Monday, January 24, 2011

ഒരു കമ്പ്യൂട്ടര്‍ വാങ്ങാന്‍ പോയാലോ?

കോളേജിലെ ആദ്യ കാലങ്ങള്‍, എല്ലാവരും സ്വന്തമായി കമ്പ്യൂട്ടര്‍   വാങ്ങണം എന്ന് ഹെഡ് ഓഫ് ദി dpt. വന്നു പറഞ്ഞു! പലരും കമ്പ്യൂട്ടര്‍ അപ്പോഴേക്കും വാങ്ങിയിരുന്നു,എന്റെ ആ സുഹൃത്ത് ഒഴികെ ! അവന്‍  കമ്പ്യൂട്ടര്‍ വാങ്ങാന്‍ പോയ കഥയാണിവിടെ പറയാന്‍ പോകുന്നത്!!

ഷോപ്പ് ഉടമ: വരണം സര്‍! എന്താണ് വേണ്ടത്? ഡസ്ക് ടോപ്പോ?? ലാപ്ടോപ്പോ?
കൂട്ടുകാരന്‍: അങ്ങനെ ഒന്നും ഇല്ല! സാധാരണ എങ്ങനെ ആണ്?
ഷോ.ഉ: (!) ഡെസ്ക്ടോപ്പ് എടുക്കാം?
കൂട്ടുകാരന്‍: കൂടെ ഡെസ്കും ഉണ്ടാവുമോ?
ഷോ.ഉ: (!) :അതേ സര്‍ ടേബിള്‍ ഫ്രീ ആണ്!
സാറിന്റെ ബട്ജറ്റ് എത്ര ആണ്?
കൂട്ടുകാരന്‍: എടേ അതൊക്കെ വിടടെ , കാശൊന്നും നമുക്ക് വലിയ കാര്യം അല്ല.. ആദ്യം സാധനം നോക്കാം!
ഷോ.ഉ: ശരി സാര്‍,സാറിന്റെ റിക്കൊയര്‍മെന്റ്സ് എന്തൊക്കെ ആണ്?
കൂട്ടുകാരന്‍: എന്ന് വെച്ചാല്‍?
ഷോ.ഉ: അല്ല എത്ര മെമ്മറി? ഏതു പ്രോസ്സസര്‍? ഹാര്‍ഡ് ഡിസ്ക് കപ്പാസിറ്റി?? അങ്ങനെ അങ്ങനെ?
കൂട്ടുകാരന്‍: ഓ അങ്ങനെ! എന്നാല്‍ പിന്നെ  മെമ്മറി ഒരു മൂന്നെണ്ണം? പ്രോസ്സസര്‍ രണ്ട്! പിന്നെ അവസാനം പറഞ്ഞ ഐറ്റം നാലെണ്ണം!
ഷോ.ഉ:  (ഇതെന്തുവാ പലചരക്ക് കടയോ?) അല്ല സര്‍ അങ്ങനെ അല്ല,ഞാന്‍ ഓരോന്ന് ഓരോന്നായി ചോദിക്കാം!മെമ്മറി  എത്ര വേണം?
കൂട്ടുകാരാന്‍: മൂന്നെണ്ണം!! 
ഷോ.ഉ: (എന്റമ്മേ!!!!) അയ്യോ സര്‍ അതല്ല, എത്ര കപ്പാസിറ്റി വേണം എന്ന്?
കൂട്ടുകാരന്‍: (കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയില്‍ കാളിദാസന്‍ കാണിക്കുന്ന മാതിരി രണ്ട് കയ്യും അകത്തിപ്പിടിച്ച് )ദാ ഇത്രേം!! അല്ലേല്‍ വേണ്ട ഇത്രേം മതി!
ഷോ.ഉ:  (തലയില്‍ കയ്യ്‌ വെച്ചു കൊണ്ട്!)ശരി സര്‍ മെമ്മറി നമുക്ക് 512 എടുക്കാം.. പ്രോസ്സസര്‍ ഇന്റെലിന്റെ എടുക്കണോ സര്‍ അതോ എ എം ഡി മതിയോ?
കൂട്ടുകാരന്‍: എയ്യ് അതൊന്നും  വേണ്ട വേണ്ട!!! വല്ലവനും ഉപയോഗിച്ചത് ഒന്നും എനിക്ക് വേണ്ട, എനിക്ക് എന്റെതായിട്ട്  പുതിയ ഒരെണ്ണം മതി, ഈ ഇന്റെലും മറ്റവനും ഒക്കെ ഗെയിം ഒക്കെ കളിച്ചു നശിപ്പിച്ച സാധനങ്ങള്‍ ആയിരിക്കും ..അതൊന്നും വേണ്ട, നമുക്ക് മറ്റൊരാള്‍ ഉപയോഗിച്ചത് വേണ്ടേ വേണ്ട!!!!
ഷോ.ഉ:  (ഈശ്വരാ, പൊട്ടന്‍ ആണെന്ന് തോന്നുന്നു!) ശരി സര്‍ നമുക്ക് പുതിയത് തന്നെ എടുക്കാം,
സര്‍ മോണിട്ടര്‍ എത്ര ഇഞ്ച് വേണം?
കൂട്ടുകാരന്‍: എനിക്കീ ഇഞ്ചിന്റെ കണക്കൊന്നും അറിയില്ല, ഞാന്‍ പുതിയ ലിപിയാ പഠിച്ചത് ഒരു 4 മീറ്റര്‍ ഇരിക്കട്ടെ അല്ലേ ?! 
ഷോ.ഉ:  (ഈശ്വരാ പൊട്ടന്‍ തന്നെ!) അയ്യോ സര്‍ നമുക്ക് 17 ഇഞ്ചിന്റെ എടുക്കാം! അത് മതിയാവും!
ഹാര്‍ഡ് ഡിസ്ക് 80 ന്റെ വേണോ സര്‍ അതോ 160 ടെ വേണോ?
കൂട്ടുകാരന്‍: അത് നിങ്ങളുടെ ഇഷ്ടം, പിന്നെ ഒരു കാര്യം.. ആരും കണ്ടാല്‍ അയ്യേ എന്ന് പറയരുത്!

ഷോ.ഉ:  സര്‍ സാറിന്റെ ബട്ജട്റ്റ് എത്രയാന്ന് പറഞ്ഞില്ല..
കൂട്ടുകാരന്‍: പയിനായിരം രൂപ!!!?

ഷോ.ഉ: ഫ കൂറെ!!!! വന്ന വഴിയെ ഓടിക്കോണം മ മ മ... മത്തങ്ങ തലയ.. @#$%&^%$..

[NB:ഇതില്‍ അല്പം ഭാവന കേറ്റി എന്നുള്ളത് സത്യം ആണ്, പക്ഷേ ഇങ്ങനൊരു സംഭവം നടന്നിട്ടുണ്ട്!ചിരി വന്നില്ലേല്‍ ആരും തല്ലരുത് പ്ലീസ്‌! ഇങ്ങനെ വല്ലപ്പോഴുമേ ഉള്ളൂ..]

Sunday, January 23, 2011

ഏവൂര്‍ ആറാട്ട്‌!

ന്ന് എന്റെ ഉണ്ണിക്കണ്ണന്റെ ആറാട്ട്‌ ആയിരുന്നു! ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടു നിന്ന ഈ വര്‍ഷത്തെ ഉത്സവത്തിനു ഇന്ന് ഏതാനും നിമിഷങ്ങള്‍ കൂടി കഴിയുമ്പോള്‍ കൊടിയിറങ്ങും! ഇത് വരെയും ഞാന്‍ അമ്പലത്തില്‍ തന്നെ ആയിരുന്നു! സാമാന്യം നല്ല തിരക്കുണ്ടായിരുന്നു ഇന്ന്! കോടി എറിയതിന്റെ അന്ന് പോയതില്‍ പിന്നെ ഇന്നാണ് പോകാന്‍ കഴിഞ്ഞത്! ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ഐതീഹ്യവും ബാക്കി കാര്യങ്ങളും എല്ലാം ഞാന്‍ ഈ ബ്ലോഗില്‍ തന്നെ പോസ്ടിയിട്ടുണ്ട്(വിക്കിപീടിയയില്‍ നിന്നും) അത് ഒന്ന് കൂടി ഇവിടെ വിവരിക്കാം..
പണ്ട് വളരെ പണ്ട് ദ്വാപര യുഗത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ കാലത്ത് ആണ് സംഭവം! നമ്മുടെ അഗ്നിദേവന്‍ മഹാ തീറ്റപ്രാന്തന്‍ ആയിരുന്നു! എല്ലാ യാഗങ്ങളിലും പോയി ഉള്ള ഹവിസ്സും എണ്ണയും തേനും എന്ന് വേണ്ട  ഉള്ള ചപ്പു ചവറെല്ലാം തട്ടിവിടും!(അഗ്നി സാക്ഷി ആയിട്ടാണല്ലോ യാഗങ്ങള്‍ നടക്കാറ്!! ) അങ്ങനെ ഇതെല്ലാം കൂടി കഴിച്ച്‌ കഴിച്ച്‌ പുള്ളിക്കാരന് കലശലായ വയറു വേദന പിടിപെട്ടു! വയറു വേദന എന്ന് പറഞ്ഞാല്‍ നിക്കാനും വയ്യ ഇരിക്കാനും വയ്യ കിടക്കാനും വയ്യ എന്ന അവസ്ഥ! അങ്ങനെ അഗ്നി ദേവന്‍  ഓടി ഒരു ഡോക്ടര്‍ കൂടി ആയ ബ്രഹ്മദേവന്റെ അടുത്ത് എത്തി, അദ്ദേഹം അഗ്നിയെ പരിശോദിച്ച   ശേഷം ഇങ്ങനെ പറഞ്ഞു! ലോണ്ട ലവിടെ കൊറേ ദുഷ്ട ജന്തുക്കള്‍ വാഴുന്ന ഒരു കൊടും വനം ഉണ്ട്,പേര് ഖാണ്ടവവനം, നീ പോയി അതങ്ങ് മുച്ചൂടും തിന്നു കൊള്‍ക,വയറു വേദന പമ്പ കടക്കും!! അഗ്നി കേട്ട പാതി കേള്‍ക്കാത്ത പാതി നേരെ സ്പോട്ടില്‍ എത്തി ഒരു ഭാഗത്തൂന്ന് അങ്ങ് ദഹിപ്പിക്കാന്‍ തുടങ്ങി, പക്ഷേ അന്നേരം അല്ലേ രസം,ദേ മുട്ടന്‍ മഴ! അഗ്നി കുറെ ശ്രമിച്ചു! തീ പിടിച്ചു വരുമ്പോഴേക്കും മഴ പെയ്യും! ശെടാ ഇതെന്ത് കൂത്ത്! അപ്പോഴല്ലേ അഗ്നിക്ക് സംഗതിയുടെ കിടപ്പ് വശം മനസ്സിലായത്, ദേവന്മാരുടെ രാജാവായ ദേവേന്ദ്രന് ചില്ലറ രഹസ്യ ഇടപാട് കാര് ആ കാട്ടില്‍ ഉണ്ടായിരുന്നു! അതായത് സര്‍പ്പങ്ങളില്‍ ശ്രേഷ്ടനായ തക്ഷകന്‍ ആ കാട്ടില്‍ ആണ് വസിക്കുന്നത്! തക്ഷകനും ദേവേന്ദ്രനും അടയും ചക്കരയും പോലെ സുഹൃത്തുക്കളും! അഗ്നിക്കാണെങ്കില്‍ വയറു വേദന കൊണ്ട് നില്ക്ക കള്ളി ഇല്ലാതായി! പുള്ളിക്കാരന്‍ പ്രാണനും കൊണ്ട് സാക്ഷാല്‍ കണ്ണന്റെ മുന്നില്‍ എത്തി(ഭഗവാന്‍ കൃഷ്ണനും അര്‍ജുനനും ബ്രാഹ്മണരുടെ വേഷത്തില്‍ അവിടെ എത്തിയിരുന്നു), അഗ്നി അവരോടു സഹായം ചോദിച്ചു,സഹായം പൊതിഞ്ഞു കെട്ടി നടക്കുന്ന  ഇരുവരും സഹായിക്കാം എന്ന് ഏറ്റു,നമ്മുടെ കണ്ണന് ഒരു കുഴപ്പം ഉണ്ട് പകരം ഒരു അവല് മണി എങ്കിലും കിട്ടാതെ ആര്‍ക്കും ഒരു ചുക്കും ചെയ്യില്ല,അതറിയാവുന്ന അഗ്നി കണ്ണന് ഒരു സുദര്‍ശന ചക്രവും അര്‍ജുനന് അമ്പോടുങ്ങാത്ത ഗാന്ധീവം എന്ന വില്ലും സമ്മാനിച്ചു. പിന്നെയും അഗ്നി കാട് ദഹിപ്പിക്കാന്‍  തുടങ്ങിയപ്പോള്‍ അഹങ്കാരിയായ ഇന്ദ്രന്‍ കൊടും മഴയുമായി സ്ഥലത്ത് എത്തി,അപ്പോള്‍ കണ്ണന്‍ നേരെ അര്‍ജുനനെ വിളിച്ചു ! അല്ലയോ അര്‍ജുനാ നീ അഗ്നിയെ ഖാണ്ടവ വനം ദഹിപ്പിക്കാന്‍ സഹായിച്ചാലും! അങ്ങനെ കൃഷ്ണ ഭഗവാന്റെ നിര്‍ദേശത്താല്‍ അര്‍ജുനന്‍ തന്റെ അമ്പോടുങ്ങാത്ത ആവനാഴിയില്‍ നിന്നും ഓരോ ഓരോ അമ്പുകള്‍ എടുത്ത് എയ്ത് കാടിന് മുകളിലായി ഒരു ശരകൂടം ഉണ്ടാക്കി!അഗ്നിയുടെ ഭക്ഷണം മുടക്കികൊണ്ടിരുന്ന ഇന്ദ്രന്റെ ഈ പ്രവര്‍ത്തിയില്‍ കണ്ണന് ഭയങ്കരമായ ദേഷ്യം വന്നു,സാധാരണ അങ്ങനെ വരേണ്ടതല്ല,പക്ഷേ വിവരം ഉള്ള ഒരു ദേവന്‍ വെവരക്കേട്‌ കാണിച്ചാല്‍ ദേഷ്യം വരാണ്ടിരിക്കുമോ?!,അദ്ദേഹം കയ്യില്‍ ഉണ്ടായിരുന്ന സുദര്‍ശന ചക്രം ഉപയോഗിച്ച് ഇന്ദ്രനെ കൊല്ലാന്‍ ശ്രമിച്ചു! നില്ക്ക കള്ളി ഇല്ലാതായ ഇന്ദ്രന്‍ അവസാന അടവ് എടുത്തു,നേരെ കണ്ണന്റെ കാലില്‍ വീണു, ഭഗവാന്‍ അത് ക്ഷമിച്ചു.  അങ്ങനെ അഗ്നി ആ കാട് മുഴുവന്‍ തിന്നു ഒരു ഏമ്പക്കവും വിട്ടു,വയറു വേദനയില്‍ നിന്നും മുക്തനായി!.അതിനിടക്ക് കണ്വ മഹര്‍ഷി അവിടെ എത്തുകയും അദ്ദേഹത്തിന്റെ ആവശ്യ പ്രകാരം അവിടെ ഒരു കൃഷ്ണ പ്രതിഷ്ഠ നടത്തുവാന്‍ അഗ്നി തയ്യാറാവുകയും ഉണ്ടായി , പ്രതിഷ്ഠ നടത്താനുള്ള സ്ഥലം കണ്ടെത്താനായി അര്‍ജുനനന്‍ ഒരു അമ്പ്‌ എയ്തു . അത് വന്നു വീണ സ്ഥലം ആണ് ഏവൂര്‍! അഥവാ എയ്ത ഊര്! ഇന്ദ്രനെ കൊല്ലാന്‍ നിന്ന ആ ഭാവം ആണ് കൃഷ്ണ പ്രതിഷ്ടക്ക് ഉള്ളത്! അതായത് അപൂര്‍വമായ ഒരു പ്രതിഷ്ഠ ആണ് ഇവിടുത്തേത്! ഓടക്കുഴലും കയ്യിലേന്തിയുള്ള കൃഷ്ണനെ നമുക്ക് ഇവിടെ കാണാന്‍ കഴിയില്ല,മറിച്ച് ചക്രായുധ ധാരിയായ ശ്രീകൃഷ്ണ സ്വാമിയെ ആണ് കാണാന്‍ കഴിയുക!! ആദ്യ പൂജ ചെയ്തത് അര്‍ജുനന്‍ ആണ്! ഭഗവാന്‍ ശിവന്റെ അവതാരമായ ഭൂതനാധസ്വാമിയും യക്ഷിയമ്മയും ഉപദേവതകളായി ഇവിടുണ്ട്! അന്ന് കത്തിയ വനത്തിന്റെ ഒരു ചെറു ഭാഗം ഇപ്പോഴും ഉണ്ടിവിടെ! അടുത്തുള്ള സ്ഥലങ്ങള്‍ എല്ലാം ആ ഖാണ്ടവ ദഹനുവുമായി ബന്ധപ്പെട്ടിരിക്കുന്നു! അന്ന് തക്ഷകനും മറ്റു സര്‍പ്പങ്ങളും കുടിഏറിപ്പാര്‍ത്ത സ്ഥലം ആണ് മണ്ണ് ആറിയ ശാല അഥവാ മണ്ണാറശാല! പിന്നെ കത്തിയ തടിയും കരിയും മറ്റും ഒലിച്ചു പോയ പുഴ ഉള്‍പ്പെട്ട സ്ഥലം ആണ്  കരിപ്പുഴ,പിന്നെ പാണ്ടവര്‍കാവ് പത്തിയൂര്‍ (കത്തിയ ഊര്) അങ്ങനെ പോകുന്നു.....

[NB:ഇപ്രാവശ്യത്തെ ഉത്സവത്തിന്റെ ചില ചിത്രങ്ങളും വീഡിയോകളും ഉള്പെടുത്തുന്നു!]







































Saturday, January 22, 2011

മൂത്രം ഒഴിക്കാന്‍ സരോജ് കുമാര്‍!; കുന്നകുളം പ്രൈവറ്റ് സ്ടാണ്ടിലെ ലോക്കല്‍ മൂത്രപ്പുര 'സ്റ്റാര്‍' മൂത്രപ്പുരയായി

കുന്നംകുളം: കുന്നംകുളത്തെ പ്രൈവറ്റ് ബസ്സ്‌ സ്ടാന്റിലെ ലോക്കല്‍ മൂത്രപ്പുരയില്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ട വിശിഷ്ടാതിഥിയെ കണ്ട് മൂത്രപ്പുര ഉടമയായ കുഴിയില്‍ തെക്കതില്‍ ശശിയും ശിങ്കിടി ശങ്കുവും അമ്പരന്നു. ബോളിവുഡ് സ്റ്റാര്‍,മലയാളിയായ സരോജ് കുമാറിന്റെ കേരള സന്ദര്‍ശനത്തിന്റെ വാര്‍ത്ത ചാനലില്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി സരോജ്കുമാര്‍ നേരിട്ട് മൂത്രപ്പുരയിലേക്ക് കയറിവന്നത്. ഒപ്പം ഇരച്ചുപൊളിച്ച് എസ്​പിജിക്കാരും.


അമ്പരന്നുനിന്ന ശശിയോട് ആദ്യം ഒരു ബീഡിയാണ് സരോജ്കുമാര്‍ ആവശ്യപ്പെട്ടത്,മൂത്രം പോകണം എങ്കില്‍ ബീഡി വലിക്കണം അത്രേ!. സരോജിനും കൂടെയെത്തിയവര്‍ക്കും ഉടന്‍തന്നെ ശിങ്കിടി ശങ്കു ദിനേഷ് ബീഡി വാങ്ങി കൊടുത്തു.. ബീഡി ഒന്ന് വലിച്ചു നോക്കിയശേഷം പിന്നീട് അദ്ദേഹം പനാമ സിഗരട്ട് ആവശ്യപ്പെട്ടു. മൂത്രപ്പുരയിലെ വാഷ്‌ ബേസില്‍ ഇരുന്ന സോപ്പും ചീപ്പും അദ്ദേഹത്തിന് നന്നേ ഇഷ്ടപ്പെട്ടത് കൊണ്ടു അതെടുത്ത് സ്വന്തം പോക്കറ്റില്‍ ഇട്ടു! രണ്ടു സാധനങ്ങളും നന്നേ ഇഷ്ടപ്പെട്ട അദ്ദേഹം പിന്നീടതിന്റെ ഉപയോഗ രീതികളും ചോദിച്ചറിഞ്ഞു.

മൂത്രപ്പുര ക്ലീന്‍ ചെയ്യാന്‍ വെച്ചിരുന്ന ചപ്പു കൊരിയിലും ബക്കറ്റിലും കൂടി സരോജിന്റെ കൈയെത്തി. മൂത്രം ഒഴിച്ചതിനു ശേഷ്സം 'നീംബുപാനി' വേണമെന്നായി. ജ്യൂസുണ്ടാക്കാന്‍ കറണ്ടില്ലെന്നായിരുന്നു തരിച്ചുനിന്ന ശശിയുടെയും ശിങ്കിടി ശങ്കുവിന്റെയും മറുപടി. ശേഷം കോള വാങ്ങിക്കഴിച്ച സരോജ് കുമാര്‍ പപ്പടവടയും മുറുക്കും കായവറുത്തതുമൊക്കെ ശശിയുടെ തന്നെ തട്ട് കടയില്‍ നിന്നും പൊതിഞ്ഞുവാങ്ങി.

ഇതിനോടകം വിവരമറിഞ്ഞ് പുറത്ത് നാട്ടുകാരും ഏറെ കൂടിയിരുന്നു. ഇവരെ നിയന്ത്രിക്കാന്‍ എസ്​പിജിക്ക് പരുക്കന്‍ സ്വഭാവം പുറത്തെടുക്കേണ്ടിയും വന്നു. എങ്കിലും ഓട്ടോഡ്രൈവര്‍ കുട്ടപ്പായി, മത്തായി , കുട്ടന്‍ ചെറുക്കന്‍,എന്നിവര്‍ക്ക് സരോജ് കുമാറിന് ഹസ്തദാനം നല്‍കാനായി.

ദേശീയപാത 98ന് അരികില്‍ വന്‍ വാഹനവ്യൂഹം കണ്ടതോടെ വാഹനങ്ങളില്‍ നിന്ന് ആളുകളെത്തിനോക്കാന്‍ തുടങ്ങി. ചെറിയ ഗതാഗത തടസ്സവും ഉണ്ടായി.

ഇത്രയുമായപ്പോഴേക്കും സരോജ് കുമാര്‍ മടങ്ങാന്‍ തയ്യാറായി പത്ത് രൂപ ശശിക്ക് നല്‍കി. ആദ്യം വാങ്ങാന്‍ തയ്യാറായില്ലെങ്കിലും നിര്‍ബന്ധിച്ചപ്പോള്‍,മാത്രമല്ല  ശിങ്കിടി ശങ്കുവിന്റെ നിര്‍ബന്ധം കൂടി ആയപ്പോള്‍ ശശി  വഴങ്ങി,ബാക്കി ചോദിച്ച ശശിയോടു ബാക്കി ഒന്നും വേണ്ട അത് താന്‍ തന്നെ വെച്ചോ എന്ന് പറഞ്ഞിട്ടാണ് സരോജ് സ്റ്റാന്റ് കാലി ആക്കിയത്!. ഗുരുവായൂരിലെ കാണിക്കയോടൊപ്പം സരോജ് നല്‍കിയ നോട്ടും ജീവനുള്ളിടത്തോളം സൂക്ഷിക്കുമെന്ന് "ശശി പറയുന്നു."(കീറിപ്പറിഞ്ഞ ആ പത്ത് രൂപ മീങ്കാര് പോലും എടുക്കില്ല എന്ന് ശിങ്കിടി ശങ്കു ആത്മഗതം ആയി പറഞ്ഞത് ഞങ്ങളുടെ ലേഖകന്‍ മാത്രം കേട്ടു)

[NB:കഷ്ടം, എന്റെ മാതൃഭൂമി! ,നല്ല കാമ്പുള്ള വാര്‍ത്ത വാര്‍ത്ത വായിക്കാന്‍ ആ ലിങ്കില്‍ ഞെക്കൂ!!]

Friday, January 21, 2011

മറന്നത് !


കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ ഇറങ്ങുമ്പോഴും, ട്രാഫിക്കിലൂടെ മന്ദം മന്ദം പോകുമ്പോഴും,ഓഫിസിലെ എ സി മുറിയിലെ കമ്പ്യൂട്ടറിന്  മുന്നില്‍ റണ്‍ ചെയ്ത കോഡിന്റെ ഔട്ട്‌ പുട്ട് കാണാനായി അക്ഷമനായി ഇരിക്കുമ്പോഴും വൈശാകിന്റെ  ചിന്ത അത് മാത്രമായിരുന്നു,
എന്താണ് ഇന്ന് മറന്നത്?! 
ഇന്നലെ വരെ ഉണ്ടായിട്ടില്ല ഇങ്ങനൊരു ആവലാതി,ഇന്നെന്തേ പ്രത്യേകത എന്ന് ചോദിച്ചാല്‍  നീന യുമായുള്ള ബന്ധം ഇന്നലെ വൈകിട്ട് തീര്‍ന്നതാവം കാരണം!!, മൂന്നു വര്‍ഷത്തെ കട്ട പ്രണയത്തിനോടുവില്‍ ബന്ധുക്കളെയും വീട്ടുകാരെയും വെറുപ്പിച്ചു സ്വന്തമാക്കിയ തന്റെ നീന ഇന്നലെ തന്നെ വിട്ടു പോയി! അല്ല അവളെ താന്‍ പുറത്താക്കി എന്ന് പറയുന്നതാണ് ശരി!!!! ഒരു ഭര്‍ത്താവു എന്ന നിലയില്‍ വേണ്ടതെല്ലാം താന്‍ അവള്‍ക്കു നല്‍കി, വിലകൂടിയ സമ്മാനങ്ങള്‍, ഡ്രസ്സ്‌, ഓര്നമെന്റ്സ് അങ്ങനെ എന്തൊക്കെ! ആ സ്നേഹം മനസ്സിലാക്കാന്‍ ശ്രമിക്കാതെ എപ്പോഴും അവള്‍ തന്നില്‍ കുറ്റങ്ങളും മറ്റു സ്ത്രീകളുമായുള്ള ബന്ധങ്ങളും കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടിരുന്നു!! അതില്‍ സത്യമുണ്ടെങ്കിലും നീനക്ക് അതൊക്കെ ചോദ്യം ചെയ്യണ്ട ആവശ്യം ഉണ്ടോ? ഒരു പുരുഷനായ,കുടുംബനാഥനായ തന്നെ ചോദ്യം ചെയ്യാന്‍ അവള്‍ക്ക് എങ്ങനെ ധൈര്യം വന്നു! പല ദിവസങ്ങളില്‍ അവളുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി, അവസാനം സഹികെട്ടാണ് വഴക്കിടെണ്ടി വന്നത് ,തല്ലേണ്ടി വന്നത്! സഹി കേട്ടാണ് ഇറങ്ങി പോകാന്‍ പറഞ്ഞത്!അതിനു അവള്‍ ഇറങ്ങി പോകേണ്ട ആവശ്യം ഉണ്ടായിരുന്നോ?!
ആ പ്രണയ കാലഘട്ടം എന്ത് മനോഹരമായിരുന്നു, താനും നീനയും ചേര്‍ന്നു എത്ര മനോഹരമായ സ്വപ്‌നങ്ങള്‍ ആണ് നെയ്തെടുത്തത്, തങ്ങളുടെ കുട്ടികള്,അവരുടെ കുട്ടികള്‍,വീട്,കുട്ടികളുടെ കല്യാണം.. അങ്ങനെ അങ്ങനെ ഒരു സ്വപ്നകൊട്ടാരം തന്നെ ഉണ്ടാക്കിയ നാളുകള്‍! മറ്റു പ്രണയിതാകള്‍ തങ്ങളെ മാതൃകയാക്കുന്നു എന്നറിഞ്ഞപ്പോഴുള്ള സന്തോഷം!!.പക്ഷേ ഇന്ന് ഇപ്പോള്‍!!!!!!!.. അല്ലെങ്കിലും അവളുടെ ഭാഗത്ത് അല്ലേ കുറ്റം, തന്നെ ചോദ്യം ചെയ്യാന്‍ അവള്‍ക്ക് എങ്ങനെ ധൈര്യം വന്നു! പക്ഷേ അവള്‍ ഒരു പാവം ആയിരുന്നു, താന്‍ പഠിച്ച ആ വലിയ കോളേജില്‍ തന്റെ ജൂനിയര്‍ ആയി നീന വന്നതും റാഗിങ്ങിന്റെ പേരില്‍ അവളെ താന്‍ പിടിച്ചു വിരട്ടിയതും അവള്‍ കരഞ്ഞു കൊണ്ടു ഇറങ്ങി ഓടിയതും ഇന്നലെ കഴിഞ്ഞത് പോലെ ഓര്‍ക്കുന്നു,ആ ഓട്ടം തന്റെ മനസ്സിലെക്കായിരുന്നു എന്ന് പിന്നീട് താന്‍ അവളോട്‌ പലവട്ടം പറഞ്ഞിരിക്കുന്നു! ക്ലാസ്സില്‍ ഒന്നാം സ്ഥാനക്കാരിയായിരുന്ന നീനയെ പുറകെ നടന്നു ശല്യപ്പെടുത്തി,നിര്‍ബന്ധിച്ചു പ്രണയിപ്പിച്ചതും,അവളുടെ അവസാന സെമെസ്റ്റര്‍ എക്സാം സമയത്ത് അവള്‍ക്കു ഒരു വിവാഹ ആലോചന വന്നതും നിവര്‍ത്തിയില്ലാതെ തങ്ങള്‍ ഒളിച്ചോടിയതും എല്ലാം എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ ഓര്‍ത്തുപോകുന്നു! വിവാഹ ശേഷം തനിക്ക്‌ ഈ ജോലി ആകുന്നത് വരെ സ്വര്‍ഗം ആയിരുന്നു തന്റെ വീട്, താമസിച്ചു ഓഫീസില്‍ വരുന്നതും, നേരത്തെ ഓഫീസില്‍ നിന്നും ഇറങ്ങുന്നതും,വീട്ടില്‍ നിന്നു ഇറങ്ങ്യാലും തിരിച്ചു കേറുന്നതും,ലീവുകള്‍ തുടരെ തുടരെ എടുക്കുന്നതും ഒക്കെ ശീലം ആക്കിയ നാളുകള്‍!!!!, അങ്ങനെ ഇരിക്കെ പെട്ടെന്നാണ്  ഈ ഓഫീസിലേക്ക് ഉയര്‍ന്ന സാലറിയില്‍ തനിക്ക് ജോലി കിട്ടുന്നത്! ഇവിടെ എത്തിയതില്‍ പിന്നെ ആ ശീലങ്ങള്‍ എല്ലാം മാറാന്‍ തുടങ്ങി, നീനയെക്കാളും സുന്ദരികള്‍ ആണ് തന്റെ സഹപ്രവര്‍ത്തകര്‍ എന്ന് തോന്നി തുടങ്ങിയ ആ നിമിഷത്തെ താന്‍ ഇപ്പോള്‍ ശപിക്കുന്നു! 
എന്നാലും എന്താണ് താന്‍ ഇന്ന് മറന്നത്!? 
നീന അവള്‍ പോകട്ടെ,ശല്യം! അല്ലെങ്കിലും അവള്‍ക്ക് അഹങ്കാരമാ! തന്റെ തെറ്റുകളെ ക്ഷമിച്ചു കൂടാമായിരുന്നില്ലേ അവള്‍ക്ക്‌!അതിനും വേണ്ടി ഉള്ള തെറ്റുകള്‍ താന്‍ ചെയ്തോ? അങ്ങനെ ചോദിച്ചാല്‍ ...........ചെയ്തിട്ടുണ്ട്!!!!!!!,ഒരിക്കല്‍................. അല്ല..... അല്ല.... പലവട്ടം! അത് പിന്നെ ഒരു പുരുഷന്‍ ആയ തന്നെ അവളുമാര് പ്രലോഭിപ്പിച്ചാല്‍..... ഹും! എന്നാലും ഇതൊക്കെ നീന ചോദ്യം ചെയ്യാന്‍ പാടുണ്ടോ? പക്ഷേ എന്നാലും അവളെ താന്‍ തല്ലാന്‍ പാടില്ലായിരുന്നു! ഇറക്കി വിടാനും പാടില്ലായിരുന്നു! അവള്‍ പോയി കഴിഞ്ഞപ്പോള്‍ താന്‍ അവിടെ ഒക്കെ അന്വേഷിച്ചു നടന്നത് അവള്‍ അറിഞ്ഞു കാണില്ല! എവിടെ പോയിരിക്കും എന്ന  ഒരു പേടി തന്നില്‍ ഉണ്ടായിരുന്നു എന്നത് ശരി ആണ്, കുറച്ചു കഴിഞ്ഞ് അവള്‍ടെ അച്ഛന്‍ റിട്ടയേട്  കേണല്‍ വര്‍മ്മ വിളിച്ചു വഴക്ക് പറഞ്ഞപ്പോള്‍ നീന അവളുടെ വീട്ടില്‍ എത്തി എന്ന് മനസ്സിലായി,താനും എന്തൊക്കെയോ പറഞ്ഞു, അല്പം മദ്യ ലഹരി കൂടി ഉണ്ടായിരുന്നത് പറച്ചിലിന് ആക്കം കൂട്ടിക്കാണും! 
എന്നാലും എന്താണ് താന്‍ മറന്നത്!?
ദിവസം മുഴുവനും  അത് തന്നെ ആലോചിച്ചിട്ടും എന്താണെന്ന് കിട്ടുന്നില്ലല്ലോ.. ഓഫീസില്‍ നിന്നു ഇറങ്ങിയപ്പോഴും,കാറില്‍ തിരിച്ചു വീട്ടിലേക്ക് വരുമ്പോഴും,എന്തിന്‌ ആ വലിയ വീടിന്റെ വാതില്‍ തുറക്കുമ്പോള്‍  പോലും അയാളുടെ ചിന്ത അത് തന്നെ ആയിരുന്നു, 
എന്താണ് താന്‍ മറന്നത്?!!!!!!!



അയാളുടെ മറവിയുടെ ഉത്തരം അടുത്ത ദിവസത്തെ പത്രത്തില്‍ ഉണ്ടായിരുന്നു!
സോഫ്റ്റ്‌വെയര്‍ പ്രൊഫഷണല്‍ വീട്ടിലെ  ഗ്യാസ് സിലിണ്ടർ  പൊട്ടിത്തെറിച്ചു മരിച്ചു!
[NB:കടപ്പാട് ഇരിങ്ങാട്ടിരി മാഷ്‌,അവലംബം:പിണങ്ങി പോയതിന്റെ പിറ്റേന്നു!]

Wednesday, January 19, 2011

ഒരു ചോദ്യം-ഒരു ഉത്തരം!

ഗരത്തിലൂടെ അതിവേഗം നീങ്ങി കൊണ്ടിരുന്ന ബസ്സിന്റെ സൈഡ് സീറ്റില്‍ ആയിരുന്നു ഞാന്‍.. ചെവിയില്‍ മൂളുന്ന  എ ആര്‍ റഹ്മാനും പുറത്തെ കാഴ്ചകള്മായി അങ്ങനെ സുഖിച്ചു യാത്ര ചെയ്യുകയായിരുന്നു! ബസ്സില്‍ കയറിയപ്പോള്‍ ഉണ്ടായിരുന്ന ആ തിരക്ക് ഇപ്പോള്‍ ഇല്ല,എന്റെ തൊട്ടു മുന്നിലത്തെ സീറ്റില്‍ ഇരുന്ന ആ ആള്‍ ഇറങ്ങി പോയിരിക്കുന്നു, പെട്ടെന്നാണ് ബസ്സിന്റെ കമ്പിയില്‍ പിടിച്ചു നില്‍ക്കുകയായിരുന്ന ആ മഞ്ഞച്ചുരിദാരുകാരി അവിടെ വന്നിരുന്നത്! എന്ത് കൊണ്ടോ അവളുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കേണ്ടി വന്നു! പ്രത്യേകിച്ചൊന്നും തോന്നിയില്ല, ഏതോ ഒരു പെണ്‍കുട്ടി,അത്രയ്ക്ക് നോക്കാനും വേണ്ടി സൗന്ദര്യ റാണിയോന്നുമാല്ലായിരുന്നു  അവള്‍! കയ്യില്‍ ഒരു മോഡേണ്‍ ബാഗ്‌ ഉണ്ടായിരുന്നു, ചെവിയില്‍ സാമാന്യം വലിയ ഒരു തരം കമ്മല്‍. അവള്‍ പതിയെ എന്റെ തൊട്ടു മുന്നിലുള്ള സീറ്റില്‍ ഇരിപ്പുറപ്പിച്ചു, ഇരുന്ന കൂട്ടത്തില്‍ അവളാ മുടി ഒതുക്കി വെച്ചപ്പോള്‍, അതില്‍ നിന്നും രണ്ട് മൂന്ന് ഇഴകള്‍ മുന്നോട്ടു ആഞ്ഞു ഇരുന്ന എന്റെ മുഖത്ത് സ്പര്‍ശിച്ചു,പേരറിയാത്ത എന്തൊക്കെയോ ഇനം എണ്ണകളുടെ  നല്ല സുഗന്ധം !! എന്തോ,അപ്പോള്‍ മുതല്‍ ഒരു തരം ഫീലിംഗ്സ  എന്റെ മനസ്സില്‍! അവള്‍ ആരാണ് എന്താണ് എവിടാണ് എവിടെക്കാണ്‌ എന്നോകെ അറിയാന്‍ ഒരു തരം ആകാംഷ! ഒരു ആര്‍ട്സ് കോളേജിന്റെ മുന്നില്‍ നിന്നാണ് അവള്‍ കയറിയത്,അപ്പോള്‍ ഏറിയാല്‍ ഒരു പത്തൊന്‍പത് ഇരുപത് ഇരുപത്തി ഒന്ന് വയസ്സൊക്കെ ഉണ്ടാവുള്ളൂ.. അധികം വണ്ണം ഒന്നും ഇല്ല , മുടിയിഴകളില്‍ രാവിലെ എടുത്തു വെച്ച തുളസിക്കതിരിന്റെ അടയാളം ഉണ്ട്! അത് കൂടി ആയപ്പോള്‍ എന്റെ ഫീലിംഗ്സിന്റെ കടുപ്പം കൂടി... ബസ്സ്‌ മുന്നോട്ടു നീങ്ങും തോറും,ആളുകളുടെ എണ്ണവും കുറയാന്‍ തുടങ്ങി.. ഇപ്പോള്‍ ഞങ്ങളുടെ സീറ്റിന്റെ പരിസരത്തൊന്നും ആരും തന്നെ ഇല്ല.. ഏന്തെങ്കിലും അങ്ങ് ചോദിച്ചു  മിണ്ടിക്കൂടിയാലോ എന്ന് പലവട്ടം ആലോചിച്ചു! പക്ഷേ എന്താണ് സംസാരിക്കുക! സമയം എന്തായി എന്ന് ചോദിച്ചാലോ...ഓ അത് വേണ്ട!അല്ലെങ്കില്‍ ഇന്ന് മഴയുണ്ടാവുമോ എന്ന് ചോദിച്ചാലോ? സാധാരണ  അങ്ങനെ ഒക്കെ ആണല്ലോ അപരിചിതരുമായി മിണ്ടാട്ടം കൂടണെ!! ബസ്സ്‌ ചീറി പായുകയാണ്! ഈശ്വരാ അടുത്ത ഏതെങ്കിലും സ്റ്റോപ്പില്‍ അവള്‍ ഇറങ്ങിയേക്കാം,അതിനു മുന്നേ ദൈവം ഒരു വഴി കാണിച്ചു തരുമായിരിക്കും!! അധികം സൗന്ദര്യം ഇല്ലെങ്കിലും കാണാന്‍ ഒരു ഐശ്വര്യം ഉണ്ട്, ആരെങ്കിലും ഇവളെ സ്നേഹിക്കുന്നുണ്ടാവും എന്നുറപ്പ്! ഇവള്‍ തിരിച്ചു ആരെയും സ്നേഹിച്ചിരിക്കല്ലേ എന്ന് മനസ്സ് അറിയാതെ പ്രാര്‍ത്ഥിച്ചു! അവള്‍ ജനാലയിലൂടെ പുറത്തേക്കു നോക്കി ഇരിക്കുകയാണിപ്പോള്‍, കാറ്റത്ത് അവളുടെ മുഖത്തേക്ക് ഇളകി വീഴുന്ന ആ മുടിയിഴകളെ നോക്കി ഞാനിരുന്നു,ഇടയ്ക്കിടെ ഒന്ന് രണ്ട് മുടി ഇഴകള്‍ എന്റെ മുഖത്തും സ്പര്‍ശിച്ചു! 

"എന്ന വിലയഴകെ, സോന്നാല്‍ വിലക്കു വാങ്ക വരുവേന്‍! വില ഉയിരെണ്ട്രാലും തരുവേന്‍" 

ചെവിയില്‍ മുഴങ്ങി കേട്ട പാട്ട് ഞാന്‍ പാടുന്ന പോലെ തോന്നിപ്പോയി, സന്ദര്‍ഭത്തിന് യോജിച്ച സംഗീതം! ഈശ്വരാ!! നോക്കി ഇരിക്കും തോറും ഇവളിലെ സൗന്ദര്യം കൂടി കൂടി വരികയാണല്ലോ! ഇതാണോ ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് എന്ന് പറയുന്നത്! താന്‍ ഈ കുറച്ചു സമയം കൊണ്ട് ഇവളിലേക്ക് ഇത്ര അടുത്തു പോയോ? അതേ ഇത് അത് തന്നെ ഞാന്‍ പ്രണയത്തിനു അടിമപ്പെട്ടു! ഇനി എന്തും സംഭവിക്കട്ടെ അവളോട്‌ അത്  തുറന്നു പറയാം!
പെട്ടെന്ന് ആ പെണ്‍കുട്ടി തിരിഞ്ഞു നോക്കി, എന്റെ മനസ്സ് പറഞ്ഞത് അവള്‍ കേട്ടുവോ? തിരിഞ്ഞു നോക്കുക മാത്രം അല്ല ഒരു പുഞ്ചിരി കൂടി തന്നു എനിക്ക്! 
മതി!!!!!!  ഇത് മതി!!!! ഇനി തുറന്നു സംസാരിക്കുക തന്നെ.

എക്സ്ക്യൂസ് മി! 
അവള്‍ വീണ്ടും തിരിഞ്ഞു നോക്കി!
അതേയ് .എന്റെ പേര് മനു, സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ്, ഒന്ന് ചോദിച്ചോട്ടെ...കുട്ടിയെ...കുട്ടിയെ എനിക്കിഷ്ടമായി,കുട്ടിക്ക്..കുട്ടിക്ക്  എന്നെ ഇഷ്ടായോ?
മറുപടി പതിയെ മതി എന്നൊക്കെ പറഞ്ഞു ഒരു ഫ്ലോ ഉണ്ടാക്കി  ഇടാം എന്നും വെച്ചിരികുമ്പോള്‍ വളരെ പെട്ടെന്ന് തന്നെ ആ മോഡേണ്‍ ബാഗില്‍ നിന്നും അവള്‍ ഒരു വിസിറ്റിംഗ് കാര്‍ഡ്‌ എടുത്തു തന്നു.. അതില്‍ ഒരു മൊബൈല്‍ നമ്പര്‍ വലിയ അക്ഷരത്തില്‍ അച്ചടിച്ചിരിക്കുന്നു! അതില്‍ നോക്കി മൃങ്ങസ്യ എന്നിരിക്കുമ്പോള്‍ അവളുടെ ശബ്ദം കാതില്‍ മുഴങ്ങി..
"ഞാന്‍ ഇന്ന് ബുക്ട് ആണ്, കാള്‍ മി ഓണ്‍ ദിസ്‌ നമ്പര്‍ ടുമാറോ!!!!"

[NB: കടപ്പാട്-നൗഷാദ് അകമ്പാടം,നൗഷാദ് കൂടരഞ്ഞി,മലയാളം ബ്ലോഗേര്‍സ്‌ ഗ്രൂപ്പ് ]

Related Posts Plugin for WordPress, Blogger...