Friday, January 21, 2011

മറന്നത് !


കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ ഇറങ്ങുമ്പോഴും, ട്രാഫിക്കിലൂടെ മന്ദം മന്ദം പോകുമ്പോഴും,ഓഫിസിലെ എ സി മുറിയിലെ കമ്പ്യൂട്ടറിന്  മുന്നില്‍ റണ്‍ ചെയ്ത കോഡിന്റെ ഔട്ട്‌ പുട്ട് കാണാനായി അക്ഷമനായി ഇരിക്കുമ്പോഴും വൈശാകിന്റെ  ചിന്ത അത് മാത്രമായിരുന്നു,
എന്താണ് ഇന്ന് മറന്നത്?! 
ഇന്നലെ വരെ ഉണ്ടായിട്ടില്ല ഇങ്ങനൊരു ആവലാതി,ഇന്നെന്തേ പ്രത്യേകത എന്ന് ചോദിച്ചാല്‍  നീന യുമായുള്ള ബന്ധം ഇന്നലെ വൈകിട്ട് തീര്‍ന്നതാവം കാരണം!!, മൂന്നു വര്‍ഷത്തെ കട്ട പ്രണയത്തിനോടുവില്‍ ബന്ധുക്കളെയും വീട്ടുകാരെയും വെറുപ്പിച്ചു സ്വന്തമാക്കിയ തന്റെ നീന ഇന്നലെ തന്നെ വിട്ടു പോയി! അല്ല അവളെ താന്‍ പുറത്താക്കി എന്ന് പറയുന്നതാണ് ശരി!!!! ഒരു ഭര്‍ത്താവു എന്ന നിലയില്‍ വേണ്ടതെല്ലാം താന്‍ അവള്‍ക്കു നല്‍കി, വിലകൂടിയ സമ്മാനങ്ങള്‍, ഡ്രസ്സ്‌, ഓര്നമെന്റ്സ് അങ്ങനെ എന്തൊക്കെ! ആ സ്നേഹം മനസ്സിലാക്കാന്‍ ശ്രമിക്കാതെ എപ്പോഴും അവള്‍ തന്നില്‍ കുറ്റങ്ങളും മറ്റു സ്ത്രീകളുമായുള്ള ബന്ധങ്ങളും കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടിരുന്നു!! അതില്‍ സത്യമുണ്ടെങ്കിലും നീനക്ക് അതൊക്കെ ചോദ്യം ചെയ്യണ്ട ആവശ്യം ഉണ്ടോ? ഒരു പുരുഷനായ,കുടുംബനാഥനായ തന്നെ ചോദ്യം ചെയ്യാന്‍ അവള്‍ക്ക് എങ്ങനെ ധൈര്യം വന്നു! പല ദിവസങ്ങളില്‍ അവളുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി, അവസാനം സഹികെട്ടാണ് വഴക്കിടെണ്ടി വന്നത് ,തല്ലേണ്ടി വന്നത്! സഹി കേട്ടാണ് ഇറങ്ങി പോകാന്‍ പറഞ്ഞത്!അതിനു അവള്‍ ഇറങ്ങി പോകേണ്ട ആവശ്യം ഉണ്ടായിരുന്നോ?!
ആ പ്രണയ കാലഘട്ടം എന്ത് മനോഹരമായിരുന്നു, താനും നീനയും ചേര്‍ന്നു എത്ര മനോഹരമായ സ്വപ്‌നങ്ങള്‍ ആണ് നെയ്തെടുത്തത്, തങ്ങളുടെ കുട്ടികള്,അവരുടെ കുട്ടികള്‍,വീട്,കുട്ടികളുടെ കല്യാണം.. അങ്ങനെ അങ്ങനെ ഒരു സ്വപ്നകൊട്ടാരം തന്നെ ഉണ്ടാക്കിയ നാളുകള്‍! മറ്റു പ്രണയിതാകള്‍ തങ്ങളെ മാതൃകയാക്കുന്നു എന്നറിഞ്ഞപ്പോഴുള്ള സന്തോഷം!!.പക്ഷേ ഇന്ന് ഇപ്പോള്‍!!!!!!!.. അല്ലെങ്കിലും അവളുടെ ഭാഗത്ത് അല്ലേ കുറ്റം, തന്നെ ചോദ്യം ചെയ്യാന്‍ അവള്‍ക്ക് എങ്ങനെ ധൈര്യം വന്നു! പക്ഷേ അവള്‍ ഒരു പാവം ആയിരുന്നു, താന്‍ പഠിച്ച ആ വലിയ കോളേജില്‍ തന്റെ ജൂനിയര്‍ ആയി നീന വന്നതും റാഗിങ്ങിന്റെ പേരില്‍ അവളെ താന്‍ പിടിച്ചു വിരട്ടിയതും അവള്‍ കരഞ്ഞു കൊണ്ടു ഇറങ്ങി ഓടിയതും ഇന്നലെ കഴിഞ്ഞത് പോലെ ഓര്‍ക്കുന്നു,ആ ഓട്ടം തന്റെ മനസ്സിലെക്കായിരുന്നു എന്ന് പിന്നീട് താന്‍ അവളോട്‌ പലവട്ടം പറഞ്ഞിരിക്കുന്നു! ക്ലാസ്സില്‍ ഒന്നാം സ്ഥാനക്കാരിയായിരുന്ന നീനയെ പുറകെ നടന്നു ശല്യപ്പെടുത്തി,നിര്‍ബന്ധിച്ചു പ്രണയിപ്പിച്ചതും,അവളുടെ അവസാന സെമെസ്റ്റര്‍ എക്സാം സമയത്ത് അവള്‍ക്കു ഒരു വിവാഹ ആലോചന വന്നതും നിവര്‍ത്തിയില്ലാതെ തങ്ങള്‍ ഒളിച്ചോടിയതും എല്ലാം എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ ഓര്‍ത്തുപോകുന്നു! വിവാഹ ശേഷം തനിക്ക്‌ ഈ ജോലി ആകുന്നത് വരെ സ്വര്‍ഗം ആയിരുന്നു തന്റെ വീട്, താമസിച്ചു ഓഫീസില്‍ വരുന്നതും, നേരത്തെ ഓഫീസില്‍ നിന്നും ഇറങ്ങുന്നതും,വീട്ടില്‍ നിന്നു ഇറങ്ങ്യാലും തിരിച്ചു കേറുന്നതും,ലീവുകള്‍ തുടരെ തുടരെ എടുക്കുന്നതും ഒക്കെ ശീലം ആക്കിയ നാളുകള്‍!!!!, അങ്ങനെ ഇരിക്കെ പെട്ടെന്നാണ്  ഈ ഓഫീസിലേക്ക് ഉയര്‍ന്ന സാലറിയില്‍ തനിക്ക് ജോലി കിട്ടുന്നത്! ഇവിടെ എത്തിയതില്‍ പിന്നെ ആ ശീലങ്ങള്‍ എല്ലാം മാറാന്‍ തുടങ്ങി, നീനയെക്കാളും സുന്ദരികള്‍ ആണ് തന്റെ സഹപ്രവര്‍ത്തകര്‍ എന്ന് തോന്നി തുടങ്ങിയ ആ നിമിഷത്തെ താന്‍ ഇപ്പോള്‍ ശപിക്കുന്നു! 
എന്നാലും എന്താണ് താന്‍ ഇന്ന് മറന്നത്!? 
നീന അവള്‍ പോകട്ടെ,ശല്യം! അല്ലെങ്കിലും അവള്‍ക്ക് അഹങ്കാരമാ! തന്റെ തെറ്റുകളെ ക്ഷമിച്ചു കൂടാമായിരുന്നില്ലേ അവള്‍ക്ക്‌!അതിനും വേണ്ടി ഉള്ള തെറ്റുകള്‍ താന്‍ ചെയ്തോ? അങ്ങനെ ചോദിച്ചാല്‍ ...........ചെയ്തിട്ടുണ്ട്!!!!!!!,ഒരിക്കല്‍................. അല്ല..... അല്ല.... പലവട്ടം! അത് പിന്നെ ഒരു പുരുഷന്‍ ആയ തന്നെ അവളുമാര് പ്രലോഭിപ്പിച്ചാല്‍..... ഹും! എന്നാലും ഇതൊക്കെ നീന ചോദ്യം ചെയ്യാന്‍ പാടുണ്ടോ? പക്ഷേ എന്നാലും അവളെ താന്‍ തല്ലാന്‍ പാടില്ലായിരുന്നു! ഇറക്കി വിടാനും പാടില്ലായിരുന്നു! അവള്‍ പോയി കഴിഞ്ഞപ്പോള്‍ താന്‍ അവിടെ ഒക്കെ അന്വേഷിച്ചു നടന്നത് അവള്‍ അറിഞ്ഞു കാണില്ല! എവിടെ പോയിരിക്കും എന്ന  ഒരു പേടി തന്നില്‍ ഉണ്ടായിരുന്നു എന്നത് ശരി ആണ്, കുറച്ചു കഴിഞ്ഞ് അവള്‍ടെ അച്ഛന്‍ റിട്ടയേട്  കേണല്‍ വര്‍മ്മ വിളിച്ചു വഴക്ക് പറഞ്ഞപ്പോള്‍ നീന അവളുടെ വീട്ടില്‍ എത്തി എന്ന് മനസ്സിലായി,താനും എന്തൊക്കെയോ പറഞ്ഞു, അല്പം മദ്യ ലഹരി കൂടി ഉണ്ടായിരുന്നത് പറച്ചിലിന് ആക്കം കൂട്ടിക്കാണും! 
എന്നാലും എന്താണ് താന്‍ മറന്നത്!?
ദിവസം മുഴുവനും  അത് തന്നെ ആലോചിച്ചിട്ടും എന്താണെന്ന് കിട്ടുന്നില്ലല്ലോ.. ഓഫീസില്‍ നിന്നു ഇറങ്ങിയപ്പോഴും,കാറില്‍ തിരിച്ചു വീട്ടിലേക്ക് വരുമ്പോഴും,എന്തിന്‌ ആ വലിയ വീടിന്റെ വാതില്‍ തുറക്കുമ്പോള്‍  പോലും അയാളുടെ ചിന്ത അത് തന്നെ ആയിരുന്നു, 
എന്താണ് താന്‍ മറന്നത്?!!!!!!!



അയാളുടെ മറവിയുടെ ഉത്തരം അടുത്ത ദിവസത്തെ പത്രത്തില്‍ ഉണ്ടായിരുന്നു!
സോഫ്റ്റ്‌വെയര്‍ പ്രൊഫഷണല്‍ വീട്ടിലെ  ഗ്യാസ് സിലിണ്ടർ  പൊട്ടിത്തെറിച്ചു മരിച്ചു!
[NB:കടപ്പാട് ഇരിങ്ങാട്ടിരി മാഷ്‌,അവലംബം:പിണങ്ങി പോയതിന്റെ പിറ്റേന്നു!]
Related Posts Plugin for WordPress, Blogger...