Sunday, January 23, 2011

ഏവൂര്‍ ആറാട്ട്‌!

ന്ന് എന്റെ ഉണ്ണിക്കണ്ണന്റെ ആറാട്ട്‌ ആയിരുന്നു! ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടു നിന്ന ഈ വര്‍ഷത്തെ ഉത്സവത്തിനു ഇന്ന് ഏതാനും നിമിഷങ്ങള്‍ കൂടി കഴിയുമ്പോള്‍ കൊടിയിറങ്ങും! ഇത് വരെയും ഞാന്‍ അമ്പലത്തില്‍ തന്നെ ആയിരുന്നു! സാമാന്യം നല്ല തിരക്കുണ്ടായിരുന്നു ഇന്ന്! കോടി എറിയതിന്റെ അന്ന് പോയതില്‍ പിന്നെ ഇന്നാണ് പോകാന്‍ കഴിഞ്ഞത്! ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ഐതീഹ്യവും ബാക്കി കാര്യങ്ങളും എല്ലാം ഞാന്‍ ഈ ബ്ലോഗില്‍ തന്നെ പോസ്ടിയിട്ടുണ്ട്(വിക്കിപീടിയയില്‍ നിന്നും) അത് ഒന്ന് കൂടി ഇവിടെ വിവരിക്കാം..
പണ്ട് വളരെ പണ്ട് ദ്വാപര യുഗത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ കാലത്ത് ആണ് സംഭവം! നമ്മുടെ അഗ്നിദേവന്‍ മഹാ തീറ്റപ്രാന്തന്‍ ആയിരുന്നു! എല്ലാ യാഗങ്ങളിലും പോയി ഉള്ള ഹവിസ്സും എണ്ണയും തേനും എന്ന് വേണ്ട  ഉള്ള ചപ്പു ചവറെല്ലാം തട്ടിവിടും!(അഗ്നി സാക്ഷി ആയിട്ടാണല്ലോ യാഗങ്ങള്‍ നടക്കാറ്!! ) അങ്ങനെ ഇതെല്ലാം കൂടി കഴിച്ച്‌ കഴിച്ച്‌ പുള്ളിക്കാരന് കലശലായ വയറു വേദന പിടിപെട്ടു! വയറു വേദന എന്ന് പറഞ്ഞാല്‍ നിക്കാനും വയ്യ ഇരിക്കാനും വയ്യ കിടക്കാനും വയ്യ എന്ന അവസ്ഥ! അങ്ങനെ അഗ്നി ദേവന്‍  ഓടി ഒരു ഡോക്ടര്‍ കൂടി ആയ ബ്രഹ്മദേവന്റെ അടുത്ത് എത്തി, അദ്ദേഹം അഗ്നിയെ പരിശോദിച്ച   ശേഷം ഇങ്ങനെ പറഞ്ഞു! ലോണ്ട ലവിടെ കൊറേ ദുഷ്ട ജന്തുക്കള്‍ വാഴുന്ന ഒരു കൊടും വനം ഉണ്ട്,പേര് ഖാണ്ടവവനം, നീ പോയി അതങ്ങ് മുച്ചൂടും തിന്നു കൊള്‍ക,വയറു വേദന പമ്പ കടക്കും!! അഗ്നി കേട്ട പാതി കേള്‍ക്കാത്ത പാതി നേരെ സ്പോട്ടില്‍ എത്തി ഒരു ഭാഗത്തൂന്ന് അങ്ങ് ദഹിപ്പിക്കാന്‍ തുടങ്ങി, പക്ഷേ അന്നേരം അല്ലേ രസം,ദേ മുട്ടന്‍ മഴ! അഗ്നി കുറെ ശ്രമിച്ചു! തീ പിടിച്ചു വരുമ്പോഴേക്കും മഴ പെയ്യും! ശെടാ ഇതെന്ത് കൂത്ത്! അപ്പോഴല്ലേ അഗ്നിക്ക് സംഗതിയുടെ കിടപ്പ് വശം മനസ്സിലായത്, ദേവന്മാരുടെ രാജാവായ ദേവേന്ദ്രന് ചില്ലറ രഹസ്യ ഇടപാട് കാര് ആ കാട്ടില്‍ ഉണ്ടായിരുന്നു! അതായത് സര്‍പ്പങ്ങളില്‍ ശ്രേഷ്ടനായ തക്ഷകന്‍ ആ കാട്ടില്‍ ആണ് വസിക്കുന്നത്! തക്ഷകനും ദേവേന്ദ്രനും അടയും ചക്കരയും പോലെ സുഹൃത്തുക്കളും! അഗ്നിക്കാണെങ്കില്‍ വയറു വേദന കൊണ്ട് നില്ക്ക കള്ളി ഇല്ലാതായി! പുള്ളിക്കാരന്‍ പ്രാണനും കൊണ്ട് സാക്ഷാല്‍ കണ്ണന്റെ മുന്നില്‍ എത്തി(ഭഗവാന്‍ കൃഷ്ണനും അര്‍ജുനനും ബ്രാഹ്മണരുടെ വേഷത്തില്‍ അവിടെ എത്തിയിരുന്നു), അഗ്നി അവരോടു സഹായം ചോദിച്ചു,സഹായം പൊതിഞ്ഞു കെട്ടി നടക്കുന്ന  ഇരുവരും സഹായിക്കാം എന്ന് ഏറ്റു,നമ്മുടെ കണ്ണന് ഒരു കുഴപ്പം ഉണ്ട് പകരം ഒരു അവല് മണി എങ്കിലും കിട്ടാതെ ആര്‍ക്കും ഒരു ചുക്കും ചെയ്യില്ല,അതറിയാവുന്ന അഗ്നി കണ്ണന് ഒരു സുദര്‍ശന ചക്രവും അര്‍ജുനന് അമ്പോടുങ്ങാത്ത ഗാന്ധീവം എന്ന വില്ലും സമ്മാനിച്ചു. പിന്നെയും അഗ്നി കാട് ദഹിപ്പിക്കാന്‍  തുടങ്ങിയപ്പോള്‍ അഹങ്കാരിയായ ഇന്ദ്രന്‍ കൊടും മഴയുമായി സ്ഥലത്ത് എത്തി,അപ്പോള്‍ കണ്ണന്‍ നേരെ അര്‍ജുനനെ വിളിച്ചു ! അല്ലയോ അര്‍ജുനാ നീ അഗ്നിയെ ഖാണ്ടവ വനം ദഹിപ്പിക്കാന്‍ സഹായിച്ചാലും! അങ്ങനെ കൃഷ്ണ ഭഗവാന്റെ നിര്‍ദേശത്താല്‍ അര്‍ജുനന്‍ തന്റെ അമ്പോടുങ്ങാത്ത ആവനാഴിയില്‍ നിന്നും ഓരോ ഓരോ അമ്പുകള്‍ എടുത്ത് എയ്ത് കാടിന് മുകളിലായി ഒരു ശരകൂടം ഉണ്ടാക്കി!അഗ്നിയുടെ ഭക്ഷണം മുടക്കികൊണ്ടിരുന്ന ഇന്ദ്രന്റെ ഈ പ്രവര്‍ത്തിയില്‍ കണ്ണന് ഭയങ്കരമായ ദേഷ്യം വന്നു,സാധാരണ അങ്ങനെ വരേണ്ടതല്ല,പക്ഷേ വിവരം ഉള്ള ഒരു ദേവന്‍ വെവരക്കേട്‌ കാണിച്ചാല്‍ ദേഷ്യം വരാണ്ടിരിക്കുമോ?!,അദ്ദേഹം കയ്യില്‍ ഉണ്ടായിരുന്ന സുദര്‍ശന ചക്രം ഉപയോഗിച്ച് ഇന്ദ്രനെ കൊല്ലാന്‍ ശ്രമിച്ചു! നില്ക്ക കള്ളി ഇല്ലാതായ ഇന്ദ്രന്‍ അവസാന അടവ് എടുത്തു,നേരെ കണ്ണന്റെ കാലില്‍ വീണു, ഭഗവാന്‍ അത് ക്ഷമിച്ചു.  അങ്ങനെ അഗ്നി ആ കാട് മുഴുവന്‍ തിന്നു ഒരു ഏമ്പക്കവും വിട്ടു,വയറു വേദനയില്‍ നിന്നും മുക്തനായി!.അതിനിടക്ക് കണ്വ മഹര്‍ഷി അവിടെ എത്തുകയും അദ്ദേഹത്തിന്റെ ആവശ്യ പ്രകാരം അവിടെ ഒരു കൃഷ്ണ പ്രതിഷ്ഠ നടത്തുവാന്‍ അഗ്നി തയ്യാറാവുകയും ഉണ്ടായി , പ്രതിഷ്ഠ നടത്താനുള്ള സ്ഥലം കണ്ടെത്താനായി അര്‍ജുനനന്‍ ഒരു അമ്പ്‌ എയ്തു . അത് വന്നു വീണ സ്ഥലം ആണ് ഏവൂര്‍! അഥവാ എയ്ത ഊര്! ഇന്ദ്രനെ കൊല്ലാന്‍ നിന്ന ആ ഭാവം ആണ് കൃഷ്ണ പ്രതിഷ്ടക്ക് ഉള്ളത്! അതായത് അപൂര്‍വമായ ഒരു പ്രതിഷ്ഠ ആണ് ഇവിടുത്തേത്! ഓടക്കുഴലും കയ്യിലേന്തിയുള്ള കൃഷ്ണനെ നമുക്ക് ഇവിടെ കാണാന്‍ കഴിയില്ല,മറിച്ച് ചക്രായുധ ധാരിയായ ശ്രീകൃഷ്ണ സ്വാമിയെ ആണ് കാണാന്‍ കഴിയുക!! ആദ്യ പൂജ ചെയ്തത് അര്‍ജുനന്‍ ആണ്! ഭഗവാന്‍ ശിവന്റെ അവതാരമായ ഭൂതനാധസ്വാമിയും യക്ഷിയമ്മയും ഉപദേവതകളായി ഇവിടുണ്ട്! അന്ന് കത്തിയ വനത്തിന്റെ ഒരു ചെറു ഭാഗം ഇപ്പോഴും ഉണ്ടിവിടെ! അടുത്തുള്ള സ്ഥലങ്ങള്‍ എല്ലാം ആ ഖാണ്ടവ ദഹനുവുമായി ബന്ധപ്പെട്ടിരിക്കുന്നു! അന്ന് തക്ഷകനും മറ്റു സര്‍പ്പങ്ങളും കുടിഏറിപ്പാര്‍ത്ത സ്ഥലം ആണ് മണ്ണ് ആറിയ ശാല അഥവാ മണ്ണാറശാല! പിന്നെ കത്തിയ തടിയും കരിയും മറ്റും ഒലിച്ചു പോയ പുഴ ഉള്‍പ്പെട്ട സ്ഥലം ആണ്  കരിപ്പുഴ,പിന്നെ പാണ്ടവര്‍കാവ് പത്തിയൂര്‍ (കത്തിയ ഊര്) അങ്ങനെ പോകുന്നു.....

[NB:ഇപ്രാവശ്യത്തെ ഉത്സവത്തിന്റെ ചില ചിത്രങ്ങളും വീഡിയോകളും ഉള്പെടുത്തുന്നു!]







































Related Posts Plugin for WordPress, Blogger...