തട്ടത്തിൻ മറയത്ത് കണ്ടു, അത്യാവശ്യം കുഴപ്പമില്ലാത്ത,പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന ഏതൊരാൾക്കും സന്തോഷവും മനസ്സിനൊരല്പം കുളിർമ്മയും നൽകാനുതകുന്ന വൃത്തിയുള്ള ചിത്രം. വിനീത് ശ്രീനിവാസന്റെ സംവിധാനം വളരെ മെച്ചപ്പെട്ടിരിക്കുന്നു, സിനിമയെ സൂപ്പർ ഹിറ്റാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഘടകങ്ങളിൽ നംബർ വൺ അദ്ദേഹത്തിന്റെ ഡയറക്ഷൻ തന്നെയാണ്, കഥയും തിരക്കഥയും മോശമാണ് എന്നല്ല, പക്ഷേ സംവിധാനം പാളിയിരുന്നു എങ്കിൽ ആ കഥയും സ്ക്രിപ്റ്റും സിനിമയെ അശേഷം രക്ഷിക്കുമായിരുന്നില്ല എന്നത് ഉറപ്പാണ്. ഏവരും കൊട്ടി ഘോഷിച്ച മലർവാഡി ആർട്സ് ക്ലബ്ബ് എനിക്ക് അത്രയ്ക്ക് ഇഷ്ടമാവാതെ പോയ ഒരു സിനിമയായിരുന്നു, അതിൽ നിന്നും ഇന്നത്തെ വിനീത് ഒരുപാട് മാറിയിരിക്കുന്നു. ഒരു സാധാരണ പൈങ്കിളി സ്ടോറി എങ്ങിനെ മനോഹരമാക്കാമെന്ന് പഠിച്ചിരിക്കുന്നു വിനീത്. നല്ല കാസ്റ്റിങ്ങ്,ലോക്കേഷൻ, സംഭാഷണ ശൈലി, ഇന്നത്തെ കാലത്തിനു യോജിക്കുന്ന ഡയലോഗുകൾ എല്ലാം കൊണ്ടും ആദ്യാവസാനം ഒരു സീൻ പോലും മടുക്കാതെ കണ്ടിരിക്കാനാകും.
അഭിനേതാക്കളിൽ നിവിൻ പോളിയും പിന്നെ അബ്ദുവായി വേഷമിട്ട(അജു വർഗീസ്/കുട്ടു) ആളും ഒത്തിരി മുന്നേറിയിരിക്കുന്നു. പോളിയിൽ ഒരു നല്ല അഭിനേതാവുണ്ട്. അഹങ്കാരവും ഹുങ്കും ഇല്ലാതെ അഭിനയിക്കാനാകുമെങ്കിൽ മലയാളത്തിലെ മുൻ നിര അഭിനേതാക്കളിൽ ഒന്നാകും ഈ ചെറുപ്പക്കാരൻ. സെക്കന്റ് ഷോ എന്ന സിനിമയിൽ കുരുടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സണ്ണി വെയിൻ ഇതിൽ വളരെ ചെറിയ ഒരു റോളിലുണ്ട്, പക്ഷേ നായകനൊപ്പം അദ്ദേഹവും കയ്യടി വാങ്ങിക്കൂട്ടി, കുരുടി മലയാളിമനസ്സിലെത്ത്യെന്നതിനു തെളിവ്.. പിന്നെ ഭഗത്(കത്ത് കൈമാറുന്ന കഥാപാത്രം) അല്പം ഓവർ ആയിരുന്നില്ലേന്ന് സംശയംണ്ട്. ബാക്കി അഭിനേതാക്കൾ മനോജ് കെ ജയനടക്കം എല്ലാവരും കുഴപ്പമില്ലാതെ അവരവരൂടെ റോളുകൾ നന്നാക്കിയിട്ടുണ്ട്, ആയിഷയായി വേഷമിട്ട ഇഷാ തൽ വാർ സുന്ദരിയായിരുന്നു, സിനിമയ്ക്ക് വേണ്ടതും അതായിരുന്നുവല്ലോ, മറ്റൊന്നും ആ കഥാപാത്രത്തെപ്പറ്റി പറയാനില്ല.
ചിത്രത്തിലെ ഫ്രെഷ്നസ്സ് ഉള്ള ഫ്രയിമുകൾ എന്നെ വല്ലാതെ ആകർഷിച്ചു, അതിന്റെ ക്രെഡിറ്റ് ക്യാമറാമാനാണോ അതോ സംവിധായകാനാണോ നൽകേണ്ടത് എന്ന് എനിക്ക് അറിയില്ല. പിന്നെ സംഗീതം, കേൾക്കാനിമ്പമുള്ള, സിനിമയുടെ ആത്മാവുള്ള പാട്ടുകൾ,വരികൾ ഒരു പെൺകുട്ടിയുടേതാണ് പേര് അനു എലിസബത്ത്, സംഗീതം ഷാൻ റഹ്മാൻ പശ്ത്താല സംഗീതവും അത്യുഗ്രൻ. കൂട്ടത്തിൽ
"തട്ടത്തിൻ മറയത്തെ പെണ്ണേ.." എന്ന് തുടങ്ങുന്ന ഗാനം എന്നെ വല്ലാതെ ആകർഷിച്ചു.
വിനോദിന്റേയും ആയിഷയുടേയും കഥ, അത് സിനിമയിൽ മാത്രം സംഭവിക്കാവുന്ന ഒന്നാണ്, യഥാർത്ഥ ജീവിതത്തിൽ അത് അത്ര ഈസി ആവില്ല, അതറിയാമെങ്കിലും നാം ഈ സിനിമ ആസ്വദിക്കുന്നു, :) പ്രണയ രംഗങ്ങളാൽ സമ്പന്നമാണീ സിനിമ, ഓരോ സീനും, പ്രണയിച്ചവർക്ക് ഓർമ്മ പുതുക്കലും പ്രണയിക്കാത്തവർക്ക് ഒരു ഇൻസ്പിരേഷനുമാണ്. ശ്രീനിവാസന്റെ കഥാപാത്രം സിനിമയിലാകെ നിശബ്ദനാണ്,അവസാന സീനുകളിലൊന്നിലൊഴികെ, അദ്ദേഹത്തിന്റെ ഡയലോഗുകൾക്ക് ഭൂരിപക്ഷവും കയ്യടിച്ചു എങ്കിലും അതൊന്നും ആരും ജീവിതത്തിലേക്ക് കൊണ്ട് വരുമെന്ന് തോന്നുന്നില്ല, അത്ര വിശാലമല്ല നമ്മുടെ മനസ്സ് :(
സിനിമ മൊത്തതിൽ ഒരു കുളിർമ്മയാണ്, ഒരുപാട് പോസിറ്റീവ്സ് ഉള്ളതിനാൽ കുറച്ചു മാത്രമുള്ള നെഗറ്റീവ്സ് അതിലങ്ങ് ലയിച്ചു പോകും.
എന്നിരുന്നാലും ഒരുപാട് നാളുകളിൽ മനസ്സിൽ തങ്ങി നിൽക്കാനും വേണ്ടിയൊന്നുമില്ല താനും :) അത്തരമൊരു സിനിമ വിനീതിനു ചെയ്യാനാകും, ഒരു മിനിമം ഗ്യാരണ്ടി സംവിധായകാനായും തിരക്കഥാ കൃത്തായും വിനീത് ശ്രീനിവാസനെ കണക്കാക്കിത്തുടങ്ങാം എന്ന് ചുരുക്കം. സിനിമ കാണാത്തവർ ധ്യൈര്യായിട്ട് കണ്ടോളൂ.
[NB: ആയിഷയെ ക്യാമറയിലാക്കാൻ വരുന്നവനോടൂള്ള വിനോദിന്റെ ഡയലോഗ്ഗ്സ് ഒരുപാട് ഇഷ്ടമായി :) :) ]