Sunday, July 22, 2012

കണ്ണനും കിട്ടി മൂന്നാം കണ്ണ്

ഇനീപ്പോ ഞാനായെട്ടെന്തിനാ കുറയ്ക്കുന്നത്. ഞാനും തുടങ്ങി ഫോട്ടം പിടുത്തം. കുറച്ച് നാളായിട്ടുള്ള ആഗ്രഹമായിരുന്നു ഒരു ക്യാമറ സ്വന്തമാക്കണമെന്നത്. കുറച്ച് വില കൂടിയ DSLR വാങ്ങാം എന്ന് കരുതി ഇരിക്കുകയായിരുന്നു. അതുടനെ നടത്താൻ അല്പം ബുദ്ധിമുട്ടുണ്ടെന്ന് മനസ്സിലാക്കി തത്ക്കാലം ചെറുതൊരെണ്ണം സ്വന്തമാക്കി, നമ്മുടെ നിക്കണിന്റെ കൂൾപിക്സ് 16.1mpx. എന്തായാലും കുറച്ച് പൈസായിൽ അത്യാവശ്യം നടത്താൻ ഇത് കിടു. കണ്ണിന്റെ മുന്നിൽ വന്ന് പോകുന്ന പല കാഴ്ചകളും മനസ്സിൽ അതേ പോലെ പകർത്താറുണ്ട്, പലതിനേയും പിന്നീട് കാണാറുമുണ്ട് എന്നാൽ അതിനു കുറച്ച് കൂടി വ്യക്തത വരുത്താൻ ഈ ഉപകരണം സഹായിക്കുമെന്നതിൽ തർക്കമില്ല. ഹോ എന്താപ്പോ ഞാനീ പറഞ്ഞത്..സാഹിത്യമോ ഈശ്വരാ.. അപ്പോൾ കാര്യം എന്താന്ന് വെച്ചാൽ ക്യാമറ ഒന്ന് ടെസ്റ്റ് ചെയ്തു, കുറച്ച് പടങ്ങൾ പോസ്റ്റുന്നു.. അങ്ങട് അഭിപ്രായിക്ക്യാ.. :)

മഴ കൊണ്ടങ്ങിനെ നിക്കാണ് സുന്ദരികൾ

തേനുണ്ണാൻ കള്ളന്മാരും ണ്ട്.

അലുവയും മത്തിക്കറിയും എന്ന പോലെ പൂക്കൾക്കിടയിൽ നല്ല അസ്സൽ ചിക്കൻ ഫ്രൈ.. ജീവൻ എന്ന എന്റെ കൂട്ടുകാരന്റെ കൈപ്പുണ്യം.

300 എന്ന ഹോളിവുഡ് സിനിമയിലെ ക്ലൈമാക്സിനെ ഓർമ്മ്പിക്കുന്നു ഈ തെച്ചി പൂക്കൂട്ടം

എങ്ങിനെ?

പായലേ വിടയില്ല.....

ഒറ്റപ്പെട്ടവൻ

വീട്.. എന്റേതും നിന്റേതും

കോവളത്ത് നിന്നും

തേനുണ്ണാൻ ഞാനും പോന്നോട്ടെ

കോവളം ഒരു ദൂരക്കാഴ്ച

ഇലയിലൊതുങ്ങുമീ നീല വാനം

വ്യത്യസ്തനാം ബാലൻ

കാട്ട്പൂവ് സുന്ദരിപ്പൂവ്

കണ്ണിമാങ്ങാ അച്ചാറ്

കരയല്ലേ കണ്ണേ.....
[ NB: ടെസ്റ്റിങ്ങ് എങ്ങിനെ.. ? നന്നായിട്ടുണ്ടോ? ]

Thursday, May 24, 2012

മറ്റൊരു കഥ തുടങ്ങും വരേയ്ക്കും



മറയ്ക്കാൻ മറന്നതും
മറക്കാൻ മറന്നതും
മണ്ണിൽ കുരുത്തതും
മാനത്ത് കണ്ടതും
മനമതിൽ മൊട്ടിട്ടതും
മലരായ് വിരിഞ്ഞതും
മധുരം നുണഞ്ഞതും
മദിരയിൽ മുങ്ങിയതും
മഴയായ് പെയ്തതും
മയിലായ് ആടിയതും
മഞ്ഞായ് മാഞ്ഞതും
മൊഴിയിൽ പൂത്തതും
മിഴിയിൽ കണ്ടതും
മാ-ന്തണലത്ത് നിന്നതും
മാഞ്ചുനയാൽ ചിരി 
മാഞ്ഞതും
മടുപ്പായതും
മടി പിടിച്ചതും
മിടുക്കായതും പിന്നെ
മുടക്കാതായതും
മറ്റിങ്ങിനെയെല്ലാമെല്ലാം
മറ്റൊരു കഥയതു തുടങ്ങും വരേയ്ക്കും
മാത്രം.....




[ NB: സത്യം മാത്രം!  ]

Monday, May 21, 2012

കരമെന്നിൽ തരുകെങ്കിൽ..



കരമെന്നിൽ തരുകെങ്കിൽ
അരികത്തായായിരം 
ഇരവും പകലും
കരയാതെ കഴിയാമെന്നഴകേ


മിഴിവേറുംചിത്രങ്ങളഴിയാതെ
കൊഴിയാതെ കാക്കാമിനി- 
ഒന്നായെന്നും.
കനവുകളൊന്നൊന്നായ് 
കാണാമൊപ്പം
അവയിൽ പലവുരു 
പലലോകം ചുറ്റാം.


അലകളടങ്ങാമാഴിയെപ്പോലെ
കനവുകളുള്ളിൽ നെയ്യാം
ഇരു മെയ്യുകളതിൽ നിറയെ
ഒരാത്മാവിനെ
പങ്കിട്ട്,ഭാഗിച്ചു വെക്കാം


പറയരുത് അറിയരുത് 
കാറ്റ് പോലുമീ പ്രണയം,
നീയെന്നിലേക്കെത്തുന്ന 
നേരത്തായിരം മലരുകളൊന്നായ്
വിരിയണമന്ന്.


പഞ്ചാഗ്നി ജ്വാലയേക്കാൾ 
ശോഭയേറും പൂവേ
നിന്നാരാമമെങ്ങെന്ന് ചൊല്ലുകിൽ
എന്നരുമ ഹംസത്തെ 
അയച്ചിടാം ദൂതുമായ്
നൽകിടാം എന്നഭ്യർത്ഥന
ആക്കിടാനായ് 
ഉദ്യാനപാലകനായെന്നെന്നേയ്ക്കും.


കനവുകളിലന്ന് ഞാൻ

കണ്ടൊരാ സ്വപ്നത്തിൽ നീ
റാണിയായ് വന്നത്
നിന്നത് ചൊന്നത്
എല്ലാമിന്നെന്നിലേക്കെത്താൻ
കാരണമൊന്നതെന്തെന്ന്
പറയില്ല പലവുരു 
ചോദ്യശരമെയ്താലും 
പിണങ്ങിയാലും........




[NB: ജീവിതവും ഈ എഴുത്തും തമ്മിൽ ബന്ധമില്ല,its  just a try :) ]

Wednesday, May 02, 2012

തൃശ്ശൂർ പൂരം | Thrissur Pooram

വളരെനാളുകളായുള്ള ആഗ്രഹങ്ങളിൽ ഒന്നായിരുന്നു തൃശ്ശൂർ പൂരം നേരിട്ട് കാണുകയെന്നുള്ളത്.ഇക്കൊല്ലം മെയ്ദിനവും പൂരവും ഒന്നിച്ചു വന്നതിനാൽ ലീവ് എടുക്കാതെ തന്നെ പൂരം കാണാനുള്ള വഴി തെളിഞ്ഞിരുന്നു. താമസവും ജോലിയും എറണാകുളത്തായതിനാൽ പോക്ക് വരവും വലിയ ബുദ്ധിമുട്ടില്ലാത്ത ഒന്നായി മാറിയിരുന്നു. പ്ലസ്സിലെയും ഫെയ്സ്ബുക്കിലേയും പൂര പോസ്റ്റുകൾ പൂരം നേരിട്ട് കാണാനുള്ള കൊതിയിരട്ടിയാക്കിയിട്ടുണ്ടായിരുന്നു. അങ്ങിനെ ഇന്നലെ(1/5/2012) രാവിലെ പതിനൊന്നിനുള്ള ട്രെയിനിൽ എറണാകുളം നോർത്തിൽ നിന്നും ഞാനും എന്റെ കൂട്ടുകാരൻ രഞ്ചിത്തും യാത്ര തിരിച്ചു. നല്ല തിരക്കുള്ള വണ്ടിയിൽ ബെർത്തിൽ ഇരുവരും ഇരുപ്പറപ്പിച്ചു, നോർത്തിൽ നിന്നും വാങ്ങിയ ചേതൻ ഭഗത്തിന്റെ (Revolution 2020)പുതിയ പുസ്തകം ഇടയ്ക്കിടെ വായിക്കാനും ശ്രമിച്ചു. താഴെ രണ്ട് സുന്ദരിക്കുട്ടികളുണ്ടായിരുന്നു അവരുടെ ചിരിയും കളിയും കണ്ട് കണ്ട് സമയം പോയതേയറിഞ്ഞില്ല,ഒരു വീട്ടിൽ ചുരുങ്ങിയത് ഒരു പെൺകുഞ്ഞെങ്കിലും ഉണ്ടായിരിക്കണം, അവരെ ഒരുക്കാനും കൊണ്ട് നടക്കാനുമൊക്കെ നല്ല രസമായിരിക്കും. മാലാഖമാരെപ്പോലെയുള്ള ഈ കുഞ്ഞുങ്ങൾ ആ അച്ഛനും അമ്മയ്ക്കും അഹങ്കരിക്കാനുള്ള വഴികളാണ്,ഒരു പ്രായം കഴിഞ്ഞാൽ അന്ധാളിക്കാനും! അങ്ങിനെ പലവിധചിന്തകളിൽ മുഴുകവേ ഒരു ഒന്നര രണ്ട് മണിക്കൂറിനുള്ളിൽ തൃശ്ശൂർ എത്തിച്ചേർന്നു.ട്രാൻസ്പോർട്ട് സ്റ്റാൻഡ് വഴി കയറി വടക്കുംനാഥന്റെ മുൻപിലെത്തിയപ്പോൾ രാവിലത്തെ പൂരത്തിന്റെ അവസാനഘട്ട മരങ്ങേറിക്കോണ്ടിരിക്കുകയായിരുന്നു. 






പൂരത്തെപ്പറ്റി യാതൊരു മുൻ ധാരണകളും ഞങ്ങൾ ഇരുവർക്കും ഇല്ലായിരുന്നതിനാൽ കാണുന്നതെല്ലാം കൗതുകമായിരുന്നു. രാവിലത്തെ ചടങ്ങുകൾ കഴിഞ്ഞ് ആനകളും കൂടെയുള്ളവരും അമ്പലമുറ്റം വിട്ടിറങ്ങി,കൂടെ ഞങ്ങളും. ആനകളുടെ മുൻപിലും പിന്നിലും അതുങ്ങളെ ബ്ലോക്ക് ചെയ്തുകൊണ്ടുമൊക്കെ നിരവധി ഫോട്ടോകൾ ഞാനെടുത്തു,ഞാൻ മാത്രമല്ല പലരും, മുടി തോളു വരെ മാത്രമുള്ള കുർത്തയിട്ട ഒരു കൊച്ച് ഒരു പുട്ടുകുറ്റിയും താങ്ങി എന്റെ നിരവധി ഫോട്ടോകളിൽ നിറഞ്ഞു നിന്നു, പൂരമായതു കൊണ്ടും ക്ഷമാശീലം അധികമായതു കൊണ്ടും ഞാൻ ഒന്നും പറഞ്ഞില്ല.  അങ്ങിനെ ആനകളുടെ പുറകേയോടി അതുങ്ങളെ തളച്ചിരുന്ന പറമ്പിൽ എത്തിച്ചേർന്നു. നിരവധി ഗജവീരന്മാരെ അവിടെനിന്നും ഫോട്ടോയിലാക്കി. എന്നെ അതുങ്ങൾ ഫോട്ടോയാക്കാഞ്ഞത് എന്റെ പിള്ളാർടെ ഭാഗ്യം.











പിന്നീട് അവിടെ നിന്നും ചില പ്രായം ചെന്ന ആളുകളിൽ നിന്നും ഇലഞ്ഞിത്തറ മേളം എന്നൊരു സംഗതി ഉടനെ നടക്കുമെന്ന് അറിഞ്ഞു,അങ്ങിനെ ഇലഞ്ഞിത്തറ മേളം കേൾക്കാൻ ചെറിയ ഒരു ക്യൂവിൽക്കയറി. അല്പനേരത്തിനുള്ളിൽ അത് നടക്കുന്ന ഇലഞ്ഞിമരത്തിന്റെ ചോട്ടിൽ എത്തിച്ചേർന്നു. പഴയ ഇലഞ്ഞിമരം നിലം പൊത്തിയെന്നും ഇപ്പോൾ കാണുന്നത് പുതുതായി നട്ടുവളർത്തിയതാണെന്നും അവിടുത്തുകാരനായ ഒരു പയ്യനിൽ നിന്നും ഞാൻ മനസ്സിലാക്കി. പഴയ മരം ഒരു വൻ വൃക്ഷമായിരിക്കാം എന്നും അതിന്റെ തണലാൽ ഇപ്പോൾ ഞങ്ങൾക്ക് അനുഭവപ്പെടുന്ന ഈ അതിശക്തമായ വെയിലിൽ നിന്നും ആളുകൾക്ക് സംരക്ഷണം ഏകിയിരുന്നിരിക്കാം എന്നും ഞാൻ അനുമാനിച്ചു. വെയിലും തിരക്കും തൃണവത്ഗണിച്ചു നിന്നിരുന്ന ആ ജനക്കൂട്ടത്തിൽ ഞങ്ങളും ഇഴുകിച്ചേർന്നു. അല്പനേരം മേളം ആസ്വദിച്ച് അവിടെ നിന്നതിനു ശേഷം ഞങ്ങൾ ഉച്ഛഭക്ഷണം കഴിക്കാനായി പുറത്തേക്കിറങ്ങി.


Fire Works


Suresh Krishna,Film Actor Watching Ilanjiththaramelam

ഭക്ഷണശേഷം അവിടെ നടന്നിരുന്ന പൂരം Exhibition കാണുവാനായി കയറി, ഉപ്പുമുതൽ കർപ്പൂരം വരേയും വിൽപ്പനക്കായും പിന്നെ ISRO,KSEB,Kerala Police,Indain Railway,Hospital etc., തുടങ്ങിയവരുടെ ചരിത്ര പ്രദർശനങ്ങളും അതിലുണ്ടായിരുന്നു.









അതെല്ലാം കണ്ട് കഴിഞ്ഞപ്പോഴേയ്ക്കും കുടമാറ്റം തുടങ്ങാൻ സമയമായിരുന്നു. നേരേ കുടമാറ്റം നടക്കുന്ന ഇടത്തേക്ക് വെച്ച് പിടിച്ചു. തിരക്കിലൂടെ ഊളിയിട്ട് ഏകദേശം ആനകളുടെ അടുത്ത് വരെ ഞാൻ ചെന്നു,സൂചികുത്താൻ പോലും ഇടമില്ലാത്ത അവിടെ എങ്ങിനെ അത്രടം വരെയെത്തിയെന്ന് പിന്നീടാലോചിച്ച് അത്ഭുതപ്പെട്ട് പോയി. 








പണക്കാരനും പാമരനും പ്രശസ്തനും പ്രമാണിയും സാധാരണക്കാരനും ഒരേപോലെ പൂരത്തിൽ ലയിച്ചങ്ങിനെ നിൽക്കുന്നു.  ഒരു ബ്ലോഗറുടെ പോസ്റ്റിടാനുള്ള ആക്രാന്തത്തിലുപരി പറയുവാനാകാത്ത എന്തോ ഒരാവേശം എന്നിലുണ്ടായിരുന്നു. ആർപ്പോ ഇര്രോ വിളിച്ചും തുള്ളിച്ചാടിയും കയ്യ് കൊണ്ട് വായുവിൽ താളമിട്ടും ഞാനുമൊരു തൃശ്ശൂർക്കാരനായി. അടുത്ത കൊല്ലവും ഇവിടെ ഞാനുണ്ടാകും; ഉണ്ടാകാൻ അനുവദിക്കേണമേ എന്ന പ്രാർഥനയോടെ ഏകദേശം ആറര ആയപ്പോൾ ഞങ്ങൾ പൂരനഗരി വിട്ടിറങ്ങി. 






[NB:കുടമാറ്റത്തിലുപയോഗിച്ച ബലൂൺ കുടയിൽ നിന്നും നാലഞ്ച്ബലൂണുകൾ ഞാൻ കരസ്ഥമാക്കി, തിരികെ പോകുന്ന വഴി ട്രെയിനിൽ കണ്ട മറ്റൊരു സുന്ദരിക്കുട്ടിക്ക് അത് സമ്മാനിച്ചു. ]

Sunday, April 15, 2012

ഉത്തരങ്ങൾക്കായ്


സന്ധ്യയാവുന്നു തോഴി,

സാഗരം ചുവക്കുന്നു,
അർക്കനാഴിയിലേക്കൂളിയിടുന്നു,ത്തരങ്ങൾക്കായി
ഞാനുമീ ഇരുട്ടിലേക്ക്, ഏകനായ്
സാരമില്ലെന്ന് ചൊല്ലുവാൻ ചാരെയില്ലാരുമിന്ന്


അന്നാ അലകളാഞ്ഞടിച്ചതും,പേടിയാൽ നീയോടിയതും
നിന്റെ പുഞ്ചിരിമാഞ്ഞതെന്റെ കടലറിഞ്ഞതും
അലകളടക്കിയാ ആഴി തിരികെ വിളിച്ചതും
സമ്മാനമായാ മുത്തിനെ കരയിലേക്കിട്ടതും
പിന്നെനീയതിനെ ഇരുകൈകളാൽ
വാരിയെടുത്തതും,മുത്തമിട്ടതും 
ആതിരരാവുകളിലാക്കഥ പറഞ്ഞതും
പാതിരാവിലമ്പിളിയെ  പാടിയുറക്കിയതും,
നിന്റെയാ പാട്ടെന്നെയുന്മാദിയാക്കിയതു,മെന്റെ
പാട്ടിനാൽ നീയുണർന്നതും,
സ്നേഹമെന്നാലെന്തതെന്നെന്നെ മറ്റൊരു 
സ്നേഹചരിതത്താൽ പഠിപ്പിച്ചതും,
അങ്ങിനെയങ്ങിനെ ഒരു മുഴുമഴക്കാലരാത്രിയിലെതെല്ലാം
മറന്ന് നീയെങ്ങോ പോയതും..


ഓർമ്മ മാത്രമായതെന്തന്നതിന്നുത്തരങ്ങൾ 
തേടി,നീ വിടചൊല്ലിയാനാൾ മുതലീ
നിശയിൽനിന്നും പകലിലേക്ക് ഞാനും
യാത്ര പോയ് വന്നു
കൊണ്ടേയിരിക്കുന്നീയർക്കനേപ്പോലെ

ചോദ്യമൊന്നൊന്നെയ്കുകിൽ കിട്ടുകില്ലുത്തരം
പക്ഷേയൊരു ഫിക്ഷനാൽ കിട്ടും പത്ത് 
തർക്കവിഷയങ്ങളനന്തരം
ഉത്തരങ്ങളില്ലാതീ ചോദ്യങ്ങളിങ്ങിനെ പെറ്റ് പെരുകവേ
ചോദ്യകർത്താവിന്റെ ഓർമ്മയിലവകൾ 
സംഘടിക്കുന്നു.
വേതനമില്ലാ തൊഴിലാളികളെപ്പോലെയവരും
സമരത്തിലാകുന്നു,തടഞ്ഞു വെക്കുന്നു,അസഭ്യം പറയുന്നു പിന്നെ മർദ്ദിക്കുന്നു.
താങ്ങുവാനാകുന്നില്ല തോഴി
ഈ ഫാക്ടറി ഞാൻ പൂട്ടുന്നു. ചോദ്യത്തൊഴിലാളികളെ
പട്ടിണിയിലേക്കയയ്ക്കുന്ന ബൂർഷാ മൂരാച്ചിമുതലാളിയല്ലാതാവാനായ്
ഈ പണിശാലഞാൻ പൂട്ടുന്നു.


ഒന്ന്മാത്രമിന്നിപ്പഴും കത്തുന്നുണ്ടെന്റെ നെഞ്ചിലത്
ചോദ്യമെന്നിലേക്കെയ്തു പോയ സ്നേഹിത,
ചോദ്യമാലകൾ
ദൃശ്യമാകാനായാ ഇരുട്ടുകോട്ടയിൽ
നാട്ടിയ മെഴുകിതിരിയുടെയവസാന നാളമാണെന്ന്,
കഞ്ചാവു വലിച്ച് വലിച്ച് 
ചുമച്ച് ചുമച്ച് മരിച്ച ഭ്രാന്തന്റെ,
മാറാപ്പിലെ ഡയറിയിൽ 
അടിവരയിട്ടെഴുതിയിട്ടുണ്ടായിരുന്നു!


[NB: ഒരു ഭ്രാന്തന്റെ ജല്പനങ്ങൾ... പുല്ല്]

Related Posts Plugin for WordPress, Blogger...