ഏവൂർ കണ്ണൻ
വീടിനടുത്തുള്ള ദേവീക്ഷേത്രത്തിൽ ഉത്സവമായിരുന്നു കുറച്ചുനാൾ മുൻപ്, ഏവൂർ അമ്പലത്തിലെ കണ്ണൻ എന്ന ആനയുമുണ്ടായിരുന്നു എഴുന്നള്ളത്തിനും മറ്റും. അമ്പലപ്പറമ്പിൽ എല്ലാ ആനകളേയും ഒരുമിച്ചു തളക്കാൻ സൗകര്യമുണ്ടായിരുന്നിട്ടും എന്ത് കൊണ്ടോ കണ്ണനെ എന്റെ വീട്ടിന്റെ പറമ്പിലായിരുന്നു തളച്ചിരുന്നത്. എട്ടാം ഉത്സവത്തിന്റെ അന്ന് കണ്ണൻ ചില അനുസരണക്കേടുകൾ കാട്ടിത്തുടങ്ങി, അപ്പോഴെ എല്ലാവർക്കും മനസ്സിലായി അവൻ മദപ്പാടിലാണെന്ന്, എന്തായാലും കൂടുതൽ പ്രശ്നങ്ങളുണ്ടാകുന്നതിനു മുൻപേ തന്നെ അവനെ വീട്ടിൽ കൊണ്ട് തളച്ചു. ഞാൻ ഈ കുറിപ്പ് എഴുതുന്നത് അവന്റെ മുന്നിൽ ഇരുന്നാണ്, ഒടുക്കത്തെ സ്നേഹമാണ് ഞങ്ങളോട് അവനു, ഒരു നാരങ്ങാ മിട്ടായി ആണെങ്കിൽ പോലും അവനു വേണം, കൊതിയൻ... പാപ്പാൻ മാരോടും അവനു ഒടുക്കത്തെ സ്നേഹമാണ്. സ്നേഹത്തിന്റെ അടയാളമായി ഓലയുടെ മടലും മറ്റ് കമ്പുകളുമൊക്കെ അവിടവിടയായി ചിതറിക്കിടപ്പുണ്ട്(മനസ്സിലായില്ല അല്ലേ, പാപ്പാൻ മാർ അവന്റെ കണ്ണിൽപ്പെട്ടാൽ മടലെടുത്ത് എറിഞ്ഞാണ് അവൻ സ്നേഹം പ്രകടിപ്പിക്കുക.. ഹി ഹി).
കണ്ണനെ ഇങ്ങിനെ നോക്കി ഇരുന്നപ്പോഴാണ് പഴയകാല ഒരു അനുഭവം മനസ്സിലെത്തിയത്. എന്റെ വളരെച്ചെറിയ പ്രായം; ഞങ്ങളുടെ ഗ്രാമദേവതയുടെ അമ്പലത്തിൽ ഉത്സവം നടക്കുകയാണ്. ആ ദിവസങ്ങളിലൊന്നിൽ അച്ഛനും അമ്മയും ഞാനും(ആ സമയത്ത് അനിയനെപ്പറ്റി ഇരുവരും ചിന്തിച്ച് തുടങ്ങിയുട്ടുണ്ടാവില്ല!!) കൂടി നാടകം കാണാൻ അമ്പലത്തിൽ എത്തി. ഏതോ ബാലേ ആണ്, നാടകം തുടങ്ങി കുറച്ചായപ്പോഴെ ഞാൻ അമ്മയുടെ കയ്യിലിരുന്നു ഉറങ്ങാൻ തുടങ്ങി, എന്നിരുന്നാലും ദുര്യോധനന്റേം ഭീമന്റേം ഒക്കെ "ബു ഹ ഹ ഹ ഹ" അട്ടഹാസങ്ങൾ ഉറക്കം ഭംഗപ്പെടുത്തുന്നുമുണ്ടായിരുന്നു.
സ്റ്റേജിന്റെ സമീപത്ത് ഒരു ആനയെ തളച്ചിട്ടുണ്ടായിരുന്നു, അവൻ അവിടെ സ്വസ്ഥമായി നിന്ന് ഓലയും കൊറിച്ചു കൊണ്ട് നിക്കുകയായിരുന്നു, പെട്ടെന്നാണ് രംഗം വഷളായത്, ഏതോ ഒരുവൻ ആനയുടെ വാലിൽ പിടിച്ചുവലിക്കുകയോ ബീഡിക്കുറ്റി അതിന്റെ ദേഹത്തേക്ക് വലിച്ചെറിയുകയോ ചെയ്തു, ആന ഒന്നു ഛിന്നം വിളിച്ചു, അത് കേട്ട് ആന വിരണ്ടു എന്ന് എല്ലാവരും കരുതി..
"ആന വിരണ്ടേ, ഓടിക്കോ!!!"
ആളുകൾ നാലുപാടും ഓടാൻ തുടങ്ങി. ഇനി അച്ഛന്റെ വാക്കുകൾ കടമെടുത്ത് പറയുകയാണേൽ..
"ഡാ നിന്റെ ഈ സ്നേഹനിധിയായ അമ്മയുണ്ടല്ലോ, ഇവൾ നിന്നേയും എന്റെ മടിയിലേക്ക് എറിഞ്ഞിട്ട് ഒറ്റയോട്ടമായിരുന്നു.. ഞാനും ഓടാനായി എഴുന്നേറ്റതാ, പക്ഷേ എന്റെ ഡബിൾ മുണ്ട് എനിക്കൊപ്പം എഴുന്നേറ്റില്ല.."
എന്തായാലും ആന വിരണ്ടതല്ല എന്ന് കുറച്ച് കഴിഞ്ഞപ്പോൾ എല്ലാവർക്കും മനസ്സിലായി.. പക്ഷേ അപ്പോഴെക്കും കുളത്തിൽ ചാടാൻ യോഗമുണ്ടായിരുന്നവർ അങ്ങിനേയും തെങ്ങിലും മാവിലും പേരറിയാത്ത മറ്റ് മരങ്ങളിലും കേറാൻ യോഗമുള്ളവർ അത്തരത്തിലും ചെയ്ത് കഴിഞ്ഞിരുന്നു..
"യ്യോ ഏട്ടനും മോനും ഒന്നും സംഭവച്ചില്ലല്ലോ ല്ലേ!!??"
അമ്മയുടെ ആ ചോദ്യത്തിനു ,ആ പ്രായത്തിൽ മനസ്സിലാക്കാൻ സാധിക്കാത്ത ഏതോ സംസ്കൃത ശ്ലോകം മറുപടിയായി അച്ഛൻ പറഞ്ഞതായാണ് എന്റെ ഓർമ്മ.
[NB: പിന്നെ ഇന്നേ വരെ അമ്പലപ്പറമ്പുകളിലെ രാത്രി പ്രോഗ്രാംസിനു ഞങ്ങൾ ഒരുമിച്ച് പോയിട്ടേയില്ല]