Friday, March 29, 2013

സ്ത്രീ പക്ഷ - അല്ല മനുഷ്യപക്ഷ ചിന്തകൾ

ലൈംഗികാതിക്രമങ്ങൾ പെരുകുന്ന കാഴ്ചയാണ് നാം ഇന്ന് കാണുന്നത്, വിദ്യാഭ്യാസപരമായും മാനസികപരമായുമെല്ലാം ഒരുപാട് വികാസം നമുക്കേവർക്കുമിന്നുണ്ട്. എന്നിട്ടും ഇത്തരം അക്രമങ്ങൾ പെരുകാൻ കാരണമെന്ത്?!

കുട്ടിക്കാലത്ത് തന്നെ നമുക്ക് ലഭിക്കുന്ന അറിവുകൾ അപൂർണ്ണവും നിറയെതെറ്റുകൾ നിറഞ്ഞതുമാണെന്നാണ് എന്റെ അഭിപ്രായം. ആൺ പെൺ വേർതിരിവുകൾ ജനിച്ചു വീഴുന്ന അന്ന് തന്നെ ആരംഭിക്കുന്നു, വീടുകളിൽ നിന്ന് തന്നെ - പെണ്ണിനെ അടിച്ചമർത്താനുള്ളവളെന്നും ലൈംഗികാവയവം മാത്രമെന്നുള്ള പാഠങ്ങളാണ് ലഭിക്കുന്നത്. സമൂഹത്തിലെ ഒരു ഭൂരിപക്ഷം മുഴുവനും അതിക്രമങ്ങളിൽ സ്ത്രീയുടെ വസ്ത്രധാരണം പെരുമാറ്റം തുടങ്ങിയവയിൽ കുറ്റം ആരോപിക്കുന്നു, മതങ്ങളേയും കാലാതിവർത്തിയായ അന്ധവിശ്വാസങ്ങളേയും അതിനു വേണ്ടി കൂട്ട് പിടിക്കുന്നു.

അംഗീകരിക്കപ്പെട്ട എഴുത്തുകാരടക്കം ആരും തന്നെ സ്ത്രീയെ ഒരു ഉപഭോഗവസ്തുവായി മാത്രം കാണൂന്നതിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്നില്ലാ എന്നതാണ് സങ്കടകരം. ഓരോ മനുഷ്യനിലും വികാരമുണ്ട് നിരവധി ഹോർമ്മോണുകളുടെ പ്രവർത്തന ഫലമായി അത്തരം വികാരങ്ങളുണ്ടാകുന്നതിനെ തടയാനാവില്ല, എന്നാൽ വിവേകമെന്ന ഒരു സംഗതി അവനിലുണ്ട്, ഓരോ മനുഷ്യജീവിയുടേയും അവകാശങ്ങളേയും സ്വാതന്ത്ര്യത്തേയും പറ്റിയുള്ള ബോധമുണ്ട്. വിവേകത്താൽ വികാരത്തെ തടയാനുള്ള കഴിവുമുണ്ട്! ആ മനസ്സാണ് എല്ലാവർക്കുമുണ്ടാകേണ്ടത്. അതിനു വേണ്ടിയുള്ള ആഹ്വാനങ്ങളാണ് അംഗീകരിക്കപ്പെട്ട എഴുത്തുകാരും പ്രാസംഗികരും മറ്റും നൽകേണ്ടത്.

അല്പവസ്ത്രമോ ആണിനെപ്പോലെ ചാടുന്നതോ ആവരുത് സ്ത്രീപീഡനങ്ങളുടെ ഹേതു ചികയുമ്പോൾ കണ്ണിലെത്തേണ്ടത്. ഒരു നല്ല മനുഷ്യനാവുക, സഹജീവികളെ മനുഷ്യത്വത്തോടെ കാണുക, പെരുമാറുക..


Friday, March 22, 2013

കബന്ധങ്ങൾ



എഴുതിത്തുടങ്ങിയത് മുഴുമിപ്പിക്കാനാകുന്നതിനു മുൻപ് പുതിയത് തുടങ്ങേണ്ടി വരുന്ന എഴുത്തുകാരാണ് പലരും,
തുടങ്ങിയവകളിലും മനോഹരമായി തുടങ്ങാനും മനോഹരമായി എഴുതി, ഒരു നല്ല ക്ലൈമാക്സിലെത്തിക്കാനുമായ് ആഗ്രഹിക്കുന്നതുമാണ്,
പുതിയ വഴികൾ തേടാൻ അവനെ പ്രേരിപ്പിക്കുന്നത്(ആകാം)
പക്ഷേ ഒരു ഭൂരിപക്ഷത്തിനും സംഭവിക്കുന്നത് മറിച്ചാണ്(ആകാം)
അവസാനമടുക്കുമ്പോൾ പാതി ജീവനെത്തിയ സൃഷ്ടികളെയെല്ലാം ഒറ്റയ്ക്കാക്കി രക്ഷിതാവിനു യാത്രയാവേണ്ടി വരുന്നത്, വിധിയെന്ന രണ്ടക്ഷരത്തിലൊതുക്കാനാകുന്നതാണോ..
അല്ല കുറ്റക്കാരൻ അവൻ മാത്രമാകാം, തിരഞ്ഞെടുക്കുന്ന വഴികൾ(തീമുകൾ) ആകാം, ചിലപ്പോൾ ചിലപ്പോൾ കാരണരഹിതവുമാകാം(ആകാം)
കബന്ധങ്ങളായി കഥകൾ മാത്രം അവശേഷിക്കും....

#വട്ട് വട്ട്..

Saturday, March 09, 2013

മഴ



ചിലപ്പോൾ ഓർമ്മകളൊരുമിച്ച് കൂടി
ഘനീഭവിച്ചൊരു മഴ പെയ്യും,
അപ്പോൾ മനസ്സൊരു മയിലാകും,
പീലികൾ കൊഴിഞ്ഞൊരു മയിൽ,
ആടാനാവാതെ, കാണാനാളില്ലാതെ
മഴ തോരുവോളം മാനം
നോക്കിയൊരു നിൽപ്പാണ് പിന്നെ....


Tuesday, February 05, 2013

Fall Out of Love is Simply Awful :)


1.
വാക്കുകളാൽ തീർത്ത പളുങ്കുകൊട്ടാരത്തിനുള്ളിലേക്ക്,
കാത്തിരുപ്പുകളാൽ തീർത്ത ആടയാഭരണങ്ങളണിഞ്ഞ്,
വാഗ്ദാനങ്ങളാൽ തീർത്ത പ്രതീക്ഷപ്പൂന്തോട്ടം കടന്ന്,
മൗനമുരുക്കിയുണ്ടാക്കിയാ
പാദരക്ഷ പുറത്ത് വെച്ചവൾ മന്ദം മന്ദം അകത്തേയ്ക്ക്...
കാൽപ്പെരുമാറ്റം കേൾപ്പിക്കാതെ
കോട്ടവാതിലിനപ്പൂറം കടന്നയവനൊരു
കരിങ്കൽച്ചീളിന്റെ ചിലവേ ഉണ്ടായിരുന്നുള്ളൂ
എല്ലാം ഓർമ്മയാക്കാൻ...

2.
പ്രണയമതുള്ളിലുണ്ടെന്നാൽ,
ഉയിരിനുള്ളിലേക്കുതിരുന്ന
പ്രണയമംഗമായനന്തരം ഭവിച്ചിടും
പിന്നെയംഗഭംഗം ഭവിച്ചിടിൽ
വേദന കലശലായിടും
മാറ്റി വെക്കാനായംഗമൊന്നു വീണ്ടും കിട്ടിടാം
എന്നിരുന്നാലും ഒരു
മുടന്തവശേഷിക്കുമപ്പോഴേക്കും.

3.
മൗനത്തിൻ തന്ത്രികൾ മീട്ടിയന്നെന്നിലേക്കെത്തിയ സുന്ദരസ്വപ്നമേ,
ഒരു മഴ മേഘമായ് പെയ്തടങ്ങിയെങ്ങോ പോയ്മറഞ്ഞുവതെന്തേ,
ഇനിയെന്നകതാരിലൊരു ചെറു മഴയായ്
പെയ്യാനിനിയെത്ര പകലോനെരിഞ്ഞടങ്ങണം?

4.
മഴപെയ്തിറങ്ങിയ മനസ്സിലൊരു
അരുവി രൂപം കൊണ്ടിരിക്കുന്നു..
ഒഴുകിയിറങ്ങാൻ വെമ്പൽ പൂണ്ട്..
മർദ്ദം കൂടിയതെന്ന് ഒരുൾപൊട്ടലിൽ
എത്തിച്ചേരുമെന്നറിയില്ല....


[NB: FB status]

Sunday, November 25, 2012

തിയേറ്റർ സ്മരണകൾ



പാറ്റൂർ ശ്രീബുദ്ധാ കോളേജിൽ പഠിക്കുന്ന കാലം , ക്ലാസ്സ് കട്ട് ചെയ്യാനും കട്ട് ചെയ്ത് സിനിമയ്ക്ക് പോകാനുമുള്ള അറപ്പും വെറുപ്പും ഭയവും എങ്ങോ മാഞ്ഞ് പോയ നാളുകൾ.. സിനിമയ്ക്ക് പോകുന്നത് ഞങ്ങൾ നാലഞ്ച് പേർ ഒരുമിച്ചാണ്, ഇന്ന സിനിമ എന്നൊന്നും ഇല്ല, ഏത് പടം ഇറങ്ങ്യാലും പോയിക്കാണും,തിയേറ്ററിൽ ഇരുന്ന് കോമഡികളടിച്ച് ഞങ്ങൾ അറമ്മാദിക്കും  അക്കാലത്തിറങ്ങിയ ഒട്ട് മിക്ക കൂതറപ്പടങ്ങളും ഞങ്ങൾ നല്ലോണം enjoy ചെയ്തിട്ടുണ്ട്, ഒരിക്കൽ ഞങ്ങൾ വിജിത്തമ്പി സംവിധാനിച്ച സുരേഷേട്ടൻ അധോലോക രാശാവായി അഫിനയിച്ച ബഡാദോസ്ത് എന്ന പടം കാണാൻ പോയി, മാവേലിക്കരയിലുള്ള സന്തോഷ് സിനി കോമ്പ്ലക്സിലാണ് ഞങ്ങളുടെ തിയേറ്ററുകൾ ( സന്തോഷ്, സാന്ദ്ര, വള്ളക്കാലി ൽ) നിലനിൽക്കുന്നത്, ക്യൂവിൽ കയറി നിന്നത് സാമി എന്ന് വിളിക്കപ്പെടുന്ന അരവിന്ദായിരുന്നു, കൗണ്ടറിന്റെ അടുത്തായി കമിങ്ങ് സൂൺ എന്ന തലക്കെട്ടോടെ കൂടി ബാബാകല്യാണി എന്ന് എഴുതി വെച്ചിരിക്കുന്നു, അവൻ അത് വായിച്ചതും ടിക്കറ്റ് കൊടുക്കാനുള്ള ബെല്ല് മുഴങ്ങി, കൗണ്ടറിൽ കയ്യിട്ട് അവൻ ഇപ്രകാരം പറഞ്ഞു

ചേട്ടാ നാലു ബഡാകല്യാണീ... ങേ.. അല്ല തെറ്റി നാലു ബാബാദോസ്ത്!!


അമ്മയുടെ വീടിനടുത്ത് സായ്കൃഷ്ണ എന്ന തിയേറ്ററിൽ വീട്ടിൽ നിന്നും സിനിമ കാണാൻ പോകുമായിരുന്നു, ആദ്യം കണ്ടത് ചുക്കാൻ ആണെന്നാണ് ഓർമ്മ, മണിച്ചിത്രത്താഴ് പിന്നെ മാന്നാർ മത്തായി, സ്ഫടികം തുടങ്ങിയവയും കണ്ടിട്ടുണ്ട്, എന്നാലും ആദ്യ തിയേറ്റർ ഓർമ്മ എന്നത് ഞാൻ പങ്കെടുക്കാത്ത ഒരു സിനിമാക്കഴ്ചയായിരുന്നു, യോദ്ധ കാണാൻ അച്ഛനുമമ്മയും കൈക്കുഞ്ഞായ അനിയനും പോയപ്പോ ഞാൻ മറ്റെവിടെയോ ആയിരുന്നു, കുറേക്കാലത്തേയ്ക്ക് അതിന്റെ സങ്കടമെനിക്കുണ്ടായിരുന്നു.

കൂട്ട്കാരുമൊത്ത് കോളേജിലെത്തും വരെ സിനിമയ്ക്ക്  പോയിട്ടില്ല, പന്തളം NSS പോളിയിലെ രണ്ടാം വർഷക്കാലത്ത് ഒരുച്ചയോടടുപ്പിച്ച് കടമ്പൻ എന്ന് വിളിക്കുന്ന കടമ്പനാട്ടുകാരൻ സുജിത്തിനൊപ്പം സേതുരാമയ്യർ സി ബി ഐ കാണാൻ മിടിക്കുന്ന ഹൃദയവും പേടിച്ചരണ്ട മനസ്സുമായി അടൂർ നയനത്തിൽ പോയി, ടിക്കറ്റെടുത്ത് കയറും മുൻപ് ആദ്യ ഷോ കഴിഞ്ഞിറങ്ങിയ പ്രിയപ്പെട്ട കൂട്ടുകാരനൊരുത്തൻ ചെവിയിൽ ഇങ്ങിനെയോതി

ജഗദീഷ് പാവാണെടാ!!!

ഏറ്റവും മനോഹരമായ എന്റെ സിനിമാക്കാഴ്ച ഒരു പക്ഷേ ക്ളാസ്മേറ്റ്സ് കണ്ടതാവണം, മുതുകുളത്ത് നിന്നും മാവേലിക്കര പ്രതിഭവരെ സൈക്കിളിൽ പോയി കണ്ടത്, ഒറ്റയ്ക്കായിരുന്നുവെങ്കിലും ആ സിനിമ തന്ന ഒരു ഫീൽ പിന്നീട് തിയേറ്ററിൽ നിന്നും എനിക്ക് ലഭിച്ചിട്ടില്ല. സിനിമയുടെ വിശദാംശംങ്ങൾ ഒന്നും തന്നെ അറിയാതെ ഒരു പാട്ട് പോലും കേൾക്കാതെ പോയിക്കണ്ട സിനിമ ആയിരുന്നു അത്.  സിനിമയുടെ ഓരോ സീനും എന്നെ പന്തളം പോളിടെക്കനിക്ക് ലൈഫ് ഓർമ്മിപ്പിച്ചു കോണ്ടേയിരുന്നു, ചിലപ്പോൾ നൊമ്പരപ്പെടുത്തിയും ചിലപ്പോൾ ചിരിപ്പിച്ചും അങ്ങിനെ..

കൂട്ടുകാരുമൊത്ത് ഏറ്റവും കൂടുതൽ enjoy ചെയ്തത് ചോക്ലേറ്റ്സ് കണ്ടതാവണം, ഒരുദിവസം തന്നെ രണ്ട് ഷോ കണ്ടു, യൂണീവേസിറ്റി പരീക്ഷയോടനുബന്ധിച്ച് കംബൈൻ സ്റ്റഡി നടത്താൻ പോയതാ.. :) പ്രിഥ്വി ആദ്യമായി കോളേജിലെത്തുന്ന ആ സീൻ ഞങ്ങളേവരുടേയും സ്വപ്നമായിരുന്നു കുറച്ച് നാളത്തേയ്ക്കെങ്കിലും

സിനിമയിൽ തീരെ ശ്രദ്ധിക്കാതിരുന്ന് , ഒരു യാത്ര പറച്ചിൽ പോലെ സിനിമ ഫീൽ ആയത് അപൂർവ്വ രാഗങ്ങൾ കണ്ടപ്പോഴായിരുന്നു,പ്രിയപ്പെട്ട സുഹൃത്തിനെ പിരിയാൻ മാൻസികമായി തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. പിന്നെ  എല്സമ്മ എന്ന ആൺകുട്ടിയും ഒരുപാട് ഫീൽ ആയ സിനിമ ആയിരുന്നു, ആ സിനിമ അന്ന് കാണുമ്പോളുള്ള മാനസികാവസ്ഥയായിരുന്നു അത് ഫീലാകാൻ കാരണം, ഇന്ന് കണ്ടാ ഒന്നും തോന്നൂല :) ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവും അത് കണ്ട സാഹചര്യവും മറ്റും കാരണം ഒരുപാട് ഇഷ്ടമായതൊന്നായിരുന്നു.

തിയേറ്ററിൽ നിന്ന് ഇറങ്ങിയോടണം എന്ന് തോന്നിയത് സാഗർ ഏലിയാസ് ജാക്കി കണ്ടപ്പോൾ, അടുത്ത തിയേറ്ററിൽ സൂര്യയുടെ അയൺ ഉണ്ടായിട്ടും ഞങ്ങളെ കുറച്ച് പേരേ ആ സിനിമ കാണാൻ വലിച്ച് കയറ്റിയ ദീപുവിനെ ചവിട്ടിക്കൂട്ടാൻ തോന്നിയതും ആ സമയത്തായിരുന്നു! ശബ്ദകോലാഹലം കാരണം ചെവി പൊത്തിയിരിക്കേണ്ടി വന്നതും ഇതേ ചിത്രത്തിനു തന്നെ.

ആദ്യമായിക്കണ്ട 3ഡി പടം ഗോസ്റ്റ് റൈഡർ 2, ഒബ്രോൺ മാളിൽ സിനിമാക്സിൽ പിള്ളാരെക്കാളുച്ചത്തിൽ ചിരിച്ചാസ്വദിച്ച സിനിമയും 3ഡി ആയിരുന്നു ഐസ് ഏജ് 4! വെറുത്ത് പോയ 3ഡി സിനിമ ഡോൺ 2 , കഹാനി മറ്റൊരു സ്ക്രീനിൽ ഉണ്ടായിരുന്നിട്ടും കിങ്ങ് ആൻഡ് കമ്മീഷണർ അന്യായ പൈസായ്ക്ക് കണ്ടതും ഇതേ തിയേറ്ററിൽ നിന്ന് തന്നെ :(

ആദ്യമായും അവസാനമായും കടം വാങ്ങിപ്പോയിക്കണ്ട സിനിമ ചക്കരമുത്ത്, കോളേജിനടുത്തുള്ള ബുക്ക്സ്റ്റാളിലെ ചേട്ടന്റെ കയ്യിൽ നിന്നും നൂറ്റിഅൻപത് രൂഫായും വാങ്ങി പാറ്റൂരു നിന്നും ദീപുവിന്റെ എൻഫീൽഡിൽ ഞാനും രെഞ്ചിത്തും ദീപും കൂടെ ട്രിപ്പിളടിച്ച് പോയിക്കണ്ട ഫിലിം..

അനിയനൊപ്പം പോയിക്കണ്ട ആദ്യ ഫിലിം റ്റൈം, അതിലെ വൈഗ എന്ന പേരൊഴിച്ച് ബാക്കി ഒന്നും ഇഷ്ടമായിരുന്നില്ല, ഷാജികൈലാസ് തകരാൻ തുടങ്ങിയത് ആ സിനിമയോടെ കൂടിയാണെന്ന് തോന്നുന്നു..

ഒരു ഡയറക്ടറോട് ഓൺലൈൻ വഴിയാണെങ്കിലും നേരിട്ട് അഭിപ്രായം അറിയിക്കുകയും അദ്ദേഹം റെസ്പോണ്ട് ചെയ്യുകയും  ചെയ്ത ചിത്രം "അയാളും ഞാനും തമ്മിൽ"

[NB: പ്ലസ്സിലെ തിയേറ്റർ ഇവന്റിൽ നിന്നും ]

Related Posts Plugin for WordPress, Blogger...