Friday, March 30, 2012

യുദ്ധം


ഒരു കൊച്ചു ഗോളത്തിലൊരു കൊച്ചു 
തീരത്തിലറിയാതെ തമ്മിലറിയാതെ നാം
പിറന്നിങ്ങു വീണു., പിന്നീട്-
മുസ്ത്ഫ മാധവൻ മാർക്കോസുമാർ നാം
തമ്മിലറിഞ്ഞു കളിച്ചങ്ങു വളർന്നു.
അറിവൊത്തിരി നേടും വരേയ്ക്കും നാം
അടിയിട്ടത് കളിയായിട്ടും കണ്ണിമാങ്ങയ്ക്കും.
അറിവിത്തിരി നേടിയപ്പോഴെക്കും
അടിയിട്ടത് ദേശത്തിനും ദൈവത്തിനും.
അറിവോടെ എന്നാലെന്തിനെന്നറിയാതെ
കൊത്തിയരിഞ്ഞു നാം പരസ്പരം.
ഞൊടി നേരം കൊണ്ടീ ദൈവത്തിൻ നാടിനെ
ചോരയൊഴുകും സാത്താന്റെ നാടാക്കി നാം മാറ്റി
കാഷായ,തലപ്പാവു, ളോഹകൾക്കുള്ളിൽ
ചിരിച്ചു ഒരു കൂട്ടം, ഒരു ജാതി ചെകുത്താന്മാർ.
ഒരുമിക്കാനൊത്തുചേരാൻ പകലും;
വടിവാളും ബോംബുമെടുക്കാനിരവിലും
ആഹ്വാനിക്കുന്നു ഒരേ വായ്.
ഹാ കഷ്ടം.. എന്തിനെന്നറിയാതെ, ആർക്കെന്നറിയാതെ
എരിഞ്ഞടങ്ങുന്നു ഈയാം പാറ്റകളാം നമ്മൾ....


[ NB: :( ]

Thursday, March 29, 2012

മീനഭരണി | Thattayil Orippuram Temple Meenabharani Celebrations

പത്തനം തിട്ട ജില്ലയിൽ പന്തളത്തിനടുത്തുള്ള കൊച്ചു ഗ്രാമമാണ് തട്ടയിൽ. അവിടുത്തെ ഗ്രാമദേവതയാണ് ഒരിപ്പുറം ഭഗവതി. തട്ടയിൽ ശ്രീ ഒരിപ്പുറം ഭഗവതി ക്ഷേത്രത്തിൽ ഇക്കഴിഞ്ഞ മീനഭരണി ഉത്സവത്തിനിടെയെടുത്ത ചില ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നു. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കെട്ടുകാഴ്ചാ ഉത്സവം അരങ്ങേറുന്നത് ഇവിടെയാണ്. തേരും കാളയുമാണ് കെട്ടുരുപ്പടികൾ. കണ്ടോളൂ.


ചെറിയ കെട്ടുരുപ്പടികൾ

ഇരട്ടക്കാളകൾ

ഇരട്ടക്കാളകൾ, ആ ചെറഞ്ഞുള്ള നിൽപ്പ് കണ്ടാ


വെറൈറ്റി കാളകൾ

അമ്പലക്കുളത്തിന്റെ ദിപ്പുറത്തൂടെ വെറൈറ്റി ഷോട്ട് എടുക്കാൻ നോക്കി ചീറ്റിയ ശ്രമം, ആ കാണുന്നത് മല്ലികക്കരയുടെ എടുപ്പ് കാള(കരക്കാർ ഇതിനെ തോളിലെടുത്താണ് അമ്പലത്തിനു വലം വെയ്ക്കുന്നത്, ഒന്ന് കാണേണ്ട കാഴ്ചയാണ്)

ഇടമാലിക്കരയുടെ വലിയ കാള

തേരും കാളയും, ഭഗവതിക്കും പടിഞ്ഞാറു കരക്കാരുടേതാണെന്ന് തോന്നണു

വീണ്ടും ഇരട്ടക്കാള

Side view

തേരുകളങ്ങിനെ നിരനിരയായ്

ഇടമാലിക്കരയുടെ വലിയ കാള, ഇതാണ് ഏറ്റവും വലിയ കെട്ടുരുപ്പടി,50 വർഷങ്ങൾക്ക് ശേഷം ഇക്കൊല്ലമാണ് ഇതിനെ വീണ്ടും കെട്ടിയൊരുക്കിയത്

ഇടമാലിക്കരയുടെ വലിയ കാളക്കൂറ്റൻകെട്ടുരുപ്പടികൾ അമ്പലത്തിനു വലം വെയ്ക്കണു. വട്ടമടി എന്നാണിതിനു പറയുക


ആർപ്പോ ഇര്രോ ഇറോ ഇര്രോ..

ഒത്തുപിടിച്ചാൽ


വെടിക്കാരൻ.


ഇരുട്ടിത്തുടങ്ങി, എന്റെ ഡൂക്കിളി ക്യാമറായൂടെ കപ്പാസിറ്റിയും കൂറഞ്ഞ് തുടങ്ങി

[NB:ഫോട്ടം പിടിച്ചത് LG മൊബൈലിലെ 1.3 Pixel ക്യാമറ കൊണ്ട് | Thattayil Orippuram Temple Meenabharani Celebrations]


Monday, March 12, 2012

വൈകി ഉണർന്നപ്പോൾ സംഭവിച്ചത്
മേശപ്പുറത്തിരുന്ന ഗ്ലാസ് തറയില്‍ വീണുടഞ്ഞ ശബ്ദം കേട്ടാണ് അയാള്‍ ഞെട്ടി ഉണര്‍ന്നത്. മുറിയിലപ്പോള്‍ പെന്‍ഡുലം ക്ലോക്കിന്റെ ടിക് ടിക്ക് ശബ്ദം മാത്രം. മണി പതിനൊന്നു കഴിഞ്ഞിരിക്കുന്നു.ഉണരാൻ വളരെ വൈകിയിരിക്കുന്നു.അടുത്തുള്ള കൃഷ്ണ ക്ഷേത്രത്തില്‍ റെക്കോര്‍ഡ്‌ ഇടുമ്പോള്‍ ഉണരാറുള്ളതാണവൻ,എന്തേ ഇന്ന് ഇത്രയും താമസിച്ചു.. 


ആഹ് ..കയ്യിനും കാലിനും ഒക്കെ എന്താ ഒരു വേദന,എഴുന്നേറ്റിരുന്നപ്പോൾ ശരീരമാകെയത് പടരുന്നതറിഞ്ഞു,പിന്നീട് എല്ലുകൾ കൂട്ടിമുട്ടിയുണ്ടാകുന്നത് പോലെയുള്ള ശബ്ദവും, തുറക്കാതിരുന്ന വാതില്‍ തുറക്കുമ്പോള്‍ കേള്‍ക്കുന്ന പോലെ! ഉണരാനെന്താ ഇന്ന് ഇത്രയും താമസിച്ച് പോയത്!?. ഉണ്ണി ചിന്തിച്ചത് അതിനേക്കുറിച്ചാണ്.
"അമ്മാ..അമ്മേ" ഉറക്കെ വിളിച്ചു, മറുപടി ഒന്നും വന്നില്ല. എവിടെ പോയി എല്ലാവരും, അച്ഛനെയും അനിയത്തിയെയും കാണുന്നില്ല.


കൃഷ്ണനുണ്ണി, സിവില്‍ എഞ്ചിനീയര്‍ ആണ്, അമ്മ,അച്ഛന്‍,അനിയത്തി ഇവർ അടങ്ങുന്നതാണ് അവന്റെ കുടുംബം! ,അച്ഛന്‍ കര്‍ഷകന്‍ ആണ്, അനിയത്തി പത്തില്‍ പഠിക്കുന്നു. കൃഷനുണ്ണിയെ പറ്റി പറയാന്‍ നാട്ടുകാര്‍ക്ക് നൂറു നാവാണ്. ഇത്രയും തങ്കപ്പെട്ട ഒരു പയ്യന്‍ ആ നാട്ടില്‍ വേറെ ഇല്ല, പഠിച്ച എല്ലാ ക്ലാസ്സുകളിലും ഒന്നാമന്‍, റാങ്കോട് കൂടി എഞ്ചിനീയറിംഗ് പാസായി, ഉടനെ തന്നെ ഒരു ജോലിയും തരായി! പാട്ട്,ഡാന്‍സ്,ചിത്ര രചന അങ്ങനെ കലാ രംഗത്തും ഒരു പുലിക്കുട്ടി തന്നെയാണ് ഉണ്ണി!അതിരാവിലെ എഴുന്നേറ്റു അമ്പലക്കുളത്തില്‍ പോയി കുളിച്ചു തൊഴുക എന്നുള്ളത് അവന്റെ ശീലമായിരുന്നു.പക്ഷേ ഇന്ന് എന്ത് പറ്റി ?!


അവൻ പതിയെ കട്ടിലില്‍ നിന്നും എഴുന്നേറ്റു, തന്റെ മുറിയില്‍ കാര്യമായ  ഒരു മാറ്റം അവനു അനുഭവപ്പെട്ടു, അല്ലെങ്കിലും ഈ അമ്മ ഇങ്ങനെയാണ് അടുക്കിപ്പെറുക്കി എപ്പോഴും മുറി വൃത്തിയാക്കിക്കൊണ്ടിരിക്കും, പിന്നെ ഒരു സാധനങ്ങളും വെച്ചിടത്ത് കാണില്ല, ഇപ്പൊൾ തന്നെ കണ്ടില്ലേ,ഇന്നലെ പകുതി വായിച്ചു വെച്ച പുസ്തകം കാണുന്നില്ല! 
"അമ്മേ!!! ഈ അമ്മ എവിടെ പോയതാ", ഇന്ന് ഞായര്‍ അല്ലേ...."ലക്ഷ്മീ!! ഡി  ലക്ഷ്മീ!!"
അനിയത്തിയും വിളി കേട്ടില്ല! ഹോ തല പൊട്ടിപ്പിളരുന്നു.., ഒരു ചായ പോലും കൊണ്ടുത്തരാന്‍ ഇവിടെ ആരുമില്ലേ?!! 
"എടീ ലക്ഷ്മീ!!" 
അവന്‍ ഉറക്കെ വിളിച്ചു! എന്നാലും താന്‍ എന്താണ് എഴുന്നേല്‍ക്കാന്‍ താമസിച്ചു പോയത്.. പെട്ടെന്ന് അതി ഭയങ്കരമായ വേദന കൊണ്ട് കൃഷനുണ്ണി പുളഞ്ഞു, തലയില്‍ കൂടി ഒരു കൊള്ളിമീന്‍ പോയ പോലെ . വാതിലില്‍ പിടിച്ചു കൊണ്ട് പതിയെ നിലത്തേക്കിരുന്നു.തന്റെ കാലിലെ നെടുനീളൻ മുറിപ്പാട് ഉണ്ണി ശ്രദ്ധിച്ചത് അപ്പോഴാണ്‌, ഓപ്പറേഷന്‍  ചെയ്തുണങ്ങിയ മുറിവ് പോലെ തോന്നിച്ചു അത്.. ഇത് എങ്ങനെ വന്നു, ഇന്നലെ വരെ തന്റെ കാലില്‍ ഇങ്ങനെയൊരു മുറിപ്പാട്  ഇല്ലായിരുന്നുവല്ലോ!!!!.. ഇതെപ്പോ സംഭവിച്ചു! വിറയ്ക്കുന്ന കൈകളോടെ അവന്‍ കാലില്‍ തടവി !


"ഏട്ടാ!!!!!!! "


അവൻ ഒരു ഞെട്ടലോടെ തലയുയര്‍ത്തി! 
"ഏട്ടാ!!!!!!! എനിക്കിത് വിശ്വസിക്കാന്‍ ആവുന്നില്ല! എട്ടന് സുഖായോ!" 
ലക്ഷ്മിയാണ്‌,, ഇത് ലക്ഷ്മി തന്നെ ആണോ,ഇവള്‍  ഇന്നലെ ഇത്രയ്ക്കും വളര്‍ന്നിട്ടുണ്ടായിരുന്നില്ലല്ലോ! , 
"നീ എന്താ ചോദിച്ചത്??" 
"ഏട്ടാ!!!!!!!!!!!!!!!!
"ലക്ഷ്മി കരഞ്ഞു കൊണ്ട് ഓടി വന്ന് അവനെ കെട്ടിപ്പിടിച്ചു! എന്താണിത്! എന്തിനാനിവള്‍ കരയുന്നത്! അവളെ അടർത്തിമാറ്റിയവൻ ചോദിച്ചു., 
"എന്താ നിനക്ക്, എന്തിനാ നീയ് കരയുന്നത്,? അമ്മ എവിടെ?" 
ഒരു പൊട്ടിക്കരച്ചില്‍ ആയിരുന്നു മറുപടി, ഉള്ളിലൊരങ്കലാപ്പോടെ,അമ്മക്ക് വേണ്ടിയവന്റെ കണ്ണുകള്‍ ആ മുറിക്കു പുറത്തേക്ക് സഞ്ചരിച്ചു കൂട്ടത്തില്‍ ഹാളിലെ ഒരു ഫോട്ടോയില്‍ കണ്ണുടക്കി, അവളെ തള്ളി മാറി ആ ഫോട്ടോയുടെ അടുത്ത് ചെന്നു നിന്നു! 
അമ്മ!!!! അമ്മയുടെ ഫോട്ടോ!!!! 
ഇതെന്തിനാണ് ഇങ്ങനെ മാലയിട്ടു വെച്ചിരിക്കുന്നത്!!!!
"അമ്മേ ! എന്റെ അമ്മേ!!!!!!!!!!!!!!!"
അവൻ അവിടെല്ലാം ഒരു ഭ്രാന്തനെപ്പോലെ തന്റെ അമ്മയെ തിരക്കി നടന്നു..  ബഹളം കേട്ടു അച്ഛന്‍ പറമ്പില്‍ നിന്നും ഓടി എത്തി! അദ്ദേഹവും ആകെ മാറിപ്പോയിരിക്കുന്നു, തലയിൽ വെള്ളിനൂലുകളുടെ എണ്ണം ഇന്നലെത്തേതിനേക്കാൾ വളരെയധികമായിരിക്കുന്നു,നന്നായി മെലിഞ്ഞിട്ടുമുണ്ട്.  ഇവർക്കെല്ലാം ഒറ്റയൊരു ദിവസം കൊണ്ട് എന്താണ് സംഭവിച്ചത്. ഓടി വന്ന അച്ഛൻ അവനെ ആദ്യം കാണൂന്നത് പോലെ സന്തോഷത്തോടും അത്ഭുതത്തോടും കൂടി നോക്കി നിന്നു.
"അച്ഛാ അമ്മ എവിടെ? എന്താ സംഭവിച്ചേ? എന്തിനാ ലക്ഷ്മി കരയണേ?,എന്താ എനിക്ക് സംഭവിച്ചത്?"
ഒരു തേങ്ങലായിരുന്നു അതിനും മറുപടി, !
"അയ്യോ!!!!!!"
അവന്റെ തലയിലൂടെ വീണ്ടുമൊരു കൊള്ളിയാന്‍ പോയി!  ഇത്തവണ വേദന മാത്രമല്ല ചില ഓര്‍മ്മകള്‍ കൂടിയവന്റെ മനസ്സിലേക്ക് ഓടിയെത്തി!ഇന്നലെ അമ്മയുമായി ബൈക്കില്‍ ചിറ്റമ്മയുടെ വീട്ടില്‍ പോയതും മടങ്ങി വരുന്ന വഴി ,ഫോൺ റിങ്ങ് ചെയ്തപ്പോ കോൾ അറ്റെൻഡ് ചെയ്തതും വളവില്‍ വെച്ചു ഏതോ ഒരു വാഹനം തന്റെ ബൈക്കില്‍ തട്ടിയതും!!!!!!!! എത്ര ശ്രമിച്ചിട്ടും ഉണ്ണിക്ക് അത്രയേ ഓര്‍ക്കാന്‍ കഴിഞ്ഞുള്ളു..


കരച്ചിലും ബഹളവും കേട്ടിട്ടാവാം ആരൊക്കെയോ പുറത്ത് വന്നെത്തി നോക്കുന്നു!ചിലരുടെ മുറുമുറുപ്പുകള്‍ തന്റെ കാതിലേക്കും എത്തുന്നു, അമ്മ മരിച്ച ആ അപകടത്തില്‍ പെട്ട് താന്‍ രണ്ടര വര്‍ഷം കോമയില്‍ ആയിരുന്നെന്നോ!!!!!

[NB: Again an old story with some തിരുത്തൽസ്,Avoid phone calls while driving! please..............]

Thursday, March 08, 2012

ഫ്ലാഷ്ബാക്ക്


ന്നേക്ക് ആറു വര്‍ഷങ്ങള്‍ തികയുന്നു. ഞങ്ങൾ ഇവിടെ എത്തിയിട്ട്,ഇവിടുത്തെ തണുപ്പും കോടമഞ്ഞും ഒരു സാധാരണ മനുഷ്യജീവിക്ക് സഹിക്കാവുന്നതിലും അധികമാണ്.. പക്ഷേ എന്ത് ചെയ്യാൻ..... ഞാനും രവിയും നിസ്സഹായരാണ്, ഒന്നനങ്ങാൻ പോലുമാകാതെ ഈ ദുര്യോഗങ്ങൾ അനുഭവിക്കുകയാണ് വർഷങ്ങളായിട്ട്....

********************************

ഞാൻ നിഷാദ് . ഒറ്റയാനായി മദിച്ചു രസിച്ചു നടന്ന കാലത്ത്, ആയിരത്തിലൊന്നൊന്ന പോലെ,ഏകദേശം എന്റെ അതേ സ്വഭാവവും രീതികളും ഉണ്ടായിരുന്ന രവിചന്ദ്രൻ കൂട്ടുകാരനായി മാറിയതാണ്. അവനിൽ എനിക്കിഷ്ടമില്ലാത്ത ഒന്ന്, ഒരേ ഒരു കാര്യം നിസ്സാര കാര്യങ്ങളിൽ അവനുള്ള ഭയമാണ്. 
ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ്- രവിയും താനും അന്ന് നഗര മധ്യത്തിലുള്ള എഞ്ചിനീയറിംഗ് കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍, ഹേമ അടുത്ത് തന്നെ ഉള്ള മറ്റൊരു കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും  . പ്രണയം അറിയിക്കാൻ അവനു സങ്കോചം,ഭയം.. രവി എനിക്കൊരു കൂട്ടുകാരന്‍ മാത്രമായിരുന്നില്ല,അനിയന്‍,കൂടപ്പിറപ്പ് അങ്ങനെ സാദാ സുഹൃദ്ബന്ധത്തിനപ്പുറം എന്തൊക്കെയോ ആയിരുന്നു,അതിനാല്‍ അവന്റെ ഇഷ്ടങ്ങളൊക്കെ തന്റെയും ഇഷ്ടങ്ങളായിരുന്നു,അവ സാധിക്കാനായി ഏതറ്റം വരേയും പോകാനൊരു മടിയും എനിക്ക് തോന്നിയിട്ടില്ല.ഹേമയോടുള്ള അവന്റെ ഇഷ്ടം  പറഞ്ഞപ്പോഴേ താനുറപ്പിച്ചു ഹേമ രവിക്ക് ഉള്ളതാണ്..
ഒരു ദിനം നേരിട്ട് അവളുടെ കോളേജില്‍  ചെന്നു,ക്ലാസ്സ്‌ കഴിഞ്ഞ് അവള്‍ പുറത്ത് ഇറങ്ങി വന്നപ്പോ നേരിട്ട് മുഖത്ത് നോക്കി പറഞ്ഞു,
"ഞാൻ നിഷാദ്; രവി എന്റെ സുഹൃത്താണ് ,അവനു കുട്ടിയെ ഒരുപാട് ഇഷ്ടം ആണ്,കുട്ടിയും അവനെ  തിരിച്ചു ഇഷ്ടപ്പെടണം,കല്യാണം കഴിക്കണം" 
പടക്കം പൊട്ടും പോലെ ഒരു ശബ്ദം,ചുണ്ടിലെരിഞ്ഞു കൊണ്ടിരുന്ന സിഗരറ്റ്  ഒടിഞ്ഞു നിലത്ത് വീണു. അവളുടെ വെളുത്തു ചുവന്ന കൈ വെള്ള തന്റെ ഇടത്തെ കവിളത്ത് പതിച്ചതാണ് . ഒരു മൂന്നു നാല് നിമിഷത്തെ സ്തംഭനത്തിന് ശേഷം നോക്കുമ്പോള്‍ അവളുടെ ദേഷ്യം കൊണ്ട്  ചുവന്നു കലങ്ങിയ കണ്ണുകളില്‍ നിന്ന്  അഗ്നി വമിക്കുന്നത് കാണാൻ കഴിഞ്ഞു.അല്പം മാറി നിന്നിരുന്ന രവി ഓടി വന്നു എന്നേയും വലിച്ചു കൊണ്ട് അവിടുന്ന് പോയി,ആള്‍ക്കാർ കൂടുന്നതിനും മുന്‍പേ.. ആദ്യമായാണ് തന്റെ ദേഹത്ത് ഒരാള്‍ കൈ വെക്കുന്നത് അതും ഒരു പെണ്ണ്,ഇങ്ങോട്ടും അങ്ങോട്ടും മുട്ടിയിട്ടുള്ള ഒരുവനേയും ഒരുവളേയും താൻ വെറുതേ വിട്ട ചരിത്രം ഉണ്ടായിട്ടില്ല.പക്ഷെ  ഇന്ന് തന്റെ അഭിമാനത്തിനു ക്ഷതമേറ്റിരിക്കുന്നു.വല്ലാത്ത അപമാനം തോന്നി,ഒപ്പം അടക്കാന്‍ വയ്യാത്ത ദേഷ്യവും,രവിക്ക് വേണ്ടി താന്‍ എല്ലാം മറന്നു,മറന്നതായി ഭാവിച്ചു,അവനു വേണ്ടി മാത്രം.. അവളിത്രമാത്രം പ്രകോപിതയാവാനും തല്ലാനും വേണ്ടി ഒന്നുമവിടെ ഉണ്ടായിരുന്നില്ല, എന്നിട്ടും അതെങ്ങിനെ സംഭവിച്ചു എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല, പാർക്കിൽ വെച്ച് കഴിഞ്ഞമാസം ഞാൻ കയറിപ്പിടിഞ്ഞ റസിയ ഹേമയുടെ ക്ലാസ്സ്മേറ്റായിരുന്നു എന്ന് അറിയുന്നത് വരെ.. രണ്ട് മൂന്നു നാളുകള്‍ക്കു ശേഷം രവി തന്നെ അവന്റെ ഇഷ്ടം അവളെ അറിയിച്ചു,  "നേരിട്ടാ ഇഷ്ടം അറിയിച്ചില്ലെങ്കിൽ നിന്ന ഞാൻ കൈ വെക്കും" എന്ന് പറഞ്ഞതിൻ  ഫലമായിട്ടാണ് അവനതിനു തുനിഞ്ഞത് തന്നെ!,അവൾക്ക് അവനെ ഇഷ്ടമായേക്കും എന്ന് തന്റെ മനസ്സ് പറഞ്ഞിരുന്നു,പക്ഷേ  ഇപ്രാവശ്യവും അനുഭവം മറിച്ചായിരുന്നില്ല,അവളിൽ നിന്ന് അടി കിട്ടുന്നതിനു മുന്‍പേയവൻ സ്ഥലം കാലി ആക്കി എന്നൊരു വ്യത്യാസം മാത്രം!,ഇവയെല്ലാം ഞങ്ങളുടെ അഭിമാനത്തിനു മുന്നിൽ ഒരു ചോദ്യ ചിഹ്നം പോലെ കിടക്കാന്‍ തുടങ്ങി, കൂട്ടുകാരുടെയും നാട്ടുകാരുടെയും കളിയാക്കലുകള്‍ ഒരു വഴിയെ,ഇത്ര പെട്ടെന്ന് തങ്ങളുടെ  കോളേജ് ക്യാമ്പസിൽ ഈ ന്യൂസ് എത്തിയതെങ്ങിനെയെന്ന് താൻ അത്ഭുതപ്പെടുകയുണ്ടായി, അല്ലെങ്കിലും മോശം കാര്യങ്ങൾ പ്രചരിക്കാൻ അധികം സമയം എന്തിനാ!..പെൺ വിഷയം എല്ലാവരിലും എത്തിയതിലൂടെ ആ പഴയ പ്രൗഡിക്ക് മങ്ങലേറ്റു. ജൂനിയർ കുട്ടികളുടെ മുഖത്ത് അടക്കിവെച്ച ചിരി എനിക്കുമവനും കാണാമായിരുന്നു. എല്ലാം ഹേമ മൂലം ഉണ്ടായതാണെന്നുള്ളത് അവളോടുള്ള നീരസം  ഇരട്ടിയാക്കി..എല്ലാം രവിക്ക് വേണ്ടി താന്‍ മറക്കാന്‍ ശ്രമിച്ചു. 
അവള്‍ അവനെ കുറെ നടത്തിച്ചു, അവനും താനും അവളെ വിടാതെ പിന്‍തുടര്‍ന്നു. ഇത്രയൊക്കെ ശല്യപ്പെടുത്തിയിട്ടും ഹേമയുടെ വീട്ടുകാര്‍ ആരും ഇടപെടാഞ്ഞത് ആദ്യകാലങ്ങളില്‍ എന്നെ അത്ഭുതപ്പെടുത്തി,അവളൊരു അനാഥയാണെന്ന് അറിയും വരെ. ഇടയ്ക്കു അവളുടെ കോളേജിലെ ഒരു പയ്യന്‍  തങ്ങളെ ചോദ്യം ചെയ്യുകയുണ്ടായി,റോബിന്‍ എന്നോ മറ്റോ ആയിരുന്നു അവന്റെ പേര്,അന്ന് അവനെ ഞങ്ങള്‍ ശരിക്ക് കൈകാര്യം ചെയ്തു വിടുകയും ചെയ്തു .. സ്ഥലത്തെ പ്രധാന പോക്കിരികളായ തങ്ങളെ ചോദ്യം ചെയ്യാന്‍ ഒരു പീറ പയ്യന്‍!

ഇവ വല്ലാതെ disturb ചെയ്യാന്‍ തുടങ്ങിയിരുന്നു അക്കാലത്ത്,ഈ പ്രശ്നം സോള്‍വ്‌ ചെയ്യാനുള്ള ഒരുപായം ഞാൻ കണ്ടു പിടിച്ചു, രവിയോട് പറഞ്ഞപ്പോള്‍ അവന്‍ എതിര് പറയും എന്ന് തോന്നിയിരുന്നെങ്കിലും പൂര്‍ണ്ണമായും തന്റെ ഈ ബുദ്ധിയോടു യോജിക്കുകയാണ് ചെയ്തത്. കോളേജ് ലൈഫ് അപ്പോഴേക്കും കഴിഞ്ഞിരുന്നു.
അങ്ങനെ  ഒരു ഡിസംബര്‍ മാസത്തിലെ വെള്ളി ആഴ്ച , കാലം തെറ്റി പെയ്യുന്ന മഴ കൊണ്ട് ,തോടുകളും പുഴകളും ഒക്കെ  നിറഞ്ഞിരുന്നു . അവള്‍ താമസിക്കുന്ന കോണ്‍വെന്റ്  ഞങ്ങള്‍ കണ്ടു പിടിച്ചു, കോണ്‍വെന്റിനു അടുത്തുള്ള ഒരു വളവു വരെ അവളോടൊപ്പം മറ്റൊരു പെണ്‍കുട്ടിയും ഉണ്ട്, അത് കഴിഞ്ഞാല്‍ പിന്നെയവള്‍ ഒറ്റക്കായിക്കിട്ടും, ആ വളവു കഴിഞ്ഞു ഒരു ഇടവഴി ഇറങ്ങിയാണവള്‍ പോകുന്നത്, ഞങ്ങള്‍ ആ ഇടവഴിയുടെ അരുകിലുള്ള പോന്തകാട്ടില്‍  ഒളിച്ചിരുന്നു, ഒരു അര മണിക്കൂറിനുള്ളില് അവള്‍ അവിടെ എത്തി. നല്ല മഴയും ഉണ്ട്, അടുത്ത് എത്തിയതും ഞാന്‍ മുന്നിലൂടെയും രവി പിന്നിലൂടെയും അവളെ ബ്ലോക്ക് ചെയ്തു, ഓടാനും അലറാനും ശ്രമിച്ച അവളെ ആദ്യം ക്ലോറോഫോം മണപ്പിച്ചത് ഞാന്‍ ആണ്, പെട്ടെന്ന് തന്നെ അവളുടെ സുബോധം പോയി, അവളെ കോരി എടുത്ത്,ഞാന്‍ തുറന്നു കൊടുത്ത വാതിലിലൂടെ കാറിനകത്ത് എടുത്ത് കിടത്തിയത്‌ രവിയാണ്.. സന്തോഷം കൊണ്ട് അവന്റെ കണ്ണുകള്‍ തിളങ്ങുന്നത് ഞാൻ കണ്ടിരുന്നു.
നേരെ ബാപ്പയുടെ ആളൊഴിഞ്ഞു കിടക്കുന്ന പഴയ ഗസ്റ്റ് ഹൌസിലേക്ക് വിട്ടു, അവിടെ എത്തി അവനെയും അവളെയും അകത്തെ മുറിയാലാക്കി,ഞാന്‍ പുറത്തെ ചാര് കസേരയില്‍ ഇരുന്നു ഒരു സിഗരറ്റിനു തീ കൊളുത്തി.. ഒരു പുഞ്ചിരി എന്റെ ചുണ്ടുകളിൽ വിടരുന്നുണ്ടായിരുന്നു, സിഗരട്ട് കത്തിതീരുന്നത് പോലെ ആ ഗസ്റ്റ് ഹൌസില്‍ വെച്ചു ഹേമക്ക് അവളുടെ സ്വന്തമായതെല്ലാം നഷ്ടമായി.. കുറച്ചു സമയങ്ങള്‍ക്കു ശേഷം രവി പുറത്ത് വന്നു, അവനു ലോകം കീഴടക്കിയ സന്തോഷം..  
അകത്തു ഹേമയുടെ കരച്ചില്‍ കേള്‍ക്കാമായിരുന്നു, 

"എന്താ ഇനി നിന്റെ പ്ലാൻ"
രവി: ഡാ അവളെ എനിക്ക് കല്യാണം കഴിക്കണം......
"ഹി ഹി എന്താടാ ഉരുപ്പടി വല്ലാണ്ടങ്ങ് പിടിച്ച മട്ടുണ്ടല്ലോ, മും ആയിക്കോ ആയിക്കോ ഹ ഹ.."
"നീ അവളോട്‌ സമ്മതം വാങ്ങിയോ?, "
രവി:"എവിടുന്ന്‍ അളിയാ, അവള്‍ക്ക് സ്വന്തമായതെല്ലാം ഞാന്‍ കവര്‍ന്നില്ലേ, ഇനിയിപ്പോ അവള്‍ക്കു സമ്മതിക്കാതെ എന്ത് നിവര്‍ത്തി ഹാ ഹാ ഹാ.."  
ഹ ഹ അവളിതങ്ങ് ആദ്യമേ സമ്മതിച്ചിരുന്നു എങ്കിൽ ആദ്യരാത്രിയിൽ നഷ്ടാവേണ്ടതെല്ലാം, ഇതേ പോലെ ആദ്യപകലിൽ നഷ്ടാവുമായിരുന്നോ ഹ ഹ..
"ഹ ഹ ഹ ഹ ഹ ഹ" ഞങ്ങളിരുവരുടേയും ചിരിയിൽ കോട്ട പോലുള്ള ആ ബംഗ്ലാവ് കിടുങ്ങി, അകത്ത് ഹേമയുടെ കരച്ചിൽ നേർത്തില്ലാതായി.....

പിന്നീടു കാര്യങ്ങള്‍ എല്ലാം പെട്ടെന്ന് തന്നെ നടന്നു, രവിയുടെയും ഹേമയുടെയും register കല്യാണം നടത്തി കൊടുത്തതും ഞാന്‍ മുന്നില്‍ നിന്നാണ്..
ആയിടയ്ക്ക് രവിക്ക് ഒരു ജോലി ശരി യായിരുന്നു,തനിക്കും.അങ്ങനെ ഞങ്ങള്‍ രണ്ടും രണ്ട് വഴിക്കായി, എനിക്ക് ട്രെയിനിംഗ് കഴിഞ്ഞ് ജോലി കിട്ടിയത് പൂനയില്‍, അവിടത്തെ ജോലി തിരക്കുകള്‍ക്കിടയില്‍ പഴയ കാര്യങ്ങള്‍ക്ക് പ്രസക്തി കുറഞ്ഞു കൊണ്ടിരുന്നു.. വല്ലപ്പോഴും രവി തന്നെയും താന്‍ അവനെയും വിളിക്കും.. ഈയിടയായി അവന്‍ വിളിക്കാറില്ലെന്നത് ഞാൻ ശ്രദ്ധിച്ചു, അങ്ങോട്ട്‌ വിളിച്ചാലും കിട്ടാതായി..അങ്ങനെ ഇരിക്കെ എനിക്ക് ജോലി കിട്ടിയിട്ട് 8 മാസം തികയുന്ന സമയം, അവന്റെ വിളി വന്നു.
"ഞാന്‍ കൊടൈക്കനാലില്‍  ഉണ്ട്, നീ ഈ ബുധനാഴ്ച ഇവിടെ എത്തണം, lake view ഹോട്ടല്‍ പന്ത്രണ്ടാം നമ്പര്‍ മുറി"
തിരികെ എന്തെങ്കിലും സംസാരിക്കാൻ സാധിക്കും മുൻപവൻ അവന്‍ ഫോണ്‍ വെച്ചു കളഞ്ഞു, തിരികെ വിളിച്ചിട്ട് എടുക്കുന്നും ഇല്ല, അവന്റെ സ്വരത്തില്‍  ഒരു അപായ സൂചന.. അപ്പോള്‍ തന്നെ ലീവ് അപ്ലൈ ചെയ്തു, കിട്ടിയാലുമില്ലെങ്കിലും തനിക്കു പോയേ പറ്റൂ.. എന്തോ  കുഴപ്പം ഉണ്ട്!!!..
അങ്ങനെ അതിന്റെ അടുത്ത ബുധനാഴ്ച ഞാന്‍ കൊടൈക്കനാലില്‍ എത്തി, അവിടെ lake view ഹോട്ടല്‍ പന്ത്രണ്ടാം നമ്പര്‍ മുറി യുടെ വാതില്‍ക്കല്‍ എത്തി കാളിംഗ് ബെല്ലടിച്ചു, വാതില്‍ തുറന്ന് ഹേമയുടെ മുഖം കണ്ടത് ഓർമ്മയുണ്ട് പെട്ടെന്ന് പിന്നില്‍ നിന്ന് എന്തോ ശക്തമായി തലയില്‍ ഇടിച്ചു, പിന്നീട് ഒന്നും ഓര്‍മ്മ ഇല്ലാതായി........................
ഉണർന്നപ്പോൾ ആദ്യം കണ്ടത് പുകച്ചുരുകള്‍ പോലെ ഇടയ്ക്കിടെ വമിക്കുന്ന  ഈ കൊട മഞ്ഞാണ്..,ഇതേതാണ് സ്ഥലം???!!!!,എന്നോ കണ്ടത് പോലെ,ഒരു ചെകുത്താന്‍ കോട്ട പോലെ തോന്നിച്ചു ആ സ്ഥലം,അതെ ഈ സ്ഥലത്ത് ഞാന്‍ വന്നിട്ടുണ്ട്, ഞാനും രവിയും മറ്റു കൂട്ടുകാരുമായി, അങ്ങനെ അധികമാരും വന്നു ചേരാത്ത കൊടൈക്കനാലിലെ ഭീകര സ്ഥലം,devil's kitchen(ചെകുത്താന്റെ പാചകപ്പുര)!!!!
ആള്‍ക്കാര്‍ ചാകാനും,കൊല്ലാനും തിരഞ്ഞെടുക്കുന്ന സ്ഥലം.ഇവിടെ മരിച്ചു കിടന്നാലോ,കൊന്നിട്ടാലോ പുറം ലോകം അറിയില്ല, ഇവിടെ തന്നെ ജീര്‍ണ്ണിച്ചു മണ്ണോടു ചേരാന്‍ ആയിരിക്കും വിധി.

എന്നെ ആരാണ് ഇവിടെ  കൊണ്ടെത്തിച്ചത്? ആരാണ് തന്നെ പ്രഹരിച്ചത്? രവി എവിടെ? 

ചുറ്റുപാടും ഒന്നും കാണാന്‍ കഴിയുന്നില്ല.. ഇടയ്ക്കു മഞ്ഞു കുറച്ചു ശമിച്ചപ്പോ ഒരു മനുഷ്യരൂപം അടുത്തു തന്നെ കിടക്കുന്നത് കണ്ടു, പതിയെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, അതെ പോലെ മറിഞ്ഞു താഴെ വീണു, കയ്യും കാലും കെട്ടിയിരിക്കുകയാണ്, തലക്ക് നല്ല വേദന, ചുണ്ടില്‍ നനവ്‌, തലയില്‍ നിന്നും ഒലിച്ചു ഇറങ്ങിയ ചോരയുടെതാണ്, നിരങ്ങി നിരങ്ങി ആ മനുഷ്യ രൂപത്തിന് അടുത്തെത്തി, 
രവിയല്ലേ അത്, അടുത്ത് ചെന്നു ഒന്നുകൂടെ സൂക്ഷിച്ചു നോക്കി,
ഹോ!!!!!!!!  രവി തന്നെ ആണ്, പക്ഷേ അവന്റെ തലയുടെ ഒരു ഭാഗം എവിടെ, ??!!!!!!!
അടുത്തൊരു കരിങ്കല്ല് കിടക്കുന്നു, അതില്‍ ചോരയും മാംസവും തലമുടിയും പറ്റിപ്പിടിച്ചിരിക്കുന്നു.. 
അലറി കരയണം എന്ന് തോന്നി ,ശബ്ദം പുറത്ത് വരുന്നില്ല.. 

കാല്‍പെരുമാറ്റം കേട്ടാണ് തിരിഞ്ഞു നോക്കിയത്.. കോട മഞ്ഞ് കാഴ്ച്ചയെ മറച്ചിരിക്കുന്നു.. രണ്ട് രൂപങ്ങള്‍ പതിയെ നടന്നു തന്റെ അടുത്ത് എത്തി, ഇപ്പൊ പിടി കിട്ടി, ഹേമ..പക്ഷേ ഈ പുരുഷ രൂപം ആരുടേത് ആണ്? എവിടെയോ കണ്ടു മറന്ന പോലെ..
"ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല അല്ലേ?"
"നിന്റെ കൂട്ടുകാരന്റെ കിടപ്പ് കണ്ടോ? ഹാ ഹാ..
ഇത്രയും പറഞ്ഞു ഒരു ഭ്രാന്തനെ പോലെ അവന്‍ അലറി ചിരിക്കാന്‍ തുടങ്ങി, 
ഇവന്‍ ..... ഇവന്‍ റോബിന്‍ അല്ലേ... അന്ന് തങ്ങളെ ചോദ്യം ചെയ്തതിനു ഞങ്ങള്‍ കൈകാര്യം ചെയ്തു വിട്ട റോബിന്‍!!
"നീ ...നീ റോബിന്‍ അല്ലേ????!!!!!!!!!!!!!!!!"
"നീ എന്നെ മറന്നിട്ടില്ല അല്ലേ!!!!, ഒന്നും മറക്കരുത്....,കഴിഞ്ഞ വര്‍ഷം ഇതേ സമയം നിനക്ക് ഓര്‍മ്മ ഉണ്ടോ??????ഉണ്ടോടാ ????
,ഒരു പാവം പെണ്ണിനെ നീയും നിന്റെ കൂട്ടുകാരനും കൂടി പിച്ചിചീന്തിയത് ഇതേ ദിവസമാ........."
അവന്റെ പുറകില്‍ നിന്ന്  കരച്ചില്‍ കേട്ടു ,ഹേമയുടെ 
"നിനക്കറിയുമോ, നീയും അവനും കൂടെ എന്റെയും ഹേമയുടെയും സ്വപ്നങ്ങളെയാ ചവിട്ടി അരച്ചത്‌..
എന്റെ പെണ്ണിനെ ആണെടാ നീയും അവനും കൂടെ....."
അവന്റെ ശബ്ദം ഒരു നിമിഷം പതറിയ പോലെ തോന്നി...

ഹേമ പതിയെ തന്റെ മുന്നിലേക്ക് നീങ്ങി നിന്നു,
അവളുടെ കണ്ണുകളില്‍ ആ പഴയ തീജ്വാല , അതില്‍ ദഹിച്ചു പോകും   എന്ന് തോന്നിപ്പോയി.."
"നിന്റെ കൂട്ടുകാരന് വേണ്ടി എന്തും ചെയ്യുന്നവനല്ലേ നീ, അവനു വേണ്ടി നീ എന്നെ ചതിച്ചില്ലേ..."
"അവനു നീ എന്ന പോലെ എനിക്കും ഉണ്ടായിരിക്കും ഒരു കൂട്ടുകാരന്‍ എന്ന് നീ ഓര്‍ത്തില്ല,"
"ചതിക്ക് ചതി..!!!!!!!!!!!!!"

റോബിന്റെ മാറിലേക്ക് വീണവൾ തേങ്ങാൻ തുടങ്ങി.
"നിന്റെ രവിയെ കഴിഞ്ഞ ഒരു വര്‍ഷം ആയി, ഞങ്ങള്‍ കൊല്ലാതെ കൊന്നു, അവനെ അന്നേ കൊല്ലാഞ്ഞതു നിനക്ക് വേണ്ടി ആയിരുന്നു, നിന്നെ ഇവിടെ വരുത്താന്‍, ഇപ്പോള്‍ നിന്നെയും കിട്ടി"..
ഇത്രയും പറഞ്ഞതും റോബിന്‍ തന്റെ കയ്യിലിരുന്ന കൂറ്റന്‍ കരിങ്കല്ല് എന്റെ തലയിലേക്ക് ഇട്ടു.,കല്ല്‌ വീണുകൊണ്ടിരുന്ന ആ ചെറിയ ഇടവേളയില്‍  ഹേമയുടെ ചുണ്ടിൽ വിരിയുന്ന ചിരി എനിക്ക് വളരെ വ്യക്തമായി കാണാമായിരുന്നു,കഴിഞ്ഞ വര്‍ഷം തന്റെ ചുണ്ടില്‍ ഇതേ സമയം ഉണ്ടായിരുന്ന അതേ പുഞ്ചിരി!!!!.

****************************

ഈ ചെകുത്താന്റെ പാചകപ്പുരയില്‍ ഈ രണ്ട് ചെകുത്താന്മാരും എത്തിയിട്ട് ഇപ്പോള്‍ വര്‍ഷങ്ങള്‍ ആറ്. കോടമഞ്ഞ്‌ പാറയുടെ വിടവുകളില്‍ കൂടി പുറത്തേക്ക് വമിക്കുന്നുണ്ട്.. ആ മഞ്ഞില്‍ തങ്ങളുടെ ആത്മാവുകള്‍ കൂടെ അലിഞ്ഞു പുറത്തേക്കു പോയിരുന്നെങ്കിലെന്ന് ആശിക്കാറുണ്ട്,ചെയ്തു കൂട്ടിയ മഹാ പാതകത്തിനുള്ള ശിക്ഷ,മോക്ഷം കിട്ടാതെ ഈ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ അസ്ഥികൂടങ്ങളായിട്ട്‌ കഴിച്ചു കൂട്ടുക എന്നതായിരിക്കും ,ഇനിയും എത്ര നാള്‍ ഇങ്ങനെ?

[NB: An old story with some തിരുത്തല്സ്!]
Related Posts Plugin for WordPress, Blogger...