Wednesday, January 12, 2011

ട്രാഫിക്ക് എന്ന സിനിമയെ പറ്റി രണ്ട് വാക്ക്!-Traffic A Malayalam Film

കൂട്ടരേ ഇത് സിനിമയുടെ റിവ്യൂ അല്ല.. വളരെ നാളുകള്‍ക്ക് ശേഷം ഞാന്‍ കണ്ട ആ നല്ല സിനിമയെ പറ്റി രണ്ടു വാക്ക് നിങ്ങളോട് പറയുക എന്നുള്ളത് എന്റെ കടമ ആണെന്ന് തോന്നിയത് കൊണ്ടാണ് ഇത് എഴുതുന്നത്. ട്രാഫിക് ഒരു മികച്ച സിനിമ ആണ്,എന്ത് കൊണ്ടും..,കഥയാണിതിലെ നായകന്‍, തിരക്കഥ ഇത്ര മനോഹരമായി അവതരിപ്പിച്ചിട്ടുള്ള ഒരു സിനിമ അടുത്ത കാലത്തൊന്നും ഇറങ്ങിയിട്ടില്ല, അല്‍പ നാളുകള്‍ക്കു മുന്‍പിറങ്ങിയ പാസ്സെന്ജ്ജര്‍ എന്ന സിനിമയേക്കാളും വളരെ വളരെ മുന്‍പില്‍ നില്‍ക്കുന്നു ഈ സിനിമ. സിനിമ തുടങ്ങി അവസാനിക്കുന്നത് വരെ ത്രില്ലടിപ്പിച്ചു നിര്‍ത്താന്‍ സംവിധായകനും തിരക്കഥാ കൃത്തുക്കള്‍ക്കും കഴിഞ്ഞിട്ടുണ്ട്.. മലയാള സിനിമയില്‍ ഇന്ന് വരെ കാണാത്ത രീതിയില്‍ ഉള്ള പെര്‍ഫക്ഷന്‍ ഓരോ സീനിലും നമുക്ക് കാണാം,പ്രത്യേകിച്ച് ചില ആക്സിഡണ്ട്  സീനുകളില്‍. സൂപ്പര്‍ താരങ്ങളുടെ ഡേറ്റ് വാങ്ങിയിട്ട് അവര്‍ക്ക് യോജിക്കുന്ന തരത്തില്‍ കഥയും തിരക്കഥയും എഴുതി സിനിമയാക്കി അവതരിപ്പിക്കുന്ന ആ പതിവ് രീതിയില്‍ നിന്നും വളരെ വിഭിന്നം ആണ് ഈ സിനിമ, കഥക്കും സന്ദര്‍ഭങ്ങള്‍ക്കും അനുയോജ്യമായി നടന്മാരെ വിന്യസിപ്പിക്കുന്നതില്‍ ആ സംവിധായകന്‍ 100% വും വിജയിച്ചിരിക്കുന്നു.. നടന്മാരെ എല്ലാം നമുക്ക് അടുത്ത് പരിചയം ഉള്ളവരാനെങ്കിലും ഈ സിനിമയില്‍ ആ ഇമേജ് ഒന്നും തന്നെ അവരില്‍ കാണാന്‍ കഴിയുന്നില്ല, അത് ആ സംവിധായകന്റെയും തിരക്കഥാ കൃത്തുക്കളുടെയും മിടുക്ക് തന്നെ ആണ്.. വളരെ വളരെ സാധാരണമായ ഒരു കഥാ തന്തു ഇത്ര മനോഹരമായി ഒരു സിനിമ ആക്കി അവതരിപ്പിച്ച ആ മുഴുവന്‍ ടീമും ഒരായിരം അഭിനന്ദനം അര്‍ഹിക്കുന്നു.. ഈ സിനിമയുടെ കഥ എവിടെ നിന്നും കേള്‍ക്കാതിരിക്കുക, നേരെ തിയേറ്ററില്‍ പോയി സിനിമ കാണുക. ഓരോ സീനിലും അത്ഭുതങ്ങള്‍ പതിയിരിക്കുന്ന ഒരു നല്ല മലയാള സിനിമ ആണിത്, അതിനാല്‍ കഥയെ പറ്റി ഒരു വാക്ക് പോലും ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല


സംവിധാനം- രാജേഷ്‌ പിള്ളൈ

തിരക്കഥ-ബോബി സഞ്ജയ്‌ ടീം.

ക്യാമറ-ഷൈജു ഖാലിദ

എഡിറ്റിംഗ്-മഹേഷ് നാരായണന്‍

സംഗീതം-മേജോ ജോസഫ്‌

അഭിനേതാക്കള്‍-ശ്രീനിവാസന്, റഹ്മാന്‍, അനൂപ്‌ മേനോന്‍, കുന്ജാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, രമ്യ നമ്പീശന്‍, കാതല്‍ സന്ധ്യ, റോമ, ലെന, പ്രേം പ്രകാശ്‌, സായികുമാര്‍, കൃഷ്ണകുമാര്‍,കൃഷ്ണ, പിന്നെ അതിഥി താരമായി ജോസ് പ്രകാശും!


എന്റെ റേറ്റിംഗ് -9.5/10
[NB:കണ്ടിരിക്കേണ്ട ഒരു നല്ല മലയാള സിനിമ,കാണുക വിജയിപ്പിക്കുക! ]


"നിങ്ങള്‍ നോ എന്നു പറഞ്ഞാല്‍ ഇവിടെയൊന്നും സംഭവിക്കാനില്ല ഈ ദിവസവും പതിവുപോലെ കടന്നുപോകും.പക്ഷേ യെസ് എന്നുപറഞ്ഞാല്‍ അതു ചിലപ്പോള്‍ നാളത്തെ ചരിത്രമാവം!"-ട്രാഫിക്ക്

"നിങ്ങള്‍ക്കിവന്‍ മരിക്കാന്‍ കിടക്കുന്ന ആരോ ആണ്.
എനിക്കവന്‍ ജീവിച്ചിരിക്കുന്ന എന്‍റ മകനാണ്"-ട്രാഫിക്ക്

Tuesday, January 11, 2011

ചക്കിനു വെച്ചത്!

നി അല്പം  പഞ്ചാര കഥ.. കേള്‍ക്കാന്‍ എല്ലാവരും റെഡി അല്ലേ!?

നിങ്ങളെ ഏവരെയും ഞാന്‍ എന്റെ ഹൈ സ്കൂളിലേക്ക് കൂട്ടികൊണ്ട് പോകുന്നു, സ്കൂളില്‍ ഞാന്‍ ഒരു ബുജി ആയിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ അല്ലേ, ഈ പ്രേമം ഇഷ്ടം എനൊക്കെ കേട്ടാല്‍ എന്താണെന്ന് അറിയാത്ത അല്ലെങ്കില്‍ അവകള്‍ക്കൊക്കെ ഒരു സ്ഥാനവും ഇല്ലാത്ത,മുഴുവന്‍ സമയവും പഠിത്തത്തില്‍ മുഴുകി , ക്ലാസ്സില്‍ എങ്ങനെ ഒന്നാമാനാകാം എന്ന് മാത്രം ചിന്തിച്ചു,അതിനി വേണ്ടി  കഠിന പ്രയത്നം ചെയ്ത്‌ കൊണ്ടിരിക്കുന്ന കാലത്താണ് ഈ സംഭവം നടക്കുന്നത്..

അന്ന് ഞാന്‍ മുതുകുളം ഹയര്‍ സെക്കണ്ടറി സ്കൂളില്‍  പത്താം ക്ലാസ്സില്‍ പഠിക്കുന്നു, എ മുതല്‍ ജെ വരെ ഡിവിഷന്‍ ഉള്ള ഒരു എമണ്ടന്‍ സ്കൂളില്‍ ഇ ഡിവിഷന്‍ ഇല് ആയിരുന്നു ഞാന്‍, ഞങ്ങളുടെ ക്ലാസ്സിന്റെ തൊട്ടു അപ്പുറത്തെ ക്ലാസ് എട്ട് ഇ , തടി കൊണ്ടുള്ള രണ്ട് സ്ക്രീന്‍ ചേര്‍ത്ത് വെച്ചു കൊണ്ട് ഈ രണ്ട് ക്ലാസ്സിനേയും വേര്‍തിരിച്ചിരിക്കുന്നു. തടിയുടെ വിടവിലൂടെ അപ്പുറവും ഇപ്പുറവും കാണാന്‍ കഴിയും നമുക്ക്.. എന്റെ ക്ലാസ് ടീച്ചര്‍ പ്രസന്ന ടീച്ചര്‍ ആയിരുന്നു, എന്നെ ഒരു പാട് ഇഷ്ടം ഉള്ള ഒരു പാവം ടീച്ചര്‍, ഞാന്‍ എന്ത് പൊട്ടത്തരം എഴുതിയാലും അതെല്ലാം സ്കൂള്‍ മുഴുവന്‍ ഒരു സംഭവം ആയി കൊട്ടി ഘോഷിച്ചു നടക്കുന്ന  ടീച്ചര്‍! 

അപ്പോള്‍ പറയാന്‍ വന്നത് വേറൊരു കാര്യം ആണ്.എന്റെ ക്ലാസ്സില്‍ അടുത്ത് ഇരുന്നിരുന്നത് 'വടി' എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന അഭിലാഷ് ആയിരുന്നു(ആ പഴയ അഭിലാഷ് അല്ലാട്ടോ). ഇവനൊണ്ടല്ലോ ആള് ഭൂലോക തരികിടയാ, പത്താം ക്ലാസ്സിലേക്ക് മാറിയത് മുതല്‍ അവന്റെ സ്വഭാവത്തില്‍ ചില്ലറ മാറ്റങ്ങള്‍ ഒക്കെ ഞാന്‍ നോട്ട് ചെയ്യാറുണ്ടായിരുന്നു, ഇന്റെര്‍വല്‍ സമയം ആവുമ്പോള്‍ തൊട്ടടുത്ത ക്ലാസ്സിന്റെ വാതില്‍ക്കല്‍ പോയി നില്‍ക്കുക, ക്ലാസ്സ്‌ സമയത്ത് സ്ക്രീനിന്റെ വിടവിലൂടെ അപ്പുറത്തേക്ക് നോക്കി ഇരിക്കുക, ക്ലാസ്സില്‍ ഇരുന്നു സ്വപ്നം കാണുക, അങ്ങനെ അങ്ങനെ.. ഇവനിതെന്തു പറ്റി എന്ന് ഒരുപാട് ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടിയില്ല, അല്ല അന്ന് ഈ പ്രേമം എന്താണെന്ന്‍ അറിയാത്ത എനിക്ക് എങ്ങനെ ഈ ഭാവ മാറ്റങ്ങള്‍ പിടി കിട്ടാന്‍!? 

അന്നൊക്കെ ഈ  പ്രേമിക്കുന്ന ആളുകളെ കാണുമ്പോഴേ നമുക്ക് എന്തോ ഒരു വല്ലായ്മ ആണ്, സ്കൂളില്‍ തോറ്റു തോറ്റു കിടന്നിരുന്ന ഒരു ചെക്കന്‍ ഉണ്ടായിരുന്നു, അവനെ ചുറ്റിപ്പറ്റി ധാരാളം കഥകള്‍  കേള്‍ക്കുമായിരുന്നു, അവനു പത്ത് എഫില്‍ ലൈന്‍ ഉണ്ട്, അവളെ 'ലത്' ചെയ്തു, അവള്‍ക്കു 'ലത്' വാങ്ങി കൊടുത്തു, അവളോട്‌ 'ലത്' പറഞ്ഞു , അവള്‍ അവനെ 'ലത്' കൊണ്ട്  തല്ലി,അവന്‍ 'ലത്' കൊണ്ടു അവളേം തല്ലി,'ലത്' കാരണം 'ലത്' നടന്നില്ല!!!!!,. അങ്ങനെ പോകുന്നു കഥകള്‍! ഇതൊക്കെ കാരണം 'പ്രേമം' 'ഇഷ്ടം' എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ ചര്‍ധിക്കാന്‍ വരുമായിരുന്നു, അന്ന്!

വീണ്ടും നമ്മുടെ അഭിലാഷിലേക്ക്, അപ്പോള്‍ സംഭവം അതാണ്‌ അവനു പ്രേമ രോഗം ബാധിച്ചു, എട്ടു ഇ യിലെ ഒരു പെണ്ണിനോട്, പക്ഷേ ഈ കാര്യം എനിക്ക് മനസ്സിലായത് വളരെ സമയം കഴിഞ്ഞിട്ടാനട്ടോ!. ഒരു ദിവസം ഉച്ചക്ക് ഊണും കഴിഞ്ഞ്,  ഉച്ച കഴിഞ്ഞുള്ള  ആദ്യത്തെ പീരീഡആയ ഹിസ്റ്ററി ക്ലാസ്സിലേക്ക് ഉള്ള തയ്യാറെടുപ്പില്‍  ആയിരുന്ന  എന്റെ അടുത്ത് അഭിലാഷ് വന്നു, അവന്‍ പഠിക്കുകയൊന്നും ഇല്ല, ഇങ്ങനെ കറങ്ങി നടക്കും, എന്നിട്ട് ടീച്ചര്‍ ചോദ്യം ചോതിക്കുമ്പോള്‍ എന്നെ ഞോണ്ടും ,ഹും! ആ ബുദ്ധിമുട്ടു അറിയാവുന്നത് കൊണ്ട് ഞാന്‍ അവനെ പിടിച്ചു എന്റെ അടുത്ത് ഇരുത്തി,അന്ന് ചോദിക്കാന്‍ ചാന്‍സ് ഉള്ള ചോദ്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ ശ്രമിച്ചു.ആദ്യം  ഞാന്‍ പറയുന്നത് ശ്രദ്ധിക്കാന്‍ ശ്രമിച്ചു എങ്കിലും ഒരു അഞ്ചു പത്ത് മിനിറ്റ് കഴിഞ്ഞ് അവന്‍ പറഞ്ഞു  "ഡാ നീ വന്നെ നമുക്ക് ആ സ്ക്രീനിന്റെ അടുത്ത് വരെ ഒന്ന് പോകാം", ഞാന്‍ ചോദിച്ചു "എന്തിനു??, എനിക്ക് പഠിക്കാന്‍ ഉണ്ട്, നീയോ പഠിക്കില്ല, പഠിക്കുന്ന എന്നെ കൂടെ ശല്യപ്പെടുത്താന്‍ ആണോ നിന്റെ ഭാവം?"  "ഡാ ഒരു അഞ്ചു മിനിറ്റ് മതി, നീ ഒന്ന് വാ."  മനസ്സില്ലാ മനസ്സോടെ ഞാന്‍ ലവന്റെ കൂടെ സ്ക്രീനിന്റെ അടുത്തേക്ക് പോയി, എന്റെ കയ്യില്‍ അപ്പോഴും നോട്ട് ബുക്ക്‌ ഉണ്ടായിരുന്നു, ശ്രദ്ധ മുഴുവനും ഹിസ്ടരിയിലും അതിലുള്ള സംഭവങ്ങളിലും!. ഈ സ്ക്രീന് ചെറിയ ഒരു വിടവുണ്ട്, രണ്ട് സ്ക്രീനുകള്‍ ചേര്‍ത്ത് വെക്കുമ്പോള്‍ ഉണ്ടാകുന്ന വിടവില്ലേ,അതന്നെ, ഹും! ലവന്‍ ഉണ്ടല്ലോ ലവന്‍ ,ആ വിടവിലൂടെ ഒരു പെണ്ണിനെ വിളിച്ചു, ആ പെണ്ണ് വരുന്ന സമയം കൊണ്ട് അവന്‍ ഈ വിടവ് നല്ലവണ്ണം വലുതാക്കി, ഇപ്പോള്‍ എന്നെയും ആ പെണ്ണിന് കാണാന്‍ സാധിക്കും, ആ കൊച്ചു നേരെ ഇങ്ങു വന്നു, അവള്‍ അടുത്തു വന്നു ചോദിച്ചു "എന്താ?????" ലവനെ പറ്റി നല്ല മതിപ്പാണ് ലവള്‍ക്ക് എന്ന് ആ ചോദ്യത്തില്‍ നിന്നു തന്നെ എനിക്ക് മനസ്സിലായി, ലവന്റെ വായിലെ വെള്ളം മുഴുവന്‍ വറ്റിയെന്നു തോന്നുന്നു,ഒന്നും തിരിച്ചു പറയുന്നില്ല, ഞാനും ലവന്റെ വായിലേക്ക് തന്നെ നോക്കി നിക്കുകയാണ്, "എന്താടാ നിനക്കൊന്നും പറയാനില്ലേ?" ഞാന്‍ മനസ്സില്‍ ചോദിച്ചു, "എന്താണെന്ന്?????? "അവള്‍ ഒച്ച ഉയര്‍ത്തി, ലവന്‍ ഒന്ന് ഞെട്ടിയ പോലെ എനിക്ക് തോന്നി, വിറച്ചു വിറച്ചു അവന്‍ ഇങ്ങനെ പറഞ്ഞൊപ്പിച്ചു "കുട്ടിയെ ഇഷ്ടം ആണ്"  "ആര്‍ക്ക്??" അവളുടെ ശബ്ദം നന്നായി ഉയര്‍ന്നിരുന്നു. മുഖം ദേഷ്യം കൊണ്ട്  ചുവന്നു തുടുത്തു. "ആര്‍ക്കാണെന്ന്??" അവള്‍ പിന്നെയും ചോദിച്ചു കൊണ്ടിരുന്നു.. "അത്...അത് ... ദാ  ഇവന്!!!!!!!!!!!!!." ആ സാമദ്രോഹി എന്നെ ചൂണ്ടി !!!!

എന്റെ മനസ്സും ശരീരവും നിശ്ചലം ആയിപ്പോയി!!,കയ്യിലിരുന്ന നോട്ട് ബുക് താഴെ വീണത് ഞാന്‍ അറിഞ്ഞതെ ഇല്ല!!.. ആ കൊച്ചു എന്റെ മുഖത്തേക്ക് നോക്കും,പിന്നെ ലവന്റെ മുഖത്ത് നോക്കും, ഞാന്‍ അവന്റെ മുഖത്ത് നോക്കും,പിന്നെ ആ പെണ്ണിന്റെ മുഖത്ത് നോക്കും,ലവന്റെ നോട്ടം മാനത്തെക്കും!!! കുറെ നേരം ഞങ്ങള്‍ അങ്ങനെ പരസ്പരം നോക്കി നിന്നു, അവള്‍ ഒരു സ്റെപ്പു എന്റെ അടുത്തേക്ക് വെച്ചു, ഞാന്‍ രണ്ട് സ്റെപ്പു പുറകിലേക്കും, ഒരു അടി ഏതു നിമിഷവും കിട്ടാം,!!!  "അത് കുട്ടി എന്താന്ന് വെച്ചാല്‍...അതായത്..." ഞാന്‍ വിശധീകരിക്കാന്‍ തുടങ്ങിയപ്പോഴേക്കും പെട്ടെന്ന് അവള്‍ ഒരു ചെറു പുഞ്ചിരി സമ്മാനിച്ചിട്ട് തിരികെ ഒറ്റ ഓട്ടം!!!!!!!!!!!! എന്റെ ശ്വാസം നേരെ വീണു, അഭിലാഷിനെ രൂക്ഷമായിട്ടു നോക്കി, (നോക്കാന്‍ മാത്രേ പറ്റൂ, അവനു അന്യായ ആരോഗ്യം ആണ്, അടി ഇടി ഒന്നും അവന്റെ മേലെ നടക്കില്ല).. പക്ഷേ പ്രശ്നം അതല്ല, അത്ര ദേഷ്യത്തില്‍ നിന്ന ആ കൊച്ചു എന്തിനാണ് ചിരിച്ചു കൊണ്ട് തിരികെ പോയത്?? അതാണ്‌ എനിക്ക് മനസ്സിലാകാത്തത്. സാധാരണ ഒരാളെ അബദ്ധത്തില്‍ ചാടിച്ചാല്‍ നിന്നു സന്തോഷിക്കാരുള്ള ലവന്റെ  മുഖത്ത് വിഷമം കണ്ടു ഞാന്‍ ചോദിച്ചു.. "ഡാ ചെറ്റേ, സാമദ്രോഹി, എന്നോട് ഈ ചതി വേണ്ടായിരുന്നു, അല്ല എന്നെ കുഴിയില്‍ ചാടിച്ചിട്ട് നീ എന്തിന്ന വിഷമിക്കുന്നത്?"  "ഡാ നിന്നെ അല്ലെടാ ഞാന്‍ ചതിച്ചത്, എന്നെ തന്നെയാ..അവളുടെ പ്രതികരണം ഭയന്നിട്ടാ ഞാന്‍ നിന്നെ ചൂണ്ടി കാട്ടിയത്.. ഹും! ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു!" "ആ ചൊല്ലിപ്പോള്‍ എന്തിനാ ഇവിടെ പറയുന്നത്" മനസ്സില്‍ ഞാന്‍  തന്നെ ചോദിച്ചു, ആവോ എന്തായാലും തല്ലു കിട്ടിയില്ലല്ലോ!!!!!!.

അന്ന് അവന്‍ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായിരുന്നില്ല.. പിന്നെ  എന്നെ എവിടെ വെച്ചു കാണുമ്പോഴും ആ പെണ്ണിന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിരിയുന്നത് ഞാന്‍ കാണാറുണ്ടായിരുന്നു! 

[NB: ഞാന്‍ ഒരു സംഭവം ആണല്ലേ?!]

Sunday, January 09, 2011

നാട്ടുവിശേഷം!


വിഷമത്തോടെ ആണ് ഈ പോസ്റ്റു ഞാന്‍ എഴുതുന്നത്.. ഇന്ന് കണ്ട ഒരു കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു , തിരുവല്ലയില്‍ നിന്നും മാവേലിക്കരയിലെക്ക് ഒരു പ്രൈവറ്റ് ബസ്സില്‍ വരികയായിരുന്നു ഞാന്‍, ബസ്സ് നല്ല സ്പീഡില്‍ ആയിരുന്നു, ഓരോ സ്റൊപ്പിലും ആളുകളെ കയറ്റാനും ഇറക്കാനും നല്ല ധൃതി കാട്ടുന്നുണ്ടായിരുന്നു. ചില സ്ടോപ്പുകളില്‍ ബസ്സു നിര്‍ത്തിയതെ ഇല്ല!


ബസ്സിന്റെ പിന്നില്‍ വാതിലിനടുത്തുള്ള സീറ്റില്‍ ആണ് ഞാന്‍ ഇരുന്നിരുന്നത്.എന്റെ തൊട്ടടുത്തിരുന്ന ഒരു മനുഷ്യന്‍ നല്ല പോലെ മദ്യപിച്ചിട്ടുണ്ടായിരുന്നു, ഇടയ്ക്കു ചര്‍ദിക്കാന്‍ പോകുന്നു എന്ന് കണ്ടപ്പോള്‍ സൈഡ് സീറ്റ്‌ ഞാന്‍ അയാള്‍ക്ക് കൊടുത്തു, അങ്ങനെ സാധാരണ ബസ്സു യാത്ര ആസ്വദിക്കാറുള്ള ഞാന്‍ ഇന്ന് നല്ല പോലെ disturbed ആയിരുന്നു.

കുറച്ചു ദൂരം ഓടി ക്കഴിഞ്ഞു ബസ്സ്‌ ഒരു സ്റ്റോപ്പില്‍ നിര്‍ത്തി, ആരോ ഇറങ്ങാനുണ്ടായിരുന്നു , അപ്പോളാണ് ഒരു പത്തന്‍പത് വയസ്സുള്ള ഒരു ചേട്ടന്‍ ഒരു ചുമടുമായി ഓടി കയറാനായി വരുന്നത് ഞാന്‍ ശ്രദ്ധിച്ചത് അദ്ദേഹത്തിന്റെ വരവ് കണ്ടപ്പോള്‍ അയാളും മദ്യപിച്ചിട്ടുണ്ടാകും എന്ന് ഞാന്‍ കരുതി പോയി, നടപ്പും ഓട്ടവും ഒക്കെ കണ്ടാല്‍ അങ്ങനെ തോന്നുമായിരുന്നു, പിന്നീടാണ് മനസ്സിലായത് ആളൊരു വികലാന്ഗന്‍ ആണ് എന്ന് . തലയില്‍ വലിയ ഒരു ചുമട് ഉണ്ടായിരുന്നു, തുണി കച്ചവടം ചെയ്യുന്ന ഒരു മനുഷ്യാനാണ് അയാള് എന്ന് എനിക്ക് തോന്നി, അദ്ദേഹത്തിന്റെ ആ വയ്യാത്ത കാലും വെച്ച് കൊണ്ട് കഴിയാവുന്ന സ്പീഡില്‍ വണ്ടിയില്‍ ചാടി കയറാന്‍ നോക്കി, "മക്കളെ ഈ ചുമട് ഒന്ന് പിടിക്കൂ" എന്ന് പറഞ്ഞു കൊണ്ടാണ് ഓടി വന്നത്, ഡോറിന്റെ അടുത്ത് നിന്ന ഒരാള്‍ ചുമടില്‍ പിടിക്കുകയും, വണ്ടി ഡബിള്‍ ബെല്ല് കൊടുത്തു മുന്നോട്ടു നീങ്ങിയതും ഒരുമിച്ചായിരുന്നു. ഈ പാവത്താന്‍ ഉരുണ്ട് റോഡിലേക്ക് വീണു, പുറകിലത്തെ ടയറിന്റെ തൊട്ടു മുന്നിലേക്കാണ്‌ വീണത്, എന്ത് കൊണ്ടോ ബസ്സ്‌ പെട്ടെന്ന് തന്നെ നിര്‍ത്തി(ഭാഗ്യം). അത് കൊണ്ട് ആ പാവം ചതഞ്ഞരഞ്ഞില്ല.

റോഡില്‍ നിന്നും അദേഹത്തെ ആരൊക്കെയോ ചേര്‍ന്നു എടുത്തു പൊക്കി. ആ വണ്ടിയില്‍ തന്നെ അയാള്‍ കയറി, വണ്ടിക്കാര്‍ക്ക് ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ എന്ന ഭാവം.അയാളുടെ കാലിലെ തൊലി ഒക്കെ പോയിട്ടുണ്ടായിരുന്നു, പക്ഷേ ആ പാവം അപ്പോള്‍ ഒന്നും മിണ്ടിയില്ല, വണ്ടിയില്‍ വികലാന്ഗരുടെ സീറ്റില്‍ രണ്ട് ചേട്ടന്മാര്‍ ഇരിപ്പുണ്ടായിരുന്നു, ഇദ്ദേഹം വണ്ടിയില്‍ കേറിയതും ആ സീറ്റിലെ സൈഡില്‍ ഇരുന്ന ആള്‍ 'ഉറങ്ങാന്‍' തുടങ്ങി,മറ്റേ ആള്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു.ബസ്സ്‌ മാവേലിക്കര സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ആ ചേട്ടന്‍ ഡ്രൈവരിനോടും,കിളിയോടും വീഴ്ത്തിയതിനു പരാതി പറയാന്‍ പോയി. അവര്‍ കുറ്റം ഈ പാവത്തിന്റെ തലയില്‍ വെച്ച് കെട്ടി, "വയ്യാത്ത ആളല്ലേ മുന്നിലത്തെ വാതില്‍ വഴി കേറാമായിരുന്നില്ലേ,പുറകിലൂടെ കേറിയോണ്ടാ താന്‍ വീണത്‌ "!!!എന്ന്..(ഈ ചേട്ടന്‍ മുന്നിലൂടെ കയറാന്‍ വന്നപ്പോള്‍ പുറകിലേക്ക് ഓടിച്ചു വിട്ട ആള്‍ തന്നെ ആണ് ഇത് പറഞ്ഞത്!!!!!!)അത് കൂടി കേട്ടപ്പോള്‍ ആ പാവത്തിനും ദേഷ്യം വന്നു. സംസാരം ഇത്തിരി കടുപ്പിച്ചപ്പോള്‍ 'മാന്യനാ'യ കിളി അയാളെ കിടിലന്‍ ഒരു തെറി പറയുന്നത് ഞാന്‍ കേട്ടു.



നമ്മുടെ നാട്ടില്‍ ബസ്സുകള്‍ക്ക് ഇങ്ങനെ പെര്‍മിറ്റ് അനുവദിച്ചു കൊടുക്കുന്ന ആ ഉദ്യോഗസ്ഥരെ എന്താണ് ചെയ്യേണ്ടത്, രണ്ട് ബസ്സുകള്‍ തമ്മില്‍ ഒരു മിനിറ്റിന്റെ പോലും ഇടവേള ഇല്ല, ഫലമോ മത്സര ഓട്ടവും അപകടങ്ങളും ദാരുണ മരണങ്ങളും. പിന്നെ വണ്ടിയില്‍ ജോലി ചെയ്യുന്ന ഈ വക ഉരുപ്പടികളും. ആളു കേരുന്നുണ്ടോ ഇറങ്ങുന്നുണ്ടോ എന്നൊന്നും നോക്കാതെ ബെല്ലടിച്ചു കളിക്കുന്ന കുറെ കിളികള്‍,നര്‍ഷ്സരി കുട്ടികള്‍ അവരുടെ കളിപ്പാട്ട ബസ്സു ഓടിച്ചു കളിക്കുന്നത് പോലെ ബസ്സ്‌ ഓടിക്കുന്ന ഡ്രൈവര്‍ മാര്‍.

കണ്മുന്നില്‍ അപകടങ്ങളും അപകട മരണങ്ങളും കാണാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി, പത്താം ക്ലാസ്സില്‍ വെച്ച് എന്റെ കൂടെ പഠിച്ച എന്റെ പ്രീയപ്പെട്ട കൂട്ടുകാരിയുടെ തലയിലൂടെ ബസ്സു കയറ്റി ഇറക്കിയവന്‍മാരില്‍ നിന്നും തുടങ്ങുന്നു ആ കാഴ്ചകളുടെ ആരംഭം, മതിയായി!




[NB:ഒപ്പമുള്ള ചിത്രം ഗൂഗിള്‍ തന്നതാണ്, ഈ സംഭവുമായി അതിനു യാതൊരു ബന്ധവും ഇല്ല.]

Saturday, January 08, 2011

മിസ്റ്റര്‍ സ്വാമി





"വിദ്യാധനം സര്‍വധനാല്‍ പ്രധാനം

വിദ്യ കൊടുക്കും തോറും ഏറിടും!"

വക ചൊല്ലുകള്‍ എല്ലാം എന്റെ കൂട്ടുകാര്‍ കേട്ടിരിക്കുമല്ലോ അല്ലേ.. എന്നാല്‍ ഇതില്‍ രണ്ടാമത് പറഞ്ഞ ചൊല്ല് പച്ച കള്ളമാണ്, എങ്ങനെ എന്നല്ലേ.. ഇതാ ഈ കഥ കേള്‍ക്കൂ.




എന്റെ ഒരു സുഹൃത്ത്,ക്ലാസ്സ്‌ മേറ്റ്‌ , സ്വാമി എന്നാണ് ആളെ അറിയപ്പെടുന്നത്.. കണ്ടാലും ഒരു സ്വാമി ലുക്ക്‌ ആണ്, നീട്ടി വളര്‍ത്തിയ താടി, ജട പിടിച്ച മുടി, കയ്യിലും കഴുത്തിലും രുദ്രാക്ഷ മാലകള്‍,നാവിന്‍ തുമ്പില്‍ സരസ്വതി വിളയാട്ടം,നിറം മങ്ങിയ വസ്ത്രങ്ങള്‍ ,നീണ്ട ഭസ്മക്കുറി നെറ്റിയില്‍, അങ്ങനെ ഒരു സ്വാമിക്ക് വേണ്ട എല്ലാ സ്വഭാവ സവിശേഷതകളും ഉള്ള ഒരു അവതാരം.. രൂപം മാത്രമേ ഉള്ളു കേട്ടോ സ്വാമിയുടെ,സ്വഭാവം ആസാമിയുടെയും!ഇദ്ദേഹം അപാര ബുജി ആയിരുന്നു, പുസ്തകങ്ങള്‍ ഒക്കെ അരച്ച് കലക്കി കുടിച്ച ഒരു ഭാവം ആണ് ഇദ്ദേഹത്തിന്.. ക്ലാസുകള്‍ കട്ട് ചെയ്ത്‌ സിനിമ കണ്ടു നടക്കുന്ന ഞങ്ങളെ പോലുള്ളവര്‍ എക്സാം അടുക്കുമ്പോള്‍ സ്വാമിയെ സമീപിക്കും.. ഒരിക്കല്‍ മൂന്നാം സെമെസ്ടര്‍ ഇന്റെര്‍ണല്‍ എക്സാം നടക്കുന്ന സമയം,കണ്ട്രോള്‍ സിസ്റ്റം എന്ന ഒരു ഒടുക്കത്ത വിഷയം ഉണ്ട് ഞങ്ങള്‍ക്ക്, ഞാന്‍,ദീപു,അശോക്‌,ബ്രിജിത് തുടങ്ങിയവര്‍ അക്കാലങ്ങളില്‍ നന്നായി സിനിമകള്‍ കാണാന്‍ കറങ്ങി നടക്കുന്നതിനാല്‍ ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത അവസ്ഥ ആയിരുന്നു! പക്ഷേ അപ്പോഴും നമ്മുടെ എല്ലാവരുടെയും മനസ്സില്‍ സ്വാമിയുടെ തേജസ്വാര്‍ന്ന മുഖം ഉണ്ടായിരുന്നു,അല്ലെങ്കില്‍ തന്നെ ആ മഹാത്മാവ് ഉള്ളതിനാല്‍ ആണ് ഞങ്ങള്‍ ധൈര്യ പൂര്‍വ്വം കറങ്ങി നടന്നിരുന്നത്. പരീക്ഷയുടെ അന്ന് രാവിലെ ഞങ്ങളെല്ലാവരും കൂടി സ്വാമിയെ സമീപിച്ചു!

ഞങ്ങള്‍ അടുത്ത് ചെന്നപ്പോള്‍ ഒരു ലലനാ മണി ശിഷ്യയെ അദ്ദേഹം 'പഠിപ്പിച്ചു' കൊണ്ടിരിക്കുകയായിരുന്നു, ഞങ്ങള്‍ അടുത്തേക്ക് ചെന്നതും അവള്‍ എഴുന്നേറ്റു പോയി! ഞങ്ങള്‍ സ്വാമിയുടെ മുന്നില്‍ കുമ്പിട്ടു നിന്നു.

സ്വാമി: മഹും! എന്ത് വേണം?
ഞങ്ങള്‍: അടിയങ്ങള്‍,ഇന്നത്തെ പരീക്ഷക്ക്‌ ഒന്നും പഠിച്ചിട്ടില്ല.
സ്വാമി:അതിനു..?
ഞങ്ങള്‍: അല്ല,അവിടുന്ന് കനിഞ്ഞാല്‍,അങ്ങയുടെ അറിവില്‍ നിന്നും ഏന്തെങ്കിലും അവശിഷ്ടങ്ങള്‍ അടിയങ്ങള്‍ക്കു പകര്‍ന്നു തന്നാല്‍ ഈ പരീക്ഷയില്‍ ഞങ്ങള്‍ക്ക് ജയിക്കാന്‍ കഴിഞ്ഞേക്കും..
സ്വാമി: ഡാ കുരുത്തം കെട്ടവന്മാരെ , നിനക്കൊക്കെ എന്തിന്റെ #$%^ ആണ്? പഠിക്കാന്‍ വന്നാല്‍ പഠിക്കണം..അല്ലാതെ സിനിമയും കണ്ടു കള്ളും കുടിച്ചു കളിച്ചു നടക്കരുത്.ഹും! നീയൊക്കെ പോകുന്ന സിനിമകള്‍ ഏതാണെന്ന് എനിക്കറിയാം! ഡാ നീല പടങ്ങള്‍ ഒന്നും കാണരുത്,അതൊന്നും ഒരു യഥാര്‍ത്ഥ മനുഷ്യന് യോചിച്ചതല്ല,ഈ കാണുന്നതെല്ലാം നശ്വരം ആണ്,സുഖഭോഗങ്ങളില്‍ മുഴുകാതെ ദൈവിക കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കൂ കുഞ്ഞുങ്ങളെ!..(!!!!!!!!!!)

പരീക്ഷയില്‍ എങ്ങനെ എങ്കിലും ജയിക്കണമെങ്കില്‍ സ്വാമിയുടെ സഹായം കൂടിയേ തീരു എന്നറിയാവുന്ന ഞങ്ങള്‍ സ്വാമി പറഞ്ഞതെല്ലാം സമ്മതിച്ചു കൊടുത്തു.. അത് കൊണ്ട് മാത്രം കഴിഞ്ഞ ആഴ്ച വഴിയരികിലെ സി ഡി കച്ചവടക്കാരന്റെ കയ്യില്‍ നിന്നും ആ മഹാത്മാവ് ഒരു ബാഗ് നിറയെ ട്രിപ്പില്‍ എക്സ് സി ഡി വാങ്ങിയത് ഞങ്ങള്‍ അറിഞ്ഞതായി ഭാവിച്ചതെ ഇല്ല!

ഞങ്ങള്‍: അവിടുന്ന് പറയുന്നതെല്ലാം ശരി ആണ്, അവിടുന്നിന്റെ പാത പിന്തുടരാന്‍ ഞങ്ങള്‍ തയ്യാറാണ് പ്രഭോ! ഞങ്ങളെ രക്ഷിച്ചാലും!
കുറെ നേരം കെഞ്ചി യതിനു ഫലം കിട്ടി , സ്വാമി ഞങ്ങള്‍ക്ക് 'വിദ്യ ' പകര്‍ന്നു തരാന്‍ തയ്യാറായി..
പത്ത് മണിക്കാണ് എക്സാം , എട്ടര മുതല്‍ പത്ത് വരെ ഞങ്ങള്‍ സ്വാമിയുടെ മഹത് വചനങ്ങള്‍ ശ്രദ്ധയോടെ കേട്ടു നിന്നു.. പത്ത് മണി ആയപ്പോള്‍ സ്വാമി ഞങ്ങളെ എല്ലാം തലയില്‍ കയ്യ്‌ വെച്ച് അനുഗ്രഹിച്ച് എക്സാം ഹാളിലേക്ക് പറഞ്ഞു വിട്ടു,കൂടെ സ്വാമിയും! എക്സാം തുടങ്ങി അല്‍പ സമയം കൊണ്ട് തന്നെ ഞങ്ങള്‍ക്ക് അറിയാവുന്നത് എഴുതി തീര്‍ന്നിരുന്നു.. പെട്ടെന്നാണ് തടിയുടെ പുറത്ത് കത്തി കൊണ്ട് വരയുന്ന മാതിരി ഒരു ശബ്ദം ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയത്, ശബ്ദത്തിന്റെ ഉറവിടം അന്വേഷിച്ച ഞങ്ങള്‍ കണ്ടു പിടിച്ചു അത് സ്വാമിയില്‍ നിന്നാണ്! ഓരോ പേപ്പറിലും ഉത്തരങ്ങള്‍ എഴുതി എഴുതി തള്ളുന്ന മഹാനായ സ്വാമി,  ഞങ്ങള്‍ എല്ലാവരും കൂടെ എഴുതിയതിന്റെ നാലിരട്ടി പേപ്പറില്‍ സ്വാമി എഴുതിയിരിക്കുന്നു!

അങ്ങനെ ആ പരീക്ഷ അതി ഗംഭീരമായി ഞങ്ങള്‍ എഴുതി, സ്വാമിയെ കണ്ടു നന്ദി പറയാനും ഞങ്ങള്‍ മറന്നില്ല.കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോള്‍ മുതല്‍ പരീക്ഷയുടെ മാര്‍ക്കുകള്‍ തരാന്‍ തുടങ്ങി, അങ്ങനെ കണ്ട്രോള്‍ സിസ്ടത്തിന്റെ ഊഴം ആയി, ഞങ്ങളെല്ലാവരും ആകാംഷാ ഭരിതരായി, എന്നാല്‍ ഒട്ടു കണ്ട്രോള്‍ പോകാതെയും മാര്‍ക്കിനായി ഇരുന്നു. ഈശ്വരാ ഇതിനെങ്കിലും ജയിക്കണേ എന്നായിരുന്നു ഞങ്ങളെവര്‍ക്കും പ്രാര്‍ത്ഥന !

അശോക്‌.
ടീച്ചര്‍ പേര് വിളിച്ചു, അശോക്‌ എഴുന്നേറ്റു.
ടീച്ചര്‍: അന്‍പതില്‍ അര!! ഠിം!
അവന്‍ പൊട്ടി!
സ്വാമി: ഫ,നീ എന്തിനാടാ അശോകാ)))))))) മോ((((((((((((((നേ, എന്റെടുത്ത്‌ പഠിക്കാന്‍ വന്നത്.. പേര് ദോഷം കേള്‍പ്പിക്കാന്‍.. ശവം! ഇനി മേലാല്‍ നീ ന്റെ കൂട്ടുകാരന്‍ ആണെന്ന് ആരോടും പറഞ്ഞേക്കരുത്! എനിക്ക് നാണക്കേടാ!
പാവം അശോക്‌ അവന്‍ തളര്‍ന്നു ബെഞ്ചില്‍ ഇരുന്നു, പതിവ് ഉറക്കം ഉറങ്ങാന്‍ തുടങ്ങി! അല്ല പിന്നെ

ടീച്ചര്‍: ബ്രിജിത് 
അന്‍പതില്‍ രണ്ട്! അടുത്ത ഠിം! അവനും പൊട്ടി!

സ്വാമി ഒന്നും മിണ്ടിയില്ല, അവന്റെ മുഖത്ത് അമേദ്യം കണ്ട ഭാവം!ബ്രിജിത്പതിയെ തല കുനിച്ചു ഇരുന്നു!അങ്ങനെ എല്ലാവരുടെയും മാര്‍ക്കുകള്‍ ഇത് പോലെ ഒറ്റ സംഖ്യയില്‍ ഒതുങ്ങി. (ദീപു മൂന്ന് അരുണ്‍ ഒന്നര,രതീഷു മൂന്നര ...............). ഞങ്ങള്‍ എല്ലാവരും സ്വാമിയുടെ മുഖത്ത് നോക്കാന്‍ ശേഷി ഇല്ലാതെ തല കുനിച്ചിരുന്നു!

സ്വാമി: ഡാ നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല, @#$%^& ബ്ലഡി ബെഗ്ഗെര്‍സ്! ഹും! പഠിക്കാന്‍ വന്നിരിക്കുന്നു ശവങ്ങള്‍, ഹും! ഡാ അഹങ്കാരം പറയുവല്ല നീ ഒക്കെ എന്നെ കണ്ടു പഠിക്കണം, ഡാ ഞാന്‍ ക്ലാസ്സു കട്ട്‌ ചെയ്യാറുണ്ടോ? സിനിമക്ക് പോകാറുണ്ടോ? പെണ്ണുങ്ങളെ കമന്റ്‌ അടിക്കാരുണ്ടോ? ഏന്തെങ്കിലും വൃത്തികേടുകളില്‍ നീയൊക്കെ എന്നെ കണ്ടിട്ടുണ്ടോ? ഡാ പഠിക്കാന്‍ വന്നാല്‍ പഠിക്കണം,എന്നെപോലെ ആവാന്‍ പറ്റിയില്ലേലും കുറച്ചെങ്കിലും നന്നായി കൂടെടാ നിനക്കൊക്കെ..നിന്റെ ഒക്കെ കൂട്ടുകാരന്‍ ആണെന്ന് പറയാന്‍ എനിക്ക് ലജ്ജ ആകുന്നു!ലജ്ജ!!!!!! അയ്യേ ശ്ഹെ! ഒന്നും അരയും മേടിച്ചോണ്ട് വന്നിരിക്കുന്നു അവന്മാര്‍!

സയലന്റ്! ടീച്ചറുടെ ശബ്ദം മുഴങ്ങി.
സ്വാമി!!!!!!!..... ടീച്ചര്‍ ഉറക്കെ വിളിച്ചു, എല്ലാവരുടെയും പേപ്പര്‍ കൊടുത്തു കഴിഞ്ഞിരിക്കുന്നു, ക്ലാസ്സ്‌ ടോപ്പിന്റെ പേപ്പര്‍ മാത്രമേയുള്ളൂ ഇനി, സാധാരണ അങ്ങനെ ആണ് , ക്ലാസ്സ്‌ ടോപ്‌ ആയ ആളുടെ പേപ്പര്‍ ആയിരിക്കും അവസാനം കൊടുക്കുക.സ്വാമി അഭിമാനത്തോടെ എഴുന്നേറ്റു.ഞങ്ങളെ ഏവരെയും പുച്ഛത്തോടെ ഒരു നോട്ടം നോക്കി, എന്നിട്ട് രണ്ട് കയ്യും പേപ്പറിനായി ടീച്ചറിന്റെ മുന്നിലേക്ക്‌ നീട്ടി..


"ഇന്നാ കൊണ്ട് പോ, അന്‍പതില്‍ പൂജ്യം!,നീയൊക്കെ എന്തിനാ))))))))))))))))) പഠിക്കുന്നെ!" ടീച്ചര്‍ ഇത് പറഞ്ഞതും ക്ലാസ്സു നിശബ്ദം ആയതും ഒരുമിച്ചാണ്!

ആ തേജോമയ മുഖത്ത് രക്തത്തിന്റെ    ചെറു കണിക പോലും ഇല്ലാതായ ആ അവസ്ഥ കാണേണ്ടത് തന്നെ ആയിരുന്നു! ഇതായിരിക്കും അല്ലേ അണ്ടി പോയ അണ്ണാന്‍ എന്നൊക്കെ പറയുന്നത്! ഒരു നിമിഷത്തിനു ശേഷം ക്ലാസ്സില്‍ ഒരു കൂട്ടച്ചിരി മുഴങ്ങി! പിന്നെ ഇത് വരെ,ഇന്നേ നിമിഷം  വരെ സ്വാമി ആര്‍ക്കും ഒരക്ഷരം പറഞ്ഞു കൊടുത്തിട്ടില്ല!
വിദ്യ കൊടുക്കും തോറും ഏറും പോലും! ഫൂ! -----  എന്ന് സ്വാമി 

[NB:സ്വാമി ഇപ്പോള്‍ നാട്ടില്‍ ഇല്ലാത്തതിനാലും ഇടി കിട്ടുമെന്ന് പേടി ഇല്ലാത്തതിനാലും ഇത് ഞാന്‍ പോസ്റ്റുന്നു!]

Wednesday, January 05, 2011

എന്റെ പുന്നാര ബി എസ് എ സൈക്കിള്‍ !

നി എന്റെ പണ്ടത്തെ ഒരു ആഗ്രഹത്തെ   പറ്റി പറയാം.. ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍  വല്യ ആഗ്രഹം ആയിരുന്നു ഒരു സൈക്കിള്‍ വേണം എന്നുള്ളത്.. പല രാത്രികളിലും,ഉറക്കത്തില്‍ ഞാന്‍ സ്വപ്നം കാണാറുണ്ടായിരുന്നു,സൈക്കിള്‍ ചവിട്ടുന്നത്.ആ ചവിട്ടുകള്‍ എല്ലാം കൊള്ളാനുള്ള ഭാഗ്യം എന്റെ അമ്മയ്ക്കും,ചെറിയ കുഞ്ഞമ്മയ്ക്കും,അമ്മൂമ്മയ്ക്കും ആയിരുന്നു! ഞാന്‍ ഈ ആഗ്രഹം ആരോടും പറഞ്ഞിരുന്നില്ല.

എന്റെ കുട്ടിക്കാലം (ആറാം ക്ലാസ്സ് വരെ)ചിലവഴിച്ചത് അമ്മയുടെ വീട്ടില്‍ ആയിരുന്നു, അപ്പൂപ്പന്‍ ഒരു കര്‍ക്കശ സ്വഭാക്കാരന്‍ ആയിരുന്നു,ഇപ്പോഴും! എനിക്ക് നല്ലോണം പേടി ഉണ്ട് അപ്പൂപ്പനോടു സംസാരിക്കാന്‍.. അത് കൊണ്ട് ആഗ്രഹങ്ങള്‍ ഒക്കെ മനസ്സില്‍ തന്നെ കൊണ്ട് നടന്നു.. ഏഴാം ക്ലാസ്സു മുതല്‍ ഞാന്‍ അച്ഛന്റെയും അമ്മയുടെയും ഒപ്പം എത്തി,ഇങ്ങു ഞങ്ങളുടെ വീട്ടില്‍, എന്നിട്ടും ഒരു സൈക്കിള്‍ വേണം എന്നുള്ള ആഗ്രഹം അച്ഛനോടും ഞാന്‍ പറയാന്‍ പോയില്ല.. അങ്ങനെ ഹൈ സ്കൂളില്‍ എത്തിയ സമയം,സ്കൂള്‍ അല്പം ദൂരെ ആയതിനാലും അതിലുമുപരി ട്യുഷന്‍ സെന്റര്‍ അതിലും ദൂരെ ആയതിനാലും, അച്ഛന്‍ എനിക്ക് ഒരു 'ബി എസ്സ് എ' സൈക്കിള്‍ വാങ്ങി തന്നു, ഒരു നീല സൈക്കിള്‍.. എനിക്ക് അന്നുണ്ടായ സന്തോഷത്തിനു അതിരുകള്‍ കുറവായിരുന്നു! സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചത് ആ ഇടയ്ക്കാണ് കേട്ടോ, നമ്മള്‍ ഈ ഇടയ്ക്കൂടെ ചവിട്ടില്ലേ സൈക്ലിന്റെ-ആ അങ്ങനെ ചവിട്ടാനെ അറിയുമായിരുന്നുള്ളൂ.. പിന്നെ എന്റെ സ്വന്തം സൈക്ലില്‍ ചവിട്ടി ഒരു വിധം ഓകെ ആയി..  

സൈക്കിള്‍ കിട്ടി ആദ്യമായി ഞാന്‍ ലോങ്ങ്‌ റൂട്ട് പോകുന്നത് 'വിനോദ് ദാസി'ന്റെ വീട്ടിലേക്കായിരുന്നു! അവന്റെ വീട് എന്റെ വീടിനും കുറച്ചേറെ കിഴക്കായിട്ടാണ്, ഹൈവയുടെ പാരലല്‍   ആയിട്ടുള്ള ഒരു റോഡിനെ ക്രോസ് ചെയ്ത്‌,ഒരു ചെറിയ പാടത്തിന്റെ ഒക്കെ ഇടയിലൂടെ ഒക്കെ വേണം അവന്റെ വീട്ടിലെത്താന്‍.. നല്ല രസമുള്ള സൈക്കിള്‍ സവാരി ആയിരുന്ന അത്,അവന്റെ വീടിനടുത്ത് ചെല്ലും വരെ!.. 

അവന്റെ വീടിനടുത്ത് ഒരു ചെറിയ വളവുണ്ട്, ചെറുതല്ല നല്ല ഗമണ്ടന്‍ 'L' പോലിരിക്കുന്ന ഒരു വളവ്! ആദ്യമായാണ് അങ്ങനെ ഒരു വളവു സൈക്കിള്‍ സവാരിയില്‍ ഫേസ് ചെയ്യുന്നത്, ഹാന്റില്‍ നന്നായി വളക്കണം എന്നുള്ള അടിസ്ഥാന പാഠം എനിക്കവിടെ പ്രയോഗിക്കാന്‍ പറ്റിയില്ല, ദ കിടക്കുന്നു ഞാനും,എന്റെ മുകളില്‍ 'ബി എസ് എ' സൈക്കിള്‍ ഉം  കൂടെ തോട്ടില്‍(വളവിന്റെ മൂലയ്ക്ക് സാമാന്യം വലിയ ഒരു തോടുണ്ടാരുന്നു).. മുട്ടിലെ തൊലി ഒക്കെ പോയി,പക്ഷേ എന്റെ ദേഹം മുറിഞ്ഞതില്‍ അല്ല എനിക്ക് വിഷമം വന്നത്,മറിച്ച്‌ ബി എസ് എ സൈക്ലിന്റെ മട് ഗാര്‍ഡില്‍ ഉണ്ടായ ആ ചെറിയ പോരലിനെ ഓര്‍ത്ത് ആയിരുന്നു! അങ്ങനെ ആദ്യ സൈക്കിള്‍ സവാരി ,ഗണപതിക്ക്‌ വെച്ചത് കാക്ക കൊണ്ട് പോയി എന്ന അവസ്ഥ പോലെ ആയിപ്പോയി.. 

പിന്നെയും കുറച്ചു നാളുകള്‍ കഴിഞ്ഞ് സൈക്കിള്‍ സവാരിയില്‍ ഞാന്‍ ഒരു expert ആയി മാറി.. സ്കൂളിന്റെ അടുത്ത് ഒരു വീടുണ്ട്, ഞങ്ങള്‍ എല്ലാവരും സൈക്കിള്‍ കൊണ്ട് വെക്കുന്നത് അവിടെ ആയിരുന്നു... നല്ല തണലുള്ളതും ,വേറെ സൈക്കിള്‍ മറിഞ്ഞു വീണു നമ്മുടെ സൈക്ലിനു കേടു പറ്റാന്‍ ചാന്‍സ് ഇല്ലാത്തതുമായ  സ്ഥലം നോക്കിയായിരുന്നു ഞാന്‍ സൈക്കിള്‍ വെക്കാറു.. താമസിച്ചു സ്കൂളില്‍ എത്തിയ ഒരു ദിവസം എന്റെ പതിവ് സ്ഥലം എനിക്ക് കിട്ടിയില്ല, റോഡിനോട് ചേര്‍ന്നുള്ള,നല്ല വെയിലുള്ള ഒരു സ്ഥലത്ത് എന്റെ പുന്നാര സൈക്ലിനെ ഒറ്റക്ക് ആക്കി എനിക്ക് സ്കൂളിലേക്ക് പോകേണ്ടി വന്നു.. അപ്പോഴേ എന്റെ മനസ്സില്‍ എന്തൊക്കെയോ അശുഭ ചിന്തകള്‍ ഉണ്ടായിരുന്നു! എന്തോ പറ്റാന്‍ പോകുന്നു എന്ന് മനസ്സ് ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു.. വൈകുന്നേരം സ്കൂള്‍ വിട്ടു ഓടി സൈക്ലിനടുത്തെക്ക് എത്തിയ ഞാന്‍ ഞെട്ടി പോയി, തൊട്ടതിനും പിടിച്ചതിനും ആളുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഓരോ സെക്കന്റ്‌ ഇടവിട്ട്‌ ഇടവിട്ട്‌  'കിണി കിണി' എന്ന് അടിച്ചോണ്ടിരുന്ന എന്റെ സൈക്ലിന്റെ ബെല്ല് കാണുന്നില്ല... സങ്കടത്താല്‍  എന്റെ കണ്ണ് നിറഞ്ഞു ഒഴുകാന്‍ തുടങ്ങി.. അവിടെ സൈക്കിള്‍ എടുക്കാന്‍ വന്ന എല്ലാവരോടും ഞാന്‍ ചോദിച്ചു,"കണ്ടോ നിങ്ങള്‍ ഒരു ബെല്ലിനെ എവിടെയെങ്കിലും?" എവിടുന്നു!!!!..  എന്റെ സൈക്ലിന്റെ ബെല്ല് അടിച്ചു മാറ്റിയവന്മാരുടെ ബെല്ല് അടിച്ചു പോകണേ എന്ന് വരെ ഞാന്‍ പ്രാകി!

ഇനിയിപ്പോ എന്ത് ചെയ്യും,ബെല്ല് ഇല്ലാത്ത സൈക്കിള്‍ ഉം  ചവിട്ടി ഞാന്‍ വീടിലെത്തി..കുറെ ഏറെ ആലോചിച്ചു.. ആര്‍ക്കോ ഒരു അത്യാവശ്യം വന്നപ്പോ എന്റെ ബെല്ല് എടുത്തോണ്ട് പോയി, പാവങ്ങള്‍! ഒരു ആവശ്യം വന്നത് കൊണ്ടല്ലേ! അത് പോലെ ഇപ്പോള്‍ എനിക്കും ഒരു ബെല്ലിന്റെ അത്യാവശ്യം ഉണ്ട്,അത് കൊണ്ട് ഞാനും ഒരു ബെല്ല് അങ്ങ് എടുത്താലോ എന്ന് വരെ പോയി ചിന്ത..
പക്ഷേ മൂന്നാം ക്ലാസ്സിലെ ആ മോഷണം  എന്റെ മനസ്സില്‍ ഉള്ളത് കൊണ്ട് അതിനു മിനക്കെടാന്‍ പോയില്ലാ.. ഇനി ചിലപ്പോ കുറെ നാളുകള്‍ കഴിഞ്ഞ് എന്റെ സൈക്ലിളില്‍ രണ്ട് ബെല്ലുകള്‍ പ്രത്യക്ഷപ്പെട്ടാലോ!

[NB : പക്ഷേ മൂന്നാം ക്ലാസ്സിലെ ആ മോഷണം  എന്റെ മനസ്സില്‍ ഉള്ളത് കൊണ്ട് അതിനു മിനക്കെടാന്‍ പോയില്ലാ.. ഇനി ചിലപ്പോ കുറെ നാളുകള്‍ കഴിഞ്ഞ് എന്റെ സൈക്ലിളില്‍ രണ്ട് ബെല്ലുകള്‍ പ്രത്യക്ഷപ്പെട്ടാലോ!!]
Related Posts Plugin for WordPress, Blogger...