Wednesday, January 26, 2011

ബാല്യകാല സ്മരണകള്‍ | Nostalgia

കുട്ടിക്കാലത്ത് പ്രേത കഥകള്‍,യക്ഷികഥകള്‍ തുടങ്ങിയവ കേട്ടു പേടിക്കാന്‍ വല്യ ഇഷ്ടം ആയിരുന്നു(ഇപ്പോഴും!),എന്റെ അമ്മൂമ്മ(അമ്മയുടെ അമ്മ) അങ്ങനെ കഥകള്‍ ധാരാളമായി ഒന്നും പറയില്ലെങ്കിലും ചിലതൊക്കെ പറഞ്ഞിട്ടുണ്ട്. 

അമ്മയുടെ കുടുംബം അല്പം പഴയ ഒരു തറവാട് ആണ്!!അവിടത്തെ പഴയ കാരണവര്‍മാരുടെ കഥകളും പഴയ അമ്മൂമ്മമാരുടെ കഥകളും ഒക്കെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് സജീവമായി പറഞ്ഞു കേള്‍ക്കാരുണ്ടാരുന്നു..വളരെ വളരെ പണ്ട് ആ കുടുംബത്തിലെ ഒരു പ്രായം ചെന്ന കാരണവര്‍ ആര്‍ക്കോ കുറച്ചു 'ചക്രം'(ക്യാഷ്!) കടം കൊടുത്തിരുന്നു, ഒരിക്കല്‍ സാമ്പത്തികമായി ഞെരുക്കം വന്നപ്പോള്‍ അദ്ദേഹം അത് തിരിച്ചു ചോദിച്ചു, അയാള് ചില അവധികള്‍ ഒക്കെ പറഞ്ഞു,പക്ഷേ കൊടുത്ത  അവധികള്‍ കുറെ കഴിഞ്ഞിട്ടും പണം തിരികെ കിട്ടിയില്ല ഒടുവില്‍ അത് വാങ്ങിച്ചു എടുക്കാനായി അദ്ദേഹം നേരിട്ട് അയാളെ കാണാന്‍  പോയി, അന്ന് എല്ലാവര്‍ക്കും ജോലി കൃഷി ആണല്ലോ.. ഈ കടം വാങ്ങിയ ആളും ഒരു കൃഷിക്കാരന്‍ ആയിരുന്നു, ഈ കാരണവര്‍ അയാളോട് പണം തിരികെ ചോദിച്ചു, പക്ഷേ അയാള് അത് കൊടുത്തില്ല,കൊടുത്തില്ലെന്ന്‍ മാത്രമല്ല ഈ കാരണവരെ അധിക്ഷേപിച്ചു സംസാരിക്കുകയും ചെയ്തു, കാരണവര്‍ക്കിത് ഒട്ടും പിടിച്ചില്ല, ഒന്നും രണ്ടും പറഞ്ഞു അവസാനം അത് ഒരു കയ്യാം കളിയില്‍ എത്തി, പാടത്ത് പണി ചെയ്ത്‌ കൊണ്ടിരുന്ന അയാള്‍ കയ്യിലിരുന്ന മണവെട്ടി കൊണ്ട് ഈ കാരണവരുടെ കഴുത്തിനു വെട്ടി,കഴുത്ത്‌ മുറിഞ്ഞ്‌ അദ്ദേഹം മരിച്ചു, അവര്‍ (കൊന്ന ആളും കുടുംബവും)ഈ കാരണവരുടെ മൃതദേഹം പാടത്തു തന്നെ കുഴിച്ചിട്ടു, പക്ഷേ അടുത്ത ദിവസം തന്നെ കൊന്ന ആളും അയാളുടെ കുടുംബവും ദുരൂഹമായി കൊല്ലപ്പെട്ടു, കൊല്ലപ്പെട്ട  കാരണവര്‍ക്ക്‌ മന്ത്രങ്ങളും തന്ത്രങ്ങളും ഒക്കെ അറിയാവുന്ന കൂട്ടത്തില്‍ ആയിരുന്നു, അദ്ദേഹം ഇങ്ങനെ ധാരുണമായി  കൊല്ലപ്പെട്ടതിലൂടെ ഒരു രക്ഷസ്സായി മാറുകയും അങ്ങനെ ആ രക്ഷസ്സ് ആണ് മറ്റേ ആളെയും കുടുംബത്തെയും നശോന്മുകമാക്കിയതും എന്നാണ് കഥ.. ഈ കാരണവര്‍ക്ക്‌ കുടുംബത്തോടും തരവാടിനോടും അടങ്ങാത്ത സ്നേഹം ആയിരുന്നു, അതുകൊണ്ട് എന്നും സന്ധ്യാ സമയം ആകുമ്പോള്‍ ഒടിഞ്ഞു തൂങ്ങിയ ശിരസ്സുമായി അദ്ദേഹം തറവാടിന്റെ മുറ്റത്ത് വരാറുണ്ടായിരുന്നു അത്രേ! രാത്രി മുഴുവനും ആ വീടിനും പറമ്പിനും കാവല്‍ നിക്കുമായിരുന്നു പോലും! സന്ധ്യ സമയത്ത് ഞാന്‍ അവിടെ കിടന്നു ഓടുകയോ കളിക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ അമ്മൂമ്മ പറയാറുണ്ടായിരുന്നു,"ആ കാരണവര്‍ മഹാ ശുണ്ടിക്കാരനാണ്,പിള്ളേരെ ഒക്കെ ജീവനാനെങ്കിലും സന്ധ്യക്ക്‌ കിടന്നു ചാടുന്നത് അദ്ദേഹത്തിന് ഇഷ്ടല്ല"!!! ഈ മുന്നറിയിപ്പൊന്നും ഞാന്‍ വക വെക്കാറില്ല, അത് കൊണ്ടെന്താ എവിടെങ്കിലും തട്ടി അടിച്ചു വീണു കഴിയുമ്പോള്‍ അത് ഈ കാരണവര്‍ വീഴ്ത്തിയാതാണെന്നു വരും!!! ഒരു ദിവസം സന്ധ്യക്ക്‌ ഒരു രൂപം പടി കടന്നു വന്നത് കണ്ട്‌ ഞാന്‍ ഞെട്ടി അലറി വിളിച്ചു കൊണ്ട് ഓടി, വന്നത് എന്റെ വല്യമ്മാവന്‍ ആയിരുന്നു, പക്ഷേ നമ്മുടെ മനസ്സില്‍ ആ കഥ കിടക്കുന്നത് കൊണ്ട് സന്ധ്യ സമയത്ത് വരുന്ന എല്ലാവരും ആ പഴയ കാരണവര്‍ ആയിട്ടല്ലേ തോന്നു!!!,അത്രക്കുണ്ടേ കഥ പറച്ചിലിന്റെ ശക്തി! 
അടുത്ത കഥയിലെ നായകന്‍ അമ്മൂമ്മയുടെ സ്വന്തം ഭര്‍ത്താവ്(എന്റെ അപ്പൂപ്പന്‍!) തന്നെ ആയിരുന്നു.ആ കഥ ഇങ്ങനെ..
എന്റെ അമ്മയുടെ ഒക്കെ കുട്ടിക്കാലം, ഞങ്ങളുടെ ഗ്രാമ ദേവത ശ്രീ ഒരിപ്പുറത്തമ്മ ആണ്, (തട്ടയില്‍ ഒരിപ്പുറം ക്ഷേത്രം പ്രശസ്തമാണ്,മീന ഭരണി,കെട്ടുകാഴ്ച,ഗരുഡന്‍ തൂക്കം തുടങ്ങിയവയുടെ പേരില്‍). അപ്പൂപ്പന്‍ ആ ക്ഷേത്രത്തിലെ ഉപദേശക സമിതി അംഗം ആയിരുന്നു(ഇപ്പോഴും ആണെന്ന് തോന്നുന്നു!), ഒരിക്കല്‍ ഉത്സവതിന്റെയോ മറ്റോ തീരുമാനങ്ങള്‍ എടുക്കുന്നതിലെക്കായി ഒരു യോഗം ഉണ്ടായിരുന്നു, രാത്രി ഏറെ വയ്കും വരെ ആ യോഗം നീണ്ടു, ആ കാലത്ത് വൈദ്യുതി ഒന്നും നാട്ടില്‍ എത്തിയിട്ടേ ഇല്ല, ഏകദേശം പന്ത്രണ്ട് ഒരുമണി വരെ ഉണ്ടായിരുന്നു ആ യോഗം,യോഗം കഴിഞ്ഞതിനു ശേഷം,കണ്ണില്‍ കുത്തിയാല്‍ പോലും അറിയാന്‍ പറ്റാത്ത ഇരുട്ടിലൂടെ അപ്പൂപ്പന്‍ വീട്ടിലേക്കു നടന്നു, ഇമ്മിണി ദൂരം ഉണ്ട് അമ്പലത്തില്‍ നിന്നും വീട്ടിലേക്ക്,കയ്യില്‍ ഉണ്ടായിരുന്ന ചെറിയ മെഴുകുതിരി,നടന്നു അല്പം കഴിഞ്ഞപ്പോഴേക്കും ഉരുകി തീര്‍ന്നിരുന്നു! ഇടക്കെപ്പോഴോ അപ്പൂപ്പന് ഒരു ചെറിയ ഭയം ഉണ്ടായി പോലും, കാരണം അന്ന് അമാവാസി പോലൊക്കെ എന്തൊക്കെയോ പ്രത്യേകതകള്‍  ഉള്ള ഒരു ദിനം ആയിരുന്നു!! അറിയാതെ അപ്പൂപ്പന്‍ ദേവിയെ പ്രാര്‍ത്ഥിച്ചു പോയി, കുറച്ചു ധൈര്യം കിട്ടിയ പോലെ ആയി അദ്ദേഹത്തിന്, കുറച്ചു കൂടി നടന്നപ്പോള്‍ പുറകില്‍ കരിയിലകള്‍ ഞെരിയുന്ന ശബ്ദം അദ്ദേഹത്തിന് കേള്‍ക്കാന്‍ കഴിഞ്ഞു,ആരോ ഫോളോ ചെയ്യുന്ന മാതിരി, ആദ്യം തോന്നിയ ആ ഭയം പതിയെ കൂടാന്‍ തുടങ്ങി, പക്ഷേ എന്തോ ഒരു ബലം അദ്ദേഹത്തിന് ഫീല്‍ ചെയ്യുന്നുണ്ടായിരുന്നു, അങ്ങനെ നടന്നു നടന്നു വീടിന്റെ വാതില്‍ക്കല്‍ എത്തി നടത്തം നിര്‍ത്തി,അപ്പോള്‍ പുറകില്‍ കേട്ടു കൊണ്ടിരുന്ന ആ കാലടി ശബ്ദവും  നിലച്ചു, പൊടുന്നനെ പുറകില്‍ ഒരു വലിയ വെളിച്ചം കണ്ടു, പെട്ടെന്ന് തിരിഞ്ഞു നോക്കിയ അപ്പൂപ്പന്‍ ദേവിയുടെ രൂപം കണ്ടു പോലും! ദേവിയുടെ അപാര ഭക്തനായ അപ്പൂപ്പന്, പ്രേതങ്ങളുടെ വിഹാര ദിവസമായിരുന്ന ആ അമാവാസി നാളില്‍, അപകടങ്ങള്‍ ഒന്നും ഉണ്ടാവാതിരിക്കാന്‍,രക്ഷിക്കാന്‍,വീട് വരെ കൂട്ട് വന്നതായിരുന്നു ദേവി എന്നാണു അമ്മൂമ്മയുടെ വിശദീകരണം!!

[NB:ഈ കഥകള്‍ ഒക്കെ കേട്ടു എന്റെ സകല രോമങ്ങളും എണീറ്റ്‌ നിന്നു നൃത്തം വെച്ചു! കഥ പറഞ്ഞ കൂട്ടത്തില്‍ ഭയങ്കര കയ്പ്പുള്ള ആ പാവക്ക മെഴുക്കു വരട്ടിയും ഒരു പാത്രം ചോറും അറിയാതെ ഞാന്‍ കഴിച്ച്‌ പോയി!!! കഥ തുടങ്ങുന്നതിനു മുന്‍പ് "ഏനിച്ചു ഇപ്പൊ കയിക്കാന്‍ ഒന്നും വേണ്ടായേ!!!"ന്നു അലറി കരഞ്ഞ ഞാന്‍ ആരായി!!! അമ്മമാരുടെം അമ്മൂമ്മമാരുടെയും ഓരോ ട്രിക്കെ!!!!!]
Related Posts Plugin for WordPress, Blogger...