ഈ അച്ഛന്റേം അമ്മേടേം ഒരു കാര്യം, ഞാന്‍ എന്ത് മാത്രം വളര്‍ന്നു എന്ന് ഇവര്‍ക്ക് ഒരു വിചാരോം ഇല്ലാ.. ഇപ്പോഴും ഒരു കൊച്ചു കുട്ടി, അവരുടെ വിരലില്‍ തൂങ്ങി നടന്നിരുന്ന അഞ്ചു വയസ്സുകാരന്‍ ചെക്കാനാന്നാ അവരുടെ വിചാരം.. എന്താ ചെയ്ക, സ്വന്തായി ഒരു തീരുമാനം,അല്ലെങ്കില്‍ ഏന്തെങ്കിലും വാങ്ങിയാല്‍ അതിലൊക്കെ കുറ്റം കണ്ടെത്തുക, ഉപദേശിക്കുക.. ഹോ.. അല്ല എല്ലാ രക്ഷിതാകളും ഇങ്ങനാണോ.. ഒന്നുല്ലേലും എനിക്ക് പത്തിരുപത്തി മൂന്നു വയസ്സുണ്ട് എന്നെങ്കിലും ഓര്‍ക്കണ്ടേ,ആ എളേ സാധനത്തിനു(അനിയനേ!!!)എന്നെക്കാളും വിലയാ വീട്ടില്......
ഇങ്ങനെ ഒക്കെ പുറമേ പറയും എങ്കിലും അവരുടെ മുന്നിലെങ്കിലും ഒരു കൊച്ചു കുട്ടിയായി ഒന്നും അറിയാത്ത ചെയ്യുന്നതിലെല്ലാം കുറ്റങ്ങളും കുറവുകളും ഉള്ള ഒരു പൊടിക്കുഞ്ഞായി കഴിയാനാ എനിക്കിഷ്ടം.. എന്നോടുള്ള ഉപദേശങ്ങള്‍ കൂടുമ്പോള്‍ ഞാന്‍ ഒരു അടവ് എടുക്കും, അവരുടെ ഏന്തെങ്കിലും കുറ്റങ്ങള്‍ കണ്ടു പിടിച്ചു കാര്യ കാരണ സഹിതം അങ്ങോട്ട് ഉപദേശിക്കും, അപ്പൊ അച്ഛന്റെ ഒരു ഡയലോഗ് ഉണ്ട്." അവനെ വഴക്ക് പറയുന്നത് അവനിഷ്ടല്ല.." എന്ന്..
ഈ കഴിഞ്ഞ ഒരു ദിവസം.....
"ഡാ ഇതെന്തുവാട..ഈ കൊണ്ടു വെച്ചേക്കുന്നത് ...??"
"അത്.. അത്... ഒരു പുതിയ യു പി എസ്സാണച്ചാ ."
"പഴയത് എവിടെ..? ഇന്നാളിലല്ലേ ഞാന്‍ ഒരെണ്ണം വാങ്ങി വെച്ചത്...!!"
"അതച്ചാ....... അതില് ചാര്‍ജേ നിക്കണില്ലാ .. അത് കൊണ്ട് പുതിയ ഒരെണ്ണം വാങ്ങിയതാ.."
"അത് ശരി സ്വന്തായി തീരുമാങ്ങള്‍ ഒക്കെ എടുക്കാറായോ...? ഹും നിന്റെ ക്യാഷ്...അപ്പൊ നിനക്ക് എന്തും ആവാല്ലോ....... ഒരു വാക്ക് ചോദിക്കണ്ട, പറയണ്ട..."
(അമ്മയോട്) "എടിയെ ഈ സാധനം വാങ്ങിക്കുന്ന കാര്യം നിന്നോട് പറഞ്ഞാരുന്നോ...??"
(ഞാന്‍ അമ്മയോട് കണ്ണ് കൊണ്ട് സിഗ്നല്‍ കാണിച്ചു)
"ഉം പറഞ്ഞാരുന്നു ചേട്ടാ.. എന്താ.."
"ഓഹോ അത് ശരി നിന്നോട് പറഞ്ഞാരുന്നല്ലേ.. അപ്പൊ നിനക്കൊക്കെ ഒറ്റയ്ക്ക് തീരുമാനം എടുക്കാറായി! !!!"
അമ്മ രൂക്ഷമായി എന്നെ നോക്കി...ഈശ്വരാ ഇന്നിവിടെ വല്ലതും നടക്കും....
ഒരു വെടിമരുന്നു ശാലയുടെ അടുത്തു തീ കൂട്ടിയിട്ടു തിരികെ പോരാന്‍ മനസ്സ് അനുവദിക്കാഞ്ഞത് കൊണ്ട് ഞാന്‍ വിഷയം മാറ്റാനായി , കൂടെ എന്റെ വില ഉയര്‍ത്തിക്കാട്ടാനായും ഇങ്ങിനെ സംസാരിച്ചു തുടങ്ങി...
"അച്ഛാ... അച്ചോ... അച്ഛന്‍ ചൂടാവാതെ.."
"ഉം എന്താ..."
"അച്ഛന് ഭയങ്കര സന്തോഷാവണ കാര്യാ..പറയട്ടെ..."
"ഉം പറഞ്ഞു തൊലക്ക്...."
"അച്ഛാ...അച്ഛന്‍ വിചാരിക്കണ പോലല്ലാ.. "
"അതേ നീ ഞാന്‍ വിചാരിക്കണ പോലെ അല്ലാ..അതൊരു പുതിയ അറിവല്ല..
വേറെന്തെങ്കിലും പറയാന്‍ ഉണ്ടോ??!!!"
"അയ്യോ അച്ഛാ അങ്ങിനെ അല്ല.. അച്ഛന്‍ ഈ ഈ ബ്ലോഗ് ബ്ലോഗ് എന്ന് കേട്ടിട്ടുണ്ടോ? "
"ഉവ്വാ..! ഉണ്ടെടാ മോനെ പക്ഷേ അത് ഗ്ലോബല്ലേ.. നേരെ ചൊവ്വേ പറയാന്‍ പഠിക്കെടാ ചെക്കാ...."
"അയ്യോ അച്ഛാ ഗ്ലോബ് അല്ല.. ബ്ലോ..ഗ്... ബ്ലൊഗ്, എനിക്കൊരു ബ്ലോഗുണ്ടെന്ന് അച്ഛന് അറിയാമോ?"
"നിനക്ക് ബ്ലൊഗ് ഉണ്ടെന്ന്‍ അറിയില്ല, നല്ല അടിയുടെ കുറവുണ്ടെന്ന് അറിയാം.. പിന്നെ അഹങ്കാരം നല്ലത് പോലെ ഉണ്ടെന്നും അറിയാം.."
"അച്ഛാ താമാശിക്കാതെ... ഇത് കേള്‍ക്ക്.."
"അല്ല നീ ഈ ബ്ലൊഗ് വാങ്ങിയത് എന്നോട് പറഞ്ഞില്ലല്ലോ.."
(ഈശ്വരാ)"എന്റെ പോന്നച്ചാ ബ്ലോഗ് എന്ന് പറഞ്ഞാല്‍ ഇന്റര്‍നെറ്റില്‍ നമുക്ക് ഫ്രീ ആയി ഉപയോഗിക്കാവുന്ന, നമുക്ക് ഇഷ്ടമുള്ള എന്തും എഴുതാവുന്ന ഒരു പ്രത്യേക സ്ഥലമാണ്.."
"ഫ്രീ ആണെങ്കില്‍ സാരമില്ല,ഹും! എന്ത് പണ്ടാരം ഏലും ആവട്ട്, ആ ബ്ലോഗില്..???"
"അല്ല എനിക്കും ഉണ്ട് ഒരു ബ്ലോഗ് , അവിടെ ഞാന്‍ കഥയെഴുതും, അനുഭവങ്ങള്‍ ഏഴുതും, പിന്നെ കുറെ കള്ളത്തരങ്ങളും ഒക്കെ ഏഴുതും.."
"ആഹ്.. എന്നിട്ട് അവിടെ ഇപ്പൊ എന്തോ സംഭവിച്ചു?"
"അല്ല അച്ഛനും അമ്മയ്ക്കും അല്ലേ എന്നെ വിലയില്ലാത്തത്.. ദ അവിടേക്ക് വന്നു ഒന്ന് നോക്കിയാട്ടെ, ഞാന്‍ എഴുതിയ കഥകളും കവിതകളും അനുഭവക്കുറിപ്പുകളും ഒക്കെ വായിച്ചിട്ട് എത്ര വല്യ ആളുകളാ എനിക്ക് കമന്റ് ഇട്ടെക്കുന്നത്"
"ഹാ ഹാ ഹാ ഹാ ഹാ ഹാ .... അയ്യോ.. അയ്യോ എനിക്ക് വയ്യേ!!!!"
(അത് വരെ ഗൌരവ ഭാവത്തില്‍ ഇരുന്ന അച്ഛന്‍,അട്ടഹസിക്കുന്നത് കണ്ട്, ഇഷ്ടം സിനിമയിലെ ദിലീപിന്റെ മുഖ ഭാവത്തോടെ ഞാന്‍..)
"എന്താ ഇത്ര അങ്ങ് ചിരിക്കാന്‍...??!!!"
"ഹാ ഹാ ഹാ ഹാ ഹാ ഹാ ..ഒന്നൂലെടാ മോനെ!!! ഹാ ഹാ..."
അച്ഛന്‍ ആളെ കളിയാക്കുവാണോ...???!!!"
"അല്ലേടാ മോനെ സത്യമായും ചിരി വന്നു പോയെടാ..."
"ഹും!"
"ഹാ ഹാ.. നിന്റെ പൊട്ടത്തരങ്ങള്‍ കണ്ടിട്ടും അഭിപ്രായം പറയാനും ആളുകളോ...കലികാലം...ഹാ ഹാ ഹാ..."
"...ഈ അച്ഛനോട് ഇനി മേലാല്‍ മിണ്ടില്ല... ഇനി ഇങ്ങു വന്നേക്കണം...! കാണിച്ചു തരാം.."
"അമ്മേ .. അമ്മേ ... !"
"എന്തുവാടാ പൊന്നേ.. ?"
"അമ്മ ബ്ലോഗ് ബ്ലോഗ് എന്ന് കേട്ടിട്ടുണ്ടോ..?!!"
"പിന്നെ ഞാന്‍ കേട്ടിട്ടുണ്ട്... നീ ഇടയ്കിടെ പറയാറില്ലേ... ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്..."
"..ഹും..അച്ഛാ കേട്ടു പഠിക്ക്, അച്ഛന് എന്നെ വിലയില്ലേലും അമ്മക്ക് വിവരം ഉണ്ട്, അത് കൊണ്ട് എന്നെ വിലയും ഉണ്ട്..."
" ഡാ മോനെ ആ ബ്ലോഗിന് ഇപ്പൊ എവിടെയാ ജോലി ആയെന്നു പറഞ്ഞത്?!!!"
"എന്താ!!!!!!!!!!... ആര്!!!!!!!!!!...എപ്പോ!!!!!!!!!!!!!!.... എങ്ങിനെ!!!!!!!!!!... :-O .???!!!!"
(വീണ്ടും ഇഷ്ടത്തിലെ ദിലീപിന്റെ മുഖം..)
(വീണ്ടും ഇഷ്ടത്തിലെ ദിലീപിന്റെ മുഖം..)
"അല്ല അവന്‍ നിന്റെ കൂടെ പഠിച്ചവനല്ലേ..."
"ആര് ബ്ലോഗോ...!!!!!!!!!!!!!!!!!!!"
ഹോ ഈ അമ്മയും നമ്മളെ കളി ആക്കാന്‍ ഇരിക്കുവാണല്ലേ....ഹും അതെങ്ങനെയാ പണ്ടേ എനിക്ക് പണി തരുന്ന അച്ഛന് കൂട്ട് നിക്കുന്ന ആളല്ലേ.. അമ്മ...!!
എന്റെ റൂമിന്റെ വാതില്‍ ശക്തമായി അടയുമ്പോള്‍(അടക്കുമ്പോള്‍) അച്ഛന്റെ പൊട്ടി പൊട്ടിയുള്ള ചിരി കേള്‍ക്കാമായിരുന്നു, കുറച്ചു നേരം മസ്സില്‍ പിടിച്ചു നിന്നു എങ്കിലും അല്പം കഴിഞ്ഞപ്പോള്‍ അറിയാതെ എനിക്കും ചിരി പൊട്ടി.....
[NB:അച്ഛനെ ചുള്ളാ എന്നും അമ്മയെ ചുള്ളത്തി എന്നും വിളിച്ചെന്ന് കരുതി അവര്‍ എന്റെ ദൈവങ്ങള്‍ അല്ലാതാകുന്നില്ല, കടപ്പാട് വിശാല മനസ്കന്‍...]