അങ്ങനെ ഒരു വിധത്തില്‍ ഞാന്‍ എന്റെ ക്ലാസ്സ് കണ്ടു പിടിച്ചു.. അടി ഒക്കെ കണ്ടു നിന്നത് കൊണ്ട് അല്പം താമസിച്ചാണ് ഞാന്‍ ക്ലാസ്സില്‍ എത്തി ചേര്‍ന്നത്.. ആദ്യവര്‍ഷ ക്ലാസ്സില്‍ എല്ലാ ബ്രാഞ്ച് കാരുടെയും വിഷയങ്ങള്‍ ഏകദേശം സെയിം ആയതു കൊണ്ട് ഒന്നിച്ചായിരുന്നു ക്ലാസ്സ്.. ഞാന്‍ ക്ലാസ്സിന്റെ വാതില്‍ക്കല്‍ ചെന്നു എത്തി നോക്കി.. അകത്തു ഗീത ടീച്ചര്‍ ക്ലാസ് എടുക്കുന്നു.. കണക്കാണ് വിഷയം! നമുക്ക് ഈ കോളേജിലെ മര്യാദകള്‍ ഒന്നും അറിയില്ലാലോ... ക്ലാസ്സിന്റെ വാതില്‍ക്കല്‍ നിന്നു കൊണ്ട് ആ സ്കൂള്‍ പയ്യന്‍ സാറേ!!!!!!!!! എന്ന് നീട്ടി വിളിച്ചു! എന്തിനാണ് ഈ പിള്ളാരെല്ലാം കൂടെ എന്നെ ഇങ്ങനെ നോക്കുന്നത്..
ഗീത ടീച്ചര്‍ അകത്തേക്ക് കയറാന്‍ ഉള്ള അനുവാദം തന്നു.. ഞാന്‍ ക്ലസ്സിനകത്തു പ്രവേശിച്ചു.. അകത്തു ഇരിക്കാന്‍ ഒരിഞ്ചു സ്ഥലം ഇല്ല,എല്ലാ ബെഞ്ചിലും തിങ്ങി ഞെരുങ്ങി ആളുകള്‍ .. അങ്ങനെ നോക്കി നോക്കി അവസാനം കിടന്ന ഒരു ബെഞ്ചിന്റെ കോണില്‍ ഞാന്‍ ഇരിപ്പുറപ്പിച്ചു .. അടുത്തിരിക്കുന്ന ആളെ കണ്ടപ്പോള്‍ പലപ്പോഴും എനിക്ക് സംശയം ഉണ്ടായി ഇത് പഠിക്കാന്‍ തന്നെ വന്നവനാണോ,അതോ ഇനി ഏതെങ്കിലും കുട്ടിയുടെ രക്ഷിതാവാണോ?.. എന്തായാലും ആ തടിയന്റെ അടുത്ത് ഞാന്‍ ഒരു ഉറുമ്പിനെ പോലെ ഇരുന്നു!..
കണക്കിന്റെ ക്ലാസ്സ് പെട്ടെന്നാണ് തീര്‍ന്നത്... പിന്നീടു കെമിസ്ട്രി ക്ലാസ്സ് ആയിരുന്നെന്നാണ് എന്റെ ഓര്‍മ്മ.. ആ ടീച്ചര്‍ കേറിയ പാടെ പഠിപ്പിക്കാന്‍ തുടങ്ങി, എന്നാല്‍ ആദ്യ ക്ലാസ്സ് അല്ലേ, എല്ലാവരോടും ഒന്ന് മിണ്ടി,രണ്ട് കൊച്ചു വര്‍ത്തമാനം ഒക്കെ പറഞ്ഞിട്ട പഠിപ്പിച്ചാല്‍ പോരെ..അതൊന്നും ഇല്ല അവര്‍ നേരെ പഠിപ്പിക്കല്‍ തുടങ്ങി, അത് മാത്രമല്ല കുറച്ചു കഴിഞ്ഞപ്പോള്‍ നോട്ട് പറയാന്‍ തുടങ്ങി, എല്ലാവരും ബുക്ക് എടുത്ത് എഴുതാനും... എത്ര ഒക്കെ ശ്രമിച്ചിട്ടും എനിക്ക് അവര്‍ പറയുന്നത് ഫോളോ ചെയ്തു എഴുതി എടുക്കാന്‍ കഴിഞ്ഞിരുന്നില്ല.. അവര്‍ നാലാമത്തെ സെന്റെന്‍സ് പറയുമ്പോള്‍ ഞാന്‍ ഒന്നാമത്തെ സെന്റെന്സിന്റെ ആദ്യ വാക്ക് ആയിരിക്കും എഴുതുക.. ഞാന്‍ നോക്കിയപ്പോള്‍ അടുത്തിരിക്കുന്ന തടിയന്‍ നല്ല സ്പീഡില്‍ എഴുതുന്നു, ഞാന്‍ കൂടെ കൂടെ അവനോടു ചോദിക്കും എന്താ ചേട്ടാ ഇപ്പൊ പറഞ്ഞെ,എന്താ ഇപ്പൊ പറഞ്ഞെ.. അവന്‍ പറഞ്ഞു "നീ നേരെ ബുക്ക് നോക്കി എഴുതെടാ ചെക്കാ,ശല്യപ്പെടുത്താതെ!!!".. അങ്ങനെ ഞാന്‍ അവന്റെ ബുക്ക് നോക്കി എഴുതാന്‍ തുടങ്ങി, ഒരു സെന്റെന്‍സ് വായിച്ചപ്പോഴേ എനിക്ക് മതിയായി.. ഈശ്വരാ ഇതിലും എന്ത് ബെറ്റര്‍ ആയിട്ടാ ഞാന്‍ എഴുതുന്നത്,ഇവന്റെത് മുഴുവന്‍ അക്ഷര പിശാശും ഗ്രാമ്മര്‍ പിശാശും!
[NB: What is covalent bond? I am the answer! i am the answer! കോവാലന്റെ ബോണ്ടാ ഈസ് വെരി ബാട് ..നല്ല ബോണ്ട ഈസ് മണിയന്റെത് ..]