"ഡാ ഒരു കാര്യം പറഞ്ഞാൽ വിഷമിക്കരുത്".
ഇല്ല നീ പറഞ്ഞോ.
"നിന്നെ ഇപ്പോൾ അവർ ഓർക്കുന്നുണ്ടാവുമോ എന്നു പോലും എനിക്ക് സംശയമുണ്ട്."
പ്രജിത്തിന്റെ മറുപടി കേട്ട് കുറച്ച് നേരം ഞാൻ മിണ്ടാതെ നിന്നു.
മനസ്സ് പത്ത് പതിനെട്ട് വർഷങ്ങൾ പുറകിലേക്ക് സഞ്ചരിച്ചു. ഒന്നാം ക്ലാസ്സ് മുതൽ ആറാം ക്ലാസ്സ് വരെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരായിരുന്നു ജിജോയും പ്രജിത്തും ബിപിനും ലിജുവുമൊക്കെ. ഇതിൽ പ്രജിത്ത് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നു. ഇപ്പോഴും ചെറുതായെങ്കിലും അടുപ്പമുള്ളവനും അവൻ മാത്രം... ഈ കൂട്ടത്തിലുള്ള ജിജോ ഭയങ്കര പഠിപ്പിസ്റ്റായിരുന്നു, 50 ഇൽ 50 കിട്ടാത്ത ഒരു വിഷയം പോലും അവനില്ല.. ബാക്കി ഉള്ളവൻ എത്ര തലകുത്തി നിന്ന് പഠിച്ചിട്ടും 49, 48 മാത്രം(ഉവ്വ.. ഹി ഹി). മാർക്ക് വാങ്ങിക്കുന്ന കാര്യത്തിൽ അവനോട് ഭയങ്കര അശൂസ ചേ അസൂസ ഹോ അസൂയ.. ഹാ കിട്ടി! ഉണ്ടെങ്കിലും എനിക്ക് അവനെ ഭയങ്കര ഇഷ്ടമായിരുന്നു,ഇപ്പോഴും.. ആള് ഒരു പക്കാ സുന്ദര തൊട്ടാവാടി നിഷ്കളങ്കനായിരുന്നു അന്ന്, ഇപ്പോ എന്തരോ എന്തോ.... എന്നെപ്പോലെ നിഷ്കളങ്കനാണെങ്കി അവനു കൊള്ളാം(ആരാ അവിടെ ആക്കി ചുമച്ചത്?? വേണ്ടാട്ടോ...).
ഒരിക്കൽ അഞ്ചാം ക്ലാസ്സിൽ വെച്ച്,
അവനായിരുന്നു ക്ലാസ്സ് ലീഡർ.. വെള്ളിയാഴ്ചകളിൽ അവസാന പീരീഡ് പാട്ടും ഡാൻസും മറ്റുമൊക്കെ അവതരിപ്പിക്കാറുണ്ടായിരുന്നു ഞങ്ങൾ. ഓരോന്നിലും പാർട്ടിസിപ്പേറ്റ് ചെയ്യുന്ന അംഗങ്ങളുടെ പേർ ലീഡറിന്റെ കയ്യിലുണ്ടാവും. അവൻ അത് മേശയുടെ അടുത്ത് പോയി നിന്ന് വായിക്കും, ഓരോരുത്തരെയായി പേർ വിളിക്കും, അവർ വന്ന് പാട്ടോ ഡാൻസോ എന്താന്ന് വെച്ചാ അവതരിപ്പിച്ചേച്ചും പോകും.. എല്ലാ വെള്ളിയാഴ്ചയും ഞാൻ പാട്ട് പാടാറുണ്ടായിരുന്നു..
"അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത്..."
ഇതായിരുന്നു എന്റെ സ്ഥിരം ഗാനം.. എന്തോ എന്റെ പേർ എപ്പോഴും അവസാനമേ വിളിക്കാറുണ്ടായിരുന്നുള്ളൂ, ഒരു പക്ഷേ പരിപാടി തീർന്നു എന്ന് പ്രത്യേകം ഒരറിയിപ്പ് കൊടുക്കേണ്ടി വരില്ല എന്നതിനാലും ആവാം(ഏയ് അങ്ങിനെയാവാൻ വഴിയുണ്ടോ??!! ഏയ്...ഉണ്ടോ, ഏയ്!!!.)
അപ്പോൾ അന്നും പതിവു പോലെ പരിപാടി ആരംഭിച്ചു, ജിജോ ഓരോരുത്തരെയായി പേർ വിളീക്കാൻ തുടങ്ങി, നാലാമത്തെയാളെ വിളിച്ചപ്പോൾ അവന്റെ ശബ്ദം ഇടറി, കണ്ണ് നിറഞ്ഞു, ഇവനിതെന്ത് പറ്റി എന്ന് ചിന്തിക്കുമ്പോഴേക്കും ഉത്തരം കിട്ടിയിരുന്നു, അവനിട്ട നിക്കറും പരിസര പ്രദേശങ്ങളും ആകെ നനച്ചു കൊണ്ട് അവൻ പബ്ലിക്കായി മുള്ളിയിരിക്കുന്നു...
വർഷങ്ങൾക്കിപ്പുറം എല്ലാവരേയും ഒന്നു കൂടി കാണാനും പഴയ ഇത്തരം തമാശകൾ വീണ്ടും ഓർത്തെടുത്ത് ചിരിക്കാനും ഒക്കെ വേണ്ടിയാണ് ഞാൻ അതേ സ്ഥലത്ത് വീണ്ടും ചെന്നത്, വളരെ ബുദ്ധുമുട്ടില്ലാതെ തന്നെ പ്രജിത്തിനെ കണ്ടെടുത്തു, അവൻ വല്ലാതെ മാറിപ്പോയിരുന്നു, രൂപത്തിലും സ്വാഭാവത്തിലും.. എല്ലാവരേയും വീണ്ടും കാണണം എന്നൊക്കെയുള്ള എന്റെ ആഗ്രഹം പറഞ്ഞപ്പോൾ അവൻ പറഞ്ഞതാണ് " ഡാ ഒരു കാര്യം പറഞ്ഞാൽ വിഷമിക്കരുത് നിന്നെ ഇപ്പോൾ അവർ ഓർക്കുന്നുണ്ടാവുമോ എന്നു പോലും എനിക്ക് സംശയമുണ്ട്."
[NB: പഴയ ആളുകളെ പുതിയ രൂപത്തിൽ കാണണ്ടാ എന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്, ആ പഴയ മുഖങ്ങൾ ഒരുപാട് നിഷ്കളങ്കങ്ങൾ ആണ്, അവയിപ്പോഴും എന്റെ കണ്മുന്നിൽ ഉണ്ട്, അത് മതി...]
Related Posts: