Friday, December 31, 2010

വിട 2010


ണ്ടായിരത്തി പന്ത്രണ്ടില്‍ ലോകം അവസാനിക്കും എന്നുള്ളത് നേരാണോ? ആവൊ അറിയില്ല..പണ്ട്,ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍,തൊണ്ണൂറു കാലഘട്ടം ,അന്ന് രണ്ടിലോ മൂന്നിലോ ആണ് പഠിക്കുന്നത്, ഉച്ച സമയത്താണ് നാലാം ക്ലാസ്സിലെ ഒരു ചേട്ടന്‍ അലറി വിളിച്ചു പറയുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടത്, "നാളെ ലോകം അവസാനിക്കുന്നു എന്ന്.", ഞാന്‍ ശരിക്കും വിശ്വസിച്ചു പോയി.. വീട്ടില്‍ എത്തിയിട്ടും അത് തന്നെ ആയിരുന്നു ചിന്ത , ഈശ്വരാ നാളെ ലോകം അവസാനിക്കുമോ ? എങ്ങനെ ആയിരിക്കും അവസാനിക്കുക? ആ കൊച്ചു പയ്യന്റെ മനസ്സില്‍ ചിന്തകളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടായി, സത്യം പറഞ്ഞാല്‍ അന്ന് ഞാന്‍ ഉറങ്ങിയില്ല, ഉറക്കം വരുമ്പോള്‍ തന്നെ ഓരോ ദു:സ്വപ്‌നങ്ങള്‍ കണ്ട് ഞെട്ടി എണീക്കും . എന്തായാലും അടുത്ത ദിവസം ലോകം അവസാനിച്ചില്ല.. 


ഇന്ന് ഒരു അവസാനം ആണ്, രണ്ടായിരത്തി പത്തിന്റെ അവസാനം, ഏതോ ഒരു ബ്ലോഗ്ഗര്‍ പറഞ്ഞത് പോലെ എല്ലാവരുടെയും ആയുസ്സില്‍ നിന്ന് ഒരു വര്‍ഷം കൂടി പടി ഇറങ്ങി പോകുന്നു.. ഓരോ വര്‍ഷവസാനവും നമ്മള്‍ വിശകലനം ചെയ്യും,എന്തൊക്കെ ആണ് ചെയ്തു കൂട്ടിയത്,നേട്ടങ്ങള്‍ എത്ര,കോട്ടങ്ങള്‍ എത്ര ,എന്തൊക്കെയാണ് ഇനി ചെയ്യാന്‍ ഉള്ളത് എന്നൊക്കെ . പുതു വര്‍ഷ പിറവിയില്‍ ഓരോരുത്തരും പ്രതിഞ്ജകള്‍ എടുക്കുകയായി, ഞാനിനി കുടിക്കില്ല,വലിക്കില്ല,നടക്കില്ല,കിടക്കില്ല,മുറുക്കില്ല,പുതു വര്‍ഷങ്ങള്‍ ഇനിയും ഉള്ളത് കൊണ്ട് ആരും ഇതൊന്നും പാലിക്കാറില്ല എന്ന് മാത്രം... ഇന്ന് ഇപ്പോള്‍ ആളുകള്‍ എല്ലാം ആഘോഷ തിമിര്‍പ്പിലാണ്, ചാനലുകളായ ചാനലുകള്‍ എല്ലാം അതിന്റെ തല്‍സമയ ദൃശ്യങ്ങള്‍ കാണിക്കുന്നുണ്ട്... എങ്ങും ആഘോഷം മാത്രം, നമ്മുടെ സമൂഹത്തില്‍ ഉള്ള പാവങ്ങളെ ഈ കൂട്ടത്തില്‍ ആരെങ്കിലും ഓര്‍ക്കാറുണ്ടോ? അവര്‍ക്ക് എന്ത് പുതു വര്‍ഷം? എന്ത് ന്യൂ ഇയര്‍! ഇന്ന് തകര്‍ത്തു പൊടിച്ചു കളയുന്ന പണത്തിന്റെ ഒരു ശതമാനം എങ്കിലും സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ആയി മാറ്റി വെക്കാനോ,ചെലവക്കാണോ ആരെങ്കിലും തയ്യാറാകുമോ? 

രണ്ടായിരത്തി പതിനൊന്നില്‍ പല പല പ്രതീക്ഷകളാണ് എല്ലാവര്‍ക്കും.. ഒരു ജോലി,നല്ല ജോലി, ജോലി കയറ്റങ്ങള്‍, പുതിയ വാഹനം,പുതിയ വീട്, ജീവിത പങ്കാളി,കാമുകന്‍,കാമുകി, ആഭരണങ്ങള്‍,അവാര്‍ഡുകള്‍,പ്രശക്തി...ഇടുക്കിയിലും കാസര്‍ഗോടും ഉള്ളവര്‍ക്കും ഉണ്ട് പ്രതീക്ഷ വര്‍ഷങ്ങളായി അവരുടെ ഉറക്കം കെടുത്തുന്ന എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷം നിര്‍ത്തലാക്കും എന്നുള്ളത്. കേരളം ഒട്ടാകെയും ഉണ്ട് വേറെ ഒരു  പ്രതീക്ഷ, മുല്ലപ്പെരിയാര്‍ പുന: സൃഷ്ടി .

രണ്ടായിരത്തി പതിനൊന്നില്‍ എന്റെ പ്രായത്തില്‍ ഒന്ന് കൂടി കൂട്ടപെടുന്നു,ആയുസ്സില്‍ നിന്ന് ഒരു വര്‍ഷം കൂടി പടി ഇറങ്ങുന്നു, ചെയ്യാന്‍ കര്‍മ്മങ്ങള്‍ നിരവധി ബാക്കി....
"ഒരു ചാക്ക് സ്വപ്നം, തലയില്‍ താങ്ങി ഒരു പോക്ക്,നടുവും തല്ലി വീഴാതെ അങ്ങെത്തി ചേരാനുള്ള ആഗ്രഹവുമായി.."

[NB:എന്റെ പുതു വര്‍ഷ പ്രതിഞ്ഞ:-നാളെ മുതല്‍ കൃത്യമായി ഓഫീസ് ടൈമില്‍ തന്നെ അവിടെ ഹാജര്‍ ആകണം"]

Thursday, December 30, 2010

പുതുവത്സരാശംസകള്‍

NB:ഏവര്‍ക്കും പുതു വര്‍ഷത്തില്‍ നല്ലത് മാത്രം ഉണ്ടാകട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു 

Sunday, December 26, 2010

കഥ തുടരുന്നു(മൂന്നാം ഭാഗം)

ഒന്നാം ഭാഗം ഇവിടെ 
രണ്ടാം ഭാഗം ഇവിടെ 
ആരും എന്നെ ചീത്ത വിളിക്കരുത്.. മൂന്നാം ഭാഗം ഞാന്‍ പിന്നെ എപ്പോഴേലും എഴുതാമെ.. എന്റെ ഡയറി കാണുന്നില്ല..

Friday, December 24, 2010

കഥ തുടരുന്നു (ഭാഗം രണ്ട് )

മ്പ്യൂട്ടര്‍ സയന്‍സിന്റെ ഫിഫ്ത് സെമെസ്റെര്‍ ക്ലാസിന്റെ തെക്ക് പടിഞ്ഞാറെ മൂലയിലാണ് ആദ്യം കാര്യമായ കുഴപ്പങ്ങള്‍ കണ്ടു തുടങ്ങിയത്. ക്ലാസ്സില്‍ എന്നും സ്ഥിരമായി വരാറുള്ള, എന്നാല്‍ അധികം ആരോടും സംസാരിക്കാത്ത മിണ്ടാപ്പൂച്ചയായ ആഷിക് ആണ് ആദ്യം ബീരാന്‍ കുട്ടിയുടെ കോപത്തിനു പാത്രം ആയതു.(കോപ പാത്രം! എന്ന് മലയാളത്തില്‍  പറയും). പുള്ളികാരന്‍ ക്ലാസ്സില്‍ നിന്ന് പോകുന്ന ടൂറിനു വരാന്‍ വേണ്ടി തയ്യാറെടുത്തു നില്കുമ്പോഴാ,ബീരാന്‍ കുട്ടീന്റെ പ്രേതം വയറിനു ബാധിച്ചത്, വിരോധക്കാര്‍ വയറിളക്കം പിടിച്ചു എന്ന് പറഞ്ഞാലും,അതൊന്നും വിശ്വസിക്കാന്‍ ഞങ്ങള്‍ ഒരുക്കം അല്ല, അത് ബീരാന്‍ കുട്ടി തന്നെ. ബീരാന്റെ അടുത്ത ഇര സ്ലോ മോഷന്‍ ഇഷ്ടപ്പെടുന്ന രഞ്ജി ആരുന്നു.,ഒരു സുപ്രഭാദത്തില്‍ പുള്ളിക്കാരന്‍ രണ്ടാം നിലയിലേക്കുള്ള സ്റെപ്പില്‍ നിന്നോണ്ട്‌ ഫുട് ബാള്‍ കളിച്ചു  മൂക്കും കുത്തി താഴെ വീണു, കലോരെണ്ണം ഒടിഞ്ഞു. ഇങ്ങനെ ഒരു പ്രവൃത്തി രണ്ജിയെ കൊണ്ട് ചെയ്യിച്ചത് ബീരാന്‍ അല്ലെങ്കില്‍ പിന്നെ മറ്റാരാണ്‌  . അടുത്ത ഇര നമ്മുടെ സാക്ഷാല്‍ രഘു ആയിരുന്നു ,  അക്കാലത്ത് പുതിയ ഒരു റോയല്‍ എന്ഫീല്ദ്  ബുല്ല്ലെട്ടില്‍ ചെത്തി നടക്കുക എന്നത് ആയിരുന്നു പുള്ളിടെ ഹോബി ,അങ്ങനെ ഇരിക്കെ ഒരു ദിവസം തന്നെ മറികടന്നു കേറി പോയ ഒരു പാണ്ടി ലോറിയെ ചെസ് ചെയ്ത് അതിന്‍റെ കുണ്ടീമേല്‍ ഒറ്റ ഇടി (ഈ തോന്നല്‍ ഉണ്ടാക്കിയത് ബീരാന്‍ അല്ലെങ്കില്‍ പിന്നെ ആരാണ്).ഇടിയുടെ ആഘാദത്തില്‍ രഘുവിന്റെ ദേഹത്തെ തൊലി അല്പം പോയി, ആ പാണ്ടി ലോറിയുടെ കാര്യമാണ് കഷ്ടം,ആക്ക്രിക്കാര്‍ക്ക് തൂത്തു പെറുക്കി  കൊടുത്തു എന്നാണ് കേട്ടത്... അങ്ങിനെ എന്തിനേറെ പറയുന്നു, രാജ്,ബാഹുല്‍,ദീപിക, രമ്യ , ശാലിനി, മൃദുല,ഭാവന , ബിജു, റിയാസ്,റിജോ...തുടങ്ങി ക്ലാസ്സിലെ എല്ലാവര്‍ക്കും ശനി ബീരാന്‍ രൂപത്തില്‍ .......

ഇതിനു ഒരു പരിഹാരം ഇല്ലേ,  പല മന്ത്രവാധികളും വന്നു, ആര്‍ക്കും ബീരാനേ ഓടിക്കാന്‍ കഴിഞ്ഞില്ല, മറിച്ച്‌ അവര്‍ എല്ലാരും ഓടിയ വഴിയില്‍ പുല്ലു പോലും ഉണ്ടായതും ഇല്ല..  അത് വരെ നിശബ്ദന്‍ ആയിരുന്ന മുനിയപ്പന്‍ പറഞ്ഞു , (മണിയപ്പന്‍ എന്നാണ് പേര്, രൂപവും ഭാവപ് നടപ്പും എടുപ്പും എല്ലാം കണ്ടാല്‍ ഒരു മുനിയുടെ ലക്ഷണം ഉള്ളത്  കൊണ്ട് മുനിയപ്പന്‍ എന്നാണ് എല്ലാരും വിള്ളിക്കുന്നത്) "എല്ലാ ആള്‍ക്കാരും പരാജയപ്പെട്ട സ്ഥിതിക്ക് ഞാന്‍ ഒന്ന് ശ്രമിക്കാം എന്താ?"
[NB തുടരും..]

Wednesday, December 22, 2010

കഥ തുടരുന്നു


ന്നൊരു മഴയുള്ള ദിവസം ആയിരുന്നു , ആലപ്പുഴ ജില്ലയിലെ ഒരു ഉള്‍ഗ്രാമത്തിലുള്ള  കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഫിഫ്ത് സെമസ്റ്റെര്‍ ക്ലാസ്സ്‌ റൂം;സമയം പകല്‍ മൂന്നര ,റിജീഷ്  സര്‍  ക്ലാസ്സ്‌ എടുക്കുന്നു. എല്ലാ ക്ലാസ്സിന്റെ തുടക്കത്തിലും ഉള്ളത് പോലെ അന്നും സര്‍ ഒരു കഥ പറഞ്ഞു കൊണ്ട് ക്ലാസ്സ്‌ തുടങ്ങി, പക്ഷേ എന്നത്തെയും പോലെ കുട്ടികള്‍ ബഹളം ഉണ്ടാക്കിയില്ല ,ഉറങ്ങിയും ഇല്ല!!!!, കാരണം വളരെ നാളുകള്‍ക്ക് ശേഷം സര്‍ പതിവ് കഥ വിട്ടു പുതിയ ഒരെണ്ണം ആണ് അന്ന് അവതരിപ്പിച്ചത്, ഇനി ഇതായിരിക്കും അടുത്ത ഒരു സെമസ്റ്റെര്‍ മുഴുവന്‍ എന്ന് ആലോചിക്കുമ്പോഴേ ഉള്ളൂ എല്ലാവര്‍ക്കും ഒരു വല്ലായ്മ .. അന്ന് സര്‍ പറഞ്ഞ കഥ ഓജോ ബോര്‍ഡ് വെച്ചു ഭാവി അറിഞ്ഞ   ഒരു സംഭവം ആയിരുന്നു.ആ കഥ ക്ലാസ്സില്‍ ചിലരില്‍ അമ്പരപ്പും,ചിലരില്‍ ആകാംഷയും,മറ്റു ചിലരില്‍ പുച്ചവും ഉണ്ടാക്കിച്ചു . ആകാംഷയും,അമ്പരപ്പും ഉണ്ടായവര്‍ ഒന്ന് തീരുമാനിച്ചു , ഓജോ ബോര്‍ഡ് പരീക്ഷിക്കുക. ഈ തീരുമാനം എടുത്ത സമയത്ത് ,കാര്‍മേഘം ഇല്ലാത്ത മാനത്ത് വെള്ളിടി വെട്ടി, (വെള്ളിയാണോ സ്വര്‍ണം ആണോ എന്ന് സംശയം ഉണ്ട്..എന്തായാലും ഇടി വെട്ടി എന്നുള്ളത് സത്യം ആണ്...), കാലന്‍ കോഴി അലറി ,കൊടുംകാറ്റു വീശി, കോളേജിനു മുന്നിലുള്ള പുഞ്ചപ്പാടത്ത്  സുനാമി ഉണ്ടായി,എന്തിനേറെ പറയുന്നു, പയറ്‌ പോലെ ,സര്‍ പറയുന്ന എല്ലാം വള്ളി പുള്ളി വിടാതെ സ്വന്തം ബുക്കില്‍ പകര്‍ത്തി എഴുതി കൊണ്ടിരുന്ന, ദീപിക  പിച്ചും പേയും പറയാന്‍ പോലും തുടങ്ങി, ഇതെല്ലം സൂചിപ്പിക്കുന്നത് എന്തോ ആപത്ത് വരുന്നു എന്നാണോ..എന്തായിരിക്കും ആ ആപത്ത്??

ബാഹുല്‍ ,രെഘു,ജയേഷ്,രാജ്  തുടങ്ങി കുറച്ചു പേര്‍ ഒരു ഓജോ ബോര്‍ഡ് സങ്കടിപ്പിച്ച് പരീക്ഷണം നടത്താന്‍ ഉള്ള ഒരുക്കങ്ങള്‍ എടുത്തു. ഓജോ ബോര്‍ഡ് ആര് പരീക്ഷിക്കും? അവര്‍ തമ്മില്‍ ചര്‍ച്ച ആയി, തടി മിടുക്കും തന്റേടവും ,വടവലി മത്സരത്തില്‍ ടീമിന്റെ ക്യാപ്ടനും,ആ മത്സരത്തില്‍ ഒന്നാം സമ്മാനമായി കിട്ടിയ ഒരു വലിയ പഴക്കുല ഒറ്റ ഇരിപ്പിന് അകത്തു ആക്കിയവനുമായ രെഘു വിനെ തന്നെ ഈ ദൌത്യം ഏല്‍പ്പിക്കാന്‍ തീരുമാനം ആയി.  ആയിടക്ക്  വളരെ വിരളം ആയി മാത്രം ബയോടെക്നോളജിയുടെ ക്ലാസ്സില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സിന്റെ ക്ലാസ്സില്‍ വന്നു കൊണ്ടിരുന്ന ബാഹുല്‍ നെ കൊണ്ട് ഓജോ ബോര്‍ഡില്‍ കോയിന്‍ വെപ്പിച്ചു.
എന്നിട്ട് രെഘു ഓജോ ബോര്‍ഡിലേക്ക് നോക്കി ഇങ്ങനെ ചോദിച്ചു "നിന്റെ പെരെന്താടി?????" ഒരു നിമിഷത്തെ ഇടവേളയ്ക്കു ശേഷം കോയിന്‍ പതിയെ അനങ്ങി തുടങ്ങി. കോയിന്‍  കയറി ഇറങ്ങിയ കളങ്ങളിലെ അക്ഷരങ്ങള്‍ കൂട്ടി വായിച്ച രെഘു, "ദേണ്ടെടാ അവള് വന്നു, ദേ എന്നെ വിളിക്കുന്നു  ,ബരീന്‍ എന്നല്ലേ കാണിക്കുന്നേ? ",   പോടാ ബരീന്‍ അല്ല ബീരാന്‍!!!!! ബീരാന്‍  ജയേഷ് തിരുത്തി..  എല്ലാരും ഞെട്ടി.. ചിലര്‍ മയങ്ങി വീണു. കാരണം വന്നിരിക്കുന്നത് ഫീമൈല്‍ പ്രേതം അല്ല, പരീക്ഷണം നടത്തിയവര്‍ എല്ലാം നിരാശരായി. വന്നിരിക്കുന്ന പ്രേതം മിസ്റ്റര്‍ ബീരാന്റെ ആണ്,അതായത് കൃത്യസമയത്ത് assignement വെക്കാത്തത് കൊണ്ട് ഇന്റെര്‍ണല്‍ മാര്‍ക്ക് കുറഞ്ഞു അണ്ടര്‍ സെക്ഷന്‍ ആയി പരീക്ഷയില്‍ തോല്‍ക്കും എന്ന് കരുതി അപമാന ഭയത്താല്‍ ആത്മഹത്യ  ചെയ്തു എന്ന് ചില മഞ്ഞപ്പത്രങ്ങള്‍ മാത്രം എഴുതി വിട്ട ,മഞ്ഞപ്പിത്തം വന്നു ചത്ത ബീരാന്‍ കുട്ടി..
"കോപ്പ് എന്തൊക്കെ പ്രതീക്ഷകള്‍ ആയിരുന്നു,എന്നിട്ട് വന്നതോ ഒരു പീറ പീരാനും !!" രേഘുവിനു കോപം അടക്കാന്‍ കഴിഞ്ഞില്ല അവന്‍ ആ ഒജോബോര്‍ഡും എല്ലാം കൂടെ എടുത്ത് പുറത്തേക്ക് ഒരു ഏറു വെച്ചു കൊടുത്തു, വിളിച്ചു വരുത്തിയ പ്രേതത്തെ തിരിച്ചു അയക്കാന്‍ അവര്‍ മറന്നു!!!! ബീരാന്‍ കുട്ടി ക്ലാസ്സില്‍!!! ഇനി എന്തും സംഭവിക്കാം!!
 [NB:-തുടരും....]

Thursday, December 16, 2010

കിണ്ടാണ്ടം കണ്ടു കാണുമോ?? ഏയ്‌..!!!

നി ഒരു പഴയ സ്കൂള്‍ അനുഭവം ആവാം.ഇത് വെറും അനുഭവം അല്ല ഒരു ഒന്ന് ഒന്നര അനുഭവം ആണ്..

ഒന്ന് മുതല്‍ നാല് വരെ പഠിച്ചത് ഒരു സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ആയിരുന്നു, കൊച്ചു പിള്ളേര്‍ അല്ലേ അത് കൊണ്ട് വീട്ടില്‍ നിന്ന് ഒറ്റക്ക് വിടില്ല സ്കൂളിലേക്ക്. അവിടേക്ക് പോകുന്നതും വരുന്നതും പൊന്നമ്മ സാറിന്റെ കൂടെ ആരുന്നു, ഒരു ജാഥ പോകുന്ന പോലെ ആണ് ഞാനും,ബിപിനും,അഭിലാഷും,ചിത്രയും,അവളുടെ അനിയത്തിയും,ആശയും പൊന്നമ്മ സാറും കൂടെ സ്ചൂളിലെക്ക് പോകുന്നതും വരുന്നതും. നല്ല രസമാരുന്നു ആ യാത്ര , ചെറിയ ഒരു കനാല് ഉണ്ട് പോകുന്ന വഴിക്ക്, അതിന്‍റെ താഴെ കൂടെ ഒരു ചെമ്മണ്‍ പാതയും, കനാലില്‍ വെള്ളം ഉണ്ടെങ്കില്‍ അതിന്‍റെ മുകളില്‍ കൂടെ പോകാന്‍ പൊന്നമ്മ ടീച്ചര്‍ സമ്മതിക്കില്ല, അല്ലാത്ത സമയം എല്ലാം അതിന്‍റെ മുകളില്‍ കൂടെ ആണ് ഞങ്ങള്‍ പോകുന്നത്, പോകുന്ന വഴിക്ക് ഞങ്ങള്‍ കഥകള്‍ പറയും,പാട്ട് പാടും, വഴക്ക് കൂടും, പൊന്നമ്മ സാറിന്റെ കയ്യിലെ കുട കൊണ്ട് അടി കിട്ടും, തട്ടി തടഞ്ഞു വീഴും, ഒരിക്കല്‍ തിരിച്ചു വരുന്ന വഴി ഞാന്‍ നല്ല ഒരു വീഴ്ച വീണു , മൂക്കും കുത്തി!, അതിന്‍റെ അടയാളം ഇപ്പോഴും എന്റെ മുഖത്ത് ഉണ്ട്. ഇതെഴുതുമ്പോ അറിയാതെ ഞാന്‍ ആ കാലത്തേക്ക് പോയി, തിരിച്ചു കിട്ടില്ലലോ അത്......(ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്ത് എത്തുവാന്‍ മോഹം....)  
ബിപിനും അഭിലാഷും ബന്ധുക്കള്‍ ആണ്,പറഞ്ഞു വന്നാല്‍ ബിപിന്റെ മചൂനന്‍ ആണ് അഭിലാഷ്, അവരുടെ വീട്ടില്‍ ചാമ്പയ്ക്ക ഉണ്ട്, അതിന്‍റെ സീസണ്‍ ആകുമ്പോ അവന്മാര്‍ ചാമ്പയ്ക്ക കൊണ്ട് തരും , ആശ ഒരു ഭയങ്കരിയാ;അവളുടെ വീട്ടിലും ഉണ്ട് ചാമ്പക്കയും,മല്‍ബരിയും ഒക്കെ ,പക്ഷേ ഒന്നും കൊണ്ട് തരില്ല !!
ഞാന്‍ രാവിലെ തന്നെ പൊന്നമ്മ സാറിന്റെ വീട്ടിലേക്ക് പോകും, എന്റെ അമ്മൂമ്മയും പൊന്നമ്മ സാറും ഭയങ്കര കൂട്ടുകാരാണ്, അവര്‍ ഒന്നിച്ചാണ് പഠിച്ചത് ,അത് കൊണ്ടൊക്കെ ആയിരിക്കാം ടീച്ചറിന് എന്നെ ഇച്ചിരി  ഇഷ്ടം കൂടുതല്‍ ആണ്. അവരുടെ വീട്ടില്‍ ഒരു പട്ടിയുണ്ട്, എന്നെ കാണുമ്പോള്‍ വാലാട്ടും, എങ്കിലും ആ ജന്തുനെ എനിക്ക് ഇഷ്ടം അല്ലാരുന്നു (ഏയ്‌ പേടി ഒന്നും അല്ല!!).  ഒരിക്കല്‍ ആ പട്ടിയെ അഴിച്ചു വിട്ടെയ്ക്കുന്ന സമയം..,ചെന്ന പാടെ അത് ഓടി എന്റെ അടുത്തേക്ക് വന്നു, 
ഒറ്റ അലര്‍ച്ച!!! അയ്യോ അയ്യോ അയ്യോ!!!!!!,
പാവം അത് വാലും ചുരുട്ടി തിരികെ ഒറ്റ ഓട്ടം,ഓടി കൂട്ടില്‍ കേറി. പിന്നെന്തോ അന്നുമുതല്‍  എന്നെ കാണുമ്പോഴേ ആ സാധനം അവിടെ നിന്ന്‍ സ്ഥലം കാലി ആക്കും.
പറയാന്‍ മറന്നല്ലോ,  പൊന്നമ്മ സാറിന്റെ വീട്ടിലും ഉണ്ടാരുന്നു മുട്ടന്‍ ചാമ്പയ്ക്ക ഉണ്ടാകുന്ന മൂന്നു നാല് മരങ്ങള്‍,അതില്‍ നിറയെ ചോക ചോകാന്നുള്ളന്നുള്ള ചാമ്പങ്ങയും..,ഇത്തിരി ഉപ്പും കൂട്ടി ആ ചാമ്പയ്ക്ക തിന്നാന്‍ എന്താ ഒരു രസം എന്നോ !!!!! സാറിന്റെ മൂത്ത മകന്‍ ആണ് സുനി മാമന്‍ , പുള്ളിക്കാരന് മുയലിനെ വല്യ ഇഷ്ടം ആണ്‌. (കാട്ടു മുയലിനെ പിടിച്ച കഥ വേറൊരിക്കല്‍ പറയാം), അവരുടെ വീട്ടില്‍ നല്ല സുന്ദരന്‍ മുയല്‍ കുഞ്ഞുങ്ങള്‍ ഉണ്ട്..  ഇതുകൊണ്ടൊക്കെ ഞാന്‍ രാവിലെ അങ്ങ് ഇറങ്ങും ടീച്ചറിന്റെ വീട്ടിലേക്ക്  .. കുറച്ചു കഴിയുമ്പോഴേക്കും ബാക്കി ഉള്ള ടീം അംഗങ്ങള്‍ എത്തിച്ചേരും.. പിന്നെ ജാഥ തുടങ്ങുകയായി..
(സ്കൂളില്‍  നടന്നിട്ടുള്ള കൂടുതല്‍ വിശേഷങ്ങള്‍ ഒക്കെ പിന്നീട് പറയാം)



പതിവ് പോലെ ഒരു ദിവസം....
അന്ന്  രാവിലെ മുതല്‍ എനിക്ക്  എന്തോ ഒരു അസ്വസ്ഥത, തലേ ദിവസം കഴിച്ച ആ സൂത്രം ശരി ആയില്ലേ എന്ന് ഒരു പേടി! വയറില്‍ എന്തൊക്കെയോ ചില ബഹളങ്ങള്‍,അടിപിടികള്‍,മുദ്രാവാക്യം വിളികള്‍!!!!.. രാവിലെ അതൊന്നും കാര്യം ആക്കിയില്ല, ക്ലാസ്സില്‍ ഇരുന്നപ്പോ വയറിലെ ബഹളങ്ങള്‍ കലശലായി, മുന്നില്‍ ഇരുന്ന ലിജുവും,മനീഷും ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്ന കണ്ടു!!! 
" ബെഞ്ച്‌ അനങ്ങിയ ശബ്ദം ആണെടാ " 
" അതിനു ഇത്രേം വല്യ സൌണ്ടോ ??!!!" 
ബഞ്ചില്‍ അമര്‍ന്നിരുന്നത് കൊണ്ട് ക്ലാസുകള്‍ എല്ലാം ഒരു വിധം തള്ളി നീക്കാന്‍ പറ്റി , ഇന്റെര്‍വല്‍ നു ഒന്നും പുറത്ത് ഇറങ്ങിയതെ ഇല്ല.. 
അവസാനം 'ജനഗണമന'ചൊല്ലി ബെല്ല് അടിച്ചു , വീട്ടിലേക്കുള്ള ജാഥ ആരംഭിക്കുക ആയി.. ബിപിനും അഭിലാഷും ആശയും ചിത്രയും ഒക്കെ ഉണ്ട്.. അവരെല്ലാവരും ചിരിച്ചു കളിച്ചു പോകുമ്പോ ഞാന്‍ മാത്രം നിശബ്ദന്‍ .. കുറച് നടന്നപ്പോഴേക്കും ഡാം പൊട്ടി !!!! 
പതിയെ പുറകിലേക്ക് വലിയുന്നത് അവരെല്ലാം ശ്രദ്ധിക്കാന്‍ തുടങ്ങി.. ബിപിന്‍ ആണ് ആദ്യം കണ്ടത്.. ആ സാമദ്രോഹി ഒറ്റ അലര്‍ച്ച , 
" പൊന്നമ്മ സാറേ!!!!! അരുണ്‍ ദേണ്ടേ  നിക്കറില്‍ തൂറി!!!!!!  "

ഭൂമി പിളര്‍ന്നു താഴേക്ക് പോയെങ്കില്‍ എന്ന് ആശിച്ച സമയം.. പൊന്നമ്മ ടീച്ചര്‍ ഓടി എന്റെ അടുത്ത് വന്നു, 
കുട കൊണ്ട് ഒരു അടിയും, ഏറ്റ ഒരു പിച്ചും!!, പാവം ഞാന്‍... അതൊക്കെ സഹിക്കാം , അടുത്ത ഡയലോഗ് ആണ് എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞത് 
"നിക്കറു ഊരിപ്പിടിച്ചു നടക്കെടാ", 
അയ്യേ!!!  
ഹും! തീര്‍ന്നില്ലേ!!!! 
അവന്മാരും അവളുമാരും നിന്ന് ചിരിക്കുവാണ്.
ഹോ ആ അവസ്ഥ !!!! 
എനിക്ക്  കരച്ചില്‍ വന്നു , നാണോം,ദേഷ്യവും,വിഷമവും, എല്ലാം കൂടെ ഒരുമിച്ച്...
"ഡാ നിന്നോടല്ലേ പറഞ്ഞെ,നിക്കര്‍ ഊരി പിടിച്ചു നടക്കാന്‍, ആ ബാഗ് ഇങ്ങു താ" 
പൊന്നമ്മ സാര്‍ വീണ്ടും കുട ഓങ്ങി.. 
അവസാനം പേടിച്ചിട്ട് അത് പോലെ ചെയ്യേണ്ടി വന്നു... 
ആ ചെമ്മണ്‍ പാതയിലൂടെ ഞാന്‍ ഒറ്റക്കും, കനാലിന്റെ മുകളില്‍ കൂടെ അവരും.. 
എല്ലാരുടെം നോട്ടം എന്നില്‍!! ഞാന്‍ എന്തുവാ പ്രദര്‍ശന വസ്തു ആണോ?
ചിരിച്ചോടാ  ,ചിരിച്ചോടീ  നാളെ നിനക്കൊക്കേം ഉണ്ടാവും ഇതേ അവസ്ഥ , അന്നേരം ഞാന്‍ എടുത്തോളാം.

[NB: അവളുമാര് എന്റെ കിണ്ടാണ്ടം കണ്ടു കാണുമോ??!!! ഏയ്‌!!! കാണുമോ? ഏയ്‌ !!!]

Sunday, December 12, 2010

നോട്ടങ്ങള്‍

ഒത്തിരി നോക്കിയിട്ടും അവള്‍ നോക്കിയില്ല
വിട്ടില്ല പിന്നേം പിന്നേം നോക്കി
ഒരു പൊടിക്ക് പോലും അവള്‍ നോക്കിയില്ല
അടുത്ത ദിവസവും അതിനടുത്ത ദിവസവും നോക്കി  എന്നിട്ടും......


ദിനങ്ങള്‍ കടന്നു പോയി ,നോട്ടം മാത്രം അങ്ങനെ തന്നെ
അവള്‍ ഒളികണ്ണിട്ടു നോക്കാന്‍ തുടങ്ങി,പിന്നൊരിക്കല്‍
നാള്‍ കുറെ കഴിഞ്ഞപ്പോള്‍  ഒളികണ്ണ്   നേര്‍കണ്ണായി  .
പോക പോകെ നോട്ടങ്ങളുടെ ശക്തി കൂടാന്‍  തുടങ്ങി  

കണ്ണുകള്‍ ഇരട്ടിച്ചു ...അത് നാലായി,എട്ടായി ,നൂറായി 



സൂര്യന്‍ പലവട്ടം ഉദിച്ചസ്തമിച്ചു 
ഇപ്പോള്‍ നാട്ടുകാരും വീട്ടുകാരും എല്ലാരും നോക്കുന്നുണ്ട് അവളെ  


അവള്  നോക്കുന്നുണ്ട് അവനെ
പ്രതീക്ഷയോടെ,


അവനും നോക്കുന്നുണ്ട് ,.............മറ്റൊരുവളെ ആണെന്ന്‍ മാത്രം....


[NB :-കണ്ണ് തന്നിരിക്കുന്നത് നോക്കാനല്ലേ... ] 

Wednesday, December 08, 2010

ദേവികയെ നീ അറിയുമോ?



ഡാ രമേശാ നമുക്ക് ഒരു സ്ഥലം വരെ പോകണം.
"എവിടേക്കാ? "

സാധാരണ അങ്ങനെ ഒരു ചോദ്യം രമേശന്റെ ഭാഗത്ത് നിന്നുമുണ്ടാകാത്തതാണ് ,പക്ഷേ ഇന്നെന്തോ അങ്ങനെ സംഭവിച്ചിരിക്കുന്നു.. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് ജയന്റെ ഭാവങ്ങളില്‍, പെരുമാറ്റങ്ങളിൽ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടെയിരുന്നു.ജയന്റെ മനസ്സ് മറ്റെങ്ങോ ആണെന്ന് മനസ്സിലാക്കാൻ ഉറ്റമിത്രത്തിനു കഴിയാതിരിക്കില്ലല്ലോ..  അതുകൊണ്ടൊക്കെയാണ് ഇന്ന് മറു ചോദ്യമെറിയേണ്ടി വന്നത്!

"നീ വാ.നമുക്ക് ഇറങ്ങാം,വണ്ടി ഞാനെടുക്കാം.." രമേശന്റെ  ചോദ്യത്തിനു മറുപടി പറയാതെ ജയന്‍ നടന്ന് തുടങ്ങി..

വർഷാവസാനമാണ്, വഴിയരികിലെ മരങ്ങള്‍ ഇലപൊഴിച്ചു നില്‍ക്കുന്നു,ചിലതില്‍ നിന്ന് ഇലകള്‍ പോഴിയുന്നുമുണ്ട് ,വണ്ടി മുന്നോട്ട് നീങ്ങുന്നതിനൊപ്പം ജയന്റെ ഓർമ്മകൾ പിന്നിലേക്ക് പോയി; ഇലകള്‍ കൊഴിയുന്ന പോലെ എത്ര വര്‍ഷങ്ങളാണ് കടന്നു പോയത്, വര്‍ഷങ്ങള്‍ മാത്രമല്ല അവളും, തന്റെ മാത്രമായിരുന്ന,അല്ലെങ്കില്‍ അങ്ങനെ നിനച്ചിരുന്ന ദേവുവും  


ഓര്‍മ്മയില്‍,ഒരു മനോഹര രൂപം തെളിഞ്ഞു, ചിരിക്കുമ്പോള്‍ ചെറുതായി നുണക്കുഴികള്‍ തെളിയാറുള്ള ,കൊച്ചു  കുട്ടികളെ പോലെ നിഷ്കളങ്കമായി സംസാരിക്കാറുള്ള തന്റെ പ്രിയ കൂട്ടുകാരി.. അടുത്തടുത്ത വീടുകള്‍ ആയിരുന്നു തങ്ങളുടേത്  എങ്കിലും തമ്മില്‍ ശരിക്കും അടുക്കുന്നത് ഒത്തിരി കഴിഞ്ഞിട്ടാണ്, തന്റെ വിചാരം,അവള്‍ ഭയങ്കര അഹങ്കാരിയും,വാചകക്കാരിയും ഒക്കെ ആണെന്നായിരുന്നു,ആ സംഭവം നടക്കുന്നത് വരെ..അന്ന്  8ല് പഠിക്കുമ്പോള്‍ സ്കൂള്‍ വിട്ടു ധൃതിയ്ല്‍ പോവുകയായിരുന്ന തന്റെ മുന്‍പില്‍ കണ്ട ആ സംഭവം തന്നെ അവളിലേക്ക് വല്ലാതെ അടുപ്പിച്ചു .. റോഡിന്റെ സൈഡില്‍ ആരോരും തുണയില്ലാതെ കിടന്നിരുന്ന ഒരു പാവം വൃദ്ധ യാചകിക്ക് സ്വന്തം കൈ കൊണ്ട് ഭക്ഷണം വാരി കൊടുക്കുന്ന അവള്..  അന്ന് മുതല്‍ എന്തോ ഒരു ആരാധന ആരുന്നു അവളോട്‌ തനിക്ക്.. പതിയെ പതിയെ അവളിലേക്ക് താന്‍ അറിയാതെ അടുത്തു ... തനിക്ക് ഏറ്റവും പ്രീയപ്പെട്ടവള്‍ ആയി മാറാന്‍ അധികം സമയം എടുത്തില്ല.. പക്ഷെ അവള്‍ക്ക് താന്‍ എല്ലാരേം പോലെ ഒരു സാധാരണ കൂട്ടുകാരന്‍ മാത്രം ആയിരുന്നു..ആ സത്യം തനിക്കു നന്നായി അറിയുവേം ചെയ്യുമായിരുന്നു.. സ്കൂള്‍ ജീവിതം കഴിഞ്ഞ താന്‍ തിരുനെല്‍വേലിയിലെ  ഒരു എഞ്ചിനീയറിംഗ് കോളേജില്‍  പഠിക്കാന്‍ പോയി അവള്‍ നാട്ടില്‍ തന്നെ ഉള്ള ഒരു ആര്‍ട്സ് കോളേജിലും ... 

ജയന്‍ പിന്നെയും ഓര്‍ത്തു ഒരു വെക്കേഷന്‍ പോലും താന്‍ വേസ്റ്റ് ആക്കിയിട്ടില്ല ..ഒരു അവസരം ഉണ്ടെകില്‍ താന്‍ നാട്ടില്‍ എത്തിയിരിക്കും,അവളെ കാണാന്‍ വേണ്ടി മാത്രം.. അങ്ങനെ ഉള്ള ഒരു വരവിലാണ് തന്റെ ഹൃദയം മുറിക്കുന്ന ആ സത്യം താന്‍ അറിയുന്നത്, അവള്‍ ഒരു പ്രേമത്തില്‍ കുടുങ്ങിയിരിക്കുന്നു, തന്നോടാണ് അവള്‍ ആദ്യം വന്നു പറയുന്നത്, "ഡാ ജയാ നീ ആണ് എന്റെ കൂട്ടുകാരില്‍ ഏറ്റവും നല്ലവന്‍, നീ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ, നീ പറ ഞാന്‍ അവനെ പ്രേമിച്ചത് തെറ്റായോ..?" ആരാണ് അവന്‍ എന്നോ, എവിടെ ഉള്ളവന്‍ ആണെന്നോ ഒന്നും തിരക്കിയില്ല ,ഒന്നും ചോദിച്ചില്ല , പിന്നീടു അവളോട്‌ ഒരു വാക്ക് പോലും താന്‍ മിണ്ടിയില്ല എന്നതാണ് ശരി.. 

പിന്നെ പിന്നെ താന്‍ നാട്ടിലേക്ക് വരാതായി.. ക്യാമ്പസ്‌ സെലക്ഷന്‍ കിട്ടി ബാംഗ്ലൂരില്‍ ഉള്ള ഒരു IT കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. ഈ മഹാ നഗരത്തില്‍ എത്തിയിട്ട് ഇന്നേക്ക്  5 വര്‍ഷങ്ങള്‍ ആകുന്നു, ഒറ്റക്കായിരുന്ന,ഇരുട്ട്  പിടിച്ചു  കിടക്കുവായിരുന്ന തന്റെ ജീവിതത്തില്‍ ഒരു വിളക്കായി രമേശന്‍ എത്തുന്നത് ഒരു കൊല്ലം മുന്‍പാണ്,  ഒരു പാവത്താന്‍, അവനില്‍ തനിക്ക് ഇഷ്ടപ്പെടാത്ത ഒരേ ഒരു കാര്യം പെണ്‍കുട്ടികള്‍ അവന്റെ ഒരു വിനോദ ഉപാധി എന്നത് മാത്രമാണ്,ആ വക കാര്യങ്ങള്‍ താന്‍ ശ്രദ്ധിക്കാനേ പോകാറില്ല ..

കഴിഞ്ഞ തിങ്കളാഴ്ച ആണ് തന്റെ സ്വൈര ജീവിതം തട്ടി  മറിച്ച ആ സംഭവം നടക്കുന്നത്... അവളെ താന്‍ വീണ്ടും കണ്ടു മുട്ടി.. എങ്ങോ സുഖമായി ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം കഴിയുന്നു എന്ന് താന്‍ വിശ്വസിച്ച തന്റെ ദേവു വഴിയരികില്‍ അഴുക്കില്‍ അതിലേറെ അഴുക്കും ദേഹത്ത് ആക്കി.. ഹോ!!!... 
അത് അവളാണോ എന്ന് താന്‍ സംശയിച്ചു.. ഉടനെ തന്നെ നാട്ടിലേക്ക് വിളിച്ചു, അപ്പോള്‍ ആണ് അറിയുന്നത്, നാട്ടില്‍ നിന്നും അവളുടെ ആ കാമുകനോടൊപ്പം ഈ മഹാനഗരത്തിലേക്ക് ഒളിച്ചോടിയിട്ട് ഇപ്പൊ 3 വര്‍ഷങ്ങള്‍ ആയി  എന്നത്.. പക്ഷെ ആ അവള്‍ എങ്ങനെ ഈ അവസ്ഥയില്‍..? ഒരു വണ്ടി വിളിച്ചു അപ്പോള്‍ തന്നെ,അടുത്തുള്ള ഒരു ഹോസ്പിട്ടലിലീക്ക് വിടാന്‍ പറഞ്ഞു  ... അവളോടൊപ്പം ഉണ്ടായിരുന്ന ആ ഭാണ്ടക്കെട്ടും താന്‍ എടുത്തു .. വളരെ വളരെ അവശ ആരുന്നു അവള്‍.. ദിവസങ്ങളോളം ഭക്ഷണം കഴികാതെ മൃതപ്രായ ആയിരുന്നു തന്റെ ദേവൂട്ടി ... വണ്ടിയില്‍ വച്ച് അവള്‍ തന്റെ തോളിലേക്ക് തല ചായിച്ചപ്പോള്‍ മനസ്സ് അറിയാതെ പറഞ്ഞു പോയി, എന്റെ പ്രീയ കൂട്ടുകാരി,എത്രയോ ആഗ്രഹിച്ച ഒരു കാര്യമാരുന്നു ഇത്, നീ എന്റെ തോളില്‍ തലയും ചായ്ചു ഉറങ്ങുന്നതും,മറ്റും.. ഹോസ്പിടല്‍ അടുക്കാരായപ്പോള്‍ പതിയെ പാവത്തിന്റെ തല ഉയര്‍ത്താന്‍ നോക്കി, തണുത്ത് മരവിച്ചിരിക്കുന്നു അവളുടെ ദേഹം.. പാവം ഈ ലോകം വിട്ടു പോയികഴിഞ്ഞിരുന്നു,അപ്പോഴേക്കും..

പൊതുശ്മശാനത്തില്‍ അവളെ അടക്കിയപ്പോള്‍ തന്റെ കണ്ണില്‍ നിന്നും പൊഴിഞ്ഞത് കണ്ണുനീര്‍ ആയിരുന്നില്ല,രക്തം ആയിരുന്നു.. ഇങ്ങനെ ഒരു അവസാനം അവള്‍ക്ക് ഉണ്ടാകുമെന്ന്‍ സ്വപ്നത്തില്‍ പോലും താന്‍ കരുതിയിരുന്നില്ല.. 



"ഡാ ജയാ പറയെടാ എവിടേക്കാ നമ്മള്‍ പോകുന്നത്? ഇത് കുറെ നേരം ആയല്ലോ നമ്മള്‍ യാത്ര തുടങ്ങിയിട്ട്..രമേശന്റെ ആ ചോദ്യം ജയനെ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ത്തി .. 
"പറയാം..പറയാം.അതിനു മുന്‍പ് ഒന്ന് ചോദിച്ചോട്ടെ...    "
"നീ ദേവികയെ അറിയുമോ? "
രമേശന്‍ ഒന്ന് ഞെട്ടി..
"ദേവികയോ അതാരാ? അറിയില്ലാ .. "
"ദേവികയെ,എന്റെ ദേവൂനെ നിനക്കറിയില്ല അല്ലേടാ ......." 
അലറുകയായിരുന്നു ജയന്‍... 
"ഇനി നിന്റെ ആദ്യ ചോദ്യത്തിനുത്തരം,  നമ്മള്‍ പോകുന്നത് തിരിച്ച വരാന്‍ പറ്റാത്ത  ഒരു  ലോകത്തേക്ക്....... ,ഇനി ആര്‍ക്കും എന്റെ ദേവൂന്റെ അവസ്ഥ വരാതിരിക്കാന്‍..."
പൊടുന്നനെ കാറിന്റെ സ്പീഡ് ജയന്‍ നന്നായിട്ട് ഉയര്‍ത്തി..  ഇടതു വശത്തുള്ള മെറ്റല്‍ കൂമ്പാരത്തില്‍ തട്ടി  ആ കൊക്കയിലേക്ക് കാറും അവരും........

[NB-അവളുടെ ഭാണ്ടക്കെട്ടില്‍ നിന്നും ജയന് ഒരു കുറിപ്പും ഫോട്ടോയും ലഭിച്ചിരുന്നു, ഫോട്ടോ രമേശന്റെത് ആയിരുന്നു, കുറിപ്പ് ഇപ്രകാരവും , എന്നെ ചതിച്ചവന്‍...]

Wednesday, December 01, 2010

ഏതോ അഞ്ജാത ശക്തി





ഇതും എന്റെ കോളേജ് ജീവിതവുമായി ബന്ധപ്പെട്ട ഒരു സംഭവം ആണ്.. ഞങ്ങള്‍ കുറച്ചു പേര്‍ക്ക് യൂനിവേര്‍സിട്ടി എക്സാം വരുന്നു എന്ന് കേട്ടാല്‍ സന്തോഷമാണ്,അപ്പോള്‍ നിങ്ങള്‍ വിചാരിക്കും ഞങ്ങള്‍ ബുജികള്‍ ആയോണ്ടാരിക്കുംന്ന് ല്ലേ? അല്ലേ അല്ല കാരണം ന്താന്ന് വെച്ചാ ആ സമയങ്ങളില്‍ ആണ് ഞങള്‍ കൂടുകാരുടെ ആരുടേലും വീട്ടിലൊക്കെ പോയി താമസിക്കുന്നത്,combined സ്റ്റഡി എന്ന പേരില്‍,അവസാന semester ലും ഞങ്ങള്‍ ഇത് പോലെ പോയിരുന്നു,അതുലേട്ടന്റെ വീട്ടില്‍.


ആ യാത്രയുടെ കഥയാണ് ഈ പോസ്റ്റില്‍..


അന്ന് രാവിലെ ഞാനും ബാബൂം അവന്റെ വീട്ടില്‍ (ചാരുംമൂട്,പറയംകുളം)നിന്ന് യാത്ര പുറപ്പെട്ടു, കരുനാഗപ്പള്ളിയില്‍ ആണ് അതുലേട്ടന്റെ വീട്. ബാബുന്റെ റോയല്‍ എന്ഫീല്ടില്‍ ആണ് യാത്ര. യാത്ര തുടങ്ങിയതാട്ടെ ഉച്ച സമയത്തും. 1.30 ഒക്കെ കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ക്ക് വിശക്കാന്‍ തുടങ്ങി, പക്ഷേ എന്താ ചെയ്കാ കഴിക്കാന്‍ കേറാംന്ന് വെച്ചാ ഉള്ള ഒരു നൂറു രൂപക്ക് പെട്രോള്‍ അടിച്ചു കഴിഞ്ഞിരുന്നു ..അങ്ങനെ വ്യാകുലപ്പെട്ടു പോകുന്ന സമയത്താണ് ഹൈവേയുടെ കിഴക്ക് വശത്തായുള്ള ഓഡിട്ടോരിയത്തില്‍ ഒരു ബഹളം..


യുറേക്കാ!!!!!!!!!


ഒരു ഇടിവെട്ട് കല്ല്യാണം,ഒരു മുസ്ലീം കല്യാണം, അവിടെ എങ്ങും മട്ടന്‍ ബിരിയാണിയുടെ കൊതിപ്പിക്കുന്ന മുട്ടന്‍ മണം.. ബാബുന്റെ മുഖം സന്തോഷം കൊണ്ട് കറുത്തു,എന്റേം (ചുമന്നു എന്ന് പറയണംന്നുണ്ട്!) അവന്‍ പറഞ്ഞു, ഡാ അരുണേ നമുക്ക് കേറാം,എന്താ നിന്റെ അഭിപ്രായം? ഞാന്‍:അയ്യേ മോശം.. പോടാ,വിളിക്കാത്ത കല്ല്യാണത്തിനു കേറി ഉണ്ണുകയോ!!! ..ആരെങ്കിലും അറിഞ്ഞാല്‍ എന്ത് വിചാരിക്കും അയ്യേ,ശ്ഹെ ..നമുക്ക് അതൊന്നും വേണ്ടാ, നീ വണ്ടി എടുക്ക് ഇനി കുറച്ചൂടെ അല്ലേ ഉള്ളൂ ... ബാബു മനസ്സില്ലാ മനസ്സോടെ വണ്ടി പതിയെ മുന്നോട്ടെടുത്തു, അപ്പോള്‍ ഞാന്‍, "അല്ലേല്‍ അത്രക്ക് മോശം ഒന്നും അല്ല അല്ലേടാ .. നമുക്ക് കേറിയാലോ?,ആരറിയാനാ.." "@#$@#$%^ ഇതല്ലേടാ കോപ്പേ ഞാനും പറഞ്ഞേ" ബാബൂന്റെ നിഷ്കളങ്കമായ മറുപടി ഒരു പച്ചത്തെറിയായിരുന്നു... എന്തായാലും ഞാനും അവനും അവിടെ വലിഞ്ഞു കേറി.. അല്ലേലും ഓവര്‍ ആക്റ്റിംഗ്ആ !! കഴിക്കാന്‍ ഇരുന്ന പാടെ അവന്‍ എന്നോടായിട്ടു "ഡാ ഷുക്കുരെ എടുത്ത് കഴിക്കെടാ,ഒന്നും ബാക്കി ബെക്കണ്ടാ"ന്ന്!!!!!! അടുത്തിരുന്ന ഒരു ഇക്കാക്ക എന്നെ അതി രൂക്ഷമായി അടിമുടി നോക്കുന്ന കണ്ടു, കാര്യം മറ്റൊന്നും അല്ല എന്റെ നെറ്റിക്ക് നെടു നീളത്തിൽ ഒരു ചന്ദന കുറിയും കയ്യില്‍ കുറെ ഏറെ ചരടിന്റെ കെട്ടുകളും ഉണ്ടായിരുന്നു. ഞാന്‍ പേടിച്ചു പേടിച്ചു ആ ഇക്കാക്കയോട് ഇങ്ങനെ പറഞ്ഞു , ഞാന്‍ വാവര് സാമിയാ....(???)..


ബാബൂനു ഇതൊന്നും ഒരു വിഷയം അല്ലായിരുന്നു അവന്‍ പിന്നെയും പിന്നെയും വാങ്ങിക്കഴിക്കുന്നത് കണ്ടു, എന്തായാലും നല്ല സൂപ്പര്‍ മട്ടന്‍ ബിരിയാണി ആയിരുന്നു.. ഇതെഴുതുമ്പോഴും അതിന്റെ ടേസ്റ്റ് നാവിന്‍ തുമ്പില്‍ തന്നെ ഉണ്ട്..


അങ്ങനെ അവിടുന്ന് ഇറങ്ങി ഞങ്ങള്‍ യാത്ര തുടര്‍ന്നു .. അല്പം കഴിഞ്ഞ് അതുലേട്ടന്റെ വീട്ടില്‍ എത്തി ..അതുല്നു ഒരു അനിയന്‍ ഉണ്ട് കണ്ണന്‍, അവന്‍ അന്ന് 8 ലോ മറ്റോ ആണോ പഠിക്കുന്നത് .. ഹോ ഒരു സംഭവം ആണ്ട്ട്ടോ അവന്‍, കമ്പ്യൂട്ടറിന്റെ ഏതാണ്ടൊക്കെ എനിക്കറിയാം എന്നുള്ള അഹങ്കാരം എന്നില്‍ ഇല്ലാണ്ടാക്കിയത് അവനാ .. അവനു അറിയാത്ത ഒരു കാര്യോം ഇല്ല കമ്പ്യൂട്ടറില്‍.. ഒരു സ്മാര്‍ട്ട് പയ്യന്‍.. അന്ന് ഞങ്ങള്‍ ചെല്ലുമ്പോൾ കണ്ണന്‍ ഒരു വെള്ള uniform അരയിൽ ബ്രൗൺ ബെൽറ്റ് ഒക്കെയിട്ടു നില്ക്കുകയായിരുന്നു ,


ബാബു:എന്താ കണ്ണാ ഈ യൂണിഫോമില് ? അരയില്‍ ബെല്‍റ്റ്‌ ഒക്കെ കെട്ടി വെച്ചിട്ടുണ്ടല്ലോ എന്താ ഇത്,?


കണ്ണന്‍: ഞാന്‍ കരാട്ടെ പഠിക്കുന്നുണ്ട് ചേട്ടാ അതാ..


ബാബു : ആഹാ കൊള്ളാലോ, കുട്ടികളായാ ഇങ്ങനെ വേണം.. ഞാന്‍ അടുപ്പിച്ച് 5 വര്‍ഷം Mr പറയംകുളം ആരുന്നു.... 10 പേരെ ഒറ്റക്ക് മലത്തിയിട്ടുണ്ട് ഞാന്‍!!! ജൂഡോ ആണ് എന്റെ ഐറ്റം.


കണ്ണന്‍:കൊള്ളാലോ ചേട്ടാ..


ബാബു :ഡാ മോനെ നീ ഒരു കാര്യം ചെയ്യ്‌,ന്റെ വയറ്റത്ത് ശക്തി ആയിട്ട് ഇടിക്ക് ,നോക്കട്ടെ നീ എത്രത്തോളം ആയെന്നു..


കണ്ണന്‍:അയ്യോ ചേട്ടാ അത് വേണോ,ഞാന്‍ പഠിച്ചു തുടങ്ങുന്നേ ഉള്ളല്ലോ...


ബാബു : സാരമില്ല മോനെ , നീ ഇടിക്ക്,ഇടിക്കുമ്പോ വേണേല്‍ കയ്യില്‍ ഗ്ലൌസ് ഇട്ടോ, കയ്യിനു നോവണ്ട!...



കണ്ണന്‍:ഞാന്‍ പതിയെ ഇടിക്കൂ കേട്ടോ.


കണ്ണന്‍ മനസ്സില്ലാ മനസ്സോടെ ഒന്ന് ഓങ്ങുന്നത് കണ്ടു.. ബ്രൂസ്ലിയുടെ സിനിമയില്‍ കേള്‍ക്കുന്ന മാതിരി ഒരു ശബ്ദം ..


((((((യ്യ്യ്യോ!!!!!!!!!!!!!!!))))



ഞങ്ങള്‍ കരുതിയത് കണ്ണന്‍ ആയിരിക്കും അതുണ്ടാക്കിയതെന്നാ...

പിന്നാണ് ശബ്ദത്തിന്റെ ഉറവിടം മനസ്സിലായത് ...
ഞങ്ങള്‍ നോക്കുമ്പോ പുള്ളിക്കാരന്‍(ബാബു) അപ്പി ഇടാന്‍ ഇരിക്കുന്ന മാതിരി കുത്തി ഇരിക്കുന്നു...


മുകളിലെ നിലയില്‍ നിന്ന് ഇറങ്ങി വന്ന അച്ഛന്‍ ബാബൂനോടായിട്ടു ചോദിച്ചു

എന്ത് പറ്റി ബാബു ?
അവന്റെ മറുപടി ഇന്‍സ്ടന്റ്റ് ആരുന്നു
" ഏതോ അഞ്ജാത ശക്തി!!!!!!!!!!!!!!!... "


[NB :മീശമാധവന്‍ കണ്ടപ്പോ ഞങ്ങള്‍ ആരും അത്രേം ചിരിച്ചിട്ട്ണ്ടാവില്ല.]



Sunday, November 28, 2010

ചേട്ടാ നാലു "ബഡാ കല്യാണി"





ന്റെ കോളേജ് ജീവിതം അത്ര കളര്‍ ഫുള്‍ അല്ലാരുന്നെങ്കിലും ഇത്തിരി ഒക്കെ രസം ഉള്ളത് തന്നെ ആരുന്നു... അന്ന് മിക്കവാറും ക്ലാസ്സില്‍ കയറുന്ന സ്വഭാവം തീരെ ഇല്ലാരുന്നു, രാവിലെ തന്നെ ആലോചിക്കുക ഇന്ന് ഏതു സിനിമക്ക് പോകണം എന്നതാണ്.. അന്നൊക്കെ സിനിമക്ക് പോകണമെങ്കില്‍ അങ്ങ് പോകുകയാണ്,അല്ലാതെ ഏതു സിനിമ, ആരുടെ സിനിമ എന്നൊന്നും നോക്കാറില്ല.. 2005 -2008 വരെ ഇറങ്ങ്യ എല്ലാ കൂതറ സിനിമകള്‍ക്കും മിനിമം ഗ്യാരണ്ടി ഉണ്ടാക്കി കൊടുത്തത് ഞങ്ങള്‍ ആണെന്ന്‍ വേണമെങ്കില്‍ പറയാം.. ഞങ്ങളുടെ സിനിമ ഗാങ്ങ് എന്ന് പറഞ്ഞാല്‍ ദീപു,രഞ്ജിത്,അശോക്‌, ഞാന്‍ , എന്നിവര്‍ ആയിരുന്നു, അരവിന്ദും ഉണ്ടാകും ചിലപ്പോളൊക്കെ.. ഇതില്‍ രഞ്ജിത്തിനെ പറ്റി പറയാന്‍ കുറെ ഉണ്ട്, പുള്ളി അപാര പുലി ആണ്, പക്ഷേ ചില കുഴപ്പങ്ങള്‍ ഒക്കെ ഉണ്ട്, പുള്ളിക്ക് എല്ലാം പതിയെ കത്തുകയുള്ളൂ.. ഒരിക്കല്‍ കോളേജില്‍ ക്ലാസ്സ്‌ ഇല്ലാത്ത ദിവസം ഇദ്ദേഹം മറ്റൊരു കൂട്ടുകാരനെ വിളിച്ചു ,ലാന്‍ഡ്‌ ഫോണിലേക്ക് ആണ് വിളിച്ചത് ..


രഞ്ജിത്:-ഡാ നീ എവിടെയാ?


കൂട്ടുകാരന്‍:-(:-o ) (#@$%^) ഞാന്‍ കോളേജ് ബസ്സിലാടാ ..


രഞ്ജിത് :-ആഹാ അപ്പൊ ഇന്ന് ക്ലാസ്സ്‌ ഉണ്ട് അല്ലേ? ഞാന്‍ ക്ലാസ്സ്‌ ഇല്ലെന്നുകരുതി വീട്ടില്‍ തന്നെയാടാ.. എന്റെ assignment കൂടി നീ വെച്ചേക്കണം ..






ഈ ഒരു രീതിയാണ്‌ രഞ്ജിതിന്റെത് ,ആള് പാവമാണ് കേട്ടോ , ഞങ്ങള്‍ രഹസ്യമായി (പരസ്യമായും) ഒരു പേര് വിളിക്കാറുണ്ട്.. ആഹ് പോട്ടെ...






അപ്പൊ ഇനി വിഷയത്തിലേക്ക് വരാം, അന്നും ഞങ്ങള്‍ പതിവ് പോലെ സിനിമ കാണാന്‍ ഇറങ്ങി, തിയേറ്ററില്‍ ചെന്നപ്പോള്‍ ആണ് അറിയുന്നത് അവിടെ ഓടുന്നത് ബഡാ ദോസ്ത് എന്ന സുരേഷ്ഗോപി ഫിലിം ആണ് എന്ന്..


സാമാന്യം നല്ല തിരക്ക് പോയിട്ട് ,കഷ്ടിച് 10 പേര് കാണും സിനിമ കാണാന്‍.. സിനിമ നല്ല രസമായിരുന്നു, സത്യം പറയാല്ലോ അത്രക്കും എന്‍ജോയ് ചെയ്ത് കണ്ട വേറെ ഒരു സിനിമ പോലും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.. തെറ്റിധരിക്കരുത് സിനിമയല്ല എന്‍ജോയ് ചെയ്തത്,സിനിമ ഞങ്ങള്‍ ശ്രദ്ധിച്ചതെ ഇല്ല.. അവടെ തിയേട്ടരിനുള്ളില്‍ ഇരുന്നു എന്തൊക്കെയാ കാണിച്ച് കൂട്ടിയത്.. സിനിമക്ക് കമന്ററി പറയകയാരുന്നു കൂടുതല്‍ സമയവും ..






ആ അപ്പോള്‍ പറഞ്ഞു വന്നത് , സിനിമക്ക് ടിക്കറ്റ്‌ എടുക്കാന്‍ വേണ്ടി കേറിയത് നമ്മുടെ പാവം രഞ്ജിത് ആരുന്നു(അരവിന്ദ് ആണ് കേറിയത് എന്നും കേള്‍ക്കുന്നുണ്ട്) അപ്പൊ അവിടെ 'കമിംഗ് സൂണ്‍' എന്ന തലക്കെട്ടോടു കൂടി 'ബാബാകല്യാണി'യുടെ പരസ്യം ഒട്ടിച്ചുണ്ടായിരുന്നു..






പാവം രണ്ടു സിനിമയുടേം തലക്കെട്ട്‌ ഒന്നിച്ചാക്കി ഇങ്ങനെ പറഞ്ഞു ' ചേട്ടാ ഒരു നാല് ബഡാ കല്യാണി...'






[NB: ഒരു 150rs ഇപ്പഴും അവിടുത്തെ ബുക്ക്‌ സ്ടാളിലെ ചേട്ടന് കൊടുക്കാനുണ്ട് , സിനിമ കാണാന്‍ പോകാന്‍ കടം വാങ്ങിയ വകയില്‍ ]

Tuesday, November 16, 2010

അവള്‍ വിരുന്നു വന്ന രാത്രി.

രു രാത്രിയില്‍ അവള്‍ എന്റെ അടുത്ത് വന്നു.ആരും ഇല്ലായിരുന്നു വീട്ടില്‍... ആ രാത്രി ഇവളെ ഞാന്‍  പ്രതീക്ഷിച്ചിരുന്നില്ല. കറന്റ്‌ ഇല്ലായിരുന്നത് കൊണ്ട് ഉറക്കം കിട്ടാതെ കിടകുകയായിരുന്നു ഞാന്‍.. വന്ന പാടെ അവള്‍ അധികാരത്തോടെ എന്റെ ദേഹത്തേക്ക് പറ്റിച്ചേര്‍ന്നു,എന്റെ വിയര്‍പ്പില്‍ അവള്‍ മുങ്ങി പോകുമോ എന്ന് ഞാന്‍ ഭയന്നു... അതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു അവള്‍ക്ക്..എന്റെ ദേഹം മുഴുവന്‍ എന്തിനോ വേണ്ടി അവള്‍ പരതി നടന്നു...അതൊന്നും ഞാന്‍ അറിയാത്ത പോലെ ഭാവിച്ചു..... അപ്പോള്‍ ആണ്  ഏതോ പാട്ടും മൂളുന്നുണ്ട് അവള്‍ എന്ന് ഞാന്‍ ശ്രദ്ധിച്ചത് . .. പക്ഷെ എത്ര ശ്രദ്ധിച്ചിട്ടും ഏതാണ്‌ ആ പാട്ടെന്ന്‍ എനിക്ക് മനസ്സിലായില്ല.. ചിലപ്പോ പഴയ ഏതോ ആവാം ..അതുമല്ലെങ്കില്‍ അവളുടെ സ്വന്തം സൃഷ്ടി ആകാം.. ആദ്യമൊക്കെ നല്ല രസം ഉണ്ടായിരുന്നു കേള്‍ക്കാന്‍..പിന്നെ പിന്നെ അതെന്നെ അലോസരപ്പെടുത്താന്‍ തുടങ്ങി..അല്പം കഴിഞ്ഞു , വികാര പാരവശ്യത്തില്‍ ആയിരികണം അവള്‍ പതിയെ എന്നെ കടിക്കാന്‍ തുടങ്ങി , ആദ്യമൊക്കെ എല്ലാം അനുവദിച്ചു കൊടുത്തു അവസാനം അവസാനം.................................................






























അവളെ ഞാന്‍ കൊന്നു......കൊല്ലേണ്ടി വന്നു ...ഒരു അടിയെ അടിച്ചുള്ളൂ.. അപ്പോഴേക്കും അവള്‍ അങ്ങ് ചത്തു പോയി..
[ NB:പെണ്ണായാലും എത്രയന്ന്‍ വെച്ചാ കൊതൂന്റെ കടി സഹിക്യ ]

Thursday, November 04, 2010

കൊമ്പന്‍ സ്രാവ്.

രു മൂന്നു നാലു കൊല്ലം മുന്‍പാണ്‌.. ഒരു മൂവര്‍ സംഗം കടല് കാണാന്‍ പോയി.. മൂവരും എന്റെ സുഹൃത്തുക്കള്‍ ആണ്..
അതിലൊരാള്‍ ആദ്യമായിട്ടാണ് കടല്‍ കാണുന്നത്.. അതിന്റെ അഹങ്കാരം ഒന്നും അവനിലുണ്ടായിരുന്നില്ല....
അവിടെ വായിനോട്ടവും കളിചിരികളുമായി അവര്‍ അങ്ങനെ കുറ സമയം ചിലവഴിച്ചു.. അപ്പോള്‍ ആദ്യമായി കടല്‍
കാണുന്ന പുള്ളി ഒരു കാഴ്ച കാണുന്നു,കടല്‍ പാലം... അവനു ന്യായമായും  സംശയം ഉണ്ടായി, ആ സംശയം അവന്‍ കൂടെ ഉള്ളവന്മാരോട്
ചോദിച്ചു.. ആ മഹാപാപികള്‍ ഇങ്ങനെയാണ് പറഞ്ഞു കൊടുത്തത്..
"ഡാ ഇത് ലക്ഷദീപിലെക്കുള്ള പാലമാണ്.. അവര്‍ക്ക് വല്ലപ്പോഴും  കേരളം കാണണം എങ്കില്‍ കപ്പല് വേണ്ടേ
അത് മാറ്റാനായിട്ടാണ് ഈ പാലം ഉണ്ടാക്കുന്നത് എന്ന്.. "

പാവം അത് വിശ്വസിച്ചു, അപ്പൊ അടുത്ത ചോദ്യം "പിന്നെന്താടാ അളിയാ ഈ പാലം ഇങ്ങനെ പകുതി ആയി ഇരിക്കുന്നത്..??"
"..ഡാ അത് പകുതി ആയപ്പോ കടലിന്റെ ഓണര്‍ സ്റ്റേ കൊടുത്തു..അത് കൊണ്ട് പണി തല്‍കാലം നിര്‍ത്തി വെച്ചേക്കുക ആണേ  .." :D

".ഓഹോ അങ്ങനെ ആണോ....ഡാ അളിയന്‍ മാരെ ഈ പാലം പണി തീര്‍ന്നു കഴിയുമ്പോ നമുക്ക് അതിന്റെ സെന്ററില്‍ പോയിരുന്നു വെള്ളമടിക്കണം,ആ രാജുവിനെയും കൂട്ടണം..." agreed!
:-D



പാവം എല്ലാം വിശ്വസിച്ചു.. 
അവന്മാര്‍ക്ക് ചിരി സഹിക്കാന്‍ പറ്റാതായി..
അപ്പൊ അവന്റെ ശ്രദ്ധ മാറ്റാന്‍ വേണ്ടി ഒരാള്‍ കടലിലേക്ക് ചൂണ്ടി ഇങ്ങനെ പറഞ്ഞു..
"ഡാ നോക്കെടാ ഒരു തിമിങ്ങലം...."


അവന്റെ മറുപടി ഇപ്രകാരം ആരുന്നു..

"പോടാ അതൊരു കൊമ്പന്‍ സ്രാവാ.. ഞാന്‍ ശരിക്കും കണ്ടു... എന്നാ വല്യ കൊമ്പാണ് അളിയാ അതിന്റെ..ഹോ ....


[NB :ഒരു പാഴ് തടി തിരമാലയില്‍ പൊങ്ങി താനതിനെ പാവം ഇങ്ങനെയാണ് മനസ്സിലാക്കി കളഞ്ഞത്..].
Related Posts Plugin for WordPress, Blogger...