Monday, January 03, 2011

ആദ്യമായി കോളേജില്‍!

ഞാന്‍ ആദ്യമായി കോളേജില്‍ പോയത് (രണ്ട് കോളേജില്‍ പഠിച്ചിട്ടുണ്ട്,പന്തളം പോളിടെക്നിക്കിലും  പാറ്റൂര്‍ ശ്രീബുദ്ധ കോളേജ് ഓഫ് എന്ജിനീയരിങ്ങിലും )ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു അനുഭവം ആണ്.. ഹൈ സ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ വിചാരം പത്താം ക്ലാസ്സ് കഴിഞ്ഞാല്‍ നേരെ പ്ലസ്‌ ടൂ നു കേറി അടിച്ചു പൊളിക്കണം,കൂട്ടുകാരുമായി കറങ്ങണം,അത് വരെ കിട്ടാത്ത സ്വാതന്ത്ര്യം അനുഭവിക്കണം എന്നൊക്കെ ആയിരുന്നു.. വീട്ടുകാര്‍ക്കും ആ സമയത്തൊന്നും മറിച്ച്‌ ഒരു ചിന്ത ഇല്ലായിരുന്നു.. 

അങ്ങനെ ഇരിക്കെ പത്താം ക്ലാസ്സിലെ റിസള്‍ട്ട്‌ വന്നു.. അന്ന് ഇന്റെനെറ്റ് വഴി റിസള്‍ട്ട്‌ അറിഞ്ഞു തുടങ്ങുന്ന സമയം ആണ്.. റിസള്‍ട്ട്‌ പ്രിന്റ്‌ ഔട്ട്‌ എടുക്കാന്‍ വേണ്ടി നെറ്റ് കഫെ യില്‍ പോയത് എന്റെ അച്ഛന്‍ ആണ്.. എനിക്ക് അഞ്ഞൂറ്റി പതിനാറു മാര്‍ക്ക് ഉണ്ടായിരുന്നു, അച്ഛന് അത് കൊണ്ട് വല്യ സന്തോഷം ആയിരുന്നു,കാണുന്നവരോടൊക്കെ അത് പറഞ്ഞു നടക്കുമായിരുന്നു അദ്ദേഹം.. അങ്ങനെ റിസള്‍ട്ട്‌ പ്രിന്റ്‌ ഔട്ട്‌ എടുക്കാന്‍ ചെന്ന കടയില്‍ വെച്ചു അച്ഛന്‍ ഒരു സ്നേഹിതനെ കണ്ടു മുട്ടി.. അവിടെ സ്വാഭാവികമായും എന്റെ കാര്യം അച്ഛന്‍ എടുത്തിട്ടു..ആ പുള്ളിക്കാരന്‍ അപ്പോള്‍ അച്ഛന്റെ മനസ്സിലേക്ക് ഒരു വിഷം കുത്തി വെച്ചാണ്‌ വിട്ടത്.. മകനെ പോളിടെക്നിക്കില്‍ ചേര്‍ക്കുക,വെറുതെ പ്ലസ്‌ ടൂ നു ഒക്കെ വിട്ടു സമയം കളയുന്നതിലും നല്ലത് പൊളിക്കു വിട്ടു മകനെ ഒരു ജൂനിയര്‍ എഞ്ചിനീയര്‍ ആക്കി മാറ്റാന്‍ ആ പുള്ളി ഉപദേശിച്ചു വിട്ടു.. വീട്ടിലെത്തിയ അച്ഛന്‍ ആ ഉപദേശം എന്റെ മേല്‍ അടിച്ചേല്‍പ്പിച്ചു.. ഞാന്‍ കുറെ എതിര്‍ത്ത് നോക്കി, പക്ഷേ അച്ഛന്റെ ന്യായ വാദങ്ങള്‍ക്ക് മുന്നില്‍ എനിക്ക് പിടിച്ചു നില്ക്കാന്‍ പറ്റിയില്ല, പോരാത്തതിനു പണ്ട് അച്ഛന് പോളിയില്‍ അഡ്മിഷന്‍ കിട്ടിയിട്ടും സാമ്പത്തികം കുറവായതിന്റെ പേരില്‍ ആ ചാന്‍സ് നഷ്ടായതും ഒക്കെ പറഞ്ഞപ്പോള്‍ ഞാനും സമ്മതിച്ചു കൊടുത്തു .. ആ ദിവസം ആണ് ഞാന്‍ ഈ പോളിടെക്നിക്ക് എന്ന സാധനത്തെ പറ്റി ശരിക്കും കേള്‍ക്കുന്നത് തന്നെ.. പണ്ടേതോ ഒരു സിനിമയില്‍ ശ്രീനിവാസന്‍ പറഞ്ഞിട്ടുള്ളത് എനിക്കറിയാം , "നീ എന്നെ യന്ത്രങ്ങളുടെ പ്രവര്‍ത്തനം ഒന്ന് പഠിപ്പികെണ്ടാ ഞാന്‍ അവിടെ പഠിച്ചിട്ടുണ്ട്" എന്ന്..

അങ്ങനെ പോളിയില്‍ ചേരാന്‍ ഉള്ള തീരുമാനം എതിര്‍വോട്ടുകള്‍ ഇല്ലാതെ അച്ഛന്‍ പാസ് ആക്കിയെടുത്തു .. പിന്നെ ഒരു കാര്യം മാത്രം എന്റെ തീരുമാനത്തിനായി അച്ഛന്‍ മാറ്റി വെച്ചു, നിനക്ക് ഇഷ്ടമുള്ള കോഴ്സ് തിരഞ്ഞെടുക്കാം.. ആ സമയങ്ങളില്‍ ഈ കമ്പ്യൂട്ടര്‍ എന്ന സാധനം എന്റെ മനസ്സിലേക്ക് ആഴ്ന്ന്‍ ഇറങ്ങിയിരുന്നു.. കമ്പ്യൂട്ടറില്‍ ഒന്ന് തൊടാനും അതില്‍ അത്ഭുതങ്ങള്‍   വിരിയിക്കാനും എന്റെ മനസ്സ് വെമ്പി നിന്ന കാലം ആയിരുന്നതിനാല്‍(ഇപ്പോഴും!) ഞാന്‍ കമ്പ്യൂട്ടര്‍ സയന്‍സ് തിരഞ്ഞെടുത്തു.. 

പന്തളം NSS പോളിടെക്നിക്ക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായി ഞാന്‍ ചേര്‍ന്നു.. എന്റെ അമ്മയുടെ വീട് പന്തളത്ത് തന്നെ ആയിരുന്നതിനാല്‍ അവിടെ നിന്ന് പഠിക്കാന്‍ അച്ഛന്‍ ഏര്‍പ്പാടാക്കി.. അട്മിഷന്റെ  സമയത്ത് തന്നെ ഞാന്‍ അറിഞ്ഞിരുന്നു എന്നോടൊപ്പം ഉള്ള രണ്ട് പെരോഴിച്ചു ബാക്കി നാല്പത്തി രണ്ട് പേരും പ്ലസ്‌ ടൂ ഓ ഡിഗ്രിയോ ഒക്കെ കഴിഞ്ഞവരാനെന്നും,എല്ലാവരും എന്നേക്കാള്‍ രണ്ടോ മൂന്നോ വയസ്സ് മൂപ്പുള്ളവര്‍ ആന്നെന്നും  ... 

അങ്ങനെ ക്ലാസ്സ് തുടങ്ങുന്ന ദിവസം വന്നെത്തി, എന്നെ കോളെജില് കൊണ്ടാക്കാന്‍ കൂടെ അപ്പൂപ്പനും വന്നിരുന്നു.. പെരുംപുളിക്കല്‍ എന്ന സ്ഥലത്ത് വണ്ടി ഇറങ്ങി ഞങ്ങള്‍ കോളെജിനു അകത്തേക്ക് നടന്നു.ഒന്ന് ഒന്നര കിലോമീറെര്‍ ഉണ്ട് നടക്കാന്‍.. അതെനിക്ക് അറിയാവുന്നത് കൊണ്ട് അപ്പൂപ്പനോടു തിരിച്ചു പൊയ്ക്കോളാന്‍ ഞാന്‍ പറഞ്ഞു.. അങ്ങനെ ഞാന്‍ ഒറ്റയ്ക്ക് കോളെജിനു അകത്തേക്ക് പ്രവേശിച്ചു .. 

സിവില്‍-മെക്കാനിക്കല്‍ ബ്ലോക്ക് ^
കമ്പ്യൂട്ടര്‍ ബ്ലോക്ക് ^

അകത്തെ കാഴ്ച കണ്ടപ്പോള്‍,പണ്ട് കുചേലന്‍ അന്തിച്ചു പോയ പോലെ ഞാനും ഒരു നിമിഷം ചിന്തിച്ചു നിന്ന് പോയി,ഞാന്‍ എന്റെ കോളെജില് തന്നെ ആണോ വന്നത്? അതോ സ്ഥലം മാറി പോയോ? കാരണം വേറൊന്നുമല്ല കോളേജിന്റെ നടുമുറ്റത്ത്---സിവില്‍-മെക്കാനികാല്‍ ബ്ലോക്ക് പടിഞ്ഞാറ് വശത്തും കമ്പ്യൂട്ടര്‍-electronics ബ്ലോക്ക് കിഴക്ക് വശത്തും ,ഇതിനു നടുവിലുള്ള സ്ഥലം--- പത്തിരുപത് ആള്‍ക്കാര്‍ കൂട്ടത്തല്ല് നടത്തുന്നു.. ചിലരുടെ കയ്യില്‍ ചുവന്ന കൊടിയുണ്ട്.. മറ്റു ചിലരുടെ കയ്യില്‍ കാവി കൊടിയും.. കാവി കോടി ഉള്ളവരുടെ നെറ്റിയില്‍ ചുവന്ന പൊട്ടും,കയ്യില്‍ ചുവന്ന രാഖിയും ഉണ്ട്.. കുറച്ചു കൂടെ ശ്രദ്ധിച്ചപ്പോള്‍ എനിക്ക് മനസ്സിലായി അത് രണ്ട് പാര്‍ട്ടിക്കാര്‍ തമ്മിലുള്ള അടിയാണ് എന്ന്.. ഞാന്‍ പേടിയോടു കൂടി ഒരു തൂണിന്റെ മറവില്‍ നിന്ന് ഇതെല്ലം നോക്കി കാണുകയായിരുന്നു.. അടി കുറെ നേരം നീണ്ടു നിന്നു.. സൂക്ഷിച്ചു നോക്കിയപ്പോള്‍ സിനിമയില്‍ ഒക്കെ കാണുന്ന പോലെ ചുവന്ന കോടി പിടിച്ച ആള്‍ക്കാര്‍ പറന്നു പോകുന്നത് കാണാന്‍ തുടങ്ങി.. ഒരു ആജാന ബാഹുവായ,കണ്ടാല്‍ കീരിക്കാടന്‍ ജോസിനെ പോലിരിക്കുന്ന ചുവന്ന രാഖി കയ്യില്‍ കെട്ടിയിട്ടുള്ള ആ ആള്‍ ആള്‍ക്കാരെ നിഷ്കരുണം എടുത്ത് എറിയുകയാണ്.. ചുവന്ന കൊടിക്കാര്‍ക്ക് ആര്‍ക്കും തന്നെ അയാളെ  പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ല.. ഇടയ്ക്കു ചുവന്ന  കൊടികാരുടെ നേതാവിനെ അദ്ദേഹം പിടിച്ചു, ആ ചുവന്ന കൊടികാരന്‍ രക്ഷപെടാന്‍ ഉള്ള വെപ്രാളത്തില്‍ കീരിക്കാടന്‍ ജോസിന്റെ പാന്റ്സിന്റെ പോക്കെറ്റ്‌ വലിച്ചു കീറുന്നത് ഞാന്‍ കണ്ടു.. എന്തായാലും ഒരു പത്ത് പതിനഞ്ചു മിനട്ടു കൊണ്ട് നമ്മുടെ കീരിക്കാടന്‍ ജോസ് ചുവന്ന കൊടിക്കാരെ എല്ലാം അവിടെ നിന്ന് ഓടിച്ചു,സോറി പറപ്പിച്ചു .. പിന്നെ ഞാന്‍ കണ്ടത് ആ സ്ലോ മോഷനില്‍  ഉള്ള വരവായിരുന്നു.. രണ്ട് വശത്തും  അംഗ രക്ഷകരെ  പോലെ ബാക്കി ഉള്ളവരും നടുവിലായി കീറിയ പാന്റ്സും ബട്ടണ്‍ പൊട്ടിയ ഉടുപ്പുമായി  നടന്നു വരുന്ന കീരിക്കാടന്‍ ജോസും.. അന്ന് തന്നെ ഞാന്‍ ജോസിന്റെ ഫാന്‍ ആയി.. (ക്ലാസ്സ്മേട്സ്  എന്ന മലയാള സിനിമ കണ്ടപ്പോള്‍ എന്റെ കോളേജു തന്നെ ആണ് ഞാന്‍ കണ്ടത്)

[NB: അടി കിട്ടിയ നേതാവിനോട് തന്നെ ഞാന്‍ എന്റെ ക്ലാസ്സ് എവിടെ ആണെന്ന് തിരക്കിയതും അയാള്‍ എന്നെ ഇട്ട്‌ ഓടിച്ചതും വേറൊരു കഥ!]

ആദ്യമായി നടത്തിയ ഒരു മോഷണം


വീണ്ടും സ്കൂളിലേക്ക് തിരിച്ചു പോകാം, ഇത് മൂന്നാം ക്ലാസ്സിലെ അനുഭവം..
മലയാളം,സാമൂഹ്യപാഠം,കണക്ക് തുടങ്ങിയ  വിഷയങ്ങള്‍ക്ക് പുറമേ ചിത്ര രചന എന്ന ഒരു വിഷയം കൂടി ഉണ്ടായിരുന്നു ഞങ്ങള്‍ക്ക് ,ഒരു പുസ്തകവും ഉണ്ട് അതിനായി,മലയാളം മീഡിയം പഠിച്ചവര്‍ക്ക് അറിയാമായിരിക്കും.... അതില്‍ നിരവധി ചിത്രങ്ങളും ഔട്ട്‌ ലയ്ന്സും ഒക്കെ ഉണ്ടാവും.. എല്ലാ വെള്ളിയാഴ്ചയും ആണ് ചിത്ര രചനയുടെ ക്ലാസ്സ്‌.. ഞങ്ങള്‍ എല്ലാവരും മനോഹരമായി ചിത്രങ്ങള്‍ക്ക് കളറു കൊടുക്കും, പടം വരയ്ക്കാന്‍ എല്ലാവരുടെ കയ്യിലും ഉള്ളത് കളര്‍ പെന്‍സില്‍ ആയിരുന്നു.... അങ്ങനെ സന്തോഷമായി എല്ലാവരും ഒരു പോലെ പടം വരച്ചു കൊണ്ടിരുന്ന ആ കാലത്താണ് അഭിലാഷ് ഒരു ദിവസം സ്കെച്ച് പെനുമായി വരുന്നത്.. കളര്‍ പെന്സിലെനെക്കള്‍ നൂറിരട്ടി വ്യക്തതയുമായി വന്ന സ്കെച്ച് പെന്‍ എന്നെ കുറച്ചൊന്നുമല്ല ആകര്‍ഷിച്ചത് .. അവന്റെ അച്ഛനും അമ്മയും കേരളത്തിന്‌ പുറത്ത് എവിടെയോ ആണ് ജോലി ചെയ്യുന്നത്, അവര്‍ കൊണ്ട് കൊടുത്തതാണ് ആ പേനകള്‍.. ഒരിക്കല്‍ ആഗ്രഹം വല്ലാതെ മൂത്തപ്പോള്‍ അവനോടു ഞാന്‍ ആ പേന ഒന്ന് തരുമോ എന്ന് ചോദിച്ചു,സ്വന്തായിട്ടൊന്നുമല്ല, ആ പേന കൊണ്ട് ഒരു വരയെങ്കിലും എന്റെ പുസ്തകത്തില്‍ വരക്കണം അത്രേ മോഹംണ്ടായിരുന്നുള്ളൂ.. പക്ഷെ ആ ദുഷ്ടന്‍ എനിക്ക് തന്നില്ലെന്നു മാത്രമല്ല എന്നെ പിടിച്ചു തള്ളുകയും ചെയ്തു.. എന്റെ അഭിമാനത്തിന് മുറിവേറ്റു.. എങ്ങനെയും ആ പേനകള്‍ കയ്കലാക്കണം എന്ന് എന്റെ മനസ്സ് പറഞ്ഞു.. അവന്റെ ബാഗില്‍ പേന ഉണ്ട് എന്ന് ഞാന്‍ മനസ്സിലാക്കി,ഒരു ദിവസം ഉച്ചക്ക് എല്ലാരെക്കാളും മുന്നേ ഞാന്‍ ചോറ് ഉണ്ട് കയ്യ് കഴുകി ക്ലാസ്സില് തിരിച്ചെത്തി .. അഭിലാഷും ബാക്കി ഉള്ളവരും കയ്യ് കഴുകാന്‍ ഇറങ്ങിയ തക്കം നോക്കി ഞാന്‍ അവന്റെ ബാഗു തുറന്നു പച്ച,മഞ്ഞ,ചുവപ്പ് പേനകള്‍ കയ്ക്കലാക്കി.. അന്ന് വെള്ളിയാഴ്ച അല്ലാത്തതിനാല്‍ അവന്‍ അവന്റെ കളര്‍ പേനകള്‍ നഷ്‌ടമായ വിവരം അറിഞ്ഞില്ല...

എനിക്കന്നു അതിയായ സന്തോഷം തോന്നി, വീട്ടില്‍ എത്തുന്ന സമയം വരെ.. വീട്ടില്‍ എത്തി കഴിഞ്ഞപ്പോള്‍ മുതല്‍ എന്തോ ഒരു വല്ലായ്മ... അകാരണമായി ചങ്കിടിപ്പ് കൂടുന്നത് ഞാന്‍ അറിഞ്ഞു.. ഒന്നും കഴിക്കാന്‍ പറ്റുന്നില്ല,ഇരിക്കാന്‍ പറ്റുന്നില,കിടക്കാന്‍ പറ്റുന്നില്ല.. അമ്മൂമ്മ ഇടയ്ക്കിടെ ചോദിക്കുന്നുണ്ടായിരുന്നു എന്താടാ നിനക്ക് പറ്റിയത് എന്ന്.. ഞാന്‍ ഒന്നും മിണ്ടിയില്ല.. എന്തായാലും വീട്ടില്‍ എത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും എന്തോ വലിയ ഒരു തെറ്റാണു ഞാന്‍ ചെയ്തത് എന്ന് ഉള്ള ഒരു തോന്നല്‍ വേട്ടയാടാന്‍ തുടങ്ങി.. എന്റെ ബാഗു കാണുമ്പോഴേ ഞാന്‍ പേടി കൊണ്ട് വിറക്കാന്‍ തുടങ്ങി, ആരെങ്കിലും ഈ മോഷണം അറിയുമോ, അറിഞ്ഞാല്‍ അവരുടെ പ്രതികരണങ്ങള്‍ എങ്ങനെ ആയിരിക്കും എന്നൊക്കെ ഉള്ള തോന്നലുകള്‍ അധികരിക്കാന്‍ തുടങ്ങി... അങ്ങനെ അന്ന് രാത്രി ആയപ്പോള്‍ ഞാന്‍ ആരും കാണാതെ എന്റെ ബാഗു തുറന്നു ആ പേനകള്‍ മൂന്നും എന്റെ നിക്കറിന്റെ പോക്കറ്റിലേക്കു തിരുകി.. വീടിന്റെ അടുത്ത് തന്നെ ഒരു റബ്ബര്‍ തോട്ടം ഉണ്ട്.. അതിന്റെ ഒരു മൂലയ്ക്ക് കനാലില്‍ നിന്നും തോട്ടത്തിലേക്ക് വെള്ളം പമ്പ്‌ ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു പഴയ പൈപ്പ് ഉണ്ട്..  ഞാന്‍ പതിയെ അതിന്റെ അടുത്ത് എത്തി,സാധാരണ പൈപ്പ്പോലെ അല്ല അത്..ഒരു വല്യ മൂടി ഒക്കെ ഉള്ള ഒരു സാധനം.. ആ മൂടിക്കു ആണേല്‍ ഒടുക്കത്തെ ഭാരം ആണ്.. ഒരു വിധത്തില്‍ അത് ഇളക്കി ഞാന്‍ ആ മൂന്നു പേനയും അതിലേക്കു ഇട്ടു... 

ആ പേനകള്‍ അവനു തിരിച്ചു കൊടുക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു, പക്ഷെ അവന്‍ ഒരു തടിയന്‍ ചെക്കനാ.. ഇടി ഉറപ്പാ,പോരാത്തതിനു അവന്‍ ടീച്ചരുമാരോടൊക്കെ  പറയും എന്നുള്ളത് നൂറു ശതമാനം ഉറപ്പും ആണ്.. അത് കൊണ്ടാണ് പേനകള്‍ നശിപ്പിച്ചു കളയാം എന്ന് തന്നെ തീരുമാനിച്ചത്.. കുറച്ചു നാളുകള്‍ക്കു ശേഷം എന്റെ കുഞ്ഞമ്മ എനിക്ക് കുറെ കളര്‍ പേനകള്‍ മേടിച്ചു തന്നു.. അപ്പോള്‍ അതില്‍ നിന്നും നാല് പേനകള്‍,ഒരെണ്ണം extra,ഞാന്‍ അഭിലാഷിന്റെ ബാഗില്‍ ഇട്ടു,അവന്‍ അറിയാതെ!!

[NB :ആ തടിയനോ,മറ്റാരെങ്കിലുമോ ഇതൊന്നും ഇതുവരെയും അറിഞ്ഞിട്ടില്ല!!, അവന്‍ ഇപ്പോള്‍ എവിടെ ആണെന്നും എനിക്കറിഞ്ഞു കൂടാ!!] 
Related Posts Plugin for WordPress, Blogger...