ഞങ്ങള്‍ വൈകുന്നേരത്തോടെ ഗുരുവായൂരില്‍ എത്തി.റൂമില്‍ പോയി ഫ്രഷ് ആയി അമ്പലത്തിലേക്ക്. ഉള്ളിലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ തന്നെ ഒരു പ്രത്യേക ഉന്മേഷം മനസ്സില്‍ നിറയുന്ന ഒരു അനുഭവാ അവിടെ ചെന്നാല്‍.ഞങ്ങള്‍ സ്ത്രീകളുടെ ക്യൂവില്‍ ചെന്ന് നിന്നു.അത് തുടങ്ങുന്നത് പടിഞ്ഞാറെ നടയില്‍ നിന്നാണ്. സന്ധ്യ ആയിരിക്കുന്നു,സ്ത്രീകളുടെ ക്യൂ നീങ്ങുന്നില്ല മുന്നോട്ട്,.ഓ...വടക്കേ നടയില്‍ ഉള്ള ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്.അവിടെ ഉള്ള വാതിലിലുടെ ആണ് തൊഴുതു കഴിഞ്ഞവര്‍ പുറത്തിറങ്ങുന്നത്. അല്പം കഴിഞ്ഞപ്പോള്‍ നങ്ങളുടെ വരി നീങ്ങാന്‍ തുടങ്ങി.ചുറ്റമ്പലത്തില്‍ ആളുകള്‍ തിരക്കിട്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.ഞങ്ങളുടെ വരി ഇപ്പൊ കിഴക്കേ നടയില്‍ എത്തി നില്‍ക്കുന്നു.
അവിടെ ചോറൂണ് നടക്കുകയാന്‍ ഇപ്പോള്‍!! കുറെ കുഞ്ഞു വാവകള്‍ കണ്ണന്റെ മുന്നില്‍ ഇരുന്നു അവരുടെ ആദ്യ ചോറുരുള വായില്‍ ആക്കി രുചി അറിയുന്നു!..ചിലരുടെ മുഖത് നിസ്സംഗ ഭാവം,ചിലര്‍ വാവിട്ടു കരയുന്നു,ചിലര്‍ വിതുമ്പുന്നു ....അതൊന്നും വകവയ്ക്കാതെ ബന്ധുക്കള്‍ അവരുടെ കുഞ്ഞു വായില്‍ ചോറ് നല്‍കുകയാണ്!.ഫോട്ടോ എടുപ്പും മുറക്ക് നടക്കുന്നുണ്ട്.അത് നോക്കി നിന്നു കുറെ നേരം. ഒരു കുഞ്ഞിക്കണ്ണന്റെ കരച്ചില്‍ ഉയരുകയാണ്,അവന്‍ കഴിഞ്ഞ ജന്മം ബ്രാഹ്മണന്‍ ആയിരുന്നുവോ ആവൊ ....!!!ആരോ പറഞ്ഞു കേട്ടിട്ടുള്ളതാണ് -ഈ ജന്മം കഴിഞ്ഞ ജന്മത്തെക്കാള്‍ താഴ്ന്ന ജാതിയില്‍ പിറന്ന കുട്ടികള്‍ ചോറൂണ് സമയത്ത് കരയും!! , മുന്തിയ ജാതിയില്‍ ജനിച്ചവര്‍ കരയില്ലത്രേ!!....ഞങ്ങളുടെ വരി നീങ്ങിത്തുടങ്ങി വീണ്ടും..
നാലമ്പലത്തിനുള്ളില്‍ കാലെടുത്തു വച്ചപ്പോള്‍ മറ്റെല്ലാം മറന്നു....തെല്ലകലെ ശ്രീകോവിലില്‍ എല്ലാവരെയും നോക്കി പുഞ്ചിരി തൂകി ഇരിക്കുന്ന ശ്രീകൃഷ്ണ വിഗ്രഹം...ഈശ്വരാ.എന്താണ് ഞാന്‍ പ്രാര്‍ഥി ക്കേണ്ടത്. ഒന്നും നാവില്‍ വരുന്നില്ല.പ്രാര്‍ത്ഥനകളുടെ ഒരു ലിസ്റ്റ് ഉണ്ടായിരുന്നു മനസ്സില്‍. സ്വന്തമായിട്ടുള്ളതും മറ്റുള്ളവര്‍ എല്പിച്ചതുമായിട്ട്.പക്ഷെ!!!,'പുറത്ത് ഇറങ്ങിയിട്ട് ഞാന്‍ പറയാം എല്ലാം എന്‍റെ കൃഷ്ണ!!!,.ഇപ്പൊ ഇങ്ങനെ ഒന്നും ഓര്‍ക്കാതെ നിക്കട്ടെ കുറച്ചുനേരം. എല്ലാര്‍ക്കും നല്ലത് മാത്രം വരണേ.' .മന്ത്ര പൂരിതമായ ആ അന്തരീക്ഷത്തിനു കളങ്കം ചാര്‍ത്താന്‍ എന്നവണ്ണം സെക്ക്യൂരിട്ടിക്കാരുടെ കാതു തുളപ്പിക്കുന്ന വാക്കുകള്‍ -'വേഗം നടക്ക്..ഉം വേഗം നടക്ക്..-അവര്‍ പറഞ്ഞുകൊണ്ടേയിരിക്കും,ആളുകള്‍ നടക്കുന്നുണ്ടെങ്കിലും!! ഓടുന്ന കാളകളെ വീണ്ടും അടിച്ചു 'നട കാളേ' എന്ന് പറയുന്ന കാളവണ്ടിക്കാരെ ഓര്‍മ വന്നു...കാളകള്‍ ഓടുമ്പോഴും 'നടക്കാന്‍' പറഞ്ഞു അടി കൊടുക്കുന്ന യാന്ത്രികത.
നാലമ്പലത്തിനുള്ളിലെ മറ്റു പ്രതിഷ്ഠകളും തൊഴുത ശേഷം അല്‍പനേരം അവിടെ ഇരുന്നു .ഒരു കൊച്ചു പെണ്‍കുട്ടി അവിടെ ഓടിക്കളിക്കുന്നു.അവളെ നോക്കി ഇരിക്കാന്‍ തോന്നി.അവള്‍ എന്റടുത്തു വന്നു ഒരു കുഞ്ഞു പുഞ്ചിരി എനിക്ക് സമ്മാനിച്ചു -എനിക്ക് കിട്ടിയ പ്രസാദം!! അവള്‍ക്കു തിരിച്ചു കൊടുക്കാന്‍ യോഗ്യമായ ഒരു പുഞ്ചിരി എന്റെ ചുണ്ടില്‍ വിരിയില്ലെന്നു അറിയുമ്പോഴും ഞാനും ചിരിച്ചുകൊണ്ടിരുന്നു ....അവളുടെ അമ്മ വന്നു അവളെ കൂട്ടികൊണ്ടു പോയി.അധിക നേരം അവിടെ ഇരിക്കാന്‍ സമ്മതിക്കില്ല ..ഞങ്ങള്‍ നാലമ്പലത്തിനുള്ളില്‍ നിന്നും പുറത്തിറങ്ങി. ചുറ്റമ്പലത്തില്‍ ഒരു ഭാഗത്ത് അങ്ങനെ കുറച്ചു നേരം ഇരുന്നു. നേരം നല്ലവണ്ണം ഇരുട്ടിയിരിക്കുന്നു. ഉയര്‍ന്നു നില്‍ക്കുന്ന കൊടിമരത്തില്‍ വിവിധ വര്‍ണങ്ങളിലുള്ള പ്രകാശം പതിക്കുന്ന കാഴ്ച വളരെ മനോഹരം!!മഞ്ഞ , വയലറ്റ്,നീല,ചുവപ്പ്,സ്വര്‍ണ നിറം!! അങ്ങനെ മാറി മാറി.....കൊടിമരം ജീവിതത്തിന്റെ പ്രതീകമാണോ.അറിയില്ല..!!! ചുറ്റമ്പലത്തില്‍ ഉള്ള കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ അല്‍പനേരം കൂടി അങ്ങനെ ഇരുന്നു.അങ്ങനെ ഇരിക്കണംത്രേ അവിടെ ചെന്നാല്‍,കുറച്ചു നേരമെങ്കിലും.ധൃതിയില്‍ ഓടിപ്പോരാന്‍ പാടില്ല!.ഇരിക്കാന്‍ അല്ല,ഒരു കുട്ടി ആയി അവിടെയൊക്കെ ഓടി നടക്കാന്‍ തോന്നി എപ്പോഴൊക്കെയോ!!!!! കുറെ ആളുകള്‍ പ്രദക്ഷിണം ചെയ്യുന്നു. തങ്ങളുടെ ഏറ്റവും നല്ല വേഷത്തില്‍ സുന്ദരിക്കുട്ടികള്‍ (.സുന്ദരന്മാരും ഉണ്ടേ ).,അവരില്‍ 'രാധ' മിന്നി മറയുന്നുണ്ടോ...കണ്ണുകളില്‍ കണ്ണന്റെ കള്ളനോട്ടം ഉണ്ടോ. ഇണക്കുരുവികളെപ്പോലെ ചിലര്‍!! -പ്രണയ സാഫല്യത്തിന് കണ്ണനോട് നന്ദി പറയാന്‍ വന്നതാവും..അവരെയെല്ലാം നോക്കിയിരുന്നപ്പോള്‍ വൃന്ദാവനത്തെ കുറിച്ചോര്‍ത്തു.കണ്ണന്‍ കളിക്കൂട്ടുകാരി രാധയോടൊപ്പം കളിച്ചു നടന്ന ആ സംഭവങ്ങള്‍ സങ്കല്‍പ്പിക്കാന്‍ ശ്രമിച്ചു!! കണ്ണനേക്കാള്‍ മുതിര്‍ന്നവള്‍ ആണത്രേ രാധ!!.സൌഹൃദത്തിനും പ്രണയത്തിനും പ്രായം ഒരു തടസ്സമല്ലെന്ന് ലോകത്തെ ആദ്യം പഠിപ്പിച്ചത് കണ്ണനാവും ചിലപ്പോള്‍..ഈശ്വരാ!,.ഇവിടെ ഇരുന്നു ചിന്തിക്കാന്‍ പാടില്ലേ ഇതൊന്നും ???...ഏയ് ....തെറ്റ് അല്ല -ഭക്തി തന്നെ ഒരു പ്രണയം അല്ലെ...ദൈവത്തോടുള്ള അഗാധ പ്രണയമാണ് യഥാര്‍ത്ഥ ഭക്തി!!അതാണ് സത്യം.. !!
ഈ സമയത്തെ പതിവ് കാഴ്ച ആയ ശീവേലി ഉണ്ടായില്ല എന്നത് ഒരു നഷ്ടമായി തോന്നി...എന്താണാവോ ഇന്ന് ഇല്ലാതിരിക്കാന്‍.!? ഗുരുവായൂരപ്പന്റെ തിടമ്പ് ഏറ്റി നടുവില്‍ ഒരു ആനയും അപ്പുറവും ഇപ്പുറവും രണ്ട് ആനകളും നെറ്റിപ്പട്ടം കെട്ടി നിരന്നു നിന്നു വാദ്യങ്ങളുടെ അകമ്പടിയോദ് കൂടി നാലമ്പലത്തിനു പുറത്തൂടെ ചുറ്റുന്ന കാഴ്ച കാണേണ്ടത് തന്നെയാണ് ..!!പക്ഷെ ഇത്തവണ അത് കാണാന്‍ കഴിഞ്ഞില്ല..പിന്നീട് ഞങ്ങള്‍ പുറത്തേക്കിറങ്ങി ..അല്പം ഷോപ്പിംഗ്.കിഴക്കേ നടയില്‍ ഒരുപാട് ചെറിയ കടകള്‍ ഉണ്ട്..രാത്രിയില്‍ മനോഹരമായ കാഴ്ച ആണത്.അതിലൂടെയെല്ലാം വെറുതെ ചുറ്റി കറങ്ങുന്നതും ഒരു രസമാണ്!! ഷോപ്പിങ്ങിനു ശേഷം റൂമിലെത്തി കിടന്നുറങ്ങി..... ..
പിറ്റേന്ന് രാവിലെ എണീറ്റ് കുളിച്ചു വീണ്ടും അമ്പലത്തിലേക്ക് ...നിര്‍മാല്യവും വാകച്ചാര്‍ത്തും എല്ലാം കഴിഞ്ഞിരിക്കുന്നു.എന്നാലും അപ്പോഴും ക്യൂ ഉണ്ട് ...ഞങ്ങള്‍ അതില്‍ നിന്നു...സ്ത്രീകളുടെ വരി അകത്തു കടത്തുന്നില്ല ഇപ്പോള്‍.കണ്ണനെ കാണാന്‍ 'അക്ഷമരായി' കാത്തു നിക്കുന്ന ആളുകള്‍..അവര്‍ക്കിടയില്‍ നാമം ജപിച്ചും കാഴ്ച്ചകള്‍ കണ്ടും ഞാനും ചേര്‍ന്നു...ഒരു ആനയെ വടക്കേ നടക്കു മുന്‍വശത്ത് കെട്ടിയിട്ടിട്ടുണ്ട് -ശീവേലിക്ക് എഴുന്നള്ളിക്കേണ്ട ആനയാണ്.ഒരു കൊച്ചു കുറുമ്പന്‍ ആണെന്ന് തോന്നി കണ്ടപ്പോള്‍...അതിനു ചുറ്റും ആളുകള്‍ കൂടി നിന്നു നോക്കിക്കൊണ്ട് നില്‍കുകയാണ്..എന്റെ സഹസ്രനാമ ജപം കഴിഞ്ഞപ്പോഴേക്കും വരി മെല്ലെ നീങ്ങി തുടങ്ങി ...കിഴക്കേ നടയില്‍ എത്തിയപ്പോഴേക്കും വീണ്ടും സ്ലോ ആയി,അപ്പുറത്തെ വരി കടത്തി വിടുകയാണ് ...അകത്തു കടന്നു തൊഴുതു...തലേ ദിവസത്തെപ്പോലെ അവിടെ കുറച്ചു നേരം ഇരിക്കാന്‍ പറ്റിയില്ല ...-ശീവേലി തുടങ്ങാറായി-നട അടക്കാന്‍ പോവുന്നു-എല്ലാവരും വേഗം പുറത്തു കടക്കണം ...ഞങ്ങള്‍ പുറത്തു വന്നു ചുറ്റ അമ്പലത്തിനുള്ളില്‍ ഇരുന്നു ,തലേ ദിവസത്തെപ്പോലെ.
ശീവേലി തുടങ്ങി -ഇനി അത് കഴിഞ്ഞേ ആളുകളെ ദര്‍ശനത്തിനു അകത്തു കടത്തൂ.എന്റെ അമ്മാവന്‍ നില്‍ക്കുന്ന വരി നീങ്ങിയിട്ടില്ല. അവര്‍ക്കിനി ശീവേലി കഴിയുന്ന വരെ കാത്തു നിക്കണം.. ഒരു ആനയെ ഉള്ളു രാവിലത്തെ ശീവേലിക്ക്.നേരത്തെ കണ്ട കുറുമ്പന്‍ നെറ്റിപ്പട്ടം കെട്ടി, തിടമ്പ് ഏറ്റി നാലമ്പലത്തിനു ചുറ്റും പ്രദക്ഷിണം ചെയ്തു വരുന്നു...ഭക്തി നിര്‍ഭരമായ അന്തരീക്ഷം!!ശീവേലി കഴിഞ്ഞു ,ആളുകളെ കടത്തി വിടാന്‍ തുടങ്ങി വീണ്ടും. ഞങ്ങള്‍ അവിടെ ഒരിടത്തിരുന്നു.
നങ്ങളുടെ തൊട്ടു മുന്നില്‍ ഒരു കുടുംബം ഇരിക്കുന്നു. അതില്‍ ഒരു പെണ്‍കുട്ടി ഉണ്ട് -ഏകദേശം പത്തു വയസ്സ് കാണും ...അവള്‍ ഒരു പ്രത്യേക ശബ്ദത്തില്‍ കരയുന്നത് കേട്ടാണ് അങ്ങോട്ട് നോകിയത്...മാനസിക വളര്‍ച്ച അത്ര ഇല്ലാത്ത കുട്ടി ആണെന്ന് മനസ്സിലായി..നിഷ്കളങ്കമായ ആ മുഖം നോക്കിയിരിക്കവെ അറിയാതെ ഒരു വേദന പടര്‍ന്നു ഉള്ളില്‍ ...അവള്‍ എന്തൊക്കെയോ കാണിക്കുന്നു ...കൈകള്‍ നിലത്തു അടിച്ചു കളിക്കുന്നു ..ഇടക്ക് വല്ലാത്തൊരു ശബ്ദം ഉണ്ടാക്കുന്നു...വര്‍ണ്ണാഭമായ കാഴ്ചകള്‍ക്കിടയില്‍ നിശബ്ദ വേദനയായി ആ കുട്ടിയുടെ മുഖം.എന്തിനാണ് ഇങ്ങനെയും ജന്മങ്ങള്‍??!!,കഴിഞ്ഞ ജന്മത്തിലെ പാപ ഫലം ആണെന്ന് പറഞ്ഞ നമുക്ക് ആശ്വസിക്കാം... പക്ഷെ!!!,അവളുടെ കുഞ്ഞിക്കണ്ണുകള്‍ നോക്കിയിരിക്കവേ അടുത്തിടെ കേട്ട ഒരു വാര്‍ത്ത ഓര്‍മ്മ വന്നു-മാനസിക വളര്‍ച്ചയില്ലാത്ത ഒരു പെണ്‍കുട്ടിയെ ഒരു ഞരമ്പ് രോഗി ,ഈശ്വരാ....!!ഈ കുട്ടിയെപ്പോലെ ഒന്നുമറിയാത്ത പിഞ്ചു കുട്ടികള്‍.
'മോളെ.ഒരു പത്തു രൂപ തരൂ.ചായ കുടിക്കാനാ'.ശബ്ദം കേട്ട ഭാഗത്തേക് നോകിയപ്പോള്‍ ഒരു മുത്തശ്ശി !!...കുറിയൊക്കെ തൊട്ടിരിക്കുന്നു.എന്റെ തൊട്ടടുത്ത് വന്നിരുന്നു....'കുട്ടി നായര്‍ ആണോ ??' രൂപ വങ്ങുമ്പോള്‍ മുത്തശ്ശിയുടെ ചോദ്യം ...'ഉം '.....എന്റെ മൂളല്‍ കേട്ടപ്പോള്‍ മുത്തശ്ശിയുടെ മുഖം തെളിഞ്ഞു !!...'മുഖം കണ്ടാല്‍ അറിയാം അത് ..'-മുത്തശ്ശിയുടെ അടുത്ത കമന്റ്!!(അതെങ്ങനെയാ മുത്തശ്ശി ??!!)'ഞാനും നായരാ...' അല്‍പ നേരം കൊണ്ട് മുത്തശ്ശി സ്വന്തം കഥ ചുരുക്കിപ്പറഞ്ഞു.മൂന്നു വര്‍ഷമായിട്ടു ഗുരുവായൂര്‍ അമ്പലത്തില്‍ ആണ് താമസം. വിശേഷം വല്ലതും ഉണ്ടെങ്കില്‍ മകന്‍ വന്നു കൊണ്ട് പോവും വീട്ടിലേക്ക്.മരുമകള്‍ക്ക് ഇഷ്ടല്ലാത്രേ അവരെ വീട്ടില്‍ താമസിപ്പിക്കുന്നത്.നിസ്സംഗമായി പറയുമ്പോഴും എപ്പോഴോ ഒരു വിഷാദം ആ മുഖത്ത് മിന്നി മറഞ്ഞുവോ. എങ്കിലും പേരക്കുട്ടിയെപ്പറ്റി പറയുമ്പോള്‍ മുത്തശ്ശി ഒന്നൂടി വാചാലമായി -ഒടുവില്‍ ഒരു ഡയലോഗും.' കുട്ടിയെപ്പോലെ തന്നെ അവളുടെ മുഖോം..കാണാന്‍ നല്ല ചന്താ.. '...ങേ ..ഇത് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല .മതി ...സന്തോഷായി മുത്തശ്ശീ.!!!!
അവര്‍(അമ്മാവനും മറ്റും) ഇനിയും എത്തിയിട്ടില്ല..ഞങ്ങള്‍ എണീറ്റ് പ്രദക്ഷിണം ചെയ്യാന്‍ പോയി. കിഴക്കേ നടയില്‍ നിന്നു തുടങ്ങണം പ്രദക്ഷിണം. തെക്കേ നടയില്‍ എത്തുമ്പോള്‍ അവിടെ അയ്യപ്പക്ഷേത്രം. അവിടെ വലം വച്ച് വീണ്ടും പ്രദക്ഷിണം തുടരുന്നു. മൂന്നു തവണ പ്രദക്ഷിണം ചെയ്തു വടക്ക് കിഴക്കുള്ള ഭഗവതിയെ വീണ്ടും തോഴുതപ്പോഴേക്കും അമ്മാവന്‍ തൊഴുതു കഴിഞ്ഞെത്തി. ഞങ്ങള്‍ക്ക് തിരിച്ചു പോവേണ്ട സമയമായി . മുന്‍വശത്ത് പോയി ഒന്നൂടി തൊഴുതു വന്നു പുറത്തേക്കു കടന്നു. അപ്പോഴും ആളുകള്‍ വരിയായി നാലമ്പലത്തിനുള്ളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. മമ്മിയൂര്‍ക്ക് പോവാന്‍ ഉള്ളത് കൊണ്ട് ഇനിയും കൂടുതല്‍ നേരം അവിടെ നില്‍ക്കാന്‍ ആവില്ല. പറയാന്‍ ആവാത്ത ഒരു 'മിസ്സിംഗ്' മനസ്സില്‍ ഉണരുമ്പോഴും ഇനിയും വരാമെന്ന് കണ്ണനോട് പറഞ്ഞുകൊണ്ട് ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു.
[NB:ലീന എന്ന ഞാന്‍ കണ്ടിട്ടില്ലാത്ത എന്റെ സുഹൃത്തിന്റെ ഒരുപാട് സന്തോഷം തന്ന, ഗുരുവായൂര്‍ യാത്രാ വിശേഷം നിങ്ങള്‍ക്കായി(എഴുതിയതും അയാള് തന്നാ,ഞാന്‍ ഇവിടെ എടുത്തു വെച്ചൂന്നു മാത്രം!!)..,..]
**ചിത്രങ്ങളെല്ലാം ഗൂഗിളിന്റെ വക!