കുട്ടിക്കാലത്ത് തന്നെ നമുക്ക് ലഭിക്കുന്ന അറിവുകൾ അപൂർണ്ണവും നിറയെതെറ്റുകൾ നിറഞ്ഞതുമാണെന്നാണ് എന്റെ അഭിപ്രായം. ആൺ പെൺ വേർതിരിവുകൾ ജനിച്ചു വീഴുന്ന അന്ന് തന്നെ ആരംഭിക്കുന്നു, വീടുകളിൽ നിന്ന് തന്നെ - പെണ്ണിനെ അടിച്ചമർത്താനുള്ളവളെന്നും ലൈംഗികാവയവം മാത്രമെന്നുള്ള പാഠങ്ങളാണ് ലഭിക്കുന്നത്. സമൂഹത്തിലെ ഒരു ഭൂരിപക്ഷം മുഴുവനും അതിക്രമങ്ങളിൽ സ്ത്രീയുടെ വസ്ത്രധാരണം പെരുമാറ്റം തുടങ്ങിയവയിൽ കുറ്റം ആരോപിക്കുന്നു, മതങ്ങളേയും കാലാതിവർത്തിയായ അന്ധവിശ്വാസങ്ങളേയും അതിനു വേണ്ടി കൂട്ട് പിടിക്കുന്നു.
അംഗീകരിക്കപ്പെട്ട എഴുത്തുകാരടക്കം ആരും തന്നെ സ്ത്രീയെ ഒരു ഉപഭോഗവസ്തുവായി മാത്രം കാണൂന്നതിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്നില്ലാ എന്നതാണ് സങ്കടകരം. ഓരോ മനുഷ്യനിലും വികാരമുണ്ട് നിരവധി ഹോർമ്മോണുകളുടെ പ്രവർത്തന ഫലമായി അത്തരം വികാരങ്ങളുണ്ടാകുന്നതിനെ തടയാനാവില്ല, എന്നാൽ വിവേകമെന്ന ഒരു സംഗതി അവനിലുണ്ട്, ഓരോ മനുഷ്യജീവിയുടേയും അവകാശങ്ങളേയും സ്വാതന്ത്ര്യത്തേയും പറ്റിയുള്ള ബോധമുണ്ട്. വിവേകത്താൽ വികാരത്തെ തടയാനുള്ള കഴിവുമുണ്ട്! ആ മനസ്സാണ് എല്ലാവർക്കുമുണ്ടാകേണ്ടത്. അതിനു വേണ്ടിയുള്ള ആഹ്വാനങ്ങളാണ് അംഗീകരിക്കപ്പെട്ട എഴുത്തുകാരും പ്രാസംഗികരും മറ്റും നൽകേണ്ടത്.
അല്പവസ്ത്രമോ ആണിനെപ്പോലെ ചാടുന്നതോ ആവരുത് സ്ത്രീപീഡനങ്ങളുടെ ഹേതു ചികയുമ്പോൾ കണ്ണിലെത്തേണ്ടത്. ഒരു നല്ല മനുഷ്യനാവുക, സഹജീവികളെ മനുഷ്യത്വത്തോടെ കാണുക, പെരുമാറുക..