Tuesday, April 05, 2011

സൗഹൃദം പ്രണയമായപ്പോൾ



വൻ അവളെ സ്നേഹിക്കുകയായിരുന്നു, മനസ്സ് തുറന്ന് മിഴികളടച്ച്, അവളും സ്നേഹിച്ചുകൊണ്ടിരുന്നു അതേ പോലെ തന്നെ.. ഒരുനാൾ അവന്റെ സ്നേഹത്തിനു പുതിയ ഭാഷയും ഭാഷ്യവും വന്നു ചേർന്നു, സ്നേഹത്തിൽ അധികാര ചുവയുണ്ടാകാൻ തുടങ്ങി, അവളുടെ ചെറു സ്വാതന്ത്രത്തിനു പോലും അവൻ തടയിട്ടു.. അസഹിഷ്ണുത പ്രകടിപ്പിച്ച അവളോട് അവൻ, "സ്നേഹക്കൂടുതൽ കൊണ്ടല്ലേടാ!!" എന്നു പറഞ്ഞ് വായടപ്പിച്ചു.. അവനെന്തുമാകാം അവൾക്കൊന്നും പാടില്ല എന്ന അവസ്ഥ അവൾക്കു തീരെ സഹിക്കാൻ കഴിയുമായിരുന്നില്ല.. സ്നേഹക്കൂടുതൽ കൊണ്ട്, എന്ന് പറഞ്ഞുള്ള അവന്റെ പ്രവർത്തികൾ അവൾക്ക് സഹിക്കാവുന്നതിന്റെ അപ്പുറമെത്തിയ നാൾ,തിരിച്ചറിഞ്ഞു തുടങ്ങി,അവനോടുള്ള തന്റെ സ്നേഹത്തിൽ കാര്യമായ കുറവുണ്ടായെന്ന്!!. അവന്റേത് സ്നേഹമല്ലയെന്നും അവനു വേണ്ടതൊരു അടിമയെ ആണെന്നുമവൾക്കു ബോധ്യമായ നാൾ,അല്ലെങ്കിൽ അങ്ങിനെ തോന്നിയ നാൾ,അവനിൽ നിന്നും അകലാൻ തുടങ്ങി.. 

****************************


തങ്ങളുടെ ഈ ബന്ധം പ്രണയം ആവുന്നതിനു മുൻപ് എന്ത് രസമായിരുന്നു, അവന്റെ കുസൃതികളിലും ചെറുകള്ളത്തരങ്ങളിലും മറ്റൂം താനും തന്റെ കുസൃതികളിൽ അവനും എത്ര മാത്രം സന്തോഷം കണ്ടെത്തിയിരുന്നു എന്നവൾ ഓർത്തെടുത്തു.നീണ്ട മൂന്ന് വർഷങ്ങൾ തങ്ങൾക്ക് സ്വർഗീയ സന്തോഷമായിരുന്നു.. അന്നൊക്കെ താൻ അവന്റെയും അവൻ തന്റെയും ബെസ്റ്റ് ഫ്രെണ്ട് ആയിരുന്നുവല്ലൊ.. അവന്റെ തോളിൽ കയ്യിട്ടു നടക്കുന്നതിനും, സന്തോഷം ഒരുപാടാകാമ്പോൾ മുറുക്കി കെട്ടിപ്പിടിക്കുന്നതിനും ഒന്നും ഒന്നും ആ ബന്ധം തടസ്സമായിരുന്നില്ല... പിന്നെ എപ്പോഴാണ് ആദവും ഹവ്വയും കഴിച്ച ആപ്പിളിന്റെ അംശം തങ്ങൾക്കും കിട്ടിയത്, വാലന്റൈൻസ് ദിനങ്ങൾ കടന്നു പോയ കൂട്ടത്തിൽ എന്നോ ഒരു നാൾ തന്റെ നേരെ അവൻ പിങ്ക്റോസിനു പകരം റെഡ് റോസ് നീട്ടി.. അന്നു മുതൽ ബെസ്റ്റ് ഫ്രെണ്ട് ആയ താൻ ലവ്ർ ആയി പ്രൊമൊട്ടെഡ് ആയി(ശരിക്കും അതൊരു ഡീ പ്രൊമോഷൻ ആയിരുന്നു എന്നു ഇപ്പോൾ മനസ്സിലാവുന്നു)..  


ലൗവേർസ് ആയുള്ള ആദ്യ കാലങ്ങളും സന്തോഷമായിരുന്നു, പക്ഷെ അവന്റെ തോളിൽ  സ്വാതന്ത്ര്യത്തോടെ കൈ വെക്കാനോ, സന്തോഷം കൂടുമ്പോൾ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ തനിക്ക് കഴിയുമായിരുന്നില്ല.അവന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല.. പിന്നെ പിന്നെ തന്നോടാരും സംസാരിക്കുന്നത് പോലും അവനിഷ്ടമില്ലാതായി.. അവനോടുള്ള തന്റെ സമീപനവും മറിച്ചായിരുന്നില്ല, അവനോട് മറ്റ് പെൺകുട്ടികൾ സംസാരിക്കുന്നത് പോലും സഹിക്കാൻ കഴിയാത്ത അവസ്ഥ.. ദൈവമേ എന്തിനു നീ ഞങ്ങളുടെ ഇടയിലേക്ക് ആ വിഷക്കായ കൊടുത്തു വിട്ടു. "കൂട്ടുകാർക്ക് ലൗവേർസ് ആകാം പക്ഷേ ലൗവേർസിനൊരിക്കലും തിരിച്ച് കൂട്ടുകാരാകാൻ കഴിയില്ലെ"ന്നു മനസ്സിലാക്കി താൻ ഇതാ പിൻ വാങ്ങുന്നു, അവനും ആഗ്രഹിക്കുന്നത് ഇതു തന്നെയാണോ??!!!, എയ്യ് ആയിരിക്കില്ല അവനു താൻ ഒരു കളിപ്പാട്ടം പോലെയാണ്, കളിപ്പാട്ടത്തിനെ ഒരിക്കലുമവൻ കൈവിട്ടു കളയില്ല, എന്നാൽ തനിക്ക് വേണ്ടിയിരുന്നത് തന്റെ ആ പഴയ കിലുക്കാമ്പെട്ടി കൂട്ടുകാരനെയായിരുന്നു, പ്രണയമെന്ന വിഷം ആ നല്ലവനായ സുഹൃത്തിനെ തന്നിൽ നിന്നുമില്ലാതാക്കി.... 


പ്രണയിതാക്കളായി തങ്ങളിരുവരും പരിപൂർണ്ണ പരാജയമായിരുന്നു.. അനാവശ്യമായ വാശികൾ,കടുമ്പിടിത്തങ്ങൾ എല്ലാം തങ്ങളെ തങ്ങളല്ലാതാക്കി.. അവനിൽ നിന്നകലാൻ തീരുമാനിച്ച ആ നാൾ താൻ ഒരുപാട് കരഞ്ഞു, "പ്രീയകൂട്ടുകാരാ നിന്നെ എനിക്കൊരുപാടിഷ്ടമാണ്, ആ ഇഷ്ടം അതേപോലെ നിലനിൽക്കാൻ വേണ്ടിയാണീ കൂടൂമാറ്റം"..  

***************************************

വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞിരുന്ന ആ നാളുകളിൽ, 'കണ്ണകന്നാൽ ഖൽബകന്നു' എന്ന ചൊല്ലിൽ വിശ്വസിച്ച് അവളിരിക്കെ, ഉറച്ചതീരുമാന ശക്തിയാൽ അവന്റെ ഫോൺ കോളുകൾ പോലും അറ്റെന്റ് ചെയ്യാതെ, ഉള്ളിലുയർന്നു പൊങ്ങുന്ന വിഷമത്തിരമാലകളെ മനസ്സിന്റെ കട്ടിഭിത്തികളുപയോഗിച്ചവൾ തടഞ്ഞു നിർത്തി... പക്ഷെ അകലും തോറും അവനിലേക്ക് അടുക്കാനുള്ള ത്വര അവളിൽ കൂടിക്കോണ്ടിരുന്നു, പ്രണയിതാവായല്ല, ആ പഴയ കൂട്ടുകാരിയായി,പക്ഷേ അത് ഒരിക്കലും നടക്കില്ല,അവൾക്ക് വ്യക്തമായി അറിയാമത്.. അങ്ങിനെ നികത്തപ്പെടാതെ ആ വിടവു അങ്ങിനെ കുറേ നാൾ അവളിൽ കിടന്നു..


വീട്ടിലിരുന്നു മുഷിഞ്ഞ നാളുകളിൽ ഒന്നിൽ അവൾ ഒരു കമ്പ്യൂട്ടർ കോഴ്സിനു ചേർന്നു.. അവിടെ അവൾക്ക് നിറയെ കൂട്ടുകാരെ കിട്ടി.. അല്ല അവർക്കു അവളെ കൂട്ടുകാരിയായി കിട്ടി..അവളെ പോലെ ഒരാളെ കൂട്ടുകാരിയാക്കാൻ ആരുമാഗ്രഹിച്ചു പോകും... 
അവൾക്കു കല്യാണപ്രായമായി, കല്യാണാലോചനകളായി, കൂട്ടത്തിൽ ഏറ്റവും യോഗ്യനെന്നു തൊന്നിയ ഒരാളെ കൊണ്ട് കല്യാണവും കഴിപ്പിച്ച്, അങ്ങിനെ അങ്ങിനെ ഈ കഥ തീരേണ്ടതാണ്.. പക്ഷെ കഥയിലെ നായകതുല്യനായ ഒരു കഥാപാത്രത്തിന്റെ എന്റ്രി ഈ സമയത്താണ് ഉണ്ടായത്..


ദൈവത്തിന്റെ സൂത്രധാര വൈഭവം അപാരമാണ്, സാന്ദർഭികമായി ആരെ രംഗത്തിറക്കണമെന്ന് അദ്ദേഹത്തിനു നന്നായറിയാം.. അങ്ങിനെ നായികയുടെ മുന്നിലേക്ക് കഥയുടെ ഗതി നിർണ്ണയിച്ച ഈ കഥാപാത്രം ആഗതനാകുന്നു.. അവളുടെ പഴയ ഒരു സ്കൂൾ ഫ്രെണ്ട് ആണീ കക്ഷി.. അവിചാരിതമായി അവർ ഇരുവരും കണ്ടുമുട്ടുന്നു.. ഒരു വിടവു നികത്തപ്പെടാൻ ആ കണ്ടുമുട്ടൽ ധാരാളമായിരുന്നു.. അവൾ ഈ  പുതിയ കഥാപാത്രത്തിൽ അവളുടെ പ്രണയിതാവിനെ കണ്ടെത്തി, പ്രണയിതാവെന്നുള്ള ആ സ്ഥാനം പുതിയവനു നൽകിക്കഴിഞ്ഞപ്പോൽ പഴയവനെ ബെസ്റ്റ് ഫ്രെണ്ട് എന്ന സ്ഥാനത്ത് തിരികെ കൊണ്ട് വന്നു പ്രതിഷ്ടിക്കാൻ അവൾക്ക് സാധിച്ചു... അവനോട് അവൾ ഈ പുതിയ ബന്ധത്തെ പറ്റി പറയാനേ പോയില്ല.. ഇത്ര നാളും മിണ്ടാതെ കാണാതെ ഇരുന്നതിലൂടെ അവനും കുറെയൊക്കെ മാറിയിരുന്നു, അനാവശ്യമായ വാശികളും രീതികളുമെല്ലാം ഉപേക്ഷിച്ച് ഒരു നല്ല ആൺകുട്ടിയായ് അവൻ മാറിയിരുന്നു, അവന്റെ ഈ മാറ്റം അവളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്..  അവനു ഇങ്ങിനെയൊരു മാറ്റം ഉണ്ടായികഴിഞ്ഞപ്പോൾ അവളുടെ മനസ്സിലും മാറ്റങ്ങളുണ്ടാവാൻ തുടങ്ങി, പുതിയ കൂട്ടുകാരനെ എന്താവശ്യത്തിനാണൊ ഒരു സ്ഥാനത്ത് പ്രതിഷ്ടിച്ചത് അത് ഇപ്പോൾ ആവശ്യമില്ലാതായിരിക്കുന്നു... നായകനും നായികയും ഒന്നു ചേർന്ന സ്ഥിതിക്കു ആ പുതിയ കഥാപാത്രത്തെ ശ്രദ്ധിക്കേണ്ട ആവശ്യമുണ്ടെന്ന് ദൈവത്തിനും തോന്നിക്കാണില്ല.. അല്പം താമസിച്ചിട്ടാണെങ്കിലും പുതിയവനു കാര്യങ്ങളെല്ലാം മനസ്സിലായി, അവൻ ജീവനു തുല്യം സ്നേഹിക്കുന്ന അവൾക്കു ഒരു നല്ല ജീവിതമുണ്ടാവൻ താൻ ഒരു ശല്യമാവരുത് എന്ന് തോന്നിയവൻ സ്വയം പിൻ മാറി.


[NB: കഥ ഇവിടെ തീരുന്നില്ല ഇതു ഒന്നാം ഘട്ടം മാത്രം]
Related Posts Plugin for WordPress, Blogger...