Tuesday, December 31, 2013

Bye 2013

ഒരു രാത്രിയിരുട്ടി വെളുക്കുമ്പോൾ കലണ്ടറിൽ മാത്രം പുതിയൊരു സംഖ്യ അടുത്ത 365 ദിവസങ്ങളിലേയ്ക്ക്‌ മാറ്റി വെക്കപ്പെടുന്നു. പുതു വർഷം പിറക്കുന്നത്‌ മനസ്സിലാണു, അത്‌ ചിലപ്പോൾ മഞ്ഞ്‌ പൊഴിയുന്നയീ ഡിസംബറിലോ ചുട്ടെരിക്കുന്ന മാർച്ചിലോ കോരിച്ചൊരിയുന്ന ജൂണിലോ,ഇപ്രകാരമുള്ള പന്ത്രണ്ടുകളിലെവിടെയോ ആകാം. വിർച്ച്വൽ ലോകത്ത്‌ വിരിയുന്നാ ആശംസാ സന്ദേശങ്ങൾക്കൊപ്പമെന്റേയും അർത്ഥശൂന്യമായതൊന്ന്..

വരാനിരിക്കുന്ന പന്ത്രണ്ടേ ഗുണം മുപ്പതുകളിൽ നല്ലത്‌ മാത്രം സംഭവിക്കട്ടേയെല്ലാവർക്കും...

Saturday, August 10, 2013

മെമ്മറീസ് - A Malayalam Film



അതിമനോഹരമായ തിരക്കഥയാലും അതിലും മനോഹരമായ സംവിധാനത്താലും ഇത് രണ്ടിന്റേയും ഗുണം ഒട്ടും കുറയ്ക്കാതെ; ഏന്നാലേറെ കൂട്ടിയ എഡിറ്റിങ്ങിനാലും അഭിനയത്താലും "മെമ്മറീസ്" നീയെന്റെ മനം കവർന്നിരിക്കുന്നു...

എല്ലാവരും കാണപ്പെടേണ്ട ഒരു നല്ല സിനിമയാണിത്, പ്രൊമോഷൻസും ആഡ്സും ഈ സിനിമയ്ക്ക് കുറവായിരുന്നു, തിരുവനന്തപുരത്ത്, ശ്രീകുമാറിൽ മാത്രമേ സിനിമ ഓടുന്നുമുള്ളൂ(എന്റെ പരിമിതമായ അറിവിൽ).
ഒരു കിടിലൻ ത്രില്ലർ ആരും നഷ്ടാക്കരുത്...

Well scripted,well edited,well directed and well acted.. "Memories" ...ummhaaa....

Friday, May 10, 2013

വീണ്ടും വെറുതേയൊന്ന്



മരങ്ങൾ ഇലപൊഴിക്കുന്നു, പൂവുകൾ കായകളും കായകൾ പഴങ്ങളായും മാറുന്നു, കടൽ കരയാകുന്നു, പുഴ പൂഴിയും കടത്ത് പാലങ്ങളായും മാറുന്നു, സൂര്യചന്ദ്രന്മാർ അവരുടെ ഓട്ടത്തിന്റെ വേഗതയേറ്റുന്നു....
എന്റെ ചുറ്റുപാടുകൾക്ക് പ്രായമേറുന്നു.....

ഞാൻ ഞാൻ.... ഞാൻ മാത്രം മാമ്പഴം പെറുക്കി നടന്ന കാലത്തിനുമപ്പുറം ഒരു ചെറു ചുവടനക്കാതെ... അങ്ങിനെ തന്നെ....

Thursday, April 18, 2013

വേർപാട്



പലവഴികളായ് പിരിയുമീയരുവി പോലെ
ഇന്നിങ്ങു നാം ഇരുവഴികളത് തേടിടുന്നു
ഒരുമിച്ചുല്ലസിച്ചുണ്ടുറങ്ങിയാ നാളുകളിനി-
യന്യമായ് അത്ഞാനറിഞ്ഞിടുന്നു.
എതുവഴി പിരിഞ്ഞീടിലുമൊടുവിലായ്
നാമെത്തിയൊന്നുചേരുമൊരാഴിയങ്ങായ്
കാത്തിരിപ്പൂ...

Sunday, April 14, 2013

വെർതേ ഓരോന്ന്



ഇന്നലെ വിഷുവായിരുന്നു, അതിനു മുൻപ് ഭരണിയും കാർത്തികയും അമ്മവീട്ടിൽ പോയില്ല, അമ്പലത്തിൽ കെട്ടുകാഴ്ചയുണ്ടായിരുന്നു, എന്തോ ഇപ്രാവശ്യം ഒന്നിനും ഒരു ഉഷാറില്ല, ദാ ഇന്നലെ വിഷുവായിട്ടും ഒരു സന്തോഷമില്ല, ഉത്സവങ്ങൾക്കൊന്നും പോകാനും തോന്നിയില്ല, ആകെ ഒരു ഒരു....

എന്തായാലും വൈകുന്നേരം ആയപ്പോൾ കണ്ണച്ചാരെ കാണാനിറങ്ങി, വെളുപ്പിനെയുള്ള കണി കാണലിനൊന്നും പോയില്ല, രണ്ട് ചുവട് നടന്നാ ലങ്ങേരടെ വീടാ, പക്ഷേ ഞാൻ പോയില്ലായിരുന്നു, വൈകുന്നേരമായപ്പോ അങ്ങ് പൊയ്ക്കളയാംന്ന് തന്നെ കരുതി, കുളീച്ച് ഇറങ്ങി നടന്നു, ചെന്നു കണ്ടു. നേരിട്ട് കണ്ടപ്പോൾ ചെറിയൊരാശ്വാസം, അങ്ങേര് കിണ്ണൻ സ്റ്റൈലിലായിരുന്നു, പുത്യേ ഉടുപ്പ്, മാല , കിരീടം എന്ന് വേണ്ട കണ്ണഞ്ചിപ്പിക്കുന്ന സെറ്റപ്പ്.  മത്സ്യാവതാരത്തിന്റെ ഫാൻസി ഡ്രെസ്സിലായിരുന്നു കക്ഷി, രാവിലെ മുതൽ ഫാൻസിന്റെ ബഹളമായിരുന്നുന്ന് അനിയനും അച്ഛനും പറഞ്ഞ് ഞാനറിഞ്ഞിരുന്നു, ദാണ്ട് ഈ വൈകുന്നേരോം സ്ഥിതി മറിച്ചല്ലാന്നേ, ഫാൻസിന്റെ ഇടയിലാരുന്നു അപ്പോഴും പുള്ളി , ഞാൻ പതിവ് പോലെ ഒന്ന് പുഞ്ചിരിച്ചു, പരിഭവങ്ങൾ നിരത്തി, കളിയാക്കി, എല്ലാമിന്ന് കണ്ടൊ-കേട്ടൊ എന്തോ ആ.., തിരക്കിനിടയിൽ നമ്മളെ അങ്ങേരു കണ്ടോ ആവോ, കാണാതിരിക്കാൻ തരമില്ല, ഞങ്ങളു നല്ല ടേംസിലാണല്ലോ, എന്നാലും എന്നും തരാറുള്ള ആ റിട്ടേൺ പുഞ്ചിരിയ്ക്ക് തിളക്കമല്പം കുറഞ്ഞിരുന്നില്ലേ എന്ന് സംശയമുണ്ട്, ചെലപ്പോ തോന്നലാകും... എനിക്കിട്ട് വെച്ച പണികൾ എണ്ണി എണ്ണിപ്പറഞ്ഞ് കലിപ്പാക്കാൻ ഞാൻ ഒരുമ്പെട്ടില്ല, പറഞ്ഞിട്ടും കാര്യമില്ല അതിലും വല്യ പണികൾ പിന്നാലെ കിട്ടാൻ ദദ് മതി, പഠിപ്പിക്ക്യാത്രേ, ഓരോന്നൊരോന്നായിട്ട്, ഹും.. ചുമ്മാതല്ല ഉരലിൽമേൽ പിടിച്ച് കെട്ടിയിട്ടതും അമ്മമാരെല്ലാം കൂടെ ഇട്ടോടിച്ചതും കണക്കായിപ്പോയി....



#എന്നാലുമെന്റെ കള്ളക്കണ്ണാ i ♥ u ഡാ, നീയാ പെങ്കൊച്ചുങ്ങളെ എല്ലാം വളച്ചൊടിച്ചെടുത്തതും, നിന്നെ ഓർത്ത് കരയാൻ ദോണ്ടെ ലാ രാധപ്പെണ്ണിനെ ബാക്കിവെപ്പിച്ചതുമോർക്കുമ്പോൾ...

Friday, March 29, 2013

സ്ത്രീ പക്ഷ - അല്ല മനുഷ്യപക്ഷ ചിന്തകൾ

ലൈംഗികാതിക്രമങ്ങൾ പെരുകുന്ന കാഴ്ചയാണ് നാം ഇന്ന് കാണുന്നത്, വിദ്യാഭ്യാസപരമായും മാനസികപരമായുമെല്ലാം ഒരുപാട് വികാസം നമുക്കേവർക്കുമിന്നുണ്ട്. എന്നിട്ടും ഇത്തരം അക്രമങ്ങൾ പെരുകാൻ കാരണമെന്ത്?!

കുട്ടിക്കാലത്ത് തന്നെ നമുക്ക് ലഭിക്കുന്ന അറിവുകൾ അപൂർണ്ണവും നിറയെതെറ്റുകൾ നിറഞ്ഞതുമാണെന്നാണ് എന്റെ അഭിപ്രായം. ആൺ പെൺ വേർതിരിവുകൾ ജനിച്ചു വീഴുന്ന അന്ന് തന്നെ ആരംഭിക്കുന്നു, വീടുകളിൽ നിന്ന് തന്നെ - പെണ്ണിനെ അടിച്ചമർത്താനുള്ളവളെന്നും ലൈംഗികാവയവം മാത്രമെന്നുള്ള പാഠങ്ങളാണ് ലഭിക്കുന്നത്. സമൂഹത്തിലെ ഒരു ഭൂരിപക്ഷം മുഴുവനും അതിക്രമങ്ങളിൽ സ്ത്രീയുടെ വസ്ത്രധാരണം പെരുമാറ്റം തുടങ്ങിയവയിൽ കുറ്റം ആരോപിക്കുന്നു, മതങ്ങളേയും കാലാതിവർത്തിയായ അന്ധവിശ്വാസങ്ങളേയും അതിനു വേണ്ടി കൂട്ട് പിടിക്കുന്നു.

അംഗീകരിക്കപ്പെട്ട എഴുത്തുകാരടക്കം ആരും തന്നെ സ്ത്രീയെ ഒരു ഉപഭോഗവസ്തുവായി മാത്രം കാണൂന്നതിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്നില്ലാ എന്നതാണ് സങ്കടകരം. ഓരോ മനുഷ്യനിലും വികാരമുണ്ട് നിരവധി ഹോർമ്മോണുകളുടെ പ്രവർത്തന ഫലമായി അത്തരം വികാരങ്ങളുണ്ടാകുന്നതിനെ തടയാനാവില്ല, എന്നാൽ വിവേകമെന്ന ഒരു സംഗതി അവനിലുണ്ട്, ഓരോ മനുഷ്യജീവിയുടേയും അവകാശങ്ങളേയും സ്വാതന്ത്ര്യത്തേയും പറ്റിയുള്ള ബോധമുണ്ട്. വിവേകത്താൽ വികാരത്തെ തടയാനുള്ള കഴിവുമുണ്ട്! ആ മനസ്സാണ് എല്ലാവർക്കുമുണ്ടാകേണ്ടത്. അതിനു വേണ്ടിയുള്ള ആഹ്വാനങ്ങളാണ് അംഗീകരിക്കപ്പെട്ട എഴുത്തുകാരും പ്രാസംഗികരും മറ്റും നൽകേണ്ടത്.

അല്പവസ്ത്രമോ ആണിനെപ്പോലെ ചാടുന്നതോ ആവരുത് സ്ത്രീപീഡനങ്ങളുടെ ഹേതു ചികയുമ്പോൾ കണ്ണിലെത്തേണ്ടത്. ഒരു നല്ല മനുഷ്യനാവുക, സഹജീവികളെ മനുഷ്യത്വത്തോടെ കാണുക, പെരുമാറുക..


Friday, March 22, 2013

കബന്ധങ്ങൾ



എഴുതിത്തുടങ്ങിയത് മുഴുമിപ്പിക്കാനാകുന്നതിനു മുൻപ് പുതിയത് തുടങ്ങേണ്ടി വരുന്ന എഴുത്തുകാരാണ് പലരും,
തുടങ്ങിയവകളിലും മനോഹരമായി തുടങ്ങാനും മനോഹരമായി എഴുതി, ഒരു നല്ല ക്ലൈമാക്സിലെത്തിക്കാനുമായ് ആഗ്രഹിക്കുന്നതുമാണ്,
പുതിയ വഴികൾ തേടാൻ അവനെ പ്രേരിപ്പിക്കുന്നത്(ആകാം)
പക്ഷേ ഒരു ഭൂരിപക്ഷത്തിനും സംഭവിക്കുന്നത് മറിച്ചാണ്(ആകാം)
അവസാനമടുക്കുമ്പോൾ പാതി ജീവനെത്തിയ സൃഷ്ടികളെയെല്ലാം ഒറ്റയ്ക്കാക്കി രക്ഷിതാവിനു യാത്രയാവേണ്ടി വരുന്നത്, വിധിയെന്ന രണ്ടക്ഷരത്തിലൊതുക്കാനാകുന്നതാണോ..
അല്ല കുറ്റക്കാരൻ അവൻ മാത്രമാകാം, തിരഞ്ഞെടുക്കുന്ന വഴികൾ(തീമുകൾ) ആകാം, ചിലപ്പോൾ ചിലപ്പോൾ കാരണരഹിതവുമാകാം(ആകാം)
കബന്ധങ്ങളായി കഥകൾ മാത്രം അവശേഷിക്കും....

#വട്ട് വട്ട്..

Saturday, March 09, 2013

മഴ



ചിലപ്പോൾ ഓർമ്മകളൊരുമിച്ച് കൂടി
ഘനീഭവിച്ചൊരു മഴ പെയ്യും,
അപ്പോൾ മനസ്സൊരു മയിലാകും,
പീലികൾ കൊഴിഞ്ഞൊരു മയിൽ,
ആടാനാവാതെ, കാണാനാളില്ലാതെ
മഴ തോരുവോളം മാനം
നോക്കിയൊരു നിൽപ്പാണ് പിന്നെ....


Tuesday, February 05, 2013

Fall Out of Love is Simply Awful :)


1.
വാക്കുകളാൽ തീർത്ത പളുങ്കുകൊട്ടാരത്തിനുള്ളിലേക്ക്,
കാത്തിരുപ്പുകളാൽ തീർത്ത ആടയാഭരണങ്ങളണിഞ്ഞ്,
വാഗ്ദാനങ്ങളാൽ തീർത്ത പ്രതീക്ഷപ്പൂന്തോട്ടം കടന്ന്,
മൗനമുരുക്കിയുണ്ടാക്കിയാ
പാദരക്ഷ പുറത്ത് വെച്ചവൾ മന്ദം മന്ദം അകത്തേയ്ക്ക്...
കാൽപ്പെരുമാറ്റം കേൾപ്പിക്കാതെ
കോട്ടവാതിലിനപ്പൂറം കടന്നയവനൊരു
കരിങ്കൽച്ചീളിന്റെ ചിലവേ ഉണ്ടായിരുന്നുള്ളൂ
എല്ലാം ഓർമ്മയാക്കാൻ...

2.
പ്രണയമതുള്ളിലുണ്ടെന്നാൽ,
ഉയിരിനുള്ളിലേക്കുതിരുന്ന
പ്രണയമംഗമായനന്തരം ഭവിച്ചിടും
പിന്നെയംഗഭംഗം ഭവിച്ചിടിൽ
വേദന കലശലായിടും
മാറ്റി വെക്കാനായംഗമൊന്നു വീണ്ടും കിട്ടിടാം
എന്നിരുന്നാലും ഒരു
മുടന്തവശേഷിക്കുമപ്പോഴേക്കും.

3.
മൗനത്തിൻ തന്ത്രികൾ മീട്ടിയന്നെന്നിലേക്കെത്തിയ സുന്ദരസ്വപ്നമേ,
ഒരു മഴ മേഘമായ് പെയ്തടങ്ങിയെങ്ങോ പോയ്മറഞ്ഞുവതെന്തേ,
ഇനിയെന്നകതാരിലൊരു ചെറു മഴയായ്
പെയ്യാനിനിയെത്ര പകലോനെരിഞ്ഞടങ്ങണം?

4.
മഴപെയ്തിറങ്ങിയ മനസ്സിലൊരു
അരുവി രൂപം കൊണ്ടിരിക്കുന്നു..
ഒഴുകിയിറങ്ങാൻ വെമ്പൽ പൂണ്ട്..
മർദ്ദം കൂടിയതെന്ന് ഒരുൾപൊട്ടലിൽ
എത്തിച്ചേരുമെന്നറിയില്ല....


[NB: FB status]
Related Posts Plugin for WordPress, Blogger...