമ്മ സാറിന്റെ കൂടെ ആരുന്നു, ഒരു ജാഥ പോകുന്ന പോലെ ആണ് ഞാനും,ബിപിനും,അഭിലാഷും,ചിത്രയും,അവളുടെ അനിയത്തിയും,ആശയും പൊന്നമ്മ സാറും കൂടെ സ്ചൂളിലെക്ക് പോകുന്നതും വരുന്നതും. നല്ല രസമാരുന്നു ആ യാത്ര , ചെറിയ ഒരു കനാല് ഉണ്ട് പോകുന്ന വഴിക്ക്, അതിന്‍റെ താഴെ കൂടെ ഒരു ചെമ്മണ്‍ പാതയും, കനാലില്‍ വെള്ളം ഉണ്ടെങ്കില്‍ അതിന്‍റെ മുകളില്‍ കൂടെ പോകാന്‍ പൊന്നമ്മ ടീച്ചര്‍ സമ്മതിക്കില്ല, അല്ലാത്ത സമയം എല്ലാം അതിന്‍റെ മുകളില്‍ കൂടെ ആണ് ഞങ്ങള്‍ പോകുന്നത്, പോകുന്ന വഴിക്ക് ഞങ്ങള്‍ കഥകള്‍ പറയും,പാട്ട് പാടും, വഴക്ക് കൂടും, പൊന്നമ്മ സാറിന്റെ കയ്യിലെ കുട കൊണ്ട് അടി കിട്ടും, തട്ടി തടഞ്ഞു വീഴും, ഒരിക്കല്‍ തിരിച്ചു വരുന്ന വഴി ഞാന്‍ നല്ല ഒരു വീഴ്ച വീണു , മൂക്കും കുത്തി!, അതിന്‍റെ അടയാളം ഇപ്പോഴും എന്റെ മുഖത്ത് ഉണ്ട്. ഇതെഴുതുമ്പോ അറിയാതെ ഞാന്‍ ആ കാലത്തേക്ക് പോയി, തിരിച്ചു കിട്ടില്ലലോ അത്......(ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്ത് എത്തുവാന്‍ മോഹം....)  
ബിപിനും അഭിലാഷും ബന്ധുക്കള്‍ ആണ്,പറഞ്ഞു വന്നാല്‍ ബിപിന്റെ മചൂനന്‍ ആണ് അഭിലാഷ്, അവരുടെ വീട്ടില്‍ ചാമ്പയ്ക്ക ഉണ്ട്, അതിന്‍റെ സീസണ്‍ ആകുമ്പോ അവന്മാര്‍ ചാമ്പയ്ക്ക കൊണ്ട് തരും , ആശ ഒരു ഭയങ്കരിയാ;അവളുടെ വീട്ടിലും ഉണ്ട് ചാമ്പക്കയും,മല്‍ബരിയും ഒക്കെ ,പക്ഷേ ഒന്നും കൊണ്ട് തരില്ല !!
ഞാന്‍ രാവിലെ തന്നെ പൊന്നമ്മ സാറിന്റെ വീട്ടിലേക്ക് പോകും, എന്റെ അമ്മൂമ്മയും പൊന്നമ്മ സാറും ഭയങ്കര കൂട്ടുകാരാണ്, അവര്‍ ഒന്നിച്ചാണ് പഠിച്ചത് ,അത് കൊണ്ടൊക്കെ ആയിരിക്കാം ടീച്ചറിന് എന്നെ ഇച്ചിരി  ഇഷ്ടം കൂടുതല്‍ ആണ്. അവരുടെ വീട്ടില്‍ ഒരു പട്ടിയുണ്ട്, എന്നെ കാണുമ്പോള്‍ വാലാട്ടും, എങ്കിലും ആ ജന്തുനെ എനിക്ക് ഇഷ്ടം അല്ലാരുന്നു (ഏയ്‌ പേടി ഒന്നും അല്ല!!).  ഒരിക്കല്‍ ആ പട്ടിയെ അഴിച്ചു വിട്ടെയ്ക്കുന്ന സമയം..,ചെന്ന പാടെ അത് ഓടി എന്റെ അടുത്തേക്ക് വന്നു, 
ഒറ്റ അലര്‍ച്ച!!! അയ്യോ അയ്യോ അയ്യോ!!!!!!,
പാവം അത് വാലും ചുരുട്ടി തിരികെ ഒറ്റ ഓട്ടം,ഓടി കൂട്ടില്‍ കേറി. പിന്നെന്തോ അന്നുമുതല്‍  എന്നെ കാണുമ്പോഴേ ആ സാധനം അവിടെ നിന്ന്‍ സ്ഥലം കാലി ആക്കും.
പറയാന്‍ മറന്നല്ലോ,  പൊന്നമ്മ സാറിന്റെ വീട്ടിലും ഉണ്ടാരുന്നു മുട്ടന്‍ ചാമ്പയ്ക്ക ഉണ്ടാകുന്ന മൂന്നു നാല് മരങ്ങള്‍,അതില്‍ നിറയെ ചോക ചോകാന്നുള്ളന്നുള്ള ചാമ്പങ്ങയും..,ഇത്തിരി ഉപ്പും കൂട്ടി ആ ചാമ്പയ്ക്ക തിന്നാന്‍ എന്താ ഒരു രസം എന്നോ !!!!! സാറിന്റെ മൂത്ത മകന്‍ ആണ് സുനി മാമന്‍ , പുള്ളിക്കാരന് മുയലിനെ വല്യ ഇഷ്ടം ആണ്‌. (കാട്ടു മുയലിനെ പിടിച്ച കഥ വേറൊരിക്കല്‍ പറയാം), അവരുടെ വീട്ടില്‍ നല്ല സുന്ദരന്‍ മുയല്‍ കുഞ്ഞുങ്ങള്‍ ഉണ്ട്..  ഇതുകൊണ്ടൊക്കെ ഞാന്‍ രാവിലെ അങ്ങ് ഇറങ്ങും ടീച്ചറിന്റെ വീട്ടിലേക്ക്  .. കുറച്ചു കഴിയുമ്പോഴേക്കും ബാക്കി ഉള്ള ടീം അംഗങ്ങള്‍ എത്തിച്ചേരും.. പിന്നെ ജാഥ തുടങ്ങുകയായി..
(സ്കൂളില്‍  നടന്നിട്ടുള്ള കൂടുതല്‍ വിശേഷങ്ങള്‍ ഒക്കെ പിന്നീട് പറയാം)പതിവ് പോലെ ഒരു ദിവസം....
അന്ന്  രാവിലെ മുതല്‍ എനിക്ക്  എന്തോ ഒരു അസ്വസ്ഥത, തലേ ദിവസം കഴിച്ച ആ സൂത്രം ശരി ആയില്ലേ എന്ന് ഒരു പേടി! വയറില്‍ എന്തൊക്കെയോ ചില ബഹളങ്ങള്‍,അടിപിടികള്‍,മുദ്രാവാക്യം വിളികള്‍!!!!.. രാവിലെ അതൊന്നും കാര്യം ആക്കിയില്ല, ക്ലാസ്സില്‍ ഇരുന്നപ്പോ വയറിലെ ബഹളങ്ങള്‍ കലശലായി, മുന്നില്‍ ഇരുന്ന ലിജുവും,മനീഷും ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്ന കണ്ടു!!! 
" ബെഞ്ച്‌ അനങ്ങിയ ശബ്ദം ആണെടാ " 
" അതിനു ഇത്രേം വല്യ സൌണ്ടോ ??!!!" 
ബഞ്ചില്‍ അമര്‍ന്നിരുന്നത് കൊണ്ട് ക്ലാസുകള്‍ എല്ലാം ഒരു വിധം തള്ളി നീക്കാന്‍ പറ്റി , ഇന്റെര്‍വല്‍ നു ഒന്നും പുറത്ത് ഇറങ്ങിയതെ ഇല്ല.. 
അവസാനം 'ജനഗണമന'ചൊല്ലി ബെല്ല് അടിച്ചു , വീട്ടിലേക്കുള്ള ജാഥ ആരംഭിക്കുക ആയി.. ബിപിനും അഭിലാഷും ആശയും ചിത്രയും ഒക്കെ ഉണ്ട്.. അവരെല്ലാവരും ചിരിച്ചു കളിച്ചു പോകുമ്പോ ഞാന്‍ മാത്രം നിശബ്ദന്‍ .. കുറച് നടന്നപ്പോഴേക്കും ഡാം പൊട്ടി !!!! 
പതിയെ പുറകിലേക്ക് വലിയുന്നത് അവരെല്ലാം ശ്രദ്ധിക്കാന്‍ തുടങ്ങി.. ബിപിന്‍ ആണ് ആദ്യം കണ്ടത്.. ആ സാമദ്രോഹി ഒറ്റ അലര്‍ച്ച , 
" പൊന്നമ്മ സാറേ!!!!! അരുണ്‍ ദേണ്ടേ  നിക്കറില്‍ തൂറി!!!!!!  "

ഭൂമി പിളര്‍ന്നു താഴേക്ക് പോയെങ്കില്‍ എന്ന് ആശിച്ച സമയം.. പൊന്നമ്മ ടീച്ചര്‍ ഓടി എന്റെ അടുത്ത് വന്നു, 
കുട കൊണ്ട് ഒരു അടിയും, ഏറ്റ ഒരു പിച്ചും!!, പാവം ഞാന്‍... അതൊക്കെ സഹിക്കാം , അടുത്ത ഡയലോഗ് ആണ് എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞത് 
"നിക്കറു ഊരിപ്പിടിച്ചു നടക്കെടാ", 
അയ്യേ!!!  
ഹും! തീര്‍ന്നില്ലേ!!!! 
അവന്മാരും അവളുമാരും നിന്ന് ചിരിക്കുവാണ്.
ഹോ ആ അവസ്ഥ !!!! 
എനിക്ക്  കരച്ചില്‍ വന്നു , നാണോം,ദേഷ്യവും,വിഷമവും, എല്ലാം കൂടെ ഒരുമിച്ച്...
"ഡാ നിന്നോടല്ലേ പറഞ്ഞെ,നിക്കര്‍ ഊരി പിടിച്ചു നടക്കാന്‍, ആ ബാഗ് ഇങ്ങു താ" 
പൊന്നമ്മ സാര്‍ വീണ്ടും കുട ഓങ്ങി.. 
അവസാനം പേടിച്ചിട്ട് അത് പോലെ ചെയ്യേണ്ടി വന്നു... 
ആ ചെമ്മണ്‍ പാതയിലൂടെ ഞാന്‍ ഒറ്റക്കും, കനാലിന്റെ മുകളില്‍ കൂടെ അവരും.. 
എല്ലാരുടെം നോട്ടം എന്നില്‍!! ഞാന്‍ എന്തുവാ പ്രദര്‍ശന വസ്തു ആണോ?
ചിരിച്ചോടാ  ,ചിരിച്ചോടീ  നാളെ നിനക്കൊക്കേം ഉണ്ടാവും ഇതേ അവസ്ഥ , അന്നേരം ഞാന്‍ എടുത്തോളാം.

[NB: അവളുമാര് എന്റെ കിണ്ടാണ്ടം കണ്ടു കാണുമോ??!!! ഏയ്‌!!! കാണുമോ? ഏയ്‌ !!!]
Related Posts Plugin for WordPress, Blogger...