Monday, March 12, 2012

വൈകി ഉണർന്നപ്പോൾ സംഭവിച്ചത്




മേശപ്പുറത്തിരുന്ന ഗ്ലാസ് തറയില്‍ വീണുടഞ്ഞ ശബ്ദം കേട്ടാണ് അയാള്‍ ഞെട്ടി ഉണര്‍ന്നത്. മുറിയിലപ്പോള്‍ പെന്‍ഡുലം ക്ലോക്കിന്റെ ടിക് ടിക്ക് ശബ്ദം മാത്രം. മണി പതിനൊന്നു കഴിഞ്ഞിരിക്കുന്നു.ഉണരാൻ വളരെ വൈകിയിരിക്കുന്നു.അടുത്തുള്ള കൃഷ്ണ ക്ഷേത്രത്തില്‍ റെക്കോര്‍ഡ്‌ ഇടുമ്പോള്‍ ഉണരാറുള്ളതാണവൻ,എന്തേ ഇന്ന് ഇത്രയും താമസിച്ചു.. 


ആഹ് ..കയ്യിനും കാലിനും ഒക്കെ എന്താ ഒരു വേദന,എഴുന്നേറ്റിരുന്നപ്പോൾ ശരീരമാകെയത് പടരുന്നതറിഞ്ഞു,പിന്നീട് എല്ലുകൾ കൂട്ടിമുട്ടിയുണ്ടാകുന്നത് പോലെയുള്ള ശബ്ദവും, തുറക്കാതിരുന്ന വാതില്‍ തുറക്കുമ്പോള്‍ കേള്‍ക്കുന്ന പോലെ! ഉണരാനെന്താ ഇന്ന് ഇത്രയും താമസിച്ച് പോയത്!?. ഉണ്ണി ചിന്തിച്ചത് അതിനേക്കുറിച്ചാണ്.
"അമ്മാ..അമ്മേ" ഉറക്കെ വിളിച്ചു, മറുപടി ഒന്നും വന്നില്ല. എവിടെ പോയി എല്ലാവരും, അച്ഛനെയും അനിയത്തിയെയും കാണുന്നില്ല.






കൃഷ്ണനുണ്ണി, സിവില്‍ എഞ്ചിനീയര്‍ ആണ്, അമ്മ,അച്ഛന്‍,അനിയത്തി ഇവർ അടങ്ങുന്നതാണ് അവന്റെ കുടുംബം! ,അച്ഛന്‍ കര്‍ഷകന്‍ ആണ്, അനിയത്തി പത്തില്‍ പഠിക്കുന്നു. കൃഷനുണ്ണിയെ പറ്റി പറയാന്‍ നാട്ടുകാര്‍ക്ക് നൂറു നാവാണ്. ഇത്രയും തങ്കപ്പെട്ട ഒരു പയ്യന്‍ ആ നാട്ടില്‍ വേറെ ഇല്ല, പഠിച്ച എല്ലാ ക്ലാസ്സുകളിലും ഒന്നാമന്‍, റാങ്കോട് കൂടി എഞ്ചിനീയറിംഗ് പാസായി, ഉടനെ തന്നെ ഒരു ജോലിയും തരായി! പാട്ട്,ഡാന്‍സ്,ചിത്ര രചന അങ്ങനെ കലാ രംഗത്തും ഒരു പുലിക്കുട്ടി തന്നെയാണ് ഉണ്ണി!അതിരാവിലെ എഴുന്നേറ്റു അമ്പലക്കുളത്തില്‍ പോയി കുളിച്ചു തൊഴുക എന്നുള്ളത് അവന്റെ ശീലമായിരുന്നു.പക്ഷേ ഇന്ന് എന്ത് പറ്റി ?!


അവൻ പതിയെ കട്ടിലില്‍ നിന്നും എഴുന്നേറ്റു, തന്റെ മുറിയില്‍ കാര്യമായ  ഒരു മാറ്റം അവനു അനുഭവപ്പെട്ടു, അല്ലെങ്കിലും ഈ അമ്മ ഇങ്ങനെയാണ് അടുക്കിപ്പെറുക്കി എപ്പോഴും മുറി വൃത്തിയാക്കിക്കൊണ്ടിരിക്കും, പിന്നെ ഒരു സാധനങ്ങളും വെച്ചിടത്ത് കാണില്ല, ഇപ്പൊൾ തന്നെ കണ്ടില്ലേ,ഇന്നലെ പകുതി വായിച്ചു വെച്ച പുസ്തകം കാണുന്നില്ല! 
"അമ്മേ!!! ഈ അമ്മ എവിടെ പോയതാ", ഇന്ന് ഞായര്‍ അല്ലേ...."ലക്ഷ്മീ!! ഡി  ലക്ഷ്മീ!!"
അനിയത്തിയും വിളി കേട്ടില്ല! ഹോ തല പൊട്ടിപ്പിളരുന്നു.., ഒരു ചായ പോലും കൊണ്ടുത്തരാന്‍ ഇവിടെ ആരുമില്ലേ?!! 
"എടീ ലക്ഷ്മീ!!" 
അവന്‍ ഉറക്കെ വിളിച്ചു! എന്നാലും താന്‍ എന്താണ് എഴുന്നേല്‍ക്കാന്‍ താമസിച്ചു പോയത്.. പെട്ടെന്ന് അതി ഭയങ്കരമായ വേദന കൊണ്ട് കൃഷനുണ്ണി പുളഞ്ഞു, തലയില്‍ കൂടി ഒരു കൊള്ളിമീന്‍ പോയ പോലെ . വാതിലില്‍ പിടിച്ചു കൊണ്ട് പതിയെ നിലത്തേക്കിരുന്നു.തന്റെ കാലിലെ നെടുനീളൻ മുറിപ്പാട് ഉണ്ണി ശ്രദ്ധിച്ചത് അപ്പോഴാണ്‌, ഓപ്പറേഷന്‍  ചെയ്തുണങ്ങിയ മുറിവ് പോലെ തോന്നിച്ചു അത്.. ഇത് എങ്ങനെ വന്നു, ഇന്നലെ വരെ തന്റെ കാലില്‍ ഇങ്ങനെയൊരു മുറിപ്പാട്  ഇല്ലായിരുന്നുവല്ലോ!!!!.. ഇതെപ്പോ സംഭവിച്ചു! വിറയ്ക്കുന്ന കൈകളോടെ അവന്‍ കാലില്‍ തടവി !


"ഏട്ടാ!!!!!!! "


അവൻ ഒരു ഞെട്ടലോടെ തലയുയര്‍ത്തി! 
"ഏട്ടാ!!!!!!! എനിക്കിത് വിശ്വസിക്കാന്‍ ആവുന്നില്ല! എട്ടന് സുഖായോ!" 
ലക്ഷ്മിയാണ്‌,, ഇത് ലക്ഷ്മി തന്നെ ആണോ,ഇവള്‍  ഇന്നലെ ഇത്രയ്ക്കും വളര്‍ന്നിട്ടുണ്ടായിരുന്നില്ലല്ലോ! , 
"നീ എന്താ ചോദിച്ചത്??" 
"ഏട്ടാ!!!!!!!!!!!!!!!!
"ലക്ഷ്മി കരഞ്ഞു കൊണ്ട് ഓടി വന്ന് അവനെ കെട്ടിപ്പിടിച്ചു! എന്താണിത്! എന്തിനാനിവള്‍ കരയുന്നത്! അവളെ അടർത്തിമാറ്റിയവൻ ചോദിച്ചു., 
"എന്താ നിനക്ക്, എന്തിനാ നീയ് കരയുന്നത്,? അമ്മ എവിടെ?" 
ഒരു പൊട്ടിക്കരച്ചില്‍ ആയിരുന്നു മറുപടി, ഉള്ളിലൊരങ്കലാപ്പോടെ,അമ്മക്ക് വേണ്ടിയവന്റെ കണ്ണുകള്‍ ആ മുറിക്കു പുറത്തേക്ക് സഞ്ചരിച്ചു കൂട്ടത്തില്‍ ഹാളിലെ ഒരു ഫോട്ടോയില്‍ കണ്ണുടക്കി, അവളെ തള്ളി മാറി ആ ഫോട്ടോയുടെ അടുത്ത് ചെന്നു നിന്നു! 
അമ്മ!!!! അമ്മയുടെ ഫോട്ടോ!!!! 
ഇതെന്തിനാണ് ഇങ്ങനെ മാലയിട്ടു വെച്ചിരിക്കുന്നത്!!!!
"അമ്മേ ! എന്റെ അമ്മേ!!!!!!!!!!!!!!!"
അവൻ അവിടെല്ലാം ഒരു ഭ്രാന്തനെപ്പോലെ തന്റെ അമ്മയെ തിരക്കി നടന്നു..  ബഹളം കേട്ടു അച്ഛന്‍ പറമ്പില്‍ നിന്നും ഓടി എത്തി! അദ്ദേഹവും ആകെ മാറിപ്പോയിരിക്കുന്നു, തലയിൽ വെള്ളിനൂലുകളുടെ എണ്ണം ഇന്നലെത്തേതിനേക്കാൾ വളരെയധികമായിരിക്കുന്നു,നന്നായി മെലിഞ്ഞിട്ടുമുണ്ട്.  ഇവർക്കെല്ലാം ഒറ്റയൊരു ദിവസം കൊണ്ട് എന്താണ് സംഭവിച്ചത്. ഓടി വന്ന അച്ഛൻ അവനെ ആദ്യം കാണൂന്നത് പോലെ സന്തോഷത്തോടും അത്ഭുതത്തോടും കൂടി നോക്കി നിന്നു.
"അച്ഛാ അമ്മ എവിടെ? എന്താ സംഭവിച്ചേ? എന്തിനാ ലക്ഷ്മി കരയണേ?,എന്താ എനിക്ക് സംഭവിച്ചത്?"
ഒരു തേങ്ങലായിരുന്നു അതിനും മറുപടി, !
"അയ്യോ!!!!!!"
അവന്റെ തലയിലൂടെ വീണ്ടുമൊരു കൊള്ളിയാന്‍ പോയി!  ഇത്തവണ വേദന മാത്രമല്ല ചില ഓര്‍മ്മകള്‍ കൂടിയവന്റെ മനസ്സിലേക്ക് ഓടിയെത്തി!ഇന്നലെ അമ്മയുമായി ബൈക്കില്‍ ചിറ്റമ്മയുടെ വീട്ടില്‍ പോയതും മടങ്ങി വരുന്ന വഴി ,ഫോൺ റിങ്ങ് ചെയ്തപ്പോ കോൾ അറ്റെൻഡ് ചെയ്തതും വളവില്‍ വെച്ചു ഏതോ ഒരു വാഹനം തന്റെ ബൈക്കില്‍ തട്ടിയതും!!!!!!!! എത്ര ശ്രമിച്ചിട്ടും ഉണ്ണിക്ക് അത്രയേ ഓര്‍ക്കാന്‍ കഴിഞ്ഞുള്ളു..


കരച്ചിലും ബഹളവും കേട്ടിട്ടാവാം ആരൊക്കെയോ പുറത്ത് വന്നെത്തി നോക്കുന്നു!ചിലരുടെ മുറുമുറുപ്പുകള്‍ തന്റെ കാതിലേക്കും എത്തുന്നു, അമ്മ മരിച്ച ആ അപകടത്തില്‍ പെട്ട് താന്‍ രണ്ടര വര്‍ഷം കോമയില്‍ ആയിരുന്നെന്നോ!!!!!

[NB: Again an old story with some തിരുത്തൽസ്,Avoid phone calls while driving! please..............]
Related Posts Plugin for WordPress, Blogger...