എന്തെഴുതിയാലും അതിൽ കടലും കരയും കടന്ന് വരും, എന്താ ചെയ്ക.. ഇന്നിപ്പോ ഈ എഴുത്തിൽ അത് മാത്രമേ ഉണ്ടാകൂ, കടലിൽപ്പോയ കാര്യം എഴുതുമ്പൊ പിന്നെ മലയും പുഴയും കടന്ന് വരുമോ!!
ഇന്ന് വീട്ടിൽ തന്നെയാ, പനി പിടിച്ചിരിക്കയാണ്, മറ്റ് പണിയൊന്നുമില്ലാണ്ടിരുന്നിട്ടാ ഈ കുത്തിക്കുറിക്കൽ/കുത്തി റ്റൈപ്പിങ്ങ്. അനുവിനൊപ്പം ഇന്നലെ ആലപുഴയിൽ പോയി,അവൻ ചെന്നൈക്ക് തിരികെ പോകയാണ്,ജോലി സ്ഥലത്തേയ്ക്ക്,അവൻ വീട്ടിൽ നിന്ന് ലേറ്റ് ആയി ഇറങ്ങിയ കാരണം കായംകുളത്ത് നിന്നും ഒരു ടാക്സി പിടിക്കേണ്ടി വന്നു, പാവത്താന്റെ ആയിരത്തിച്ചില്ലറ രൂപ വെള്ളത്തിലായി, തൃശ്ശൂർന്നാണ് ടിക്കറ്റ്, ആലപ്പുഴയിലെത്തി തൃശ്ശൂർക്ക് വരെയുള്ള ടിക്കറ്റ് എടുക്കാൻ സമയം തികഞ്ഞില്ല, അവൻ രണ്ടും കൽപ്പിച്ച് ട്രെയിനിൽ കയറിപ്പോയി, റ്റി റ്റി ആർ വന്നാൽ ഫൈൻ ഉണ്ടാകും,(പിന്നീട് തുറവൂരെത്തി ടിക്കറ്റെടുത്തു എന്ന് വിളിച്ചു പറഞ്ഞു) നാലു മണിയുടെ ചെന്നൈ വണ്ടിക്ക് അവൻ പോയതിനു ശേഷം ഞാൻ പതിയെ ആലപ്പുഴ ബീച്ചിലേക്ക് നടന്നു, ആദ്യായിട്ടല്ല അവിടെ പോകുന്നതെന്നാലും ഇന്നലെ അവിടം വീണ്ടും കണ്ടപ്പോൾ ആദ്യമായി കാണുന്ന പ്രതീതി, കേരളത്തിലെ മൂന്ന് ബീച്ചുകളിൽ ഞാൻ പോയിട്ടുണ്ട്, കൊല്ലത്തും കോവളത്തും പിന്നെ ഇവിടേയും, വ്യക്തിപരമായി ഏറ്റവും മനോഹരമായ ബീച്ച് ആയി എനിക്ക് തോന്നിയിട്ടുള്ളത് ആലപ്പുഴയെയാ. ഇവിടെ കടൽ വളരെ ശാന്തമാണ്,കൊച്ചു കുട്ടികൾ വരെ പേടി കൂടാണ്ട് കടലിൽ കുളിക്കേം കളിക്കുകയും ചെയ്യുന്നു. ജില്ലാ ടൂറിസം വകുപ്പിന്റെ ഓണാഘോഷങ്ങൾ ഉണ്ടായിരുന്നു ഈ സമയങ്ങളിൽ. ഇന്നലെ അതിന്റെ സമാപന ദിവസമായിരുന്നു. ഒരു വശത്ത് അവരുടെ വക കലാപരിപാടികൾ അരങ്ങേറുന്നുണ്ടായിരുന്നു, വടം വലിയും ഓട്ടൻ തുള്ളലും കളരിപ്പയറ്റ് അഭ്യാസങ്ങളും കണ്ടു. ഇന്നലത്തെ പ്രകൃതിയും മനോഹരമായിരുന്നു, ആകാശത്ത് കാർമേഘങ്ങൾ കുറവായിരുന്നു/ഇല്ലായിരുന്നു എന്ന് തന്നെ പറയാം. ബീച്ചിന്റെ ഇടത് ഭാഗത്ത് കൂടിയാണ് ഞാൻ കടന്ന് ചെന്നത്, ആദ്യമേ കണ്ണില്പ്പെട്ടത് കടൽപ്പാലമാണ്.
|
കടൽപ്പാലം |
കടൽപ്പാലം
|
കടൽപ്പാലം
|
|
കടൽപ്പാലം
|
പഴമയുടെ അടയാളമെന്ന വണ്ണം കടലിലേക്ക് നീണ്ടു കിടക്കുന്ന കടൽപ്പാലമാണ് ഇത്, ഇന്നിപ്പോ ഇതിനെ പാലമെന്നൊന്നും വിളിക്കാനാവില്ല, പണ്ടെങ്ങോ നിനലിന്നിരുന്ന പാലത്തിന്റെ സ്കെൽട്ടൺ എന്ന് വിളിക്കാം, 2004ലെ സുനാമിയിലാണ് ഇത്തിരിയെങ്കിലും പാലമായിരുന്ന ഇത് അസ്ഥികൂടമായി ചുരുങ്ങിയത്. പാശ്ചാത്യരുടെ നിർമ്മിതിയായത് കൊണ്ടാകാം ഇതെങ്കിലും അവശേഷിച്ചിരിക്കുന്നത് :) അതിനു ശേഷം വലത് ഭാഗത്തേയ്ക്ക് നടന്നു, ചുമ്മാ ആകാശത്തേയ്ക്ക് വെടി വെക്കണ പോലെ ക്യാമറ ഇട്ട് ക്ലിക്കി, അപ്പോ കിട്ടിയതാ ചുവടേ കാണണത്.
|
Alappuzha beach |
|
Alappuzha beach
|
നല്ല പഞ്ചാര മണലാണിവിടെ, കിടന്നുരുളാൻ തോന്നുന്നത്ര മിനുസം :). ഒറ്റയ്ക്കായതൊണ്ട്, പിന്നെ ബസ്സിലോ റ്റ്രയിനിലോ കയറി പോകണം എന്നതും കൊണ്ടും ഞാൻ ആഗ്രഹം ഉള്ളിലൊതുക്കി. കുട്ടികൾക്കും വലിയവർക്കും വേണ്ട എല്ലാ കളിക്കോപ്പുകളും ഇവിടെ കിട്ടും. ചില പിള്ളാർടെ കളികൾ കണ്ട് കുറച്ച് സമയം അവിടെ നിന്നു.
|
Alappuzha beach
|
|
Alappuzha beach
|
ദിവന്റെ ആ പോസ് കണ്ടാലറിയാം ഇവൻ ഭാവിയിലെ നല്ലൊരു ഫുട്ബോൾ പ്ലേയറാകും, ഈ ഷോട്ടിന്റെ തൊട്ടടുത്ത് ഒരെണ്ണം കൂടി ഇവൻ കാച്ചി അത് കറക്ടായിട്ട് അടുത്തുണ്ടായിരുന്ന കപ്പലണ്ടിക്കടയിലാ പതിച്ചത്. :)
|
Alappuzha beach
|
|
Alappuzha beach
|
ഇവളും ഒട്ടും മോശമല്ല, മുകളിലെ ആ പയ്യന്റെ അനിയത്തിയാണെന്ന് തോന്നുന്നു, താഴെയുള്ളത് വേറൊരു ടീം. എല്ലാവരുടേയും ഗോൾ പോസ്റ്റ് ആ കപ്പലണ്ടിക്കാരനായിരുന്നു എന്നുള്ളത് യാദൃശ്ഛികമാവാം :)
|
Alappuzha beach
|
താഴെക്കാണുന്ന ചെങ്ങാതി ഒരു സമാധാനപ്രിയനാണെന്ന് തോന്നുന്നു, ആരേയും ശല്യം ചെയ്യാണ്ട് പട്ടം പറത്തിക്കളിക്കുന്നു.
|
Alappuzha beach |
പിന്നീട് വയറിന്റെ വിളിയെത്തി, ഉച്ചയ്ക്ക് കാര്യമായി ഒന്നും കഴിച്ചിരുന്നില്ല, അതിനാൽ വിശക്കാൻ തുടങ്ങിയിരുന്നു, ബീച്ചിലേക്ക് നോക്കിയപ്പോ ദാ ഇതൊക്കെ കണ്ടു. ഈ മുളകൊക്കെ ഇങ്ങിനെ തൂക്കിയിട്ട് കഴിഞ്ഞാൽ വായിലു വെള്ളം നിക്ക്വോ? അല്ല നിങ്ങളു പറ.. :)
ചെന്ന് നിന്നത് ദാ ഈ മുകളിലെ രണ്ട് ഐറ്റംസിന്റെ മുന്നിലാ, മുളക്/മുട്ട/കോളി ഫ്ലവർ ബജികൾ വില്ക്കുന്ന സ്ഥലത്തും, പിന്നെ രണ്ട് കൊച്ചു കുട്ടികൾ നടത്തുന്ന ഉപ്പുമാങ്ങ/നെല്ലിക്ക/പൈനാപ്പിൾ തുടങ്ങിയവ വിൽക്കുന്നിടത്തും, രണ്ടിടത്തൂന്നും കഴിച്ചു, മുളകും പിന്നെ മാങ്ങയും, നല്ല ടേസ്റ്റുണ്ടായിരുന്നു. :)
ഒട്ടകത്തിന്റെ മുകളിലിരുന്നുള്ള സവാരിക്കും ആളുകൾ താത്പ്പര്യം കാണിക്കുന്നുണ്ടായിരുന്നു. ദാ അതിന്റെ ചില ചിത്രങ്ങൾ.
|
Alappuzha beach
|
|
Alappuzha beach
|
പിന്നീട് ടൂറിസം വകുപ്പിന്റെ പരിപാടികളിലേക്കൊന്ന് എത്തി നോക്കി വാശിയേറിയ വടം വലി നടക്കുകയായിരുന്നു അപ്പോൾ. ആനയുമായുള്ള വടം വലിയും ഉണ്ടായിർന്നു പോലും..അത് പകർത്താനായില്ല.
പിന്നീട് വിവിധ കളരി സംഘങ്ങളുടെ സൗഹൃദ പ്രദർശനങ്ങൾ ഉണ്ടായിരുന്നു. കളരിപ്പയറ്റിന്റെ ചിത്രങ്ങളെടുക്കാൻ നോക്ക്കിയപ്പോഴും ബാറ്ററി എക്സ്വാസ്റ്റഡ് കാണിച്ചു തുടങ്ങി, ചാർജ്ജ് ചെയ്യാൻ മറന്ന് പോയതോണ്ട് അതൊന്നും എടുക്കാൻ പറ്റീല. കളരിഅഭ്യാസങ്ങളിൽ ഇത്തിരിയോളം പോന്ന പെൺകുട്ടികൾ വരെ ഉണ്ടായിരുന്നു, അതുങ്ങളുടെ ഒക്കെ അഭ്യാസങ്ങൾ കണ്ട് അന്തം വിട്ട് നിൽക്കാനേ ആയുള്ളൂ.
|
Alappuzha beach
|
അങ്ങിനെ കാഴ്ചകൾ കണ്ട് സമയം 7 മണിയായി, തിരികെ പോകാനുള്ള സമയം ആയി
[NB: കടലും കണ്ട് നടന്നപ്പോൾ, എന്റെ മനസ്സിൽ കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ വായിച്ച
നീലിമയുടെ ആ കവിതയായിരുന്നു.
'ഇന്നലെയാണ് കടല്‍ തീരത്ത് പോകുന്നത് '...
പാതിമറഞ്ഞ ഓര്‍മ്മയുടെ നാല് കാല്‍പ്പാടുകള്‍
തിരതട്ടി തകരാതെ തെളിഞ്ഞ് കിടപ്പുണ്ട് ..
കാലമെടുത്തൊന്ന് മായ്ച്ചു നോക്കി
ഉണങ്ങാത്ത മുറിവില്‍ ഉപ്പുരസം തൊട്ടൊന്ന് നീറ്റി
പ്രണയം ഒരു ശംഖിനുള്ളില്‍ കടലിനെ തന്ന്
നാളേക്കായി പിരിഞ്ഞു പോയി .. ..
]