Wednesday, February 22, 2012

പ്രതീക്ഷശിശിരത്തിൻ പടിവാതിലിൽ വാടി വീഴുന്നു.
വാസന്തങ്ങളാഘോഷിച്ച
ഓരോ പൂവും  ഓരോ ഇലയും.


സൂര്യനെ സ്നേഹിച്ച് ആശ തീരാതെ
ജീവിച്ച് മരിച്ച താമര, 
ആമ്പലായി പുനർജ്ജനിച്ചു.
സൂര്യന്റെ പ്രതിരൂപമാം അമ്പിളിയിലവൾ
തന്റെ പ്രാണനെക്കണ്ടു.
സ്നേഹിച്ച്, പ്രേമിച്ച്
ആശ തീരാതെ അവളും 
കൊഴിഞ്ഞൊരു ശിശിരത്തിൽ.


വിധിയെന്ന് വെറുതേ പറയാം.
ഗ്രഹങ്ങളോടും നക്ഷത്രങ്ങളോടും കലഹിക്കാം
നെടുവീർപ്പിടാം, കരയാം..
പിന്നീടൊടുവിൽ മറവിയുടെ കുപ്പത്തൊട്ടിലിലേക്ക്
വലിച്ചെറിയാം..
വെട്ടത്ത് ചിരിച്ചും 
ഇരുട്ടത്ത് കരഞ്ഞും
പലനാടകങ്ങൾ ഇനിയുമരങ്ങേറാൻ 
നല്ലൊരരങ്ങായ്,
പുനർജ്ജന്മങ്ങളവസാനിക്കുവോളം
അവളുണ്ടാകും,നഷ്ടപ്പെടാത്ത പ്രതീക്ഷയോടെ.

..............
[NB: everything is pre-written! ]

Thursday, February 16, 2012

The other side.
കാർമേഘമാലകൾ മനമാകും മാനത്തുരുണ്ട് കയറി
അട്ടഹാസം മുഴക്കിയാ 
കാർമുകിലുകൾ പൊട്ടിത്തെറിച്ചു
പലതുള്ളികളൊരു പുഴയായി
വഴി തെറ്റിയൊഴുകുമാ പുഴ
എൻ കവിൾത്തടം നനച്ചിറങ്ങി.. 
വർഷം വർഷങ്ങൾ താണ്ടി ഭീകരരൂപിയായ്.....
----------------------------------------------------------------------------

എന്താ ഇങ്ങിനെ? ജീവിതം മുന്നോട്ട് പോകുന്തോറും പലതും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പല മനസ്സുകൾ,ബന്ധങ്ങൾ,ബന്ധനങ്ങൾ,ഇഷ്ടങ്ങൾ,ഇഷ്ടക്കേടുകൾ.... പലതിലും ഞാനുമുണ്ടെങ്കിലും എല്ലാവരിൽ നിന്നും വ്യത്യസ്ഥമായി എനിക്ക് മാത്രമെന്താ ഇങ്ങിനെയൊരു അവസ്ഥ? എല്ലാവരുടേയും ജീവിതം ഓരോ കഥകളാണ്.  പലരുടേയും കഥകളിൽ നമുക്കുമുണ്ടാകും റോളുകൾ. എനിക്കുമുണ്ടായി അനുഭവങ്ങൾ. പക്ഷേ എവിടേയും എങ്ങും ഒന്നുമാവാനാകാതെ എനിക്ക് പിൻ വാങ്ങേണ്ടി വരുന്നു.  അടുപ്പമുള്ളവരിൽ നിന്നും അകലാനാഗ്രഹിക്കുന്നു, അതിനായി കാരണങ്ങൾ കണ്ടെത്തുന്നു. എന്നെ വേട്ടയാടുന്ന പൂർവ്വകാല അനുഭവങ്ങൾ ഒരു സൈക്കിൾ പോലെ എന്നിലേക്ക് തിരികെയെത്തുന്നു. ചെയ്ത്കൂട്ടുന്നവയെല്ലാം വലുപ്പച്ചെറുപ്പമില്ലാതെ അബദ്ധങ്ങളായി മാറുന്നു. Pastൽ നഷ്ടപ്പെട്ട എന്തിനോ വേണ്ടി മനസ്സ് ഉഴറി നടക്കുന്നു. ചെകുത്താന്റെ പണിപ്പുരയായി മനസ്സ് മാറുന്നു. മനസ്സിന്റെ ബലക്ഷയം ശരീരത്തിലേക്കും വന്ന് തുടങ്ങിയിരിക്കുന്നു. സന്തോഷിക്കാൻ കാരണങ്ങളുണ്ടായിട്ടും മനസ്സിലേക്ക് നെഗറ്റീവ് ചിന്തകൾ മാത്രേ കടന്നു വരുന്നുള്ളു. മനസ്സ് ഇടുങ്ങി ഇടുങ്ങി ഇല്ലാതായിരിക്കുന്നു. ചിരികൾക്കും കരച്ചിലിനും ഇടയിലുള്ള അകലം നന്നേ കുറഞ്ഞിരിക്കുന്നു, ഭ്രാന്തനെന്നുള്ള വിളിപ്പേരുടൻ തന്നെ കേൾക്കുമെന്ന് ഭയക്കുന്നു. എന്നെ സ്നേഹിക്കുന്നവരുടെ മനസ്സ് വിഷമിപ്പിച്ച് സന്തോഷം കണ്ടെത്തുകയും അവർ വിഷമിച്ചു എന്നറിഞ്ഞാൽ അവരെക്കാളേറെ വിഷമിക്കുകയും ചെയ്ത് കൊണ്ടേയിരിക്കുന്നു. പലതരത്തിലുള്ള താരതമ്യങ്ങൾക്ക് സ്വയം വിധേയനാവുന്നു, എല്ലാത്തിലും തോൽവി ഏറ്റ് വാങ്ങുകയും ചെയ്യുന്നു. എങ്ങെത്തുമെന്നോ എന്തായ്ത്തീരുമെന്നോ അറിയാനാവുന്നില്ല, ഈ അവസ്ഥയിൽ മുൻപോട്ട് പോകാൻ തീരെ താത്പര്യവും തോന്നുന്നില്ല, സ്വപ്നങ്ങൾ എന്റ്റെ തൊട്ടടുത്തെത്തിയിട്ട് പിടി തരാതെ പറന്ന് പോകുന്നു.  സങ്കടം സഹിക്കാനാവുന്നില്ല.  

[NB: ............................................................................
She loved me sometimes, and I loved her too.
How could one not have loved her great still eyes. 
...........................................................................
...........................................................................
I no longer love her, that's certain, but maybe I love her. 
Love is so short, forgetting is so long.
............................................................................]

Tuesday, February 14, 2012

ലൈവ് ഫ്രം സുഭാഷ് പാർക്ക്പാർക്കിൽ പേരറിയാത്ത ഒരു വലിയ മരത്തിനു ചുറ്റും കെട്ടിയിരിക്കുന്ന സിമന്റ് തറയിൽ ഇരിക്കുകയാണ് ഞാൻ സമയം 5,ഇരുപ്പിന്റെ ഉദ്ദേശം മറ്റൊന്നുമല്ല സർഗ്ഗാത്മകതയെ ഉദ്ദീപിപ്പിക്കൽ എന്നതൊന്ന് മാത്രാണ്.  ഒരു സീരിയസ്സ് പ്രണയകഥയ്ക്ക് പറ്റിയ ഒരു ടോപ്പിക്ക് മനസ്സിലേക്ക് വീണുകിട്ടിയിട്ട് കുറച്ചു നാളുകളായിരിക്കുന്നു. അതിനെ ഒന്നു ഡെവലപ്പ് ചെയ്ത് നല്ല ഒരുത്പന്നമാക്കി മാറ്റണമെന്ന അത്യാഗ്രഹം എന്റെ ഉറക്കം കെടുത്തി തുടങ്ങിയിരുന്നു. അങ്ങിനെ താടിയും തടവി അകലങ്ങളിലേക്ക് നോക്കി ചിന്തിച്ചിരുന്ന എനിക്ക് മനസ്സിലായി ഇങ്ങിനൊന്നും ഇരുന്നിട്ടോ പേന കൊണ്ട് തല ചൊറിഞ്ഞിട്ടോ ഒരു കാര്യോം ഇല്ലാന്ന്. ഇങ്ങിനെ കുണ്ഠിതപ്പെട്ട് ഇരിക്കുന്നതിനിടയിൽ എന്റെ ശ്രദ്ധ കുറച്ച് അപ്പുറത്തേക്ക് പതിഞ്ഞു.


എന്റെ ഇടത് ഭാഗത്തായി അധികം അകലെയല്ലാതെ മഞ്ഞടീഷർട്ടിട്ട ജീൻസിട്ട സുന്ദരിയായ ഒരു പെൺകുട്ടിയും സുന്ദരനായ ഒരാൺകുട്ടിയും ഇരിക്കുന്നു.പെൺകുട്ടി കൊഞ്ചിക്കുഴയുന്നുണ്ടെങ്കിലും അവൻ ഡീസന്റാണെന്ന് തോന്നി, അനാവശ്യമായ കൈ കടത്തലുകളൊന്നും അവന്റെ ഭാഗത്ത് നിന്നും ഉണ്ടായതേയില്ല. എഴുത്തിനിടയിൽ തല ചെരിച്ച് അവരെ നോക്കുമ്പോഴൊക്കെ അവന്റെ കണ്ണുകളുമായി എന്റെ കണ്ണുകൾക്ക് വഴക്കടിക്കേണ്ടി വരുന്നുണ്ട്. അത്യാവശ്യം ആൾ ജിമ്മാണെന്ന് തോന്നുന്നു,ലവൻ  എഴുന്നേറ്റ് വന്ന് രണ്ട് ചാമ്പ് ചാമ്പിയാൽ കൊണ്ടോണ്ടിരിക്കാനേ എനിക്കാവൂ എന്നത് നൂറ്റിപ്പത്ത ശതമാനം പരമാത്രം. ഛേ പരമാക്രി... ശ്ശോ അത് വേണ്ട സത്യം., പെട്ടന്നാണ് അവൻ പെൺകുട്ടിയുടെ വലത് ഭാഗത്തേക്ക് മാറിയിരുന്നത്, അവളെ എന്റെ ദൃഷ്ടി പഥത്തിൽ നിന്നും മറച്ച് കളയുകയായിരുന്നു അതിനു പിന്നിലെന്ന് തോന്നിപ്പോയി. അത് ജഗതി പറയും പോലെ "എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്". അവർക്കറിയില്ലല്ലോ ഒരു ബ്ലോഗറുടെ ഉദ്വേഗമൊന്നു മാത്രാണ് ആ നോട്ടത്തിനു പിന്നിലെന്ന്. നമ്മൾ കരുതുന്ന പല വായ്നോക്കികളും സത്യത്തിൽ ബ്ലോഗേർസാവാം ല്ലേ? എനിക്ക് തോന്നിപ്പോവുകയാണ്.


പെൺകുട്ടിയുടെ കയ്യിൽ ഒരു ഡ്രൊയിങ്ങ് ബുക്കുണ്ട്,  അവളതിൽ എന്തൊക്കെയോ വരയ്ക്കുന്നു, അവൻ പെൻസിൽ തട്ടിയെടുക്കാൻ ശ്രമം നടത്തുണ്ട്, അവളുടെ കായബലത്തിൽ അവൻ പരാജിതനാകുന്നതായി അഭിനയിക്കുകയും വേദന അഭിനയിക്കുകയും ചെയ്യുന്നു,അതവൾക്ക് നന്നേ രസിച്ചിരിക്കുന്നു, അവളുടെ ചിരിയും ഈ മരത്തിലെ ഇലകളുടെ കലപിലയും ഒരു പോലെ തോന്നിപ്പോയി. ഒരു ഇളം കാറ്റ് എന്നെ സ്പർശിച്ച് കടന്ന് പോയി. അല്ലെങ്കിലും ഈ ഇളം കാറ്റിങ്ങനാ ഇത്തരം അവസരങ്ങളിൽ എവിടന്നേലും വന്ന് തഴുകീട്ടും പോവും,അടുത്തെങ്ങും തെങ്ങില്ലാത്തോണ്ട് തേങ്ങാക്കുലകളൊന്നും ആടീല്ല.


കടുവേനെ കിടുവ പിടിക്കയോ... കുറച്ച് മാറി എന്റെ വലത് ഭാഗത്തായി ഞാൻ തണലു കൊണ്ടിരിക്കുന്ന അതേ മരത്തിന്റെ ചുവട്ടിൽ തന്നെ മൂന്ന് പെൺകുട്ടികൾ, അതിലൊരുവൾ എന്നിലേക്ക് മുഖം തിരിച്ചാണിരിക്കുന്നത്, രൂക്ഷായി അങ്ങട് നോക്കിയിട്ട് പോലും അതിനൊരു കൂസലുമില്ല. ഒരു പ്രായം ചെന്ന അപ്പൂപ്പൻ കപ്പലണ്ടി വിൽക്കാനായി എന്റെ അരികിൽ വന്നു, ശ്രദ്ധ അല്പ നേരത്തേക്ക് അദ്ദേഹത്തിലായി. 5 രൂപയ്ക്ക് വാങ്ങിയ കപ്പലണ്ടിയും കൊറിച്ചു കൊണ്ട് ഞാൻ വീണ്ടും എഴുത്തിലേക്ക് ശ്രദ്ധ തിരിച്ചു, ഇടയ്ക്ക് വലത് ഭാഗത്തേയ്ക്ക് തല ചെരിച്ചു നോക്കി, ആ മൂന്ന് പിള്ളാരുമിപ്പോൾ എന്നെ ശ്രദ്ധിക്കുന്നു, എന്റെ മുഖത്തേക്കും പിന്നീട് ഈ ബുക്കിലേക്കും. എന്താണ് ഞാൻ ഈ കുത്തിപ്പിടിച്ച് എഴുതുന്നത് എന്നറിയാനുള്ള ആകാംഷയായിരിക്കും. വല്ല ആത്മഹത്യാ കുറിപ്പോ മറ്റോ ആകാം എന്നവരൊരു നിഗമനത്തിലും എത്തിയിരിക്കാം, വല്ല ഊശാൻ താടിയോ ജുബ്ബയോ തുണി സഞ്ചിയോ മറ്റോ എന്റെ പക്കൽ ഉണ്ടായിരുന്നുവെങ്കിൽ ഈ തോന്നൽ അവർക്ക് വരികയില്ലായിരുന്നു. ഹും. 


കടലിലൂടെ ( കടലാണോ കായലാണോ ആ..) ബോട്ടുകൾ തലങ്ങും വിലങ്ങും പോകുന്നു, ചിലവയിൽ നിന്നും ഗൈഡിന്റെ വിവരണം ഉയർന്നു കേൾക്കാം. എല്ലാ ബോട്ടുകളിലും നിറയെ ആളുകൾ ഉണ്ട്. കപ്പിൾസാണധികവും.
ഇവിടെ എവിടേക്ക് നോക്കിയാലും പ്രണയമാണ്. മനുഷ്യരും പ്രകൃതിയും ഒരേ പോലെ പ്രണയിക്കുന്നു. പക്ഷേ ചില മനുഷ്യരുടേത് പ്രണയമല്ലാട്ടൊ, കാമം മാത്രമാണ്.കഴിഞ്ഞയാഴ്ച കണ്ട മുടി നീട്ടി വളർത്തിയ പയ്യനെ ഇന്ന് ഞാൻ വീണ്ടും കണ്ടു, ഇന്ന് അവന്റെ കൂടെ വേറൊരു പെൺകുട്ടിയാണ്. കഷ്ടം.


സമയം 6 ആകുന്നു, പാർക്കിൽ പൊതു ജനങ്ങൾക്ക് ചിലവഴിക്കാവുന്ന സമയം കഴിയാറായിരിക്കുന്നു.മഞ്ഞ ടീ ഷർട്ടിട്ട പെൺകുട്ടി തന്റെ ബുക്ക് ബാഗിലേക്ക് എടുത്ത് വെച്ചു, ഇരുവരും തിരികെ പോകാനുള്ള തയ്യാറെടുപ്പിലാണ്.  ഞാനും പതിയെ എഴുന്നേറ്റു. അവരോടും ആ മൂന്നു പെൺകുട്ട്യോളോടും മനസ്സിൽ റ്റാ റ്റ പറഞ്ഞു പാർക്കിനു വെളിയിലേക്ക് ഞാൻ ഇറങ്ങി.


[NB: ഹാപ്പി വാലന്റൈൻസ് ഡേ ഡിയർ ഫ്രെണ്ട്സ്.. ഒരു പൂർണ്ണതയില്ലാത്ത കുറിപ്പായിപ്പോയ് ആരും തല്ലരുത് :-)]
Related Posts Plugin for WordPress, Blogger...